എന്നും രാവണനായ് മാത്രം : ഭാഗം 14
എഴുത്തുകാരി: ജീന ജാനകി
അല്ല ഞാനെന്തിനാ ഇവിടിരുന്ന് ഉറുമ്പരിക്കുന്നത്…. ആ സച്ചുവേട്ടൻ പോത്തിനെപ്പോലെ കിടന്നു ഉറങ്ങുവാ…. ഇന്നലെ വന്നപ്പോൾ ഒരുപാട് ലേറ്റായിക്കാണും. പിന്നെ ഇവിടത്തെ കടുവ രാവിലെ ഹാജർ വച്ചല്ലോ….. ഇന്ന് ഞാറാഴ്ച ആയതുകൊണ്ട് ഓഫീസ് ഇല്ല…. ഇന്ന് വൈകിട്ടാണ് രാജിയുടെ അമ്മവീട്ടിൽ പോകുന്നത്…. അതും ആ മാടന്റെ കൂടെ…. അയാളെന്നെ ആക്രിക്ക് വിൽക്കാതിരുന്നാൽ മതി….. ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ പെട്ടെന്ന് എന്റെ മൂക്കിനൊരു ഉദ്ദീപനം… പണ്ടേ മണം പിടിക്കാൻ ന്റെ മൂക്ക് പുലിയാ…… എന്റീശ്വരാ നല്ല വരിക്കച്ചക്കേട മണമാണല്ലോ…. ഉറവിടം അടുക്കളയാണെന്ന് ഉറപ്പായി…..
ഞാൻ പതിയെ വരിക്കച്ചക്കേട പാട്ടും പാടി നടന്നു…. ചലോ അടുക്കള…. “വരിക്കച്ചക്കയും ഞാനും കടലുകാണാൻ പോയി വരിക്കച്ചക്കേട നടത്തം കണ്ടപ്പോൾ തയ്യൽക്കാരൻ ചിരിച്ചേ….. ചിരിക്കല്ലേടാ ചിരിക്കല്ലേടാ കുരുത്തം കെട്ടവനേ…..” അടുക്കളയിൽ എത്തിയപ്പോൾ എന്റെ കണ്ണ് ബ്ലിംഗി….. കാർട്ടൂണിലൊക്കെ കാശ് കാണുമ്പോൾ കണ്ണിൽ ഡോളർ ചിഹ്നം കാണില്ലേ…. അതേ പോലെ എന്റെ കണ്ണിലും കണ്ടു… പക്ഷേ കണ്ടത് ഡോളറിന് പകരം നല്ല പഴുത്ത ചക്കപ്പഴമാണെന്നേ ഉള്ളൂ….. അമ്മ ചക്കപ്പഴം വൃത്തിയാക്കി ഒരു വലിയ പാത്രത്തിൽ വച്ചിട്ടുണ്ട്… അടുപ്പിൽ ഒരു വലിയ ചെമ്പുരുളി വച്ചിട്ടുണ്ട്… “ഇതെന്തിനാ അമ്മേ ?” “ഇതോ…. ചക്കപ്പായസം വയ്കാനാ… കണ്ണന് ഒരുപാട് ഇഷ്ടാ…..”
അമ്മ രണ്ടെണ്ണം എന്റെ കയ്യിൽ തന്നു… ഞാൻ സ്ലാബിൽ കേറിയിരുന്ന് തിന്നു…. അടിപൊളി മധുരം….. ഐവാ…… ഞാൻ അതും ആസ്വദിച്ചു മുണുങ്ങിക്കൊണ്ടിരുന്നപ്പോൾ കടുവ അങ്ങോട്ട് വന്നു….. ഓഹ്…. മണം പിടിച്ച് വന്നതാകും…. വല്ല വിമ്മും കലക്കിക്കൊടുക്കണം…… എന്നെ നോക്കിയപ്പോൾ ഞാൻ മുഖം വെട്ടിച്ച് തിരിഞ്ഞിരുന്ന് എന്റെ പരിപാടി തുടർന്നു…. ഐ മീൻ തീറ്റ….. അല്ലാണ്ട് വേറെന്താ എനിക്ക് പണി…… അമ്മ പാചകം ചെയ്യുന്നത് ഞാൻ നോക്കി നിന്നു.. ഇടയ്ക്ക് എന്റെ നോട്ടം കടുവയുടെ മുകളിൽ പാറി വീഴുന്നുണ്ടായിരുന്നു…. അങ്ങേര് മാറി ഇരുന്നു ഫോണിൽ കിളക്കുന്നു….. ഞാൻ പുച്ഛിച്ച് ചക്ക വെട്ടിവിഴുങ്ങാൻ തുടങ്ങി… അപ്പോഴാണ് കോട്ടുവായും വിട്ട് സച്ചുവേട്ടൻ അങ്ങോട്ട് വന്നത്…..
