Tuesday, December 17, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 7

എഴുത്തുകാരി: ജീന ജാനകി

വീടെത്തിയതും വാതിലും തുറന്ന് അകത്തു കയറി…. റൂമിനുള്ളിൽ നിന്നും അനക്കമൊന്നുമില്ല….. വാതിൽ വലിച്ചു തുറന്നു…. ഇരുട്ടായോണ്ട് ഒന്നും വ്യക്തമായില്ല… മൊബൈലിൽ ഫ്ളാഷ് ഓണാക്കി നോക്കി… വാതിലിനടുത്ത് നിന്നും കുറച്ചു മാറി ജാനകി കിടക്കുന്നു…. അവളെ കോരിയെടുത്ത് സോഫയിൽ കിടത്തി…. തട്ടി വിളിച്ചിട്ടും പെണ്ണ് അനങ്ങുന്നില്ല…. അടുക്കളയിൽ പോയി കുറച്ചു വെള്ളം എടുത്തു മുഖത്ത് തളിച്ചു…. ഹൊ…. സത്യം പറഞ്ഞാൽ അപ്പോഴാ ആശ്വാസം വന്നത്….

പക്ഷേ ആശ്വാസത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല… ബോധം തെളിഞ്ഞതും കുരുപ്പ് നിന്ന് വിറയ്ക്കുന്നു…. അവളുടെ ദേഷ്യം കണ്ടപ്പോൾ എനിക്കും കലിച്ച് കേറി… ഞാൻ നല്ല വിശാലമായിട്ട് ഒരു ലോഡ് പുച്ഛം വാരി വിതറി…. പെട്ടെന്ന് മുഖത്ത് തളിക്കാനെടുത്ത ഗ്ലാസ്സിലെ വെള്ളം മുഴുവൻ എന്റെ മുഖത്തെടുത്ത് ഒഴിച്ചു….. എന്റെ സകല നിയന്ത്രണവും വിട്ടു. ഞാൻ അവളുടെ കവിളിന് കുത്തിപ്പിടിച്ചു….. അവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും ഞാൻ വിട്ടില്ല….. “എടീ…… എന്തിന്റെ അഹങ്കാരമാടീ നിനക്ക്…?

എന്ത് ധൈര്യത്തിലാടി നീ എന്റെ മുഖത്ത് വെള്ളമൊഴിച്ചത് ?” അവളെന്റെ കൈതട്ടി മാറ്റി….. “ഞാൻ കാണിച്ചത് അഹങ്കാരമാണെങ്കിൽ നിങ്ങൾ കാണിച്ചതിനെ എന്താ വിളിക്കേണ്ടത്?…..” “നിന്റെ നാവിന് അത് തന്നാൽ പോര….” “ഞാൻ ചത്തുപോയിരുന്നെങ്കിലോ ?” “നിന്റെ കയ്യിലിരുപ്പ് കാരണം അടുത്തിടയൊന്നും കാലൻ കയറുമായി വരില്ല….. കെട്ടിയെടുത്തിട്ട് എന്തിനാ…. അങ്ങേരുടെ മനസ്സമാധാനം കളയാൻ.. അല്ലാണ്ട് വേറെ കൊണമൊന്നും ഇല്ലല്ലോ” “ടോ….. കടുവേ….. സൂക്ഷിച്ചു സംസാരിക്കണം……”

“കടുവ നിന്റെ തന്ത……” “ദേ എന്റെ അച്ഛയെ പറഞ്ഞാലുണ്ടല്ലോ…..” “എന്ത് ചെയ്യും നീ….. തിരിച്ച് പറയോ…. എങ്കിൽ ഒന്ന് കാണണമല്ലോ ?” “അതിന് തന്നെപ്പോലെ സംസ്കാരം ഇല്ലാത്തവളല്ല ഞാൻ….” “എന്നെ സംസ്കാരം പഠിപ്പിക്കാൻ നീയാരാടി ചൂലേ…….” “പോയി നിങ്ങടെ മറ്റവളെ വിളിക്ക്……” “വോ…… ഇത് വരെ അത് മാത്രം ഇല്ല…. ഉണ്ടാവാനും പോണില്ല…..” ഞാൻ അവളെ നോക്കി ഉഴപ്പിച്ചിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി…. “അതേ……. നോക്കൂ…..” “എന്താടീ…… ” “എങ്ങോട്ടാ പോകുന്നേ…..”

