Saturday, December 21, 2024
Novel

ഈ യാത്രയിൽ : ഭാഗം 6

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഇതേ സമയം ശ്രീമംഗലം മുറ്റത്തു ഒരു കാർ വന്നു നിന്നു… സുന്ദരനായ ചെറുപ്പക്കാരൻ ….
വിച്ചു..
വൈകീട്ട് ചായയുമായി ഇരിക്കുകയായിരുന്നു സുഭദ്രയും കാർത്തികേയനും. കുറച്ചു കഴിഞ്ഞു മഹിയും അവരുടെയൊപ്പം കൂടി. അവന്റെ മുഖത്തിനു കുറച്ചൊരു അഴവ് തോന്നിയിരുന്നു. ശാന്തമായി ഇരുന്നു ചായ കുടിക്കുന്നത് കണ്ടു സുഭദ്രക്കും കാർത്തികേയനും ഒരുപാടു സന്തോഷം തോന്നി. എല്ലാം ദേവി മോൾ കാരണമാണ്. മഹിയെ ഇത്രയും ശാന്തനായി കണ്ടിട്ടു കുറെയായെന്നു അവർ ഓർത്തു. കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുള്ളൂ തങ്ങളുടെ പഴയ മഹിയെ തിരിച്ചു കിട്ടാൻ. കളിയും ചിരിയും നിറഞ്ഞ ചെറു കുറുമ്പുകളും വികൃതികളുമായി തങ്ങളുടെ നെഞ്ചിൽ ചേക്കേറുന്ന… സഹോദരങ്ങളെ ജീവനെ കണ്ടു സ്നേഹിക്കുന്ന ആ പഴയ മഹിയെ…. ഒരു പെണ്ണു കൊണ്ട് നശിച്ച അവന്റെ ജീവിതത്തെ ഒരു പെണ്ണിനെ കൊണ്ടു തന്നെ തിരികെ പിടിക്കണം… പെണ്ണിന് സൃഷ്ടിക്കാനും സംഹരിക്കാനും കഴിയും.

ആ സമയം ദേവി സ്റ്റെപ്പുകൾ ഇറങ്ങി താഴേക്കു വരുമ്പോൾ കയ്യിൽ രണ്ടു ബാഗുകൾ പിടിച്ചുകൊണ്ടു പമ്മി പമ്മി വരുന്ന രൂപത്തെ ദേവി മാത്രമേ കണ്ടുള്ളൂ. വിച്ചു അവളെ ശ്രെദ്ധിക്കുന്നുണ്ടായില്ല. തിരിഞ്ഞിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മഹിയുടെയും അടുത്തേക്കായിരുന്നു അവന്റെ ശ്രെദ്ധ മുഴുവൻ. പതിയെ ബാഗുകൾ താഴെയിട്ടു കൊണ്ട് ശബ്ദമുണ്ടാക്കാതെ ഒരുകൈ കൊണ്ടു അച്ഛന്റെ കണ്ണുകളെയും മറു കൈ കൊണ്ടു മഹിയുടെ കണ്ണുകളെയും പൊത്തി പിടിച്ചു.
“നിനക്കൊരു മാറ്റവുമില്ലലോ വിച്ചു… കൈ എടുക്കേടാ” മഹിയുടെ സംസാരത്തിൽ വിച്ചു വിഷണ്ണനായി. ചീറ്റി പോയല്ലോ. എന്നാലും ഈ ചേട്ടന് പുറകിലും കണ്ണുണ്ടോ… എങ്ങനെ ഇത്ര കൃത്യമായി പറയുന്നു.

“നീയടുത്തു വരും മുന്നേ ഏട്ടന് നിന്റെയി ഹൃദയത്തിന്റെ താളം കേൾക്കാം…. നീ ജനിച്ചപ്പോൾ മുതലല്ല അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ തന്നെ എനിക്കാ ഹൃദയതാളം അറിയാം” മഹി അവന്റെ താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു. വിച്ചു അവനെ പുറകിലൂടെ കെട്ടി പിടിച്ചു കൊണ്ട് ചുറ്റി നിന്നു”മിസ് യൂ ഏട്ടാ” മഹിയുടെ കവിളിൽ വിച്ചു സ്വന്തം കവിൾ ചേർത്തു വച്ചു കൊണ്ടു പറഞ്ഞു. ആ കുറച്ചു നിമിഷത്തിൽ തനിക്കു ഒരിക്കൽ നഷ്ടപെട്ട ഏട്ടനെ തിരിച്ചു കിട്ടിയതുപോലെ അവനു തോന്നി. പണ്ടത്തെ പോലെ ഏട്ടനെ ചുറ്റി നടക്കുന്ന വിച്ചുട്ടൻ ആയി താനെന്നു അവനു തോന്നി. അതുപോലൊരു സുഖം അവനെ വന്നു പൊതിഞ്ഞു. സുഭദ്ര എഴുനേറ്റു നിറകണ്ണുകളോടെ രണ്ടു മക്കളെയും പൊതിഞ്ഞു പിടിച്ചിരുന്നു. നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്ന അച്ഛനെ കണ്ടപ്പോൾ ദേവിക്കും മനസിലായി കുറെ നാളുകൾക്കു ശേഷമാണ് ഇതുപോലുള്ള നിമിഷത്തിലൂടെ അവരെല്ലാം കടന്നുപോയിട്ടെന്നു….