“ഗുഡ് മോണിംഗ് കാന്താരി…..” “മോണിംഗ് ഏട്ടാ….. എന്താ അടുക്കളയിൽ…. പോയി പല്ല് തേച്ചിട്ട് വാ…. അമ്മ പായസം ഉണ്ടാക്കുവാ……” “ആണോ ഞാനിപ്പോ വരാം…..” സച്ചുവേട്ടൻ പല്ല് തേക്കാൻ പോയി…. ഞാൻ പുറത്തേക്കിറങ്ങി കൈസറിനടുത്ത് നിന്ന് വർത്താനം പറഞ്ഞു…. അപ്പോഴേക്കും ചെമ്പകം കരയാൻ തുടങ്ങി…. “ഹലോ അച്ഛേ……” “എന്താണ് പരിപാടി മേഡം…..” “ഒന്നൂല്ല അച്ഛേ….. അമ്മ പായസം ഉണ്ടാക്കുവാ….. പിന്നെ ഞാൻ പറഞ്ഞില്ലേ രാജീടെ അമ്മ വീട്ടിലാ ഉത്സവം…. വൈകിട്ട് കണ്ണേട്ടൻ അവിടെ കൊണ്ടാക്കും എന്ന് പറഞ്ഞു……” “ആം…. രാജീടെ അച്ഛനെ ഞാൻ വിളിച്ചിരുന്നു… എല്ലാവരെയും തിരക്കിയെന്ന് പറ…. മോളൂട്ടി കുറുമ്പൊന്നും കാട്ടരുത്….”
“ഇല്ല അച്ഛേ…. അവിടെല്ലാരോടും അന്വേഷണം പറയണേ….. ഞാൻ രാത്രി വിളിക്കാം…” ഫോണും വച്ച് തിരിഞ്ഞപ്പോൾ കടുവ എന്നേം നോക്കി നിൽപ്പുണ്ട്…. ഞാൻ എന്താന്ന് പുരികമുയർത്തി കാണിച്ചു…. “നീ വൈകിട്ട് കെട്ടിയെഴുന്നള്ളുവല്ലേ…. രാത്രി ഘോഷയാത്ര ഉള്ളതാ…. എന്തേലും എടുത്ത് വയ്കാനുണ്ടെങ്കിൽ വയ്ക്….” “ശ്ശോ…. ഞാനത് മറന്നു….” “അതിന് ബോധം എന്നൊരു സാധനം വേണം.” “ദേ…… വെറുതെ എന്റെ മെക്കിട്ട് കേറാൻ വന്നാലുണ്ടല്ലോ….?” ഞാൻ വിരൽ കടുവയുടെ നേരേ ചൂണ്ടി…. “നീ ആരോടാടീ വിരൽ ചൂണ്ടുന്നത് ….?” നീട്ടിയ വിരൽ ആ മാടൻ പിടിച്ചു തിരിച്ചു…
“ആഹ് എന്റെ കൈ….. വേദനിക്കുന്നു ….. വിട്…….. പ്ലീസ്….” എന്റെ കണ്ണൊക്കെ നിറഞ്ഞു…. അയാൾ വിടുന്നില്ലെന്ന് കണ്ട് ഞാൻ എന്റെ അവസാന മാർഗം തന്നെ പ്രയോഗിച്ചു…. കടുവയുടെ തോളിലേക്ക് മുഖമമർത്തി കടിച്ചു….. “ആഹ്….. എടി പട്ടിക്കുട്ടി…. വിടെടി…..” കടുവ കൈ വിട്ടതും മാരത്തോണിലേത് പോലെ ഞാൻ ഓടി റൂമിൽ കേറി ലോക്ക് ചെയ്തിരുന്നു….. വെറുതെ എന്തിനാ അവിടെ നിന്നും അയാളുടെ കൈയ്ക്ക് പണി കൊടുക്കുന്നത്….. പാവല്ലേ….. അങ്ങേരല്ല ഈ ഞാൻ……. ദുഷ്ടൻ എന്ത് പിടിയാ പിടിച്ചത്…. കുറച്ചൂടെ കഴിഞ്ഞിരുന്നേൽ എന്റെ വിരൽ ഒടിച്ചെടുത്തേനെ ആ കാലൻ….. എന്റെ ഭഗവാനേ വൈകുന്നേരം അങ്ങേരുടെ കൂടെ വേണ്ടേ പോകാൻ…. അയാളെന്നെ കൊണ്ടുപോയി തള്ളിയിട്ടാലോ…..
