Tuesday, December 17, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 30

എഴുത്തുകാരി: ജീന ജാനകി

ചിഞ്ചുവാണ്….. കണ്ണേട്ടൻ എന്നെ നോക്കിയ ശേഷം ചിരി കടിച്ചമർത്തി നിൽക്കുന്ന പോലെ തോന്നി…. ചിഞ്ചു – ഇങ്ങോട്ടാണെന്ന് പറഞ്ഞിരുന്നേൽ ഞാനും വരുമായിരുന്നല്ലോ…. ഹായ് ചക്കീ…. ഞാനും ചിരിച്ചു… ഉടനേ തന്നെ കണ്ണേട്ടന്റെ കയ്യിലെ പ്ലേറ്റിൽ നിന്നും ബാക്കി ഇരുന്ന ഒരു പാനീപൂരി ചിഞ്ചു എടുത്ത് കഴിച്ചു… അപ്പോഴേക്കും അവൾ കണ്ണേട്ടനൊപ്പം വർത്താനം പറയാൻ തുടങ്ങി… അങ്ങേരും മോശമല്ലാത്ത രീതിയിൽ സംസാരിക്കുന്നുണ്ട്… ഹും…. എന്റെ അടുത്ത് മുക്കീം മൂളീം എന്തേലും പറഞ്ഞാലായി….

പോസ്റ്റ് ആവാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ രാജീടെ അടുത്തേക്ക് പോയി… അവളുടെ കൈയിലൊരടിയും കൊടുത്തു… രാജി – എന്താടീ തെണ്ടി…. തല്ലിക്കൊല്ലോ…. ഞാൻ – നീ എന്നെ അങ്ങേരടുത്ത് നിർത്തിയിട്ട് എവിടാടീ പോയത്…. രാജി – ബെസ്റ്റ്…. നിങ്ങൾക്ക് പ്രൈവസി കിട്ടട്ടെ എന്ന് വിചാരിച്ചു മാറിയതിനാണോടീ എന്നെ തല്ലിയത്…. ഞാൻ – നിന്റെ കേട്ടായിക്ക് കിട്ടിയ പ്രൈവസി ഒന്ന് തിരിച്ചു നോക്ക്…. രാജി നോക്കുമ്പോൾ കണ്ണേട്ടനും ചിഞ്ചുവും വർത്താനം പറയുന്നത് കണ്ടു… രാജി – അച്ചോടീ…. വാവയ്കൊട്ടും കുശുമ്പില്ലല്ലോ അല്ലേ…. സച്ചു – നിങ്ങൾ ഇവിടെ നിൽക്കുവാണോ…. എന്തേലും കഴിക്കാൻ മേടിക്കാം….

ഞാൻ – കണ്ണേട്ടൻ പാനിപൂരി മേടിച്ച് തന്നു…. സച്ചു – ങേ…. എനിക്ക് കിട്ടിലല്ലോ…. ഞാൻ – അവസാനം ഇരുന്നത് ആ ചിഞ്ചു കൊണ്ട് പോയി… സച്ചു – പോടീ നീയൊക്കെ… മിണ്ടണ്ട…. രാജി – ഞങ്ങളെ ഇവിടെ ആക്കിയിട്ട് കുറുകാൻ പോയതല്ലേ…. ഞാൻ – ങേ…. അതൊക്കെ എപ്പോൾ…. രാജി – അതൊക്കെ ഉണ്ട് മോളേ… ഞാൻ പറഞ്ഞു തരാം…. സച്ചുവേട്ടൻ പിണങ്ങി മാറിപ്പോയി… ഞാനും രാജിയും കൂടി ബട്ടർസ്കോച്ച് ഐസ്ക്രീമും മേടിച്ച് സച്ചുവേട്ടന്റെ അടുത്തെത്തി…. ഞാൻ – സച്ചുവേ….ട്ടാ….. സച്ചു – സോപ്പ് വേണ്ട…