“അല്ല അമ്മേ…. എന്റെ ഏടത്തിയമ്മ എന്തേ… നാട്ടിൽ വന്നിട്ട് കാണാമെന്നു കരുതി. ഒരു സർപ്രൈസ് ആകട്ടെന്നു കരുതിയ ഫോട്ടോ പോലും അയക്കേണ്ട പറഞ്ഞതു… അമ്മയുടെ ദേവിമോളെ ഞാൻ കണ്ടില്ല” വിച്ചു കളിയോടെ പറഞ്ഞു മഹിയെ നോക്കി ഒരു കണ്ണടച്ചു കളിയാക്കി… അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.

“കണ്മുന്നിൽ നിന്നിട്ടും നീ കണ്ടില്ലേ… ദേ നിൽക്കുന്നു നിന്റെ ഏടത്തിയമ്മ” സുഭദ്ര ദേവിയുടെ നേർക്കു കൈ ചൂണ്ടി പറഞ്ഞു. സുഭദ്രയുടെ കൈകൾ പോയ ഭാഗത്തേക്ക് മിഴികൾ നീട്ടിയ വിച്ചു ഒരു നിമിഷം സ്തംഭിച്ചു നിന്നു…

“ദേവി…..ദേവി” ഒരു മന്ത്രണം പോലെ വിച്ചു ഉരുവിട്ടുകൊണ്ടിരുന്നു. അവന്റെ കാലുകൾ മുന്നോട്ടു ചലിക്കാൻ ആകാതെ വിധം നിശ്ചലമായി നിന്നിരുന്നു. ദേവിയാണെങ്കിൽ തല കുമ്പിട്ടു തറയിൽ നോക്കി നിൽപ്പാണ്…. ആ നിമിഷം കടന്നുപോകുവാനുള്ള പ്രാര്ഥനയിലാണ്..

വിച്ചു ദേവിയുടെ അടുക്കലേക്കു നടക്കുംതോറും പഴയ കുറെ ഓർമ ചിത്രങ്ങൾ അവന്റെ മനസിലൂടെ ദൃശ്യങ്ങൾ കണക്കെ മാറി മാറി വന്നുകൊണ്ടിരുന്നു. ആ ദൃശ്യങ്ങളിൽ ഒരു ഒന്നാം ക്ലാസ്‌കാരനും അവന്റെ കരചിലടക്കാൻ പാടുപെടുന്ന ഒരു കൂട്ടുകാരിയും മിഴിവോടെ നിറഞ്ഞു നിന്നു. മഹി വിച്ചുവിന്റെ ഭാവങ്ങൾ തെല്ലൊരു സംശയത്തോടെ നോക്കി കാണുകയായിരുന്നു. വിച്ചു ദേവിയുടെ അടുക്കലെത്തി… അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി…. മിഴിനീർ നിറഞ്ഞു നിൽക്കുന്ന അവളുടെ ഉണ്ടക്കണ്ണുകൾ മഹിയുടെ നെഞ്ചിലൊന്നു കുളത്തിവലിച്ച പോലെ… എന്തോ ഒരു വിങ്ങൽ അവന്റെ ഇടനെഞ്ചിൽ തുടിച്ചത് അവനറിഞ്ഞു. അവനറിയാതെ തന്നെ തന്റെ കൈകൾ നെഞ്ചിൽ തടവി ദേവിയെ മിഴിവോടെ നോക്കി….

