Friday, January 17, 2025
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 36

എഴുത്തുകാരി: പാർവതി പാറു

അമറിനെ പോലെ തന്നെ മിത്രക്ക് മിഥുനും പ്രിയപ്പെട്ടവൻ ആയി മാറുകയായിരുന്നു… പക്ഷെ അവളുടെ ഉള്ളിൽ ഭാമി എന്നും ഒരു വേദന ആയിരുന്നു… ഒരിക്കൽ പോലും മിഥുനിന് അതോർത്ത് വിഷമം ഉള്ളതായി അവൾക്ക് തോന്നിയിട്ടില്ല. അമറിനെ പോലെ മിഥുനും അവൾക്ക് മുന്നിൽ എല്ലാ വേദനയും മറച്ചു വെക്കുകയാണെന്ന് അവൾക്ക് തോന്നി… . ദിവസങ്ങൾ കൊഴിഞ്ഞു പോകും തോറും അവർ മൂന്നുപേരും അവരുടേതായൊരു ലോകം സൃഷ്ടിച്ചു… മിഥുനും ഭാമിയും പിരിഞ്ഞതിൽ മിത്രയെ പോലെ തന്നെ വേദന മിഥിലക്കും ഉണ്ടായിരുന്നു..

പക്ഷെ മിത്രയുടെ കഥകൾ എല്ലാം അറിഞ്ഞപ്പോൾ ഭാമി ചെയ്തത് നൂറു ശതമാനവും ശരി ആണെന്ന് മിഥിലക്ക് തോന്നി. പിന്നീട് ഒരിക്കലും അവൾ ഭാമിയെ കുറിച്ച് മിഥുനിനോട് സംസാരിച്ചില്ല .. മിത്ര നീ എത്രയും വേഗം അമറിനെയും കൂട്ടി ഹോസ്പിറ്റലിൽ വരണം… ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ മിഥുൻ മിത്രയെ ഫോണിൽ വിളിച്ചു പറഞ്ഞു.. എന്ത് പറ്റി മിത്ര.. എന്താ മിഥുൻ പറഞ്ഞേ.. അമർ ചോദിച്ചു. ആനിയുടെ പപ്പയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.. അറ്റാക്ക് ആയിട്ട്.. അൽപ്പം സീരിയസ് ആണ്…

മിത്ര തലകുനിച്ചു പറഞ്ഞു.. .അത് കേട്ടതും അമറിന്റെ ഹൃദയം ശക്തിയായി മിടിച്ചു… അവർ ഹോസ്പിറ്റലിൽ എത്തുമ്പോൾ ആനി icu വിന് മുന്നിൽ ഒറ്റക്ക് ഇരിക്കുകയാണ്.. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അമറിന്റെ മനസിനെ തകർത്തു… മിത്ര ആനിക്ക് അരികിൽ ചെന്നിരുന്നു.. അമർ അൽപ്പം മാറി ചുവരിൽ ചാരി നിന്നു… ആനി ഒരിക്കലും തല ഉയർത്തി അവനെ നോക്കിയില്ല… പേഷ്യന്റിന് ബോധം വീണിട്ടുണ്ട്.. രണ്ടു പേർക്ക് കയറി കാണാം.. നേഴ്സ് വന്ന് പറഞ്ഞപ്പോൾ ആനി എണീറ്റ് ഉള്ളിലേക്ക് കയറി… അവൾക്ക് പിറകിൽ അമറും കയറി…

കണ്ണുമിഴിച് കിടക്കുന്ന പപ്പയുടെ കണ്ണുകളിലേക്ക് ഒരുമിച്ച് കയറി വരുന്ന ആനിയും അമറും ഒരു നിമിഷം സന്തോഷം നൽകി… പപ്പാ.. ആനി പപ്പക്ക് അരികിൽ ഇരുന്നു വിളിച്ചു.. എനിക്ക് ഒന്നുല്ല മോളെ.. പപ്പേടെ മോള് ടെൻഷൻ അവണ്ട.. ഇത്രയും നാൾ നിന്നെക്കുറിച്ച് ഓർത്തായിരുന്നു വിഷമം ഇന്ന് നിക്ക് അതില്ല കാരണം നിന്റെ ഒപ്പം ഇനിയെന്നും അമർ ഉണ്ടാവുമെന്ന വിശ്വാസം ഉണ്ട് പപ്പയ്ക്ക്… ഇല്ലേ അമർ.. പപ്പ പുറകിൽ നിൽക്കുന്ന അമറിനോട് ചോദിച്ചു… അമർ പപ്പയുടെ അടുത്തേക്ക് നീങ്ങി നിന്നു പപ്പയുടെ കൈകളിൽ പിടിച്ചു എന്നും അവൾക്കൊപ്പം ഉണ്ടാവും എന്ന് സമ്മതിക്കുന്ന പോലെ…

