Tuesday, December 17, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 13

എഴുത്തുകാരി: ജീന ജാനകി

എത്ര നേരം കഴിഞ്ഞെന്നറിയില്ല…. അച്ഛനും അമ്മയും എന്റെ കൂടെ റൂമിൽ തന്നെ ഇരുന്നു…. കരച്ചിലൊന്നടങ്ങിയെന്ന് തോന്നിയപ്പോൾ മീനൂട്ടി മൗനം ഭഞ്ജിച്ചു…. “മോളേ ചക്കീ…..” “മ്……” “മോൾക്കിപ്പോൾ ആശ്വാസം തോന്നണുണ്ടോ?” “മ്…….” “മോളോട് അമ്മ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ?” “എന്തിനാ അമ്മേ മുഖവുരയൊക്കെ….. ചോദിക്കൂ….” “മോൾക്കെന്താ ഇത്ര പേടി…. അമ്മയോട് പറ………” ഞാൻ ഒന്ന് ഉയർന്നിരുന്നു… ശേഷം കൈകൾ കൊണ്ട് കണ്ണുനീർ തുടച്ചു….. അമ്മയേയും അച്ഛനേയും നോക്കി മങ്ങിയൊരു ചിരി ചിരിച്ചു…… എന്റെ ഓർമ്മകൾ പുറകിലേക്ക് ഓടി….. ഞാൻ പറയുവാൻ തുടങ്ങി…. ”

പഴമയുടെ പ്രൗഢിയിൽ വിളങ്ങിയ അറിയപ്പെടുന്ന ഒരു തറവാട്ടിൽ തന്നെയായിരുന്നു എന്റേയും ജനനം…. ശ്രീമംഗലം തറവാട്…. നഗരത്തിന്റെ തിരക്കുകളിലൊന്നും ഉൾപ്പെടാതെ പച്ചപ്പാടങ്ങളും കുളങ്ങളും മലകളും എല്ലാം കൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമം….. സ്വന്തമായി നെൽപ്പാടങ്ങളും ഭൂസ്വത്തുക്കളും… ജോലിക്കാർക്കെല്ലാം തറവാടിന്റെ മുറ്റത്ത് തന്നെ ആഹാരം നൽകുന്ന പതിവും അന്നുണ്ടായിരുന്നു… പഴയ ജന്മി സമ്പ്രദായം എന്നൊക്കെ പറയാം….. തറവാട്ടിലെ മുതിർന്ന കാരണവർ പത്മനാഭൻ.. ഭാര്യ സരസമ്മ…. ഇവർക്ക് ആറുമക്കൾ…. സുധീരൻ , സുധാകരൻ, സുമതി , സുഷമ , സുശോഭന , സുമിത്ര….. അന്നൊക്കെ പെൺപ്രജകൾക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ല….

എല്ലാം നോക്കി നടത്തിയിരുന്നത് കാരണവരും…. കുടുംബത്തിനായ് നിർമ്മിച്ചിരിക്കുന്ന പാർവതീക്ഷേത്രമാണ് എല്ലാവരുടെയും ആരാധനാലയം….. നിനച്ചിരിക്കാതെയായിരുന്നു കാരണവർ അസുഖം വന്ന് മരിച്ചത്…. കുടുംബത്തിനേറ്റ അടിയായിരുന്നു അത്… പിന്നാലെ തന്നെ ജന്മിത്വവ്യവസ്ഥക്കെതിരെയുള്ള ബിൽ പാസാക്കിയത്….. എല്ലാം കൊണ്ടും തകർച്ചയുടെ വക്കിലെത്തിയ കുടുംബത്തെ സംരക്ഷിക്കാനും ഇളയവരെ പഠിപ്പിക്കുവാനും മൂത്തവനായ സുധീരൻ പഠനമുപേക്ഷിച്ച് ജോലിക്കിറങ്ങി…. രാപ്പകലില്ലാതെ കൂലിപ്പണികൾ ചെയ്തു സഹോദരങ്ങളെ പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചയച്ചു… കൂട്ടത്തിൽ സുധീരന്റെ കല്യാണം രമാദേവിയുമായി നടന്നു….

