Sunday, November 24, 2024
Novel

ഹരിബാല : ഭാഗം 5

നോവൽ
എഴുത്തുകാരി: അഗ്നി


ഇതേസമയം വിച്ചുവിന്റെ വീട്ടിൽ ബാല ആലോചിക്കുകയായിരുന്നു… ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആറോ ഏഴോ മാസം മാത്രം കൂടെ ജീവിച്ച വിച്ചുവേട്ടനെ തനിക്ക് എന്തുകൊണ്ട് മറക്കാൻ കഴിയുന്നില്ല..

ഒരു പക്ഷെ അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ആഴമായിരിക്കും അതിനു കാരണം എന്ന് ചിന്തിച്ചെങ്കിലും അതുപോലെ തന്നെ അവളെ സ്നേഹിക്കുന്ന ഹരിയെ എങ്കിൽ എന്തുകൊണ്ട് അംഗീകരിച്ചുകൂടാ എന്നൊരു മറുചോദ്യവുമായി അവളുടെ മനസ്സ് പിടിവലി നടത്തുകയായിരുന്നു..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഹരിയാണെങ്കിൽ രാത്രിയാകുവാൻ കാത്തിരിക്കുകയായിരുന്നു ബാലയുടെ സ്വരം കേൾക്കുവാൻ വേണ്ടി..സമയങ്ങൾ ഇഴഞ്ഞു പോകുന്നതുപോലെ തോന്നി അവന്…
രാത്രി ക്ലോക്കിൽ 8 മണി അടിച്ചപ്പോഴേക്കും അവൻ ഫോൺ എടുത്ത് ബാലയെ വിളിച്ചു..

വീണ്ടും ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ബാല ഉണർന്നത്…താൻ എന്തൊക്കെയോ ആലോചിച്ചു വളരെനേരം കിടന്നുറങ്ങിപോയി എന്ന മനസ്സിലാക്കിയ മാത്രയിൽ അവൾ വേഗം എഴുന്നേറ്റ് ഫോൺ ചെവിയോട് ചേർത്തു

“ഹലോ ബാലേ”

“ആ ഹരിയേട്ടാ”

“നീ ഉറങ്ങുവാർന്നോ”

“ആ..ചുമ്മാ കിടനപ്പൊ ഉറങ്ങിപ്പോയി ഏട്ടാ…ഏട്ടൻ നാളെ എപ്പോഴാ പോകുന്നെ?”

“അവിടെ 2 മണിക്ക് റിപ്പോർട്ട് ചെയ്യണം..അപ്പൊ ഇവിടുന്ന് ഒരു 1 മണി കഴിയുമ്പോൾ ഇറങ്ങിയാൽ മതി..രവിലെയാകുമ്പോൾ ബ്ലോക്ക് ഉണ്ടാവിലല്ലോ..
പിന്നെ നമ്മുടെ ഡ്രൈവർ കാണാരേട്ടൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്”

“മ്മ്‌…അച്ഛനും അമ്മയും എന്ത് പറയുന്നു?”

“അമ്മ ഇവിടെ താൻ അടുത്തില്ലാത്ത വിഷമത്തിൽ ഇരിപ്പുണ്ട്…
അച്ഛൻ അമ്മയുടെ പുറകെ സമാധാനിപ്പിച്ചോണ്ട് നടപ്പുണ്ട്”

“ഹ..ഹ..അമ്മയോട് പറഞ്ഞേക്കു ഞാൻ നാളെത്തന്നെ അങ്ങോട്ട് വരുമെന്ന്…”

“അതെന്നാടാ..അവിടെ ഇത്ര വേഗം ഇയാൾക്ക് മടുത്തോ”

“അയ്യോ..അങ്ങനൊന്നും പറയെല്ലേ ഏട്ടാ…ഇവിടെ ഇരിക്കുന്ന ഓരോ നിമിഷവും പഴയ ഓർമ്മകൾ എന്നെ ചുറ്റിവരിയുന്നു..എനിക്കെല്ലാം ഇവിടെ ഉപേക്ഷിക്കണം എന്നുണ്ട്…പക്ഷെ കഴിയുന്നില്ല…എനിക്ക് ഒരല്പ സമയം തരുമോ..ഏട്ടനെ അറിയാനും വിച്ചുവേട്ടനെ മറക്കാനും..”

ഹരിക്കവളുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുകൾ ഈറനണിഞ്ഞു…തനിക്കുവേണ്ടി അവൾ മാറാൻ ശ്രമിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ അവനു ഒരേസമയം സന്തോഷവും ബാലയുടെ അവസ്ഥയോർത്ത് സങ്കടവും തോന്നി..
അവൻ അത് വിദഗ്ധമായി മറച്ചു വച്ചു..

