Tuesday, January 7, 2025
GULFLATEST NEWS

സാമ്പത്തിക വളർച്ചയിൽ സൗദിയെ പ്രശംസിച്ച് ഐ.എം.എഫ്

റിയാദ്: സാമ്പത്തിക സ്ഥിരത നിലനിർത്തി വളർച്ചയുടെ ഏണിപ്പടികൾ കയറുന്ന സൗദി അറേബ്യയെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രശംസിച്ചു. നടപ്പു വർഷത്തെ സാമ്പത്തിക അവലോകനത്തിനായി സൗദി അറേബ്യയിലെത്തിയ ഐഎംഎഫ് പ്രതിനിധികൾ സന്ദർശനത്തിനൊടുവിൽ നടത്തിയ പ്രസ്താവനയിലാണ് അഭിനന്ദനം അറിയിച്ചത്. സാമ്പത്തിക വളർച്ചാ നിരക്ക്, പണപ്പെരുപ്പ നിയന്ത്രണം, എണ്ണ ഇതര വരുമാന മേഖലയുടെ വളർച്ച എന്നിവയിൽ രാജ്യത്തിന്‍റെ സ്ഥാനം മികച്ചതാണെന്ന് ഐഎംഎഫ് പറഞ്ഞു.

രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) ഈ വർഷം 7.6 ശതമാനം വർധന കൈവരിച്ചപ്പോൾ എണ്ണ ഇതര മേഖലയിൽ 4.2 ശതമാനം അധിക നേട്ടം രേഖപ്പെടുത്തി. ‘വിഷൻ 2030’മായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പരിഷ്കാരങ്ങളും എണ്ണ വിലവർധനയും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ഗണ്യമായി മെച്ചപ്പെടുത്തും. കോവിഡ് -19 സാഹചര്യം സൗദി അറേബ്യ വിജയകരമായി കൈകാര്യം ചെയ്തുവെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ബാങ്കിംഗ് മേഖലയിലെ മൂലധനവൽക്കരണവും ഉയർന്ന തോതിലുള്ള പണലഭ്യതയും സാമ്പത്തിക വളർച്ചയ്ക്ക് കാരണമായി.

പൊതു ധനകാര്യം ഈ വർഷത്തെ ബജറ്റ് പ്രവചനങ്ങളെ മറികടക്കുമെന്നും ഇത് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിരതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഐഎംഎഫ് പ്രത്യാശ പ്രകടിപ്പിച്ചു. ഘടനാപരവും കാലാനുസൃതവുമായ മാറ്റങ്ങൾ തുടരുന്നത് സമഗ്രവും പരിസ്ഥിതി സൗഹൃദവുമായ വീണ്ടെടുക്കലിന് സഹായിക്കും. കോവിഡ് -19 പ്രതിസന്ധിയുടെ സാമ്പത്തിക, സാമൂഹിക, ആരോഗ്യ പ്രത്യാഘാതങ്ങളെ മറികടക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ പ്രശംസിച്ച ഐഎംഎഫ് പ്രസ്താവനയെ ധനമന്ത്രി മുഹമ്മദ് അൽജദാൻ സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളെ രാജ്യം അതിജീവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.