എന്ന് സ്വന്തം മിത്ര… : ഭാഗം 32
എഴുത്തുകാരി: പാർവതി പാറു
കിരണിന്റെ നെഞ്ചിൽ തലവെച്ചു കിടന്ന് അവൾ ചോദിച്ചു… കിരണേട്ടാ എന്താ ഈ മുറിയിലെ ഓരോ ചുവരിനും വ്യത്യസ്ത നിറങ്ങൾ നൽകിയത്… ഈ മുറി എന്റെ ജീവിതം ആണ് മിത്ര… നീ ആ ഇളം നീല നിറമുള്ള ചുവരിലേക്ക് നോക്ക്… ആ നിറം പ്രഭാതത്തെ സൂചിപ്പിക്കുന്നു.. എപ്പോഴും പോസിറ്റീവ് എനർജി തരുന്ന സമയം ആണ് പ്രഭാതം.. സന്തോഷം നിറഞ്ഞ സമയം.. അവിടെ പുസ്തകങ്ങൾ അടക്കി വെച്ചത് അത്കൊണ്ടാണ്.. പുസ്തകങ്ങൾ എന്നും സന്തോഷം നൽകുന്നു.. ഇനി ഈ ചുവന്ന ചുവർ..
ചുവപ്പ് സന്ധ്യയുടെ നിറം ആണ്.. പകലും രാത്രിയും ചേരുന്ന സമയം.. സന്തോഷത്തിന്റെയും വേദനയുടെയും സമ്മിശ്രം… നീ ആ ചുവരിൽ തൂക്കിയ ചിത്രങ്ങളിലേക്ക് നോക്ക്. അവയെല്ലാം എടുക്കുമ്പോൾ നമ്മൾ എത്ര സന്തോഷത്തിൽ ആയിരുന്നു.. എന്നാൽ ഇന്ന് അതോർക്കുമ്പോൾ വേദന ആണ്.. അല്ലേ.. അപ്പോൾ ഈ കറുത്ത ചുമരോ.. മിത്ര ചോദിച്ചു.. കറുപ്പെന്നത് രാത്രി.. വേദന.. ഇരുട്ട്.. ഒറ്റപ്പെടൽ…എന്നും രാത്രി ഈ കട്ടിലിൽ കിടക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്നത് അതാണ്… മിത്ര എഴുന്നേറ്റു ഇരുന്നു..
നാളെ തന്നെ ഈ പെയിന്റ് മാറ്റണം..ഇപ്പോൾ ഏട്ടൻ ഒറ്റക്കല്ലല്ലോ…. നമുക്ക് ഇനി എന്നും സന്തോഷം മതി… അവൾ അവനെ കെട്ടിപിടിച്ചു പറഞ്ഞു.. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നാളുകൾ ആയിരുന്നു അവർക്ക് അത്… കൊച്ചു കൊച്ചു പിണക്കങ്ങളും ചെറിയ കുസൃതികളും ഒത്തിരി സന്തോഷവും നിറഞ്ഞ ദിനങ്ങൾ…. ഒരമ്മ ആവാൻ ഉള്ള കൊതിയോടെ അവളും കാത്തിരുന്നു.. ഓരോ മാസവും പ്രദീക്ഷകൾ ഇല്ലാതെ ആവുമ്പോൾ ഉള്ളിലെ വേദന അവൾ അവനിൽ നിന്നും മറച്ചു പിടിക്കും… പക്ഷെ അവളെ അറിയുന്ന അവൻ ആ വേദന അറിഞ്ഞു അവളെ ചേർത്ത് പിടിക്കും..
അവൾക്ക് വീണ്ടും വീണ്ടും പ്രദീക്ഷകൾ നൽകും .. ദൈവത്തിന് എന്താ കിരണേട്ടാ നമ്മൊളൊട് ഇത്ര ദേഷ്യം… അവന്റെ നെഞ്ചിൽ തലവെച്ചു കിടന്ന് അവൾ ചോദിച്ചു.. നീ എന്താ അങ്ങനെ പറയുന്നേ… ഒന്നുല്ല.. ഒരു കുഞ്ഞിന് വേണ്ടി ഞാൻ വല്ലാതെ കൊതിക്കുന്നുണ്ട് ഏട്ടാ.. എന്നിട്ടും… എന്റെ മിത്തൂ മൂന്നു മാസം അല്ലേ ആയുള്ളൂ നമ്മൾ ശ്രമിക്കാൻ തുടങ്ങിയിട്ട്…അത്ര വൈകിയിട്ട് ഒന്നും ഇല്ലല്ലോ.. എന്നാലും എനിക്ക് ഒരു ടെൻഷൻ പോലെ… നിനക്ക് അങ്ങനെ ഒരു ടെൻഷൻ ഉണ്ടേൽ നമുക്ക് ഒന്ന് ഡോക്ടറെ കണ്ട് കളയാം..