ഞാൻ കുളിച്ചിട്ടാ വന്നത്…. രാജി – ചേട്ടായി…… സച്ചു – പോടീ…. ഞാൻ – സച്ചു…. പാല കുടീ…. സോറീ ഐസ്ക്രീം കുടി…. സച്ചു – എന്റെ പട്ടി കുടിക്കും… രാജി – വേണ്ടേൽ വേണ്ട… നല്ല അടിപൊളി ഐസ്ക്രീം… എന്താ മധുരം, എന്താ സ്വാദ്… അപ്പോഴാണ് സച്ചുവേട്ടൻ ഞങ്ങടെ കയ്യിൽ നോക്കുന്നത്…. ഉടനെ അത് തട്ടിപ്പറിച്ചു മേടിച്ച് തീറ്റിയും തുടങ്ങി… ഞങ്ങൾ ചിരിച്ചു കളിച്ചു ഐസ്ക്രീം കഴിച്ചു… ഇടയ്ക്ക് കണ്ണേട്ടനെ നോക്കുമ്പോൾ പുള്ളി വേറേ ആരോടൊക്കെയോ വർത്താനം പറഞ്ഞു നിൽക്കുന്നു…. കണ്ണ് ഇങ്ങോട്ട് പാളി വീഴണുണ്ട്… ഒടുക്കത്തെ ജാഡ….

കാണിച്ചു തരാം കള്ള ബടുവാ… ഇപ്പോ എന്തായാലും പ്രതികാരം ചെയ്യാൻ സമയം ഇല്ല…. വല്ലതും ലൈറ്റായിട്ട് വിഴുങ്ങണം…. സച്ചു – നിങ്ങൾക്ക് കഴിക്കാൻ ഇനി എന്ത് വേണം… രാജി – എനിക്ക് ചോളം പുഴുങ്ങിയത്… ഞാൻ – എനിക്ക് കോളീഫ്ളവർ സെക്സിയെസ്റ്റ് ഫ്രൈ ആൻഡ് ചില്ലി സോസ്… രണ്ടും കൂടി അന്തംവിട്ട് എന്നെ നോക്കി… സച്ചു – അയ്യേ…. എന്ത് തേങ്ങയാടീ പറയുന്നേ… അങ്ങനൊക്കെ വല്ലതും ഉണ്ടോ…. നീ സത്യത്തിൽ എന്താ ഉദ്ദേശിച്ചേ ? ഞാൻ – കോളീഫളവർ മസാലയിട്ട് ഫ്രൈ ചെയ്ത് തരൂലേ…. അതും ചില്ലി സോസും…. ഈ….. സച്ചു – എന്റെ പൊന്നു മോളേ…. നീ വല്ലതും വേണേൽ ചൂണ്ടിക്കാണിച്ചു തന്നാൽ മതി….

ദയവ് ചെയ്ത് വേറേ പേരൊന്നും ഇടരുത്… ഒരു കോൾ വരുന്നു… ഞാനിപ്പോൾ വരാം…. സച്ചുവേട്ടൻ ഫോണിൽ കുറുകക്കം തുടങ്ങി… എന്തോ ചുറ്റിക്കളി ഉണ്ട്… ഞാൻ കണ്ടുപിടിച്ചോളാം… പിന്നെ ഞാനും രാജിയും വായും നോക്കി കത്തിയുമടിച്ച് ഒരു വഴിയായി… രാജി – ടീ ദേ വല്യേട്ടൻ… ജിത്തു – ആഹാ രണ്ട് വാലുകളും ഉണ്ടല്ലോ… നിന്റേക്ക ബോഡീഗാർഡ് എവിടെ… ഞാൻ – ദേ ആരോടോ നിന്ന് കുറുകുന്നുണ്ട്…. ജിത്തു – ഓഹോ…. രാജി – ചേട്ടത്തി എവിടെ വല്യേട്ടാ…. ജിത്തു – അവരൊക്കെ നേരത്തെ വന്ന് പോയി….. ഞങ്ങള് മൂന്നും കൂടി സച്ചുവേട്ടന്റെ അടുത്തേക്ക് പോയി… അവിടെ കുറുകി നിന്ന് ഞങ്ങളെ കണ്ടപ്പോൾ ഞെട്ടി ഫോൺ കട്ട് ചെയ്തു… സച്ചു –