ആനി പക്ഷേ തലയുയർത്തി അവനെ നോക്കിയില്ല അവളുടെ കണ്ണുകളിൽ ഒരുതരം നിർവികാരത ആയിരുന്നു.. അവളിൽ നിന്ന് ഒരു നോട്ടം കിട്ടാൻ എന്നപോലെ അമർ ഇടയ്ക്കിടയ്ക്ക് അവളെ പാളിനോക്കി അവന് പ്രതീക്ഷ നഷ്ടമായിരുന്നു…. അത്രയുമധികം താൻ അവളെ വേദനിപ്പിച്ചിട്ടുണ്ട് ഒരിക്കലും ഒരു കാമുകിക്കും പൊറുക്കാനാവാത്ത തെറ്റ്.. അവന് അവനോട് തന്നെ വെറുപ്പ് തോന്നി.. പപ്പയ്ക്ക് അരികിൽ അൽപനേരം കൂടിയിരുന്നു അവർ രണ്ടുപേരും പുറത്തേക്കിറങ്ങി.. അപ്പോഴേക്കും മിഥുനും എത്തിയിരുന്നു.

മിത്ര യോട്അവനൊപ്പം വീട്ടിലേക്ക് പോവാൻ പറഞ്ഞു അമർ ആനിക്ക് അരികിൽ വന്നിരുന്നു… എന്നോട് ദേഷ്യം ആവും അല്ലേ… അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു അങ്ങനെ തോന്നിയോ.. നീ… നിന്റെ ഈ മൗനം അതിൽനിന്നും ഞാൻ പിന്നെ എന്താണ് മനസ്സിലാക്കേണ്ടത്… ആ ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ.. എന്തിനായിരുന്നു നിൻറെ മൗനം അതും എന്നോട്… ഒരിക്കൽപോലും മിത്രയെ കുറിച്ച് നീ എന്നോട് കൂടുതൽ ഒന്നും പറഞ്ഞിരുന്നില്ല… ഞാനൊന്നും ചോദിച്ചതുമില്ല… എനിക്കുറപ്പായിരുന്നു നിങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും….

അങ്ങനെയൊക്കെ നിന്നെ മനസ്സിലാക്കിയിട്ടും നമ്മുടെ പറഞ്ഞുറപ്പിച്ച മനസ്സമ്മതത്തിൻറെ രണ്ടു ദിവസം മുൻപ് നീ എന്നോട് ഒരു വാക്കു പോലും പറയാതെ എങ്ങോട്ടോ പോയി.. എത്ര അന്വേഷിച്ചു പിന്നെ.. നിന്നെ കണ്ടില്ല എത്ര വേദനിച്ചു എൻറെ ഹൃദയം എന്ന് നീ അറിഞ്ഞോ… ഒടുവിൽ നാല് മാസങ്ങൾക്കുശേഷം നീ തിരുവനന്തപുരത്തുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം നിനക്കറിയുമോ… നീ എന്നോട് ഒരു വാക്കുപോലും പറയാതെ പോയ പരിഭവങ്ങൾ എല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ട് എനിക്കില്ലാതായിരുന്നു…

എന്നിട്ടു നീയെന്നോട് എന്താണ് ചെയ്തത്.. എല്ലാവരും പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല… എനിക്ക് ഓർക്കാൻ പോലും കഴിയില്ല നീയും മിത്രയും തമ്മിൽ മറ്റൊരു ബന്ധം ഉണ്ടെന്ന്… പക്ഷെ നിൻറെ നാവിൽ നിന്ന് തന്നെ വന്നില്ലേ മിത്രയാണ് നിനക്ക് എല്ലാം എന്ന്… അപ്പോൾ ഞാൻ ആരായി… ഇത്രയും കാലം നിന്നെ മാത്രം സ്വപ്നം കണ്ട് ജീവിച്ച എൻറെ പ്രണയം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ നീ … അന്ന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് എന്റെ അപ്പോഴത്തെ ദേഷ്യം കൊണ്ട് ആണ്..

