Friday, November 15, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 6

എഴുത്തുകാരി: ജീന ജാനകി

ഇന്ന് വെള്ളിയാഴ്ചയാണ്…. രാവിലെ ഓഫീസിൽ പോയ ശേഷം വൈകിട്ട് സ്റ്റാന്റിൽ നിന്നും തിരുവനന്തപുരത്തേക്കാണ് പോകുന്നത്…. എല്ലാ ആഴ്ചയും പോകാൻ സാധിക്കില്ല…. പക്ഷേ ആദ്യായിട്ടല്ലേ ഇത്രയും ദൂരെ മാറി നിൽക്കുന്നത്… അതുകൊണ്ടാണ് ഈ യാത്ര….. വീട്ടിലേക്ക് പോകുന്നത് കൊണ്ട് തന്നെ ആകെ ഒരു ഉന്മേഷം ഉണ്ടായിരുന്നു… അങ്കിൾ കൊണ്ടാക്കാം എന്ന് പറഞ്ഞെങ്കിലും ഞാൻ അത് നിഷേധിച്ചു….

എന്തായാലും തനിയെ പോയി ശീലിക്കണം. എന്നും കൊണ്ടാക്കാൻ ആരും വരില്ലല്ലോ…. തിരികെ പോകാൻ സ്റ്റാന്റ് വരെ കല്ലുവും ഉണ്ടായിരുന്നു…. രാവിലെ കടുവയെ കാണാത്തത് കൊണ്ട് എന്തോ ഒരു ഭാരം പോലെ. തിരികെ പോകും മുമ്പെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ….. അല്ലേലും ദൈവം വലിയവനാ…. തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ കയറി വിൻഡോ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു…. ബോറടിച്ചു പുറത്തേക്ക് തലയിട്ട് നോക്കിയപ്പോൾ എതിർഭാഗത്തെ കടയിൽ ആരോടോ സംസാരിച്ചു നിൽപ്പുണ്ടാരുന്നു സാക്ഷാൽ കടുവ……

നെഞ്ചിടിപ്പിന്റെ വേഗതയേറാൻ തുടങ്ങി… അല്ലേലും പുള്ളി എന്റെ ഏഴയലത്ത് വന്നാലും മ്മടെ ഹൃദയം ചെണ്ട കൊട്ടി അറിയിക്കാറുണ്ട്…….. കടുവ ആരോടോ കത്തിയടിച്ച് തള്ളുവാ….. ഇയാളെന്താ ആസിയാൻ കരാറിന്റെ ചർച്ചയിലാണോ…. ഒന്നിങ്ങോട്ട് നോക്കിയാലെന്താ…… എന്റെ കണ്ണാ….. ഒന്ന് നോക്കണേ…. പ്ലീസ്… പ്ലീസ്….. ഐവാ…. നോക്കി….. നോക്കി മോനേ….. അയാളെന്നെ കണ്ടതും ഞാൻ ഒരു ചിരി പാസ്സാക്കി…. പക്ഷേ ആ കാലമാടൻ ഒരു ലോഡ് പുച്ഛം വാരി വിതറി തിരിഞ്ഞു നിന്നു… ഇപ്പോ ഞാനാരായി….. ശശി…..

അല്ലാണ്ട് പിന്നെന്താ…… അയാളുടെ ഒരു ജാഡ… കല്ലും മണ്ണും വാരി എറിഞ്ഞാലോ എന്ന് വരെ തോന്നിപ്പോയി…. ഇങ്ങനെ ഉണ്ടോ ഒരു മനുഷ്യൻ… രാക്ഷസൻ… ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലുമില്ല….. ഓ പിന്നേ….. അയാള് മിണ്ടിയില്ലേൽ വീട്ടിലെ അരി വേവാതിരിക്കുകയൊന്നൂല്ലല്ലോ…… അത് പറഞ്ഞപ്പോളാ ഓർത്തേ….. വയറ്റിൽ കിടന്ന് കൊക്കോപ്പുഴു തള്ളയ്ക് വിളിക്കണു… കടയിൽ നിന്നും ഒരു വലിയ പാക്കറ്റ് കായവറുത്തത് മേടിച്ചിരുന്നു….

