Wednesday, January 22, 2025
Novel

ഹരിബാല : ഭാഗം 7

നോവൽ
എഴുത്തുകാരി: അഗ്നി


ഏട്ടൻ പറഞ്ഞുതുടങ്ങി….

എട്ടാം ക്ലാസ്സുമുതൽ എന്റെ മനസ്സിൽ ചേക്കേറിയ മാലാഖയായിരുന്നു എന്റെ ശാലു…ആദ്യമായി അവളെ ഞാൻ കാണുമ്പോൾ അവൾ അഞ്ചിലും ഞാൻ എട്ടിലുമായിരുന്നു…എന്റെ കൂട്ടുകാരന്റെ അനിയത്തി ആയിരുന്നു അവൾ..

എല്ലാ ദിവസവും അവന്റെ കയ്യിൽ തൂങ്ങിയാടി, കുറുമ്പും കുസൃതിയും നിറഞ്ഞു നിൽക്കുന്ന മിഴികളിൽ നിറെ കരിമഷി ഇട്ട് കയ്യിൽ കിലുങ്ങുന്ന കുപ്പിവളകളുമായി നീളൻ മുടി മെടഞ്ഞിട്ട് കിലു കിലെ സംസാരിക്കുന്ന അവളെ കാണുമ്പോൾ തന്നെ എന്റെ ഉള്ളം തുടിക്കുമായിരുന്നു..

അവളുടെ ഓരോ നോട്ടവും എന്റെ ഇടനെഞ്ചിലായിരുന്നു തറഞ്ഞു കയറിയിരുന്നത്…അങ്ങനെ ഞങ്ങൾ എട്ടാം ക്ലാസ് കഴിഞ്ഞു..ഒന്പതായി പത്തായി..അങ്ങനെ പന്ത്രണ്ടാം ക്ലാസ് വരെയായി..

ഇതുവരെയും ഒരിക്കൽ പോലും എന്റെ ഇഷ്ട്ടം തുറന്നുപറഞ്ഞിട്ടില്ല..ചങ്കിന്റെ പെങ്ങൾ തനിക്കും പെങ്ങളായിരിക്കണമെന്ന് മനസ്സാലെ ആഗ്രഹിച്ചെങ്കിലും അതിനു കഴിഞ്ഞില്ല..

അവസാനം ഇനി ഒട്ടും പിടിച്ചു നിൽക്കാൻ കഴിയില്ല എന്നായപ്പോൾ ഞാൻ അവളോട് തുറന്നു പറയാൻ തീരുമാനിച്ചു…”

ഇത്രയും കെട്ടപ്പോഴേക്കും ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..അവൻ അവൾക്ക് പുറം തിരിഞ്ഞിരുന്നതിനാൽ അവന് അവളുടെ മുഖം കാണുവാൻ കഴിയുന്നുണ്ടായില്ല..

ബാക്കി കേൾക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ അവൾ വേഗം ബാത്റൂമിലേക്ക് കയറി..അവനോട് കിടന്നോളാൻ പറഞ്ഞു…

അവന് അവൾ കരയുന്നതാണെന്ന് മനസ്സിലായി…അവൻ കരുതിയത് അവളെപ്പറ്റി പറഞ്ഞതുകൊണ്ടാണ് ഇന്ദു കരഞ്ഞതെന്നാണ്…

ആദ്യ രാത്രിയിൽ തന്നെ എല്ലാം തുറന്ന് പറയണമെന്ന് താൻ തീരുമാനം എടുത്ത നിമിഷത്തെ അവൻ പഴിച്ചു..സ്വന്തം വീട്ടുകാരെ വിട്ടുപിരിഞ്ഞ വിഷമം..

അതിന്റെ കൂടെ തന്നെ താലികെട്ടിയ പുരുഷന്റെ പൂർവകാലം കൂടെ കേട്ടപ്പോൾ പാവത്തിന് സഹിക്കാൻ കഴിഞ്ഞു കാണില്ല..