ദേവി കണ്ണുകൾ ഇറുക്കെയടച്ചു വിച്ചുവിനെ നോക്കാൻ മടിച്ചു നിന്നു. വിച്ചുവിന്റെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു. “നീയെന്താ ഇവിടെ” അവന്റെയ ചോദ്യം കൊണ്ടു തന്നെ അവൾ കണ്ണുകൾ വലിച്ചു തുറന്നു അവനെ നിസ്സംഗതയോടെ നോക്കി. ചിരിക്കാൻ ശ്രമിക്കുന്നുണ്ട്… പക്ഷെ വരുന്നില്ല..
“പറ… നീയെന്താ ഇവിടെ…എവിടെയായിരുന്നു ഇത്ര നാളുകൾ…. പറ… ഇപ്പൊ… ഇവിടെ… ” അവൻ ശ്വാസം വിടാതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഒപ്പം അവളുടെ തോളിൽ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അവൾ പുറകോട്ടു കാലുവയ്ക്കും തോറും വിച്ചു മുന്നോട്ടു അവളുടെ അടുക്കലേക്കു വന്നു കൊണ്ടിരുന്നു. അവരുടെ ആ ഭാവങ്ങൾ കണ്ടു സുഭദ്രക്കും കാർത്തികേയനും ഒന്നും മനസിലായില്ലെങ്കിലും മഹിക്കു ഒരു ധാരണയുണ്ടായി. കാരണം വിച്ചുവിന് അവന്റെ ആത്മാർത്ഥ കൂട്ടുകാരിയെ… അവന്റെ കളികൂട്ടുകരിയെ നഷ്ടമായ ദിവസം അവന്റെ മനസിലെ കരച്ചിലിന് കൂടെ നിന്നതു താൻ മാത്രമായിരുന്നല്ലോ… അന്നൊക്കെ അവന്റെ സ്കൂളിലെ വിശേഷങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്ന ഒരേയൊരു പേരു ‘ദേവി’ എന്നുമാത്രമായിരുന്നു…. മഹി ദേവിയേയും വിച്ചുവിനെയും മാറി മാറി നോക്കി.

വിച്ചു അവന്റെ സങ്കടം മുഴുവൻ അവളെ ഇടിച്ചും അടിച്ചും തീർക്കുകയാണ്.
അവന്റെ അടികിട്ടി അവൾക്കു നന്നായി വേദനിക്കാൻ തുടങ്ങിയിരുന്നു. മനസിന്റെ വേദനയും അടികിട്ടുന്ന വേദനയും എല്ലാം കൂടി അവളുടെ കണ്ണുകൾ നിറച്ചു. “എനിക്ക് വേദനിക്കുനേട വിച്ചു… ഇനിയും അടിക്കല്ലേ പ്ളീസ്…” അവളുടെ ദയനീയമായ പറച്ചിൽ കേട്ടു അവനും സങ്കടം വന്നു. വിച്ചു ദേവിയെ ചേർത്തു പിടിച്ചു രണ്ടുപേരും നിന്നു കരയുകയായിരുന്നു. സുഭദ്ര അവരുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയപ്പോൾ മഹി അവരെ കണ്ണുകൾ കൊണ്ടു തടഞ്ഞു. അവരുടെ പരിഭവങ്ങളും പരാതികളും അവർ തന്നെ തീർക്കട്ടെയെന്നു കരുതി. മഹി അച്ഛനെയും അമ്മയെയും കൊണ്ടു പുറത്തേക്കു ഇറങ്ങി. സുഭദ്രക്കും കാർത്തികേയനും അധികമൊന്നും മനസിലായില്ലെന്നു മഹിക്കു തോന്നി. മഹി തന്നെ പറഞ്ഞു തുടങ്ങി. “അമ്മക്ക് ഓർമയുണ്ടോ… പണ്ട് വിച്ചു സ്കൂളിൽ പഠിച്ചിരുന്ന കാലത്തു അവന്റെ സ്കൂൾ വിശേഷങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്ന ഒരു കളികൂട്ടുകാരിയെ കുറിച്ചു…. ഓർമയുണ്ടോ” സുഭദ്ര കുറച്ചു നേരം ഓർമകളിലേക്ക് ഒന്നു ഊളിയിട്ടു. “ഉവ്വ…. ഒരു ദേവി അല്ലെ… അവന്റെ അടുത്ത കൂട്ടു…” സുഭദ്ര പറയാൻ വന്നത് മുഴുമിക്കാതെ മഹിയെ ‘സത്യമാണോ’ എന്നു കണ്ണുകൾ കൊണ്ട് ചോദിച്ചു.