ഞാൻ എന്റെ ഒരു പൊൻമാൻനീലക്കളർ ദാവണിയും മാച്ചിംഗ് കമ്മലുകളും കുപ്പിവളകളും എല്ലാം എടുത്ത് എന്റെ ബാഗിൽ വച്ചു….. അപ്പോഴേക്കും അമ്മ വിളിച്ചു… ഞാൻ പുറത്തേക്ക് തല വെളിയിലിട്ട് നോക്കി… ഇനി പുറത്ത് നിൽപ്പുണ്ടെങ്കിലോ….. ഏയ് ഇല്ല… ഞാൻ അമ്മേടടുത്തേക്ക് ഓടിച്ചെന്നു… കടുവയും അച്ഛനും സച്ചുവേട്ടനും അമ്മയും ഊൺമേശയ്ക് ചുറ്റും ഇരിക്കുന്നുണ്ട്… ചക്കപ്പായസം എല്ലാവരുടേയും മുന്പിൽ വിളമ്പി വച്ചിട്ടുണ്ട്… അമ്മ എനിക്കും വിളമ്പിത്തന്നു….. കടുവ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്… ഞാൻ നന്നായിട്ടൊന്ന് ഇളിച്ച് കാണിച്ചിട്ട് സച്ചുവേട്ടന്റെ അടുത്ത് പോയിരുന്നു…
അപാര ടേസ്റ്റാട്ടോ ….. സംഭവം പൊളിച്ചു… കലക്കി…. തിമിർത്തു… കടുവയും ഞാനും ഒഴികെ ബാക്കിയെല്ലാവരും കഴിച്ചെണീറ്റു…. അങ്ങേര് രണ്ടിടങ്ങഴി കഴിച്ചുകാണും….. ഹും… ഞാൻ പതിയെ കഴിക്കാറുള്ളൂ…. ആസ്വദിച്ചു കഴിച്ചു…. പ്ലേറ്റ് കാലിയായപ്പോൾ ഞാൻ സ്പൂൺ മാറ്റി വച്ചിട്ട് കൈകൊണ്ട് തൊട്ട് നക്കാൻ തുടങ്ങി… ഞാൻ നോക്കുമ്പോൾ കടുവ അയ്യേന്നുള്ള ഭാവത്തിൽ ഇരിക്കുവാ….. അങ്ങേരെ വെറുപ്പിക്കാൻ കിട്ടുന്ന അവസരമല്ലേ…. ഞാനത് നന്നായി മുതലാക്കി… കൈമുഴുവൻ നക്കി……. കടുവ ഇതെന്ത് ജന്മം എന്നു പറഞ്ഞുകൊണ്ട് പായസം എടുത്തോണ്ട് പോയി…. ************** പഴുത്ത ചക്കയുടെ മണമടിച്ചുകൊണ്ടാണ് ഞാൻ അടുക്കളയിലേക്ക് പോയത്… അവിടെ ചെന്നപ്പോൾ എനിക്കും മുൻപേ ഹാജരായിട്ടുണ്ട് താടക…..