പിന്നീട് നിങ്ങളുടെ മുന്നിലേക്ക് വരാൻ പോലും എനിക്ക് തോന്നിയില്ല….പക്ഷേ എൻറെ ഉള്ളിൽ എന്നും നീ ഉണ്ടായിരുന്നു നിന്നെ എനിക്ക് മറക്കാൻ സാധിക്കുന്നില്ലായിരുന്നു.. ഒത്തിരി ശ്രമിച്ചു ഞാൻ… അതാണ് വീണ്ടും വീണ്ടും പ്രതീക്ഷയോടെ നിങ്ങളിലേക്ക് ഞാൻ വരാൻ ശ്രമിച്ചത്… പക്ഷേ അപ്പോഴും നിന്നിൽ നിന്ന് പ്രതീക്ഷയുടെ ഒരു കണിക പോലും എനിക്ക് ലഭിച്ചില്ല.. എനിക്ക് കിട്ടേണ്ട സ്നേഹം എല്ലാം നീ മിത്രക്ക് കൊടുക്കുമ്പോൾ സഹിക്കാൻ പറ്റിയില്ല.. അതാണ് ഒരു നിമിഷത്തെ പൊട്ടബുദ്ധിക്ക് ഞാൻ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത്..

പക്ഷേ അന്നു ഞാൻ രക്ഷപ്പെട്ടത് വീണ്ടും എനിക്ക് നിന്നിലേക്ക് എത്താൻ ആണ് എന്ന് എനിക്ക് തോന്നി.. അതിനുശേഷം പണ്ടത്തേക്കാൾ ഏറെ നിന്നെ ഞാൻ സ്നേഹിച്ചിട്ടേ ഉള്ളൂ… എനിക്കുറപ്പായിരുന്നു നീ വരുമെന്ന് ഞാനില്ലാതെ ഒരു ജീവിതം നിനക്കില്ല.. വിധി വീണ്ടും നിന്നെ എൻറെ മുന്നിൽ കൊണ്ട് എത്തിച്ചില്ലേ… മിത്രയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് എനിക്കറിയാം.. ഞാൻ എല്ലാം അറിഞ്ഞു… രണ്ടു ദിവസങ്ങൾക്കു മുൻപ് ഞാൻ സുദർശനെ കണ്ടിരുന്നു എന്നോട് എല്ലാം പറഞ്ഞു…

മിത്രയെക്കുറിച്ച് മിഥില യെക്കുറിച്ച് ഭാമിയെ കുറിച്ച് എല്ലാം.. എനിക്കിപ്പോൾ നിന്നോട് ഒരു ദേഷ്യവും തോന്നുന്നില്ല നീ ഒരു നല്ല സുഹൃത്താണ് ഏതൊരു സുഹൃത്തും ചെയ്യുന്നത് മാത്രമേ നീയും ചെയ്തുള്ളൂ.. പക്ഷേ അതിന് എന്തിനാണ് എന്നെ ഒഴിവാക്കിയത്.. എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാനും നിനക്കൊപ്പം തന്നെ നിൽക്കും ആയിരുന്നില്ലേ… നിന്നെ ഞാൻ സംശയിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ അമർ.. അവന് മറുപടി ഇല്ലായിരുന്നു…. അവൻ മെല്ലെ തല ഉയർത്തി ആനിയുടെ കണ്ണുകൾ അപ്പോഴും അവനിൽ തന്നെ ആയിരുന്നു….

ആ നീലക്കണ്ണുകളിലെ പ്രണയം അവനെ കുത്തി നോവിച്ചു… എങ്ങനെ കഴിയുന്നു ആനി നിനക്കെന്നെ വെറുക്കാതിരിക്കാൻ.. ഇങ്ങനെ സ്നേഹിക്കാൻ… അതൊരു പെണ്ണിന്റെ കഴിവാണ് അമർ…. അവളുടെ പ്രണയം മറ്റൊരാളെ പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല.. എന്തിന്.. ചിലപ്പോൾ അവൾക്ക് തന്നെ മനസിലാവില്ല… ഒരു തരം ഭ്രാന്ത്‌…. അതാണ് എനിക്ക് നീ… എന്റെ പ്രണയം… അമർ അവളുടെ കൈകൾ അവന്റെ കൈകളിൽ ചേർത്ത് വെച്ചു.. വെറുതെ… അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു…

