Friday, November 15, 2024
HEALTHLATEST NEWS

മരുന്ന് ക്ഷാമം; ഡൽഹിയിൽ എയിഡ്സ് രോഗികളുടെ പ്രതിഷേധം

ന്യൂഡൽഹി: എയ്ഡ്സിനുള്ള ആന്‍റിറെട്രോവൈറൽ (എആർടി) മരുന്നുകൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (എൻഎസിഒ) ഓഫീസിന് മുന്നിൽ രോഗികളുടെ പ്രതിഷേധം. കുട്ടികൾക്ക് പോലും മരുന്ന് ലഭിക്കുന്നില്ലെന്നും ഏതാനും ആഴ്ചകൾ കൂടി മരുന്നിന് ക്ഷാമം ഉണ്ടായാൽ ആരോഗ്യസ്ഥിതി വഷളാകുമെന്നും രോഗികൾ ആശങ്കപ്പെടുന്നു.

ആന്‍റിറെട്രോവൈറൽ തെറാപ്പിക്കായി ഉപയോഗിക്കുന്ന ഡൊള്യൂട്ട്ഗ്രാവിർ (ഡിടിജി) 50 എന്ന മരുന്നിനാണ് ക്ഷാമം നേരിടുന്നത്. സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, നാക്കോ, ആരോഗ്യ മന്ത്രാലയം എന്നിവയ്ക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഡിടിജിക്ക് പുറമെ, ഡിഎൽ എന്ന മരുന്നും ലഭ്യമല്ല.

എന്നാൽ, മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന ആരോപണം ആരോഗ്യ മന്ത്രാലയങ്ങൾ അംഗീകരിച്ചിട്ടില്ല. മരുന്നിന് ക്ഷാമമില്ലെന്നും 95 ശതമാനം രോഗികൾക്കും നൽകാനുള്ള മരുന്ന് രാജ്യത്ത് ലഭ്യമാണെന്നും സംഘടന അറിയിച്ചു. പുതിയ സ്റ്റോക്ക് ഉടൻ എത്തുമെന്നും സംഘടന അറിയിച്ചു.