എന്നും രാവണനായ് മാത്രം : ഭാഗം 29
എഴുത്തുകാരി: ജീന ജാനകി
സ്നേഹതീരത്തേക്ക് എത്തിയപ്പോഴും പെണ്ണ് നല്ല ഉറക്കത്തിലാണ്…. രാജി തട്ടി വിളിച്ചിട്ടും ഒരു രക്ഷയുമില്ല… പിന്നെ ഞാൻ തന്നെ തൂക്കിയെടുത്തു…. ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ അണ്ണാൻ കുഞ്ഞിനെ പോലെ പറ്റിച്ചേർന്നു കിടന്നു…. ഹാളിൽ ചെന്നപ്പോഴേക്കും സച്ചു വിളിച്ചു അറിയിച്ചത് കാരണം അമ്മയും അപ്പയും വന്നിരുന്നു… മീനൂട്ടിയുടെ കണ്ണൊക്കെ നിറഞ്ഞു… രാജിയും സച്ചുവും ഉണ്ടായ കാര്യങ്ങളൊക്കെ അവരോട് വിശദീകരിക്കുന്ന സമയം ഞാൻ ചക്കിയേയും കൊണ്ട് മുകളിലേക്ക് പോയി….
ബെഡിൽ കിടത്തി ഡ്രസ്സൊക്കെ നേരേയാക്കി…. മുഖത്തേക്ക് വീണ മുടിയിഴകൾ വിരൽ കൊണ്ട് മാടിയൊതുക്കി… കാല് രണ്ടും ഒന്ന് നോക്കി… പാവാടത്തുമ്പിൽ രക്തക്കറയുണ്ട്…. നെറ്റിയിൽ ഒന്ന് തലോടിയ ശേഷം താഴേക്ക് പോയി…. കണ്ണൻ – രാജീ…. ചക്കീടെ ഡ്രസ്സിൽ രക്തക്കറയുണ്ട്… അതൊന്ന് മാറ്റിക്കൊടുക്ക്…. പാപ്പാ ഞാൻ ടൗണിലേക്ക് പോകുവാ…. സച്ചു – ഞാൻ വീട്ടിലേക്ക് പോകുവാ…. പട്ടാളം – ഞാനും മീനുവും മോളെ ഒന്നു കണ്ടിട്ട് വരാം… രാജി – ഞാൻ ചക്കീടെ ഡ്രസ്സ് ഒന്ന് മാറ്റിക്കൊടുക്കട്ടെ…. ജലജമ്മ – ഞാനൂടെ വരാം… മീനൂട്ടി – ഞാനും വരുന്നു….. **********”
ആരോ വിളിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്… നോക്കുമ്പോൾ രാജിയും ജലജമ്മയും മീനൂട്ടിയും ഉണ്ട്…. ഞാൻ – ഞാനെങ്ങനെ റൂമിലെത്തി… മീനൂട്ടി – കണ്ണൻ കൊണ്ട് കിടത്തിയതാ മോളേ…… (അയ്യോ….. എപ്പോൾ…. ഞാനറിഞ്ഞില്ല… ഒടുക്കത്തെ ഉറക്കം കാരണം ഒരു ചാൻസ് മിസ്സായല്ലോ…. -ആത്മ) ഞാൻ വെറുതെ ചിരിച്ചു… അപ്പോഴേക്കും മൂന്ന് പേരും കൂടി എന്റെ ഡ്രസ്സൊക്കെ മാറ്റി ഒരു ടീ ഷർട്ടും മുട്ടിന് താഴെ വരെയുള്ള ഒരു പാവാടയും ഇട്ട് തന്നു…. മുടിയൊക്കെ ചുറ്റിക്കെട്ടി വച്ചു തന്നു… ഓഹ്…. എന്തൊരാശ്വാസം…. അപ്പോഴേക്കും പട്ടാളവും അങ്കിളും വന്നു….. സുഗുണൻ – എങ്ങനുണ്ട് മോളെ… ഞാൻ –
എനിക്ക് കുഴപ്പമൊന്നുമില്ല… ഓകെ ആണ്…. പട്ടാളം – കാന്താരീ , നീ പേടിപ്പിച്ചു ഞങ്ങളെ….. ഞാൻ – അയ്യേ…. നാണക്കേട്… ഈ പറ്റിന് മസാലദോശ തിന്നാൻ പറ്റി… വി ഐ പി ട്രീറ്റ്മെന്റ് അല്ലിയിരുന്നോ…. ഇടയ്ക്കുള്ള മാലാഖയുടെ കുത്തൊഴിച്ചാൽ ബാക്കി എല്ലാം പൊളി…. ഈ പറ്റിന് അവിനാഷ് സാർ രണ്ടാഴ്ച ലീവ് തന്നു…. അത്രേം ദിവസം പൊളിക്കണം….. പട്ടാളം – കാലിൽ ചില്ല് പൊത്താൽ തലയ്ക്കു വട്ടാവോ…. ഞാൻ – അച്ഛാ…. കഷ്ടമുണ്ട്ട്ടോ…. എല്ലാവരും ഇതൊക്കെ കണ്ട് ചിരിച്ചു…. കുറച്ചു നേരം വിശേഷമൊക്കെ പറഞ്ഞു എല്ലാവരും താഴേക്ക് പോയി… ഞാൻ മാത്രമായപ്പോൾ ഫോണെടുത്ത് അച്ഛയെ വിളിച്ചു…. “ഹലോ അച്ഛേ…..”
