Tuesday, December 17, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 5

എഴുത്തുകാരി: പാർവതി പാറു

പിറ്റേന്ന് വൈകുന്നേരം സ്കൂൾ മഴകാരണം നേരത്തെ വിട്ടു… അമർ ആനിക്കൊപ്പം അവൻ താമസിക്കുന്ന അഗതിമന്ദിരത്തിലേക്ക് പോന്നൂ…. വൃന്ദാവനം…. അതായിരുന്നു ആമിറിന്റെ ലോകം…. ഇരുപതോളം അന്ദേവാസികൾ ഉള്ള ചെറിയ ഒരു സ്ഥലം… അതിന്റെ മുന്നിൽ ഉള്ള പൂന്തോട്ടത്തിന്റെ നടുവിലായി ഉള്ള മംഗോസ്റ്റ് മരത്തിന്റെ ചുവട്ടിൽ നിന്നായിരുന്നു 14 വർഷം മുന്നെ അവർക്ക് ദിവസങ്ങൾ മാത്രം പ്രായമായ അമറിനെ കിട്ടുന്നത്…. അവർ അവനെ വളർത്തി…. ആ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും ഇടയിൽ അവൻ വളർന്നു….

ആനിയെ അവനെല്ലാവർക്കും പരിചയപ്പെടുത്തി….. വരാന്തയുടെ അറ്റത്ത് മഴയും കണ്ട് അവർ ഇരുന്നു.. ഒരു മുത്തശ്ശി കട്ടൻചായയും ചൂട് പരിപ്പുവടയും അവർക്ക് കൊണ്ട് കൊടുത്തു… ഇതെന്താ അമർ… അവൾ പരിപ്പുവട കൈയിൽ എടുത്തു ചോദിച്ചു… ഇത് പരിപ്പുവട താൻ ഇത് വരെ കഴിച്ചിട്ടില്ലേ….. എനിക്ക് ഇതൊക്കെ ഉണ്ടാക്കി തരാൻ ആരാ ഉള്ളേ… മമ്മിക്കും പപ്പക്കും എപ്പോഴും തിരക്ക് ആയിരുന്നു… വീട്ടിൽ എന്നെ നോക്കാൻ വന്നിരുന്ന അമേരിക്കക്കാരി ഉണ്ടാക്കിത്തരുന്ന ഫുഡ്‌ മാത്രമേ ഞാൻ കഴിച്ചിട്ടുള്ളൂ…. ഞാനെത്ര ആഗ്രഹിച്ചിട്ടുണ്ടെന്നോ മമ്മിക്കും പപ്പക്കും ഒപ്പം കുറച്ചു സമയം….

മമ്മിയെയും പപ്പയെയും ഒരുമിച്ച് കാണുന്നതേ വല്ലപ്പോഴും ആണ്…. അവൾ മഴയിലേക്ക് കണ്ണും നട്ട് പറഞ്ഞു…. അമർ അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം അവളുടെ കൈകൾ അവന്റെ കൈകളിൽ ചേർത്ത് വെച്ചു… താൻ ലക്കി ആണ് അമർ… അച്ഛനും അമ്മയും ഇല്ലെങ്കിൽ എന്താ.. തന്നെ സ്നേഹിക്കാൻ എത്ര പേരാ…. എന്നാൽ ഇനി മുതൽ തന്നെ സ്നേഹിക്കാനും അവരൊക്കെ ഉണ്ടാവും… അവൾ അവനെ നോക്കി ചിരിച്ചു… പരിപ്പുവട ഒന്ന് കടിച്ചു… അതൊരു തുടക്കം ആയിരുന്നു ഒരു പുതിയ ബന്ധത്തിന്റെ…. ആരോരും ഇല്ലാതിരുന്ന ആ പാവം പയ്യന് ഒരു നല്ല സുഹൃത്തിനെയും അച്ഛനെയും കിട്ടി…. അവന്റെ കൊച്ചു ലോകത്തേക്ക് അവർ രണ്ടുപേരും കൂടി കടന്നു വന്നു….

