Tuesday, December 17, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 57

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

ദേവാ.. സിഷ്ഠയെ നോക്കികൊള്ളണേ.. എന്റെ പെണ്ണിനെ.. സ്വന്തമാക്കാൻ ഇനി അനന്തൻ വരില്ല.. മറ്റൊരുവൾ സ്വന്തമാക്കിയ ശരീരവുമായി അനന്തൻ പോകുവാ.. ഇനി ഇനി ഒരു നിമിഷം പോലും ആകില്ല ദേവാ.. അറിയാതെ എങ്കിലും സിഷ്ഠയെ വഞ്ചിച്ചില്ലേ.. ജീവിച്ചിരിക്കാൻ ഞാൻ യോഗ്യനല്ല.. എങ്ങോട്ടെന്നില്ലാതെ കാറുമായി അനന്തൻ മുന്നോട്ട് നീങ്ങി.. മിഥുനയുടെ മുഖഭാവവും തന്നെ ദയനീയമായി നോക്കിയിരുന്ന സിഷ്ഠയുടെ കണ്ണുകളും അനന്തനിൽ വേർതിരിച്ചറിയാൻ കഴിയാത്തൊരു ഭാവം കൊണ്ടു വന്നു..

എങ്ങോട്ടെന്നില്ലാതെ മദ്യത്തിന്റെ ലഹരി പറ്റി എതിരെ കണ്ട മരത്തിലേക്ക് വണ്ടി ഓടിച്ചു കയറ്റുമ്പോൾ ഉള്ളിൽ മന്ത്രണമായി നിന്നിരുന്നത് സിഷ്ഠ എന്ന പേര് മാത്രമായിരുന്നു.. നിമിഷങ്ങൾക്കുള്ളിൽ ഉള്ളിൽ തരിപ്പോട്‌ കൂടിയ വേദന ഉടലെടുക്കുന്നതറിഞ്ഞു.. എങ്കിലും വേദനയിൽ ആശ്വാസമായി നിന്നത് സിഷ്ഠ…. അവളുടെ മുഖമായിരുന്നു.. ബോധം വിട്ടകലുമ്പോഴും അറിഞ്ഞോ അറിയാതെയോ തന്റെ പ്രാണനെ ചതിച്ചെന്ന കുറ്റബോധം ഉള്ളിലെവിടെയോ ഒരു നോവായി നീറുകയായിരുന്നു..

പരിണിതഫലമായി ഉറക്കത്തിൽ ദുഃസ്വപ്നം കണ്ടു വസു ഞെട്ടി എഴുന്നേറ്റു.. തന്റെ നെഞ്ചിൽ കൈവച്ചു ശ്വാസം ആഞ്ഞു വലിച്ചു.. തൊട്ടടുത്ത് കിടക്കുന്ന കണ്ണനെ നോക്കി ഉറക്കത്തിലേക്ക് വഴുതി വീണു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കുളി കഴിഞ്ഞിറങ്ങുന്ന കണ്ണൻ കാണുന്നത് തന്റെ ഫോൺ എടുത്തു ചെവിയോട് ചേർത്തു നിൽക്കുന്ന വസുവിനെയാണ്.. നന്ദേട്ടൻ ആണോ എന്ന ടെൻഷനിൽ അവൻ ഫോൺ അവളിൽ നിന്നും പിടിച്ചു വാങ്ങി.. ഫോൺ ചെവിയോട് ചേർത്തു പുറത്തേക്ക് നടന്നു.. ഹലോ ഞാൻ ഹരിനന്ദ് ആണ് സംസാരിക്കുന്നത്.. മറു വശത്തു നിന്നും തികച്ചും അപരിചിതമായ ശബ്‍ദം..

