Saturday, December 14, 2024
LATEST NEWSSPORTS

റോഡ്‌മാപ്പ് നടപ്പാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഫ സംഘത്തോട് ഐ-ലീ​ഗ് ക്ലബുകൾ

ഇന്ത്യൻ ഫുട്ബോളിനായി അംഗീകരിച്ച റോഡ്മാപ്പ് നടപ്പാക്കുന്നതിൽ പ്രശ്നങ്ങളുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഐ ലീഗ് ക്ലബ്ബുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഫിഫ ടീമിനോടാണ് ചില ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.

ഫിഫയും എഎഫ്സിയും അംഗീകരിച്ച റോഡ്മാപ്പ് അനുസരിച്ച്, ഈ സീസണിലെ ഐ-ലീഗിലെ വിജയികൾക്ക് അടുത്ത ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നൽകും. കൂടാതെ, 2024-25 സീസൺ മുതൽ ഐഎസ്എല്ലിൽ നിന്ന് തരംതാഴ്ത്തലും ഉണ്ടാകും. എന്നാൽ കോവി‍ഡിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം, സ്ഥാനക്കയറ്റവും തരംതാഴ്ത്തലും രണ്ട് വർഷം കൂടി കഴിഞ്ഞ് നടപ്പാക്കിയാൽ മതിയെന്നാണ്, ഐഎസ്എൽ സംഘാടകരും എഐഎഫ്എഫിന്റെ മാർക്കറ്റിങ് പങ്കാളികളുമായ എഫ്എസ്ഡിഎൽ ആ​ഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐ-ലീ​ഗ് ക്ലബുകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

നിലവിൽ അംഗീകരിക്കപ്പെട്ട റോഡ്മാപ്പിന് വിരുദ്ധമായി എഐഎഫ്എഫ് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, ഐ ലീഗ് ക്ലബുകളുടെ ആശങ്ക തുടരുകയാണ്. ഈ സാഹചര്യത്തിൽ, ഐ-ലീ​ഗ് സീസണിന്റെ റൂൾസ് ആൻഡ് റെ​ഗുലേഷൻ ചാർട്ടറിൽ ഈ സീസണിലെ ജേതാക്കൾക്ക് അടുത്ത ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ ലഭിക്കുമെന്നത് എഴുതിച്ചേർക്കണമെന്ന് ഐ-ലീ​ഗ് ക്ലബുകൾ എഐഎഫ്എഫിനോട് ആവശ്യപ്പെട്ടു.