Wednesday, December 25, 2024
LATEST NEWSTECHNOLOGY

രാജ്യത്ത് ആദ്യഘട്ട 5ജി സേവനം ലഭിക്കുക മെട്രോ നഗരങ്ങളിൽ

ന്യൂഡൽഹി: അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്‍റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ് ഐഎംസി. തുടക്കത്തിൽ, വേഗതയേറിയ 5ജി ടെലികോം സേവനം തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിൽ ലഭ്യമാകും. ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് 5ജി സർവീസുകൾ ആദ്യം എത്തുക. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്.

ഉയർന്ന വേഗതയും കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റൻസിയുള്ളതുമായ ശൃംഖലയാണ് 5ജി. OFDM എന്ന എൻകോഡിങ് ആണ് 5ജിയിൽ ഉപയോഗിക്കുന്നത്. ഇത് LTE നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന എൻകോഡിങ്ങിനു സമാനമാണ്. 5ജിയിലെ വായു മൂലമുണ്ടാകുന്ന ലാറ്റൻസി എൽടിഇ നെറ്റ്‌വർക്കിനേക്കാൾ കുറവാണ്. നിലവിലെ 4ജി എൽടിഇ നെറ്റ്‌വർക്ക് 1 ജിബിപിഎസ് വേഗത നൽകും. എന്നാൽ ഇത് കെട്ടിടങ്ങളിലും മറ്റും തട്ടി ഗാഡത കുറഞ്ഞതാണ് നമുക്ക് ലഭിക്കുന്നത്. പക്ഷെ 5ജി ഇതിലും 5 മടങ്ങു കൂടുതൽ വേഗത തരുന്നു. അതിനാൽ, 5ജിയുടെ വേഗത 4ജിയേക്കാൾ വളരെ കൂടുതലാണ്. 10 ജിബിപിഎസ് വരെ വേഗത 5ജിയിൽ ലഭിക്കും.