“എടാ..നീ നിനക്കാവശ്യമുള്ള സമയം എടുത്തോ..ഒരിക്കലെങ്കിലും നീ എന്നെ മനസ്സറിഞ്ഞൊന്നു സ്നേഹിച്ചാൽ മതി..അത്രേയുള്ളൂ”

ബാലയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു..തന്നെ ഇത്രയേറെ മനസ്സിലാക്കിയ തന്റെ പാതിയെക്കുറിച്ചോർത്ത് തനിക്ക് ഒരുവേള അഭിമാനം തോന്നി..

പിന്നെയും അവർ കുറേനേരം സംസാരിച്ചു…

അതിനുശേഷം.അവൾ അച്ചായിയുടേം അമ്മിയുടേം ലച്ചുവിൻറേം വൈഷ്ണവിയുടേം എല്ലാം അടുത്ത് ചെന്ന് സംസാരിച്ചുകൊണ്ടിരുന്നു..തന്റെ മനസ്സിൽ നിന്നും പുറത്തുചാടാൻ വെമ്പൽ കൊള്ളുന്ന ദുഖത്തെ അധിവിദഗ്ധമായി അവൾ ഒളിപ്പിച്ചു…
അവളുടെ അവസ്ഥ അവിടെയുള്ളവർക്ക് മനസ്സിലായെങ്കിലും അവർ ഒന്നുമറിയാത്തതുപോലെ പെരുമാറി…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അവൾ തിരിച്ചു മുറിയിലേക്ക് കയറി..വേഗം തന്നെ കിടന്നുറങ്ങണമെന്ന് തീരുമാനിച്ചു അല്ലെങ്കിൽ മനസ്സ് കടിഞ്ഞാണില്ലാത്ത പട്ടം പോലെ പായുമെന്ന് അവൾക്ക് തോന്നി..

കിടക്കാൻ നേരമാണ് ടേബിളിന്റെ അടിയിൽ എന്തോ ഇരിക്കുന്നതുപോലെ അവൾക്ക് തോന്നിയത്….അവൾ അങ്ങോട്ടേക്ക് നടന്നു…
ആ വസ്തുവിനെ അടുത്തുനിന്ന് കണ്ടതും അവൾ വെട്ടിവിയർക്കുവാൻ തുടങ്ങി..കണ്ണില്നിന്നും കണ്ണുനീര്തുള്ളികൾ പ്രവഹിച്ചുകൊണ്ടിരുന്നു..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ബാലയുടെയും വിച്ചുവിന്റെയും വിവാഹാൽബമായിരുന്നു അത്…അവൾ വിറയ്ക്കുന്ന കൈകളോടെ അതിനെ എടുത്തു നെഞ്ചോട് ചേർത്തു..എന്നിട്ട് പതിയെ കട്ടിലിനരികിലേക്ക് ചെന്നു..

അവൾ ട്യൂബ്ലൈറ്റ് ഓഫാക്കി ബെഡ് ലാമ്പ് തെളിയിച്ചു..എന്നിട്ട് ഓരോരോ പേജുകളായി മറിക്കുവാൻ തുടങ്ങി..
ചുവന്ന പട്ടുവസ്ത്രത്തിൽ സർവാഭരണ വിഭൂഷിതയായി ഒരുങ്ങിനിൽക്കുന്ന തന്നെയും തന്റെയടുത്തായി നിൽക്കുന്ന വിച്ചുവെട്ടനിലും അവളുടെ കണ്ണുകൾ പതിഞ്ഞു…

ഓരോ ചിത്രങ്ങളും അവളുടെ കണ്ണുകൾ ഒപ്പിയെടുത്തുകൊണ്ടിരുന്നു…താലികെട്ടുന്നതും സിന്ദൂരരേഖ ചുവപ്പിക്കുന്നതുമായ ചിത്രങ്ങൾ വന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി…തന്റെ കരച്ചിലിന്റെ ശബ്‌ദം പുറത്തുവരാതിരിക്കാൻ അവൾ അവളുടെ സാരിത്തുമ്പ് വായിൽ തിരുകി…

ബാക്കി കാണുവാനുള്ള മനക്കരുത്ത് തനിക്കില്ലായെന്ന് മനസ്സിലാക്കിയിട്ടാക്കണം അവൾ വേഗം തന്നെ അത് അടച്ചുവച്ചു….ഒത്തിരി കരഞ്ഞതുകൊണ്ടുതന്നെ അവൾക്ക് തല വേദനിക്കാൻ തുടങ്ങിയിരുന്നു..