എല്ലാർക്കും വേണ്ടി ഇടതടവില്ലാതെ അധ്വാനിച്ചത്കൊണ്ട് തന്നെ അയാൾ അവശനായി മാറിയിരിക്കുന്നു… അച്ഛന്റെ അവസ്ഥ കണ്ട് അധികം ആഗ്രഹങ്ങൾ പറയാതെ തന്നെ അദ്ദേഹത്തിന്റെ മക്കൾ നന്നായി പഠിച്ചു… ഷീനയും ഷിനുവും…. ഷീനയാണ് മൂത്തവൾ…. പത്തൊൻപതാമത്തെ വയസിൽ ഷീന ദിനേശന്റെ സഹധർമ്മിണിയായി….. അവർ പരസ്പരം ഒരുപാട് സ്നേഹിച്ചു…. അവരുടെ സ്നേഹത്തിന്റെ അടയാളമായി ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ രൂപം കൊണ്ടു….. അമ്മയുടെ പ്രസവസമയം എന്റെ അച്ഛയെ ഒരുപാട് സമ്മർദ്ദത്തിലാഴ്ത്തി….. മാസം തികയും മുമ്പേ ബ്ലീഡിംഗ് ഉണ്ടായ അമ്മയേം എടുത്തു അലറിക്കരഞ്ഞുകൊണ്ട് ഓടുന്ന അച്ഛയെക്കുറിച്ച് അച്ഛമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്…..

ആരെയെങ്കിലും ഒരാളെ മാത്രമേ കിട്ടുള്ളൂ എന്ന അവസ്ഥയിൽ നെഞ്ച് പൊടിഞ്ഞ് കൊണ്ട് അമ്മയെ വേണം എന്നു അച്ഛ പറഞ്ഞു…. ഓരോ നിമിഷവും മനസ്സിൽ താലോലിച്ച കുഞ്ഞിന്റെ ഓർമ്മയിൽ ആ മനുഷ്യൻ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു… പക്ഷേ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയ എന്നിൽ ജീവൻ വീണ്ടും തുടിച്ചത് എന്റെ അച്ഛയുടെ പ്രാർത്ഥന കൊണ്ടായിരിക്കാം… പിന്നെ എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛയെന്റെ കൂടെയുണ്ടായിരുന്നു… ഇതിനിടയിൽ അപ്പാപ്പൻ (അമ്മയുടെ അച്ഛൻ) ഞങ്ങളെ വിട്ടു പോയി….

എനിക്കൊരു അനിയൻ ജനിച്ചു… ഇടയ്ക്ക് കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായത് കാരണം അമ്മയുടേയും അച്ഛയുടേയും പേരിലുള്ള സ്ഥലമൊക്കെ വിൽക്കേണ്ടി വന്നു……. അച്ഛ തയ്യൽ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചു… രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു…. പാവം… പക്ഷേ ചില വാക്തർക്കങ്ങളുടെ പേരിൽ അച്ഛയ്ക് ആ ജോലിയും നഷ്ടപ്പെട്ടു….. ആകെ തകർന്നു പോയി ആ മനുഷ്യൻ… ജീവിതത്തിൽ തോറ്റുപോയെന്ന് പതം പറഞ്ഞ് സ്വയം നശിക്കാൻ തുടങ്ങി… രാത്രി സമാധാനത്തോടെ ഉറങ്ങിയിരുന്ന എന്റെ വീടിനുള്ളിൽ കലഹം പതിവായി…. അച്ഛയുടേയും അമ്മയുടേയും വഴക്കിനും കരച്ചിലിനും സാക്ഷിയാകാതെയിരിക്കാൻ അമ്മ എന്നെ മുറിയിലാക്കി വാതിലടച്ചു… ആദ്യമായി ഞാൻ ഒറ്റപ്പെട്ടു….

