Friday, November 15, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 1

എഴുത്തുകാരി: പാർവതി പാറു

ഞാനെപ്പോഴും ഓർക്കും… ഓരോ മുഖം കാണുമ്പോഴും ഓർക്കും… മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കല്ലേ….. അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങു മറക്കും… മറക്കുമായിരിക്കും അല്ലേ…. പിന്നെ…. മറക്കാതെ…. പക്ഷെ എനിക്ക് മറക്കണ്ട.. ടീവി സ്‌ക്രീനിൽ നിന്ന് തലചെരിച്ചവൻ അവളെ നോക്കി… അവളിപ്പോഴും സിനിമയിൽ മുഴുകി ഇരിക്കുകയാണെന്ന് അവന് തോന്നി….. കൈയിൽ ഉള്ള ബിയർ ബോട്ടിൽ അവൻ വായിലേക്ക് കമഴ്ത്തി…. മേശമേൽ ഇരിക്കുന്ന സിഗററ്റിലേക്ക് അവന്റെ കൈകൾ നീങ്ങി…. അതും എടുത്തവൻ ബാൽക്കണിയിലേക്ക് ഇറങ്ങി….

നഗരം ഉറങ്ങി തുടങ്ങിയിരിക്കുന്നു…. ചുറ്റും ഉള്ള അധികം ഫ്ളാറ്റുകളിലും വെളിച്ചം അണഞ്ഞു തുടങ്ങിയിരിക്കുന്നു… ബാൽക്കണിയിലെ കൈവരിയിൽ ചാരി നിന്ന് അവൻ ഹാളിലെ ടീവി ശ്രദ്ധിച്ചു.. ആദ്യമായിട്ട് മോഹം തോന്നുന്ന പെണ്ണിനെ തന്നെ ജീവിതം മുഴുവൻ കിട്ടുക എന്ന് പറയുന്നത്… ഭാഗ്യം ഉള്ളവർക്കേ കിട്ടൂ.. നല്ല കുട്ടികൾക്കേ കിട്ടൂ…. ജയകൃഷ്ണന്റെ തലയിൽ തലോടി ക്ലാര അത് പറയുമ്പോൾ ആ വാക്കുകളിൽ ഒരു നിരാശ പടർന്നു നിന്നിരുന്നു…. അവൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് തിരിഞ്ഞു നിന്നു…. ഒരു പുക കൂടി എടുത്തു…. അവന് മുഖത്തിനു നേരേ രണ്ടു വിരലുകൾ നീണ്ടു വന്നു…

ആ വിരലുകൾക്കിടയിലേക്ക് അവൻ സിഗരറ്റ് വെച്ചു കൊടുത്തു…. നിന്റെ അഭിപ്രായത്തിൽ ഞാൻ നല്ല കുട്ടി ആണോ…. മിത്ര…. അവളെ നോക്കാതെ ദൂരേക്ക് നോക്കികൊണ്ട് അവൻ ചോദിച്ചു… നിയോ….അവൾ ചിരിച്ചു… നീയും ഞാനും ഒക്കെ പക്കാ പോക്ക് കേസല്ലേ…. അവൾ പുക പുറത്തേക്ക് ഊതിക്കൊണ്ട് പറഞ്ഞു… അപ്പൊ എനിക്കും ക്ലാര പറഞ്ഞ പോലെ ആദ്യമായി സ്നേഹിച്ച പെണ്ണിനെ കിട്ടില്ലല്ലേ ….എനിക്കും ഭാഗ്യം ഇല്ലല്ലേ.. … ഒരിക്കലും ഇല്ല… നീയും ഞാനും ഒക്കെ വല്ലതും ആഗ്രഹിച്ചാൽ ഈ ജന്മത്ത് കിട്ടാൻ പോവുന്നില്ല… ഐ ആം ഹൺഡ്രഡ് പെർസെന്റ് ഷുവർ എബൌട്ട്‌ ഇറ്റ്….