അവൾ.വേഗം ഫ്രെഷാവനായി ബാത്റൂമിലേക്ക് കയറി..ഷവറിനടിയിൽ നിൽക്കുമ്പോഴും അവളുടെ മനസ്സ് ചുട്ടുപൊള്ളുകയായിരുന്നു വിച്ചുവിന്റെ ഓര്മ്മകളാലും ഹരിയുടെ സ്നേഹത്തിനാലും..

കുളിക്ക് ശേഷം അവൾക്ക് ഉറക്കം വന്നിരുന്നില്ല..അവൾ പതിയെ തന്റെ കണ്ണുകളടച്ച് തന്റെ പഴയ കാലത്തിലേക്ക് ഊളിയിട്ടു..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഇന്ദുബാല…വീട്ടുകാരുടെ ചക്കി..ഏട്ടൻ ഇന്ദ്രജിത് എന്ന ജിത്തുവിന്റെ പുന്നാരപെങ്ങൾ…2 അനിയത്തിമാർ അക്കുവും അച്ചുവും എന്ന ഇന്ദ്രാണിയും ഇന്ദുലേഖയും..
അച്ഛൻ രാധാകൃഷ്ണ മേനോൻ ഒരു വ്യവസായിയാണ്..’അമ്മ മാലതി .മേനോൻ ഒരു പാവം വീട്ടമ്മ..

പ്ലസ് 2 നല്ല മാർക്കോടെയാണ് ബാല പാസായത്..അതിനാൽതന്നെ നാട്ടിലെ പേരുകേട്ട കോളേജിൽതന്നെയായിരുന്നു അഡ്മിഷൻ കിട്ടിയത്..

ഇരുനിറമാണെങ്കിലും അവളെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു…അരക്കെട്ടുവരെ നീണ്ട ഇടതൂർന്ന കാർക്കൂന്തൽ..നല്ല കട്ടിയിലുള്ള കൂട്ടുപിരികങ്ങൾ..കണ്ണുകൾ കണ്മഷിയാൽ കറുപ്പിച്ചിരുന്നു..മൂക്കിൽ ഒരു വെള്ളക്കൽ മുകുത്തി കിടന്നിരുന്നു..പിന്നെ അവളുടെ ചിരിക്ക് മാറ്റുകൂട്ടാനായി താടിയിൽ ഒരു ചുഴിയും..ശരീരത്തിന് പാകം വണ്ണം മാത്രം..
ഒറ്റവാക്കിൽ പറഞ്ഞാൽ ആരായാലും ഒരുവട്ടമെങ്കിലും അവളെ നോക്കിപോകുമായിരുന്നു…

അങ്ങനെ അവൾ കോളേജിലേക്ക് യാത്രയായി..ബി.കോം ആയിരുന്നു അവളുടെ വിഷയം…12ആം ക്ലാസ്സിൽ കോമേഴ്സ് പഠിച്ചതുകൊണ്ടു തന്നെ അക്കൗണ്ടിംഗ് പോലുള്ള പ്രോബ്ലെം പേപ്പറുകളും മാനേജ്മെന്റ് പോലുള്ള തിയറി പേപ്പറുകളുമൊന്നും അവൾക്ക് ബുദ്ധിമുട്ടായേ തോന്നിയിരുന്നില്ല..ആകെ കുറച്ചു കഷ്ടപെട്ടത് ലോ പേപ്പറാണ്..കമ്പനി ലോയും നെഗോഷ്യബൽ ഇൻസ്ട്രുമെന്റ്‌സ് ആക്റ്റും കോണ്ട്രാക്ട് ആക്റ്റും എല്ലാം മാറി മാറി അവളുടെ തലയിൽകൂടെ ചുറ്റിക്കളിച്ചോണ്ടിരുന്നു…
അതുകൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും ഫ്രീ അവറുകൾ കിട്ടുമ്പോൾ അവൾ ലൈബ്രറിയിൽ തന്നെയായിരിക്കും…കൂട്ടിന് അവളുടെ കൂട്ടുകാരി ട്രീസയും ഉണ്ടാകും…

ട്രീസയെപ്പറ്റി പറഞ്ഞാൽ നല്ലൊന്നാന്തരം പാലക്കാരി അച്ചായത്തി തന്നെ…വായിനോട്ടമാണ് പ്രധാന ഹോബിയെങ്കിലും പഠനത്തിൽ അവളും ബാലയെപോലെതന്നെ പുപ്പുലിയാണ്..
അവൾ ലൈബ്രറിയിൽ വരുന്നതിന്റെ ഉദ്ദേശം തന്നെ ലൈബ്രറിയുടെ ഓപ്പോസിന്റെ ഉള്ള സ്റ്റാഫ് റൂം ആണ്…

