Sunday, October 6, 2024
LATEST NEWSPOSITIVE STORIES

കറക്കിയും കുടിച്ചും ഫായിസ് സ്വന്തമാക്കിയത് 3 ഗിന്നസ് വേൾഡ് റെക്കോർഡുകൾ

അബുദാബി: സ്കൂളിൽ പഠിക്കുന്ന കാലം മുതലേ കണ്ണൂർ തലശേരി ചൊക്ലി സ്വദേശി ഫായിസ് നാസറിന് ‘കറക്കം’ ഇഷ്ടമായിരുന്നു. സ്കൂളിലേക്കും കടയിലേക്കും കളിക്കാനുമെല്ലാം പോകുമ്പോഴും തിരിച്ചുവരുമ്പോഴും കറങ്ങിത്തിരിഞ്ഞ് മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താറുണ്ടായിരുന്നുള്ളൂ. ഈ കറക്കത്തിനിടയിലാണ് ഗിന്നസ് റെക്കോർഡ് നേടാനുള്ള ആഗ്രഹമുണ്ടായത്. അതിനായി തിരഞ്ഞെടുത്തതും ഒരു കറക്കം ആയിരുന്നു – പുസ്തകങ്ങൾ ഉൾപ്പെടെ കയ്യിൽ കിട്ടുന്നതെല്ലാം വിരൽത്തുമ്പിലിട്ട് കറക്കുക. അത് പിന്നീട് അടുക്കള പാത്രങ്ങളിലും ലാപ്ടോപ്പുകളിലും വരെ എത്തി. ഒടുവിൽ, 2019 സെപ്റ്റംബർ 13 ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ചൂണ്ടുവിരലിൽ ഫ്രൈയിംഗ് പാൻ ഒരു മണിക്കൂർ 12 സെക്കൻഡ് നേരം കറക്കിയാണ് റെക്കോർഡിട്ടത്. ഒരു പാക് പൗരന്‍റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഫായിസ് തിരുത്തിയെഴുതിയത്. ഇതുൾപ്പെടെ മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ഈ യുവാവിന്‍റെ പേരിലുള്ളത്.

11 സെക്കൻഡും 8.6 മില്ലി സെക്കൻഡും കൊണ്ട് ഒരു പൗച്ച് ജ്യൂസ് കുടിച്ച് രണ്ടാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ആറ് മാസത്തെ കഠിനാധ്വാനത്തിന് ശേഷമാണ് 2022 ജനുവരി 29 ന് ഫായിസ് ഈ ലക്ഷ്യം കൈവരിച്ചത്. ഫായിസിന്റെ ജ്യൂസ് കുടിക്ക് റെക്കോർഡ് തകർക്കുക മാത്രമായിരുന്നില്ല, ഇന്ത്യയെ അടക്കിവാണിരുന്ന ബ്രിട്ടനെ ‘ഒതുക്കുക’ കൂടിയായിരുന്നു ലക്ഷ്യം. ഈ വിഭാഗത്തിലെ മുമ്പത്തെ റെക്കോർഡ് ബ്രിട്ടന്‍റെ പേരിലായിരുന്നു. പഴയ റെക്കോർഡ് 15.75 സെക്കൻഡായിരുന്നു. 11.86 സെക്കൻഡിൽ ഫായിസ് ഇത് മറികടന്നു. 2022 ഏപ്രിൽ 19ന് അബുദാബിയിൽ നിന്ന് ഏറ്റവും കൂടുതൽ തവണ (മിനിറ്റിൽ 274 തവണ) ഹൂല ഹൂപ്പ് കറക്കിയതിന് മൂന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡും ഫായിസ് നേടി.

ഫായിസിന്റെ ഗിന്നസ് റെക്കോർഡിലേയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കൈയിൽ വരുന്നതെന്തും കറക്കുന്ന ശീലം എല്ലാവരേയും ആദ്യം ദേഷ്യം പിടിപ്പിച്ചു. എന്നാൽ അതെല്ലാം അവഗണിച്ച് ഫായിസ് മുന്നോട്ട് പോയി. ഇപ്പോൾ അടുത്ത ഗിന്നസ് വേൾഡ് റെക്കോർഡിനായുള്ള ശ്രമത്തിലാണ് ഫായിസ്. മറ്റുള്ളവർ എന്തുപറയും, എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വിട്ടുകൊടുക്കാതെ സ്വന്തമായി തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോയാൽ എല്ലാം ശരിയാകുമെന്നാണ് ഫായിസ് പറയുന്നത്.