അത്…. പിന്നെ…. ഞാ…. ഞാൻ…. ജിത്തു – വിക്കി വിക്കി വിക്കറ്റ് എടുക്കാതെടാ സച്ചു – ഒരു പെൺകൊച്ച് വിളിച്ചിട്ട് സുഖാണോ സുഖാണോ എന്ന് ചോദിച്ചതാ…. ജിത്തു – സുഖം വേണോ സുഖം വേണോ എന്നല്ലല്ലോ ചോദിച്ചത്… പിള്ളാരെ കൂടെ നിക്കെടാ…. ഞാനൊന്നു റൗണ്ട് അടിച്ചു വരാം…. വല്യേട്ടൻ നമുക്ക് പഞ്ഞിപ്പൂട മേടിച്ച് തന്നിട്ട് പോയി…. സച്ചു – വോ തബ്രാ…. രാജി – ചേട്ടായി പോയി എന്തേലും മേടിച്ചിട്ട് വാ… അപ്പോഴേക്കും ഞാനും ചക്കിയും കൂടി കുപ്പിവള നോക്കട്ടെ…. സച്ചു – ദേ ചേട്ടായി വരണുണ്ട്… കൂടെ ചെല്ല്…. കണ്ണൻ – എന്താ ഒന്നും മേടിക്കുന്നില്ലേ…. രാജി – വള വേണം…

കണ്ണൻ – മ്… ചെന്നെടുക്ക്… ഞാനും വരാം…. കടുവ വന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല… പിന്നെ മേളയ്ക്ക് വന്നവരുടെ കണക്ക് എടുക്കാൻ തുടങ്ങി…. കടുവ എന്നെ നോക്കി ഉഴപ്പിക്കണുണ്ട്…. ആട്ടമുണ്ട്…. ആട്ടമുണ്ട്…. ആട്ടി ആട്ടി അവസാനം എന്റെ അണപ്പല്ല് ഇളകാതിരുന്നാൽ കൊള്ളാം… അപ്പോഴേക്കും രാജി എന്നേം വലിച്ചോണ്ട് പോയി… കണ്ണേട്ടൻ എന്റെ അടുത്തായാണ് നിന്നത്…. പെട്ടെന്ന് പുള്ളി അവിടിരുന്ന ചുവന്ന കുപ്പിവള കൈയിലെടുത്ത് നോക്കി… എനിക്കും അത് ഇഷ്ടായി… കണ്ണേട്ടന്റെ നോട്ടത്തിന്റെ അർഥം മനസ്സിലായതും ഞാൻ ആ വള മേടിക്കാൻ കൈ നീട്ടും മുൻപേ ചിഞ്ചു അത് മേടിച്ചു…. ചിഞ്ചു –

ഹായ് നല്ല വള… ഇത് ഞാനെടുക്കുവാണേ….. കണ്ണൻ – മ്…. എനിക്ക് ദേഷ്യത്തേക്കാളേറെ സങ്കടമാണ് വന്നത്… ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അവിടെ നിന്നും മാറിപ്പോയി… ********** നല്ല ജോളിയിലാ പെണ്ണ് വന്നതെങ്കിലും ചിഞ്ചൂനെ കണ്ടപ്പോൾ മോന്ത വീർപ്പിച്ചു… പിന്നെ ഇവിടെ നിന്നും മാറി രാജിയുടെ അടുത്ത് പോയി…. അവിടെ പോയി ബഹളം വച്ചു നിന്നു… കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഒരു കൂട്ടുകാരനെ കണ്ടു… ഞാൻ പിന്നെ അവനോടു വർത്താനം പറഞ്ഞ് നിന്നു…. ഈ സമയം മൂന്നും കൂടി ഐസ്ക്രീം മേടിച്ച് തീറ്റി തുടങ്ങി… എപ്പോഴും ഇതിനൊക്കെ ആഹാരം എന്നൊരു ചിന്തയേ ഉള്ളോ….