“മോളേ…. ഡാൻസ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു….” കാര്യം പറഞ്ഞാൽ അച്ഛയ്ക് സങ്കടാവും… “അതൊക്കെ പൊളിച്ചല്ലോ….” “മിടുക്കി… മോളുടെ ശബ്ദം എന്താ വല്ലാതിരിക്കുന്നത്…..” “അത് ഡാൻസിന്റെ ക്ഷീണമാ അച്ഛേ…. എല്ലാർക്കും സുഖാണോ ?” “അതേടാ…. മോളേ അടുത്ത ആഴ്ച അമ്പലത്തിലെ ഉത്സവമാണ്…. മോൾക്ക് ലീവ് കിട്ടോ….” “എന്നാ അച്ഛേ താലപ്പൊലിയും തൂക്കവും…?” “അടുത്ത വെള്ളിയാഴ്ച…” “ഇനി പന്ത്രണ്ട് ദിവസം ഉണ്ടല്ലോ… ഞാൻ വ്യാഴാഴ്ച അങ്ങെത്താൻ നോക്കാം…” “അച്ഛേട മോള് ഓകെ അല്ലേ…..” “എന്താ അച്ഛേ…. എന്ത്പറ്റി ?” “രാവിലെ മുതൽ അച്ഛയ്കൊരു ടെൻഷൻ….
മോളെ വിളിച്ചിട്ട് കിട്ടിയില്ല… സുഗുണനെ വിളിച്ചപ്പോൾ രാജിയും സച്ചുവും മോളുടെ കൂടെ ഉണ്ടെന്നും കുഴപ്പം ഒന്നൂല്ല എന്നും പറഞ്ഞു….” ഞാനൊന്നു ഞെട്ടി… അല്ലേലും മക്കൾക്ക് ആപത്ത് വന്നാൽ അച്ഛനമ്മമാർക്ക് അറിയാൻ പറ്റുമല്ലോ…. “എന്റെ അച്ഛേ… എനിക്ക് ഒരു കുഴപ്പവുമില്ല… ഡാൻസും പൊളിച്ചു മസാലദോശയും കുത്തിക്കേറ്റിയിട്ടുണ്ട്… അച്ഛ കഴിച്ചോ…?” “ഇല്ല…. സമയം ആയില്ലല്ലോ… മോള് റെസ്റ്റെടുക്ക്…. ഞാൻ നാളെ വിളിക്കാം ട്ടോ….” “ഓകെ അച്ഛേ… ഉമ്മ….” “ഉമ്മ….” ഫോൺ കട്ട് ചെയ്തിട്ട് നെറ്റ് ഓൺ ആക്കി… വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു… ഫാമിലി ഗ്രൂപ്പിൽ തവള മുട്ടയിടും പോലെ ചറപറ മെസേജ്….