എന്നാൽ പറഞ്ഞത് അനന്തന്റെ അപകടവാർത്തയും.. കേട്ട വാർത്തയിൽ സ്തംഭിച്ചു നിന്നും.. ഉള്ളിലൂടെ വിറയൽ കടന്നു പോയപ്പോൾ മൗനമായി ഹൃദയത്തോട് സ്വയം സംവദിച്ചു.. തിരികെ തരാമെന്ന് പറഞ്ഞതല്ലേ നന്ദേട്ടാ.. തിരക്കിട്ടു മുറിയിലേക്ക് കയറി വന്നപ്പോൾ ബാത്‌റൂമിൽ വെള്ളം വീഴുന്നത് കേട്ടു.. ഡ്രസ്സ് മാറി പുറത്തേക്ക് കുതിക്കുമ്പോഴാണ് ബാത്‌റൂമിൽ നിന്നിറങ്ങി വരുന്ന വസുവിനെ കാണുന്നത്.. ഉള്ളിലെ കള്ളം പിടിക്കപെടാതിരിക്കാനായി മുഖം തിരിച്ചു നടന്നു.. കാറിൽ കയറിയതും ഫോൺ വെക്കാൻ മുതിർന്നപ്പോഴാണ് അവസാനമായി അനന്തൻ അയച്ച മെസ്സേജ് കാണുന്നത്..

സങ്കടമോ ദേഷ്യമോ എല്ലാം സ്റ്റിയറിങ്ങിൽ തീർത്തു.. ഓടി കിതച്ചു ഹോസ്പിറ്റലിൽ എത്തിയതും അനന്തന്റെ പേര് പറഞ്ഞന്വേഷിച്ചു.. ഐ സി യു വിനു പുറത്തു ഒട്ടും പരിചയമില്ലാത്ത മനുഷ്യനെ കണ്ടതും കാര്യമന്വേഷിച്ചു.. തന്നെ വിളിച്ച ആളാണെന്ന് മനസിലായി.. അനന്തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന തന്റെ വിസിറ്റിംഗ് കാർഡിൽ നിന്നുമാണ് നമ്പർ കിട്ടിയതെന്നും മനസിലായി.. വണ്ടിയുടെ ചാവിയും ലൈസൻസും വാലറ്റും മറ്റും കണ്ണനെ ഏൽപിച്ചയാൾ മടങ്ങി.. മിഥുനയെ വിവരമറിയിക്കാൻ ഹോസ്പിറ്റൽ റിസപ്ഷനിൽ പറഞ്ഞു.. അത്യാവശ്യമായി ഒരു രോഗിയെ നോക്കാനായി നടന്നു..

തിരികെ തന്റെ ക്യാബിനിൽ എത്തിയപ്പോഴാണ് അറ്റൻഡർ വസുവിനെ കണ്ടെന്ന് പറയുന്നത്.. ഉള്ളിൽ എന്തിനെന്നില്ലാത്ത ഒരാന്തൽ വന്നതും എഴുന്നേറ്റ് അങ്ങോട്ടേക്ക് നടന്നു.. ദൂരെ നിന്നും കണ്ടു തളർന്നു കാലുകളിടറി നിൽക്കുന്ന വസുവിനെ.. ഇടക്കിടക്ക് കണ്ണുകൾ അമർത്തി തുടക്കുന്നുണ്ട്.. ഐ സി യു വിനോട് ചേർന്നിരിക്കുന്ന ബെഞ്ചിൽ ഇരിക്കുന്ന മിഥുനയെ നോക്കി മാറി നിൽക്കുന്ന വസുവിനെ.. മിഥുനയുടെ ചെയ്തികൾ നോക്കി ആ കണ്ണുകളിൽ പൊടിഞ്ഞ നീർകണങ്ങൾ നോക്കി നിൽക്കുന്നവളെ.. സഹതാപമാണോ അതോ വേദനയാണോ ഉരുത്തിരിഞ്ഞതെന്ന് അറിയില്ല.