രണ്ടു വർഷങ്ങൾക്ക് ശേഷം… അവൾ ഏറ്റവും കൊതിച്ച സാമിഭ്യം അവളെ തേടി വന്ന സന്തോഷത്തിൽ അവൾ കണ്ണുകൾ അടച്ചു.. പിറ്റേന്ന് അവൾ കണ്ണ് തുറന്നത് പപ്പയുടെ മരണ വാർത്ത കേട്ട് കൊണ്ടാണ്…. അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾക്ക് ഒരുമിച്ച് നൽകിയ പപ്പ അവളെ വിട്ട് പോയത് അവളെ വല്ലാതെ തളർത്തി.. മരണാന്തര ചടങ്ങുകൾ കഴിയും വരെ എല്ലാവരും അവൾക്കൊപ്പം ഉണ്ടായിരുന്നു.. … ആനിക്കൊപ്പം എപ്പോളും മിത്ര ഉണ്ടായിരുന്നു.. ഒരു കൂട്ടുകാരി ആയി.. സഹോദരി ആയി… ആനി…

പ്രിയപ്പെട്ടവരെ നഷ്ടപെടുന്ന വേദന ഏറെ അനുഭവിച്ചവൾ ആണ് ഞാൻ.. വാക്കുകൾ കൊണ്ടൊരിക്കലും ആ മുറിവ് ഉണക്കാൻ സാധിക്കില്ല.. പക്ഷെ പ്രിയപ്പെട്ടവരുടെ സാമിഭ്യം ആ വേദന ഒരൽപ്പം എങ്കിലും കുറയ്ക്കും.. നിനക്ക് ഇനി ലോകത്ത് പ്രിയപ്പെട്ടവൻ ആയി അമർ ഉണ്ട്.. അവൻ ഉണ്ടാവും… ആനി മിത്രയെ നോക്കി…. എന്നോട് ദേഷ്യം ഉണ്ടോ ആനി.. ഞാൻ അല്ലേ നിങ്ങളെ പിരിച്ചത്… ആനി ചിരിച്ചു…. ഞങ്ങൾ പിരിഞ്ഞു എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല മിത്ര… മനസ് കൊണ്ട് എനിക്കൊപ്പം എന്നും അമർ ഉണ്ടായിരുന്നു… മിത്രയും ചിരിച്ചു…

അമർ അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ.. അവന്റെ ഉള്ളിൽ നീ എന്നും ഉണ്ടായിരുന്നു ഒരു വേദന ആയി… ഇന്നും.. നിനക്ക് അവനോട് ദേഷ്യം ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു… നിന്നിൽ നിന്നും ഞാൻ തട്ടിപറിച്ചെടുത്ത അമറിനെ ഞാൻ തിരികെ ഏൽപ്പിക്കുകയാണ്.. എന്റെ പല വാക്കുകളും നിന്നെ വേദനിപ്പിച്ചിട്ടുണ്ട് എന്നെനിക്കറിയാം എല്ലാത്തിനും മാപ്പ്… ആനി മിത്രയെ കെട്ടിപിടിച്ചു രണ്ടുപേരുടെയും കണ്ണിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങി.. അവരുടെ ഉള്ളിലെ പിണക്കങ്ങൾക്കൊപ്പം വേദനക്കൊപ്പം ദേഷ്യത്തിന് ഒപ്പം.. m … അമർ.. എന്താ നിന്റെ പരിപാടി..

എത്ര ദിവസം എന്ന് വെച്ചാണ് ജോലി കളഞ്ഞു ഇവിടെ നിൽക്കുന്നത്.. മിഥുൻ അവനരികിൽ ഇരുന്നു ചോദിച്ചു… ഞാൻ എങ്ങനെ വരും ആനിയെ തനിച്ചാക്കി… അവളെ.. അവളെ നമുക്ക് കൊണ്ട് പോവാം അമർ… അവളുടെ സങ്കടങ്ങൾ എല്ലാം മാറിയിട്ട് നീ അവളെ വിവാഹം ചെയ്യണം… മിഥുൻ പറഞ്ഞു… അമർ അവനെ നോക്കി.. മിത്രയെ ഓർത്ത് നീ ടെൻഷൻ ആവണ്ട.. അവൾക്ക് ഞാൻ ഉണ്ട്….. എനിക്ക് ഇന്ന് ആനിയെ ചേർത്ത് പിടിക്കേണ്ടി വന്നപോലെ നാളെ നിനക്ക് ഭാമിയെ സ്വീകരിക്കേണ്ടി വന്നാൽ.. മിത്ര.. അവളെ എന്ത് ചെയ്യും…