ഒന്നും മോഹിക്കാതെ… ഒന്നും പ്രദീക്ഷിക്കാതെ… ഒന്നും ഓർക്കാതെ ഇങ്ങനെ ജീവിക്കണം… ഒരു ഫ്രീ ബേർഡ് ആയി… അവളുടെ വാക്കുകൾ കുഴയുന്നുണ്ടായിരുന്നു… മ്മ്.. മതി മതി… നീ നല്ല ഫിറ്റാ… പോയി കിടക്കാൻ നോക്ക്… ഇനി നിന്നാൽ നാളെ തല പൊങ്ങില്ല… അവൻ അവളുടെ കൈയിൽ നിന്ന് സിഗരറ്റ് വാങ്ങിക്കൊണ്ട് പറഞ്ഞു…. ഞാൻ പോവാ… മിസ്റ്റർ മണ്ണാർത്തോടി ജയകൃഷ്ണൻ ഇവിടെ കാറ്റും കൊണ്ട് നിന്റെ ക്ലാരയെ ഓർത്തിരിക്ക്… വേണമെങ്കിൽ മാനസ മൈനേ ബാക്ക്ഗ്രൗണ്ടിൽ ഇട്ടോ…. അവൾ അകത്തേക്ക് കയറി ടേബിളിൽ വെച്ച ബിയർ ബോട്ടിലിലെ അവസാന തുള്ളിയും നാവിലേക്ക് ഉറ്റിച് മുറിയിലേക്ക് നടന്നു….

കോപ്പ്… തൂവാനത്തുമ്പികൾ എന്ത് ബോർ പടം ആണ്… ഒരുത്തിയെ പ്രേമിക്കുന്നു… മറ്റൊരുത്തിടെ കൂടെ കിടക്കുന്നു… എന്ത് വൃത്തികെട്ട ഹീറോ ആണ്… ജയകൃഷ്ണൻ… ഫൂ…. അവൾ മുറിയിലേക്ക് നടക്കും വഴി മദ്യത്തിന്റെ ലഹരിയിൽ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു… അപ്പൊ ഗുഡ് നൈറ്റ് മിസ്റ്റർ നിരാശ കാമുകൻ… മുറിക്ക് മുന്നിൽ എത്തി തിരിഞ്ഞു നോക്കി അവൾ പറഞ്ഞു… നിരാശാകാമുകൻ നിന്റെ മറ്റവൻ… അവൻ പതിയെ പറഞ്ഞു…. പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു… സ്‌ക്രീനിൽ അവന്റെ തോളിൽ കൈയിട്ടു ചിരിച്ചു നിൽക്കുന്ന മിത്രയുടെ മുഖത്തേക്ക് ഒന്ന് നോക്കി… അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….

ഫോൺ പോക്കറ്റിൽ ഇട്ട് അവൻ മുറിയിലേക്ക് നടന്നു…. ഇത് അമർനാഥ്‌… മിത്രയുടെ അമറു…. രണ്ടുപേരും തിരുവന്തപുരത്ത് ഒരു ന്യൂസ്‌ ചാനലിൽ ജോലി ചെയ്യുന്നു…. അമർ റിപ്പോർട്ടർ ആയും… മിത്ര പ്രോഗ്രാം കോഓഡിനേറ്റർ ആയും ആയും…… രണ്ടുപേരെയും കുറിച്ച് കുറേ പറയാൻ ഉണ്ട്…. എല്ലാം പറയാട്ടോ…. സൂര്യ രശ്മികൾ കണ്ണിലേക്കു അടിച്ചു കയറി തുടങ്ങിയപ്പോഴാണ് മിത്ര കണ്ണു തുറന്നത്…. മൊബൈലിൽ സമയം നോക്കി… ഒമ്പതര…. അവൾ എഴുന്നേറ്റിരുന്നു…. തലക്ക് വല്ലാത്ത ഭാരം തോന്നി… നേരേ കുളിമുറിയിൽ കയറി വിസ്തരിച്ചൊന്ന് കുളിച്ചു….