അതും വായിലിട്ടു കൊറിച്ച് ചെവിയിൽ ഹെഡ്സെറ്റും കുത്തിത്തിരുകി പുറത്തേക്ക് വായിനോക്കി ഇരുന്നു……. പുല്ല് കാറ്റടിച്ച് മുടിയും കൂടെ വായിൽ കേറുന്നു…. പിന്നൊരു ബൺ എടുത്തു മുടി കെട്ടി വച്ചു… ഇല്ലേൽ ചിപ്സ് വിത്ത് കാർകൂന്തൽ പേസ്റ്റ് തിന്നേണ്ടി വരും…. അല്ലേലും കായവറുത്തത് കിട്ടിയാൽ പല്ലിന് ഭയങ്കര ശൗര്യാട്ടോ….. രാത്രിയാകുമ്പോളേക്കും എത്തുമായിരിക്കും…. അച്ഛനൊരു മെസേജ് അയച്ച ശേഷം സീറ്റിലേക്ക് തല ചായ്ച്ചു കിടന്നു…..

കണ്ണൻ അടുത്തുള്ള കടയിൽ നിന്നും വാങ്ങിയ സോഡാനാരങ്ങ വെള്ളം ചുണ്ടോടു ചേർത്തു. വെള്ളിയാഴ്ച അവള് വീട്ടിലേക്ക് പോകുമെന്ന് പാപ്പൻ പറഞ്ഞിരുന്നു. രാവിലെ അവളുടെ മുന്നിലേക്ക് പോകാത്തത് മനപ്പൂർവ്വം ആയിരുന്നു…. വൈകുന്നേരം ആയപ്പോൾ സ്റ്റാന്റ് വരെ പോയാലോ എന്നു വേണു പറഞ്ഞപ്പോളും പോകാൻ മടിച്ചു… നിർബന്ധം സഹിക്കാൻ വയ്യാതെ അവനോടൊപ്പം പോയി…. കാട്ടുകോഴികളെല്ലാം വായിനോക്കി നില്പുണ്ട്…. പണ്ടേ ഇത്തരം പരിപാടികൾ എനിക്ക് ദഹിക്കില്ല…..

ഒരു പരിചയക്കാരനോട് വർത്താനം പറയുന്ന സമയത്താ ബസ്സിലിരുന്ന് ഒരു അവതാരം എന്നെ വായിനോക്കുന്നത് കണ്ടത്….. ഒറ്റ നോട്ടത്തിൽ തന്നെ അത് ആ കാന്താരിയാണെന്ന് മനസ്സിലായി… ഞാൻ കണ്ടെന്ന് മനസ്സിലാക്കിയപ്പോൾ കുരുപ്പ് പല്ല് മുപ്പത്തിരണ്ടും വെളിയിലിട്ടൊരു ചിരി….. ഉള്ളിലൊരു പിടപ്പ് പോലെ തോന്നിയെങ്കിലും മുഖത്ത് പുച്ഛം വാരി വിതറി തിരിഞ്ഞു നിന്നു…. ഇടയ്ക്ക് അവള് കാണാതെ ഞാനൊന്ന് തിരിഞ്ഞു നോക്കി… പെണ്ണിന്റെ മോന്തയൊന്ന് കാണണം… ഏതാണ്ട് ഇഞ്ചി കടിച്ച കൊരങ്ങനെപ്പോലെ……