ഉത്സവത്തിന്റെ മുന്നോടി ആയിട്ടുള്ള അങ്കപ്പുറപ്പാടാണ്…. തരുണീമണിച്ചികളൊക്കെ അടക്കോം ഒതുക്കോം കാണിക്കാൻ സാരിയുടുക്കണം എന്നും പുരുഷപ്രജകളൊക്കെ മുണ്ടും ഷർട്ടും ധരിക്കണം എന്നൊക്കെ ഗംഭീര ചർച്ചയാണ്…. അവസാനം പെണ്ണുങ്ങൾ കറുത്തബ്ലൗസ് വിത്ത് അതേ കരയുള്ള സെറ്റ് സാരിയും ആണുങ്ങൾ കറുത്ത ഷർട്ട് വിത്ത് അതേ കരയുള്ള മുണ്ടും…. കരയും കടലും ഒക്കെ എന്താവുമോ എന്തോ… എല്ലാം കൂടി കറുപ്പിൽ മുങ്ങിച്ചെന്നിട്ട് ശാന്തിയെ കരിങ്കൊടി കാട്ടീന്നും പറഞ്ഞു ഓടിക്കാതിരുന്നാൽ നല്ലത്…. നമ്മൾ പിന്നെ ഓകെ അടിച്ചു ബാക്ക് ഇറങ്ങി….
എന്നിട്ട് കടുവ എന്ന് സേവ് ചെയ്തിട്ട നമ്പർ നോക്കി…. കൊച്ചു കള്ളൻ…. പച്ചവെളിച്ചവും കത്തിച്ചിരിപ്പാണോ… വാട്ട്സ്ആപ്പിൽ പച്ചവെളിച്ചം എവിടുന്നാ…. ആ… ഓൺലൈൻ ഉണ്ട്… കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട… ഹായ് അയക്കണോ… വേണോ വേണ്ടേ…. അതൊക്കെ മോശമാണോ… എന്ത് പണ്ടാരം ആണേലും ഞാനിടും…. ആവശ്യക്കാരി ഞാനായി പോയില്ലേ… ആവശ്യക്കാരന് ഔചിത്യം ഇല്ലെന്നാണല്ലോ ഇത്…. ഏത്… ദത് തന്നെ…. പഴമൊഴി… രണ്ടും കൽപ്പിച്ച് മെസ്സേജ് ഇട്ടു…. “ഹായ് ” ഡബിൾ ടിക് വീണു… നോക്കണില്ല…. കുറേ നേരം നോക്കി… ഫോണെടുത്തു ടോം ആൻഡ് ജെറി കണ്ടു… എന്നിട്ട് ഇടയ്ക്ക് നോക്കി… ഒരു രക്ഷയുമില്ല… ദുഷ്ടൻ… ജാഡ…. ഇങ്ങേർക്കൊന്ന് നോക്കിയാൽ എന്താ….
ദേഷ്യം വന്നു നെറ്റ് ഓഫാക്കാൻ പോയപ്പോൾ ദേ… കടുവ ടൈപ്പിംഗ്… കുറേ ആയല്ലോ… വല്ല എസ്സേയും ആണോ ഇങ്ങനെ ടൈപ്പാൻ…. മെസേജ് വന്നു… ഞാൻ ഓപ്പണാക്കി…. “എന്താ…..” ഇതിനാണോ ഇത്രേം നേരം ഇരുന്നു തപ്പിപ്പെറുക്കിയത്….. രണ്ടും കൽപ്പിച്ച് ഞാൻ മെസേജ് ഇട്ടു…. ഒന്ന് പറ്റിച്ചാലോ… “ഞാൻ ചേട്ടന്റെ ഒരു ആരാധികയാണ്…” “ഓഹോ….. എന്തിനാണാവോ എനിക്ക് മെസേജ് ഇട്ടത്….” “അത് പിന്നെ ചേട്ടനെ അഭിനന്ദിക്കാൻ ചേട്ടന് തന്നല്ലേ മെസേജ് ഇടേണ്ടത്…. ചേട്ടന്റെ ചിരിയും ഗെറ്റപ്പും സ്റ്റണ്ടും ഒക്കെ സൂപ്പറാ…. എനിക്ക് ചേട്ടനെ തിരുമണം ചെയ്യണം എന്നുണ്ട്…..” “ആര് തിരുമ്മും….”
