BUSINESS

ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി

Pinterest LinkedIn Tumblr
Spread the love

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80.74 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ഈ മാറ്റം. ഓഗസ്റ്റിൽ ഡോളറിന് 80.11 ഇന്ത്യൻ രൂപയായതായിരുന്നു ഇതിനു മുമ്പത്തെ റെക്കോർഡ്. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ തുടക്കം മുതൽ ആരംഭിച്ച വിനിമയ നിരക്കിലെ മാറ്റമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കരണമായിരിക്കുന്നത്.

വ്യാഴാഴ്ച ഒരു യു.എ.ഇ ദിർഹത്തിന് 22.03 രൂപ വരെ ലഭിച്ചു. എമിറേറ്റ്സ് എൻബിഡി വഴി പണം അയച്ചവർക്ക് 21.86 രൂപ വരെ ലഭിച്ചു. ഇന്ത്യൻ രൂപയ്ക്കെതിരെ ദിർഹത്തിന്‍റെ റെക്കോർഡ് നിരക്കാണിത്. മെച്ചപ്പെട്ട വിനിമയ നിരക്ക് ലഭ്യമാകുന്നതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് മികച്ച അവസരമാണ് ലഭിക്കുന്നത്. പണമയയ്ക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. എന്നിരുന്നാലും, വരും ദിവസങ്ങളിൽ നിരക്ക് വീണ്ടും വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന നിരവധി പേരുണ്ട്. നിലവിൽ, മണി എക്സ്ചേഞ്ചുകളിൽ വലിയ തിരക്കില്ല. അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ശക്തിപ്രാപിച്ചതും എണ്ണ വില വർദ്ധനവും ഇന്ത്യൻ രൂപയെ സാരമായി ബാധിച്ചു. ഉക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം വിനിമയ നിരക്കിൽ വലിയ കുറവ് ഉണ്ടായിട്ടില്ല.

Comments are closed.