Sunday, December 22, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 2

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


ദ്രുവാംശിന്റെ നോട്ടം നേരിടാനാകാതെ സായു മിഴികൾ ഇറുകെയടച്ചു.
അവനും നോക്കിക്കാണുകയായിരുന്നു അവളെ. ചുവരോട് ചാരിയാണ് നിൽക്കുന്നത്.
പേടിയുടെയും സങ്കടത്തിന്റെയും ബാക്കിപത്രമെന്നോളം അവളുടെ ഉടൽ വിറകൊള്ളുന്നുണ്ടായിരുന്നു.

മുഖത്ത് പണ്ടത്തെ കുസൃതിയുടെയോ പ്രസരിപ്പിന്റെയോ ലാഞ്ചന പോലുമില്ല.

കൺതടങ്ങളിൽ കറുപ്പ് വീണിരുന്നു. മുഖത്ത് വിഷാദച്ഛവി പരന്നിരുന്നു.
ഒറ്റനോട്ടത്തിൽ
ഒരു ദുഃഖപുത്രി ഇമേജ്.

അവന് ഹൃദയത്തിലെന്തോ ഭാരം അനുഭവപ്പെട്ടു.

അവനറിയാതെ ആ കൈകൾ ആ മുഖത്തേക്ക് നീണ്ടു.

അവന്റെ വിരലുകളുടെ തണുപ്പ് നെറുകയിലേറ്റതും പിടപ്പോടെയവൾ മിഴികൾ വലിച്ചു തുറന്നു.

അവന്റെ മുഖത്തെ വേദന അവളിൽ ദുഖമുണർത്തിയെങ്കിലും ഞൊടിയിടയിൽ മറ്റൊരു മുഖം ആ ദുഃഖത്തെ മായ്ച്ചു കളഞ്ഞു.

വെറുപ്പോടെയവൾ ആ കൈകൾ തട്ടിയെറിഞ്ഞു.

സായൂ… ആർദ്രമായി പ്രണയത്തോടെ അതിലുപരി കരുതലോടെ അവൻ വിളിച്ചു.

ഇരുചെവികളും കൈകൾകൊണ്ട് മുറുകെയടച്ചു.

വേണ്ടാ… വിളിക്കരുത് മേലിൽ അങ്ങനെ…

അങ്ങനൊരു വിളിക്ക്… നിന്റെ പ്രണയപൂർവ്വമുള്ള നോട്ടത്തിന്.. നിന്റെ കരുതലിന് ഇവയ്‌ക്കെല്ലാമായി കൊതിച്ചവളാണ് ഞാൻ.

പക്ഷേ നീയൊരാൾ കാരണമാണ് എനിക്ക് നഷ്ടങ്ങൾ സംഭവിച്ചത്.

എന്റെ ജീവിതം തന്നെ ഇല്ലാതായത്. എല്ലാം ഉപേക്ഷിച്ച് വന്നവളാണ് ഞാൻ ഇവിടെയും എന്നെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ എനിക്ക് തന്നെ അറിയില്ല ഞാൻ എന്ത് ചെയ്യുമെന്ന് ഒരുപക്ഷേ എന്റെ ജീവൻ തന്നെ അവസാനിപ്പിക്കും ഞാൻ..

സായൂ… ആ വിളിയിൽ വേദനയായിരുന്നു. അവളത് തിരിച്ചറിയാത്തതോ അറിഞ്ഞില്ലെന്ന് ഭാവിച്ചതോ..

എന്താ ഇവിടെ…
സായൂജ്യ.

കണ്ണിൽ കണ്ട അവന്മാരുമായി റൂമുകളിൽ കൂടിക്കാഴ്ച നടത്തണമെങ്കിൽ അതിന് തിരഞ്ഞെടുക്കേണ്ടത് ഇവിടെയല്ല.. സൂപ്പർവൈസർ സുധീഷ് ബാബുവിന്റെ ശബ്ദം അവിടെ ഉയർന്നു.

അവളുടെ കണ്ണുനീർ ചാലുകളായി ഒഴുകിയിറങ്ങി.