നാളെ തന്നെ കാണാം അത് പോരെ.. മതി.. അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു.. പിറ്റേന്ന് വൈകുന്നേരം അവർ ഡോക്ടറെ കണ്ടു.. ഡോക്ടർ സന്ധ്യ.. അത് പ്രകാരം കുറച്ചു ടെസ്റ്റുകൾ എല്ലാം നടത്തി.. രണ്ടാൾക്കും ഒരു ടെൻഷനും വേണ്ട… ബോത്ത് ഓഫ് യു ആർ ഹെൽത്തി.. ഡോക്ടർ റിപ്പോർട്ടുകൾ പരിശോധിച്ച് പറഞ്ഞു.. മിത്രക്ക് അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി… അവൾ കിരണിന്റെ കൈകളെ ചേർത്ത് പിടിച്ചു…. ഇതിനൊക്കെ ഒരു സമയം ഉണ്ട് മിത്ര.. ആ സമയത്ത് എല്ലാം നടക്കും.. ബി പോസിറ്റീവ്…
കിരണിന് ടെൻഷൻ ഉണ്ടോ… നോ.. ഡോക്ടർ… ഞാൻ ഇവളോട് പറഞ്ഞതാ ടെൻഷൻ വേണ്ടാ എന്ന്… മ്മ്.. പക്ഷെ കിരൺ താൻ ഒന്നൂടി ഹെൽത്ത് ഒക്കെ ശ്രദ്ധിക്കണം.. തന്റെ കൗണ്ട് നോർമലിനെക്കൾ അൽപ്പം താഴെ ആണ്.. ഓവർ സ്‌ട്രെസും ടെൻഷനും ഉള്ളവർക്കൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്.. എന്റെ ഡോക്ടർ… ഏട്ടന് ഒരു റെസ്റ്റും ഇല്ല.. ജോലി കഴിഞ്ഞാൽ പാർട്ടി പ്രവർത്തനം ആണ്.. ഉറക്കം കുറഞ്ഞിട്ട് അധിക ദിവസവും തലവേദന ആണ്… മിത്ര കിരണിനെ കുറ്റപ്പെടുത്തി.. ആഹാ.. കിരൺ പൊതുപ്രവർത്തനം ഒക്കെ നല്ലതാണ് പക്ഷെ സ്വന്തം ശരീരം കൂടി ശ്രദ്ധിക്കണം..
തലവേദന എപ്പോളും ഉണ്ടോ ഇല്ല.. ഇടക്ക്.. പക്ഷെ അപ്പോൾ തലവെട്ടിപൊളിക്കുന്ന പോലെ തോന്നും… കുറച്ചു നേരം ബാം ഇട്ട് കിടന്നാൽ മാറും.. മ്മ്… ഏതായാലും താൻ ഒരു ഇ.എൻ.ടി യെ കാണിക്കൂ.. ഓവർ സ്ട്രെസ് കാരണം ആണേൽ ടാബ്‌ലെറ്റ് കഴിച്ചാൽ ബേധം ആവും.. അന്ന് രാത്രിയും അവന് തലവേദന ആയിരുന്നു.. അവളുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവന് ഒരു ആശ്വാസം തോന്നും.. അവൾ അവന്റെ നെറ്റിയിൽ മസാജ് ചെയ്ത് കൊണ്ടിരുന്നു.. കിരണേട്ടാ നമുക്ക് ഒരു ഡോക്ടറെ കാണാം.. ഒന്നുല്ലടോ.. നീ പേടിക്കണ്ട.. ഇത് ഒരു സാധാരണ തലവേദന ആണ് ..അത് നീ ഒന്ന് തൊട്ടാൽ മാറും…