“അതേ ദേവി തന്നെയാണ് ഇവിടുത്തെ മരുമകൾ. അവന്റെ ഉറ്റ മിത്രം. അവന്റെ തന്നെ മനസാക്ഷി. അവരുടെ ബന്ധം നിന്നപ്പോൾ അല്ലെ അമ്മേ അവൻ നമ്മളോടും പോലും കൂടുതൽ അടുത്തതു. ആ കൂട്ടു വിട്ടുപോയപ്പോൾ അവൻ എത്രയേറെ വിഷമിച്ചതാ… അവർക്കൊരുപാടു പറയാനുണ്ടാകും. സങ്കടങ്ങൾ പറഞ്ഞു തീർക്കട്ടെ” മഹി അച്ഛനോടും അമ്മയോടുമായി പറഞ്ഞു നിർത്തി.

“എന്നാലും ഇതു വലിയ അതിശയമാണ് മോനെ… അവൻ എപ്പോഴും പറയാറുണ്ട് അവന്റെ കൂട്ടുകാരി ദേവിയെ കുറിച്ചു. ആ കൂട്ടു വിട്ടുപോകാതെയിരിക്കാൻ നിന്നെകൊണ്ടു കല്യാണം കഴിപ്പിക്കണമെന്നു അവൻ എപ്പോഴും പറയാറുണ്ട്. അതു അന്നത്തെ അവന്റെ നിഷ്കളങ്ക പ്രാർത്ഥന കൂടിയായിരുന്നു. അതുകൊണ്ടായിരിക്കാം കൃത്യമായി ദേവി ഇവിടെത്തന്നെ എത്തിയത്” മഹിയെ നോക്കി അമ്മയതു പറയുമ്പോൾ അവനും ഓർമകളിലെ സഞ്ചാരപദത്തിലായിരുന്നു. ശരിയാണ്. അവന്റെയ കൂട്ടു വിട്ടുപോകാതെയിരിക്കാൻ തന്നോട് എപ്പോഴും പറയും ദേവിയെ ഏട്ടൻ കല്യാണം കഴിക്കുവോ… അവളെ സ്നേഹിക്കുവോ എന്നൊക്കെ… അന്നൊക്കെ അവന്റെ വിശേഷങ്ങൾ മുഴുവൻ ദേവിയെ ചുറ്റി പറ്റിയായിരിക്കും. നന്നായി പഠിക്കുന്ന പാട്ടു പാടുന്ന നൃത്തം ചെയുന്ന അവന്റെ അടുത്ത സുഹൃത്തു. ഒന്നാം ക്ലാസ് മുതൽ തുടങ്ങിയ കൂട്ടു… സുഹൃത്തായി സഹോദരിയായി അവന്റെ മനസ്സിൽ കൂടിയതാണ്. പലപ്പൊഴും ഭക്ഷണം പോലും അവൾ വാരി കൊടുക്കുമെന്നു പറയാറുണ്ട് അവളുടെ പൊതിച്ചോറിൽ നിന്നും. അവനു വേണ്ടി അവളുടെ പങ്കും മാറ്റി വയ്ക്കാറുണ്ട്. പെട്ടന്ന് ഒരുദിവസം ആ കൂട്ടുകെട്ട് ഉപേക്ഷിച്ചു അവനെ ഒറ്റക്കാക്കി പോയതാണ് അവൾ. അവൻ പറഞ്ഞറിയാം. അഭിമാനിയാണ് അവൾ… സഹായങ്ങളൊന്നും അവൾ സ്വീകരിക്കില്ല… ബുദ്ധിമുട്ടു കൂടുതലായതുകൊണ്ടു അവൾ പഠിപ്പു നിർത്തിയതാണെന്നറിഞ്ഞു. അവന്റെ സങ്കടം സഹിക്കാൻ കഴിയാതെ അവളുടെ നാട്ടിൽ അവളെക്കുറിച്ചു അന്വേഷിച്ചപ്പോൾ അറിഞ്ഞതായിരുന്നു. പിന്നെ പിന്നെ കുറച്ചു കഷ്ടപെട്ടിട്ടാണെങ്കിലും താൻ അവനെ മാറ്റിയെടുത്തിരുന്നു. പക്ഷെ ദേവി അവന്റെയുള്ളിൽ ഒരു വിങ്ങലായി ഓരോ നിമിഷത്തിലുമുണ്ടായിരുന്നുവെന്നു അവന്റെ അവളോടുള്ള സങ്കടം പറച്ചിലിൽ നിന്നും മനസിലായി.

“നിനക്കും അപ്പോൾ മുന്നേ അറിയാമായിരുന്നു അല്ലെ ആ ദേവി തന്നെയാണെന്നു” അമ്മയുടെ ചോദ്യമാണ് മഹിയെ ചിന്തകളിൽ നിന്നുമുണർത്തിയത്.