അവരുടെ അടുത്തേക്ക് ചെന്നപ്പോഴാണ് രാജി വള മേടിക്കാൻ പോകണം എന്ന് പറഞ്ഞത്… ഞാൻ അടുത്ത് ചെന്നപ്പോഴും രാജിയോട് സംസാരിച്ചപ്പോഴും ആ മറുത എന്നേം പുച്ഛിച്ചു നാട്ടുകാരുടെ സെൻസസ് എടുക്കുവാരുന്നു… എനിക്ക് നല്ല ദേഷ്യം വന്നു… വഴക്ക് പറയാൻ വാ തുറക്കും മുൻപേ രാജി അവളേയും വിളിച്ചോണ്ട് കടയിൽ കയറി…. ഞാനും വെറുതെ നോക്കി നിന്നപ്പോൾ ചുവന്ന നിറത്തിലുള്ള കുപ്പിവള ശ്രദ്ധയിൽ പെട്ടു…. അതെടുത്ത് നോക്കുമ്പോൾ ചക്കിയും ആ വളയിൽ തന്നെ നോക്കുവാർന്നു… അവളുടെ നോട്ടത്തിൽ നിന്നും അതിഷ്ടമായി എന്നെനിക്ക് മനസ്സിലായി…

അവളത് കൈ നീട്ടി വാങ്ങും മുൻപേ ചിഞ്ചു അതെന്റെ കയ്യിൽ നിന്നും മേടിച്ചു…. അവളത് എടുക്കുവാണെന്ന് പറയുമ്പോൾ എനിക്ക് തടയാൻ പറ്റുമോ… അതുകൊണ്ട് മറുപടി ഒരു മൂളലിൽ ഒതുക്കി… പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു… എന്നിട്ടും ഒന്ന് ചിരിച്ചിട്ട് അവിടെ നിന്നും മാറിപ്പോയി… നല്ല സങ്കടമായിക്കാണും…. ഇനി ഇപ്പൊ ഇതിന്റെ പേരിൽ കടന്നലുകുത്തിയ പോലെ ഇരിക്കും… പെട്ടെന്നാണ് അവിടെ ഒരു തട്ടിൽ കരിവള ഇരിക്കുന്നത് കണ്ടത്…. ആരും ശ്രദ്ധിക്കാതെ അതൊരു ഡസൺ മേടിച്ചു… സച്ചുവിനടുത്ത് രാജിയെ ആക്കിയ ശേഷം ഞാൻ ചക്കിടെ അടുത്തേക്ക് പോയി…

ദൂരേയ്ക്ക് കണ്ണും നട്ട് നിൽക്കുവാരുന്നു പെണ്ണ്… എന്താ നിഷ്കളങ്കത… മുഖത്ത് നിന്നും വടിച്ചെടുക്കാം… ഞാൻ അടുത്ത് എത്തിയിട്ടും അവളറിഞ്ഞില്ല…. കണ്ണൻ – ടീ വായ്നോക്കി…. ചക്കി – എന്തേ വളയെടുപ്പൊക്കെ കഴിഞ്ഞോ… കണ്ണൻ – നിനക്ക് വള വേണ്ടേ…. ചക്കി – എനിക്കെങ്ങും വേണ്ട… കണ്ണൻ – എടീ കുശുമ്പിപ്പാറു ഇങ്ങോട്ട് വന്നേ… ചക്കി – ഞാനെങ്ങോട്ടും വരില്ല…. കണ്ണൻ – നിന്നെ കൊണ്ട് പോകാൻ എനിക്കറിയാം… അവളുടെ കയ്യും വലിച്ചു കൊണ്ട് ഞാൻ അധികം തിരക്കില്ലാത്ത ഭാഗത്തേക്ക് നീക്കി നിർത്തി… അവള് കുതറാൻ ശ്രമിച്ചിട്ടും ഞാൻ വിട്ടുകൊടുത്തില്ല… അവസാനം മിണ്ടാതെ മോന്തയും തിരിച്ചു നിന്നു….