നമ്മൾ എല്ലാവരും നമ്മുടെ സന്തോഷങ്ങളിലേക്ക് ഒതുങ്ങിയാൽ വേദനിക്കുന്നത് ഒറ്റപെടുന്നത് എല്ലാം അവളല്ലേ… നീ പേടിക്കേണ്ട അമർ.. അവൾ ഒരിക്കലും തനിച്ചാവില്ല.. ഇത് ഞാൻ തരുന്ന ഉറപ്പാണ്… ഞാൻ മിത്രയെ കൂട്ടി ഇന്ന് പോവും… നീ എന്നാണെന്ന് വെച്ചാൽ ആനിയെ കൂട്ടി വാ… ഇനി നീ വേണ്ടത് മിത്രക്ക് ഒപ്പം അല്ല ആനിക്ക് ഒപ്പം ആണ്… മിഥുൻ പുറത്തേക്ക് ഇറങ്ങി… മിഥുനും മിത്രയും കൂടി പോയതോടെ അവർ ആ വീട്ടിൽ തനിച്ചായി.. ആനി നമുക്ക് കുറച്ചു നേരം പുറത്തു പോയി ഇരിക്കാം …. എപ്പോഴും മുറിയിൽ അടച്ചിരിക്കുന്ന ആനിയെ നിർബന്ധിച്ചു അമർ പുറത്തേക്ക് ഇറക്കി…

മുറ്റത്തെ ബെഞ്ചിൽ ഒരറ്റത്ത് അവൾ ഇരുന്നു… ഏതൊരു മകൾക്കും അച്ഛനോട് ആവും കൂടുതൽ അടുപ്പം… ആനിയെ സംഭധിച്ചോടത്തോളം അവൾക്ക് അമ്മയും അച്ഛനും പപ്പ ആയിരുന്നു അത്കൊണ്ട് തന്നെ പപ്പയുടെ വിയോഗം അവളെ വല്ലാതെ ബാധിച്ചു… അമർ അവൾക്ക് അരികിൽ വന്നിരുന്നു… ആനി.. മിത്ര പറയും മരിച്ചുപോയവരെല്ലാം ആകാശത്ത് നക്ഷത്രങ്ങൾ ആയി പുനർജനിക്കും എന്ന്… പപ്പയും ഇന്നതിൽ ഒരു നക്ഷത്രം ആയി ഉണ്ടാവും… നീ ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ പപ്പക്ക് വിഷമം ആവില്ലേ…

ആനി തല ഉയർത്തി അവനെ നോക്കി.. അമർ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. പപ്പ എന്നെ നിന്നെ ഏൽപ്പിച്ചത് കൊണ്ടാണോ നീ ഇന്ന് ഇവിടെ നിൽക്കുന്നത്..?? നീ എന്താ അങ്ങനെ ചോദിച്ചത്… നിന്റെ ഈ സ്നേഹവും കരുതലും ഒക്കെ ഞാൻ വല്ലാതെ കൊതിക്കുന്നുണ്ട് അമർ.. പക്ഷെ അത് എന്റെ പപ്പയോടുള്ള കടപ്പാടിന്റെ പേരിൽ ആവരുത്.. എന്നോടുള്ള പ്രണയം കൊണ്ടാവണം… പറ.. നിന്റെ ഉള്ളിൽ ആനിയെ സ്നേഹിച്ച പഴയ അമർ ഇന്നും ഉണ്ടോ… അമർ അവളുടെ കവിളുകളിൽ രണ്ടു കൈകളും വെച്ചു.. അവളുടെ നീല കണ്ണുകളിലേക്ക് നോക്കി… അമർ ഇന്നും ഇന്നലെയും കൊണ്ട് മാറിയിട്ടില്ല…