അടുത്തു ചെന്ന് ആ കൈകളിൽ കൈചേർത്തു വെച്ചു.. അമ്പരപ്പോടെ തന്നെ നോക്കി കൊണ്ട് ചുണ്ടുകൾ കടിച്ചുപിടിച്ചു പറഞ്ഞു.. ഞാൻ അറിഞ്ഞപ്പോൾ വരാതിരിക്കാൻ കഴിഞ്ഞില്ല.. മിഥുനയെ ചൂണ്ടി കൊണ്ട് പറഞ്ഞു.. മറ്റൊരാവകാശിയുണ്ടെന്ന് മറന്നു പോകുവാണെന്ന്.. വീണ്ടും വാക്കുകൾ ചിന്നി ചിതറി ക്ഷാമം നേരിട്ടപ്പോൾ കണ്ണനും അവളോടൊത്ത് ഐ സി യു വിലേക്ക് കണ്ണുകൾ ചലിപ്പിച്ചു.. അവന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു.. നിങ്ങൾ എന്തൊരു ഭാഗ്യവാനാണ് അനന്തൻ.. നിങ്ങൾ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ച പ്രണയവും.. മറുവശത്തു നിങ്ങളെ പ്രാണനായി കാണുന്ന നിങ്ങളുടെ ആത്മാവിന്റെ അവകാശി നിങ്ങളുടെ സിഷ്ഠയും..

നിങ്ങളുടെ തിരിച്ചുവരവിനായി ഞാനും പ്രാർത്ഥിക്കുന്നു.. വസുവിനെ തന്നോട് ചേർത്തു പിടിച്ചു.. ഒടുക്കം തളർന്നവൾ അവന്റെ കൈകളിലേക്ക് ഊർന്നു വീണതും നെഞ്ച് പൊടിഞ്ഞു.. എങ്ങനെയാ പെണ്ണേ.. എന്റെ പേര് കൊത്തിയ താലി അണിഞ്ഞും ഇന്നും അനന്തന്റെ മാത്രമായിരിക്കുന്നത്.. തളർന്നുറങ്ങുന്ന അവളെ നോക്കി അങ്ങനെ ഇരുന്നു.. മയക്കം ഉണർന്നപ്പോൾ അവളെ വസ്ത്രം മാറ്റിച്ചു കൂടെ കൂട്ടി.. വിറയ്ക്കുന്ന കാലടികളോടെ തന്നെ പിന്തുടർന്നു നടന്നവൾ.. മിഥുനയിലേക്ക് മിഴികൾ നീണ്ടതും വർദ്ധിച്ച വേദനയോട് കൂടെ പിൻവലിച്ചവൾ അകത്തേക്ക് കയറി..

അരികിലേക്ക് കൊണ്ടുപോകാനാഞ്ഞതും.. തന്നെക്കാൾ അവകാശം മിഥുനക്കാണെന്ന് പറഞ്ഞു ഒഴിഞ്ഞു നിന്ന് കണ്ടു പോയവൾ.. വസു ഇറങ്ങിയതും കണ്ണൻ അനന്തനെ ഒന്ന് നോക്കി.. മിഴികൾ ചലിക്കുന്നതും ആയാസത്തോടെ അത് വലിച്ചു തുറക്കുന്നതും അത്ഭുതത്തോടെ കണ്ണൻ നോക്കി കണ്ടു.. അകലെ നിന്നാണെങ്കിലും അവന്റെ പ്രാണന്റെ സാന്നിധ്യം മനസിലാക്കി തിരിച്ചു വരവിനായി പൊരുതിയോ നന്ദാ നിങ്ങൾ.. അരികിൽ ചെന്ന് കാതോരം നന്ദേട്ടാ എന്ന് വിളിച്ചതും ആ കിടപ്പിൽ തന്നെ മിഴികൾ പൊഴിഞ്ഞു തുടങ്ങി.. സിഷ്ഠ.. അറിയരുത്.. താങ്ങില്ല.. മുറിഞ്ഞു പോയ വാക്കുകൾ..