നിശ്ചയത്തിന് ശേഷം അവളെ വിളിക്കുവാണോ സംസാരിക്കുവാണോ തോന്നിയെങ്കിലും കഴിഞ്ഞില്ല..ഞാൻ ശാലുവിനെ മറക്കാനായി എന്റെ മനസ്സിനെ സജ്ജമാക്കുകയായിരുന്നു അപ്പോഴൊക്കെ…അവൾ എന്റേതല്ല…

എനിക്ക് അവകാശിയായി..എന്റെ താലിക്ക് അവകാശിയായി മറ്റൊരാളുണ്ട് എന്ന് എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കാനാണ് അവളുടെ വിവാഹത്തിന് മുന്നേ എന്റെ വിവാഹവും വേണമെന്ന് ഞാൻ വാശി പിടിച്ചത് തന്നെ…

ഞാനും ശാലുവിന്റെ ചേട്ടനും ഇണ പിരിയാനാകാത്ത കൂട്ടുകാരായിരുന്നു..പക്ഷെ ശാലുവിന്റെ കല്യാണം ഉറപ്പിച്ച ശേഷം എനിക്കവനോട് പഴയതുപോലെ പെരുമാറാൻ കഴിയുന്നില്ലയിരുന്നു…അവനെ കാണുമ്പോഴെല്ലാം ശാലുവിന്റെ ഓർമ്മകൾ എന്നെ വന്നു പൊതിയുമായിരുന്നു…

കല്യാണത്തിന് അവനെ ക്ഷണിച്ചെങ്കിലും എന്റെ ഒഴിഞ്ഞുമാറ്റം അവനെ വേദനിപ്പിച്ചിരുന്നു എന്നെനിക്ക് മനസ്സിലായിരുന്നു…

എനിക്ക് ഇഷ്ടമായില്ലെങ്കിലോ എന്നോർത്തിട്ടാവണം ഇന്ന് താലികെട്ടിന്റെ സമയത്തു മാത്രം അവൻ വന്ന് കണ്ടിട്ട് പോയി…..
ഞങ്ങളുടെ രണ്ടു പേരുടെയും അടുത്ത ചങ്ങാതിയായൊരുന്നു അജിത്…അവനാണ് എനിക്ക് ഇന്ദുവിന്റെ ആലോചന കൊണ്ടുവന്നത്…

അവനാണ് ബ്രോക്കർ എന്ന് ആരോടും പ്രത്യേകിച്ചു എന്റെ ചങ്കിനോട് പോലും പറയരുതെന്നവൻ പറഞ്ഞിരുന്നു..അവൻ പറഞ്ഞിട്ടാണ് ഇന്ന് തന്നെ ഞാൻ അവളോട് എല്ലാം തുറന്ന് പറഞ്ഞത്..പക്ഷെ……..

ഇനിയും അവൾക്ക് വിഷമം ആകേണ്ടന്നു കരുതി അവൻ ബെഡ് ലാമ്പ് തെളിയിച്ച് ട്യൂബ് ലൈറ്റ് ഓഫ് ആക്കി..എന്നിട്ട് പതുക്കെ കട്ടിലിലേക്ക് കിടന്നു..താൻ ഉണർന്നിരിക്കുന്നത് കൊണ്ടാണ് അവൾ വരാത്തതെന്ന് അവന് മനസ്സിലായിരുന്നു…

ഇതേ സമയം ബാത്‌റൂമിൽ അവൾ അവൻ ഉറങ്ങാനായി കാത്തിരിക്കുകയായിരുന്നു അവൾ..കരഞ്ഞിട്ടും കരഞ്ഞിട്ടും നിലയ്ക്കാത്തവണ്ണം മിഴിനീരുകൾ അവളുടെ കണ്ണിൽക്കൂടെ ചാലിട്ട് ഒഴുകുകയായിരുന്നു…

തന്റേതു മാത്രമെന്ന് കരുതിയ സ്വപ്നത്തെ വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അൽപ്പസമയം മുൻപ് വരെ തന്റെ മനസ്സിൽ എന്നവൾ ഓർത്തു…തന്റെ പ്രണയത്തെ തന്നെ തന്റെ പാതിയാക്കാൻ കഴിഞ്ഞതിൽ തനിക്കു സ്വൽപ്പം അഹങ്കാരം ഉണ്ടായിരുന്നെന്ന് അവൾക്ക് തോന്നി..

