കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭവാനി ദേവിയ്ക്ക് സ്വര്‍ണം
ലണ്ടന്‍: 2022 കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ ഭവാനി ദേവിക്ക് സ്വർണ്ണം. വനിതകളുടെ ഫൈനലിൽ ഓസ്ട്രേലിയയുടെ വെറോണിക വസിലേവയെ പരാജയപ്പെടുത്തിയാണ് ഭവാനി ദേവി സ്വർണം നേടിയത്.
വൻ അട്ടിമറിയിലൂടെയാണ് ഭവാനി ദേവി വിജയിച്ചത്. ടൂർണമെന്‍റിൽ 42-ാം റാങ്കുകാരിയായ ഭവാനി രണ്ടാം സീഡായ വെറോണിക്കയ്ക്കെതിരെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. സ്കോർ: 15-10. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ഭവാനി ദേവി.
ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായ ഭവാനി ദേവി തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിനിയാണ്. കിരീടം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഭവാനി ദേവി പറഞ്ഞു. ” കിരീടം നിലനിര്‍ത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഫൈനല്‍ വളരെ കടുപ്പമേറിയതായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ട്. ഈ വര്‍ഷം മികച്ച പ്രകടനം വിവിധ ടൂര്‍ണമെന്റുകളിലായി പുറത്തെടുക്കാന്‍ സാധിച്ചു. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലും നന്നായി പൊരുതാനാകുമെന്നാണ് പ്രതീക്ഷ’ – ഭവാനി ദേവി പറഞ്ഞു.