മുറിയുടെ വാതിൽ തുറന്നപ്പോൾ തന്നെ നല്ല വറുത്തരച്ച കോഴിക്കറിയുടെ മണം മൂക്കിലേക്ക് കയറി… എന്താണ് അമറു….. ഫുൾ ഫോമിൽ ആണല്ലോ… അവൾ അടുക്കളയിലെ സ്ലാബിലേക്ക് കയറി ഇരുന്ന് കൊണ്ട് പറഞ്ഞു… നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.. കുളി കഴിഞ്ഞു മുടി അഴിച്ചിട്ടു അടുക്കളയിൽ കേറരുതെന്ന്… പോയി തോർത്ത്‌കൊണ്ട് കെട്ടിവെച്ചിട്ട് വാ.. എപ്പോഴും പറയുന്നത് തന്നെ ഇപ്പോളും പറയൂ… സൗകര്യം ഇല്ല…. അവൾ ചുണ്ട് കോട്ടി പറഞ്ഞു…. അവൻ നേരേ മുറിയിൽ ചെന്ന് തോർത്തെടുത്ത് വന്നു…. അവളുടെ മുഖത്തേക്ക് എറിഞ്ഞു…. മടിച്ചി കോത… അവൻ പറഞ്ഞു….

ആ എന്നെ ഇങ്ങനെ മടിച്ചി ആക്കുന്നത് നിയാ… ഓഹോ ഇപ്പൊ കുറ്റം എന്റെ ആയോ… എന്നാൽ എന്റെ മോളുസ് ആ പത്തിരി ഒന്ന് പരത്തി ചുട്ടെടുത്താട്ടെ…. അപ്പോളേക്കും ചേട്ടൻ കറി സെറ്റ് ആക്കട്ടെ… ശെരി ബോസ്… അവൾ സ്ലാബിൽ നിന്ന് ചാടി ഇറങ്ങി… പണി തുടങ്ങി…. മിത്രാ… നമ്മുടെ ഓഫീസിലെ ഫിലിപ്സ് ന്റെ മാര്യേജ് ഫിക്സ് ചെയ്തു… ഇന്ന് ഈവെനിംഗ് ഒരു പാർട്ടി ഹോസ്റ്റ് ചെയ്തിട്ടുണ്ട്… മ്മ്… ഞാൻ അറിഞ്ഞു.. എന്നെ ക്ഷണിക്കാൻ വന്നിരുന്നു… എന്നത്തേയും പോലെ ഞാൻ വരുന്നില്ല നീ പൊക്കോ… നീയില്ലേൽ ഞാനും ഇല്ല… ഇതാണ് നിന്റെ പ്രശ്നം…. എനിക്ക് വേണ്ടി എന്തിനാ നീ നിന്റെ ഫ്രണ്ട്ഷിപ്പ് ഒഴിവാക്കുന്നേ… എനിക്ക് ഇന്ട്രെസ്റ് ഇല്ലാത്തോണ്ടല്ലേ…. നീ പൊക്കോ… വേണ്ടടി…

എനിക്കിപ്പോ നീ ഇല്ലാതെ ഒരു സന്തോഷവും ഇല്ല…. എനിക്ക് എല്ലാരെക്കാളും വലുത് നിയാ… അവളുടെ ഷോൾഡറിൽ കൈവെച്ചു അവൻ പറഞ്ഞു…. അയ്യോ എനിക്കങ്ങോട്ട് സുഖിച്ചു… എന്റെ പൊന്നു അമറു നിനക്ക് നല്ല മുഴുത്ത വട്ടാ…. എനിക്ക് വേണ്ടി ഈ കഴിഞ്ഞ കാലം കൊണ്ട് നീ വേണ്ടെന്ന് വെച്ചതിന്റെ ലിസ്റ്റ് എടുത്താലെ നീ ചിലപ്പോൾ ബോധം കേട്ട് വീഴും… സാരമില്ല… അത് ഞാൻ അങ്ങ് സഹിച്ചു…. അവന്റെ വാക്കുകളിൽ ചെറിയൊരു ദേഷ്യം ഉണ്ടായിരുന്നു….. മിത്ര…നീ ഇങ്ങനെ ആരോടും കൂട്ട് കൂടാതെ ഇരുന്നാൽ എങ്ങനാടി… നാളെ എനിക്ക് എന്തേലും സംഭവിച്ചാൽ നിനക്ക് പിന്നെ ആരും ഉണ്ടാവില്ലെന്ന് നീ ഓർത്തിട്ടുണ്ടോ…

