ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 60- അവസാനിച്ചു
എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )
ചെയ്ത തെറ്റിന്റെ ഫലമായി സ്വന്തം വെളിച്ചം ചന്ദ്രന് പകരം നൽകിയിട്ടും പഴി എന്നും സൂര്യന് മാത്രമായിരുന്നു അല്ലേ സിഷ്ഠ.. നേർത്തു പോയ ആ സ്വരം കാതിൽ കേട്ടു.. മിഴികൾ ഉയർത്തി അവനെ നോക്കി.. ഈ സൂര്യനെ അത്രമേൽ വെറുത്തു പോയിരുന്നോ പെണ്ണേ നീ.. പാരിജാതത്തോട് നീതികേട് കാട്ടിയ സൂര്യനെന്ന് ലോകം ഇക്കണ്ട കാലമത്രയും എന്നെ പഴിച്ചപ്പോഴും.. അറിയാതെ വന്ന തെറ്റിന്റെ ഫലമായി തന്റെ വെളിച്ചം പകർന്നു നൽകിയ സൂര്യൻ ഇന്നും ലോകത്തിനു മുന്നിലും നിനക്ക് മുന്നിലും കുറ്റക്കാരൻ തന്നെയാണ് അല്ലേ? സിഷ്ഠാ…
വാക്കുകൾക്ക് ഒടുവിൽ തുന്നി ചേർത്തവളുടെ പേര് വിളിച്ചപ്പോൾ ഏങ്ങിക്കൊണ്ടവൾ ആ കൈകളിൽ തന്റെ കൈ ചേർത്തു വെച്ചു.. ഇത്രമേൽ ഭ്രാന്തമായി സ്നേഹിക്കപെടാൻ എന്ത് പുണ്യമാണ് നന്ദാ ഞാൻ ചെയ്തത് ഉള്ളം വിങ്ങി വിങ്ങി പൊട്ടുമെന്നു തോന്നുന്നു.. ഹൃദയം മൊഴിഞ്ഞതത്രയും ശബ്ദ വീചികൾ ഇല്ലാതെയായിരുന്നു.. കണ്ണുകൾ നിറഞ്ഞു തൂവിയപ്പോഴും അവൾ ആ കൈകളിൽ പിടിയമർത്തി.. മൗനവും ശ്വാസത്തിന്റെ പിടപ്പുകളും മാത്രം ആ മുറിയിൽ അലയടിച്ചു കൊണ്ടിരുന്നു.. ഒന്ന്.. ഒന്ന് വിളിക്കാമോ പെണ്ണേ.. പഴയത് പോലെ നന്ദേട്ടാ… എന്ന്.. നിന്റെ.. നിന്റെ നന്ദനല്ലേടി.. ചോദിച്ചതും അമർത്തിപിടിച്ചിരുന്ന കരച്ചിൽ ചീളുകൾ ഉയർന്നു കൊണ്ടിരുന്നു..
അവ പെയ്തു തോർന്നതത്രയും ആ മടിയിലും.. പറ്റണില്ല്യ… എനിക്ക്.. ഉള്ളിൽ തൊണ്ടക്കുഴിയിൽ എന്തോ കുരുങ്ങി നിന്നത് പോലെ.. പുറത്തേക്ക് വരാൻ മടിച്ചവ ഗദ്ഗദങ്ങളായി ഒഴുകുന്നു.. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വളരെ നേർത്ത് കൊണ്ട് അവളിൽ നിന്നുതിർന്നു വീണ സ്വരങ്ങൾ.. ന.. നന്ദാ.. എന്റെ നന്ദേട്ടൻ.. ആ മുഖം തന്റെ കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ടവൾ ആ കണ്ണുകളിലേക്ക് നോക്കി… വർഷങ്ങളായി തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ മിഴികൾ… നന്ദേട്ടാ എനിക്ക്.. എനിക്ക് വേണ്ടി ഒരിക്കലെങ്കിലും ആ വരികളൊന്ന് ആ ശബ്‌ദത്തിൽ കോറിയിടാമോ? എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ..
എനിക്ക് എന്തോ എന്റെ ശ്വാസമാകെ അടർന്നു പോകുമ്പോലെ പിടപ്പനുഭവപ്പെടുവാണ്.. അവളുടെ മിഴികളിൽ തന്റെ മിഴകൾ കൊരുത്തു കൊണ്ട് ആ മുഖം തന്റെ കൈകുമ്പിളിൽ ചേർത്തു വെക്കാനായി അവൻ ആയാസപ്പെട്ട് എഴുന്നേറ്റു.. ആ മിഴികളിൽ നോക്കി കൊണ്ട് തന്നെ അവൻ പറഞ്ഞു.. നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ.. തൊണ്ടക്കുഴിയിൽ വന്നു മൂടിയ വേദനയിൽ അവന്റെ വാക്കുകൾ ചിന്നി ചിതറി.. നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം.. വർഷങ്ങൾക്കിപ്പുറം നീയത് കേൾക്കുമ്പോൾ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്ക് അത് മതി അത് മാത്രം..
അവളുടെ മിഴികളത്രയും ഒരു കടൽ പോലെ നിറഞ്ഞു നിന്നു.. പ്രണയം അലയടിച്ചുയർന്നുവോ.? തന്റെ മുഖം ആ കൈകുമ്പിളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് ആ കൈ തന്റെ കൈക്കുള്ളിൽ സുരക്ഷിതമാക്കി വെച്ചു.. ഇരുപത്തിയാറ് വർഷങ്ങൾ നീണ്ടു നിന്ന തന്റെ ആഗ്രഹം.. ഇടതു കൈത്തണ്ടയിൽ ചേർന്നു തുന്നിയ മുറിപ്പാടിൽ തന്റെ ചൂണ്ടുവിരലാൽ നന്ദൻ തലോടി.. ഇറ്റു വീണ രണ്ട് തുള്ളി കണ്ണീർ മൊഴിഞ്ഞതത്രയും മാപ്പ് എന്ന രണ്ടക്ഷരം മാത്രം.. ഒത്തിരി നൊന്തിരുന്നോ പെണ്ണേ.. എനിക്കായി സ്വയം മരിക്കാൻ ഒരുങ്ങിയപ്പോൾ.. ഒത്തിരി നൊന്തിരുന്നോ? ഉത്തരം തല ചെരിച്ചു കൊണ്ടില്ലെന്ന് മാത്രം ഓതി.. നന്ദനോളം.. നന്ദനോളം നൊന്തില്ല… വസു പറഞ്ഞു.. നീ.. നീയെന്റെ പ്രാണനായിരുന്നു സിഷ്ഠ..
ഞാൻ അത്രമേൽ പ്രണയിച്ചിട്ടും നേടാൻ ആകാതെ പോയത്.. വെള്ളത്തിൽ കിടന്ന മീനിനെ വലഎറിഞ്ഞു പിടിക്കുമ്പോൾ ഒരു പിടപ്പില്ലേ അതിന്.. അതുപോലെ നിനക്ക് വേണ്ടി പിടഞ്ഞിരുന്നു പെണ്ണേ എന്റെ ഉള്ളവും.. അറിഞ്ഞില്ലല്ലോ ഞാൻ… എന്നെ ഓർത്തിങ്ങനെ വർഷങ്ങളായി നീറുന്ന ഒരാളുണ്ടെന്ന് ഓർത്തില്ലല്ലോ ഞാൻ.. എനിക്ക് വേണ്ടി ഇങ്ങനെ ഉരുകാൻ മാത്രം ഞാൻ ആരാണ് നന്ദാ.. വെറും സാധാരണ ഒരു സ്ത്രീ ആയിരുന്നില്ലേ.. എന്നെ മറന്നേക്കമായിരുന്നില്ലേ നന്ദാ.. ഇങ്ങനെ ഉള്ളിലിട്ട് ഊതി കാച്ചി കുറുക്കി എടുക്കണമായിരുന്നോ എന്നോടുള്ള സ്നേഹം.. ഉത്തരമില്ലാത്ത.. വാക്കുകളില്ലാത്ത ചോദ്യമാണ് പെണ്ണേ.. എന്നോ അടിയുറച്ചു പോയ ഒന്നിനെ എങ്ങനെ പറിച്ചെറിയാൻ ആണ് നീ പറയുന്നത്..
