Sunday, December 22, 2024
Novel

ദേവതാരകം : ഭാഗം 16

എഴുത്തുകാരി: പാർവതി പാറു

അതെ മായ… മയൂരിക അതാണെന്റെ പേര്…. ദേവ മൂന്ന് വർഷം മുന്നേ അവന് വന്ന ഫേസ്ബുക് റിക്വസ്റ്റ് ഓർത്തു…. ആ നീലയും പച്ചയും മയിൽ‌പീലി പ്രൊഫൈൽ പിക്ചർ ആക്കിയ മയൂരിക…. മൂന്ന് വർഷം മുന്നേ അവൾ എന്നിലേക്ക് എത്തിയിരുന്നു…. താനിതുവരെ കരുതിയതെല്ലാം തെറ്റായി പോയിരിക്കുന്നു…. താൻ മനസ്സിൽ പ്രതിഷ്ഠിച്ച താര… അവൾ തനിക്ക് അന്യ ആവുകയാണോ…. ദേവേട്ടൻ ഇപ്പോഴും അറിയില്ല ഞാൻ നിങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന്….. അവൾ ബാഗിൽ നിന്ന് കുറേ ചെറിയ ബുക്‌ലെറ്റുകൾ എടുത്തു… അവനു നേരേ നീട്ടി….

എല്ലാത്തിനും മുകളിൽ ആ മയിൽ‌പീലി ചിത്രം ഉണ്ടായിരുന്നു……. അന്ന് അവന് ലൈബ്രറിയിൽ വെച്ച് കിട്ടിയ പുസ്തകം പോലെ തന്നെ ഉള്ളവ…. സമയം കിട്ടുമ്പോൾ ഇതെല്ലാം ഒന്ന്‌ വായിക്കണം…. എന്റെ പ്രണയം എന്നിൽ എത്രത്തോളം വേരുറച്ചതാണെന്ന് ദേവേട്ടൻ അറിയണം….. ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടാവും… ദേവേട്ടന്റെ ഒരു വിളിക്ക് വേണ്ടി ഞാൻ കാത്തിരിക്കും… അവനെ ഒന്നുകൂടി നോക്കി അവൾ നടന്നകന്നു… ദേവ അവിടെ മരവിപ്പോടെ ഇരുന്നു… എന്റെ പ്രണയത്തിന് ഞാൻ നൽകിയ മുഖം തെറ്റായിരുന്നു…. എന്റെ പ്രണയം എന്നെ തോല്പിച്ചിരിക്കുന്നു…..

ആദ്യമായി പ്രണയിച്ച അക്ഷരങ്ങൾ അതിന്റെ ഉടമ എന്റെ മുന്നിൽ എത്തിയിരിക്കുന്നു… പക്ഷെ താര….. ആ കണ്ണുകളിലെ പ്രണയം അതെന്നെ ഉലക്കുന്നു… . മായയുടെ വാക്കുകളിലെ പ്രണയത്തിന്റെ ശക്തി തന്റെ മനസിനെ കീഴടക്കി…. പക്ഷെ താരയുടെ കണ്ണുകളിലെ പ്രണയം തന്റെ ഹൃദയത്തിൽ ആഴ്നിറങ്ങിയിരിക്കുന്നു… സത്യത്തിൽ ഞാൻ അവരിൽ ആരെ ആണ്‌ പ്രണയിക്കുന്നത്…. അവനൊരു ഉത്തരം നൽകാൻ മനസിന് കഴിയാതെ വന്നു….. ദേവ കുറേനേരം അവിടെ തന്നെ ഇരുന്നു… അവൾ തന്ന പുസ്തകങ്ങൾ മുഴുവൻ വായിച്ചു….. അവളുടെ വാക്കുകളിൽ മുഴുവൻ പ്രണയം അണപൊട്ടി ഒഴുകുന്നത് അവനറിഞ്ഞു…. പക്ഷെ സംശയങ്ങൾ അവന് വീണ്ടും ബാക്കിയായിരുന്നു…

