Monday, April 29, 2024
LATEST NEWSTECHNOLOGY

നിയന്ത്രങ്ങള്‍ മറികടന്ന് ഉപഭോക്താക്കളെ നിരീക്ഷിച്ചു; മെറ്റയ്ക്ക് എതിരെ കേസ് 

Spread the love

കഴിഞ്ഞ വർഷം അവതരിപ്പിച്ച ആപ്പിൾ അപ്ഡേറ്റിൽ, ഒരു നിശ്ചിത പരിധിക്കപ്പുറം ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാല്‍, മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ആപ്പിളിന്‍റെ നിയന്ത്രണങ്ങൾ ലംഘിക്കുകയും ഉപയോക്താക്കൾക്കെതിരെ നിയമവിരുദ്ധമായ നിരീക്ഷണം നടത്തുകയും ചെയ്തുവെന്ന് പുതിയതായി നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദി നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്. ആപ്പിളിന്‍റെ പുതിയ നിയന്ത്രണങ്ങൾ വകവെക്കാതെ, ഫേസ്ബുക്കിലെ ലിങ്കുകളിൽ ക്ലിക്കുചെയ്യുമ്പോൾ തുറക്കുന്ന ഇൻ-ആപ്പ് ബ്രൗസറിലൂടെ ഉപയോക്താക്കളെ നിരീക്ഷിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തില്‍ ബാധിക്കപ്പെട്ട ഫെയ്‌സ്ബുക്കിന്റെ മറ്റ് ഉപയോക്താക്കള്‍ക്കും കക്ഷിചേരാന്‍ സാധിക്കുന്ന ക്ലാസ് ആക്ഷന്‍ ലോസ്യൂട്ടാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

Thank you for reading this post, don't forget to subscribe!

അനുമതിയില്ലാതെ ഇലക്ട്രോണിക് ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്നത് നിരോധിക്കുന്ന ‘വയർടാപ്പ് ആക്ട്’ ഉൾപ്പെടെയുള്ള സംസ്ഥാന തല, ഫെഡറൽ തലത്തിലുള്ള സ്വകാര്യതാ നിയമങ്ങൾ ഫേസ്ബുക്ക് ലംഘിച്ചുവെന്നും രണ്ട് പരാതിക്കാർ ആരോപിച്ചു. കഴിഞ്ഞ മാസവും മെറ്റയ്ക്ക് എതിരെ സമാനമായ പരാതി ലഭിച്ചിരുന്നു. ഫേസ്ബുക്കിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മറ്റ് ബ്രൗസർ ആപ്ലിക്കേഷനുകളിലേക്ക് പോകുന്നതിനുപകരം, ഫേസ്ബുക്ക് ആപ്ലിക്കേഷനിലെ ബ്രൗസറിലേക്ക് തന്നെ അവരെ കൊണ്ടുപോകുകയും അവർ സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ ജാവ സ്ക്രിപ്റ്റ് തിരുകിക്കയറ്റി ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കുകയും ചെയ്തുവെന്ന് ഹർജിക്കാർ ആരോപിച്ചു. ടൈപ്പ് ചെയ്യുന്ന വാക്കുകളും പാസ് വേഡുകളും ഉൾപ്പെടെ മറ്റ് വെബ്സൈറ്റുകളിൽ അവർ ചെയ്യുന്നതെല്ലാം നിരീക്ഷിക്കാൻ ഇതുവഴി അനുവദിക്കുന്നു. ഈ രീതിയിൽ നിരീക്ഷിക്കപ്പെടുന്നതിനെ കുറിച്ച് ഉപയോക്താക്കൾക്ക് അറിവില്ല.

കഴിഞ്ഞ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ഐഒഎസ് 14.5 അപ്ഡേറ്റ്, മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികൾക്ക് ഒരു വലിയ ആഘാതമായി, പരസ്യങ്ങൾക്കായി ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അതേസമയം, മെറ്റയുടെ വക്താവ് ഈ ആരോപണങ്ങൾ നിഷേധിച്ചതായി ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളുടെ സ്വകാര്യത താല്‍പര്യങ്ങള്‍ ബഹുമാനിക്കും വിധമാണ് തങ്ങളുടെ ഇന്‍ ആപ്പ് ബ്രൗസര്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.