“അയ്യോ…. തിരുമണം അതായത് കല്യാണം…” “ഓഹ് അങ്ങനെ…. ആട്ടെ ആരാധികയുടെ കാലിന്റെ മുറിവ് ഉണങ്ങീട്ട് തിരുമ്മിയാൽ പോരേ….” ദൈവമേ പണി പാളിയാ…. ഇങ്ങേരേൽ എന്റെ നമ്പർ ഉണ്ടായിരുന്നോ…. ചോദിച്ചു നോക്കാം… “ങേ…. കാലിലെ മുറിവോ…. എന്തൊക്കെയാ പറയുന്നേ….” “എടീ കുഞ്ചുംനൂലി…..” പെട്ട്…..പെട്ട്…. ഞാൻ പെട്ട്…. “ഈ…. എന്റെ നമ്പർ കണ്ണേട്ടന്റേൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല….” “അതിന് നിന്റെ നമ്പർ എന്റെ കയ്യിൽ ഇല്ലല്ലോ…” “ങേ…. പിന്നെങ്ങനെ മനസ്സിലായി….” “സത്യത്തിൽ നീ ശരിക്കും മന്ദബുദ്ധി ആണോ…. അങ്ങനെ അഭിനയിക്കുവാണോ….”
“സത്യായിട്ടും അഭിനയിച്ചതല്ല…. എങ്ങനെ മനസ്സിലായെന്ന് പറ….” “എടീ…. മരക്കഴുതേ….. എല്ലാവർക്കും കാണാൻ പാകത്തിൽ നിന്റെ മോന്ത ഡിപി ആക്കിയിട്ടാണോ ആരാന്ന് ചോദിക്കുന്നത്….” ഛേയ്….. ഇംപ്രഷൻ പോയി… വേണ്ടായിരുന്നു… അല്ലേലും ഇങ്ങേരെ കാരണം എന്റെ കിളികൾ ഫുൾ പറന്നുപോയില്ലേ….. ഏതായാലും ചമ്മി…. “ഈ…. ഞാനത് ഓർത്തില്ല….” “അത് മാത്രല്ല…. എന്നോട് ഇങ്ങനൊക്കെ പറയാൻ നിനക്കല്ലാതെ വേറാർക്കും ധൈര്യം വരില്ലല്ലോ….” “ഓഹോ…..” “ആം…. കാല് എങ്ങനുണ്ട്… വേദന കുറവുണ്ടോ…?” “കുഴപ്പമൊന്നുമില്ല….”
“എങ്കിൽ ശരി…. പോയി കിടന്നു ഉറങ്ങാൻ നോക്ക്… ക്ഷീണം കാണും….” “മ്…. ഓകെ….” ഞാൻ നെറ്റ് ഓഫാക്കി വച്ചു…. ശ്ശെടാ…. അങ്ങേരെന്ത് വിചാരിച്ചു കാണും… ഓഹ് പിന്നെ… നാണവും മാനവും ഇല്ലാത്ത എനിക്കെന്തിനാ ഈ ചമ്മൽ…. അതിന്റെ ഹാങ്ങ്ഓവർ തീരാൻ ഒരാപ്പിൾ കുത്തിക്കയറ്റി…. തൃപ്തി ആകാതെ വന്നപ്പോൾ ഒരു ഓറഞ്ചും കൂടി പൊളിച്ചു… റൂമില് വന്ന രാജിയുടെ കണ്ണിലും പിഴിഞ്ഞൊഴിച്ചു…. പാവം എനിക്ക് വയ്യാത്തോണ്ടാണ്… ഇല്ലെങ്കിൽ അവളെന്നെ തല്ലിക്കൊന്നേനേ…… പിന്നെ രാജി തന്നായിരുന്നു ആഹാരവും വാരി തന്നത്…. മടിച്ചി കിട്ടിയ അവസരം മുതലാക്കി കോളേജിൽ പോകാതെ എനിക്ക് കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും അത് ഞാൻ പൊളിച്ചു കയ്യിൽ കൊടുത്തു…