താരയുടെ കൈ അക്ഷരവും ഇത് തന്നെ ആണ്‌… അവൾ തന്ന ഡയറിയിൽ ഇതേ അക്ഷരങ്ങൾ ആയിരുന്നു… അന്ന് അവളുടെ ഷെൽഫിൽ കണ്ട പേപ്പറിലും ഇതേ അക്ഷരങ്ങൾ ആയിരുന്നു… ഇരുവരുടെയും കൈയക്ഷരം ഒരുപോലെ ആണ്…. പക്ഷെ ആ മയിൽ‌പീലി മായ ആണ് വരക്കുന്നത്.. അത് ഒരിക്കലും താരയുമായി യോജിക്കുന്നില്ല… അതല്ലെങ്കിൽ താരയും മായയും തമ്മിൽ എന്തോ ബന്ധം ഉണ്ടായിക്കൂടെ… ഈ മായയെ ആയിരിക്കുമോ സംഗീത് സ്നേഹിച്ചത്…. താരയോട് എല്ലാം തുറന്ന് സംസാരിക്കാൻ ഇനി എനിക്ക് കഴിയില്ല… മായ അവൾ തന്റെ മനസിനെ ഉലച്ചിരിക്കിന്നു… സംഗീത്…. ഇനി അവൻ വന്നാലേ എന്തെങ്കിലും തീരുമാനം ഉണ്ടാക്കാൻ കഴിയൂ…

അവൻ സ്നേഹിക്കുന്നത് ഈ മായയെ ആണെങ്കിൽ ഇവളെ അവന് നൽകിയേ പറ്റൂ..കാരണം അവൻ തന്റെ സുഹൃത്ത് ആണ്…. അപ്പോൾ തന്റെ പ്രണയം…. മായയുടെ അക്ഷരങ്ങളെ പ്രണയിച്ച തനിക്ക് താരയെ സ്വീകരിക്കാൻ ആവുമോ… പക്ഷെ മായയെ സ്വീകരിക്കാനും കഴിയില്ല… കാരണം തന്റെ ഉള്ളിൽ പതിഞ്ഞ മുഖം താരയുടെ ആണ്… അവന് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി… അവൻ വീട്ടിൽ എത്തി ഫോൺ എടുത്ത് നോക്കിയപ്പോൾ താരയുടെ മിസ്സ്‌ കാൾ കണ്ടു… അവളെ തിരിച്ചു വിളിക്കാൻ അവനെന്തോ മടി തോന്നി…. വീണ്ടും അവൾ വിളിച്ചപ്പോൾ അവന് ഫോൺ എടുക്കാതിരിക്കാൻ ആയില്ല…

എന്താ മാഷേ ഫോൺ എടുക്കാത്തെ… ഞാൻ എത്ര വിളിച്ചു… എന്താ താര കാര്യം.. അവൻ ഗൗരവത്തോടെ ചോദിച്ചു… എന്താ മാഷേ… ശബ്ദത്തിനൊരു കനം… ഒന്നും ഇല്ല… അല്ല എന്തോ ഉണ്ട്… അവൾ വീണ്ടും പറഞ്ഞു… ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…. അവൻ ദേഷ്യത്തിൽ ഫോൺ വെച്ചു…. തനിക്ക് എന്താണ് സംഭവിക്കുന്നത്… ഇന്നലെ വരെ അവളെ മാത്രം സ്വപ്നം കണ്ടിരുന്ന… അവളെ മാത്രം ഓർത്തിരുന്ന… അവളെ മാത്രം സ്നേഹിച്ചിരുന്ന…. തനിക്ക് ഒറ്റ ദിവസം കൊണ്ട് അവളെ വേണ്ടാതായോ…. അവൾ തന്റെ ഹൃദയത്തിന് അന്യ ആയോ… അവൻ ഓർത്തു…. പിന്നെ അവൾ വിളിച്ചില്ല… അന്ന് കുറേ വൈകി അവനുറങ്ങി….