വണ്ടി പുറപ്പെട്ട നേരത്തും ഏന്തിവലിഞ്ഞ് അവൾ നോക്കിയപ്പോൾ ഞാൻ മുഖം മാറ്റി…. കുറച്ചു കുറുമ്പ് കൂടുതലാണവൾക്ക്…. രാജിയുടെ വാക്കുകളിൽ നിന്നുമാണ് അവളെക്കുറിച്ച് അറിയുന്നത്… അവൾ ചെറിയമ്മയോട് ജാനകിയുടെ കാര്യം പറയുന്നത് അലക്ഷ്യമായെങ്കിലും ശ്രദ്ധിച്ചിരുന്നു….. ഒരിക്കൽ രാജി ചെറിയമ്മയ്ക് ജാനകി പാടിയ ഒരു പാട്ട് ഫോണിൽ കേൾപ്പിക്കുന്നത് കേട്ടു… “കോവിലില്‍ പുലര്‍വേളയില്‍ ജയദേവ ഗീതാലാപനം… കേവലാനന്ദാമൃത തിരയാഴിയില്‍ നീരാടി നാം…

പൂത്തിലഞ്ഞി ചോട്ടില്‍ മലര്‍ മുത്തു കോര്‍ക്കാന്‍ പോകാം… ആന കേറാ മേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം… ഇനിയുമീ കഥകളില്‍ ഇളവേല്‍കാന്‍ മോഹം…. ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്ത്രിയില്‍ സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍ നിന്‍ മൌനമോ പൂമാനമായ് നിന്‍ രാഗമോ ഭൂപാളമായ് എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്….” ഫോണിലൂടൊഴുകി വന്ന ശബ്ദത്തിന് വല്ലാത്തൊരു ആകർഷണമായിരുന്നു….. ഓഹ്…..

ആലോചിച്ച് കാടു കയറി…… എന്തായാലും കാന്താരി ഞാറാഴ്ച എത്തും….. എന്തായാലും കണ്ടചേലിന് ഇവളെന്റേന്ന് കുറേ മേടിച്ച് കൂട്ടും…. കണ്ണൻ നാരങ്ങാവെള്ളത്തിന്റെ കാശും കൊടുത്ത് വേണുവിനൊപ്പം തിരികെ പോകുമ്പോളും ആരുമറിയാതെ അവന്റെ ചുണ്ടിലൊരു മന്ദസ്മിതം തത്തിക്കളിച്ചു… ************** എന്നെ കൊണ്ടുപോകാനായി ഏട്ടൻ വന്നിരുന്നു. വീട്ടിലെത്തിയപ്പോളേക്കും പന്ത്രണ്ട് മണിയായി…. എല്ലാരേം കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ കൊടുത്തു…. ഇത്രേം ദൂരെ മാറി നിന്നിട്ട് വന്നോണ്ടാണോ എന്തോ പോരാളിക്ക് ഭയങ്കര സ്നേഹമായിരുന്നു…..

ചപ്പാത്തി വാരിത്തരുന്നു , വെള്ളം കുടിപ്പിക്കുന്നു , തലയിൽ തലോടുന്നു…… അടിപൊളി…. എന്നും ഇങ്ങനാരുന്നേൽ സുഖായിരുന്നു…. എല്ലാരുടേം മുഖത്ത് എൽ ഇ ഡി ലാംപിന്റെ തെളിച്ചമായിരുന്നു….. അനിയൻ തെണ്ടി ഞാൻ മേടിച്ചോണ്ട് വന്ന കായ വറുത്തത് തട്ടുകയാണ്….. എന്നെക്കണ്ടിട്ട് ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലുമില്ല ജന്തൂന്…… ഹും….. ഞാൻ മുഖം തിരിച്ചു റൂമിലേക്ക് പോയി. വീട്ടിലെത്തിയ കാര്യം രാജിയെ വിളിച്ചു പറഞ്ഞു…. യാത്രാക്ഷീണം കാരണം കിടക്കയിലേക്ക് ചാഞ്ഞു…..