വേദനയുടെ കാഠിന്യം വിളിച്ചോതി കൊണ്ടിരുന്നു.. എന്തിനാ നന്ദേട്ടാ.. ഞാൻ സംരക്ഷകൻ മാത്രമല്ലെ.. സ്വന്തമാക്കില്ലെന്ന് അറിഞ്ഞൂടെ.. മറുപടി ഏങ്ങൽ ചീളുകളായി മാത്രം പുറംതള്ളപ്പെട്ടു.. കണ്ണുകൾ മുറുകെ അടച്ചുകൊണ്ട് കണ്ണന്റെ കൈകളിൽ ഒന്നമർത്തി പിടിച്ചു.. അതിനിനി യോഗ്യത ഇല്ല ദേവാ.. മനസിലായില്ല… എന്ന കണ്ണന്റെ നോട്ടത്തിനുള്ള മറുപടി അനന്തനിൽ നിന്നും പുറത്തേക്കുതിർന്നു.. നന്ദേട്ടനോളം യോഗ്യത മറ്റാർക്കാ ഉള്ളത്.. തിരിച്ചേൽപ്പിക്കും.. മിഥുനയിൽ നിന്നും മോചനം നേടൂ.. അത്രമാത്രം വാക്കുകളിൽ ചുരുക്കി കണ്ണൻ പുറത്തേക്ക് നടന്നു..

പിന്നീട് മിഥുനയും ആനിയും അകത്തേക്ക് വന്നെങ്കിലും കൂടെ ഉണ്ടായിരുന്ന അമലയോട് മാത്രം അനന്തൻ സംസാരിച്ചു.. പിന്നീടുള്ള ദിവസങ്ങളിൽ അത്രയും അനന്തൻ മിതമായി മാത്രം സംസാരിച്ചു.. അമലയോടൊഴികെ ബാക്കിയുള്ളവരോടത്രയും മൗനം മാത്രമായിരുന്നു ഏക ആയുധം.. അനന്തന്റെ അവസ്ഥയും വേദനകളും മിഥുനയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നു തുടങ്ങി.. സ്വയം ഉരുകി ഉരുകി അവൾ ജീവിച്ചു പോന്നു.. എന്നാൽ ഒരു നോട്ടം പോലും അവൾക്ക് സമ്മാനിക്കാൻ അനന്തൻ കൂട്ടാക്കിയിരുന്നില്ല..

ദിവസങ്ങളുടെ ഓളപ്പരപ്പിൽ സിഷ്ഠയുടെ കത്തുകളിലും പിറന്നാളിന് അവൾ സമ്മാനിച്ച പത്മരാജന്റെ സമ്പൂർണ കൃതികളിലും അനന്തൻ തന്റെ ശ്വാസം നിലനിർത്തി. സിഷ്ഠയുടെതായി കണ്ണനും മഹിയും അയക്കുന്ന ഫോട്ടോകളിൽ കണ്ണും നട്ടിരുന്നു വിശേഷങ്ങൾ പറഞ്ഞുതീർക്കും.. ഇനിയും പറഞ്ഞു തീരാൻ വിശേഷങ്ങളും വാക്കുകളും ബാക്കി നിൽക്കെ ആ ഫോട്ടോ നെഞ്ചോട് ചേർത്തു വെച്ചു നിദ്രയെ പുൽകും..

അന്ന് പതിവില്ലാതെ മിഥുന മുറിയിലേക്ക് കടന്നു ചെന്നതും കണ്ടു കട്ടിലിൽ കണ്ണിനു കുറുകെ കൈവെച്ചു കിടക്കുന്ന അനന്തനെ.. പതിയെ അവന്റെ കാൽക്കൽ ചെന്നിരുന്നു കൊണ്ട് കൈകൾ ചേർത്തു വെച്ചു നിറഞ്ഞു നിന്ന മിഴികളിൽ നിന്നും രണ്ടുതുള്ളി ഇറ്റു വീണു.. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഷെൽഫിൽ നിന്നും ഡിവോഴ്സ് നോട്ടീസ് പുറത്തേക്കെടുത്തു.. വിട്ടു കൊടുക്കുവാണ് അനന്തേട്ട നിങ്ങളെ.. നിങ്ങളുടെ പ്രാണന് വേണ്ടി..