“അറിയില്ലായിരുന്നു. പക്ഷെ ഇവിടെ വിച്ചുവിന്റെ ഫോട്ടോക്ക് മുന്നിൽ അവൾ നിൽക്കുന്നതും നോക്കി നിന്നു കണ്ണു നിറയ്ക്കുന്നതൊക്കെ കാണാറുണ്ടായിരുന്നു. അങ്ങനെ ഒരു സംശയം തോന്നിയിരുന്നു. പിന്നെ അവൻ വന്നപ്പോൾ അവളുടെ നിൽപ്പും കരച്ചിലും വിതുമ്പലുമൊക്കെ കണ്ടപ്പോൾ എനിക്ക് ഉറപ്പായി” മഹി ഒരു ചിരിയോടെ പറഞ്ഞു നിർത്തി. അവന്റെ വിഷമ ചിന്തകൾ അച്ഛനുമമ്മയും അറിയാതിരിക്കാൻ അവൻ തിരിഞ്ഞു നിന്നു വേഗം. അവളെ ഇവിടെ നിന്നും പറഞ്ഞു വിടാൻ വിച്ചു ഇനി ഒരിക്കലും സമ്മതിക്കില്ല. ഇനിയെന്താ ചെയ്യാ… അവൻ കൈകൾ കൂട്ടി തിരുമി നിന്നു വിഷണ്ണനായി.

അകത്തു അവർ തമ്മിൽ പരിഭവകെട്ടു അഴിക്കുകയായിരുന്നു.”നല്ല ഭംഗി വച്ചു നീയി. കുറ്റി താടിയും… മുടിയൊക്കെ നന്നായി സെറ്റ് ചെയ്തു… തടിച്ചിരുന്ന നീയെങ്ങാനെ ഇങ്ങനെ ബോഡി മൈന്റൈൻ ചെയ്തെ” ദേവി അവന്റെ വയറ്റിൽ പതിയെ ഇടിച്ചുകൊണ്ടു ചോദിച്ചു. “ഭംഗി വച്ചോ….ഹി ഹി ഹി… പിന്നെ തടി… ” അവനൊന്നു നിർത്തി അവളുടെ വലതുകൈ പിടിച്ചു വിരലുകളിൽ തലോടി കൊണ്ടു പതിയെ പറഞ്ഞു നീ പോയതിൽ പിന്നെ നല്ല രുചിയുള്ള ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല… എന്റെ അമ്മയുടെ പാചകം പോലും നിന്റെയത്ര രുചികരമായി തോന്നിയിട്ടില്ല. ഇനി ഞാൻ തടിക്കും… നീ ഇവിടെത്തന്നെ ഉണ്ടല്ലോ” അവളെ കണ്ട സന്തോഷം അവൻ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. “നമ്മൾ പഠിക്കുന്ന സമയത്തെ ഞാൻ പറയാറില്ലേ… നീന്നെ എന്റെ വീട്ടിലേക്കു കൊണ്ടുവരുമെന്ന്…. അന്നത്തെ ആ വാക്കു വെറും വാക്കായില്ല… കണ്ടോ… നീഎന്താ അന്ന് അങ്ങനെയൊക്കെ പെട്ടന്ന് കൂട്ടു വിട്ടു പോയത്” അതും കൂടി വിച്ചുവിന് അറിയണമായിരുന്നു.
ദേവി ഒരു ചിരിയോടെ നിറ കണ്ണുകളോടെ അവനെ നോക്കി. പതിയെ കണ്ണുകൾ തുടച്ചുകൊണ്ടു അവൾ പറഞ്ഞു തുടങ്ങി.

“പ്ലസ് 2 റിസൾട്ട് വന്നതിനു ശേഷമാണ് അച്ഛന് ഒട്ടും വയ്യാതായത്. അച്ഛന്റെ ചികിത്സയും അനിയത്തിമാരുടെ പഠിപ്പുമെല്ലാം നോക്കണം. കുടുംബത്തിലെ എല്ലാവരുടെയും വയർ നിറയ്ക്കണം. ഇതൊക്കെ സാധാരണ ഒരു വീട്ടിൽനടക്കുന്ന കാര്യങ്ങളാണ് വിച്ചു. നീന്നോട് പറഞ്ഞിരുന്നെങ്കിൽ നീയെന്നെ സഹായിക്കും. എത്ര നാൾ… നീയും പഠിക്കുന്ന സമയമല്ലേ… നീ തന്നെ അച്ഛന്റെ ചെലവിലാണ്… അപ്പൊ പിന്നെ എന്റെ കാര്യം… പിന്നെ നിനക്കറിയാലോ ഞാൻ കുറച്ചു കോംപ്ലസ്‌ ഉള്ള കൂട്ടത്തിലാണ്. വെറുതെ ഒരു സഹായം വാങ്ങാൻ എനിക്ക് താൽപര്യമില്ല. ഒരുതരത്തിൽ അഭിമാന കുറവ്. അതുകൊണ്ടാണ് അന്ന് നിന്നോട് വഴക്കിട്ടു പോയത്. ഞാൻ അങ്ങനെ പിണങ്ങി പോയില്ലെങ്കിൽ നീ പിന്നെയും എന്നെത്തേടി വരുമെന്ന് എനിക്കറിയാം” അവന്റെ കവിളിൽ കൈ ചേർത്തു വിഷമത്തോടെ ദേവി കണ്ണു നിറച്ചു പറഞ്ഞു നിർത്തി.