അയാളുടെ വാക്കുകൾ അവളിൽ തീർത്ത മുറിവ് അവൻ കണ്ടറിയുകയായിരുന്നു.

പന്ന നായേ… നിനക്കെന്ത് അർഹതയുണ്ടെടാ അവളെ പറയാൻ…. പറയുന്നതിനോടൊപ്പം അയാളെ ഷർട്ടോടെ കുത്തിപ്പിടിച്ച് കവിളടക്കം അടിച്ചിരുന്നു ദ്രുവ്.

ദാ.. ഈ കിടക്കുന്ന മറ്റവൻ ജോലി ചെയ്യുന്ന പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എവിടെയായിരുന്നു നീ. എന്ത് സുരക്ഷിതത്വമാണ് നീ അവൾക്ക് നൽകിയത്..

അപ്പോഴാണ് അയാൾ രൂപേഷിനെ കാണുന്നതും.

ദ്രുവിന്റെ വാക്കുകളും സായുവിന്റെ രൂപവും രൂപേഷിന്റെ അവസ്ഥയും കാര്യങ്ങളുടെ നിജസ്ഥിതി സുധീഷ് ബാബുവിന് വ്യക്തമാകുന്നവയായിരുന്നു.

എത്രയൊക്കെ ദേഷ്യം കാണിച്ചാലും സ്ത്രീകളോട് അപമര്യാദയായി അയാൾ ഒരിക്കലും പെരുമാറുകയോ നോട്ടം കൊണ്ടുപോലും അവരെ അസ്വസ്ഥരാക്കുകയോ ചെയ്തിട്ടില്ല.
അയാളുടെ മുഖം കുനിഞ്ഞു.

ദേഷ്യത്തോടെ ദ്രുവ് അയാളെ മുന്നോട്ട് തള്ളി.

പക്ഷേ സായു നിന്നിടം ശൂന്യമായിരുന്നു.

അന്ധാളിപ്പോടെ അവൻ നിന്നു.

ബാഗെടുത്ത് അനുഷയോട് പോലും പറയാതെ ഓടുകയായിരുന്നു അവൾ.
വീട്ടിലെത്തി പേമാരിപോലെ തന്റെ സങ്കടങ്ങൾ അവൾ പെയ്തിറക്കി.

അവൻ തേടിയെത്താത്ത ഒരിടമായിരുന്നു തനിക്കാവശ്യം. അതിനുവേണ്ടിയാണ് നിഷ്കളങ്കമായ ഈ ഗ്രാമത്തിലേക്ക് വന്നത്.

പത്താം ക്ലാസ്സ്‌ വരെ കൂടെ പഠിച്ചതാണ് അനുഷ.

ട്രെയിനിൽ വച്ച് അവളെ കണ്ടുമുട്ടിയതും അവൾ തനിക്ക് അവളുടെ വീടിനടുത്ത് വീട് ശരിയാക്കി തരികയും ജോലി വാങ്ങി തരികയും ചെയ്തു.

രണ്ടുമാസത്തോളമാകുന്നതേയുള്ളൂ ഇങ്ങോട്ടേക്ക് വന്നിട്ട്.

അവനെങ്ങനെ അവിടെയെത്തിയെന്ന് അവൾക്ക് മനസ്സിലായില്ല.

ടീ… സായൂ.. പരിഭ്രമത്തോടെയുള്ള അനുഷയുടെ വിളികേട്ടാണ് അവൾ മിഴികൾ വലിച്ചു തുറന്നത്.

വല്ലാത്ത ക്ഷീണം അവൾക്കനുഭവപ്പെട്ടു.

ഓടിപ്പിടച്ചെത്തിയതിന്റെ കിതപ്പ് അപ്പോഴും അനുഷയിൽ ഒതുങ്ങിയിരുന്നില്ല.

സായുവിന്റെ കരഞ്ഞു വീങ്ങിയ മുഖം കണ്ടവൾ അമ്പരന്നു.

എന്താടീ പറ്റിയത്.
നീയെന്താ ആരോടും പറയാതെ വന്നത്.

നിന്നെ അന്വേഷിച്ച് ഒരാൾ ഭയങ്കര ബഹളമായിരുന്നു സുധീഷ് സാറിനോട്.
ആരാ അയാൾ..

