Wednesday, January 22, 2025
HEALTHLATEST NEWS

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 41% വർധനവ്

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് കേസുകളിൽ 41% വർദ്ധനവുണ്ടായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇക്കാലയളവിൽ രോഗമുക്തി നേടിയവരുടെ എണ്ണം 3,345 ആണ്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,26,36,710 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം ഇന്ത്യയിൽ ഇതുവരെ 32,000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്. നിലവിൽ രാജ്യത്തെ സജീവ കേസുകൾ 28,857 ആയി ഉയർന്നു. ഇന്നലെ രജിസ്റ്റർ ചെയ്ത സജീവ കേസുകളുടെ എണ്ണം 26,976 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.91 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ്-19 ബാധിച്ച് 7 മരണങ്ങൾ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,715 ആയി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിനേക്കാൾ 80 ശതമാനം കൂടുതൽ പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തിൽ മാത്രം കേസുകളിൽ 83 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈയിൽ 1,242 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. താനെയിലും നവി മുംബൈയിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 90 ശതമാനവും മുംബൈയിലും പരിസര പ്രദേശങ്ങളിലുമാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,271 ആണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കൊവിഡ് വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത്.