ഞാനിന്നും നിന്റെ പഴയ അമർ ആണ്… നിന്നോടുള്ള സ്നേഹം നിന്നെ അവഗണിച്ചപ്പോൾ ഒരിക്കലും കുറഞ്ഞിട്ടില്ല… എന്നും കൂടിയിട്ടേ ഉള്ളൂ… നിന്നെ അകറ്റി നിർത്തുമ്പോൾ എല്ലാം ചേർത്ത് പിടിക്കാൻ കൊതിച്ച രണ്ടു കൈകൾ ഉണ്ട് എനിക്ക്.. നീ ഒറ്റപെടുമ്പോൾ പിടഞ്ഞു പോവുന്ന ഒരു ഹൃദയം ഉണ്ടെനിക്ക്.. നീ ഒരിക്കലും ഒറ്റക്ക് ആവാൻ ഞാൻ അനുവദിക്കില്ല നീ എന്റെ ആണ്.. അവൻ അവളെ കെട്ടിപിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി… അവരുടെ ഹൃദയങ്ങളെ തണുപ്പിക്കാൻ എന്ന പോലെ അവിടെ മഴ പെയ്തു.. അവർക്ക് ഏറ്റവും പ്രിയപ്പെട്ട മഴ.. അവരെ ഒന്നിപ്പിച്ച മഴ.. അവരിൽ പ്രണയം നിറച്ച മഴ..

കൈകൾ പരസ്പരം അയക്കാതെ അവർ ആ മഴ നനഞു.. രണ്ടു വർഷം അനുഭവിച്ച വേദനകളും പിണക്കങ്ങളും എല്ലാം ആ മഴയിൽ കുതിർന്നു ഒലിച്ചിറങ്ങി…. ഒടുവിൽ എന്നും മഴ നനഞു പനിക്കും എന്ന് പറഞ്ഞു ശാസിക്കുന്ന അമർ അവളെ ശാസനയുടെ സ്വരങ്ങൾ ഇല്ലാതെ കൈകളിൽ കോരി എടുത്തു അകത്തേക്ക് നടന്നു… ബാൽക്കണിയിൽ പരസ്പരം കെട്ടി പുണർന്നു മഴകൊണ്ടത് ഓർത്ത് ആനി നിന്നു… അവൾക്ക് നേരെ അവൻ ഒരു ഗ്ലാസ്സ് ചുക്ക് കാപ്പി നീട്ടി… കുടിക്ക് അല്ലെങ്കിൽ നാളേക്ക് പനി ഉറപ്പാണ്..

അവൾ ചിരിയോടെ അത് വാങ്ങി കുടിച്ചു… ആനി.. നീ ഇപ്പോൾ ഹാപ്പി ആണോ.. അവളെ പിറകിൽ നിന്ന് ചേർത്ത് പിടിച്ചു അവൻ ചോദിച്ചു… മ്മ്.. ഒത്തിരി… അവൾ പറഞ്ഞു… നിന്റെ ഉള്ളിൽ എന്നോടോ മിത്രയോടോ ഒരു ചെറിയ പിണക്കം പോലും ഇല്ലെന്ന് ഉറപ്പല്ലേ… ഉറപ്പ്.. അവൾ പറഞ്ഞു… അവൻ അവളുടെ തോളിൽ ചുംബിച്ചു… അവൾ ബാക്കിയുള്ള ചുക്ക് കാപ്പി അവന്റെ ചുണ്ടിൽ വെച്ച് കൊടുത്തു… ആ കാപ്പിക്കൊപ്പം അവർ രണ്ടുവർഷം മനസ്സിൽ സൂക്ഷിച്ച പ്രണയം മുഴുവൻ പങ്കു വെച്ചു…

ആ ബാൽക്കണിയിൽ ഒരു പുതപ്പിനുള്ളിൽ അവന്റെ നെഞ്ചിൽ തലവെച്ചു അവൾ കിടന്നു…. ആ നെഞ്ചിലെ ചൂട് മാത്രം മതിയായിരുന്നു ഈ ജന്മം മുഴുവൻ ആനിയുടെ ഉള്ളിലെ എല്ലാ പിണക്കങ്ങളും ഇല്ലാതാക്കാൻ… അവളുടെ ശരീരത്തിന്റെ കുളിര് മാത്രം മതിയായിരുന്നു അമറിന്റെ ഉള്ളിലെ ഈ ജന്മം അനുഭവിച്ച വേദനകളും ഇല്ലാതാക്കാൻ…. പുറത്ത് കോരി ചൊരിയുന്ന മഴ ആയത് കൊണ്ടാവാം ആ രാത്രി പതിവിലേറെ സുന്ദരി ആയിരുന്നു…. ഒരു പക്ഷെ അവരുടെ പ്രണയം പോലെ മനോഹരം ആയ രാത്രി….

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 35