പിറ്റേന്ന് കോളേജിൽ എത്തി സൈൻ ചെയ്ത് ഇറങ്ങുമ്പോഴാണ് സംഗീത് ബൈക്കിൽ വരുന്നത് കാണുന്നത്… പുറകിൽ താരയും ഉണ്ട്… അവനെ കണ്ടപ്പോൾ ദേവക്ക് വല്ലാത്ത ആശ്വാസം തോന്നി… അവൻ വന്നാൽ എല്ലാം തുറന്ന് പറയാം എന്ന് പറഞ്ഞതല്ലേ…. ദേവയെ കണ്ട് സംഗീത് ബൈക്ക് നിർത്തി ഓടി വന്ന് കെട്ടിപിടിച്ചു… ദേവ സുഖം അല്ലേ… മ്മ്.. ..അവൻ മൂളി… സംഗീതിന് പുറകെ വന്ന താര ദേവയെ നോക്കാതെ ഓഫീസിലേക്ക് കയറി… ദേവക്ക് അവളുടെ അവഗണന വേദന ഉണ്ടാക്കി… അത് ശ്രദ്ധിച്ച സംഗീത് പറഞ്ഞു… നീ അല്ലേ അവളോട് ദേഷ്യം പിടിച്ചു ഇന്നലെ ഫോൺ വെച്ച് പോയത് …

പിന്നെ അവൾ മിണ്ടാത്തതിൽ നിനക്കെന്താ ഇത്ര സങ്കടം.. ദേവ ഇതൊക്കെ അവനറിഞ്ഞോ എന്ന രീതിയിൽ സംഗീതിനെ നോക്കി… ഞാൻ വന്നു എന്ന് പറയാനാ അവൾ വിളിച്ചേ… അത് കേട്ടില്ലല്ലോ നീ…. നീ ഫോൺ വെച്ചപ്പോ തൊട്ട് ഒറ്റ കരച്ചിൽ ആയിരുന്നു…. ഒരു വിധത്തിൽ ആണ്‌ അവളെ സമാദനിപ്പിച്ചേ… അല്ല മോനേ ഞാൻ ഇവിടെ ഇല്ലാത്ത സമയം കൊണ്ട് നീ എന്റെ പെങ്ങളെ അടിച്ചെടുത്തോ…. പെങ്ങൾ…. സംഗീതിന്റെ ആ വാക്ക് മാത്രമേ അവൻ കേട്ടുള്ളൂ… താര സംഗീതിന്റെ പെങ്ങൾ… അവരെ കുറിച്ചാണല്ലോ താൻ ഇത്രയും നാളുകൾ തെറ്റദ്ധരിച്ചത്… അവന് അവനോട് തന്നെ ദേഷ്യം തോന്നി… എനിക്കറിയാം ദേവ… നീ ഇപ്പോൾ എന്താണ് ഓർക്കുന്നതെന്ന്…

എല്ലാവരെയും പോലെ നീയും ഞങ്ങളെ കുറിച്ച് തെറ്റുധരിച്ചു കാണും…. പക്ഷെ എനിക്കെന്നും അവളെന്റെ പെങ്ങൾ ആണ്‌….എനിക്ക് കുറച്ചു കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട്… അന്ന് എല്ലാം പറയാൻ വന്നതാണ് ഞാൻ പക്ഷെ അന്നെനിക്ക് ആക്‌സിഡന്റ് പറ്റി… പിന്നെ പറയാനുള്ള സാഹചര്യം ഒത്തു വന്നില്ല… ഇന്ന് വൈകുന്നേരം നമുക്ക് ഒരുമിച്ച് ഇറങ്ങാം… ശെരി …എനിക്കും അറിയാൻ ഉണ്ട് പലതും… ok എന്നാൽ.. ദേവയോട് ബൈ പറഞ്ഞു സംഗീത് ഓഫീസിലേക്ക് കയറി… അപ്പോഴേക്കും താര ഓഫീസിൽ നിന്ന് ഇറങ്ങി വന്നു… അവൾ ദേവയെ നോക്കുക പോലും ചെയ്യാതെ ഡിപ്പാർട്മെന്റ് ലേക്ക് നടന്നു…