നിനക്ക് വല്ലതും സംഭവിക്കുമ്പോൾ അല്ലേ…. അത് അപ്പൊ നോക്കാം…. നിനക്ക് എല്ലാം തമാശ ആണ്…. നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല… ഇല്ലല്ലോ അപ്പൊ ഇനി പറയാൻ നിക്കണ്ട…. കൂടുതൽ സംസാരിച്ചു പ്രയോജനം ഇല്ലെന്ന് അറിയുന്നത് കൊണ്ട് അമർ പിന്നീട് ഒന്നും പറഞ്ഞില്ല… അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു. എന്താടാ ഇന്ന് പതിവില്ലാതെ ബുക്ക്‌ ഒക്കെ ആയിട്ട്…. ഭക്ഷണം കഴിഞ്ഞു അടുക്കള ക്ലീൻ ചെയ്ത് അമറുവിന്റെ അരികിൽ ഇരുന്ന് കൊണ്ട് മിത്ര ചോദിച്ചു…. ഓ.. നിനക്ക് മാത്രമേ വായിക്കാൻ പാടു എന്നൊന്നും ഇല്ലല്ലോ…. ഞാൻ നല്ല ശീലങ്ങൾ ഒക്കെ തുടങ്ങാം എന്ന് വെച്ചു… മിത്ര ഒഴിവ് സമയങ്ങൾ മുഴുവൻ പുസ്തകങ്ങൾക്കൊപ്പം ആണ് ചിലവിടാറ്….

മറ്റു ഹോബികൾ ഒന്നും ഇല്ല…. ഓ നല്ല കുട്ടി ആവാൻ ഉള്ള പ്ലാൻ ആണോ.. നടക്കട്ടെ നടക്കട്ടെ…. അവൾ എഴുന്നേറ്റു മുറിയിലേക്ക് നടന്നു…. അയൺ ബോക്സ്‌ കുത്തി…. ഒരാഴ്ച ഇടാൻ രണ്ടുപേർക്കും ഉള്ള ഡ്രസ്സ്‌ അയൺ ചെയ്തു വെച്ചു…. ഒരാഴ്ചആയി അലക്കാൻ ഉള്ള തുണികൾ എല്ലാം അലക്കി ടെറസിൽ കൊണ്ട് വിരിച്ചിട്ടു…. അടുക്കള ഒഴികെ വീട് മുഴുവൻ അടിച്ചുവാരി തുടച്ചു…. ക്ഷീണത്തോടെ സോഫയിലേക്ക് മറിഞ്ഞു….. അയ്യോ എന്റെ മോള് ക്ഷീണിച്ചോ വാ ചോറ് കഴിക്കാം… അമർ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു…. ഞായറാഴ്ച അടുക്കള അമർ അവൾക്ക് വിട്ട് കൊടുക്കില്ല… അവൻ നല്ലൊരു കുക്ക് ആണ്…. മിത്രക്ക് അവന്റെ ഭക്ഷണം വലിയ ഇഷ്ടം ആണ്… അതറിഞ്ഞു കൊണ്ട് തന്നെ അവൾക്ക് പ്രിയപ്പെട്ടതെല്ലാം അവൻ സന്തോഷത്തോടെ ഉണ്ടാക്കി കൊടുക്കും..