എറിഞ്ഞാലും നിന്റെ വേരുകൾ വീണ്ടും കിളിർക്കുകയായിരുന്നു എന്നിൽ.. നീ.. നീ സന്തോഷവതിയായിരുന്നില്ലേ.. ദേവനോളം നിന്നെ മനസിലാക്കാൻ മറ്റാർക്കാണ് കഴിയുക.. എന്നോടൊപ്പം ആയിരുന്നെങ്കിൽ കൂടി ഇത്ര കരുതൽ നൽകാൻ ചിലപ്പോൾ എനിക്ക് ആകുമായിരുന്നില്ല.. സന്തോഷത്തേക്കാൾ.. ഞാൻ സംതൃപ്തയായിരുന്നു.. എത്രയൊക്കെ സ്നേഹിച്ചാലും.. ചിലരൊഴിഞ്ഞു പോയ ഒരു ശൂന്യതയുണ്ടല്ലോ.. അവിടം നിറക്കാൻ മറ്റൊരാൾക്കും കഴിയില്ല നന്ദേട്ടാ.. രാത്രികളിൽ എത്ര തവണ ഞാൻ ആ ഒറ്റ നക്ഷത്രത്തെ നോക്കി മിഴി വാർത്തിട്ടുണ്ടെന്നറിയുമോ..? എല്ലാർക്കും വസിഷ്ഠ വസുവും ലെച്ചുവും ഒക്കെ ആയിരുന്നു.. പക്ഷേ..
ഈ വസിഷ്ഠയിൽ ജീവൻ നിറച്ചതത്രയും സിഷ്ഠ എന്നുള്ള ഈ ഒരു വിളി മാത്രമായിരുന്നു.. വെറുക്കാൻ പോയിട്ട് ഒന്ന് സ്നേഹിക്കാതിരിക്കാൻ പോലും എനിക്കായിട്ടില്ല.. എന്നും ഒരു വേദനയോ പിടപ്പോ എല്ലാമായി ഏതോ ഒരു കോണിൽ ഈ നന്ദനും ഉണ്ടായിരുന്നു.. ആ ഒറ്റ നക്ഷത്രത്തോട് തിരക്കിയതത്രയും നിങ്ങളെ കുറിച്ചായിരുന്നു.. നിങ്ങളുടെ സന്തോഷങ്ങളെ കുറിച്ചായിരുന്നു.. വേണ്ടെന്ന് വെക്കുമ്പോഴും ഇലച്ചീന്തിൽ എന്നും തിരഞ്ഞത് വെള്ളചെമ്പകങ്ങൾ തന്നെയായിരുന്നു.. ആൾക്കൂട്ടത്തിൽ ഇടക്കെങ്കിലും തിരഞ്ഞിരുന്നു ഞാൻ ഞൊടിയിടയിൽ വാത്സല്യവും പ്രണയവും മിന്നി മായുന്ന ഈ കണ്ണുകൾ.. ഇനിയും ഉരുകരുത് നിങ്ങൾ… സിഷ്ഠക്ക് വേണ്ടി..
സിഷ്ഠക്ക് സന്തോഷം തന്നെയായിരുന്നു.. കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു… പരസ്പരം മിഴിനീർ വാർത്തങ്ങനെ നിന്നു.. ഒടുക്കം അനന്തന് ശ്വാസം വിലങ്ങുന്നതായി തോന്നിയതും വീൽ ചെയറിൽ ഇരുത്തി.. നെഞ്ച് തടവി കൊടുത്തു.. അപ്പോഴും അവന്റെ ചുണ്ടിന്റെ അറ്റത്ത് ആരും കാണാതെ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നു.. വലതു കൈ സിഷ്ഠയുടെ മുറിപാടിൽ തലോടി കൊണ്ടേ ഇരുന്നിരുന്നു.. അടുത്ത… അടുത്ത ജന്മം ഈ നന്ദന്റെ മാത്രം സിഷ്ഠ ആവില്ലേ? മറ്റൊരാവകാശിയുമില്ലാതെ നന്ദനായി മാത്രം.. വിശ്വസിച്ചോട്ടെ.. പെണ്ണേ ഞാൻ.. അവളെ മാത്രം നോക്കികൊണ്ട് അവൻ ചോദിച്ചു..
മറുപടിയായി ആ നെഞ്ചിൽ വീണു കരഞ്ഞു കൊണ്ടിരുന്നു.. സിഷ്ഠ എന്ന മന്ത്രണത്തോടെ മിടിക്കുന്ന മിടിപ്പുകൾ എത്രയോ നാളുകൾക്കിപ്പുറം തൊട്ടരികിൽ.. എന്നാൽ ഉച്ചത്തിൽ മിടിച്ച മിടിപ്പുകൾ പതിയെ നേർത്തു വന്നു.. സിഷ്ഠാ എന്ന് കാതങ്ങൾക്കപ്പുറത്തേക്ക് മന്ത്രിച്ചകലുന്നതായി തോന്നി.. അടുത്ത ജന്മം നന്ദന്റെ മാത്രമായിരിക്കും എന്ന വാക്കുകളോട് ആ നെറ്റി മുകർന്നു.. ചുണ്ടുകളിൽ പുഞ്ചിരി നിറച്ചു അവളെ കണ്ണുകളിൽ ആവാഹിച്ചാ മിഴികൾ താനെ അടഞ്ഞു വന്നു.. അപ്പോഴും ആ നെഞ്ചിൽ ചേർന്നു തന്നെ നിൽക്കുന്ന സിഷ്ഠ ഹൃദയ താളം കേൾക്കാൻ ഒന്നൂടെ ചേർന്നു നിന്നു..
പ്രതികരണം ഇല്ലാത്തത് കൊണ്ട് മെല്ലെ അടർന്നു മാറി.. തന്റെ കയ്യിൽ ചേർന്നിരുന്ന കൈകളിൽ ചൂട് വിട്ടൊഴിഞ്ഞിരിക്കുന്നു.. ഒരു തരിപ്പ് അവളിലൂടെ കടന്നു പോയി.. മൗനമായി കുലുക്കി വിളിച്ചു.. ശബ്‍ദം പുറത്തേക്ക് വരുന്നില്ല.. മിഴിനീർ ഒഴുകുന്നില്ല.. നന്ദാ.. ഉള്ളം മുറവിളി കൂട്ടി വിളിച്ചു കൊണ്ടിരുന്നു.. ഒന്നും പറയാനാകാതെ ആ മടിയിൽ തലചായ്ച്ചിരുന്നു.. കരച്ചിൽ ചീളുകളോ നിശ്വാസങ്ങളോ പുറത്തേക്ക് വന്നില്ല.. മുറിക്ക് പുറത്തു നിന്നവരിൽ അസ്വസ്ഥത പടർന്നു തുടങ്ങി.. മൗനം മാത്രം ആ മുറിയിൽ നിന്നും വമിക്കുന്നത് അറിഞ്ഞതും കണ്ണൻ മുറിയിലേക്ക് കയറി..