പക്ഷേ.. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ വസിഷ്ഠയേക്കാൾ മുൻപേ അനന്തേട്ടനെ ഞാൻ തേടി കണ്ടുപിടിക്കും.. രണ്ട് കെട്ടുകൾ മാത്രമുള്ളു എങ്കിലും താലിയായി മിഥുനയുടെ കഴുത്തിൽ എന്നും ഇതുണ്ടാകും.. അനന്തനെ തലോടാനായി ഉയർത്തിയ കൈ സ്വയം പിൻവലിച്ചവൾ പറഞ്ഞു.. തന്റെ ഫോണിൽ നിന്നും ദേവ് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിക്കുമ്പോൾ ഹൃദയമിടിപ്പ് ഉയർന്നു തന്നെ കേട്ടുകൊണ്ടിരുന്നു..

കടൽ കാറ്റേറ്റ് വിദൂരതയിലേക്ക് മിഴികൾ പായുമ്പോൾ മിഥുനയുടെ മനസ്സിൽ അത്രയും അനന്തന്റെ മുഖമായിരുന്നു.. സ്വന്തമാക്കാനായി ചെയ്തതെല്ലാം തന്നെ അങ്ങേ അറ്റം വെറുക്കാൻ കരണമായല്ലോ എന്ന തോന്നലും.. ഇടക്കെങ്കിലും പിടിവാശി ഒന്ന് കുറഞ്ഞിരുന്നെങ്കിൽ അനന്തന്റെ പ്രണയമെങ്കിലും സഫലീകരിക്കാമായിരുന്നു എന്ന ചിന്ത.. ചിന്തകൾക്കൊടുവിൽ തന്റെ പുറകിൽ ആൾ പെരുമാറ്റമറിഞ്ഞതും തലചെരിച്ചു നോക്കി.. ദേവ്.. നിറഞ്ഞ പുഞ്ചിരിയോടെ കണ്ണനെ നോക്കി വിളിച്ചു.. എന്താ മിഥുന..

ദേഷ്യം കലർന്ന കണ്ണന്റെ സ്വരം കേട്ടതും മിഴികൾ തുളുമ്പി.. മിഥു എന്ന വിളിയിൽ നിന്നും മിഥുനയിലേക്കുള്ള സ്ഥാനമാറ്റം അവളെ തെല്ലൊന്ന് അമ്പരപ്പിച്ചു.. ഞാൻ അനന്തേട്ടന് മോചനം നൽകാൻ തീരുമാനിച്ചു.. നന്ദനെ അവന്റെ സിഷ്ഠക്ക് കൊടുത്തേക്കാം അല്ലേ നമുക്ക്.. ഹൃദയം പറിഞ്ഞു പോകുന്നപോലെ തോന്നുന്നുണ്ട് എനിക്ക് പക്ഷേ.. അവരല്ലേ സ്നേഹിച്ചേ അവരല്ലേ ഒന്നിക്കേണ്ടത്.. എന്റെ വാശിയായിരുന്നു എല്ലാം.. ഇനിയും വയ്യ.. അനന്തേട്ടന്റെ ശാപം ഏറ്റുവാങ്ങാൻ വയ്യ.. ദൂരെ നിന്നെങ്കിലും ഞാൻ നോക്കി കണ്ടോളാം..

ഡിവോഴ്‌സിൽ ഒപ്പു വെച്ചിട്ടുണ്ട് ഞാൻ.. വരട്ടെ ദേവ്.. നാളെ സിഷ്ഠയെ കണ്ട് എല്ലാം തുറന്ന് പറയണം.. അവളുടെ പ്രാണനെ തിരികെ നൽകണം.. ഞാനും ഒരു സംരക്ഷകൻ മാത്രമായിരുന്നു മിഥു.. അതിനുമപ്പുറം സിഷ്ഠയെന്ന നിധി അവളുടെ നന്ദന് വേണ്ടി കാത്തു വെച്ചവൻ.. തിരിച്ചു നൽകാൻ സമയമായി തുടങ്ങി അല്ലേ? പിൻവിളികളില്ലാതെ സിഷ്ഠ നന്ദനിൽ അലിയട്ടെ.. ദേവ് ഇഷ്ടമായിരുന്നു അല്ലേ വസിഷ്ഠയെ.. കൈകളിൽ കൈചേർത്തു മിഥു ചോദിച്ചു.. തിരികെ ഒരു പുഞ്ചിരി മാത്രം നൽകി.. എന്നോ.. മോഹിച്ച ഒന്നായിരുന്നു അവൾ.. അറിയാമായിരുന്നു എവിടെയോ ഒരാവകാശി ഉണ്ടെന്ന്..