നിദ്ര കൺപോളകളെ ആലസ്യത്തിലാക്കും മുൻപേ അച്ഛയുടെ സാന്നിധ്യം ഞാൻ അറിഞ്ഞു…. ഞാൻ ഉറങ്ങിയെന്ന് കരുതി വന്നതാണ്…. എന്നെ ബ്ലാംഗറ്റ് എടുത്തു പുതപ്പിച്ച് പതിയെ തലയിൽ തലോടിയ ശേഷം പുറത്തേക്ക് പോയി… പതിയെ തുറന്ന എന്റെ കണ്ണുകളിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ തുള്ളികൾ ഉതിർന്നു വീണു…… ************* രാവിലെ കണ്ണുതുറക്കും മുമ്പ് കൈകൊണ്ട് ബെഡിൽ പരതി….. എന്തിനാന്നല്ലേ…. മ്മടെ ഫോണിനെ തന്നെ…… കുറേ നാളായി ആലോചിക്കുന്നു….

എന്റെ ഫോൺ എന്റെ ബെസ്റ്റിയല്ലേ…. അപ്പോൾ ഒരു അടുപ്പം തോന്നാനായിട്ട് ഒരു പേരിട്ടാലോ….. തലപുകഞ്ഞ് ആലോചിച്ച് അവസാനം ഒരു തട്ടുപൊളിപ്പൻ പേര് കണ്ടെത്തി…. “ചെമ്പകം” ഐവാ…. എന്താ ഒരു പേര്….. സമയം നോക്കിയപ്പോൾ മണി ആറ്….. ശ്ശെടാ….. ഓഫീസിൽ പോകാൻ അലാറം വെച്ച് എണീറ്റ് എണീറ്റ് ശീലമായി….. പോകേണ്ട ദിവസം ആണേൽ കണ്ണുപോലും തുറന്നു വരൂല…. ഓഫേണേൽ അലാറം ഇല്ലേലും ചാടി എണീക്കും….. ബല്ലാത്ത ജാതി ദുരന്തം….. പല്ലൊക്കെ തേച്ച് ബാത്ത്റൂമിലൊക്കെ പോയി ഹാളിലിരുന്നു…..

പിന്നെ മനസ്സിൽ സുരാജേട്ടനെ മനസ്സിൽ വിചാരിച്ചോണ്ട് പോരാളിയോടൊരു നിർദ്ദേശം….. “അമ്മി …… പൂമുഖത്തേക്കൊരു പാൽച്ചായ…” “പ്ഫാ!” ഒരൊറ്റ ആട്ടായിരുന്നു…. വല്ല വെപ്പുപല്ലും ആയിരുന്നേൽ അത് തെറിച്ച് ഉഗാണ്ടയ്ക് പോയേനേ…….. ഭാഗ്യം ആട്ടിൽ അവസാനിച്ചത്…. മുമ്പായിരുന്നെങ്കിൽ ചപ്പാത്തിപ്പലകയും തുടുപ്പും അന്തരീക്ഷത്തിൽ പാറി നടന്നേനേ…… “ഓഹ്…. എനിക്കെടുത്ത് കുടിക്കാനറിയാം….” ചായയും എടുത്ത പോരാളിയെ നോക്കി ചിറിയും കോട്ടി മുറ്റത്തേക്ക് പോയി…

പുൽനാമ്പുകൾ ഉണരാതെ മഞ്ഞിൻ കണങ്ങളുടെ പ്രണയത്താൽ തലതാഴ്ത്തി നിൽക്കുന്നു….. വീശിയടിക്കുന്ന ഇളം കാറ്റിൽ മരം പെയ്യുന്നു… എന്തൊരു തണുപ്പാ…… രാവിലെ എന്റെ പട്ടി കുളിക്കും….. എത്ര കഷ്ടപ്പെട്ടാ ഓഫീസിൽ കുളിച്ചുകൊണ്ട് പോകുന്നത്…. ഹും….. കാറ്റടിച്ച് തണുത്ത് എനിക്ക് രോഞ്ചാമം വന്നു… പല്ലൊക്കെ കട… കട… കട… എന്ന് കൂട്ടിയിടിക്കുന്നു…. മുറ്റത്ത് നിക്കുന്ന റോസാപ്പൂക്കൾ ഒന്ന് മണത്ത് നോക്കിയ ശേഷം ഹാളിലേക്ക് വന്നു….. “അമ്മി…… എന്റെ ചെമ്പകം എവിടെ ?”

