Wednesday, January 22, 2025
Covid-19EntertainmentHEALTHLATEST NEWS

ഷാറൂഖിനും കത്രീനയ്ക്കും കോവിഡ്; ബോളിവുഡിൽ കോവിഡ് പടരുന്നു

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കത്രീന കൈഫിനും കോവിഡ്-19 സ്ഥിരീകരിച്ചു. ഷാരൂഖ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു. “ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാൻ ഉടൻ സുഖം പ്രാപിക്കട്ടെ,” മമത ബാനർജി ട്വീറ്റ് ചെയ്തു. നടൻമാരായ കാർത്തിക് ആര്യൻ, അക്ഷയ് കുമാർ എന്നിവർക്കും ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും 4,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 1,400 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 961 കേസുകളും മുംബൈയിൽ നിന്നാണ്.

15 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,619 പേർ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 0.89 ശതമാനമായിരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 24,052 ആയി ഉയർന്നു.