പക്ഷേ ഇത്രത്തോളം ആഴത്തിൽ അവളെ പ്രണയിക്കുന്നവനാണ് എന്നറിഞ്ഞതും സ്വയം പിൻവാങ്ങി.. വരട്ടെ മിഥു.. എന്ത് ആവശ്യത്തിനും നിനക്ക് ഞാനുണ്ടാകും.. തളരരുത്.. നിന്റെ സ്നേഹം എനിക്ക് അറിയാനാകും.. നിസ്വാർത്ഥമല്ലെങ്കിലും നിന്റേതും സ്നേഹം തന്നെയായിരുന്നു. ആ ആഴക്കടലിലേക്ക് മിഴിപായിച്ചവൻ നിന്നു.. വീട്ടിലെത്തി ഡിവോഴ്സ് പേപ്പർ വസുവിന് നേരെ നീട്ടുമ്പോൾ തന്റെ കൈകൾ വിറകൊള്ളുന്നതായി തോന്നി അവന്.. ഒടുക്കം അവൾ അതിൽ ഒപ്പുവെച്ചതും മിഴികൾ കലങ്ങിയോ ഉള്ളം പിടഞ്ഞുവോ..

സംരക്ഷിച്ചുകൊള്ളാം എന്ന വാക്കിന്റെ പുറത്താണെങ്കിലും നിന്നെ ഞാൻ എപ്പോഴൊക്കെയോ ആഗ്രഹിച്ചിരുന്നു.. ഒരു നോട്ടം കൊണ്ടുപോലും എന്നിൽ പ്രണയം നിറച്ചവളായിരുന്നു നീ.. പക്ഷേ നിന്നിലോ? ചിന്തകൾക്കൊടുവിൽ അനന്തൻ തെളിഞ്ഞതും കണ്ണനിൽ പുഞ്ചിരി മൊട്ടിട്ടു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാത്രിയിൽ വസുവിന്റെ ശബ്ദത്തിന് കാതോർത്തു അനന്തൻ ഇരിക്കുകയായിരുന്നു.. പിന്നിൽ ആരുടെയോ സാമിപ്യമറിഞ്ഞതും തിരിഞ്ഞു നോക്കി.. മിഥുനയെ കണ്ടതും നിർവികാരതയോട് കൂടെ മുഖം തിരിച്ചു..

ഒന്നും പറയാതെ അവന്റെ മുന്നിൽ വന്നു നിന്ന് ഡിവോഴ്സ് പേപ്പേഴ്സ് നീട്ടി.. അനന്ത് പദ്മനാഭിന് മിഥുന ചന്ദ്രശേഖരൻ മോചനം തന്നിരിക്കുന്നു.. സിഷ്ഠയുടെ മാത്രം നന്ദേട്ടനായി അവളിലേക്ക് ചെല്ലൂ.. തട്ടിപ്പറിച്ചു വാങ്ങാനാവില്ലല്ലോ ഒന്നും.. നാളെ കോളേജിലേക്ക് ഞാനും വരുന്നു.. വസിഷ്ഠയോട് ഞാൻ സംസാരിക്കാം.. തട്ടിയെടുത്തത് ഞാൻ തന്നെ തിരികെ നൽകാം.. അരുതെന്ന് മാത്രം പറയരുത്.. കുറ്റബോധത്താൽ ഉരുകാൻ ഇനി വയ്യ.. തിരിഞ്ഞു പോകുന്നതിനു മുൻപ് ഒന്നുകൂടെ തിരിഞ്ഞു നോക്കി..