മാത്സ്‌ ഡിപാർട്മെന്റിന്റെ സ്റ്റാഫ് റൂം ആയിരുന്നു…അവിടുത്തെ പുതിയൊരു ചുള്ളൻ സർ .ജോയൽ കുരിശിങ്കൽ…നല്ല കാഞ്ഞിരപ്പിള്ളിക്കാരൻ…പുള്ളി തന്റെ സാർ അല്ലാത്തതുകൊണ്ടുതന്നെ പഠിപ്പിക്കുന്ന സാറിനെ കേറി പ്രേമിച്ചു എന്നുള്ള ചീത്തപ്പേര് ഉണ്ടാവില്ല എന്നാണ് അവളുടെ പക്ഷം…

അങ്ങനെ ആദ്യ സെമസ്റ്റർ തീരാറായ സമയത്തു ഒരു ദിവസം ലൈബ്രറിയിൽ അവൾ അവളുടെ ലോ ബുക്ക് റെഫർ ചെയ്യുമ്പോഴാണ് ഒരു പേപ്പർ ആ ബുക്കിൽ നിന്നും താഴെ വീഴുന്നത് കണ്ടത്..ആദ്യം അത് അതുപോലെ തന്നെ തിരികെ വച്ചെങ്കിലും എന്തോ ഒരു ആകാംക്ഷ നിമിത്തം അവൾ അത് നിവർത്തി വായിക്കാൻ തുടങ്ങി..

വായിക്കുന്തോറും അവൾക്ക് അത്ഭുതവും അതിലുപരി വേറെന്തൊക്കെയോ വികാരങ്ങൾ അവളുടെ മനസ്സിൽ ഉടലെടുത്തു…

ആ കത്ത് ഇങ്ങനെയായിരുന്നു..

എന്റെ മാത്രം ഇന്ദൂട്ടിക്ക്,
തന്റെ പേര് ഇന്ദുബാല എന്നാണെന്ന് എനിക്കറിയാം കേട്ടോ…പക്ഷെ ഞാൻ ഇയാളെ ഇന്ദൂട്ടിയെന്നെ വിളിക്കു…കാരണം എല്ലാവരും തന്നെ ഇന്ദു എന്നോ ബാല എന്നോ ഒക്കെയായിരിക്കും വിളിക്കുന്നെ…അപ്പൊ ഒരു ചേഞ്ച് ആയിക്കോട്ടേഡോ..

ഇപ്പൊ താൻ വിചാരിക്കും ഇത് ആരാണ്..ഇയാൾക്ക് വേറെ പണിയില്ലേ എന്നൊക്കെ…ഞാൻ ആരാണെന്നൊന്നും പറയാറായിട്ടില്ല…എനിക്ക് പണിയുണ്ടോ എന്ന് ചോദിച്ചാൽ ഇനി ഒരു ഒന്നര വർഷം കൂടെ കഴിയുമ്പോൾ എനിക്കൊരു പണി കിട്ടും…അതുവരെ ഈ ഞാൻ ഒരു പാവം വിദ്യാർഥിയാണ്…

ഇനി വളച്ചുകെട്ടില്ലാതെ ഞാൻ ഒരു കാര്യം പറയാം…
എനിക് തന്നെ ഇഷ്ട്ടമാണ്..എന്റെ ജീവനേക്കാൾ ഉപരി…തന്നെ കണ്ട ആ മാത്രയിൽ മാത്രം ഉളവായൊരു ഇഷ്ടമല്ല…പക്ഷെ താൻ ഇല്ലാതെ ഈ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലായതുകൊണ്ട് മാത്രമാണ് ഇന്നിങ്ങനൊരു എഴുത്തെഴുതി ഇവിടെ വയ്ക്കുന്നത്…

ആദ്യമേ തനിക്കൊന്നും ഉൾക്കൊള്ളാൻ ആകില്ലെന്നെനിക്കറിയാം..എന്നാലും പ്രതീക്ഷ വിടാതെ ഞാൻ കാത്തിരിക്കും..

നീയാകുന്ന മഴ ഞാനാകുന്ന മരുഭൂമിയിൽ പെയ്തിറങ്ങുന്നത് കാണാൻ..ആ മഴ എന്റെമേൽ വർഷിക്കുന്നത് നനയാനായി ഞാൻ നോക്കിയിരിക്കും..
മഴ കാത്തുകഴിയുന്ന ഒരു വേഴാമ്പലിനെപോലെ നിൻ സ്നേഹമാകുന്ന മഴയിൽ ചിറകടിച്ചു ശബ്ദമുണ്ടാക്കി ആഹ്ലാദിക്കാനായുള്ള ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കും…എന്നും എപ്പോഴും..
നീ ഇനി എന്നെ തിരിച്ചു സ്നേഹിച്ചില്ലെങ്കിൽ പോലും നീ മറ്റാരുടെയോ സ്വന്തമായെന്നറിയുമ്പോഴേ എന്റെ കാത്തിരിപ്പ് അവസാനിക്കൂ…
അതുവരെയും ഞാൻ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കും..