ചക്കിയെ കൊണ്ടാക്കിയ ശേഷം ടൗണിൽ പോയിരുന്നു… ഒന്നിലും ഒരു ശ്രദ്ധ കിട്ടുന്നില്ല… എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അവളുടെ നമ്പറും ഇല്ല…. വാട്ട്സ്ആപ്പ് കേറി രാജിയോട് അവളുടെ കാര്യം തിരക്കാം എന്ന് കരുതി നെറ്റ് ഓണാക്കി… കണ്ണിൽ കണ്ട ഗ്രൂപ്പുകളിലെയൊക്കെ മെസ്സേജ് വന്നോണ്ടിരുന്നു…. ആ സമയത്താണ് ഒരു പരിചയക്കാരനെ കാണുന്നത്…. അയാളോട് കുറച്ചു നേരം സംസാരിച്ചു… അയാൾ യാത്ര പറഞ്ഞു പോയ ശേഷം ഫോണിലേക്ക് നോക്കുമ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു മെസ്സേജ് കണ്ടു…. ഡിപി ലോഡ് ചെയ്തതും എന്റെ കുഞ്ചുംനൂലി ഇളിച്ചോണ്ട് നിൽക്കുന്ന ഫോട്ടോ…
ആ ഫോട്ടോ ഗാലറിയിൽ സേവ് ചെയ്ത ശേഷം അവളുടെ നമ്പറും സേവ് ചെയ്തു ‘കാന്താരി’ എന്ന പേരിൽ… എന്നെ പറ്റിക്കാനായിരുന്നു പെണ്ണിന്റെ ഉദ്ദേശം… അത് ഞാൻ പൊളിച്ചു കയ്യിൽ കൊടുത്തു… എന്നിട്ട് ഉറങ്ങാൻ പറഞ്ഞുവിട്ടു…. പിന്നീട് വീട്ടിലേക്ക് മടങ്ങി… എന്തെന്നില്ലാത്ത സന്തോഷം എന്റെ ഉള്ളിൽ തോന്നി…. പത്ത് ദിവസങ്ങൾ കഴിഞ്ഞു…. ചക്കി നന്നായി നടക്കുക മാത്രമല്ല ചാടും ഓടും പറക്കും വേണ്ടി വന്നാൽ മരത്തിലും വലിഞ്ഞ് കേറും…. ഇടയ്ക്ക് പാപ്പനെ കാണുന്ന കൂട്ടത്തിൽ അവളെയും കാണും… ഒരുപാട് നീണ്ടില്ലെങ്കിലും എന്നും മെസ്സേജിടും… ഇടയ്ക്ക് ഓരോ പാട്ടൊക്കെ പാടി അയയ്ക്കും…
രാവിലെ അവളുടെ മോർണിംഗ് മെസ്സേജ് കിട്ടുമ്പോൾ തന്നെ ഒരു ഉണർവാണ്…. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അവൾ നാട്ടിലേക്ക് പോകും… ഉത്സവത്തിന് ഞങ്ങളേയും അവളുടെ അച്ഛൻ ക്ഷണിച്ചിട്ടുണ്ട്… ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും അവർ വിട്ടില്ല… ഞാനെന്തായാലും പോകുന്നില്ല…. അവൾ പോകുന്നതിന്റെ പിറ്റേന്ന് നമ്മളും അവിടേക്ക് പോകും… അന്നവിടെ കൂടിയ ശേഷം പിറ്റേന്ന് ചക്കിയേയും കൂട്ടി മടങ്ങും…. അതാണ് പ്ലാൻ… ഇന്നിപ്പോൾ ഇവിടെ ഒരു മേള നടക്കുന്നുണ്ട്… എല്ലാത്തിനെയും കൊണ്ട് പോകണം…
ഇന്നിനി അവൾ ആരുടെ മേലേയാണോ എന്തോ കേറുന്നത്… വൈകുന്നേരം ചെന്നപ്പോൾ ഒരു ഡാർക് പിങ്ക് കളറുള്ള പഞ്ചാബി മോഡൽ ടോപ്പും വൈറ്റ് കളർ ദുപ്പട്ടയും പട്ട്യാല പാന്റും ആയിരുന്നു വേഷം… മുടി മെടഞ്ഞ് മുന്നോട്ട് ഇട്ടിട്ടുണ്ട്… മാച്ചിംഗ് കുപ്പിവളയും കമ്മലും…. കുറച്ചു നേരം നോക്കി നിന്നു ഞാൻ… എന്നിട്ട് എന്റെ മുന്നിൽ വന്നു വിരൽ ഞൊടിച്ചപ്പോളാണ് ഞാൻ ഞെട്ടി സ്വബോധത്തിലേക്ക് വന്നത്….