നേരെ നോക്കിയതും കണ്ടു വീൽ ചെയറിൽ തല കുമ്പിട്ടിരിക്കുന്ന നന്ദന്റെ കൈ തന്റെ കൈകളിൽ സുരക്ഷിതമാക്കി പിടിച്ചു കൊണ്ട് ആ മടിയിൽ തല ചായ്ച്ചിരിക്കുന്ന സിഷ്ഠയെ. അരികിൽ വന്ന് അവളെ തട്ടി വിളിച്ചു.. നന്ദനെ തട്ടി വിളിച്ചതും പ്രതികരണം ഒന്നും തന്നെ കണ്ടില്ല.. സിഷ്ഠയെ അടർത്തി മാറ്റാൻ ആവതും ശ്രമിച്ചു.. മഹി.. എന്ന കണ്ണന്റെ ഉച്ചത്തിലുള്ള വിളി കേട്ടതും പുറത്തു നിന്നെല്ലാവരും അകത്തോട്ട് കയറി വന്നു.. വസുവിനെ ആനും നീരജയും പാറുവും നന്ദനിൽ നിന്ന് അടർത്തി മാറ്റി. അപ്പോഴും തന്നിൽ ചേർത്തു പിടിച്ച കൈകൾ വിടുവിക്കാൻ ആകാതെ സിഷ്ഠ നിന്നു..
മറു കയ്യിലെ പൾസ് നോക്കിയതും കണ്ണൻ വേദനയോടെ എല്ലാവരെയും നോക്കി.. പോയി… അത്രമാത്രം പറഞ്ഞു കൊണ്ട് വസുവിലേക്ക് മിഴികൾ പായിച്ചു.. പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ അനന്തനെ കണ്ണുകളിൽ ആവാഹിച്ചു നിൽക്കുന്ന വസു എല്ലാവരിലും വേദന നിറച്ചു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഒന്നുറക്കെ കരയുകയോ പതം പറയുകയോ ഒന്നും ചെയ്യാതെ അനന്തന്റെ കൈകളിൽ കൈകൾ കോർത്തു കൊണ്ട് നിർജീവമായ അവന്റെ ശരീരത്തിനരികിൽ അവൾ കൂനി കൂടിയിരുന്നു.. മിഥുനയെയും ആനിയെയും ഹരിയേയും എല്ലാം മാറി മാറി നോക്കി കൊണ്ടിരുന്നു..
ഒരിക്കലെങ്കിലും ഒന്ന് മാറി ചിന്തിച്ചിരുന്നെങ്കിൽ ഞാനും ഇന്ന് കൂടെ പോകില്ലായിരുന്നോ എന്നവളുടെ കണ്ണുകൾ അവരോട് മൗനമായി കോർത്ത് കൊണ്ടിരുന്നു.. ഒടുക്കം അവനെ അടക്കം ചെയ്യാനെടുത്തപ്പോൾ മാത്രം വാടി തളർന്നു വീണു…. ചടങ്ങുകളെല്ലാം കഴിയുമ്പോഴും മാറി നിന്നവൾ നോക്കി കണ്ടു.. എന്നാൽ കരയുകയോ ഒരു വാക്ക് മിണ്ടുകയോ ചെയ്യാത്ത അവളുടെ ഭാവം എല്ലാവരെയും തളർത്തി കൊണ്ടിരുന്നു.. രാത്രി തിരക്കിട്ടെന്തോ ടേബിളിനരികിൽ ഇരുന്നവൾ കുത്തി കുറിച്ചു.. ഫോൺ എടുത്ത് മഹിയുടെ അരികിൽ എത്തി ഒരു പേപ്പർ അവനെ ഏൽപ്പിച്ചു തിരിച്ചു തന്റെ മുറിയിലേക്ക് വന്നു..
അനന്തനെ അടക്കിയിരിക്കുന്ന ഇടത്തേക്ക് നോക്കി.. ആരോ അവിടെ ഇരിക്കുന്നതായി തോന്നി.. സൂക്ഷിച്ചു നോക്കിയപ്പോൾ മിഥുനയാണെന്ന് മനസിലായി.. മിഴികൾ സാരി തലപ്പാൽ ഒപ്പിക്കൊണ്ടവൾ എഴുന്നേറ്റ് പോകുന്നത് വസു ജനലരികിൽ ഇരുന്നു കണ്ടു.. പതിയെ മിഴികൾ ഒറ്റ നക്ഷത്രത്തിന്റെ തിളക്കത്തിലേക്ക് പാഞ്ഞു പോയി.. കുറച്ചുനേരം അങ്ങനെ നോക്കി നിന്നു പിന്നെ പതിയെ കണ്ണനരികിൽ ചെന്ന് ചേർന്നു കിടന്നു.. നെഞ്ചിൽ എന്തോ പൊള്ളുന്നത് പോലെ തോന്നിയതും എഴുന്നേറ്റിരുന്നു ശ്വാസം ആഞ്ഞു വലിച്ചു.. എന്നാൽ എന്തോ വിലങ്ങുന്നത് പോലെ തോന്നി.. തൊട്ടരികിൽ ഞെരക്കം കേട്ട് കണ്ണുതുറക്കുന്ന കണ്ണൻ കാണുന്നത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന വസുവിനെയാണ്..
കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ അവളെയുമെടുത്തു ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ പതിവിലും വിപരീതമായി തന്നെ സ്വാന്തനിപ്പിക്കുന്ന കാരങ്ങളിലെന്ന ബോധ്യം കണ്ണനിൽ നോവ് നിറച്ചു.. ഹോസ്പിറ്റലിൽ എത്തിയതും അവളെ ഐ സി യു വിലേക്ക് കയറ്റി.. കൂടെയുണ്ടായിരുന്ന ഡോക്ടർമാരോട് സംസാരിച്ചു കൊണ്ട് കുഞ്ഞനും അകത്തേക്ക് കയറി… ഏറെ നേരത്തിനൊടുവിൽ മഹിയുടെയും നിക്കിയുടെയും സുദേവിന്റെയും മുന്നിൽ വാതിൽ തുറന്നു വന്നു… പുറത്തേക്ക് വന്ന കുഞ്ഞൻ കണ്ണനരികിലേക്ക് ചെന്നു.. അച്ഛനെ കാണണം എന്നാ വസുമ്മ പറഞ്ഞത്.. അവന്റെ തോളിൽ തട്ടി കൊണ്ട് കണ്ണൻ പുറകെ നടന്നു..
മാസ്ക് ധരിച്ചു കിടക്കുന്ന അവളെ കണ്ടതും ഹൃദയം നിലച്ചതായി തോന്നി അവന്.. അരികിൽ ചെന്ന് കൈകളിൽ തലോടിയപ്പോൾ ആയാസത്തോടെ കണ്ണുകൾ തുറന്നു.. എന്തോ പറയാൻ ആഞ്ഞതും വേദനയിൽ അവളുടെ മുഖം പിടയുന്നത് കണ്ടതും കണ്ണൻ പറഞ്ഞു.. ഞാൻ പുറത്തുണ്ടാകും.. പിന്നീട് സംസാരിക്കാം.. അത്രയും പറഞ്ഞവൻ പുറത്തേക്ക് നടന്നു.. നടന്നു നീങ്ങുന്ന അവനിൽ മിഴികൾ അർപ്പിച്ചു കൊണ്ട് അവൾ മിഴികളടച്ചു.. മോണിറ്ററിൽ നേരെ നീണ്ടു പോയ വര നോക്കി ഡോക്ടർ കുഞ്ഞനോട് പറഞ്ഞു. വെരി സോറി വസിഷ്ട്.. ഞങ്ങൾക്ക്.. എനിക്കറിയാമായിരുന്നു ഡോക്ടർ.. രക്ഷിക്കാൻ കഴിയില്ലെന്ന്.. പിന്നീടൊന്നും പറയാതെ അവന്റെ തോളിൽ തട്ടി അവർ പുറത്തേക്ക് നടന്നു..