“ചെമ്പകമോ….. പുറത്തൊരു ചെമ്പരത്തി നിൽപ്പുണ്ട്…. വേണേൽ എടുത്തു ചെവിയിൽ വച്ചോ….” ഹും…. പോരാളിക്ക് വന്ന് വന്നിപ്പോ എന്നെ ഒരു വിലയുമില്ല….. “അമ്മി….. എന്റെ ഫോണിന്റെ പേരാ ചെമ്പകം. ഞാനത് ടീപ്പോയിൽ വച്ചിരുന്നു….” “ഫോണിന് സാംസംഗ് ഗ്യാലക്സി എന്നൊക്കെ പേര് കേട്ടിട്ടുണ്ട്…. ഇതെന്താടി ചെമ്പകം… പുതിയ കമ്പനിയാ ?” “ആഹ്….. ഞാൻ പുറത്തിറക്കിയതാ….. രാവിലെ നിന്ന് കോമഡി പറയാതെ കണ്ടെങ്കിൽ പറ…..” “ആ ടിവി സ്റ്റാന്റിൽ ഇരുപ്പോണ്ട്……”

ഞാൻ നേരെ ചാടിത്തുള്ളി പോയി ചെമ്പകത്തിനെ എടുത്തു…. അതിലും തോണ്ടി ഇരുന്നപ്പോൾ അനിയൻ പിശാശ് അങ്ങോട്ട് വന്നു… മസിലുരുട്ടാൻ ഗോഷ്ടി കാണിച്ചിട്ട് വരുവാ…… ഹും….. പോരാളി അഞ്ച് മുട്ട പുഴുങ്ങി കൊണ്ട് വന്നു കൊടുത്തു… അവനാണേൽ ജഡായൂനെ പോലെ ഓരോന്നും വിഴുങ്ങുന്നുണ്ട്…. ഇവനിതെന്തിന്റെ കുഞ്ഞാ…. അല്ലേലും എല്ലാത്തിനും ഈ കുരുപ്പിനെ മതി….. ഓഹ്…. രാവിലെ തന്നെ എന്നെ നോക്കി ആക്കി കിണിക്കുവാ….. നിനക്ക് ഞാൻ ശരിയാക്കിത്തരാടാ പന്നിക്കുട്ടി…..

തമ്പുരാൻ നടന്നു വരുവാ… വാടാ…..വാടാ…. ശരിയാക്കി തരാം…. നടന്നടുത്തെത്തിയതും ഞാൻ പതിയെ എന്റെ കാലൊന്ന് നീട്ടി വച്ചു….. “പ്ധും…….” ജന്തു കാലിത്തട്ടി കമിഴ്ന്നു വീണു….. “ഹ….ഹ…ഹ….. പൊളിച്ചു… അടിപൊളി….” “എന്താടീ അവിടെ ഒരു ശബ്ദം…….” പോരാളി വിളിച്ചു ചോദിച്ചു…… “അമ്മി …. അമ്മിടെ മോൻ തറ ടെസ്റ്റ് ചെയ്തതാ……..” പക്ഷേ എന്റെ ചിരിക്ക് അധികം ആയുസ്സുണ്ടായില്ല….. കുരുപ്പ് ചാടി എണീറ്റു…. (ചക്കി….. ഓടിയില്ലേൽ പപ്പടം പൊടിക്കും പോലെ ഈ കുരുപ്പ് നിന്നെ പൊടിക്കും….. പി.ടി.ഉഷയെ മനസ്സിൽ ധ്യാനിച്ച് വിട്ടോ….. – ആത്മ)