ഈ ജന്മം.. ഈ ജന്മം മാത്രമേ ഞാൻ വിട്ടു കൊടുക്കൂ അനന്തേട്ട.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വസിഷ്ഠയേക്കാൾ മുൻപ് തേടി വരും ഞാൻ.. പിന്നീട് ഒന്നും പറയാതെ ആ മുറിവിട്ടിറങ്ങി.. അവൾ പോയ വഴിയെ ഒന്ന് നോക്കിയ ശേഷം അനന്തൻ വസുവിന്റെ ഫോട്ടോയിലേക്ക് നോക്കി മെല്ലെ തലോടി കൊണ്ടിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സെമിനാറിന് ക്ലാസ്സെടുക്കാൻ കയറിയപ്പോൾ തിരഞ്ഞതത്രയും സിഷ്ഠയെ ആയിരുന്നു.. ഒരു കോണിൽ സ്ഥാനം പിടിച്ചിരുന്ന അവളിൽ മിഴികൾ കുരുങ്ങി.. എത്രയോ ദിവസങ്ങൾക്കിപ്പുറം മുഖാമുഖം കണ്ടപ്പോൾ ഹൃദയം പണിമുടക്കാനെന്നവണ്ണം മിടിച്ചു കൊണ്ടിരുന്നു..

എന്നാൽ മിഥുന തലകറങ്ങി വീണതും ആദ്യമൊരു അമ്പരപ്പായിരുന്നു.. പരിശോധിച്ചു ഡോക്ടർ മുൻപിൽ വന്നു നിന്നപ്പോൾ തന്റെ പ്രാണനിലേക്കുള്ള പ്രയാണത്തിന്റെ അവസാന വഴിയും കൊട്ടിയടച്ചതായി മനസിലായി.. തന്റെ ജീവന്റെ തുടിപ്പ് മിഥുനയിൽ ഉണ്ടെന്നറിഞ്ഞതും നിർവികാരതയുടെ പടുകുഴിയിലേക്ക് വീണ്ടും തള്ളിവിടപ്പെട്ടതു പോലെ തോന്നി.. തന്നെ മാത്രം നോക്കി നിൽക്കുന്ന സിഷ്ഠയെ അഭിമുഖീകരിക്കാൻ പാടുപെട്ടു.. ഒടുക്കം ആ ആൾക്കൂട്ടത്തിനൊപ്പം തന്റെ പ്രാണനും വിലകി പോകുന്നത് മൗനമായി നോക്കി നിന്നു..

മിഥുനയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴും സിഷ്ഠയെ തിരഞ്ഞു മിഴികൾ.. മാപ്പു പറയാൻ പോലും അർഹതയില്ലാത്തവനായല്ലോ താൻ.. വീട്ടിലെത്തിയതും സ്റ്റഡി റൂമിൽ കയറി വാതിൽ കൊട്ടിയടച്ചു.. ഇനി എന്ത്.. തന്റെ പ്രാണൻ അകന്നു തന്നെ നിൽക്കുന്നു.. തന്നിൽ നിന്നും എന്നെന്നേക്കുമായി അകന്നു പോയിരിക്കുന്നു.. ഫോൺ എടുത്തു ദേവ് നെ വിളിച്ചു.. കത്തുകൾ എല്ലാം ഒരു കുഞ്ഞു പെട്ടിയിലാക്കി ഒതുക്കുമ്പോൾ മനസുകൊണ്ട് താൻ ഒരു തീരുമാനത്തിൽ എത്തുകയായിരുന്നു.. മുറിക്കു പുറത്തിറങ്ങിയതും കണ്ടു മിഥുനയെ.. എന്നോട് ക്ഷമിക്ക് അനന്തേട്ട.. ഞാൻ ദൂരേക്ക് എവിടേക്കെങ്കിലും പൊക്കോളാം..

ഈ കുഞ്ഞിനെ മാത്രം എനിക്ക് തന്നാൽ മതി.. നിന്നോട് ക്ഷമിക്കാൻ എനിക്കാവില്ല മിഥുന.. പക്ഷേ.. എന്റെ ജീവന്റെ ഒരംശമാണ് നിന്നിൽ തുടിക്കുന്നത് എന്ന് എനിക്കറിയാം.. അറിയാതെ ഞാൻ ചെയ്ത തെറ്റിന്റെ ഫലം.. അത് വേണ്ടെന്ന് വെക്കാൻ മാത്രം നീചനല്ല അനന്തൻ.. എന്റെ ഭാര്യ എന്ന അവകാശത്തിൽ കവിഞ്ഞ് എന്റെ കുഞ്ഞിന്റെ അമ്മയായി അനന്തന്റെ ജീവിതത്തിൽ നിനക്ക് കഴിയാം മിഥുന.. അനന്തന്റെ മനസിന്റെ വാതിൽ എന്നേ കൊട്ടിയടച്ചിട്ടുണ്ട് നിനക്ക് മുന്നിൽ.. അത്രയും പറഞ്ഞവൻ പുറത്തേക്ക് നടന്നു..