“ഞാൻ പോകുന്ന സമയവും സ്ഥലവും പറയാൻ നീ എന്റെ കെട്ട്യോളൊന്നും അല്ലല്ലോ………?” “അതല്ല…. എനിക്ക്…. പിന്നെ… അത്…..” “എന്താടീ നിന്ന് പരതുന്നത്….. അല്ലെങ്കിൽ നല്ല നാക്കാണല്ലോ മെക്കിട്ട് കേറാൻ….. ഇപ്പോ എന്താ നാവ് പൊന്തണില്ലേ……” “എനിക്ക് തനിച്ച് നിക്കാൻ പേടിയാ…..” “നീ നിക്കണ്ട… അവിടെയെങ്ങാനും പോയിരിക്ക്…..” “ഹ….ഹ…. നല്ല കോമഡി…. ഞാൻ കാര്യം പറഞ്ഞതാണ് …. ” “എനിക്കിപ്പോ സൗകര്യമില്ല……” “താനെന്തൊരു മനുഷ്യനാടോ….. ആരുമില്ലാത്ത വീട്ടിൽ ഒരു പെൺകൊച്ചിന് കൂട്ട് നിൽക്കാനുള്ള മനസാക്ഷി പോലുമില്ലേ….” “ഓഹ്….. മതി… മതി…. ഏത് നേരത്താണോ ഈ മാരണത്തിന്റെ അടുത്ത് വരാൻ തോന്നിയത്….”

പിറുപിറുത്തു ഇരിക്കുന്ന കടുവയോട് ഞാൻ പറഞ്ഞു ; “അതേ….. ഞാൻ പോയെന്റെ ചെമ്പകത്തിനെ എടുത്തോണ്ട് വരാം…..” “അതിനു ഇവിടെ ചെമ്പകം ഒന്നൂല്ലല്ലോ…..” ഞാൻ കടുവയെ നോക്കി ചിറി കോട്ടിയിട്ട് റൂമിൽ പോയി ഫോണെടുത്തു വന്നു…. “ദേ….. ഇതാണെന്റെ ചെമ്പകം……” “ഇത് ഫോണല്ലേ……” “ആഹ്…. എന്റെ ഫോണിന്റെ പേരാ ചെമ്പകം….” ഞാൻ നോക്കിയപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ തലയ്ക് കയ്യും കൊടുത്ത് ഇരിക്കുവാ കടുവ…… അതിനിത്ര അന്തംവിടാനെന്താ…. ഹും… ഞാൻ മൈന്റ് ചെയ്യാതെ ടിവിയിട്ട് ചാനലും മാറ്റി ഇരുന്നു….

കടുവ ഫോണിൽ കമിഴ്ന്നു കിടക്കുവാ….. അതിനകത്ത് വല്ല മരച്ചീനിയും ഉണ്ടോ ഇങ്ങനെ തോണ്ടിക്കിളയ്കാൻ…. കുറച്ചു നേരം കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചു വന്നു…. കടുവയും ഭക്ഷണം കഴിച്ചിട്ടാണ് വീട്ടിലേക്ക് പോയത്… ഞാൻ ഫോണിൽ രാജി ഡയൽ ചെയ്ത നമ്പർ കടുവ എന്ന് സേവ് ചെയ്തു…. ഇയാളെന്നും തീയാണോ വിഴുങ്ങുന്നത്…. അല്ലേലും എന്നെ പറഞ്ഞാ മതി… മനുഷ്യരാരേലും അയാളോട് സംസാരിക്കുമോ…. പാഞ്ഞു വരുന്ന പോത്തിനെന്ത് ഏത്തവാഴ…. ആ ലെവലാ കടുവയും….. ആഹ്….എന്ത് പുല്ലോ ആകട്ടെ…. നമുക്കെന്ത്….. എന്റെ കയ്യിലും തെറ്റുണ്ട്…