കാലൊക്കെ നേരേയായി…. രാജി കോളേജിൽ പോയോണ്ട് ഞാൻ ജലജമ്മേട കൂടെയും മീനൂട്ടീടെ കൂടെയും പാചകം പഠിക്കാൻ കൂടി…. ലീവായോണ്ട് ഇഷ്ടം പോലെ സമയം ഉണ്ട്… കാല് ഭേദമായത് മരത്തിൽ കേറിയും ചാടിയും ഓടിയുമൊക്കെ ആഘോഷിച്ചു… കടുവയ്ക് ഇടയ്ക്ക് മെസ്സേജൊക്കെ ഇടും എങ്കിലും അങ്ങേർക്ക് ഭയങ്കര ജാഡയാ….ഹും…. രണ്ട് ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് പോകും ഉത്സവത്തിന്… എല്ലാവരെയും അച്ഛ ക്ഷണിച്ചു… അവർ വെള്ളിയാഴ്ച എത്താം എന്നും പറഞ്ഞു… കണ്ണേട്ടൻ വരില്ലെന്ന് പറഞ്ഞിരുന്നു… അത് അല്ലെങ്കിലും പ്രത്യേക സ്വഭാവം ആണ്… കാണുമ്പോൾ കിണറ്റിലിട്ട് മൂടാൻ തോന്നും…..
പിന്നെ വരാൻ പോകുന്ന എന്റെ പിള്ളാരുടെ പപ്പാജി അല്ലേ എന്നുള്ളത് കൊണ്ട് മാത്രം ഞാൻ സംയംമനം പാലിച്ചു…. ഇന്നെന്തായാലും എല്ലാവരും കൂടി വൈകിട്ട് മേളയ്ക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്… വൈകിട്ട് പൊളിക്കണം…. മേളയ്ക്ക് പോകാൻ റെഡിയായി ഇറങ്ങിയപ്പോഴാണ് എന്നെയും നോക്കി നിൽക്കുന്ന കണ്ണേട്ടനെ കണ്ടത്…. ശ്ശോ… ഇങ്ങേരെന്റെ സൗന്ദര്യം കണ്ട് നോക്കിയതാണോ എന്തോ… അന്നനടയും അനക്കി അനക്കി ഞാൻ മുന്നിൽ പോയി നിന്നു വിരലൊന്ന് ഞൊടിച്ചു…… അപ്പോഴേക്കും പുള്ളി എന്നെ കണ്ണുമിഴിച്ച് നോക്കി…. “അതേ…. കണ്ണേട്ടൻ എന്താ ഇങ്ങനെ നോക്കുന്നേ…..”
“ഞാൻ ഇതേ പോലൊന്നിനെ ഒരിക്കലേ കണ്ടുള്ളൂ…..” “ആരെ എന്നെപ്പോലെയോ…..” (ആഹാ…. ശ്രീമതി ജാനകി മനസ്സിൽ പൊട്ടിയ ലഡുക്കൾ ആയിരം എണ്ണം…) “അതേടീ… പണ്ട് പാടത്ത് നെല്ല് കൊത്താൻ കിളികൾ വരാതിരിക്കാൻ ഒരു കോലം കൊണ്ട് വച്ചിരുന്നു… അതിന്റെ ഭംഗി കണ്ട് ഈ പത്തു കിലോമീറ്റർ ചുറ്റളവിൽ പോലും പിന്നീട് ഒരു കിളിയും വന്നിട്ടില്ല… അതുപോലെ തന്നെ നീയും ചൊന്ദരി ആയിട്ടുണ്ട്… ആരും കണ്ണുവയ്കാതിരിക്കാൻ കവിളിലൊരു കുത്തൂടെ ഇട്ടൂടേ…..” (നശിപ്പിച്ചു…. ഇങ്ങേരീ ജന്മത്ത് നന്നാവൂല….. എന്തൊക്കെ പ്രതീക്ഷിച്ചു…. ഒരൊറ്റ ഡയലോഗടിച്ച് എന്റെ ആത്മവിശ്വാസം കളഞ്ഞ്…. കാലൻ….
എന്റെ കാവിലമ്മേ… ശക്തി തരൂ….) “എങ്കിൽപ്പിന്നെ വല്ല കടുവയുടെയും കോലമായിരിക്കും…..” “ടീ” ഒരലർച്ച മാത്രം കേട്ടു… അപ്പോഴേക്കും ഞാൻ രാജീടെ അടുത്തെത്തി… പുല്ല്… ഒരുങ്ങിയിട്ട് ഓടിയോണ്ടാണെന്ന് തോന്നുന്നു ഭയങ്കര ചൂട്…. ഞാൻ ദുപ്പട്ട എടുത്തു വീശി….. രാജി – എന്താടീ….. ഷാളും കറക്കി നിൽക്കുന്നത്… ഞാൻ – അത് പിന്നെ ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ എന്നാണല്ലോ…. നിന്റെ കേട്ടായീടെ കയ്യിന്ന് രക്ഷപ്പെട്ടു ഓടിയതാ…. രാജി – ടീ…. ചേട്ടായിയെ കലിപ്പാക്കല്ലേ… പിന്നെ നമ്മൾ തനിച്ച് പോകേണ്ടി വരും… നീ ആ വായൊന്നടച്ച് വയ്കോ…. ഞാൻ – നിന്റെ കേട്ടായി എന്നെ ചൊറിയാൻ വന്നിട്ടല്ലേ….