ആനി എന്നും അവനൊരു നല്ല സുഹൃത്ത് ആയിരുന്നു…. അവന്റെ ഏകാന്തതകളെ കൂട്ടിരുന്ന് കളിപറഞ്ഞു ഇല്ലാതാക്കുമായിരുന്നു അവൾ…. അവന്റെ വേദനകളെ സന്തോഷം കൊണ്ട് ഒളിപ്പിച്ചു വെക്കുമായിരുന്നു അവൾ…. അവന്റെ സ്വപ്നങ്ങൾക്ക് പുതിയ മുഖങ്ങൾ നൽകാൻ കൂടെ നിൽക്കുമായിരുന്നു അവൾ…. നാലു ആ വർഷങ്ങൾ അവൾ ഒരിക്കൽ പോലും അവൾ അവനെ തനിച്ചാക്കിയിരുന്നില്ല…. അവൾ ഒരു സുഹൃത്ത് എന്നതിലുപരി അവന്റെ ഉള്ളിൽ മറ്റാരോ ആവുകയായിരുന്നു….. അവനിലെ സൗഹൃദം അവൻ പോലും അറിയാതെ പ്രണയത്തിലേക്ക് വഴിമാറി…..

അവനിലെ സുഹൃത്ത് എപ്പോഴൊക്കെയോ ഒരു കാമുകനായി മാറി…. അവളുടെ നീലക്കണ്ണുകളിൽ പ്രണയം കാണാൻ അവൻ കൊതിച്ചു… അവളുടെ വെളുത്ത് തുടുത്ത കവിളുകൾ പിടിച്ചു വലിക്കാൻ കൊതിച്ചിരുന്ന ആണ്കുട്ടിയിൽ നിന്ന് ഉമ്മവെക്കാൻ കൊതിക്കുന്നവനിലേക്ക് അവൻ മാറി തുടങ്ങി…. പക്ഷെ അവന്റെ പരിമിതികൾ എപ്പോഴും അവനെ പിന്നോട്ട് വലിച്ചു…. മാതാപിതാക്കൾ ആരെന്ന് പോലും അറിയാത്ത താൻ അവളെ അർഹിക്കുന്നില്ലെന്ന അപകർഷതാ ബോധം അവനെ വേട്ടയാടി… പുറമേ അവൾക്ക് മുന്നിൽ നല്ലൊരു സുഹൃത്ത് ആവുമ്പോഴും ഉള്ളിൽ അവനെന്ന കാമുകൻ അവളെ ഗാഢമായി പ്രണയിച്ചുകൊണ്ടിരുന്നു….

അമർ പ്ലസ്ടു കഴിഞ്ഞു…. ആനി പ്ലസ് വണും…. അമറിന് അവന്റെ ആഗ്രഹം പോലെ തന്നെ ജേണലിസത്തിൽ ഡിഗ്രിക്ക് സീറ്റ്‌ കിട്ടി… അവന്റെ നാട്ടിൽ നിന്ന് മൂന്നു മണിക്കൂറോളം യാത്ര ഉണ്ട് കോളേജിലേക്ക്… പപ്പ അവനെ ഹോസ്റ്റലിൽ നിൽക്കാൻ നിർബന്ധിച്ചു… അവന്റെ ചിലവുകൾ എല്ലാം ആനിയുടെ പപ്പ ഏറ്റെടുത്തു…. ഹോസ്റ്റലിലേക്ക് കൊണ്ട് പോവാൻ ഉള്ളതെല്ലാം റെഡി ആക്കുകയാണ് ആനി…. അമർ മുറിയുടെ അറ്റത്ത് കൈകെട്ടി എല്ലാം നോക്കി ഇരിക്കുകയാണ്… അവളെ പിരിയുന്നതിൽ ഉള്ള വേദന അവന്റെ മനസിനെ കുത്തി നോവിച്ചു… ആനിമോളെ ഇതും കൂടി എടുത്തു വെച്ചോ ഇത്തിരി കണ്ണിമാങ്ങ അച്ചാർ ആണ്….