എന്തുചെയ്യാം ഓടുന്നതിന് മുമ്പ് കയ്യിൽ പിടിവീണു….. പിന്നൊരു യുദ്ധമായിരുന്നു…. അങ്ങോട്ടും ഇങ്ങോട്ടും അടിച്ചും കടിച്ചും അവന്റെ മുടിയിൽ പിടിച്ചു വലിച്ചും ഘോരയുദ്ധം…. പെട്ടെന്ന് എന്നെ പിടിച്ചു തള്ളി അവനോടി…. കുരുപ്പിന് എന്നെ ഇത്ര പേടിയാണോ എന്നാലോചിച്ചോണ്ട് തിരിഞ്ഞു നോക്കിയപ്പോളാ കാര്യം മനസ്സിലായത്….. കയ്യിലൊരു തുടുപ്പും കൊണ്ട് പോരാളി പാഞ്ഞു വരണു…… ചാടി എണീറ്റു ഞാനും ഓടി….. വീട്ടിന് വെളിയിലോട്ട് ചാടിയിറങ്ങും മുമ്പ് അനിയൻ പിശാശ് പുറത്ത് നിന്നും ഡോർ വലിച്ചടച്ചു……

സുബാഷ്….. ആംബുലൻസിന് ഫോൺ ചെയ്യൂ നാട്ടുകാരേ….. സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു……. പോരാളിയുടെ തുടുപ്പ് കൈയിലും കാലിലും സീൽ ചെയ്തു…. അങ്കമൊക്കെ കഴിഞ്ഞ് ഒരു സ്ഥലത്ത് ഞാൻ തളർന്നിരുന്നപ്പോൾ പിശാശ് കിണിച്ചോണ്ട് വരണു…… “ടീ….. വീണ്ടും അടികൂടണ്ടെ….. എനിക്കൊന്നും ആയില്ല…..” “ബട്ട്…. എനിക്കെല്ലാമായി…. തിരുപ്പതിയായി…..” ************* ദിവസം സൂപ്പർ ഫാസ്റ്റ് പോലെയാ പാഞ്ഞു പോയത്….

തിരികെ തൃശൂരിലേക്ക് മടങ്ങിയപ്പോൾ സങ്കടമുണ്ടായിരുന്നെങ്കിലും പുറത്ത് കാണിച്ചില്ല….. രാവിലെ ഇറങ്ങിയതിനാൽ ഉച്ച കഴിയുമ്പോൾ എത്തും…. അവിടെ ഇന്ന് ഏതോ ക്ഷേത്രത്തിൽ പോകണം എന്നൊക്കെ രാജി വിളിച്ചപ്പോൾ പറഞ്ഞിരുന്നു…. അവിടെ എത്തിയപ്പോൾ മൂന്നുമണി കഴിഞ്ഞിരുന്നു… ഫുഡ് കഴിച്ച് നേരേ കേറിക്കിടന്നു…… അഞ്ച് മണി കഴിഞ്ഞപ്പോൾ രാജി വന്നു വിളിച്ചു… “ടീ….. നീ വരണുണ്ടോ ?” “ഇല്ലെടാ…. നല്ല ക്ഷീണം ഉണ്ട്…. നിങ്ങൾ പോയി വാ…..”