മനുഷ്യൻ ആകെ സെന്റി അടിച്ചു നിന്നപ്പോഴാ കണ്ണേട്ടൻ വന്ന് കുറേ ഡയലോഗും കാച്ചി എന്നേം വലിച്ചോണ്ട് തിരക്കില്ലാത്ത ഭാഗത്തേക്ക് പോയത്…. ബലം പിടിച്ചിട്ടും കാര്യമില്ലാത്തോണ്ട് ഞാൻ മുഖം തിരിച്ചു നിന്നു… എന്റെ ഒരു കൈ ഇപ്പോഴും കണ്ണേട്ടന്റെ കയ്യിലാണ്… പെട്ടെന്ന് കയ്യിലേക്ക് എന്തോ ഇടുന്നത് പോലെ തോന്നി… നോക്കുമ്പോൾ എന്റെ ഫേവറിറ്റ് കരിവള… അനുസരണ ഇല്ലാതെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു… കണ്ണൻ – എന്തിനാടീ മോങ്ങുന്നേ…. നീ ഷോ കാണിച്ചു ഓടിയോണ്ട് കൊണ്ട് തന്നന്നേയുള്ളൂ… അല്ലാണ്ട് വേറൊന്നും ആലോചിച്ച് കൂട്ടണ്ട….. ഞാൻ – ഉവ്വ… കണ്ണൻ – ആ…. മതി…. ബാ…. പോവാം… (ശരിക്കും കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാൻ തോന്നി… എന്തിനാ മനുഷ്യാ ഈ ഒളിച്ചു കളി… നിങ്ങളെക്കൊണ്ട് ഞാൻ പറയിക്കും…. -ആത്മ) ഞങ്ങൾ പിന്നെ തിരക്കുകളിലേക്ക് ഊളിയിട്ടു…

ഇന്ന് രാവിലെയാണ് ഞാൻ വീട്ടിലേക്ക് തിരിച്ചത്… ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തി… പിന്നൊരു ബഹളമായിരുന്നു… അനിയൻ പിശാശുമായി അടിയും വഴക്കും പോരാളിയുടെ ആഹാരം കഴിപ്പിക്കലുമായി ആകെ ഒരു മേളം…. കടുവയ്ക് മെസേജിട്ടെങ്കിലും അവിടെ എത്തിയോ എന്ന് ചോദിച്ച ശേഷം അങ്ങേര് മൈൻഡ് ചെയ്യാതെ പോയി…. ഇങ്ങേരെ ഞാൻ മണിച്ചിത്രത്താഴിട്ട് പൂട്ടേണ്ടി വരും… അവരൊക്കെ നാളെ ഉച്ചയ്ക്ക് മുമ്പ് എത്തും… കാലൻ വരില്ലെന്ന് പറഞ്ഞു… അതുകൊണ്ട് തന്നെ വല്യ ഉഷാറൊന്നും തോന്നീല….