സ്ലാബിൽ കേറിയിരുന്ന് കാലും ആട്ടിയാട്ടി ചക്കപ്പഴം വെട്ടി അറയുവാ…. ഇവളുടെ വയറ്റിൽ കോഴിക്കുഞ്ഞുണ്ടോ എന്തോ…. ഞാനൊന്നു നോക്കിയപ്പോൾ അവൾക്കൊടുക്കത്തെ പുച്ഛം… പിന്നെ ഞാനും മൈൻഡ് ചെയ്തില്ല… ഫോണിൽ തോണ്ടിയിരുന്നു….. സജി ഫോൺ വിളിച്ചപ്പോൾ സംസാരിക്കാൻ പുറത്തേക്ക് പോയി.. തിരികെ വരാൻ നേരം അവള് ഫോണിൽ അച്ഛനോട് സംസാരിക്കുകയായിരുന്നു… അദ്ദേഹത്തോട് പറഞ്ഞപ്പോൾ കണ്ണേട്ടൻ എന്നു പറഞ്ഞു തേനും പാലും ഒഴുക്കുന്നുണ്ടായിരുന്നു… ഹും….. മുഖത്ത് നോക്കി ഒരുളുപ്പും ഇല്ലാതെ കടുവേന്നും രാക്ഷസനെന്നും വിളിക്കുന്ന ശൂർപ്പണഖയാ…. വിനയകുനയയായുള്ള വർത്താനം കണ്ടാൽ എടുത്ത് കിണറ്റിലിടാൻ തോന്നും….
ഒന്നും രണ്ടും പറഞ്ഞു ഉടക്കിയപ്പോൾ എന്റെ നേരെ കൈയ്യും ചൂണ്ടി നിൽക്കുവാ ഭദ്രകാളി… എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യമായതുകൊണ്ടാ കൈ പിടിച്ചു തിരിച്ചത്… കരഞ്ഞോണ്ടൊക്കെ നിന്നിട്ട് പെട്ടെന്ന് എന്റെ തോളിലൊരു കടി…. ഞാനത് പ്രതീക്ഷിച്ചതേയില്ല….. കണ്ണിൽ കൂടി പൊന്നിച്ച പാറി… പല്ലടിച്ച് താഴെയിടാനുള്ള കലിയാ വന്നത്… പക്ഷേ അപ്പോഴേക്കും അവൾ ഓടിക്കഴിഞ്ഞു.. ഇമ്മാതിരി ഓട്ടം ഒളിംപിക്സിൽ ഓടിയിരുന്നേൽ ഏതേലും മെഡൽ കിട്ടുമായിരുന്നൂ…… പിന്നെ ചക്കപ്പായസം കഴിക്കാൻ നേരത്താ കണ്ടത്….. അവസാനം ജന്തു കൈ നക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാതെയായിപ്പോയി….. ഇങ്ങനൊരു അവതാരം….