“എങ്കിൽ ഞങ്ങൾ ഇറങ്ങുവാ….. നീ വന്നു ഡോർ അടക്ക്…. നിനക്ക് തനിയെ ഇരിക്കാൻ പേടിയൊന്നും ഇല്ലല്ലോ….?” “ഏയ്…. ഞാൻ നോക്കിക്കോളാം… സമാധാനമായിട്ട് പോയി വാ…..” “ടാ…. ചിലപ്പോൾ കറണ്ട് പോകാൻ ചാൻസ് ഉണ്ട്…. നിന്റെ അടുത്ത് തന്നെ ടോർച്ചും മെഴുക് തിരിയും തീപ്പെട്ടിയും വച്ചിട്ടുണ്ട്…. നീ പേടിക്കരുതേ…..” “ടെൻഷനാകണ്ടെടാ….. ഞാൻ എന്തേലും അസ്വസ്ഥത തോന്നിയാൽ നിന്നെ വിളിക്കാം….” “ടീ നിന്റെ ഫോണിങ്ങ് തായോ….” അവളെന്റെ ഫോണിൽ എന്തോ തോണ്ടുന്നത് കണ്ടു… “ചക്കി…. ഇത് ചേട്ടായിടെ നമ്പറാ….

എന്തേലും പ്രോബ്ലം ഉണ്ടായാൽ ചേട്ടായിയെ വിളിക്കണേ……” “ആഹ്….. ഓകെ…. നീ പോയി വാ…..” എല്ലാവരെയും യാത്രയാക്കിയ ശേഷം റൂമിലേക്ക് പോയി വീണ്ടും ഉറങ്ങി…. കണ്ണൊന്നു അടഞ്ഞു വന്നപ്പോഴേക്കും ആരോ കോളിംഗ് ബെൽ അടിച്ചു… “നാശം…. ഇതിനി ആരാണോ എന്തോ” നേരം ഇരുട്ടി തുടങ്ങിയിരുന്നു… പതിയെ കീഹോളിലൂടെ പുറത്തേക്ക് നോക്കി…. ദേവ്യേ….. കടുവ….. തുറക്കണോ….. തുറന്നേക്കാം…. ഇല്ലേൽ അങ്ങേര് ചവിട്ടി പൊളിക്കും….. ദൈവത്തെ മനസ്സിൽ വിളിച്ചു ഡോർ തുറന്നു…. എന്നെ നോക്കി ഒന്ന് കണ്ണുരുട്ടിയ ശേഷം അകത്തേക്ക് കയറി…. “പാപ്പാ…… പാപ്പാ…….”

“കിടന്നു കാറണ്ട…. ഇവിടാരും ഇല്ല…. അമ്പലത്തിൽ പോയി….” “അത് നിനക്ക് പറഞ്ഞൂടേ…..” “അയിന് ഇയാളെന്നോട് എന്തേലും ചോദിച്ചോ.. ഗണിച്ചെടുക്കാൻ എനിക്കറിയില്ല…..” “ഞാൻ അവരെക്കാണാനല്ലാതെ നിന്റെ മോന്തേട ചന്തം കാണാൻ ഇങ്ങോട്ട് വരാറില്ലല്ലോ…. ?” “എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ…. നിങ്ങൾക്ക് എന്തിന്റെ കേടാ…. എന്നെ കാണുമ്പോൾ എന്തിനാ ഇങ്ങനെ ഉറഞ്ഞുതുള്ളുന്നത്…..?” “എനിക്ക് പല കേടും കാണും… അത് തിരക്കാൻ നീ ആരാടി…..”