ഞാൻ തന്നെ സ്നേഹിക്കുന്നത് ആത്മാര്ഥമായിത്തന്നെയാണ്..ഒരിക്കലും തന്റെ പണമോ പ്രതാപമോ കണ്ടിട്ടല്ല…തന്നെ അത്രയേറെ ഇഷ്ടമായതുകൊണ്ടാണ്…..

I LOVE YOU SOO MUCH..❣️❣️❣️❣️

തന്റെ മുൻപിലേക്ക് ഞാൻ വരാത്തത് ഞാൻ ഭീരുവായതുകൊണ്ടല്ല….ഈ ഒളിച്ചുകളിയിലും ഒരു രസമുണ്ടെടോ..ഓരോ ആൾക്കൂട്ടത്തിലും എന്നെ തിരയുന്ന തന്റെ ആ മുന്തിരികണ്ണുകളിലെ വികാരം ഞാനും ഒന്നു ഒപ്പിയെടുക്കട്ടെഡോ…
ഞാൻ വരും ഒരിക്കൽ ഇയാളുടെ മുന്നിലേക്ക്..അത് ഇയാളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനായിരിക്കും.. എല്ലാ അർത്ഥത്തിലും എല്ലാവരുടെയും സമ്മതത്തോടുകൂടെ ആയിരിക്കും….അപ്പോഴേക്കും എന്റെ പേരിൽ നിനക്കായൊരു താലി ഞാൻ പണിയിച്ചിരിക്കും..എന്റെ പാതിയാവൻ നിനക്കു സമ്മതമായിരിക്കും വിശ്വസിച്ചുകൊണ്ട്…

നിന്റെ മാത്രം
ഞാൻ 💞

ആ കത്ത് വായിച്ചതും എന്റെ കിളികൾ ഒക്കെ പറന്നുപോകുന്ന ഒരു ഫീൽ ആയിരുന്നു എനിക്കുണ്ടായത്…

ഇതിനുമുന്നേയും പല പ്രൊപ്പോസലുകളും വന്നിട്ടുണ്ടെങ്കിലും ഇതൊരല്പം വിചിത്രമായിരുന്നതുകൊണ്ടു തന്നെ ആ കത്ത് അവൾക്ക്‌ കളയാൻ തോന്നിയില്ല..
അത് അവൾ സൂക്ഷിച്ചു വച്ചു..

ദിവസങ്ങൾ കഴിയുന്തോറും അവൾക്ക് ഇങ്ങനെ കത്തുകൾ കിട്ടിക്കൊണ്ടിരുന്നു..
ആഴ്ചയിൽ 2 കത്തുകളാണ് പതിവ്..എല്ലാ ചൊവാഴ്ചയും വെള്ളിയാഴ്ചയും…

പോകെ പോകെ കത്തെഴുത്തുന്നയാളോട് എനിക്കും ഒരു ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങിയിരുന്നു…എന്നാലും ഒരു മറുപടിപോലും ഞാൻ കൊടുത്തിരുന്നില്ല… എന്ന് എന്റെ വീട്ടുകാരെ വന്ന് കാണുന്നുവോ അന്നേ എന്റെ സമ്മതവും ഞാൻ അറിയിക്കൂ എന്നും തീരുമാനിച്ചു..

അങ്ങനെ പഠനവും കത്തും ഒക്കെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…ഓരോ ആൾക്കൂട്ടത്തിലും ഞാൻ അദ്ദേഹത്തെ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം…

അങ്ങനെ തിരയുമ്പോഴൊക്കെ എന്റെ കണ്ണിൽ വിരിയിരുന്ന ഭാവത്തെ മനോഹരമായി വർണ്ണിച്ചുകൊണ്ടായിരിക്കും അടുത്ത കത്തെഴുത്തുന്നത്…പക്ഷെ താൻ ഇവിടുത്തെ തന്നെ സ്റ്റുഡന്റ് ആണോ അല്ലയോ എന്നൊന്നും പറഞ്ഞിരുന്നില്ല..

ചില ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കൂട്ടുകാരാണ് തന്റെ ഭാവം വിശദീകരിച്ചു തരുന്നതെന്നും എഴുതുമായിരുന്നു…അതിനാൽ ആൾ ഇവിടെ പഠിക്കുന്നതാണോ അതോ വേറെ കോളേജിൽ നിന്നാണോ എന്നൊന്നും അറിയില്ലായിരുന്നു..