അയാളുടെ മോന്തയ്ക് വെള്ളം കോരി ഒഴിക്കേണ്ട കാര്യമെന്താ… അങ്ങനൊക്കെ പാടുണ്ടോ….. ഹും…. അങ്ങനേ പാടാവൂ…. കള്ള കടുവ…. നിശയുടെ ഏതോ യാമത്തിൽ നിദ്രാദേവി എന്റെ കണ്ണുകൾ പിടിച്ചു കെട്ടി ഉറക്കി…. ************* ഓഫീസിൽ ചെന്നപ്പോൾ പാടത്ത് വെയ്കണ കോലം പോലെ ഏഷ്യൻ പെയ്ന്റ് അവിടിരുപ്പുണ്ട്. ഞാൻ പല്ല് മുപ്പത്തിരണ്ടും വെളിയിലിട്ടൊന്ന് ഇളിച്ച് ഗുഡ്മോർണിംഗ് പറഞ്ഞു…. ചിരിച്ചെന്ന് വരുത്തി കൊച്ചമ്മ ഗോപുരവും ആട്ടി ആട്ടി എണീറ്റ് പോയി…. സീറ്റിൽ ഇരുന്നു അപ്പുറവും ഇപ്പുറവും വായിനോക്കിയപ്പോൾ കല്ലു ഇരുന്നു കഥകളി കാണിക്കുന്നു……

ന്റെ കണ്ണാ…… പണ്ടേതോ ഡാൻസ് കളിച്ച് തോറ്റ ഏതേലും നർത്തകിയുടെ പ്രേതബാധയാണോ ഇവൾക്ക്….. അവിടേക്ക് വരുന്ന ഏഷ്യൻ പെയ്ന്റിനെക്കണ്ട് അവൾ മരണജോലിയായി….. ഇടയ്ക്ക് മുഖമുയർത്തുമ്പോൾ ആ സ്നേഹപ്പിശാശ് നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ ക്യാബിനിന്റെ മുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു….. കുറച്ചു കഴിഞ്ഞപ്പോൾ കല്ലു ഏതൊക്കെയോ പേപ്പറും കൊണ്ട് വന്നു…. “ഇതെന്തിന്റെ പേപ്പറാ കല്ലു ?” “ഓഹ്…. ഇത് ആ മേശപ്പുറത്ത് ഇരുന്നതാ…. ഇങ്ങോട്ട് വരാൻ വേണ്ടി കയ്യിൽ എന്തേലും വേണ്ടേ ?” “ഓഹ്…. അങ്ങനാണോ ?”

“ഈ…ഈ… വീട്ടിൽ എല്ലാർക്കും സുഖാണോ ?” “ആഹ്…. സുഖം…. അവിടെയോ ?” “കുഴപ്പമൊന്നുമില്ല… നന്നായി ഇരിക്കുന്നു… നിന്റെ കടുവ എന്ത് പറയുന്നു…..?” “എന്റെ കടുവയോ ? ഹും… എന്താ അഹങ്കാരം എന്നറിയോ ആ കാലമാടന്….. ദുഷ്ടൻ….” “എന്താടി എന്തുപറ്റി ?” ഞാൻ എല്ലാം വള്ളിപുള്ളി വിടാതെ അവളോട് പറഞ്ഞു…. അവളാണേൽ ചിരി….. “എന്തിനാടി തെണ്ടി കിണിക്കുന്നേ…… ” “അല്ല , മുഖത്ത് വെള്ളം കോരി ഒഴിച്ചിട്ടും അങ്ങേര് നിന്നെ കൊല്ലാതെ വിട്ടല്ലോ എന്നോർത്തോണ്ട് ചിരിച്ചു പോയതാ….. എന്തായാലും ഞാൻ ചെറുതായി നിന്റെ കടുവയെ കുറിച്ച് ഒന്ന് അന്വേഷിച്ചിരുന്നു….”