“ഈ ജീവിത യാത്രയും നിനക്കു….” വിച്ചു വാക്കുകൾ പൂർത്തീകരിക്കാതെ നിന്നു.
“ഈ യാത്ര… അതു എനിക്കും എന്റെ വീട്ടുകാർക്കും ചെയ്തു കൊടുക്കുന്നതിന്റെ വിലയാണ്…. എന്റെ ജീവിതം തന്നെ… അതിലെനിക്കു തെല്ലും വിഷമമില്ല” ദേവി ഉറച്ച മനസ്സോടെ കനപ്പിച്ചു പറഞ്ഞു.

വിച്ചു അവളെ ഒന്നുകൂടി ചേർത്തു നിർത്തി.
“ദേവി…. നിങ്ങളുടെ ജീവിതം അത്ര സുഖകരമല്ലെന്നു എനിക്കറിയാം… അതു ഊഹിക്കാവുന്നതേയുള്ളൂ… എങ്കിലും എന്റെ ഏട്ടൻ പാവമാണ്… വെറുക്കരുത് നീ… ഒരിക്കലും കൈ വിടരുത്… ഏട്ടനെ ഇട്ടു നീയും പോകുവോ” ഒരു വേദനയോടെ വിച്ചു ദേവിയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു. ഒരു സഹോദരന്റെ എല്ലാ വേദനയും ദേവി വിച്ചുവിന്റെ കണ്ണുകളിൽ കണ്ടു… ” ഒരിക്കലും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ഞാൻ പോകില്ല. അദ്ദേഹം എന്നെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്ന ഒരു ദിവസം വരും. മഹിയേട്ടൻ എന്താണെന്നും ജീവിതം എങ്ങനെയാണെന്നുമൊക്കെ അറിഞ്ഞും കണ്ടും തന്നെയാ ഞാൻ ഈ ജീവിതം തിരഞ്ഞെടുത്തത്… അതിൽ ഒരു കാരണം….” ദേവിയൊന്നു പറഞ്ഞു നിർത്തിയപ്പോൾ വിച്ചു കണ്ടത് ദേവിയുടെ കണ്ണുകളിൽ തെളിഞ്ഞ പ്രണയമാണ്…. അവനൊന്നു പുഞ്ചിരിച്ചു…
തന്റെ ഏട്ടന് ചേർന്നത് നീ തന്നെയാണെന്ന് അവൻ ഒന്നുകൂടി അവളെ ചേർത്തു പിടിച്ചു പറയാതെ പറഞ്ഞു.
“എന്തിനും ഏതിനും പഴയ വിച്ചു എന്ന കൂട്ടുകാരനായും വിഷ്ണു എന്ന അനിയനായും ഞാൻ കൂടെയുണ്ടാകും” വിച്ചു അവൾക്കു കൈകളിൽ പിടിച്ചു ഉറപ്പു നൽകി.
മഹിയും അച്ഛനും അമ്മയും വരുമ്പോൾ വിച്ചു ദേവിയുടെ കൈകളിലേക്ക് അവൻ ഏടത്തിക്കു കൊണ്ടുവന്ന സമ്മാനങ്ങൾ വച്ചു കൊടുക്കുന്നതാണ് കാണുന്നത്. മഹി ഒന്നു ചിരിച്ചു സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി. അവന്റെ ചിന്ത മണ്ഡലത്തിൽ മുഴുവൻ ദേവിയെ എങ്ങനെ തന്റെ ജീവിതത്തിൽ നിന്നും എങ്ങനെ മാറ്റി നിർത്തുമെന്നായിരുന്നു.