അവൾ അവന്റെ കൈകൾ ചുംബിച്ചു… ദിവസങ്ങൾ വീണ്ടും കടന്നു പോയി.. ഇടക്ക് വരുന്ന തലവേദന ഒഴിച്ചാൽ മറ്റു വേദനകൾ ഒന്നും ഇല്ലാത്ത ജീവിതം… ഇടക്കിടക്ക് വന്നിരുന്ന തലവേദന ദിവസം പോകും തോറും എന്നും വരാൻ തുടങ്ങി ഒടുവിൽ മിത്രയുടെ നിർബന്ധത്തിന് അവൻ ഡോക്ടറെ കണ്ടു… അങ്ങനെ അവനെ എം.ആർ.ഐ സ്കാനിംഗ് എടുക്കാൻ ലാബിലേക്ക് കയറ്റി.. മിത്ര പേടിയോടെ പുറത്ത് അവനെ കാത്ത് നിന്നു….ജീവിതത്തിൽ കുറേ നാളുകൾക്കു ശേഷം അവൾക്ക് ഒരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു…
സ്കാനിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും കിരണിന് അസഹ്യം ആയ തലവേദന തുടങ്ങിയിരുന്നു… ഒടുവിൽ അവന് വേദന മാറാൻ ഇൻജെക്ഷൻ നൽകേണ്ടി വന്നു.. അതിന്റെ ശക്തിയിൽ അവൻ മയങ്ങി.. മിത്ര അവനരികിൽ തന്നെ ഇരുന്നു…അവന്റെ തലയിൽ തലോടി തലോടി.. ഡോക്ടർ അവളെ വിളിച്ചപ്പോൾ അവൾ അവനെ തനിച്ചാക്കി ഡോക്ടറുടെ അടുത്തേക്ക് ചെന്നു… ഇരിക്കൂ… കിരണിന്റെ വൈഫ് ആണോ.. അതെ… അവൾ പറഞ്ഞു.. എന്താ പേര് മിത്ര.. എത്ര നാളായി നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും നാലു മാസവും.. ഇതിനിടയിൽ കിരണിന് എപ്പോളും തലവേദന വന്നിട്ടുണ്ടോ…
ഇടക്ക് കിടക്കുന്നത് കാണാറുണ്ട്.. ഒത്തിരി തവണ ചോദിച്ചാൽ പറയും തലവേദന ആണെന്ന്.. ഞാൻ ബാം ഇട്ട് കൊടുത്താൽ മാറി എന്ന് പറയും.. എപ്പോഴെങ്കിലും വേദന അസഹ്യം ആയി പ്രകടിപ്പിച്ചിട്ടുണ്ടോ.. ഇന്നത്തെ പോലെ.. ഞാൻ ഇത് വരെ കണ്ടിട്ടില്ല.. എന്താ ഡോക്ടർ.. എന്റെ കിരണേട്ടന് ഒന്നും ഇല്ലല്ലോ… നിങ്ങൾക്ക് ഒപ്പം വേറെ ആരും ഇല്ലേ.. ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ… ഡോക്ടർ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല.. ന്റെ കിരണേട്ടന് ഒന്നുല്ലല്ലോ.. മിത്ര.. ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം…
കിരണിന് സാധാരണ എല്ലാവർക്കും വരുന്ന ഒരു സാധാരണ തലവേദന അല്ല…. അയാളുടെ തലച്ചോറിൽ ചില അബ്നോർമൽ സെല്ലുകളുടെ വളർച്ച കാരണം ഒരു മുഴ ഉണ്ടായിട്ടുണ്ട്… അത് നീക്കം ചെയ്ത് കളയാൻ പറ്റില്ലേ ഡോക്ടർ.. പറ്റില്ലെന്ന് പറയല്ലേ ഡോക്ടർ.. എനിക്ക് സഹിക്കാൻ കഴിയില്ല.. മിത്ര… അത് താൻ വിചാരിക്കുന്ന പോലെ വെറും ഒരു മുഴ അല്ല… ഇറ്റ് ഈസ് എ ട്യൂമർ… സംശയം തോന്നിയത് കൊണ്ട് ഞങ്ങൾ ഒരു ഡീറ്റൈൽഡ് ചെക്കപ്പ് തന്നെ നടത്തി… ഇറ്റ് ഈസ് എ ടൈപ്പ് ഓഫ് ക്യാൻസൽ… ഡോക്ടർ.. ഡോക്ടർ എന്താ പറഞ്ഞേ….