പുറത്തു വരാന്തയിൽ മഹിയുടെ തോളിൽ തല ചായ്ച്ചു കൊണ്ട് കിടക്കുന്ന കണ്ണനരികിൽ എത്തി കുഞ്ഞൻ ഒരുവേള നിന്നു.. അച്ഛാ… വസുമ്മ.. പിന്നീടൊന്നും പറയാനാകാതെ കണ്ണനെ നോക്കി.. പോയി.. അല്ലേ? എനിക്കറിയാമായിരുന്നു.. ആത്മാവ് ഉപേക്ഷിച്ചു പോയാൽ ശരീരം എത്രത്തോളം പിടിച്ചു നിൽക്കും.. ഇതിൽ കൂടുതൽ പിടിച്ചു നില്ക്കാൻ അവൾക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു.. മഹിയുടെ അടുത്ത് നിന്നും എഴുന്നേറ്റവൻ നടന്നു… എങ്ങോട്ടെന്നില്ലാതെ.. ഒടുക്കം ആ യാത്ര ചെന്നവസാനിച്ചത് അനന്തനരികിൽ ആയിരുന്നു.. കൊണ്ടു പോയി അല്ലേ നന്ദേട്ടാ.. കൊണ്ടുപോയിക്കോളൂ.. ഇനിയും കാത്തിരിക്കണ്ടല്ലോ..
അവളും ചിലപ്പോൾ അത് ആഗ്രഹിച്ചിട്ടുണ്ടാകും.. കൂടെ വരാൻ.. മഴത്തുള്ളികൾ ഭൂമിയെ ചുംബിച്ചു പെയ്തു കൊണ്ടിരുന്നതും കണ്ണൻ ഉമ്മറത്തേക്ക് കയറി.. നിലവിളക്കിനു കീഴിലായി ചേതനയറ്റ വസുവിനെ തന്നെ നോക്കിയിരുന്നു.. അവളുടെ തൊട്ടരികിൽ പതം പറഞ്ഞു കരയുന്ന അല്ലിയെ നോക്കി.. പാറുവും നീരജയും അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആകുന്നില്ല… ഒരു പകലിന്റെ വ്യത്യാസത്തിൽ രണ്ട് പേരുടെ ജീവൻ.. അവരെയെല്ലാം അപ്പാടെ തളർത്തി കൊണ്ടിരുന്നു… കണ്ണൻ വീണ്ടും ആ മഴയുടെ നേർത്ത ശബ്ദവീചികൾക്ക് കാതോർത്തിരുന്നു..
ജീവിതത്തിൽ തോറ്റു പോയ മനുഷ്യൻ മരണത്തിൽ തന്റെ പാതിയെ കൂടെ കൂട്ടിയ ആനന്ദം പങ്കിടുകയാണെന്ന് അവന് തോന്നി.. ഒടുക്കം ഇരുന്നിടത്തു നിന്നും കാലുകൾ വലിച്ചു വെച്ചു കൊണ്ട് അനന്തന്റെ മുറിയിലേക്ക് ചെന്നു.. അവന്റെ ഗന്ധം.. സിഷ്ഠയുടെ ഗന്ധം .ചെമ്പകപ്പൂവിന്റെ ഗന്ധം.. അലമാരയിൽ ഒട്ടാകെ എന്തിനോ വേണ്ടി മിഴികളും കൈകളും പരതി.. ഒടുക്കം കൈകളും മിഴികളും ഒരു പൊതിയിൽ ഉടക്കിയതും മിഴികൾ വിടർന്നു.. കൈകൾ വിറച്ചു.. നെഞ്ചോട് ചേർത്തു വെച്ചു കൊണ്ട് വസുവിനരികിലേക്ക് നടന്നു… ആ നിർജീവമായ അവളുടെ ശരീരത്തിനരികിൽ ഇരുന്നുകൊണ്ട് പൊതിയഴിച്ചു.. കണ്ണന്റെ പടമുള്ള സാരി..
എന്നോ നന്ദൻ അവൾക്കായി വാങ്ങിയത്.. നന്ദന്റേതാകുന്ന നിമിഷം അണിയിക്കാനായി വാങ്ങിയത്.. വിടർത്തി അവളുടെ ശരീരത്തിലേക്ക് പുതപ്പിച്ചു.. നെറുകയിൽ മുത്തി അടർന്നു മാറി.. നിന്റെ നന്ദന്റേത് മാത്രമാകുമ്പോൾ സമ്മാനിക്കാൻ ഇരുന്നതാണ്.. യാത്രപോകുവല്ലേ നീ.. നന്ദന്റേതാകാൻ.. ഇത് മാത്രമായി ഇവിടെ അവശേഷിപ്പിക്കണ്ട.. അവൾക്കരികിലിരുന്ന് കണ്ണൻ പറഞ്ഞു… വസുവിന്റെ ചുണ്ടിലും മുഖത്തും ശാന്തത തന്നെയാണ് എന്ന് അവനും വായിച്ചെടുത്തു.. കഴിഞ്ഞ ഇരുപത്തിയാറു വർഷങ്ങൾ താൻ തിരഞ്ഞിട്ടും കാണാതിരുന്ന ശാന്തത..
ബലിയർപ്പിക്കാനായി കുളിച്ചു ഈറനായി പുഴയുടെ തീരത്തു ഇരിക്കുകയായിരുന്നു അനുവും കുഞ്ഞനും.. കൂടെ മറ്റെല്ലാവരും ഉണ്ടായിരുന്നു.. ദർപ്പണം ചെയ്യാനായി എഴുന്നേറ്റതും കുഞ്ഞൻ കണ്ണനെ വിളിച്ചു.. അച്ഛാ.. പൂക്കൾ എവിടെ.. ഇതിന്റെ കൂടെ ഒഴുക്കാൻ.. കുഞ്ഞൻ ചോദിച്ചതും മഹി കയ്യിൽ കരുതിയ കവറിൽ നിന്നും ചെമ്പകപ്പൂക്കൾ ആ ഇലച്ചീന്തിൽ അർപ്പിച്ചു.. അല്ലിയുടെ കയ്യിലുള്ളതിൽ ഇടാൻ തുനിഞ്ഞതും അവൾ ചോദ്യഭാവത്തിൽ കണ്ണനെ നോക്കി.. അമ്മക്ക്.. അമ്മക്ക് പാരിജാതമല്ലേ അച്ഛാ ഇഷ്ടം.. ഇത് ചെമ്പകമല്ലേ? ലെച്ചുവിന് പാരിജാതത്തേക്കാൾ പ്രിയം എന്നും ഈ വെള്ള ചെമ്പകങ്ങളോട് ആണ് അല്ലി..