“എന്തിനാ….. നീ അയാളെ കെട്ടാൻ പോകുവാണോ ?” “ഏയ്…. അറിഞ്ഞോണ്ട് എന്തിനാ ഞാൻ കിണറ്റിൽ ചാടുന്നത്…. ?” “അതൊക്കെ വിട്… എന്തൊക്കെ അറിഞ്ഞു…?” “ആളൊരു ഒറ്റയാനെന്നൊക്കെ പറയാം….. തല്ലും വഴക്കും കള്ള്കുടിയും ആണ് മെയിൻ…. ഫൈനാൻസിൽ പലിശ അടക്കാതെ മുങ്ങി നടക്കുന്നവരെയൊക്കെ അടിച്ചൊതുക്കുന്ന നല്ല ഒന്നാന്തരം കലിപ്പൻ….. ദേഷ്യം കൂടുതലുള്ളവരുടെ മൂക്കത്താ ശുണ്ഠി എന്ന് കേട്ടിട്ടില്ലേ…. പക്ഷേ ഇയാളുടെ ശരീരം മുഴുവൻ ശുണ്ഠിയാണെന്ന് പറയേണ്ടി വരും… പിന്നെ കളവ് ,

പെണ്ണ് കേസ് ഇതിൽ രണ്ടിലും ആള് വരില്ല…. നല്ല ചങ്കൂറ്റമുള്ള ആണൊരുത്തൻ…. തൃശൂർ അയാളെ മോഹിക്കാത്ത പെൺപിള്ളേർ കുറവാണ്… മ്മടെ ഏകഛത്രാതിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപ്പൊലെ തലയെടുപ്പുള്ള കൊമ്പൻ എന്നൊക്കെ പറയാം… അതാ ഇനം…. തല്ലും വഴക്കും ഉണ്ടാക്കിയാലും എല്ലാർക്കും എല്ലാ കാര്യത്തിനും കണ്ണൻ വേണം…. പെൺപിള്ളേരെ അങ്ങേര് മൈൻഡ് ചെയ്യാറില്ല…. പിന്നെ ആ കാട്ടുപോത്തിന്റെ സ്വഭാവം കാരണം ഒരുത്തികൾക്കും ഇഷ്ടം പറയാനുള്ള തന്റേടവും ഇല്ല….. അങ്ങനെയുള്ള അങ്ങേരുടെ മോന്തയിലാ പൊന്നുമോള് വെള്ളം കോരി ഒഴിച്ചത്….

ആരു ചെയ്ത പുണ്യമാണോ ഇപ്പോഴും നീ ഉയിരോടെ ഉണ്ടല്ലോ….. അല്ലാരുന്നേൽ ചുമരീന്ന് വടിച്ചെടുക്കാർന്നു…..” “ഓഹ്….. പിന്നെ അയാള് വല്യ കൊമ്പത്താണേലും എനിക്കെന്താ….. എന്നെ പൂട്ടിയിട്ടതിന് ഞാൻ പണി കൊടുത്തിരിക്കും…” “നിനക്കിവിടുത്തെ ഡെന്റൽ ക്ലിനിക് അറിയോ?” “അറിയാല്ലോ…. ” “എങ്ങിൽ വേഗം അവിടെ പോയി ഒരു സെറ്റ് വെപ്പ് പല്ല് ഏർപ്പാടാക്ക് ?” “ങേ….. അതെന്തിനാ…..” “എന്തായാലും അങ്ങേര് നിന്റെ പല്ലടിച്ച് കൊഴിക്കും…. ഇപ്പൊഴേ ഓഡർ ചെയ്താൽ പിന്നീട് അതിന് വേണ്ടി ഓടണ്ടല്ലോ…. എടീ പല്ലില്ലാതെ നിന്നെ കാണാൻ ഒട്ടും ഭംഗിയുണ്ടാവില്ല…..”

