Sunday, September 8, 2024
HEALTHLATEST NEWS

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം റിപ്പോർട്ട് ചെയ്തു

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം സ്ഥിരീകരിച്ചു. എബോള ബാധിതനായ രോഗി മരിച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. മാരകമായ വൈറസ് ബാധകളുടെ വിഭാഗത്തിലാണ് എബോളയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇതുവരെ എബോള ബാധിച്ച് 19 പേരാണ് മരിച്ചിട്ടുള്ളത്.

ഉഗാണ്ടയിൽ നിലവിൽ 54 പേർക്ക് എബോള സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കംപാലയിൽ മറ്റ് കേസുകളൊന്നുമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.  രോഗം ബാധിച്ച ഒരാളെ ചികിത്സിച്ച ആദ്യ ആശുപത്രിയിൽ നിന്ന് അഞ്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 20 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവർ സുഖം പ്രാപിച്ചതായും ഡിസ്ചാർജ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

മരിച്ച രോഗി നഗരത്തിന് പുറത്ത് നിന്നുള്ളയാളാണെന്നും രോഗം സ്ഥിരീകരിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിൽ നിന്ന് ഒളിച്ചോടി തന്റെ വ്യക്തിത്വം മറച്ചുവച്ച് മറ്റൊരു പ്രദേശത്തെ പരമ്പരാഗത ചികിത്സകനു കീഴിൽ ചികിത്സ തേടുകയും ചെയ്തതായി ആരോഗ്യമന്ത്രി ഡോ. ജെയ്ന്‍ റൂത്ത് അസെംഗ് പറഞ്ഞു. കിരുദ്ദു നാഷണൽ റഫറൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗി മരിച്ചതെങ്കിലും മരണകാരണം എബോളയാണെന്ന് ഇപ്പോളാണ് സ്ഥിരീകരിച്ചത്. 

ഇയാളുമായി സമ്പർക്കം പുലർത്തിയ 42 പേരെ തിരിച്ചറിഞ്ഞു. രോഗവ്യാപനത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ശരീര സ്രവങ്ങളുമായും മലിനമായ ചുറ്റുപാടുകളുമായും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോള മനുഷ്യർക്കിടയിൽ പടരുന്നത്. ശവസംസ്കാര വേളയിൽ മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ അപകട സാധ്യതയുണ്ടാകാമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.