അത്രയും പറഞ്ഞാ പൂക്കൾ ഇലച്ചീന്തിൽ അർപ്പിച്ചു.. ദർപ്പണം ചെയ്തു മുങ്ങി നിവർന്നതും ഇലച്ചീന്തിൽ നിന്നും പുറത്തേക്ക് ഒഴുകിയ രണ്ട് ചെമ്പകപ്പൂക്കൾ ഒന്ന് ചേർന്നൊഴുകുന്നത് നോക്കി അവർ കരയിൽ നിന്നു… അന്ന് വൈകുന്നേരം അനന്തനെയും തൊട്ടടുത്തുള്ള വസുവിന്റെയും അസ്ഥിത്തറയിൽ വിളക്ക് വെച്ചു പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു കണ്ണൻ.. വീശിയടിച്ച കാറ്റിൽ പാരിജാത പൂക്കൾ അവനു മേൽ വീഴപ്പെട്ടു.. മാപ്പ് പറയേണ്ട ലെച്ചു.. എനിക്കറിയാം നിന്നെ.. നിന്റെ നന്ദനെയും.. കണ്ണുനീർ തുടച്ചങ്ങനെ നിന്നു.. സുദേവിന്റെ കയ്യിൽ പിടിച്ചവിടെ എത്തിയ ഹരിപ്രിയ കൈകൂപ്പി നിന്നു പ്രാർത്ഥിച്ചു.. ക്ഷമ പറഞ്ഞു..
അവളുടെ ഉള്ളിൽ വസുവിന്റെ വാക്കുകൾ ഉച്ചത്തിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.. എന്നെ ആത്മാർത്ഥമായി പ്രണയിക്കുന്ന ആളോടൊപ്പമേ ഈ വസിഷ്ഠ ലക്ഷ്മി ജീവിക്കൂ.. എന്റെ ആത്മാവിന്റെ അവകാശിക്കൊപ്പമേ വസിഷ്ഠ ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോവുകയൊള്ളു.. പിന്നിൽ മഹിയുടെ കരസ്പർശമറിഞ്ഞതും കണ്ണൻ തിരിഞ്ഞു നോക്കി.. പുഞ്ചിരിയോടെ നിക്കിയെയും മഹിയെയും നോക്കി.. ഒരു പാക്കറ്റ് കണ്ണന് നേരെ നീട്ടി… എന്താണെന്ന് സംശയത്തോട് കൂടെ നോക്കിയതും മഹി പറഞ്ഞു.. വസു പോയ ദിവസം എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ആണ്… തുറന്ന് നോക്കൂ.. കവർ പൊട്ടിച്ചു തുറന്നതും കണ്ടു.. രണ്ട് പുസ്തകങ്ങൾ..
മനോഹരമായ കവർ പേജിൽ ചെമ്പക മരങ്ങൾക്കിടയിൽ പൂക്കൾ കയ്യിലേന്തി ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി അവളെ പുറകിൽ നിന്നും കണ്ണ് പൊത്തുന്ന ഒരു ആൺകുട്ടിയും.. ചെമ്പകം പൂക്കും യാമങ്ങൾ… വസിഷ്ഠ ലക്ഷ്മി ഹരിനന്ദ്… ആമുഖം തുറന്നപ്പോൾ കണ്ടു.. സമർപ്പണം എന്റെ നന്ദൂട്ടന്. സ്വന്തം ലെച്ചു… ആ വരികളിലൂടെ മിഴികൾ പാഞ്ഞു.. കയ്യെഴുത്തു പ്രതി എടുത്തു നോക്കിയപ്പോൾ ആ വരികളിൽ കണ്ണുനീർ പാടുകൾ കണ്ടു.. പുസ്തകം അടച്ചു വെച്ചു ആ അസ്ഥിതറയിലേക്ക് നോക്കി പുഞ്ചിരിച്ചു..
വിളക്ക് വെക്കാനായി വന്ന അനുവും നിവിയും മനുവും കാണുന്നത് കുറച്ചു മാറി നിന്നു സംസാരിക്കുന്ന മുതിർന്നവരെയാണ്.. കൂടെ മിഥുനയും ആനിയുമെല്ലാം ഉണ്ട്.. നിങ്ങൾ അങ്ങോട്ടേക്ക് ചെല്ലൂ ഞാൻ വിളക്ക് വെച്ചു വരാം.. അവരെ നോക്കി അനു പറഞ്ഞു.. അവൾക്കൊരു പുഞ്ചിരി നൽകി അവർ അങ്ങോട്ടേക്ക് നടന്നു.. വിളക്ക് വെച്ചു മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കുമ്പോഴാണ് തൊട്ടരികിൽ ഒരു സാമിപ്യം അറിയുന്നത്.. മിഴികൾ പരതിയപ്പോൾ കണ്ടു.. തൊട്ടരികിൽ ഇരിക്കുന്ന കുഞ്ഞനെ.. എന്നാൽ അവളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും മെല്ലെ എഴുന്നേറ്റു..
പോകാനാഞ്ഞതും കയ്യിൽ പിടി വീണിരുന്നു.. വിച്ചേട്ടനെ മറന്നോ അല്ലി.. എന്ന ചോദ്യം കേട്ടതും തിരിഞ്ഞു നോക്കി.. കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു ഇരിക്കുന്ന കുഞ്ഞനെ നോക്കി… ഇഷ്ടമാണ് അല്ലിയെ എനിക്ക്.. പപ്പയോടും വസുമ്മയോടും സമ്മതം ചോദിക്കുവാ.. എന്നോ പതിഞ്ഞ മുഖമാണ് മനസ്സിൽ.. നന്ദനെ പോലെ പ്രണയിക്കാനാകില്ല.. എങ്കിലും പ്രാണൻ പോകുന്നത് വരെ മിഴിനീർ പൊഴിയാതെ നോക്കിക്കോളാം.. പറഞ്ഞു തീർന്നതും ചെമ്പകമണമുള്ള കാറ്റ് അവരെ തഴുകി തലോടി മാഞ്ഞു പോയി.. മറ്റുള്ളവരെ നോക്കിയപ്പോൾ കണ്ടു പുഞ്ചിരിയോടെ എതിരേൽക്കുന്നത്..
കണ്ണൻ വന്ന് അനുവിന്റെ കൈകൾ കുഞ്ഞന്റെ കൈകളോട് ചേർത്തു വെച്ചു.. ഒരു വിതുമ്പലോടെ അനു കണ്ണനെ ചുറ്റി പിടിച്ചു കരഞ്ഞു.. നന്ദേട്ടനും എനിക്കും ഇത് അറിയാമായിരുന്നു.. നിങ്ങൾ പറഞ്ഞില്ലെങ്കിലും.. അവളെ ആശ്വസിപ്പിച്ചവൻ നെറുകയിൽ തലോടി… മധുരം പങ്കിടാനായി എല്ലാവരും പിരിഞ്ഞു പോയപ്പോൾ കണ്ണൻ വീണ്ടും ആ അസ്ഥിതറക്കരികിലേക്ക് നടന്നു.. ചെന്നപ്പോൾ കണ്ടു മിഴികൾ തുടച്ചു എഴുന്നേൽക്കുന്ന മിഥുനയെ.. അവനെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് നോക്കി… മാപ്പ് പറയാൻ വന്നതാണോ മിഥു.. നന്ദേട്ടൻ എന്നേ ക്ഷമിച്ചുകാണും..