ഇതിനെ സൃഷ്ടിച്ച ശേഷം ദൈവം അച്ചൊടിച്ച് കഴിഞ്ഞുകാണും… ഈ കുരിശിനേം കൊണ്ടാണല്ലോ ഞാൻ വൈകിട്ട് പോകേണ്ടത്…. *************** വൈകുന്നേരം നാല് മണിയോടെ ഞാൻ റെഡിയായി ഇറങ്ങി… ഞാനെന്റെ ഇഷ്ടപ്പെട്ട കറുപ്പും വെള്ളയും ചേർന്ന ചുരിദാറായിരുന്നു ധരിച്ചത്…. മുറ്റത്ത് കടുവ ബുള്ളറ്റിൽ പല്ലും കടിച്ച് ഇരുപ്പുണ്ട്…. ഒരു കറുത്ത ഷർട്ടും അതേ കരയുള്ള മുണ്ടും…. ഐവാ…. അടാർ ലുക്കാണ്…. പക്ഷേ വാ തുറന്നാൽ തീർന്നു… സച്ചുവേട്ടൻ എവിടെയോ പോയിരിക്കുവാ…. അതുകൊണ്ട് രാത്രിയേ അവിടേക്ക് വരുള്ളൂ…. എല്ലാവരും വന്നിട്ട് രാത്രിയിൽ ഘോഷയാത്ര കാണാൻ പോകും……
ഞാൻ പതിയെ ബാഗും എടുത്തു കൊണ്ട് വരികയാണ്…. “എടീ മന്ദാകിനി ഒന്നനങ്ങി വാ…. ഇല്ലേൽ ഞാനിവിടെ ഇട്ടിട്ട് പോകും…” “മന്ദാകിനിയോ അതാരാ……” “മന്ദം മന്ദം നടക്കുന്ന നിന്നെ ഞാൻ പിന്നെ കുർള എക്സ്പ്രസ് എന്ന് വിളിക്കണോ…. വന്ന് കേറടീ……” അലർച്ച കേട്ടതും ഞാൻ പാഞ്ഞ് ചെന്നു…. അടുത്തെത്തിയപ്പോൾ ആകെ കൺഫ്യൂഷൻ.. എങ്ങനെ ഇരിക്കണം…. ഒരു സൈഡ് ഇരിക്കാൻ എനിക്ക് പേടിയാ… അങ്ങേരുടെ പുറകെ രണ്ട് സൈഡും കാലിട്ട് ഇരിക്കുന്നതെങ്ങനെയാ…. “കഥകളി കാണിക്കാതെ കേറണുണ്ടോ നീ….” രണ്ടും കൽപ്പിച്ച് ഒരു സൈഡ് ഇരുന്നു… “ഇരിക്കുന്നതൊക്കെ കൊള്ളാം…. എന്റെ ദേഹത്ത് മുട്ടാൻ പാടില്ല…. കേട്ടല്ലോ….” ( പിന്നെ മുട്ടാൻ പറ്റിയ സാധനം…. പാടത്ത് വയ്ക്കുന്ന കോലം പോലുണ്ട്… എന്റെ പട്ടി മുട്ടും…. -. ആത്മ )
“മ്……” “എന്ത് ‘മ്’ ? നാവില്ലേ നിനക്ക്… കേട്ടോ എന്നാ ചോദിച്ചത് ?” “കേട്ടു……” ഞാൻ ഒരു കൈകൊണ്ടു കമ്പിയിലും മറു കൈ കൊണ്ട് ബാഗിലും മുറുകെ പിടിച്ചു… അങ്ങേരാണേൽ കൊടുംകാറ്റിൽ കരിയില പറക്കും പോലെ പറപ്പിക്കുവാ ബുള്ളറ്റ്… കടുവയുടെ മേലേ തട്ടാതിരിക്കാൻ പരമാവധി ഞാൻ പരിശ്രമിക്കുന്നുണ്ട്…. ഇനിയും ഇങ്ങനെ ഇരുന്നാൽ ഞാൻ വീഴും എന്ന് തോന്നി…. അങ്ങേരോട് പറയാൻ പേടി…. പറഞ്ഞില്ലേൽ ഞാൻ ഓർമ്മയാകും… ആലോചിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു… ഞാൻ ങീ…ങീ… എന്നും പറഞ്ഞിരുന്നു മോങ്ങാൻ തുടങ്ങി…. കടുവ പെട്ടെന്ന് വണ്ടി നിർത്തി…. “എന്താടീ മേക്കോന്ന് പറഞ്ഞു കാറുന്നത്…..” ഞാൻ കരച്ചിലിന്റെ വോളിയം കൂട്ടി….