അച്ചു കോളേജിൽ നിന്നും വന്നപ്പോൾ തന്നെ നേരെ അടുക്കളയിലേക്കെത്തി. സ്ലാബിൽ കയറി ഇരുന്നു സുഭദ്ര പകർന്നു കൊടുത്ത ചായ കുടിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു അവളുടെ ചെവിയിൽ ഒരു പിടുത്തം വീണത്.
“യ്യോ…അമ്മേ…”അവൾ നിലവിളിച്ചു കൊണ്ടു തിരിഞ്ഞു നോക്കുമ്പോൾ വിച്ചു പല്ലിളിച്ചു ചിരിക്കുന്നു….”കുഞ്ഞേട്ടാ..”യെന്നും വിളിച്ചു വിച്ചുവിനെ കെട്ടി പിടിച്ചു. പിന്നെ അവരുടെ ലോകത്തായിരുന്നു… അവൾക്കു കൊണ്ടുവന്ന സമ്മാനങ്ങൾ കൊടുത്തും വഴക്കിട്ടും സമയം കഴിഞ്ഞു പോയതറിഞ്ഞില്ല.

രാത്രിയിൽ പതിവ് ഫോൺ വിളിയുമായി അച്ചു അടുക്കളയിലെത്തി. ഇത്തവണ അവളുടെ സംസാരം വളരെ പേടിച്ചായിരുന്നു. അടക്കി പിടിച്ചുകൊണ്ടു അവൾ പറയുന്നത് പുറകിൽ നിന്ന ദേവിക്ക് വളരെ വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നു.
“ഞാൻ പറഞ്ഞില്ലേ രഞ്ജു… കുഞ്ഞേട്ടൻ വന്നിട്ടുണ്ട്. വല്യേട്ടന്റെ പോലെയല്ല. കുഞ്ഞേട്ടൻ ഭയങ്കര സ്ട്രിക്ട് ആണ്. വല്യേട്ടനെ ഞാൻ ഒന്നു കരഞ്ഞു കാണിച്ചു പറ്റിക്കും… പക്ഷെ കുഞ്ഞേട്ടൻ അങ്ങനെയൊന്നും വീഴില്ല. കള്ളത്തരം വേഗം കണ്ടുപിടിക്കും”അതും പറഞ്ഞു നോക്കുന്നത് ദേവിയുടെ മുഖത്തു. അച്ചുവിന് ദേഷ്യം ഇരച്ചു കയറി. ദേഷ്യം കൊണ്ടു അടിമുടി വിറച്ചു അവളുടെ മുഖമെല്ലാം ചുമന്നു തുടുത്തിരുന്നു.
“നിങ്ങൾ എന്റെ പുറകെ സി ഐ ഡി പണിയുമായി നടക്കുവാന്നോ…. വേറെ പണിയൊന്നുമില്ലേ” അവൾ ദേഷ്യം കൊണ്ട് ശബ്‌ദം പോലും ഉയർന്നത് അറിഞ്ഞില്ല. അപ്പോഴും ദേവി ശാന്തമായി കൈ കെട്ടിനിന്നു
ഒരു ശിൽപം പോലെ.
റൂമിലേക്ക്‌ പോകാൻ തിരിഞ്ഞ മഹി അച്ചുവിന്റെ ശബ്‌ദം കേട്ടുകൊണ്ട് അവിടേക്ക് ചെന്നു. “എന്താ മോളെ പ്രശ്നം”

“ഇതു കണ്ടോ ഏട്ടാ… ഇവർ” അച്ചു അതു പറഞ്ഞു മഹിയെ നോക്കിയതും അവന്റെ തിരിച്ചുള്ള നോട്ടത്തിൽ പറയാൻ വന്നത് അവൾ വിഴുങ്ങി.
“അല്ല.. ഈ ഏടത്തി എപ്പോഴും എന്നെ ചുറ്റി പറ്റി അന്വേഷണം ആണ്. ഞാൻ ആരെയൊക്കെ വിളിക്കുന്നു എന്നൊക്കെ ഒളിഞ്ഞു നിന്നു കേൾക്കുന്ന ഒരു തരം ചീപ് സ്വഭാവം” അച്ചു പിന്നെയും എന്തൊക്കെയോ പറയാൻ വന്നത് മഹി കൈ ഉയർത്തി തടഞ്ഞു.
“മോൾ ചെല്ലു… പോയി കിടന്നുറങ്ങു…ഉം”
അച്ചുവിനെ മഹി പറഞ്ഞു വിട്ടു. അവൾ പോയെന്നു ഉറപ്പായപ്പോൾ മഹി ദേവിക്ക് നേരെ തിരിഞ്ഞു.
“നീയെന്തിനാ അച്ചുവിന്റെ പുറകെ സംശയ കണ്ണുകളുമായി നടക്കുന്നത്. എന്റെ പെങ്ങളുടെ സ്വഭാവം ഞങ്ങൾക്ക് നന്നായി അറിയാം”