“ദേ കല്ലു….. അല്ലേലേ എന്റെ നെറുകന്തല വരെ പെരുത്ത് നിക്കുവാ….. ” “നീ അത് വിടെടി…. ഇന്ന് നമ്മുടെ എംഡിയുടെ മോനാണ് വന്നിരിക്കുന്നത്… നീ കണ്ടാർന്നോ?” “ഇല്ലെടീ….. ഞാനാ വഴി പോയില്ല…..” “ആളൊരു ജിമ്മനാ…. ഒരു ഫിലിം സ്റ്റാർ ലുക്ക്..” “ഓഹ്….. അപ്പോ അതാണ് പിടക്കോഴി തേരാപാരാ നടക്കുന്നത്…..” “ആഹ് ടി…. പുളിങ്കൊമ്പല്ലേ…. ചിലപ്പോൾ ചിക്കൻ ബിരിയാണി കിട്ടിയാലോ…. അല്ലേ… പിന്നെ അങ്ങേരക്ക് അവളെ കണ്ണിന് പിടിക്കാറില്ല….. പക്ഷേ ഇവള് വീണ്ടും ഒലിപ്പിച്ചോണ്ട് പോകും…..

പിന്നെ പുള്ളീടെ പേര് അവിനാഷ് കുമാർ…. ചുള്ളനാ….. പിന്നെ അയാൾക്കും ഇച്ചിരി ദേഷ്യം കൂടുതലാ……” “എന്താ കല്ലുക്കുട്ടി….. ഒരു തേൻമിഠായി ലൈൻ…….” “ഒന്ന് പോടീ……” അവളതും പറഞ്ഞു കാലുകൊണ്ട് കളമെഴുതാൻ തുടങ്ങി…. “നീ ഏതക്ഷരമാ കല്ലൂ ഇങ്ങനെ എഴുതുന്നത്..?” “ഋ” “ഹാ…… ബെസ്റ്റ്…. നിനക്ക് പറ്റിയത് ‘ക്ഷ’ ആണ്…….” അവൾ ചിരിച്ചോണ്ട് പോയി….. *************** രാത്രി ഞാനും രാജിയും കൊച്ചുവർത്താനവും പറഞ്ഞു ഇരിക്കുവാരുന്നു…… “രാജീ….. നിന്റെ ചേട്ടായി തീയാണോ വിഴുങ്ങുന്നത്?”

“അതെന്താടി അങ്ങനെ ചോദിച്ചത് ?” “അല്ല….. അയാളെപ്പൊഴും തീ തുപ്പിയല്ലേ നടക്കുന്നേ….. കടുവേട അലർച്ച കേട്ട് കേട്ട് എന്റെ ഡയഫ്രം വരെ അടിച്ചു പോകാറായി….” “എടീ എന്റെ ചേട്ടായി പാവമാടി…. ഈ കാണിക്കുന്ന ദേഷ്യമൊക്കേ ഉള്ളൂ… മനസ് നിറയെ സ്നേഹാ….. ഒന്നും മനസ്സിൽ വയ്ക്കുന്ന ശീലമില്ല…. പിന്നെ ഇച്ചിരി ദേഷ്യവും വാശിയും കൂടുതലാ…” “ഇച്ചിരിയോ….. ഹും….” “അല്ല….. നീയിപ്പോ എന്താ ചേട്ടായിയെ കുറിച്ച് തിരക്കാൻ…. എന്താണ് മാഡം… എന്റെ ചേട്ടത്തിയാവാൻ വല്ല ഉദ്ദേശവുമുണ്ടോ?” “ഒന്ന് പോടീ…..”

“അങ്ങനെ ഉണ്ടെങ്കിൽ ഞാൻ സപ്പോർട്ട് ചെയ്യും…. ഏട്ടന്റെ ഈ ദേഷ്യമൊക്കെ ഒന്ന് മാറ്റിയെടുക്കണം……” “അത് നോക്കാം…. ബട്ട് പ്രേമം ഒന്നും വേണ്ട… പതിയെ പതിയെ നിന്റെ ഏട്ടനെ നിങ്ങളോട് ഇഷ്ടം പ്രകടിപ്പിക്കുന്ന ആളാക്കി മാറ്റാം…” “ആഹ്….. നോക്കാം…..” കത്തിയടിച്ചോണ്ടിരുന്നപ്പോഴാണ് ചെമ്പകം പാടാൻ തുടങ്ങി….. മനസ്സിലായില്ലേ… ഫോൺ റിംഗ് ചെയ്തൂന്ന്… അച്ഛ….. കാളിംഗ്…. ആയിരം പൂത്തിരി എന്റെ മോന്തയിൽ പൂത്തിറങ്ങി….. “ഹലോ അച്ഛേ…. സുഖാണോ ?”