ചുറ്റും വഴക്കുകളും കരച്ചിലും എന്റെ ചെവികളിൽ മുഴങ്ങിക്കേട്ടു…. ചുമരിന്റെ മൂലയിൽ കാൽമുട്ടുകളിൽ മുഖമമർത്തി ചെവികൾ പൊത്തി ഞാൻ കരഞ്ഞു….. അങ്ങനെയെത്രയെത്ര രാത്രികൾ…. സഹികെട്ട് എന്നെയും അനിയനേയും കയ്യിലെടുത്ത് ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന അമ്മയുടെ മുഖം ഇന്നും എന്റെ കണ്ണുകളിൽ ഉണ്ട്…. പക്ഷേ മാതൃവാത്സല്യത്തിന് മുമ്പിൽ അമ്മ പതറിപ്പോയി…. അങ്ങനെ അവസാനം കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഒരു ജോലി… ബേക്കറിയിൽ…. അവിടെ ജോലിചെയ്തെന്റെ അമ്മ വീട്ട് ചിലവുകൾ നോക്കി… പക്ഷേ അച്ഛ മദ്യപാനം നിർത്തിയില്ല…. ഒരു ദിവസം രാത്രിയിൽ അമ്മയോട് വഴക്കിട്ട അച്ഛയ്ക് നേരേ ഞാൻ പൊട്ടിത്തെറിച്ചു…

എന്റെ പഴയ അച്ഛയെ വേണം എന്ന് പറഞ്ഞു ആ കാലുകളിൽ കെട്ടിപ്പിടിച്ചു കരഞ്ഞു…. അന്ന് എന്നെയും അനിയനേയും അമ്മയേയും കെട്ടിപ്പിടിച്ചു അച്ഛ കരഞ്ഞു…. എനിക്ക് കുറേ നാളുകൾക്ക് ശേഷം ആഹാരം വാരിത്തന്നു…. പിന്നെ രണ്ടുപേരും കൂടി ഒരുമിച്ച് അധ്വാനിച്ചിട്ടാണ് ഇന്ന് കാണുന്ന നിലയിലെത്തിയത് …. എങ്കിലും കുഞ്ഞുനാളിൽ എന്റെ ഉള്ളിലേറ്റ മുറിവ് , അത് മാത്രം മാഞ്ഞുപോയില്ല…. ഇന്നും ഇരുട്ടിൽ ഒറ്റയ്കാകുമ്പോൾ ആ ദിവസങ്ങളിൽ പേടിച്ചു കരഞ്ഞ ആ പത്തുവയസുകാരിയായി ഞാൻ മാറിപ്പോകുന്നു…..” ഞാൻ നോക്കുമ്പോൾ മീനൂട്ടിയും അച്ഛനും കണ്ണ് തുടയ്കുന്നു… ഞാനവരെ നോക്കി ചിരിച്ചു… അമ്മയും അച്ഛനും എനിക്ക് ഉമ്മ തന്നു… ”

അമ്മേ ഞാൻ ഒന്ന് കിടക്കട്ടെ… എന്റെ കൂടെ കിടക്കുമോ ?” “പിന്നെന്താ… കിടക്കാല്ലോ… പക്ഷേ അതിന് മുമ്പ് ആഹാരം കഴിക്കണം….” “വേണ്ടമ്മേ….വിശപ്പില്ല….” “അമ്മേട മോളല്ലേ…. ” അവസാനം നിർബന്ധത്തിന് വഴങ്ങി… അമ്മ എനിക്ക് വാരി തന്നു. അടുത്തിരുന്ന് എന്നെ ഉറക്കി…… ************* മുറിയിലേക്ക് പോയിട്ടും ഇരുപ്പുറച്ചില്ല…. പുറത്തേക്ക് വന്ന സമയത്താണ് അവൾ സംസാരിക്കുന്നത് കേട്ടത്…. അവളുടെ ജീവിതത്തിലെ നല്ലതും ഇരുണ്ടതുമായ അധ്യായങ്ങൾ കേട്ടപ്പോൾ കണ്ണുകളിൽ ഒരു നനവ്… അമ്മയുടേയും അപ്പയുടേയും സ്നേഹലാളനങ്ങളേറ്റ് അവൾ കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ഉറങ്ങുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിലും ഏതോ അദൃശ്യ വികാരത്തിന്റെ വേലിയേറ്റം ഞാനറിഞ്ഞു….