എന്റെ കിരണേട്ടന്.. ഡോക്ടർ എനിക്ക് വേണം എന്റെ കിരണേട്ടനെ… അതിന് എത്ര പണം ചിലവായാലും വേണ്ടില്ല.. എനിക്ക് വേണം.. ജീവിച്ചു തുടങ്ങിയതേ ഉള്ളൂ ഞങ്ങൾ… പറ ഡോക്ടർ എന്റെ ഏട്ടനെ രക്ഷിക്കാൻ പറ്റില്ലേ… മിത്ര.. കൂൾ… ഞാൻ പറയട്ടെ.. ഒരു പക്ഷെ വളരെ നേരത്തെ ഡയഗ്‌നോസ് ചെയ്യുകയാണെങ്കിൽ മാറാവുന്നതേ ഉണ്ടായിരുന്നുളൂ… പക്ഷെ നൗ ഇട്സ് ടൂ ലേറ്റ്… ഡോക്ടർ.. പറയല്ലേ.. എന്റെ കിരണേട്ടനെ നഷ്ടപ്പെടും എന്ന് എന്നോട് പറയല്ലേ.. ഞാൻ ചത്തു പോവും…. പറയല്ലേ ഡോക്ടർ..
മിത്ര അലറി കരയാൻ തുടങ്ങി… മിത്രാ.. പ്ലീസ് താൻ കരയാതെ ഇരിക്കൂ… സത്യം നമ്മൾ ഉൾക്കൊള്ളണം… കിരണിന്റെ ബോഡി ഇപ്പോൾ വളരെ വീക്ക് ആണ്… ഒരു കീമോയോ റേഡിയേഷനോ താങ്ങാൻ ഉള്ള ആരോഗ്യം ആ ശരീരത്തിന് ഇല്ല.. ഇനി പോകുന്നിടത്തോളം പോവും.. കിരണിന്റെ ആയുസ്സ് എണ്ണപ്പെട്ടു കഴിഞ്ഞു… അത് ചിലപ്പോൾ ആറു മാസം ആവാം മൂന്നു മാസം ആവാം ഒരുപക്ഷെ ദിവസങ്ങൾ ആവാം.. ആ സത്യം താൻ ഉൾക്കൊണ്ടേമതിയാവൂ.. നോ.. മിത്ര ചെവി പൊത്തിപിടിച്ചു.. ഇല്ല…
എന്റെ കിരണേട്ടന് കഴിയില്ല എന്നെ തനിച്ചാക്കാൻ.. എന്നെ ഒറ്റക്കാക്കി എങ്ങോട്ടും പോവാൻ കഴിയില്ല… എന്റെ കിരണേട്ടന്.. മിത്ര പൊട്ടി കരഞ്ഞു… മിത്ര.. താൻ ഇങ്ങനെ കരഞ്ഞാൽ എങ്ങനെ ആണ്.. ഇനി ഉള്ള ദിവസങ്ങളിൽ കിരണിനെ സന്തോഷം ആക്കാൻ തനിക്ക് മാത്രമേ കഴിയൂ.. മരുന്ന് കൊണ്ട് പിടിച്ചു നിർത്താൻ പറ്റുന്ന പോലെ നമുക്ക് ചെയ്യാം.. പക്ഷെ രോഗിയുടെ മെന്റൽ ഹെൽത്ത് അതാണിപ്പോൾ പ്രധാനം..അവന് മനോധൈര്യം നൽകാൻ തനിക്ക് മാത്രമേ കഴിയൂ.. അങ്ങനെ അവന്റെ ആയുസ്സ് ഒരു പരിധി വരെ നമുക്ക് നീട്ടി കൊണ്ട് പോവാം… എന്നാലും..
എന്നാലും രക്ഷിക്കാൻ ആവില്ലേ ഡോക്ടർ.. എങ്ങനെ എങ്കിലും… ഒരു വഴിയും ഇല്ലേ ഡോക്ടർ.. എനിക്ക് കഴിയില്ല ഡോക്ടർ എന്റെ കിരണേട്ടൻ ഇല്ലാതെ.. സ്നേഹിച്ചു കൊതി തീർന്നില്ല ഡോക്ടർ.. എന്തേലും ഒരു വഴി.. അവൾ പ്രദീക്ഷയോടെ ചോദിച്ചു.. ഡോക്ടർ അവളുടെ വേദന കണ്ട് തലകുനിച്ചു.. അവൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു.. ഇല്ല എന്റെ കിരണേട്ടന് ഒന്നും ഇല്ല ..എന്റെ കിരണേട്ടന് എന്നെ തനിച്ചാക്കാൻ കഴിയില്ല… ഡോക്ടർ വെറുതെ പറയാ.. എന്നെ പറ്റിക്കാൻ പറയാ..