പിറ്റേന്ന് കണ്ണേട്ടനൊഴികെ എല്ലാവരും വന്നിരുന്നു… എനിക്ക് സങ്കടം തോന്നി… അതുകൊണ്ട് ഞാൻ അങ്ങേർക്ക് മെസേജ് ഇട്ടില്ല… വിഷമം തീർക്കാൻ അച്ഛ മേടിച്ച് വച്ച മിച്ചർ കുറേ പേപ്പറിൽ തട്ടിയിട്ടു…. എന്നിട്ട് അതിൽ നിന്നും കപ്പലണ്ടിയും മഞ്ഞ ഉണ്ടയും തിരഞ്ഞു പിടിച്ചു തിന്നാൻ തുടങ്ങി…. വൈകുന്നേരം ആയപ്പോൾ എല്ലാവരും മലയാളി മങ്കമാരും മങ്കൻമാരും ആകാനായിട്ട് ഒരു നെട്ടോട്ടം ആയിരുന്നു… അനിയൻ പിശാചിന്റെ കാര്യം കണ്ട് ഞാൻ ചിരിച്ചു മറിഞ്ഞ്… മുണ്ടെടുക്കുന്നു, തേക്കുന്നു, അവിടെ പിടിക്കുന്നു ഇവിടെ പിടിക്കുന്നു… നിലത്ത് കിടന്നു ഉരുളുന്നു… അവസാനം ഡബിൾ മുണ്ട് കണ്ടുപിടിച്ചവന്റെ പിതാവിനെയും സ്മരിച്ച് അച്ഛേട അടുത്തോട്ട് പോകുന്നത് കണ്ടു….

എനിക്ക് സെറ്റും വാരിച്ചുറ്റി ചൂടെടുത്ത് മറിയുന്നു…. ഇടയ്ക്ക് ഇടയ്ക്ക് എല്ലാം പൊക്കിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കും… ജ്ജാതി ചൂടാ…. രാജിയും സെറ്റ് ഉടുത്ത് ഒരുങ്ങി…. ശേഷം കുറേ സെൽഫിയൊക്കെ എടുത്തു സ്റ്റാറ്റസ് ഇട്ടു…. വല്യ കാര്യം ഉണ്ടായിട്ടൊന്നുമല്ല… കടുവയെ കാണിക്കാനുള്ള വെറും പ്രഹസനം… കടുവ ഒഴികെ ബാക്കി ആരും കാണാതെ ഹൈഡ് ചെയ്താണ് ഇടുന്നത്…. അങ്ങേര് കണ്ട് കഴിയുമ്പോൾ തന്നെ റിമൂവ് ചെയ്യും…. പിന്നെ ഒരു വെകിളിത്തരം ആയിരുന്നു… എല്ലാം നമ്മടെ ആൾക്കാരാണല്ലോ… അവിടെ അടങ്ങി ഒതുങ്ങി നിന്ന ക്ഷീണമൊക്കെ ഇവിടെ പൊളിച്ചടുക്കി തീർത്തു….

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും പതിനൊന്നു മണി കഴിഞ്ഞു… കടുവയുടെ മനഃപൂർവം വിളിച്ചില്ല…. രാജിയേം കെട്ടിപ്പിടിച്ചു ഉറങ്ങി…. രാവിലെ എണീറ്റപ്പോൾ അവളുടെ കാല് എന്റെ തോളിലും എന്റെ കാല് അവളുടെ വയറ്റിലും…. ഇതിപ്പോ തല തിരിഞ്ഞത് എന്റെയാണോ അവളുടെയാണോ…. അടയാളം ഒക്കെ വച്ച് നോക്കുമ്പോൾ ഞാനാണ് തിരിഞ്ഞത്…. എന്നാലും നേരേ കിടക്കുന്ന ഞാൻ രാവിലെ ആയപ്പോൾ എങ്ങനാ ഇങ്ങനായേ… ശ്ശെടാ വല്ല ഗന്ധർവന്മാരും…. ഏയ്… അങ്ങനൊന്നും ഉണ്ടാവില്ല…. ഇനി ഇവളെ ചവിട്ടി ഉണർത്തണമല്ലോ… “ടീ…. രാജി… എണീക്കെടീ…..”