അമർ താമസിക്കുന്ന അഗതി മന്ദിരത്തിലെ ഒരു മുത്തശ്ശി ഒരു കുപ്പി അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു…. അവർ ആമിറിന്റെ അരികിലേക്ക് ചെന്നു… നന്നായി പഠിക്കണം.. ചീത്തകൂട്ട് കെട്ടുകൾ ഒന്നും പാടില്ല….. മിടുക്കൻ ആവണം ട്ടൊ… അവർ അവന്റെ നെറ്റിയിൽ മുത്തികൊണ്ട് പറഞ്ഞു…. ആനി മോളെ…. ഇനി ഇവന് നിന്നെ ഒന്നും വേണ്ടി വരില്ല… കോളേജിൽ നല്ല സുന്ദരികൾ ഉണ്ടാവും…. നിന്നെ അവൻ മറന്നു പോവുമോ… വാതിൽക്കൽ നിൽക്കുന്ന ഒരു അപ്പൂപ്പൻ ആനിയെ കളിയാക്കി കൊണ്ട് പറഞ്ഞു…. അവളുടെ കണ്ണ് നിറഞ്ഞു വന്നു…. അയാൾ പോയപ്പോൾ അമർ അവൾക്കരികിലേക്ക് ചെന്നു…. എന്തിനാ എന്റെ ആനികുട്ടി കരയുന്നേ…

അവളുടെ താടി പുടിച്ചുയർത്തി അവൻ ചോദിച്ചു… അപ്പൂപ്പൻ പറഞ്ഞ പോലെ ഇവിടന്ന് പോയ നീ എന്നെ മറക്ക്വോ… ഇത് നല്ലകഥ ആയി… എന്റെ ആനിയെ മറക്കാൻ എനിക്ക് പറ്റും എന്ന് തോന്നുന്നുണ്ടോ… നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ… കഴിഞ്ഞ നാലു വർഷം ആയി നിന്റെ കൂടെ അല്ലാതെ ഞാൻ സ്കൂളിൽ പോയിട്ടില്ല… നാളെ മുതൽ ഞാൻ ഒറ്റക്കാവില്ലേ…. സാരമില്ല…. ഒരു വർഷം അല്ലേ… പിന്നെ നീ എന്റെ കോളേജിൽ ചേർന്നോ… ഈ ഒരു വർഷം ഞാൻ എങ്ങനെ തള്ളി നീക്കും… ഒരു വർഷം അല്ലേ അതൊക്കെ പെട്ടന്ന് പോവും…. പോവോ…. അവൾ അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു… പോവും… അവൻ അവളുടെ കവിളിൽ വലിച്ചു കൊണ്ട് പറഞ്ഞു…

എന്നെ മറക്കില്ലല്ലോ… അവൾ വീണ്ടും ചോദിച്ചു… നിന്നെ മറന്നാൽ ഈ അമർ മരിച്ചു പോയി.. പിന്നെ ഉള്ള അമർ വെറും ജീവൻ മാത്രം ഉള്ള മനസ് ചത്ത ഒരു ശവം ആയിരിക്കും… അവൻ അവളെ ചേർത്ത് നിർത്തി പറഞ്ഞു…. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു… വേദനയോടെ ആണവൾ അവനെ യാത്രയാക്കിയത്… പോവാൻ നേരം പപ്പ ഒരു മൊബൈൽ ഫോൺ അവന്റെ കൈകളിലേക്ക് വെച്ച് കൊടുത്തു…. എന്തിനാ പപ്പാ ഇതൊക്കെ… ഇത് നിനക്ക് വേണ്ടിയല്ല… ഇവൾക്ക് വേണ്ടിയാ… നിന്നെ കാണാൻ പറ്റില്ലെങ്കിലും നിന്റെ ശബ്ദം എങ്കിലും അവൾക്ക് കേൾക്കാൻ വേണ്ടി… അമർ ആനിയെ നോക്കി അവൾ കണ്ണീർ തുടച്ചു അവനെ യാത്രയാക്കി…