“അതേ… അതുകൊണ്ടാണല്ലോ ഈ ഏട്ടനെ നന്നായി പറ്റിക്കുന്നത്” ദേവി ഒരു കൂസലുമില്ലാതെ നിന്നു പറഞ്ഞതു മഹിയുടെ ദേഷ്യം കൂട്ടി.
“നീ നിന്റെ അനിയത്തിമാരെ കൂട്ടു എന്റെ അനിയത്തിയെ കാണണ്ട… അവരുടെ സ്വഭാവം പോലെ എന്റെ അനിയത്തിക്കുമെന്നു വിചാരിക്കേണ്ട” മഹിയും ഒരു പൊടിക്കു വിട്ടു കൊടുക്കാതെ അവളോട്‌ കൊമ്പു കോർക്കാൻ തയ്യാറായി.
“ദേ… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ… എന്നു കരുതി എന്റെ വീട്ടുകാരെ പറയാൻ ഞാൻ സമ്മതിക്കില്ല. അല്ലെങ്കിലും സകലമാന ഭർത്താക്കന്മാരുടെയും സ്ഥിരം പരിപാടിയാണ് ഇതു. ഒന്നുമറിയാത്ത ഭാര്യയുടെ വീട്ടുകാരെ കൂട്ടി ചീത്ത വിളിക്കൽ” ദേവിയും വിട്ടുകൊടുക്കാതെ ഒപ്പത്തിന് ഒപ്പം പറഞ്ഞു ചുണ്ടു കോട്ടി നിന്നു.
“പിന്നെ അത്ര നല്ല കുടുംബമാണല്ലോ നിന്റെ.”

“നിങ്ങളോടു പറഞ്ഞു… എന്റെ വീട്ടുകാരെ ഇനി വല്ലതും പറഞ്ഞാലുണ്ടല്ലോ”

“പറഞ്ഞാൽ… പറഞ്ഞാൽ നീയെന്തു ചെയ്യും.. അവളുടെയൊരു വീട്ടുകാർ… നിന്റെയച്ഛന്റെ അടുത്ത ലക്ഷ്യം തന്നെ താഴെയുള്ള അനിയത്തിമാരെ കൂടി ഏതെങ്കിലും പണചാക്കുകളെ കണ്ടുപിടിച്ചു കെട്ടിച്ചു കൊടുക്കാനായിരിക്കും…. കാണാൻ കുറച്ചു തൊലിവെളുപ്പുണ്ടായൽ മാത്രം മതിയല്ലോ” മഹി പറഞ്ഞു നിർത്തി ദേവിയെ നോക്കുമ്പോൾ അവളപ്പോൾ ഭദ്രകാളിയായി രൂപം പ്രാപിച്ചിരുന്നു. അവളുടെ രക്ത വർണ്ണം നിറഞ്ഞ ഉണ്ടക്കണ്ണുകളിൽ നിന്നും തീ പാറുന്നപോലെ അവനു തോന്നി. അവളുടെ തീഷ്ണമായ നോട്ടത്തിന്റെ ചൂടിൽ അവനൊന്നു പൊള്ളി പോയി….
ദേവിയുടെ കൈകൾ വായുവിലേക്ക് ഉയർന്നു താണു…. അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്ന സോസ് പാൻ ഒരു മിന്നായം പോലെ മഹി കണ്ടിരുന്നു. പിന്നെ അവനു ഒന്നും ഓർമ കിട്ടിയില്ല. “അമ്മേ” എന്ന അവന്റെ തന്നെ നിലവിളിയും അവന്റെ ചെവിയിൽ അലയടിച്ചു…. കൊഴുത്ത ചുവന്ന ദ്രാവകം നെറ്റിയിലൂടെ മുഖത്തേക്ക് പടർന്നതും ആ ദ്രാവകത്തിന്റെ ചൂടിൽ അവനറിഞ്ഞു…. ബോധം മറയും മുന്നേ അവന്റെ കണ്ണിൽ രണ്ടു രൂപങ്ങൾ മിഴിവോടെ നിന്നു….ഒന്നും ഓടി വരുന്ന വിച്ചുവിനെയും…രണ്ടു ഉണ്ടകണ്ണും തുറുപ്പിച്ചു ശൂലത്തിനു പകരം സോസ് പാനും പിടിച്ചു നിൽക്കുന്ന ദേവിയുടെയും… അവന്റെ ഭദ്രകാളിയുടെ….!!

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5