“ഒരഞ്ചു മിനിറ്റ് കൂടി… പ്ലീസ് ടീ….” അതും പറഞ്ഞു ഭയങ്കര ഉറക്കം… അവസാനം അവളുടെ കാലിൽ ഇക്കിളി ഇട്ടു… അവസാനം ഗതികെട്ട് എന്നേം തെറിവിളിച്ച് അവളെണീറ്റ് പോയി… പിന്നെ ഒരാട്ടപ്പാച്ചിലായിരുന്നു…. ഇന്ന് തിരിക്കുവല്ലേ…. എനിക്ക് ഭയങ്കര അടുക്കും ചിട്ടയും ആയതുകൊണ്ട് പാന്റ് ഷെൽഫിലാണെങ്കിൽ ടോപ്പ് കട്ടിലിന്റെ അടിയിൽ ആയിരിക്കും… അവസാനം ഗതികെട്ട് പാവാടയും ഉടുപ്പും ഇടാൻ നിർവാഹമായി…. ഉടുപ്പൊക്കെ ഇട്ട് റെഡിയായി നോക്കുമ്പോൾ അത് കണ്ടില്ല….. എവിടെ…. എവിടെ പാവാട എവിടെ…. “അമ്മീ……അമ്മീ…….” അടുക്കളയിൽ നിന്നും പോരാളി തുടുപ്പും കൊണ്ട് ഓടിവന്നു…. “എന്താടീ രാവിലെ മനുഷ്യന് ചെവിതല കേൾക്കാൻ സമ്മതിക്കൂലേ….. നിനക്ക് എന്ത് വേണം പെണ്ണേ….”

“എന്റെ ചുവന്ന പാവാട കണ്ടാ….” “നിന്റെ പാവാടയും കെട്ടിയല്ലേ ഞാൻ അടുക്കളയിൽ നിക്കുന്നത്…. പെൺപിള്ളേർ ആയാൽ അടുക്കും ചിട്ടയും വേണം….. ബ്ലാ….ബ്ലാ…ബ്ലാ….” പിന്നങ്ങോട്ട് തുടങ്ങി… വാരി വലിച്ച് ഇടുന്നതും ബഹളം വയ്കുന്നതും…. അങ്ങനെ രാമായണം പോലെ…. പുല്ല്….വിളിക്കണ്ടായിരുന്ന്….. അവസാനം എവിടന്നൊക്കെയോ കണ്ടുപിടിച്ചു തന്നു… ഇനി മുതൽ എല്ലാം ഞാൻ റെഡിയാക്കി അടുക്കോടും ചിട്ടകളോടും കൂടി വയ്ക്കും…. നന്നാവാൻ തീരുമാനിച്ചു… കാരണം…. കാരണം…. ബാക്ടീരിയ…. കടുവ എന്ന ബാക്ടീരിയ… എന്താന്നല്ലേ…. അങ്ങേര് അഡാറൊരു വൃത്തിരാക്ഷസനാ….

എന്റെ ഈ കൂറ സ്വഭാവം അങ്ങേരുടെ അടുത്ത് കാണിച്ചാൽ അവിടുത്തെ കിണറിന്റെ ആഴം ഞാൻ അളക്കേണ്ടി വരും…. പിന്നെ പോകാൻ നേരം കരച്ചിലായി പിഴിച്ചിലായി…. മൂക്ക് പിഴിഞ്ഞ് അനിയൻപിശാശിന്റെ മേലേ തേച്ചു… അങ്ങോട്ടടിയായി… നുള്ളായി…. മുടിയിൽ പിടിച്ചു വലിയായി…. ലാസ്റ്റ് മേരീ പോരാളി മാ കാളീ മാ ആയപ്പോൾ പതിയെ ഞാനും അവരോടൊപ്പം വണ്ടിയിൽ കേറി ഇരുന്നു…. പോകുമ്പോൾ സങ്കടം ഒക്കെയുണ്ട്… എന്നാലും എനിക്കായൊരു മുതല് അവിടെ തുമ്പി തുള്ളി നിൽക്കുകയാണല്ലോ എന്നോർത്തപ്പോൾ ഒരു സുഖം…. കടുവക്കുട്ടാ…… രാവണന്റെ ജാനകി ദാ വരുന്നേ…. വഴി മാറുക….. വഴി മാറുക…. ഛായ്….. റൂട്ട് മാറി…. റൂട്ട് മാറി…..