ഇത്രയും നാൾ കാണാതെ പ്രണയിച്ച ആളാണെന്ന് തെറ്റിദ്ധരിച്ച് യാതൊരു അന്വേഷണവും നടത്താതെ കല്യാണത്തിന് സമ്മതിച്ച നിമിഷത്തെ ഓർത്തവൾ പരിതപിച്ചു…
അന്ന് പെണ്ണുകാണാൻ വന്നപ്പോൾ ഇന്ദൂട്ടി എന്ന് വിച്ചുവേട്ടൻ വിളിച്ചതിനാലാണ് താൻ അങ്ങനെ ചിന്തിച്ചതെന്ന് അവൾക്ക് മനസ്സിലായി..

ആ ഒരു വിളി മാത്രം അപ്പോഴും അവളുടെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി കിടന്നു..എങ്കിലും അവൾ പ്രണയിക്കുന്ന കണ്ണേട്ടനല്ല ഇദ്ദേഹമെന്ന് അറിഞ്ഞപ്പോൾ ആകെ താൻ തകർന്നുപോയി..പേരാറിയാത്തതുകൊണ്ട് തന്നെ താൻ ഇട്ട വിളിപ്പേരാണ് കണ്ണേട്ടൻ എന്നുള്ളത്….

ഏട്ടൻ സംസാരിച്ചു കഴിഞ്ഞ് കണ്ണേട്ടാ എന്നുറക്കെ വിളിച്ച് വാരിപ്പുണരണമെന്ന് താൻ ആഗ്രഹിച്ചിരുന്നു..പക്ഷെ താൻ സ്നേഹിച്ച തന്നെ സ്നേഹിച്ച കണ്ണേട്ടനല്ല ഇത് എന്നറിഞ്ഞപ്പോൾ അവളുടെ ചങ്കിൽ ഒരു പിടപ്പുണ്ടായി…വേദനയുണ്ടായി..ആ വേദനയിൽ നിന്ന് തേങ്ങലുകൾ ഉയർന്നു..

തന്റെ ചങ്കിൽനിന്ന് ഉയരുന്ന വേദനയുടെ ഫലമായി കണ്ണീർത്തുളികൾ അവളുടെ മിഴികളിൽ നിന്നും ബഹിർഗമിച്ചുകൊണ്ടേയിരുന്നു…ആലോചിക്കുന്തോറും തല പൊട്ടിപ്പിളരുന്നപോലെ തോന്നി അവൾക്ക്….

തന്റെ കണ്ണേട്ടനോട് കാത്തിരിക്കാം എന്ന് മനസ്സിൽ ഒരായിരം തവണ പറഞ്ഞിട്ടുണ്ട്..

പിആക്ഷേ അതൊരിക്കലും തുറന്ന് പറഞ്ഞിട്ടില്ല..താൻ ആകെ ഒന്നോ രണ്ടോ തവണ മാത്രമേ മറുപടികൾ കൊടിത്തുട്ടുമുള്ളു എന്നവൾ ഓർത്തു..എന്നാലും എല്ല ആഴ്ചകളിലും രണ്ടും മൂന്നും തവണ കണ്ണേട്ടന്റെ കത്തുകൾ എന്നെ തേടി വരുമായിരുന്നു..

അത് വായിക്കുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷമായിരുന്നു..എന്നാൽ ഇനി ആ സന്തോഷത്തെ ആഗ്രഹിക്കാൻ കഴിയില്ല എന്നവൾ മനസ്സിൽ ഓർത്തു..

കാരണം താൻ ഇന്ന് മറ്റൊരാളുടെ താലിയുടെ അവകാശിയാണ്…രണ്ടു പേർക്കും ജീവിച്ചു തുടങ്ങാൻ സ്വൽപ്പം സാവകാശം വേണ്ടി വരുമെന്നവൾക്ക് മനസ്സിലായി..

വീണ്ടും കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോഴേക്കും അവളുടെ ശരീരത്തിന് ഭാരം കുറയുന്നതായി തോന്നി..അവൾ വേഗം മുഖം കഴുകി..

എങ്ങനെയൊക്കെയോ പിടിച്ചു നടന്നും കൊണ്ട് അവൾ അവിടെ വച്ചിരുന്ന ആ പാലെടുത്ത് കുടിച്ചു…ആ ബെഡ് ലാമ്പ് ഓഫാക്കി കട്ടിലിന്റെ ഒരറ്റതായി കിടന്നു..