“ആഹ്…. അച്ഛേട കുട്ടിക്കോ ?” “സുഖം… എന്താ പരിപാടി…. ” “നിന്റമ്മ ഏതൊക്കെയോ പാചകപരീക്ഷണത്തിലാ…..” “ആണോ… എന്താ ഐറ്റം…?” “വയ്കാൻ ഉദ്ദേശിച്ചത് കടായി ചിക്കനാ…. വെച്ച് വന്നപ്പോൾ മമ്മൂക്ക പറഞ്ഞ പോലെ കേടായ ചിക്കനായി…..” “അടിപൊളി…. ഞാനില്ലാത്തപ്പം ഉണ്ടാക്കിയതല്ലേ…. അത് തന്നെ വേണം….” “എടീ കുശുമ്പിപ്പാറൂ……” “ഈ…..ഈ….. ” “നിന്റമ്മേടെ കടായി ചിക്കൻ തിന്നിട്ട് ബാക്കി ഉണ്ടേൽ വിളിക്കാം…” “ശരി അച്ഛേ……” രാജി റൂമിലേക്ക് പോയതും ഞാനും കിടന്നു… ഓർമ്മകൾ മുഴുവൻ വീടിനെക്കുറിച്ച് ആയിരുന്നു…. അറിയപ്പെടുന്ന ഒരു തറവാട്ടിൽ തന്നെയായിരുന്നു എന്റേയും ജനനം….

പഴയ ജന്മി വ്യവസ്ഥിതിയുടെ അവശേഷിപ്പെന്നൊക്കെ പറയാം…. കാലം കടന്നുപോയപ്പോൾ സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ ദാരിദ്ര്യത്തിന്റെ കയ്പുനീർ നുണയേണ്ടി വന്നെങ്കിലും പോരാളിയുടെയും അച്ഛയുടേയും പ്രയത്നത്തിൽ തരക്കേടില്ലാതെ ജീവിക്കുന്നു….. ഓർമ്മകളിൽ ഇന്നും മധുരിക്കുന്നത് കുട്ടിക്കാലം തന്നെയാണ്…. അച്ഛച്ഛന്റെ കൃഷിയിടങ്ങളിലും അവിടുത്തെ കുളങ്ങളിലും ആർത്തുല്ലസിച്ച് നടന്നിരുന്ന എന്റെ ശൈശവം…… അമ്പലത്തിലെ പഞ്ചാരമണലുകളും കാവുകളിലെ മഞ്ഞൾപ്പൊടിയുടെ ഗന്ധവും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു….

അവിടേക്കെത്തുമ്പോൾ ഇന്നുള്ള ജാനകിയിൽ നിന്നും അഞ്ചു വയസ്സുകാരിയായ ചക്കിയിലേക്ക് ഞാൻ പരിവർത്തനപ്പെടും…. അന്ന് ഉറങ്ങുവാനുള്ള താരാട്ടായത് അച്ഛമ്മയുടെ പഴങ്കഥകളാണ്….. രാവിലെ അച്ഛമ്മ തന്നിരുന്ന ചെറുചൂടുള്ള പഞ്ചസാരയിട്ട ആട്ടിൻ പാലിന്റെ രുചിയോളം മത്തുപിടിപ്പിച്ച ഒരു രുചിക്കൂട്ടും എന്റെ നാവിൽ പിന്നീട് അലിഞ്ഞു ചേർന്നിരുന്നില്ല….. കാലമെത്ര കഴിഞ്ഞാലും ഞാൻ ഇന്നും അച്ഛമ്മയുടെ ചക്കി തന്നെയാണ്….. അമ്മയുടെ കയ്യിലണിഞ്ഞിരുന്ന കരിവളകളേയും മുടിത്തുമ്പിൽ തിരുകിയിരുന്ന തുളസിപ്പൂവിനെയും ആരാധിക്കുന്നവൾ….. ഓർമ്മകളുടെ ഗന്ധത്തിൽ ഞാൻ സ്വയം മറന്നുറങ്ങി…….

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 6