എന്റെ കിരണേട്ടന് ഒന്നുല്ല… അവൾ ഒരു ഭ്രാന്തിയെ പോലെ പുലമ്പി കൊണ്ടിരുന്നു.. അവൾക്ക് അവളുടെ കാലുകളുടെ ശക്തി നഷ്ടപെടുന്ന പോലെ തോന്നി.. കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി… ഒരു നിമിഷം കൊണ്ട് അവൾ.. പുറകിലേക്ക് തലയടിച്ചു വീണു… ബോധം വന്നപ്പോൾ അവൾ ഹോസ്പിറ്റൽ റൂമിൽ ആണ്.. ഡ്രിപ്പ് ഇട്ടിട്ടുണ്ട്… ഒരു നിമിഷം അവൾ കിരണിനെ ഓർത്തു.. പെട്ടന്ന് തന്നെ എണീറ്റു.. എങ്ങോട്ടാ ഈ എണീക്കുന്നേ… ഡ്രിപ്പ് ഇട്ടത് കണ്ടില്ലേ… സിസ്റ്റർ അവളുടെ അരികിലേക്ക് വന്നു പറഞ്ഞു… എന്റെ കിരണേട്ടൻ.. ഏട്ടൻ തനിച്ചാണ് എനിക്ക്..
eനിക്ക് പോണം… തന്റെ ഏട്ടന്റെ അടുത്ത് വേറെയും ആൾക്കാർ ഉണ്ട്… താനിത് തീരുന്ന വരെ ഇവിടെ കിടന്നേ പറ്റൂ… പറ്റില്ല.. നിക്ക് പോണം.. ഇത് കഴിഞ്ഞിട്ട് പോവാം.. മിത്രേ… സന്ധ്യ ഡോക്ടർ അവളുടെ അരികിൽ വന്നിരുന്നു പറഞ്ഞു.. ഡോക്ടർ.. എന്റെ കിരണേട്ടൻ ഉണരുമ്പോൾ ഞാൻ അവിടെ ഇല്ലെങ്കിൽ… എനിക്ക് പോണം.. പോവാടോ.. കിരൺ ഉണർന്നിട്ടില്ല.. അവൻ ഉണരുമ്പോൾ പറയാൻ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട്.. എന്റെ കിരണേട്ടന്റെ അസുഖം മാറും എന്നല്ലേ.. കിരണേട്ടന് കുഴപ്പം ഒന്നുല്ല എന്നല്ലേ..
എനിക്കറിയാം എന്റെ എട്ടന് ഒന്നുല്ല.. അവൾ സന്തോഷത്തോടെ പറഞ്ഞു.. ഡോക്ടർ തല കുനിച്ചു.. അതല്ല മിത്ര… നീ ഗർഭിണി ആണ്.. കിരൺ ഒരു അച്ഛൻ ആവാൻ പോവുന്നു… മിത്രയുടെ ഹൃദയം ശക്തം ആയി മിടിച്ചു സന്തോഷം കൊണ്ട്.. ഡോക്ടർ സത്യം ആണോ.. എന്റെ വയറ്റിൽ എന്റെ കിരണേട്ടന്റെ കുഞ്ഞു വന്നോ.. അവൾ വയറിൽ കൈവെച്ചു.. വാവേ.. അവൾ വിളിച്ചു… ഡോക്ടർ എനിക്ക് ഇപ്പോൾ തന്നെ കിരണേട്ടനെ കാണണം… എട്ടന് സന്തോഷം ആവും അറിഞ്ഞാൽ..
അല്ലേ ഡോക്ടർ… മ്മ്.. ഡോക്ടർ മൂളി.. മിത്രയുടെ മാതൃഹൃദയം അവളുടെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി… അവളും കിരണും കുഞ്ഞും മാത്രമായ ലോകം അവളുടെ മനസ്സിന് ആയിരം നിറങ്ങൾ നൽകി. “കിരണിന്റെ ആയുസ്സ് എണ്ണപ്പെട്ടു കഴിഞ്ഞു… അത് ചിലപ്പോൾ ആറു മാസം ആവാം മൂന്നു മാസം ആവാം ഒരുപക്ഷെ ദിവസങ്ങൾ ആവാം.. ആ സത്യം താൻ ഉൾക്കൊണ്ടേമതിയാവൂ.. ” ആ നിമിഷം തന്നെ ഡോക്ടർ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിന് കറുപ്പ് നിറം നൽകി…. ചിരിക്കാനോ കരയാനോ കഴിയാതെ അവളുടെ ഹൃദയം വിങ്ങികൊണ്ടിരുന്നു…
തുടരും….