വീണ്ടും തന്റെ എങ്ങലടികൾ ഇരുട്ടിന്റെ നിശ്ശബ്ദതയെ കീറിമുറിക്കും എന്നായപ്പോൾ അവൾ താൻ ഇട്ടിരുന്ന ചുരിദാറിന്റെ അറ്റം ചുരുട്ടിക്കൂട്ടി വായ്ക്കുള്ളിലാക്കി അവൾ തേങ്ങി…

അപ്പോൾ താൻ അറിയുകയായിരുന്നു കത്തിലൂടെ താൻ പ്രണയിച്ച കണ്ണേട്ടനോടുള്ള തന്റെ പ്രണയം എത്രമാത്രം ആയിരുന്നുവെന്ന്…

ഇതേ സമയം താൻ എല്ലാം പറഞ്ഞു തുടങ്ങിയതിനാലാണ് അവൾ വേദനിക്കുന്നതെന്നോർത്ത് അവൾക്കെതിരായി തിരിഞ്ഞു കിടന്ന വിഷ്ണുവിന്റെ കണ്ണിലും മിഴിനീർക്കണങ്ങൾ ഉരുണ്ടു കൂടിയിരുന്നു..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

പിറ്റേന്ന് രാവിലെ തന്നെ അവൾ എഴുന്നേറ്റു..തലേന്ന് കരഞ്ഞതിന്റെ ബാക്കിപത്രമായവളുടെ കണ്ണുകൾ കുറുകിയിരുന്നു..കണ്ണുകൾക്ക് ചുറ്റും കറുപ്പും പടർന്നിരുന്നു..കൂടാതെ തല പൊട്ടിപൊളിയുന്ന വേദനയും..കുളിച്ചാൽ ശെരി ആകും എന്ന് കരുതി അവൾ വേഗം തന്നെ പോയി കുളിച്ചു..

മനസ്സിന്റെ അകത്തെ ചൂടിനെ ശമിപ്പിക്കാൻ ഒന്നിനും കഴിയുന്നില്ലല്ലോ എന്നവൾ ഓർത്തു…

തന്റെ കണ്ണേട്ടൻ ഇതറിഞ്ഞാൽ ആ പാവം എന്തോരും വിഷമിക്കും എന്നും അവൾ ആലോചിച്ചു..വീണ്ടും ചിന്തകൾ കടിഞ്ഞാണില്ലാത്ത പട്ടം പോലെ പാഞ്ഞപ്പോൾ അവൾ അതിനെ അടക്കി നിർത്തി..വേഗം തന്നെ കുളി കഴിഞ്ഞ് അവൾ പുറത്തിറങ്ങി..വിച്ചു അപ്പോഴും ഉറക്കമായിരുന്നു…

കുളി കഴിഞ്ഞപ്പോഴേക്കും തന്റെ മുഖത്തിന്റെ വിങ്ങൽ കുറഞ്ഞതുപോലെ തോന്നി അവൾക്ക്…വേഗം തന്നെ നെറ്റിയിൽ സിന്ദൂരം ചാർത്തി അവൾ അടുക്കളയിലേക്ക് ചെന്നു..

“ആഹാ മോള് ഇത്ര വേഗം എഴുന്നേറ്റോ..’അമ്മ കാപ്പി ഇട്ടിട്ടുണ്ട് ..കുടിക്കുട്ടോ മോളെ..അവനും ഒരു ഗ്ലാസ് എടുത്തുകൊണ്ട് മുകളിലേക്ക് ചെല്ലൂ..”

അവൾ ആദ്യം മുകളിലേക്ക് തിരികെ പോകുന്ന കാര്യം വിസ്സമ്മതിച്ചെങ്കിലും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി 2 കപ്പ് കാപ്പി ഒരു ചെറിയ ഫ്‌ളാസ്ക്കിലാക്കി മുകളിലേക്ക് ചെന്നു…

വിച്ചു അപ്പോഴും ഉറക്കമായിരുന്നു..അവൾക്ക് അവനെ എന്തോ വിളിക്കാൻ തോന്നിയില്ല…അവൾ വേഗം ഒരു ഗ്ലാസ് കാപ്പിയും കൂടെ തന്റെ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് ചെന്നു…

ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് വിളിക്കാൻ കഴിയാതിരുന്നതുകൊണ്ട് അവൾ ആദ്യം തന്നെ വീട്ടിലേക്ക് വിളിച്ചു..എല്ലാവരോടും സംസാരിച്ചു..