“അതേ…..എടീ പോടീന്നൊക്കെ വിളിക്കാൻ താനെന്താ എന്നെ കെട്ടിക്കൊണ്ട് വന്നതാണോ?…..” “നീ ആരുടെ നേരേയാടി കൈ ചൂണ്ടുന്നത്….” കടുവ എന്റെ കൈപിടിച്ച് തിരിച്ചു…. നന്നായി വേദനിച്ചെങ്കിലും വാശിപ്പുറത്ത് ഞാനും വിട്ടു കൊടുത്തില്ല… അയാളെ കൂർപ്പിച്ചു നോക്കി.. “എന്താടീ ഉണ്ടക്കണ്ണി….. നിന്റെ അഹങ്കാരം ഞാനിന്ന് തീർത്ത് തരാം….” കടുവ താഴെയുള്ള ഒരു മുറിയിൽ എന്നെ പിടിച്ചു തള്ളിയ ശേഷം പുറത്തു നിന്നും അടച്ചു…… ഞാൻ ചുമരിലൊക്കെ തപ്പി നോക്കി സ്വിച്ച് ബോർഡിനായി… പക്ഷേ സ്വിച്ച് ഓൺ ചെയ്തിട്ടും ലൈറ്റൊന്നും തെളിഞ്ഞില്ല…. ഭയം ഉഗ്രരൂപത്തിൽ എന്നെ ഗ്രഹിക്കാൻ തുടങ്ങി…..

“പ്ലീസ്…..ഈ കതകൊന്ന് തുറക്ക്….. എനിക്ക് പേടിയാകുന്നു…. പ്ലീസ്……” “അവിടെ കിടക്ക്….. നിന്റെ അഹങ്കാരം തീരട്ടെ…..” കടുവ അതും പറഞ്ഞു ഡോറും ലോക്ക് ചെയ്ത് ബുള്ളറ്റും ഓടിച്ചു പുറത്തേക്ക് പോയി….. എന്റെ സപ്തനാഡികളും തളരാൻ തുടങ്ങി… ചെന്നിയിലൂടെ വിയർപ്പൊഴുകി ഇറങ്ങി…. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു…. ഒന്ന് നിലവിളിക്കാൻ പോലുമാകാതെ എന്റെ നാവുകൾ കുഴഞ്ഞു… പതിയെ പതിയെ കണ്ണുകളിൽ ഇരുട്ടു കയറുന്നതും ബോധം മറയുന്നതും ഞാൻ അറിഞ്ഞു……

“ഹലോ … രാജീ…… നിങ്ങളെവിടെയാ ?” “ചേട്ടായി അപ്പ അന്നൊരു അമ്പലത്തിനെ കുറിച്ച് പറഞ്ഞില്ലേ…. അവിടെ വന്നതാ…. തിരിച്ചെത്തുമ്പോൾ ലേറ്റാകും….. ഞാൻ ചേട്ടായിയെ അങ്ങോട്ട് വിളിക്കാനിരിക്കുവാരുന്നു… ” “എന്താടീ കാര്യം….?” “ഒന്ന് വീട്ടിലോട്ടു പോയി നോക്കണേ…. ചക്കി അവിടെ ഒറ്റയ്ക്കാ…. പിന്നെ ആ താഴത്തെ ഗസ്റ്റ് റൂമിലെ ലൈറ്റ് കംപ്ലേന്റ് ആണ്…” “അവളെന്താ ഇള്ളക്കുഞ്ഞ് ആണോ ?” “അതല്ല ചേട്ടായി…. അവൾക്ക് ഇരുട്ട്മുറി പേടിയാ…..

ബി.പി. ലോ ആകും…. അങ്ങനെ ഉള്ളോണ്ടാ പറഞ്ഞത്…. ടോർച്ചൊക്കെ കൊടുത്തിട്ടുണ്ട്… എന്നാലും കറണ്ട് പോകുവാണേൽ പേടിക്കും…. അവളവിടെ തനിച്ചല്ലേ…..” കണ്ണന്റെ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി…. ( ദൈവമേ ആ ഇരുട്ട് മുറിയിലാണല്ലോ ഞാനവളെ പൂട്ടിയിട്ടത്…… – ആത്മ) “ശരി…. നീ ഫോൺ വെക്ക്… ഞാൻ വിളിക്കാം….” തന്റെ പ്രവർത്തിയെ ശപിച്ചുകൊണ്ട് അവൻ വീട്ടിലേക്ക് പാഞ്ഞു… അനുസരണയില്ലാതെ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു……

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 5