ഒറ്റശ്വാസത്തിൽ അനുഷ ചോദിച്ചു.

അവളുടെ മുഖത്തെ ഉൽകണ്ഠ സായുവിൽ നീറ്റലുണ്ടാക്കി.

ഇന്നുവരെയും തന്നോട് ഒന്നും ചോദിച്ചിട്ടില്ല അവൾ.

സഹോദരിയെപ്പോലെ കൂടെ നിന്നിട്ടേയുള്ളൂ കഴിഞ്ഞ രണ്ടുമാസവും.

ഞാൻ പറഞ്ഞാൽ മതിയോ… പിന്നിൽനിന്നും ശബ്ദംകേട്ട് ഇരുവരുടെയും നോട്ടം അങ്ങോട്ടേക്കായി.

വാതിൽക്കൽ നിൽക്കുന്ന ദ്രുവിനെ കണ്ട് ഒരു വിറയൽ സായുവിലൂടെ കടന്നുപോയി.

ഒരു കുതിപ്പിനവൻ സായുവിനരികിലെത്തി.

അവളുടെ കൈകളിൽ പിടിച്ചവൻ ഉയർത്തി.

ക്ഷീണം കാരണം ദുർബലമായ ശരീരം പൂച്ചക്കുഞ്ഞിനെ ഉയർത്തുന്ന ലാഘവത്തോടെ ഉയർത്തിയ അവന്റെ കൈക്കുള്ളിൽ അമർന്നു.

ഞാൻ പറഞ്ഞില്ലേ സായൂ.. നീയില്ലാതെ ദ്രുവ് ഇല്ല. എന്നിൽനിന്നും ഓടിയൊളിക്കാൻ നിനക്കാകില്ല.

എന്റെ പ്രണയമാണ് നീ… ദ്രുവാംശിന്റെ പ്രാണൻ. നീയില്ലാതെ ഞാൻ അപൂർണ്ണനാണ്.മനസ്സറിഞ്ഞ് തന്നെയാണ് നിന്നെ ഞാൻ പ്രണയിച്ചത്.

എന്റെ ദ്രുവംശിന്റെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്നത് നീ തന്നെയാണെന്ന് ആരെക്കാളും വ്യക്തമായി നിനക്കറിയാം. എന്നിട്ടും നീയെന്നെ ഒറ്റയ്ക്കാക്കി.

എന്നിൽ നിന്നുമകന്നു… എന്തിനാ സായൂ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.

പതംപറയുന്നതിനിടയിലും അവന്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ജീവിതത്തിൽ ആദ്യമായാണ് ഒരു പുരുഷൻ ഇങ്ങനെ കണ്ണുനീരൊഴുക്കുന്നത് അനുഷ കാണുന്നത്.

തന്റെ മുൻപിൽ നടക്കുന്നതെന്താണെന്ന് അവൾക്ക് മനസ്സിലായില്ല.

വിഷമങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണ് സായു മുൻപിൽ ചിരിച്ചു നിന്നിരുന്നത് എന്നറിയാമായിരുന്നു.

ഇവിടേക്ക് കൊണ്ടുവന്നത് മുതൽ അവളുടെ മിഴികൾ നിറഞ്ഞേ കണ്ടിരുന്നുള്ളൂ.

പല പ്രാവശ്യം ചോദിച്ചെങ്കിലും അവൾ പറയാൻ കൂട്ടാക്കിയിരുന്നില്ല.

നിർബന്ധപൂർവ്വം ചോദിച്ചാൽ അതവളിൽ ദുഃഖത്തിന്റെ കാഠിന്യം കൂട്ടുമോയെന്ന ഭയത്താൽ പിന്നെ കൂടുതലൊന്നും ചോദിച്ചിട്ടുമില്ല.

എന്നാൽ ഇപ്പോൾ തന്റെ മുൻപിൽ നടന്നതിൽ നിന്നും ഒന്നവൾക്ക് വ്യക്തമായിരുന്നു. സായുവിന്റെ പ്രണയമാണ് ആ യുവാവെന്ന്.