അമറു എഴുന്നേൽക്ക്…. വാ നമുക്ക് ഒന്ന് നടന്നിട്ട് വരാം… ഉച്ചക്ക് ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങുന്ന അമറിനെ വിളിച്ചുണർത്തുകയാണ് മിത്ര… എടി ഞാൻ ഒന്ന് ഉറങ്ങട്ടെ ആകെ കിട്ടുന്ന ഞായറാഴ്ച ആണ്… ആ ഇനി അടുത്ത ഞായർ ഉറങ്ങാം.. എണീക്കട… അവൾ അവനെ കുത്തി പൊക്കി…. രണ്ടുപേരും വാതിൽ പൂട്ടി ഇറങ്ങി… തൊട്ടുമുന്നിൽ ഉള്ള ഫ്ലാറ്റിന്റെ മുന്നിൽ നിന്ന് എഴുപത് കഴിഞ്ഞ മുത്തശ്ശി അവരെ അവജ്ഞയോടെ നോക്കുന്നുണ്ടായിരുന്നു… മിത്ര അവരെ നോക്കാതെ മുന്നോട്ട് നടന്നു.. അമർ അവരെ നോക്കി പുഞ്ചിരിച്ചു… അവർ അവന് മുന്നിൽ വാതിൽ കോട്ടി അടച്ചു… നിനക്ക് വല്ല ആവശ്യവും ഉണ്ടോ ആ തള്ളയോടൊക്കെ ഇളിക്കാൻ നിന്നിട്ട്…

നടക്കുന്നതിനിടെ അവൾ അമറിനോട് ചോദിച്ചു… ഞാൻ ചുമ്മാ ഒരു ഫോർമാലിറ്റിക്ക് ചിരിച്ചതാ… ഫോർമാലിറ്റി കോപ്പാണ്… നിന്നോട് ഞാൻ എപ്പോളും പറയാറില്ലേ… മറ്റുള്ളവരെ കണ്ടല്ല നമ്മൾ ജീവിക്കേണ്ടത്.. നമുക്ക് ശെരി എന്ന് തോന്നുന്നത് നമ്മൾ ചെയ്യാ… അത് ക്രിട്ടിസൈസ് ചെയ്യാൻ ആര് വന്നാലും… നീ പോ മോനേ ദിനേശാ എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുക… അത്രേ ഉള്ളൂ… അവളുടെ വർത്തമാനം കേട്ട് അവൻ ഒന്ന് ചിരിച്ചു… അവൾ അങ്ങനെ ആണ്… അവൾക്ക് തോന്നുന്നത് അവൾ ചെയ്യും.. തോന്നുന്നത് വിളിച്ചു പറയും ആരെയും വിലവെക്കില്ല… ആരെയും അനുസരിക്കില്ല…. ഒന്നിന് വേണ്ടിയും ആരോടും അപേക്ഷിക്കില്ല…. അവൻ ഓർത്തു….

അവർ രണ്ടുപേരും കൂടി ഗാർഡനിൽ ഇരുന്നു…. മിത്ത ചേച്ചി…. എന്നും വിളിച്ചുകൊണ്ട് ഒരു അഞ്ചു വയസ് തോന്നിക്കുന്ന പെൺകുട്ടി അവരുടെ അരികിലേക്ക് ഓടി വന്നു…. ചിന്നൂസേ…മിത്ര രണ്ടുകൈയും നീട്ടി വിളിച്ചു അവൾ അവളുടെ കൈക്കുള്ളിലേക്ക് ഓടി കയറി… മിത്ര അവളെ എടുത്ത് മടിയിൽ വെച്ചു…. മിത്ത ചേച്ചിയോട് ചിന്നൂസ് പിണക്കാ എന്താ എന്റെ ബര്ത്ഡേ ക്ക് വരാഞ്ഞേ… അവൾ കുഞ്ഞു ചുണ്ട് പുറത്തേക്കുന്തി കൊണ്ട് പറഞ്ഞു… സോറി ചിന്നൂസേ ചേച്ചിക്ക് ജോലി ഉണ്ടായിരുന്നു…. നെക്സ്റ്റ് ബര്ത്ഡേ ക്ക് ചേച്ചി എന്തായാലും വരും… അവളുടെ വർത്തമാനം കേട്ട് അമറിന് ചിരി വന്നു… എന്താടാ കിളിക്കുന്നെ… ഒന്നുല്ലേ.. അവൻ കൈകൂപ്പി.. മിത്ത ചേച്ചി അമ്മ എന്നോട് പറയാ..