പിന്നെ അവൾ ട്രീസയെ വിളിച്ചു..അവളുടെ എല്ലാമെല്ലാമായ കൂട്ടുകാരി..തന്നെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും അവൾക്കും അവളെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും തനിക്കും അറിയാമായിരുന്നു..കണ്ണേട്ടനെപ്പറ്റി ആകെ അറിയാവുന്ന വ്യക്തി അവളായിരുന്നു…

അവൾ വിളിച്ചു..കാര്യങ്ങളെല്ലാം സംസാരിച്ചു…തന്റെ കണ്ണേട്ടനല്ല തന്നെ വിവാഹം കഴിച്ചതെന്നും പിന്നീട് തന്റെ കണ്ണേട്ടനെപ്പറ്റിയും അവരുടെ പ്രണയത്തെപ്പറ്റിയെല്ലാം അവൾ ട്രീസയോട് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു..

അവളുടെ മനസ്സിന്റെ സ്ഥിതി മനസ്സിലാക്കിയ ട്രീസ എല്ലാം അറിയാവുന്ന കാര്യങ്ങൾ തന്നെ ആണെങ്കിൽ പോലും നല്ലൊരു കേൾവിക്കാരിയായി എല്ലാം ശ്രവിച്ചുകൊണ്ടിരുന്നു..

എല്ലാ ഭാരങ്ങളും വീണ്ടും അവളുടെ മുൻപിൽ ഇറക്കിവച്ചപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി…അവിടെ മറ്റൊരാൾകൂടി അവർ പറഞ്ഞിരുന്നത് കേട്ടിരുന്നു എന്നറിയാതെ..

ട്രീസയ്ക്ക് തന്റെ ആത്മാർത്ഥ സുഹൃത്തിനെക്കുറിച്ചോർത്ത് സങ്കടം വന്നു…
“ഇന്ദൂസെ…പണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവന് കൂട്ടായി ഒരു സ്ത്രീയെയും സൃഷ്ടിച്ചു.

ആദിമ മനുഷ്യനായ ആദമിനെ മയക്കി കിടത്തി അദ്ദേഹത്തിന്റെ വാരിയെല്ലിൽ നിന്നുമാണ് ഹവ്വ എന്ന സ്ത്രീയെ സൃഷ്ടിച്ചത്..

ഞങ്ങളുടെ ബൈബിൾ പ്രകാരം ഒരു.മനുഷ്യന്റെ യഥാർത്ഥ ഇണ എന്ന് പറയുന്നത് അവന്റെ വാരിയെല്ലിനാൽ നിർമ്മിതമായിരിക്കുന്ന സ്ത്രീ ആണ്..ചിലപ്പോൾ നീ ഉരുവായിരിക്കുന്നത് വിഷ്ണുചേട്ടന്റെ വാരിയെല്ലിനാലായിരിക്കും..അതുകൊണ്ടായിരിക്കും ചേട്ടന്റെ പഴയ കാമുകിയെ ചേട്ടന് വിവാഹം കഴിക്കാൻ കഴിയാഞ്ഞത്..

അതുകൊണ്ട് നീ ഇനി സങ്കടപ്പെടരുത്..എല്ലാം ശെരിയാകും..ചിലപ്പോൾ കുറച്ച് സമയം വേണ്ടി വന്നേക്കാം..പക്ഷെ നിങ്ങൾ തമ്മിൽ എല്ലാം തുറന്ന് പറയണം..ദാമ്പത്യ ജീവിതത്തിൽ രഹസ്യങ്ങൾക്ക് സ്ഥാനമില്ല..

അതുകൊണ്ട് നീ വിഷ്ണു ചേട്ടനെ സ്നേഹിക്കണം…അദ്ദേഹത്തിന്റെ എല്ലാമെല്ലാമാണ് നീ ഇപ്പോൾ..അദ്ദേഹം നിനക്കു ചാർത്തിയ താലി നിന്റെ കഴുത്തിൽ കിടക്കുന്നിടത്തോളം കാലം ഒരു കണ്ണേട്ടനും നിന്റെ മനസ്സിൽ പോലും ഉണ്ടാകരുത്..