അവളോട് പറഞ്ഞു കൊണ്ട് കണ്ണൻ അസ്ഥിത്തറയിലേക്ക് ഉറ്റു നോക്കി… മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവൾ പുഞ്ചിരിച്ചു.. തിരികെ പോകാൻ ആഞ്ഞ മിഥുനയോട് കണ്ണൻ പറഞ്ഞു.. അടുത്ത ജന്മം ഒരിക്കലും നന്ദനെ ആഗ്രഹിക്കല്ലേ മിഥു.. നന്ദന്റെ സ്നേഹം വാക്കുകളിലൂടെ അല്ലാതെ സിഷ്ഠ അറിയട്ടെ… അതിന് ഹരിനന്ദോ മിഥുനയോ തടസ്സമാകേണ്ട അല്ലേ മിഥു.. അത്രക്ക് ഇഷ്ടമായിരുന്നോ ദേവ് നിനക്ക് അവളെ.. മറുപടി ഇല്ലാതെ ആ അസ്ഥിത്തറകൾ നോക്കി അവൻ നിന്നു…
നീ എന്ത് ഭാഗ്യവതിയാണ് വസിഷ്ഠ.. ഞാൻ ആഗ്രഹിച്ച എന്റെ കൂട്ടുകാരനും ഞാൻ ജീവനായി പ്രണയിച്ചവനും നീ ആയിരുന്നല്ലേ വസിഷ്ഠ സർവസവും.. അടുത്ത ജന്മം നിന്റെ നന്ദനെ ഞാൻ വിട്ടു നൽകാം.. പക്ഷേ.. എന്റെ ദേവിന്റെ മുൻപിൽ ഒരിക്കലും നീ വരരുത് വസിഷ്ഠ.. ദേവിന്റെ പ്രണയം നീ ആയിരുന്നെന്ന ഒറ്റ കാരണത്താൽ തോന്നി പോയ ഒരു കുഞ്ഞിഷ്ടം പിഴുതെറിഞ്ഞവളാണ് ഞാൻ.. അവന് വേണ്ടി മാത്രം.. പിന്നീട് അനന്തേട്ടനെ സ്നേഹിച്ചപ്പോൾ ഞാൻ സ്വാർത്ഥയായി പോയി.. വിട്ടുനൽകാൻ മടിയില്ലാതിരുന്ന മിഥുന സ്വാർത്ഥതയിൽ പ്രണയത്തിൽ മുങ്ങി പോയി..
കണ്ണനിലേക്ക് മിഴികൾ ചെന്നെത്തി.. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണൂ.. ദേവ്… വാ.. മിഥു.. നമ്മളെ തിരക്കുന്നുണ്ടാകും.. കണ്ണൻ പറഞ്ഞതും അവൾ അവനു പുറകിലായി നടന്നു.. നന്ദാ… ജന്മങ്ങൾക്കപ്പുറവും ചെമ്പക ഗന്ധമേറ്റ് കിടക്കുന്ന മണ്ണിനെ പുൽകാൻ ആണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്.. നിന്നോടൊപ്പം തൊട്ടരികിൽ മരണത്തിലും എന്നെ വേർപ്പെടുത്തരുത് നന്ദാ.. കാറ്റിൽ ചെമ്പക പൂക്കൾ പൊഴിഞ്ഞു വീണു.. മിഥുനയെയും കണ്ണനെയും പുണർന്നാ കാറ്റ് അകലേക്ക് പൊയ് പോയി.. ആകാശത്തിൽ ആ ഒറ്റ നക്ഷത്രം പതിവിലും തിളക്കത്തോടെ പുഞ്ചിരിച്ചു… ഇനി കാത്തിരിപ്പില്ല… പ്രതീക്ഷകൾ മാത്രം.. ജന്മങ്ങൾക്കപ്പുറവും നന്ദനും സിഷ്ഠക്കും വേണ്ടി ചെമ്പകം പൂക്കും എന്ന് പ്രത്യാശിക്കാം.. 💙 എവിടെയോ ജീവിച്ചു മരിച്ച നന്ദനും സിഷ്ഠക്കും വേണ്ടി ഈ കഥ സമർപ്പിക്കുന്നു.. അഷിത കൃഷ്ണ.. ❤️💙
ചെമ്പകം പൂക്കും യാമങ്ങൾ സിഷ്ഠാനന്തം…
നന്ദാ… ഞാനും വരുന്നു.. കൂടെ കൂട്ടാമോ എന്നെ… പിന്നിൽ നിന്നുയർന്ന ശബ്ദതരംഗം അവനെ പിടിച്ചു നിർത്തി.. പതിയെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു.. വെള്ളയിൽ കണ്ണന്റെ പടമുള്ള സാരിയുടുത്തു കൊണ്ട് തന്നെ നോക്കി പുഞ്ചിരിക്കുന്നവളെ… അത്ഭുതം കൂറി കൊണ്ടവളെ നോക്കിയപ്പോൾ ചെറു ചിരിയോടെ പെണ്ണ് മൊഴിഞ്ഞു.. പറ്റണില്ല്യ നന്ദാ.. അവിടെ ഒറ്റക്ക് എന്നെ കൊണ്ട്.. പിടിച്ചു നില്ക്കാൻ ആവത് ശ്രമിച്ചു നോക്കി ഞാൻ.. പക്ഷേ.. ദൂരേക്ക് പൊട്ടുപോലെ.. ആരും കാണാത്ത ലോകത്തേക്ക് നന്ദൻ പോകുന്നെന്ന് മനസ് മന്ത്രിച്ചു.. പിന്നെ.. പിന്നെ അവിടെ നില്ക്കാൻ എനിക്ക് തോന്നിയില്ല… സിഷ്ഠാ… തല താഴ്ത്തി നിൽക്കുന്ന അവളുടെ അരികിലേക്ക് അടിപതറാതെ ചുവടെടുത്തു വെച്ചവൻ വന്നു നിന്നു..
ആ മുഖം കൈകുമ്പിളിൽ എടുത്തു വെച്ചു.. ഭയപ്പെട്ട് പോയി പെണ്ണേ ഞാൻ.. തനിച്ചു വിട്ട് പോകേണ്ടി വരുവാണോ എന്നോർത്തു… ഒറ്റക്കാക്കി പോകാൻ എനിക്ക് കഴിയുമായിരുന്നില്ല… എനിക്കറിയാം… എനിക്കറിയാം നന്ദാ.. പറഞ്ഞു കൊണ്ടിരിക്കുന്നതിനിടക്ക് നാക്ക് കടിച്ചവൾ സ്വയം തലയിൽ കൊട്ടി.. അല്ലാ.. നന്ദേട്ടാ.. ഗൗരവം നിറഞ്ഞു നിന്ന അവന്റെ മുഖത്തു എവിടെ നിന്നോ പുഞ്ചിരി വിരുന്നെത്തി.. നെഞ്ചോരം അടക്കി പിടിച്ചു കാതിൽ മൊഴിഞ്ഞു.. നിനക്ക്.. നിനക്കിപ്പോൾ സാമ്രാണിയുടെ ഗന്ധമാണല്ലോ പെണ്ണേ… ചെവിയിൽ പതിയെ ഊതി കൊണ്ടവൻ പറഞ്ഞു…. കണ്ടില്ലേ നന്ദേട്ടാ.. തലയ്ക്കുമുകളിൽ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്കും പുകഞ്ഞു കൊണ്ട് സുഗന്ധം പരത്തുന്ന സാമ്രാണിയും..