അങ്ങനെ ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വര്ഷങ്ങളായും പരിണമിച്ചുകൊണ്ടിരുന്നു…

എന്റെ കോഴ്സ് കഴിഞ്ഞു…ചേട്ടന്റെ കല്യാണം ജാതകപ്രകാരം നേരത്തെ കഴിഞ്ഞിരുന്നു..പിന്നെയുള്ളത് ഞാനാണ്..

എനിക്ക് താഴെ 2 അനിയത്തിമാരായതുകൊണ്ട് എന്റെ വിവാഹവും നേരത്തെ നടത്താനായി നിശ്ചയിച്ചു…

അങ്ങനെയാണ് വിഷ്ണുവേട്ടനെ കണ്ടെത്തിയത്..ആളുടെ ഫോട്ടോ കാണുവാൻ പോലും ഞാൻ വിസ്സമ്മതിച്ചു..കാരണം എന്റെ ആ കത്തിന്റെ ഉടമയെ എനിക് നേരിട്ട് കണ്ടാൽ.മതിയെന്ന് ഞാൻ തീരുമാനിച്ചു…

അങ്ങനെ ഞാൻ കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി…എന്നെ പെണ്ണുകാണാൻ വരുന്ന ഇന്ദൂട്ടിയുടെ മാത്രം സ്വന്തമായ അദ്ദേഹത്തെ…
വിഷ്ണു..വിഷ്ണുദത്തൻ..ഇന്ദൂട്ടിയുടെ മാത്രം വിച്ചുവേട്ടൻ..💞💞💞💞💞

വരുന്നയാളെ നേരിൽ കാണുവാനായി ഉള്ളം തുടിച്ചുകൊണ്ടിരുന്നെങ്കിലും ഞാൻ കാത്തിരുന്ന ആൾ തന്നെയാകുമോ അത് എന്നുള്ളൊരു നേരിയ ടെൻഷൻ ഉണ്ടായിരുന്നു..

എന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ഏട്ടനും ഏടത്തിയമ്മയും ചിരിച്ചു മറിയുകയാണ്…എനിക്കാണെങ്കിൽ ടെൻഷൻ വന്നിട്ട് ഞാൻ എന്തൊക്കെയാ ചെയ്ത് കൂട്ടുന്നതെന്നുപോലും അറിയാന്മേലായിരുന്നു….

പെട്ടന്നാണ് ഒരു വണ്ടി പുറത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ടത്..അതോടെ എന്റെ ഹൃദയമിടിപ്പ് വരെ ഉയരാൻ തുടങ്ങി..നാണത്തിന്റെ അലയൊലികൾ എന്നിൽ വീശുന്നത് ഞാൻ അറിഞ്ഞിരുന്നു ഒപ്പം എന്തോ ഒരു പരിഭ്രമവും..
അപ്പോഴേക്കും മുന്നിൽ നിന്നും അച്ഛൻ അവരെത്തിയെന്ന് അമ്മയോട് ഉറക്കെ വിളിച്ച് പറയുന്നത് കേട്ടു..

ഉടനെ തന്നെ ഏടത്തി ഒരു ട്രേയിൽ 5 ഗ്ലാസ് ചായയും കൂടെ അവർക്കുള്ള വട്ടയപ്പവും ഇലയടയും ഉണ്ണിയപ്പവും അച്ചപ്പവുമെല്ലാം പ്ലേറ്റുകളിൽ നിരത്തിവച്ചു…

സാരിയും ഉടുത്തുകൊണ്ട് ഇതൊക്കെ പിടിച്ചു നടക്കുന്ന കാര്യമോർത്തപ്പോഴേ വിറഞ്ഞുകയറി..
ജീൻസും കുർത്തയും കൂടെ ഒരു സ്റ്റോളും അതാണ് എവിടെപ്പോയാലും തന്റെ വേഷം..

ഇതിനുമുന്നേ ആകെ രണ്ട് തവണയെ സാരിയുടുത്തിട്ടുള്ളൂ ..ആദ്യത്തെ തവണ ക്ലാസ്സിൽ എത്തിയപ്പോഴേ അഴിഞ്ഞു തുടങ്ങി..അന്ന് ട്രീസ രക്ഷപെടുത്തി..രണ്ടാമത് സാരിയിൽ തടഞ്ഞു വീണു..അന്നേ വെറുത്തതാണ് ഈ വേഷത്തെ…

എല്ലാം ഊരിക്കളഞ്ഞാലോ എന്നൊക്കെ ആലോചിക്കുമ്പോഴാണ് ഏടത്തി വന്നെന്നെ തട്ടുന്നത്..
പെട്ടന്ന് എന്താണെന്ന് ചോദിച്ചപ്പം ഒന്നു ചിരിച്ചിട്ട് ചായയുടെ ട്രേയുമായി എന്നോട് ചെല്ലാൻ പറഞ്ഞു..പുറകെ അമ്മയും ഏടത്തിയും പലഹാരങ്ങളുമായി വന്നു..