വളരെ വൈകിയാണ് ഞാനുണർന്നത്… എണീറ്റ് നോക്കിയപ്പോൾ ഉമ്മറത്ത് നോക്കുകുത്തി പോലെ കൊച്ചമ്മ ഇരുപ്പുണ്ട്… പക്ഷേ പഴയ ഉഷാറില്ല…. ഇവളിനി ഉഷാറാവണമെങ്കിൽ വഴക്കിടണം…. അതിനെന്താ വഴി…… ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു….. അറിഞ്ഞഭാവം ഇല്ല…. “ടീ ജലകന്യകേ……” അവളെന്നെയൊന്ന് ഉഴപ്പിച്ച് നോക്കി… എന്നിട്ട് വീണ്ടും തിരിഞ്ഞിരുന്നു…. “ടീ നിനക്കെന്താ ചെവി കേട്ടൂടെ…..” “തനിക്കെന്താ വേണ്ടേ ? ” “എനിക്ക് വേണ്ടത് തരാൻ നീയാരാ കാമധേനു ആണോ ?” “ഇയാളെന്തിനാ എന്നോട് മിണ്ടുന്നേ ?” “എന്റെ വീട് , എന്റെ നാവ് , ഞാൻ മിണ്ടും…..” “കേൾക്കുന്നത് എന്റെ ചെവിയല്ലേ…..” “ടീ അടങ്ങെടീ….. നിന്ന് തിളയ്കാതെ…..” പെണ്ണ് ദേഷ്യം കൊണ്ട് ചവിട്ടി മെതിക്കണുണ്ട്….

മര്യാദയ്ക്ക് അടങ്ങിയിരിക്കുമ്പോളാ കടുവ വന്ന് ചൊറിയുന്നത്…. എന്ത് സ്വഭാവമാ ഇങ്ങേർക്ക്…. ചിലപ്പോൾ പാവം…. ചിലപ്പോൾ തനി മുരടൻ… സത്യായിട്ടും എടുത്തു കിണറ്റിലിടാൻ തോന്നും…. അങ്ങേരുടെ ഒരു പിണ്ണാക്ക്…. അയാൾ തിരിഞ്ഞു നടന്നു…. ഹും…. രാക്ഷസൻ….. പറഞ്ഞത് ഉള്ളിലായിരുന്നെങ്കിലും വോളിയം ലേശം കൂടിപ്പോയി…. കടുവ അത് കേൾക്കുകയും ചെയ്തു…. ദൈവമേ…. കുംഭത്തിലെ കുമരന്ക്ക് കൊണ്ടാട്ടം….. ആ താളത്തിൽ മ്മടെ ഖൽബ് ചറപറാ ഇടി തുടങ്ങി….. തലയിലെ കിളികൾ കൂട്ടം തെറ്റി പാറിപ്പറന്ന് പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് എന്ന പാട്ട് പാടുകയാണ്….. കടുവ എന്റെ അടുത്തേക്ക് വന്നു… ഞാൻ തല പിന്നോട്ടാക്കി….

അയാളുടെ മുഖം എന്റെ മുഖത്തിന് നേരെ വന്നു…. ഞാൻ കണ്ണുകളടച്ചു….. കടുവ പതിയെ എന്റെ കാതുകളിൽ പറഞ്ഞു : “രാക്ഷസൻ അല്ല…. രാവണൻ…..” സംസാരിച്ചപ്പോൾ കടുവയുടെ ചുടുനിശ്വാസം എന്റെ കാതുകളിൽ തട്ടി….. ശ്ശൊ… എന്റെ സാറേ വൈബ്രേഷൻ വൈബ്രേഷൻ…. ചുറ്റുമുള്ളതൊന്നും ഞാൻ കാണുന്നുമില്ല കേൾക്കുന്നുമില്ല…. ആകെ വിജ്രംഭിച്ചു പോയി ഞാൻ.. കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കടുവ നടന്ന് പോയി കഴിഞ്ഞു…. ഇപ്പോ എന്താ ഇവിടെ നടന്നേ….. ടോട്ടൽ കൺഫ്യൂഷൻ… ആഹ്… എന്തോ ആകട്ടെ.. മ്മക്ക് എന്ത് ? കടുവയൊരു ചുരുളഴിയാത്ത കടൽ പോലെ എന്റെ ഉള്ളിൽ പതിഞ്ഞു…..

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 12