അതിന്റെ ഗന്ധമാണ്.. പക്ഷേ.. പക്ഷേ.. എനിക്കിഷ്ടം എന്റെ പെണ്ണ് ആരും കാണാതെ മുടിച്ചുരുളിൽ ഒളിച്ചു വെച്ചിരുന്ന ആ ചെമ്പകപൂക്കളുടെ ഗന്ധമാണ്.. അവളുടെ ഇടതു കൈത്തണ്ടയിൽ തുന്നി ചേർത്ത പാടിൽ ചുണ്ടുകൾ ചേർത്തു… കണ്ണുനീർ അടർന്നു വീണിരുന്നു ആ പാടിലേക്ക്.. ഇതിപ്പോൾ എത്രാമത്തെ തവണയാണ് നന്ദാ.. ഈ മുറിപ്പാടിൽ സ്പർശിക്കുന്നത്.. അത്രക്കിഷ്ടാണോ ഈ തുന്നി ചേർത്ത പാട്.. നിന്നിൽ ഞാൻ എന്താണ് പെണ്ണേ വെറുക്കേണ്ടത്… നിന്നിൽ നിന്നും വമിക്കുന്ന ഈ ചെമ്പകഗന്ധത്തെയോ.. ഈ ഉപ്പുരസമാർന്ന നീർതുള്ളികളെയോ.. ആ രക്ത പാടുകളെയോ.. ഒന്നിനേം വെറുക്കാൻ ഈ അനന്തന് ആകില്ല പെണ്ണേ… അവനിൽ നിന്നടർന്നു മാറി കൊണ്ടവൾ നോക്കി… നന്ദൂട്ടന് നൊന്തു കാണും അല്ലേ നന്ദേട്ടാ.. ഈ ജന്മം തനിച്ചാക്കില്ലെന്ന് ഞാൻ വാക്ക് കൊടുത്തതായിരുന്നു..
എന്നിട്ടെന്തേ.. നീ ആ വാക്ക് പാലിച്ചില്ല.. ഗൗരവത്തിന്റെ ആവരണം അണിഞ്ഞോ അവൻ…. കുസൃതിയോടെ അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. ഈ ജന്മത്തേക്കെന്നല്ല ആയിരം ജന്മത്തേക്കുള്ള പ്രണയം നന്ദൂട്ടൻ എനിക്ക് തന്നുകഴിഞ്ഞു നന്ദേട്ടാ.. ഇനി.. ഇനി ഈ ലോകത്തും വരും ജന്മങ്ങളിലും എന്നിൽ അവകാശം സ്ഥാപിക്കാൻ നന്ദൂട്ടൻ വരില്ല.. പൂർണ മനസോടെ എന്നെ യാത്രയാക്കുന്നത് നന്ദേട്ടൻ കാണുന്നില്ലേ..? കരയാതെ.. സ്വയം പിടിച്ചു നിന്നു കൊണ്ട്.. ലോകത്തു ഏതൊരു ഭർത്താവ് ഇത്രത്തോളം ത്യാഗം ചെയ്യും..? അവൻ ദേവ് ആണ്.. സിഷ്ഠാ.. നമ്മളെ മനസിലാക്കാൻ അവനെ കഴിയൂ… എനിക്കറിയാം.. അവൻ ഒരിക്കലും ഇനി നിന്നിലേക്കോ എന്നിലേക്കോ നടന്നടുക്കില്ല.. ഹ്മ്മ്.. വേദനിക്കുന്നു നന്ദാ.. മേലിങ്ങനെ മണ്ണ് വന്ന് വീഴുമ്പോൾ..
എന്തൊരു വേദനയാണ്.. നന്ദേട്ടനും വേദനിച്ചിരുന്നോ ഇങ്ങനെ.. ഇല്ലെന്ന് തല ചെരിച്ചു.. ഞാൻ നിന്നെ.. നിന്നെ നോക്കുവായിരുന്നു സിഷ്ഠാ.. എന്താ എന്റെ പെണ്ണൊന്ന് പൊട്ടി കരയാത്തതെന്ന്.. എന്നെ വിട്ടിട്ട് പോകല്ലേ നന്ദാ എന്ന് ഉറക്കെ അലറി കരയാത്തതെന്ന്.. എന്താ പഴയത് പോലെ കണ്ണുനീർ ധാരയാകാത്തതെന്ന്.. നിന്റെ ഉള്ളിലെ പൊള്ളലും വേദനയും കുറയാതെ കൂടുന്നത് എന്താണെന്ന് ചിന്തിക്കുന്ന തിരക്കിൽ ഞാൻ മണ്ണ് വീഴുമ്പോൾ ഉള്ള വേദന അറിഞ്ഞിരുന്നില്ല.. നിനക്ക് നൊന്തില്ലേ പെണ്ണേ.. ഹൃദയം പണി മുടക്കിയപ്പോൾ.. പതിവിലും നോവ് തന്നപ്പോൾ.. മറു ചോദ്യമെറിഞ്ഞവൻ അവളിലേക്ക് നോട്ടമയച്ചു.. ഇല്ലെന്റെ നന്ദാ.. ഞാൻ.. ഞാൻ അറിഞ്ഞത് പോലും ഇല്ലാ… ഞാൻ ഇങ്ങെത്തുമ്പോഴേക്ക് നന്ദൻ ഇവിടം വിട്ട് പോകുമോ എന്ന് ഭയപ്പെട്ടു.. പോയേനെ ഞാൻ..
ഒരിത്തിരി നേരം നീ എത്താൻ വൈകിയിരുന്നെങ്കിൽ… അങ്ങനെ ഞാൻ പോയിരുന്നെങ്കിലോ.. ഇനിയും വിധി നമ്മളോട് അങ്ങനൊരു ക്രൂരത ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല… ആ ശക്തിക്ക് പോലും നമ്മളെ പരീക്ഷിച്ചു മടുത്തു കാണും നന്ദേട്ടാ… നോക്ക് പെണ്ണേ… ചന്ദ്രൻ ഉദിച്ചു കഴിഞ്ഞു.. പോകാം.. ഇനി.. ഇനി നമുക്കിവിടം വേണ്ടാ.. ദൂരേക്ക് പോകാം.. കുഞ്ഞനും അല്ലിയും നമ്മളായി ഈ ഭൂമിയിൽ ജീവിക്കട്ടെ.. അനന്തന്റെയും വസിഷ്ഠയുടെയും ജീവന്റെ അംശങ്ങൾ.. പോകാനായി തുനിഞ്ഞ നന്ദന്റെ കൈ പിടിച്ചു നിർത്തി കൊണ്ടവൾ ചോദിച്ചു.. ഏറെ മോഹിച്ച മറ്റൊന്നില്ലേ നന്ദാ… അത്.. അത് സാധിക്കാതെ പോകുവാണോ…. ഞെട്ടി നോക്കിയപ്പോൾ കണ്ടു… എനിക്കറിയാം നന്ദാ നിങ്ങളെ.. സാക്ഷികളും തെളിവുകളും അത്രയും മൊഴിഞ്ഞത് നിങ്ങളല്ല നന്ദൻ എന്നായിരുന്നു.. പക്ഷേ.. എനിക്ക് ഉറപ്പായിരുന്നു..
