Friday, January 17, 2025
LATEST NEWSTECHNOLOGY

ഗാന്ധിജിയെ ഗുസ്തിക്കാരനാക്കിയ വീഡിയോ ഗെയിം നിരോധിക്കണമെന്ന് ആവശ്യം

മഹാത്മാ ഗാന്ധിയെ ഗുസ്തിക്കാരനായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. വേൾഡ് റെസ്ലിംഗ് എന്‍റർടെയ്ൻമെന്‍റ് (ഡബ്ല്യുഡബ്ല്യുഇ) ചാമ്പ്യൻഷിപ്പിലെ നിലവിലെ ലോക ചാമ്പ്യൻ റോമൻ റെയിൻസുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണിത്. ഗോദയ്ക്കു മുകളില്‍ ഉയരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡര്‍ മാച്ച് എന്ന വിഭാഗത്തിലെ മത്സരമാണു ചിത്രീകരിച്ചിരിക്കുന്നത്.

ഗാന്ധിജിയെ ഒരു തോർത്തും മേൽ മുണ്ടും ധരിച്ച രീതിയിലാണ് കാണിച്ചിരിക്കുന്നത്. ഗാന്ധിജിയെ എതിരാളി ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി ഇത് ചിത്രീകരിക്കുന്നു. ഗോദയിലെ ഒരു വലിയ ഏണി ഉപയോഗിച്ചുള്ള പോരാട്ടം ഉൾപ്പെടെ ഏകദേശം ഒന്നര മണിക്കൂർ സ്ട്രീമിംഗ് നീണ്ടുനിൽക്കും. റോമന്‍ റെയിന്‍സിനെ തോല്‍പ്പിച്ച് ഗാന്ധിജി ഏണിക്കു മുകളില്‍ക്കയറി ‘മണി ബാങ്ക്’ എന്നെഴുതിയിരിക്കുന്ന പെട്ടി ഉയര്‍ത്തിപ്പിടിക്കുന്നതോടെയാണ് ഗെയിം പൂര്‍ത്തിയാകുന്നത്.

മണിപ്പൂർ സ്വദേശിയാണ് ഗെയിം സ്ട്രീം ചെയ്യുന്നതെന്നാണ് നിഗമനം. ഫെയ്സ്ബുക്കിൽ പ്രദർശനം ആരംഭിച്ച ഗെയിം 3.3 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 8,300 കമന്‍റുകളുണ്ട്. ഈ തത്സമയ സംപ്രേഷണം നിരോധിക്കണമെന്നും ഇത് ദേശവിരുദ്ധമാണെന്നും കമന്‍റുകളിൽ ഭൂരിഭാഗവും പറയുന്നു.