ന്തായാലും ഞാൻ ക മ എന്നൊരക്ഷരം മിണ്ടൂല…. രാജി – ഈ…. നിനക്ക് ഞാൻ നല്ല പഞ്ഞിപ്പൂട മേടിച്ച് തരാം…. ഞാൻ – നീ പാനീപൂരി മേടിച്ചാൽ മതി… പഞ്ഞി മുട്ടായി സച്ചുവേട്ടൻ മേടിച്ച് തരും… കണ്ണൻ – നിങ്ങൾ നടക്ക്… ഞാനങ്ങ് എത്തിയേക്കാം… അങ്ങനെ മീനൂട്ടിയും പട്ടാളവും ജലജമ്മയും അങ്കിളും സച്ചുവേട്ടനും രാജിയും ഞാനും സ്കൂൾ വിട്ട പിള്ളാരെ പോലെ നടന്നു പോയി… അത്ര ദൂരമൊന്നുമില്ലായിരുന്നു…. പതിനഞ്ച് മിനിറ്റ് കൊണ്ട് അവിടെത്തി… എത്തിയപ്പോൾ ദേ… മുറ്റത്തൊരു കടുവ… ഇങ്ങേരിത് ഏത് വഴിയേ വന്നു… ഞാൻ കണ്ടില്ലല്ലോ… ഇനി റോഡ് തുരന്ന് വന്നോ എന്നും അറിയില്ല….
ഞാൻ ആകെ മൊത്തം ഉഴിഞ്ഞൊന്നു നോക്കി…. പ്രണയവും സങ്കടവും ഒരുമിച്ച് ചേർന്ന് ഒരു പ്രണങ്കട ഗാനം ഓർമ വന്നു….. കടുവേ നീയെന്നെ അറിയാതിരുന്നാൽ എന്തിനാണിനിയെന്റെ ജന്മം… കടുവേ നിൻ വിരൽ മീട്ടി ഉണരാൻ വെറുതെ മോഹിക്കയാണോ…. ഞാനാം തന്ത്രികൾ പോയൊരു വീണ… അങ്ങേര് കേട്ടാൽ എന്റെ തന്ത്രിയൊക്കെ വലിച്ചു പൊട്ടിക്കും…. ഇങ്ങേരെ ഞാനെങ്ങനെ മെരുക്കും…. തിങ്ക് ചക്കി തിങ്ക്…. ആലോചിച്ച് നിന്നപ്പോളാ പാനീപൂരിടെ മണം വരുന്നത്…. എന്നാൽ ഇനി കടുവേന പിന്നെ വീഴ്ത്താം… ഞാൻ വയറ്റിലോട്ട് വല്ലതും വീഴ്ത്തട്ടെ….
എല്ലാവരും അങ്ങോട്ട് പോയി… കണ്ണേട്ടൻ മാത്രം കഴിച്ചില്ല… പ്ലേറ്റും കയ്യിൽ വച്ച് നിൽക്കുവാ…. ഞാൻ അതിൽ നിന്നും ഓരോന്നെടുത്ത് വായിലേക്ക് കമിഴ്ത്തുന്ന തിരക്കിലാ…. കണ്ണൻ – ടീ… നീ എന്നേം വിഴുങ്ങോ… പതിയെ തിന്ന്…. ആരും എടുത്തോണ്ട് പോകില്ല…. ഞാൻ – ഓഹ്…. ഞാനങ്ങ് സഹിച്ചു… ഹും…. അതും പറഞ്ഞു ഞാൻ വീണ്ടും ഞംഞം തുടങ്ങി…. പെട്ടെന്ന് ഒരു അശരീരി കേട്ടു…… “കണ്ണേട്ടാ…….” എവിടുന്നാ ആ അശരീരി എന്ന് നോക്കാൻ തിരിഞ്ഞതും പുറകിൽ നിൽക്കുന്ന ആളിനെ കണ്ട് എനിക്ക് കലിച്ച് കയറി……. (തുടരും)-