“നീ കരച്ചിൽ നിർത്തുന്നോ ഞാൻ ഈ റോഡിൽ ഇട്ടിട്ട് പോണോ…..” ഓഹ്….ഗോഡ്…. എനിക്കീ പ്രദേശത്തെ വഴിയറിയില്ല…. അല്ലാരുന്നേൽ കാണാർന്നു… ഹും…. സില്ലി കടുവ…. “എനിക്ക് ഇങ്ങനെയിരിക്കാൻ ബാലൻസ് ഇല്ല.” “പിന്നെന്തിനാ വലിഞ്ഞ് കേറി ഒരു സൈഡ് ഇരുന്നത്…..” ഞാൻ മുഖം കുനിച്ചു നിന്നു… “താഴെ ഇറങ്ങെടി…. എന്നിട്ട് പറ്റുന്ന രീതിയിൽ കേറി ഇരിക്ക്…..” ഞാൻ ചാടിയിറങ്ങി… ഒരു വിധം രണ്ട് സൈഡും കാലിട്ട് ഇരുന്നു… ശ്ശൊ പൊക്കമില്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളാ… അങ്ങേരെ പിടിച്ചു കേറാൻ പറ്റില്ലല്ലോ… ജാഡ കടുവ…… ഇരുന്ന ശേഷം ഞാൻ ബാഗെടുത്ത് എന്റെ മുന്നിൽ വച്ചു…. രണ്ട് മണിക്കൂർ യാത്ര ഉണ്ടായിരുന്നു… അവിടെ എത്തിയപ്പോൾ കടുവ എന്നെ തട്ടി വിളിച്ചു…
അപ്പോഴാണ് ആ നഗ്നസത്യം ഞാൻ അറിയുന്നത്… തൊടരുത് എന്ന് പറഞ്ഞ ഐറ്റത്തിന്റെ പുറത്ത് തലയും വച്ച് വയറില് കെട്ടിപ്പിടിച്ച് ഞാൻ ഇത്രേം നേരം ഉറങ്ങുകയായിരുന്നു എന്ന സത്യം…. ഞാൻ വേഗം വണ്ടിയിൽ നിന്നും ചാടി ഇറങ്ങി… എനിക്കാണേൽ കടുവയുടെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നി…. എന്തൊക്കെയായിരുന്നു…. നീങ്ങിയിരിക്കുന്നു… ബാഗ് വയ്ക്കുന്നു…. ലാസ്റ്റ് ബോധം വന്നപ്പോൾ അങ്ങേരുടെ മണ്ടയ്ക് കിടക്കുന്നു.. അല്ലേലും ഉറക്കം വന്നാൽ ഉണക്കത്തടിയും എനിക്ക് ഡ്യൂറോഫ്ലെക്സിന്റെ മെത്തയാ….. ഈ ഉറക്കം കാരണം മനുഷ്യൻ നാണം കെട്ടു… അപ്പോഴേക്കും രാജി വന്നു….
അവളെന്നെയും വിളിച്ചുകൊണ്ട് പോയി എല്ലാവരെയും പരിചയപ്പെടുത്തി… കടുവ പാപ്പനോട് കത്തി വെയ്കുന്നുണ്ട്…. ജലജമ്മ എനിക്കും കടുവയ്കും കുടിക്കാൻ ചായ തന്നു….. “മോളേ…. മോളുടെ മുഖത്ത് നല്ല യാത്രാക്ഷീണം ഉണ്ട്.. കുറച്ചു നേരം കിടന്നോളൂ…. രാത്രിയേ അമ്പലത്തിൽ പോകുള്ളു….” ഞാനും രാജിയും ഒരു മുറിയിലാണ്…. അവൾ ഫോണിൽ സിനിമ കണ്ടുകൊണ്ടിരുന്നു…. ഞാനവളുടെ മടിയിൽ കിടന്നുറങ്ങി… ************** എങ്ങനേലും അവിടെത്തിയാൽ ആ കുരിശിനെ കൊണ്ട് പ്രതിഷ്ഠിക്കാം എന്നായിരുന്നു എന്റെ ചിന്ത… പക്ഷേ ആ മറുത ഒന്നിറങ്ങി വരണ്ടേ…. ഇവളുടെ കല്യാണം ഒന്നുമല്ലല്ലോ ഇങ്ങനെ ഒരുങ്ങാൻ…. ആലോചിച്ച് നിൽക്കുമ്പോളാണ് പെണ്ണ് മന്ദം മന്ദം നടന്നു വരുന്നത്…. അത്ര വല്യ മേക്കപ്പൊന്നും ചെയ്തിട്ടില്ല….