ദേ.. ആ കാണുന്ന ഒറ്റ നക്ഷത്രമില്ലേ.. അതെന്നോട് എന്നും പറയുവായിരുന്നു.. നിന്റെ നന്ദൻ അനന്തനാണെന്ന്.. മറുപടി പറയാതെ അവളുടെ അടുത്തു ചേർന്നിരുന്നു.. ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു കൊണ്ട് നെറുകയിൽ ഉള്ള പാടിൽ മുകർന്നു.. പിന്നീടവ നെറ്റിയും കവിളുകളും കടലാഴം ഒളിപ്പിച്ച മിഴികളും കടന്നാ ചെമ്പക മണമുള്ള ചുണ്ടിൽ തൊട്ട് നിന്നു.. വീണ്ടും സഞ്ചാര വഴികൾ തേടി ആ അധരങ്ങൾ അലഞ്ഞു കൊണ്ടിരുന്നു.. കഴുത്തിൽ നിന്നവ പിന്നെയും അലഞ്ഞു… ഒടുവിൽ.. ഇത്രയും നാൾ തേടി അലഞ്ഞതെന്തോ കണ്ടെത്തിയ സംതൃപ്തിയിൽ ആ മിഴികൾ തിളങ്ങി.. അധരങ്ങൾ ഭ്രാന്തമായ ആവേശത്തിൽ ആ ചുവന്ന് ചുവന്ന് പച്ചയിൽ കുതിർന്ന അക്ഷരങ്ങളെ പുണർന്നു…
നന്ദൻ എന്ന അക്ഷരങ്ങളിൽ അധരത്തോടൊപ്പം അവന്റെ കണ്ണുനീരും ചിതറി വീണു.. ആ ചുംബനത്തിന്റെ ആലസ്യത്തിൽ അവന്റെ നെഞ്ചിൽ ശക്തിയാൽ വലിച്ചു പിടിച്ചവൾ.. ബട്ടൻസ് അഴിഞ്ഞു മാറിയ ആ മാറിൽ.. സിഷ്ഠ എന്ന മൂന്നക്ഷരങ്ങൾ മിഴിവോടെ തിളങ്ങി.. അവയിൽ വിരലോടിച്ചു കൊണ്ട് ചുണ്ടു ചേർത്തു.. അത്രക്ക്.. അത്രക്ക് ഇഷ്ടമായിരുന്നോ നന്ദാ.. എന്നെ.. മറ്റൊരാളുടേത് ആയിട്ട് കൂടി… അവളുടെ ചുണ്ടിന് കുറുകെ വിരൽ വെച്ചു ബന്ധിച്ചു കൊണ്ടവൻ പറഞ്ഞു.. സിഷ്ഠ എന്നും നന്ദന്റെ മാത്രമായിരുന്നു.. അല്ലെന്ന് നീ പറഞ്ഞാലും സത്യത്തെ തിരുത്താൻ കഴിയില്ല പെണ്ണേ… വീണ്ടും ആ നെഞ്ചോരം ചേർന്നു നിന്നു കൊണ്ടവൾ നോക്കി.. നന്ദേട്ടന്റെയും തന്റെയും അരികിൽ ചെമ്പകപ്പൂക്കൾ വെച്ചു മടങ്ങുന്ന ആ നിഴൽ രൂപത്തെ.. പോകാം..
ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചുകൊണ്ടവൾ അനന്തന് നേരെ തിരിഞ്ഞു… പോകാം… ആ ഒറ്റ നക്ഷത്രത്തിലേക്ക്.. നിന്നെയും എന്നെയും എന്നും മോഹിപ്പിച്ചിരുന്ന ആ ഒറ്റ നക്ഷത്രത്തിലേക്ക്… അവന്റെ നെഞ്ചോരം പറ്റി ചേർന്നു നിന്നു കൊണ്ടവൾ മൊഴിഞ്ഞു… നന്ദാ.. എനിക്കായി.. രണ്ടുവരി മൂളുമോ…? മെഴുതിരി വെയിലെ അണയല്ലേ നീയി തോരാ മഴയുടെ കുളിരിൽ.. പനിമതി നിലവേ പറയല്ലേ രാവിൻ തീരാ പരിഭവ മൊഴികൾ.. നോവേറ്റു വാടുമാ ജീവന്റെ തരുശാഖ പുൽകാതെ കാറ്റ് പോയ്പോകെ.. അരിയ നീരലകളായി ചിറകു നീർത്തീടുമോ പറയുവാനരുതാത്ത പൊരുളെ.. പറയില്ല രാവെത്ര… നിന്നെയോർത്തോർത്തു ഞാൻ പുലരുവോളം.. മിഴിവാർത്തു…
ഒടുവിലീ ഇരുളിമ മായുമോ? ഞാൻ നിന്നിലലിയുമോ കുളിർമാരിയായി.. അവളെ ചേർത്തണച്ചു കൊണ്ടവൻ യാത്രതുടർന്നു… ആ ഒറ്റ നക്ഷത്രത്തിലേക്ക്… ജനാലക്കരികിൽ വീശിയടിച്ച ചെമ്പക മണമുള്ള കുളിർക്കാറ്റിൽ ആ പുസ്തകത്താളുകൾ താനെ മറിഞ്ഞു… പേപ്പർ വെയിറ്റ് എടുത്തു കൊണ്ട് ആ പുസ്തകത്തിന് മുകളിൽ വെച്ചു.. പതിയെ… ചെമ്പകം പൂക്കും യാമങ്ങൾ എന്നെഴുതിയ മഷിയിലൂടെ വിരലോടിച്ചു… ഇരച്ചെത്തിയ വെളിച്ചം കൺപോളകളിൽ തൊട്ടപ്പോൾ ജനാല അടക്കാനായി എഴുന്നേറ്റു.. പതിവിലും തിളക്കത്തോടെ ചന്ദ്രനോട് വിട്ടു നിൽക്കുന്ന ഒറ്റ നക്ഷത്രത്തെ കണ്ടു.. നന്ദന്റെ മാത്രം സിഷ്ഠയായി അല്ലേ ലച്ചൂ… പതിവിലും തിളക്കമുണ്ട് നിന്റെ ആ ഒറ്റ നക്ഷത്രത്തിനിന്ന്.. ഞാൻ.. ഞാൻ ഇവിടെ തന്നെ ഉണ്ടാകും പെണ്ണേ.. ലെച്ചുന്റെ നന്ദൂട്ടനായി.. കണ്ണുകൾ അമർത്തി തുടച്ചവൻ ജനാല പതിയെ വലിച്ചടച്ചു… സിഷ്ഠാനന്തം ഇവിടെ അവസാനിച്ചു.. അല്ല ഇവിടെ തുടങ്ങുന്നു … കൂടെ അവരുടെ മാത്രം ചെമ്പകം പൂക്കും യാമങ്ങളും……
ഇനി ഒരു സെക്കന്റ് പാർട്ട് ഇല്ലാ.. സിഷ്ഠയെയും നന്ദനെയും കണ്ണനെയും ഹൃദയത്തിൽ സ്വീകരിച്ചവർക്ക്… ഉറക്കം തരാതെ ശല്യപ്പെടുത്തിയ നന്ദനും അവന്റെ സിഷ്ഠക്കും പൂർണ്ണത നൽകി കൊണ്ട് നിർത്തുന്നു… സെക്കന്റ് പാർട്ട് എഴുതാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടും എഴുതി ഫലിപ്പിക്കാൻ കഴിയില്ലെന്ന ഉത്തമ ബോധ്യം നിലനിൽക്കുന്നത് കൊണ്ടും ചെറിയൊരു ഭാഗമാക്കിയിട്ടാണ് ചെമ്പകം പൂക്കും യാമങ്ങൾ സിഷ്ഠാനന്തം എഴുതിയത്. അവർ അവരുടേതായ ലോകത്തുണ്ടെന്ന വിശ്വാസത്തിൽ ഞാൻ ഈ യാത്ര ഇവിടെ നിർത്തുന്നു… അഷിത കൃഷ്ണ… 💙❤️