ചായ കൊടുത്തപ്പോൾ പോലും ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല..ഈ ഞാൻ തന്നെയാണോ ആ ഞാൻ എന്നുവരെ സംശയിച്ചുപോയി..
ചായ അതിവേഗം കൊടുത്ത് ഞാൻ അകത്തേക്ക് കയറിപ്പോയി…അപ്പോഴേക്കും എന്റെ അമ്മാവൻ ഞങ്ങൾക്ക് സംസാരിക്കാനുള്ള അനുവാദം തന്നു

ഞാൻ ഉടനെ തന്നെ മുകളിലുള്ള എന്റെ മുറിയിലേക്ക് ചെന്നു..ഏട്ടൻ പുറകെയുണ്ടായിരുന്നു..തിരിഞ്ഞു നോക്കാൻ എനിക്ക് മടിയാണെന്ന് കരുതിയിട്ടാവണം അദ്ദേഹം പതുക്കെ എന്നെ ഇന്ദൂട്ടി എന്ന് വിളിച്ചു..

ആ വിളി കേട്ടതും അതുവരെയുണ്ടായിരുന്ന പരിഭ്രമങ്ങളെല്ലാം ഓടിയൊളിച്ചതുപോലെ തോന്നിയെനിക്ക്…സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു…ഞാൻ കാത്തിരുന്ന ആൾ തന്നെയാണല്ലോ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നോർത്തു ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു..

എനിക്കപ്പോൾ തന്നെ കത്തുകളുടെ കാര്യവും എല്ലാം ചോദിയ്ക്കാൻ ആഗ്രഹമുണ്ടായൊരുന്നെങ്കിലും എനിക്ക് കഴിഞ്ഞില്ല കാരണം എന്റെ കണ്ണുനീർ കണ്ടപ്പോൾ തന്നെ ആള് പേടിച്ചിരുന്നു…

എന്റെ അടുക്കൽ വന്ന് എന്തിനാ കരയുന്നതെന്നൊക്കെ ചോദിച്ചെങ്കിലും പെട്ടനുള്ള ആ എക്സൈറ്റ്മെന്റിൽ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല..

“തനിക്കെന്നെ ഇഷ്ടമാവത്തോണ്ടാണോ എന്നെ കണ്ടപ്പോൾ ഇങ്ങനെ കരയുന്നത്?”
വിച്ചുവേട്ടൻ ചോദിച്ചു

ഞാൻ അല്ല എന്നുള്ള രീതിയിൽ തലയാട്ടി..

“അപ്പൊ ഇയാൾക്കെന്നെ ഇഷ്ടായോടൊ”
വീണ്ടും വിച്ചുവെട്ടനാണ്..

ഞാൻ അപ്പോൾ തന്നെ അതേ എന്നുള്ള രീതിയിൽ തലയാട്ടി

“ഇയാൾക്ക് തലയാട്ടൻ മാത്രേ അറിയുള്ളോ?”

ഞാൻ അല്ല എന്നുള്ള രീതിയിൽ തലയാട്ടി…
ഏട്ടൻ എന്നെത്തന്നെ നോക്കുന്ന കണ്ടപ്പോഴാണ് എനിക്കുപറ്റിയ അബദ്ധം മനസ്സിലായത്…ഞാൻ ഉടനെ തന്നെ നാവു കടിച്ച് ഏട്ടനെ നോക്കി എന്നിട്ട് അല്ല എന്ന് പറഞ്ഞു..

അപ്പൊ അദ്ദേഹം പൊട്ടിച്ചിരിച്ചു…അത് കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു..ആൾക്കൊരു മീശ മാത്രമാണുള്ളത്..പക്ഷെ അത് പിരിച്ചു വച്ചിരിക്കുന്നത് കാണാൻ നല്ല ചേലായിരുന്നു..പിന്നെ ചിരിക്കുമ്പോൾ താടിയിൽ ഉള്ള ചുഴി ശെരിക്കും തെളിഞ്ഞു കാണുമായിരുന്നു..

അപ്പൊ തനിക്കു എന്നെ ഇഷ്ടമായെന്നു ഞാൻ വിശ്വസിക്കുന്നു..വിശ്വസിച്ചോട്ടെ എന്ന് ഏട്ടൻ പെട്ടന്ന് ചോദിച്ചപ്പോൾ ഒന്നു പതറിയെങ്കിലും താഴേക്ക് നോക്കി ഞാൻ എനിക്കും ഏട്ടനെ ഇഷ്ടമായെന്നു പറഞ്ഞു…
അത് കേട്ടതും ആള് താഴേക്ക് പോയി..