ആമയെപ്പോലെ ഇഴഞ്ഞ് വരുന്നത് കണ്ട് ഞാൻ വഴക്കും പറഞ്ഞു…. വന്ന് വന്ന് പെണ്ണിന് എന്റേന്ന് വഴക്ക് കേൾക്കാണ്ടിരിക്കാൻ പറ്റാണ്ടായിട്ടുണ്ട്…. അതുകൊണ്ട് തന്നെ ഗുളികപോലെ ഞാൻ തന്നെ ദിവസം മൂന്ന് നേരം ആഹാരത്തിന് മുമ്പോ പിൻപോ നല്ല വൃത്തിയായിട്ട് വഴക്ക് കൊടുക്കാറുണ്ട്…. മനപ്പൂർവം ഒന്നുമല്ല… പക്ഷേ അവളുടെ ചില നേരത്തെ പ്രവർത്തി കണ്ടാൽ കയ്യില്ലാത്തവൻ കൈ ഉണ്ടാക്കി അടിക്കും… അതാ ഇനം…. ബുള്ളറ്റിന്റെ അടുത്ത് വന്നു നിന്നിട്ട് ഞെരിപിരി കൊള്ളുവാ….. എനിക്കാകെ അങ്ങോട്ട് കലി ഇളകി….. അവൾക്ക് കേൾക്കേണ്ടത് കേട്ടപ്പോൾ ചാടി വണ്ടിയിൽ കയറി…. ഡിസ്റ്റൻസ് ഒക്കെ ഇട്ടാ കൊച്ചമ്മ ഇരുന്നത്…. വണ്ടി കുറച്ചു ഓടിക്കഴിഞ്ഞപ്പോൾ തേങ്ങ തലയിൽ വീണ പട്ടിയെപ്പോലെ ഒരു മോങ്ങൽ കേട്ടു…
ഇതെവിടുന്നെന്ന് നോക്കിയപ്പോൾ ഗ്ലാസിൽ കൂടി കണ്ടു…. പെണ്ണിരുന്ന് കരയുന്നു…. ഇതിപ്പോ എന്താ കഥ…. ഞാൻ വണ്ടി നിർത്തി ചോദിച്ചപ്പോളും മോങ്ങൽ നിർത്തിയില്ല.. അവസാനം ഇവിടിട്ട് പോകുമെന്ന് പറഞ്ഞപ്പോളല്ലേ പെണ്ണ് കാര്യം പറഞ്ഞത്.. വേറൊന്നും അല്ല ഒരു സൈഡിൽ ഇരിക്കാൻ അറിയില്ല…. പാവം തോന്നി…. ഇറങ്ങി പറ്റുന്ന രീതിയിൽ ഇരിക്കാൻ പറഞ്ഞു… പൊക്കമില്ലാത്തോണ്ടും എന്നെ പിടിച്ചു കേറാനുള്ള ധൈര്യമില്ലാത്തോണ്ടും ഏന്തിവലിഞ്ഞ് എങ്ങനൊക്കെയോ കയറി…. അടക്കാക്കുരുവീടത്രേ ഉള്ളെങ്കിലും അഹങ്കാരത്തിന് കുറവൊന്നൂല്ല….
ബാഗെടുത്ത് അവൾക്ക് മുന്നിലും വച്ചു… പിന്നീട് അതെന്തിനാ എന്നുവരെ എനിക്ക് തോന്നി… അതെന്താന്ന് ചോദിച്ചാൽ അര മണിക്കൂർ കഴിയും മുൻപ് എന്റെ മുതുകത്തോട്ട് ചാഞ്ഞ് എന്നേം കെട്ടിപ്പിടിച്ചു ഉറക്കമായി…. വല്ലാത്തൊരു ഫീൽ…. അവളെ ഉണർത്താൻ തോന്നിയില്ല…. അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു… പക്ഷേ അവയെന്നെ ശല്യപ്പെടുത്തിയില്ല…. വീടെത്തി തട്ടിയുണർത്തിയപ്പോൾ പെണ്ണ് ചമ്മി നിൽപ്പായിരുന്നു…. അവളവിടെ നിന്നും ഓടിപ്പോയിട്ടും അവളുടെ ഗന്ധം എന്റെ ഷർട്ടിൽ തങ്ങി നിന്നു…….
(തുടരും)