നിങ്ങളോട് രണ്ടുപേരോടും കൂട്ട് കൂടരുത് എന്ന്… അതെന്താ.. അമർ അവളുടെ കുഞ്ഞി കൈകൾ പിടിച്ചു കൊണ്ട് ചോദിച്ചു…. നിങ്ങള് രണ്ടാളും ചീത്ത ആണത്രേ… നിങ്ങളോട് മിണ്ടിയാൽ ഞാനും ചീത്ത ആവും എന്ന്… ആണോ അമർ ചേട്ടാ… അവളുടെ കൈകളിൽ പിടിച്ച ആമിറിന്റെ പിടി മെല്ലെ അയഞ്ഞു… അവൻ മിത്രയെ നോക്കി… അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വെത്യാസം ഒന്നും ഉണ്ടായിരുന്നില്ല.. അതൊക്ക പോട്ടേ ബര്ത്ഡേ ക്ക് ഏത് കേക്ക് ആണ് വാങ്ങിച്ചേ… അമർ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു… റെഡ് വെൽവെറ്റ്… ഇതേ ഇത്രേം വലുത്… അവൾ സന്തോഷത്തോടെ പറഞ്ഞു ആഹാ… കൊള്ളാലോ… അമർ അവളെ മടിയിലേക്ക് ഇരുത്തി… മിത്ര മറ്റേതോ ലോകത്ത് ആയിരുന്നു.. ചിന്നു…

നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഇവരോട് കൂട്ടുകൂടരുതെന്ന്…. ആമിറിന്റെ മടിയിൽ നിന്ന് ചിന്നുവിനെ വലിച്ചിറക്കി അവളുടെ അമ്മ പറഞ്ഞു.. മോള് ഞങ്ങടെ അടുത്ത് ഇരുന്നാൽ എന്താ.. ഞങ്ങൾക്ക് എയ്ഡ്‌സ് ഒന്നും ഇല്ലല്ലോ …. മിത്ര എണീറ്റ് ദേഷ്യത്തോടെ പറഞ്ഞു… മിത്രേ വേണ്ട നിർത്ത്… അമർ അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു… നീ വിട് അമറു… ഇവിടെ കുറേ പേർക്ക് ഉണ്ട് നമ്മളെ കണ്ടാൽ ഒരു ചൊറിച്ചില്… വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ ഇങ്ങോട്ട് കേറി മാന്താൻ വരും.. മിത്രേ… നീ ഇങ്ങോട്ട് വന്നേ.. അവൻ അവളെ വലിച്ചുകൊണ്ട് ഫ്ലാറ്റിലേക്ക് നടന്നു… അവിടെ കൂടി നിന്ന ആളുകളുടെ കണ്ണ് മുഴുവൻ അവരിൽ ആയിരുന്നു….

ആ കണ്ണുകളിൽ എല്ലാം ദേഷ്യവും അവജ്ഞയും നിറഞ്ഞിരുന്നു…. ഫ്ലാറ്റിന്റെ വാതിൽ തുറന്നു അവർ ഉള്ളിലേക്ക് കയറി… മിത്രയുടെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല… അവൾ കൈയിൽ കിട്ടിയ ഫ്ലവർവേസ് നിലത്തെറിഞ്ഞു പൊട്ടിച്ചു… ബാൽക്കണി യിൽ പോയി നിന്നു…. അമർ ഒരു സിഗരറ്റ് കത്തിച്ചു അവൾക്കുനേരെ നീട്ടി… അവൾ അത് വാങ്ങി നീട്ടി വലിച്ചു…. അമർ അവളുടെ തോളിൽ കൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു…. അവളിലെ ദേഷ്യം ആ സിഗരറ്റിന്റെ പുകക്കൊപ്പം എങ്ങോട്ടോ ഓടി ഒളിച്ചു..

തുടരും….