അവിടെ എത്തിയിട്ടും അവൾ അവനെ നോക്കിയില്ല… അവളുടെ പിണക്കം അവന് അസഹ്യം ആയി തോന്നി… ഫസ്റ്റ് അവർ രണ്ടുപേർക്കും ഫ്രീ ആയിരുന്നു… ബെൽ അടിച്ചതും താര ബുക്ക്‌ എടുത്ത് ലൈബ്രറിയിലേക്ക് നടന്നു… ദേവയും അവൾക്കൊപ്പം ചെന്നു…. മലയാളം ബുക്കുകളുടെ ഇടയിൽ ഏതോ തിരയുകയാണവൾ…. അവൻ അവളുടെ പിണക്കം മാറ്റാൻ അവളുടെ അടുത്തേക്ക് ചെന്നു… താരേ.. അവൻ സ്നേഹത്തോടെ വിളിച്ചു അവൾ അവനെ നോക്കാതെ തിരിഞ്ഞു തന്നെ നിന്നു… എന്നോട് പിണക്കം ആണോ… അവൻ വീണ്ടും ചോദിച്ചു… അതിനും അവൾ മറുപടി പറഞ്ഞില്ല… സോറി താരേ… ഞാൻ അപ്പോഴത്തെ പ്രഷറിൽ പറഞ്ഞു പോയതാ.. ഇങ്ങനെ പിണങ്ങി നിൽക്കല്ലേ…

അവൾ തിരിഞ്ഞു നിന്ന് അവനെ നോക്കി… ആ നോട്ടത്തിൽ അവളുടെ പരിഭവങ്ങൾ മുഴുവനും ഉണ്ടായിരുന്നു….. മുഖം വീർപ്പിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന് ചിരി വന്നു… ഏത് കടന്നൽ ആണ്‌ കുത്തിയത്.. അവളുടെ കവിളിൽ കുത്തികൊണ്ട് അവൻ ചോദിച്ചു.അവൾ ചിരിച്ചു… അവന്റെ ആ പ്രവർത്തിയിൽ അവളുടെ ദേഷ്യം മുഴുവനും ഇല്ലാതായി. പക്ഷെ ദേവയുടെ ഉള്ള് നീറുകയായിരുന്നു. മായ…അവൾ പറഞ്ഞത് ഓർക്കും തോറും അവനിൽ വേദന നിറഞ്ഞു… അന്ന് വൈകുന്നേരം ദേവയും സംഗീതും കൂടി ബീച്ചിൽ പോയി… കുറേ നേരം മൗനമായി ഇരുന്നു…

ഒടുവിൽ സംഗീത് തന്നെ തുടങ്ങി.. ദേവ… നിനക്ക് സിത്തുവിനെ ഇഷ്ടമാണോ.. ദേവക്ക് എന്ത് മറുപടി നൽകണം എന്ന് അറിയില്ലായിരുന്നു… ഇന്നലെ വരെ അവളോളം താൻ ആരെയും സ്നേഹിച്ചിരുന്നില്ല… പക്ഷെ ഇന്ന് തന്റെ പ്രണയത്തിൽ എവിടെയോ പിഴച്ചുപോയിരിക്കുന്നു.. ദേവ ഓർത്തു… ദേവയുടെ മൗനം കണ്ട് സംഗീത് പറഞ്ഞു… താരക്ക് നിന്നെ ഇഷ്ടം ആണ്. … അവൾക്ക് ഉള്ളിൽ നിന്നോടുള്ള ഇഷ്ടം എത്രയാണെന്ന് എനിക്ക് അറിയാം…. അവളുടെ മനസിൽ നീ മാത്രമേ ഉള്ളൂ….

ഒരുതരം ഭ്രാന്ത് അവൾക്ക് നീ…. അത് നിനക്ക് ഞാൻ പറഞ്ഞാൽ മനസിലാവില്ല.. അവൾ തന്നെ പറയും നിന്നോട്…. എനിക്ക് അസൂയ തോന്നാറുണ്ട് അവളുടെ പ്രണയം കാണുമ്പോൾ… ഞാൻ മായയെ സ്നേഹിക്കുന്നതിന് എത്രയോ ഇരട്ടി അവൾ നിന്നെ സ്നേഹിക്കുന്നുണ്ട്…. മായ… ദേവയുടെ ചുണ്ടുകൾ മന്ത്രിച്ചു…. അതേ എന്റെ മായ… മയൂരിക… താരയുടെ യാമി…… എന്റെ പ്രണയം….

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 15