കോളേജിൽ എത്തിയിട്ടും അമർ ആനിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു… അവളും അവളുടെ പ്രണയവും അവനിൽ അത്രത്തോളം വേരുറച്ചു പോയെന്ന് അവൻ ആ ഒറ്റ ദിവസം കൊണ്ട് തന്നെ മനസിലാക്കി…. പിറ്റേന്ന് കോളേജിൽ എത്തുമ്പോൾ ഗേറ്റ് തൊട്ട് പലപല ഇടങ്ങളിലായി സീനിയേഴ്‌സിന്റെ റാഗിംഗ് നടക്കുകയാണ്…. എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട അവൻ ഒരു വിധം ക്ലാസ്സിലേക്ക് എത്തുമ്പോൾ ആണ് വീണ്ടും ഒരു സീനിയർ ഗാങ് അവനെ വലയുന്നത്… അവൻ മടിച്ചു മടിച്ചു അവർക്കരികിലേക്ക് ചെന്നു… അവർക്കിടയിൽ പേടിച്ചരണ്ട മാൻപേടയെ പോലെ നിൽക്കുന്ന ഒരു പെണ്കുട്ടിയിലേക്ക് ആണ് അവന്റെ കണ്ണുകൾ പതിഞ്ഞത്….

വാലിട്ട് കണ്ണെഴുതി നീളൻ മുടി ഭംഗിയായി മെടഞ്ഞിട്ട് ഒരു ചന്ദനക്കുറിയും തൊട്ട് ഒരു അമ്പലവാസി പെൺകുട്ടി…. അവളുടെ ഭംഗിയുള്ള കരിങ്കാപ്പി മിഴികൾ തുളുമ്പാൻ വെമ്പി നിൽക്കുകയാണ്…. ടാ എന്താ നിന്റെ പേര്… അമർനാഥ്… എടി നിന്റെയോ…. പേടിച്ചു തല കുമ്പിട്ട് നിൽക്കുന്ന അവളോട്‌ അവർ ചോദിച്ചു… മിത്ര…. അവൾ മുഖം ഉയർത്തി പറഞ്ഞു.. ഏതാ രണ്ടും ക്ലാസ്സ്‌.. Ba ജേർണലിസം…. അവൻ പറഞ്ഞു… അവൾ അവനെ നോക്കി… ഞാനും… അത് പറയുമ്പോൾ അവളുടെ മുഖത്ത് ആശ്വാസം ആയിരുന്നു…. എന്താ ഇപ്പൊ രണ്ടിനും കൂടി പണികൊടുക്കാ…. ഒരു കാര്യം ചെയ്യ് ഇന്ന് നിങ്ങടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞുള്ള ഫസ്റ്റ് നൈറ്റ്‌ ആണ്…

അത് നിങ്ങൾ എങ്ങനെ ആഘോഷിക്കും എന്നൊന്ന് അഭിനയിച്ചാൽ മതി… അത് പറയുമ്പോൾ മിത്രയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുടങ്ങിയിരുന്നു…. ചേട്ടാ അത്…. അമർ അവർക്ക് മുന്നിൽ യാചിച്ചു… ഒന്നും പറയണ്ട… രണ്ടും കൂടെ അഭിനയിച്ചു കാണിച്ചാൽ മതി…. അമർ മിത്രയെ നോക്കി… അവൾ സങ്കടം കൊണ്ടും അപമാനം കൊണ്ടും കരഞ്ഞു തുടങ്ങിയിരുന്നു…. അമർ അവൽക്കരികിലേക്ക് നടന്നു…. അവളുടെ തോളിൽ കൈവെച്ചു… അവൾ പിടഞ്ഞു കൊണ്ട് പുറകിലേക്ക് മാറി…. അവൻ വീണ്ടും അവൽക്കരികിലേക്ക് നടന്നു…. അവളുടെ മുഖം പിടിച്ചുയർത്തി…. താനെന്തിനാ കരയുന്നേ…. വിവാഹം കഴിഞ്ഞു വീട്ടുകാരെ ഒക്കെ പിരിഞ്ഞു നിൽക്കുന്നതിൽ ആണോ…

