Tuesday, April 30, 2024
LATEST NEWSPOSITIVE STORIES

പാറക്കൂട്ടത്തിൽ ഒറ്റപ്പെട്ട പാണ്ടുവിനും 6 കുഞ്ഞുങ്ങൾക്കും രക്ഷകരായി വനപാലകർ

Spread the love

അയ്യമ്പുഴ: സ്വാതന്ത്ര്യ ദിനത്തിൽ പാണ്ടു നായയ്ക്കും കുഞ്ഞുങ്ങൾക്കും പുതുജീവൻ നൽകി കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ. അയ്യമ്പുഴ കട്ടിങ് ഭാഗത്തെ സ്വകാര്യ പുരയിടത്തിലെ പാറക്കൂട്ടത്തിന് ഇടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പാണ്ടു എന്ന നായയെയും ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ ആറ് കുഞ്ഞുങ്ങളെയുമാണ് കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തിയത്.

Thank you for reading this post, don't forget to subscribe!

വനപാലകർ എത്തിയപ്പോൾ പരിക്കേറ്റ അമ്മയുടെ വിഷമത അറിയാതെ കുട്ടികൾ പാല് കുടിക്കുകയായിരുന്നു. നായയുടെ കവിളിലും മറ്റും മുള്ളൻ പന്നിയുടെ ഏഴ് മുള്ളുകളുണ്ടായിരുന്നു. മുള്ളുകൾ എടുത്തപ്പോഴേയ്ക്കും നായയുടെ അവശത വർദ്ധിച്ചു. നായയെയും കുഞ്ഞുങ്ങളെയും സുരക്ഷിതമായി സമീപത്തെ ഷെഡിലേക്ക് മാറ്റി വനംവകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണം നൽകിയാണ് മടങ്ങിയത്. 

സമീപവാസിയായ വീട്ടമ്മയാണ് ആഹാരം നൽകിയിരുന്നത്. ഭക്ഷണം കഴിക്കാൻ വരാതായപ്പോൾ ഉള്ള അന്വേഷണത്തിലാണ്, പാറകൾക്ക് ഇടയിൽ അവശനിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. കു‍ഞ്ഞുങ്ങളുമായി കിടക്കുന്ന നായ കടിക്കാനുള്ള സാധ്യതയുള്ളതിനാൽ വളരെ ശ്രമകരമായാണ് പാറകൾക്ക് ഇടയിൽ നിന്നു രക്ഷിച്ചതെന്നു വനപാലകർ പറഞ്ഞു. കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ എസ്എഫ്ഒമാരായ പി.ഗിരീഷ്കുമാർ, പി.ടി.സ്റ്റൈവി , എം.വി. ജോഷി ബിഎഫ്ഒമാരായ ഇ.കെ.ബിജു , ഒ.എം. ശ്രീജിത്ത്,സി.എസ്. സൗമ്യ , ഡ്രൈവർ സി.ജെ. ബിജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.