അവനവളോടുള്ള പ്രണയത്തിന്റെ ആഴം ആ മിഴികളിൽ വ്യക്തമാണ്.

എന്ത് കൊണ്ടാണവർക്ക് അകലേണ്ടി വന്നത്.. അതായിരുന്നു അനുഷയ്ക്ക് അറിയേണ്ടിയിരുന്നത്.

ഞാൻ ഒറ്റയ്ക്കാക്കി അല്ലേ.. കൊള്ളാം. ഒരുപാട് പ്രാവശ്യം പറഞ്ഞല്ലോ എന്റെ പ്രണയമെന്ന്. അത് ഇപ്പോഴാണോ മനസ്സിലാക്കിയത്.

പ്രണയമെന്ന് പറയാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്. ചേർത്തുപിടിക്കുന്നതാണ് പ്രണയം.

കൂടെ ജീവിക്കാൻ തീരുമാനിച്ചവളെ ദുഃഖിപ്പിക്കാതെ അവളെ കരുതലോടെ സംരക്ഷിക്കുന്നവനാണ് പുരുഷൻ.

ഞാനുമിതുപോലെ കെഞ്ചിയതല്ലേ നിങ്ങളോട് നമ്മുടെ പ്രണയമെന്ന് പറഞ്ഞ്..നമ്മുടെ ജീവിതമാണെന്ന് പറഞ്ഞ് …കാലുപിടിച്ച് അപേക്ഷിച്ചതല്ലേ ഞാൻ ഒന്നും വേണ്ടെന്ന്.

കേട്ടോ നിങ്ങൾ ഇല്ലല്ലോ. അതുകാരണം നഷ്ടമായത് എന്താണെന്ന് അറിയില്ലേ നിങ്ങൾക്ക്.

എങ്ങനെ സഹിക്കണമായിരുന്നു ഞാൻ… പൊട്ടിക്കരഞ്ഞുകൊണ്ട്‌ സായു ചോദിച്ചു.

ആ കണ്ണുനീർ മുറിവേൽപ്പിച്ചത് അവന്റെ ഹൃദയത്തെയായിരുന്നു. ആയിരം കാരമുള്ളുകൾ കുത്തിയിറങ്ങുന്ന വേദനയോടെ
മറുപടിയില്ലാതെ ദ്രുവ് മൗനത്തെ കൂട്ടുപിടിച്ചു.

നിങ്ങളോടൊപ്പം ഈ ജന്മം എനിക്ക് ജീവിക്കാനാകില്ല.

നിങ്ങളെ കാണുമ്പോഴെല്ലാം ഒരു കൊലപാതകിയായി മാത്രമേ എനിക്ക് കാണാൻ കഴിയൂ.

എനിക്ക് പ്രിയപ്പെട്ടതെല്ലാം എനിക്ക് നഷ്ടമാക്കിയവനായി മാത്രമേ….. ബാക്കി പറയാൻ കഴിയാതെ അവളൊന്ന് വിറച്ചു.
ശരീരമാകെ വിറയൽ പടർന്നു.

തലയാകെ ഭാരംമൂലo താഴുന്നതുപോലെ… കണ്ണുകളിൽ ഇരുട്ട് പടർന്നു.

പഞ്ഞിപോലെ ഭാരം കുറഞ്ഞവൾ നിലത്തേക്ക് വീഴും മുൻപേ ദ്രുവിന്റെ കരങ്ങൾ അവളെ താങ്ങി മാറോട് ചേർത്തിരുന്നു.

തന്റെ പ്രിയപ്പെട്ടവളെ മാറോടമർത്തി കുഞ്ഞുങ്ങളെപ്പോലെ കരയുന്ന ദ്രുവിനെ കണ്ട് അനുഷയുടെ കണ്ണുകൾ നിറഞ്ഞു.

കാരണം അവന്റെ സ്നേഹം അത്രമേൽ വ്യക്തമായിരുന്നു.

ഇറ്റുവീഴുന്ന ഓരോ തുള്ളി കണ്ണുനീരും അവന്റെ വേദനയുടെ ആഴം വിളിച്ചോതുന്നവയായിരുന്നു.

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1