അത് നീ നിന്നോടും ചേട്ടനോടും നിങ്ങളെ വിശ്വസിച്ചു കൂട്ടിച്ചേർത്ത ഇരു കുടുംബങ്ങളോടും ചെയ്യുന്ന ദ്രോഹമായിരിക്കും..അതുകൊണ്ട് നീ ആലോചിച്ച് തീരുമാനിക്ക് ഇന്ദൂസെ…അപ്പൊ ശെരി..കുറെ നേരമായില്ലേ…”

ഇതും പറഞ്ഞ് ട്രീസ ഫോൺ വച്ചു..

ഞാൻ കുറച്ചു സമയം കൂടെ ആ ഫോണുമായി അവിടെ നിന്നു….അപ്പോഴാണ് സമയം നോക്കിയത്..രാവിലെ 7 മണിയായപ്പോൾ വന്നു നിന്നതാ..ഇപ്പോൾ സമയം 8:30..അവൾ തലയിൽ കൈ വച്ചു വേഗം മുറിയിലേക്ക് ഓടി..

അവിടെ വിച്ചു കിടന്നിടത്ത് അവൻ പുതച്ചിരുന്ന പുതപ്പ് മാത്രം ചുരുണ്ടുകൂടി കിടപ്പുണ്ടായിരുന്നു..കാപ്പി കുടിച്ചതിന്റെ അടയാളമായി അൽപ്പം മട്ട് അവശേഷിപ്പിച്ച കാലികപ്പും കാലിഫ്‌ളാസ്‌ക്കും…

അവൾ വേഗം മുറിയെല്ലാം വൃത്തിയാക്കി ഫ്‌ളാസ്‌ക്കും കപ്പുകളും എടുത്തുകൊണ്ട് താഴേക്ക് ചെന്നു..

അവിടെ മുൻവശത്ത് അച്ചായിയും വിച്ചുവേട്ടനും കൂടെ പത്രം വായിക്കുന്നുണ്ടായിരുന്നു ജിത്തേട്ടൻ (വൈശുവിന്റെ ഭർത്താവ്) എന്തൊക്കെയോ വ്യായാമമുറകൾ ചെയ്യുന്നുണ്ടായിരുന്നു..

ഞാൻ അടുക്കളയിലേക്ക് ചെന്നു..അവിടെ വൈശു രാവിലത്തെക്കുള്ള കറി ഉണ്ടാക്കുകയായിരുന്നു..

ഞാൻ വേഗം തന്നെ പാത്രം കഴുകി വച്ചു.. അമ്മയും വൈശുവും വേണ്ടാ എന്നു പറഞ്ഞെങ്കിലും എന്തോ മനസ്സ് വന്നില്ല ..അപ്പോഴേക്കും അമ്മി പ്രാതൽ തയ്യാറാക്കിയിരുന്നു..

ഞാൻ മേശപ്പുറത്ത് എടുത്ത് വച്ചപ്പോഴേക്കും അമ്മി പോയി അച്ഛനേം വിച്ചുവേട്ടനേം ജിത്തേട്ടനേം വിളിച്ചുകൊണ്ട് വന്നു..അങ്ങനെ ഞങ്ങൾ എല്ലാവരും വേഗം തന്നെ ഭക്ഷണം കഴിച്ചു…കഴിച്ചതിനു ശേഷം ഞങ്ങൾ അമ്പലത്തിലേക്ക് പോയി..ഉടനെ തന്നെ തിരികെ എത്തി..അങ്ങനെ ആ ദിവസവും കഴിഞ്ഞു…

ദിവസങ്ങളും മാസങ്ങളും കടന്നുപോയി..ഇതിനിടയിൽ വിരുന്നുപോകലുകളൊക്കെ മുറ പോലെ നടക്കുന്നുണ്ടായിരുന്നു..

എന്നാൽ ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ വളരെ വിരളമായൊരുന്നു..

എന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ എല്ലാം ഒരു മൂളലിലോ ഒന്നോ രണ്ടോ വാക്കിലൊക്കെയെ സംസാരിച്ചിരുന്നുള്ളൂ..

മൂന്ന് മാസങ്ങൾ കഴിഞ്ഞു..ഞങ്ങൾ തമ്മിലുള്ള അകൽച്ചയെപ്പറ്റി വീട്ടുകാർക്ക് മനസ്സിലായിട്ടാകണം അമ്മിയും അമ്മയുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് ചോദിക്കാൻ തുടങ്ങി..