കണ്ണേട്ടനെ കാണാനായി പോകുന്നതോണ്ട് ആകെ ഒരു വെകിളി പിടിച്ച പിള്ളാരെ പോലൊക്കെ ഉണ്ട്…. കാറിൽ കണ്ണുമടച്ച് ഹെഡ്സെറ്റിൽ പാട്ട് കേട്ടു ഞാനും അമറിക്കൊണ്ടിരുന്നു….. “കറുകവയൽ കുരുവീ മുറിവാലൻ കുരുവീ കതിരാടും വയലിൻ ചെറുതൂവൽക്കാരീ…. കറിവേപ്പിലയുണ്ടോ കടലക്കറി വയ്കാൻ….” ശ്ശെ…. നശിപ്പിച്ചു…. നല്ലതൊന്നും നാവിൽ വരൂല…. പുല്ല്…… പിന്നെ ഞാൻ വായും പൂട്ടി കേട്ടോണ്ട് ഇരുന്നു….. *********** അല്ലെങ്കിൽ ചവറു പോലെ മെസ്സേജ് ഇടുന്നവളാ…. ഇന്നവൾക്ക് ഒന്നും ചോദിക്കണ്ട…..പറയണ്ട….. ഇന്നലെ ഞാൻ ഇച്ചിരി വെയിറ്റ് ഇട്ടോണ്ടാവും…. വേണ്ടായിരുന്നു…

ചിലപ്പോൾ അവിടെ ചെല്ലാഞ്ഞിട്ടാകും…. അവിടെ എത്തിയപ്പോൾ സച്ചു എന്നെ വിളിച്ചിരുന്നു… പിന്നെ പെണ്ണിന്റെ സ്റ്റാറ്റസിൽ മുഴുവൻ ഓരോ പോസിലുള്ള ഫോട്ടോകളും…. സെറ്റൊക്കെ ഉടുത്ത് അടിപൊളി ആയിട്ടുണ്ട്…. സ്റ്റാറ്റസ് ഞാൻ കണ്ട ശേഷം പിന്നീട് നോക്കിയാൽ അത് കാണാൻ കഴിയില്ല… അപ്പോൾ ഒരു കാര്യം മനസ്സിലായി… ഞാൻ കാണാൻ മാത്രം ഇടുന്നതാ… പിന്നീട് അത് ഡിലീറ്റ് ചെയ്യും…. കുറേയൊക്കെ ഫോട്ടോ ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് വച്ചു…. അവിടുത്തെ വിശേഷം ഒക്കെ സച്ചു വിളിച്ചു പറയുന്നുണ്ട്….

പിറ്റേന്ന് എല്ലാവരും ഉച്ചയ്ക്കാണ് എത്തിയത്…. ഞാൻ പുറത്തൊക്കെ പോയ ശേഷം തിരികെ വീട്ടിൽ വന്ന് കിടന്നു… വൈകുന്നേരം ഉണർന്നത് താഴെ നിന്നും ഒരു താരാട്ട് കേട്ടിട്ടാണ്….. പതിയെ ഞാൻ എണീറ്റു താഴേക്ക് വന്നു… താഴെ കണ്ട കാഴ്ച കണ്ണും മനസ്സും ഒരുപോലെ നിറച്ചു….  (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 29