അവരെല്ലാം പോയതിനു ശേഷമാണ് ഞാൻ താഴേക്ക് ചെന്നത്…താഴെയെത്തിയപ്പോഴേ മനസ്സിലായി അവർക്കെല്ലാം ഏട്ടനെ ഇഷ്ടമായെന്ന്….

എന്നോട് ചോദിച്ചപ്പോൾ ഞാൻ കണ്ണും പൂട്ടി എന്റെ സമ്മതം അറിയിച്ചു..ഏടത്തി എന്നെ കളിയാക്കുവാൻ തുടങ്ങി…അതൊക്കെ ഞാൻ ആസ്വദിച്ചുകൊണ്ടിരുന്നു…പറഞ്ഞറിയിക്കാനാകത്തൊരു സന്തോഷമായിരുന്നു എന്റെയുള്ളിൽ…

ഞാൻ വേഗം തന്നെ എന്റെ മുറിയിൽ ചെന്ന് കതകുകൾ അടച്ചു പൂട്ടി..എന്റെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന ഷെൽഫിൽ നിന്നും കുറച്ചു വസ്ത്രങ്ങൾ മാറ്റി അതിനിടയിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു കുഞ്ഞു പെട്ടി ഞാൻ പൊടിതട്ടിയെടുത്തു..അതിൽ മുഴുവൻ അന്നെനിക്ക് കിട്ടിയ കത്തുകളായിരുന്നു..വിച്ചുവേട്ടൻ എനിക്കായി എഴുതിയവ എന്ന് ഞാൻ വിശ്വസിച്ച എന്റെ പ്രാണവായു…

അത് ഓരോന്നായി എടുത്ത് വീണ്ടും വീണ്ടും വായിക്കാൻ തുടങ്ങി…അതിലെ ഓരോ വരികൾ വായിക്കുമ്പോഴും എന്റെ ഹൃദയം അതിശക്തമായി മടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു….
വായിച്ച് വായിച്ച് എല്ലാ വരികളും മനഃപാഠമായിരുന്നെങ്കിൽ കൂടിയും പിന്നെയും പിന്നെയും ആർത്തിയോടെ ഞാൻ വായിച്ചുകൊണ്ടിരുന്നു..

“ഒരു പൂവായ് നീ വിടരുമ്പോൾ
നിൻ ചുണ്ടിലെ തേൻ നുകരാനായ്
ഒരു ശലഭമായി നിന്നിൽ ഞാൻ അലിയും..”

അത് കണ്ടമാത്രയിൽ അവൾ തന്റെ ഡയറിയിൽ എഴുതി..

“നീയാം ശലഭത്തെ കാത്തിരിക്കുന്ന പൂവായ് മാറുന്നു ഞാൻ…എന്റെ ചുണ്ടിലെ മധു നീ നുകരും നാളിനായ് കാത്തിരിക്കുന്നു…..”

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ദിവസങ്ങൾ കൊഴിഞ്ഞുപോയി..അവരുടെ വിവാഹം കൃത്യം ഒരു മാസം കഴിയുമ്പോൾ നടത്താൻ തീരുമാനിച്ചു..

മോതിരം മാറൽ ചടങ്ങോന്നും ഉണ്ടായിരുന്നില്ല..എല്ലാംകൂടി കല്യാണത്തിന് നടത്താം എന്ന് തീരുമാനമായി..

കല്യാണത്തിനിടയിൽ ഒരു മാസം സമയമുണ്ടായിരുന്നെങ്കിലും അവർ പരസ്പരം വിളിച്ചിരുന്നില്ല..
ഇത്രയും നാൾ കാണാതെ കാത്തിരുന്നില്ലേ…അപ്പോൾ ഇപ്പോഴുള്ള ഈ കാത്തിരിപ്പ് അവൾക്കൊരു സുഖമുള്ള നോവായി അനുഭവപ്പെട്ടു..ഓരോ ദിവസവും പൂവിന്റെയും ശലഭത്തിന്റെയും സുഖമുള്ള സ്വപ്നങ്ങൾ കണ്ടവൾ സുഖസുഷുപ്തിയിലാണ്ടു..

അങ്ങനെ വിവാഹദിവസം അടുത്തു..വസ്ത്രവും ആഭരണങ്ങളും എല്ലാം എടുത്തു..

അങ്ങനെ അവർ കാത്തിരുന്ന ആ ദിവസം വന്നെത്തി..

വിഷ്ണുദത്തൻ 💞 ഇന്ദുബാല..
അവരുടെ വിവാഹസുദിനം…

(തുടരും…)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4