എന്നാൽ എനിക്ക് ഏട്ടനോട് അടുക്കണം എന്നുണ്ടായിരുന്നു കാരണം അന്ന് ട്രീസ പറഞ്ഞതിനെപ്പറ്റി ഞാൻ ആലോചിച്ചപ്പോഴാണ് ഞാൻ ചെയുന്ന തെറ്റിനെപ്പറ്റി എനിക്ക് മനസ്സിലായത്..

മറ്റൊരാളെ മനസ്സിൽ കുടിയിരുത്തി വേറൊരാളുടെ താലിയും കഴുത്തിലണിഞ്ഞു നടക്കുന്നതിൽ പരം വൃത്തികെട്ട കാര്യം എന്തുണ്ട്…

എങ്ങനെയെങ്കിലും കണ്ണേട്ടനെ മറന്നേ പറ്റു എന്നുള്ള സത്യം അൽപ്പം വേദനയോടെ ആണെങ്കിലും ഞാൻ മനസ്സിലാക്കി ..വീട്ടിൽ വിരുന്നിന് പോയപ്പോൾ എനിക്ക് ലഭിച്ച കത്തുകൾ എല്ലാം ഞാൻ ഒന്നുകൂടെ..

അവസാനവട്ടം എന്നുള്ള രീതിയിൽ വായിച്ചിട്ട് എല്ലാം കത്തിച്ചു കളഞ്ഞു..മനസ്സ് അൽപ്പം നീറിയെങ്കിലും ആരെയും വഞ്ചിക്കരുത് എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു..

ഏട്ടനോട് അടുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഏട്ടന്റെ കാര്യങ്ങൾ ഒന്നും അറിയാത്ത സ്ഥിതിക്ക് എനിക്കെന്തോ സ്നേഹം പുറത്തുകാട്ടാൻ കഴിഞ്ഞിരുന്നില്ല…

അങ്ങനെയിരിക്കെ ഒരു ദിവസം…വൈശുവും ജിത്തേട്ടനും തിരികെ പോയിരുന്നു..വൈശു ബാംഗ്ലൂരിൽ ഐ. ടി കമ്പനിയിൽ വർക്ക് ചെയ്യുന്നു…ജിത്തേട്ടൻ ബാംഗ്ലൂർ അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ ആണ്..

അന്ന് അമ്മിയും അച്ചായിയും അമ്മിയുടെ ഒരു ബന്ധുവീട്ടിലും പോയെക്കുകയായിരുന്നു..പുറത്ത് നല്ല മഴ ഉണ്ടായിരുന്നു…പെട്ടന്നാണ് കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്…

ഉടനെ തന്നെ ഞാൻ പോയി നോക്കിയപ്പോൾ കാണുന്നത് മഴയത്ത് നനഞ്ഞ് വന്നിരിക്കുന്ന വിച്ചുവേട്ടനെയാണ്..പെട്ടന്ന് തോന്നിയപോലെ ഞാൻ വേഗം സാരിത്തലപ്പെടുത്ത് ഏട്ടന്റെ തല തുവർത്തി…

ഏട്ടന്റെ കണ്ണുകൾ എന്റെ മുഖത്തായിരുന്നു..ഞാൻ അത് അറിഞ്ഞെങ്കിലും അത് ശ്രദ്ധിക്കാത്തവണ്ണം ഏട്ടന്റെ തല തുവർത്തിക്കൊണ്ടിരുന്നു..
തുവർത്തിയത്തിന് ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ ഏട്ടൻ പിടിച്ചു..

പിന്നീട് പറഞ്ഞ കാര്യം കേട്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് പെട്ടന്ന് ക്രമാതീതമായി ഉയർന്നു..എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒന്നു തരിച്ചു നിന്നു..

(തുടരും..)

എന്താവോ..എങ്ങനെയാവോ…അറിയില്ല…
തെറ്റുകൾ ക്ഷമിക്കണേ..

വായിച്ചിട്ട് പോകുന്നവർ ഒന്നോ രണ്ടോ വരി എനിക്കായി കുറിക്കുക…അപേക്ഷയാണ്..
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..😉😉

ശുഭരാത്രി😊🦋

എന്ന് സ്വന്തം,
അഗ്നി🔥

(തുടരും…)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6