ഇതൊക്കെ എല്ലാ സ്ത്രീകൾക്കും ഒരിക്കൽ വേണ്ടതല്ലേ… എനിക്ക് അറിയാം… മനസ് കൊണ്ട് എന്നെ അക്‌സെപ്റ് ചെയ്യാൻ തനിക്ക് സമയം വേണം എന്ന്… ഇങ്ങനെ കരഞ്ഞുകൊണ്ടും വേദനിച്ചുകൊണ്ടും ഒന്നും അല്ല വിവാഹജീവിതം ആരംഭിക്കേണ്ടത്….. താൻ ഇന്ന് ഒരു ഭാര്യ ആണ്… കാമം തീർക്കാൻ വേണ്ടി മാത്രം അല്ല ഞാൻ തന്നെ വിവാഹം ചെയ്തത്… എനിക്ക് ഒരു നല്ല കൂട്ടുകാരി ആവാൻ.. ഞാൻ കഷ്ടപ്പെടുന്ന സമയങ്ങളിൽ ഒരു തോള് തന്ന് എന്റെ കൂടെ നിൽക്കാൻ… ഞാൻ വേദനിക്കുന്ന സമയങ്ങളിൽ എന്റെ തലയിൽ തലോടി ആശ്വസിപ്പിക്കാൻ….

എനിക്കൊപ്പം നിന്ന് എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ… എന്റെ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും പൊന്നു പോലെ നോക്കാൻ…. എന്നെ സ്നേഹിക്കാൻ എന്റെ കുടുംബത്തെ സ്നേഹിക്കാൻ എല്ലാം എനിക്ക് നിന്നെ വേണം.. എന്റെ താലി തന്റെ കഴുത്തിൽ കയറി എന്ന് വെച്ച് ഇന്ന് തന്നെ നിന്നിൽ അവകാശം സ്ഥാപിക്കാൻ വരുന്ന ഒരു കാടനായ ഭർത്താവ് ഒന്നും അല്ല ഞാൻ…. താൻ കിടന്നോളൂ ഇന്ന് ആകെ അലച്ചിൽ ആയിരുന്നില്ലേ…. ഗുഡ് നൈറ്റ്… അവൻ അത് പറഞ്ഞു നിർത്തുമ്പോൾ മിത്രയുടെ കണ്ണുകൾ അവനിൽ ആയിരുന്നു..അവൾ അവനെ ആരാധനയോടെ നോക്കി….

അവിടെ കൂടി നിന്ന സീനിയേഴ്‌സിൽ ഒരു പെൺകുട്ടി കൈ അടിച്ചു… അത് ഏറ്റുവാങ്ങി മറ്റെല്ലാവരും കൈ അടിച്ചു… അമർ എല്ലാവരെയും നോക്കി ചിരിച്ചു… ഇനി ഞങ്ങൾ പൊക്കോട്ടെ… അവൻ മിത്രയുടെ കൈ പിടിച്ചു ക്ലാസ്സിലേക്ക് നടന്നു… ഒരു പുതിയ ബന്ധം അവിടെ തുടങ്ങുകയായിരുന്നു…. അതിനെ എന്ത് പേരിട്ടു വിളിക്കണം എന്നെനിക്ക് അറിയില്ല… ഒരുപക്ഷെ പേരുകൾക്കും അതീതമായി ഒരു ബന്ധം….

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 1

എന്ന് സ്വന്തം മിത്ര… : ഭാഗം 2

എന്ന് സ്വന്തം മിത്ര… : ഭാഗം 3

എന്ന് സ്വന്തം മിത്ര… : ഭാഗം 4