പ്രക്ഷുബ്‌ധമായി വീശിയടിച്ച അലകളെ നോക്കി നിൽക്കുന്ന കണ്ണന്റെ തൊട്ടു പുറകിൽ പോയി നിന്നു അനന്തൻ.. ദേവാ… വിളികേട്ടതും കണ്ണൻ തിരിഞ്ഞു നോക്കി.. ചുവന്നു കലങ്ങി നിൽക്കുന്ന കണ്ണുകൾ കണ്ടതും കണ്ണൻ പറഞ്ഞു.. വസിഷ്ഠയെ മോചിപ്പിക്കാൻ ഇനി അധികം താമസിക്കില്ല നന്ദേട്ടാ.. വേണ്ടാ.. ദേവാ.. അവൾ ഈ ജന്മം മുഴുവൻ വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് ആയി ജീവിക്കട്ടെ.. കേട്ട വാർത്തയിൽ ഞെട്ടി കണ്ണൻ അനന്തനെ നോക്കി.. ലഹരിയിൽ ചെയ്തു പോയ തെറ്റിന്റെ ഫലമായി മിഥുനയിൽ എന്റെ ജീവന്റെ തുടിപ്പ് വളരുന്നുണ്ട്.. വേണ്ടെന്ന് വെക്കാൻ മാത്രം നീചനല്ല ഞാൻ ദേവാ.. നന്ദേട്ടൻ പറഞ്ഞു വരുന്നത്.. ?

കണ്ണൻ ചോദ്യമെറിഞ്ഞതും അനന്തൻ പറഞ്ഞു തുടങ്ങി.. നന്ദന്റെ സിഷ്ഠയെ സ്വീകരിക്കാൻ ഈ ജന്മം സ്വന്തമാക്കി കൊണ്ടു നടക്കാൻ തനിക്കാവില്ലേ ദേവാ.. നന്ദന്റെ സിഷ്ഠ ഒരിക്കലും ഹരിനന്ദ് നെ സ്വീകരിക്കില്ല നന്ദേട്ടാ.. കാറിൽ കരുതിയ കത്തുകൾ അവനു നേരെ നീട്ടി.. ഈ നന്ദന്റെയും അവന്റെ സിഷ്ഠയുടെയും കുറിപ്പുകളാണ്.. പ്രണയം നിറഞ്ഞ വരികളാണ്.. അവളെ വിശ്വസിപ്പിക്കണം.. അനന്തനിലെ നന്ദനെ അവൾക്ക് ഈ ജന്മം വിധിച്ചിട്ടില്ല.. ഹരിനന്ദിലെ നന്ദനെ സിഷ്ഠ പ്രണയിച്ചു തുടങ്ങും..

അതിനുള്ള താക്കോൽ ആണ് ഈ കത്തുകൾ.. തിരിച്ചു തന്നേക്കണേ ദേവാ.. പ്രണയത്തിലായിരുന്നു എന്നതിനുളള അവസാന അവശേഷിപ്പ് ഇത് മാത്രമേയുള്ളു.. ആ കൈകളിൽ പിടിമുറുക്കി അനന്തൻ പറഞ്ഞു.. നിന്നോളാം അവളെ പ്രണയിക്കാൻ മനസിലാക്കാൻ ആർക്കും കഴിയില്ല.. കുറച്ചു മുൻപ് കൂടി അവളെ നഷ്ടമാകുമ്പോൾ ഉള്ള പിടച്ചിൽ ഈ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു ദേവാ.. ഇല്ലെന്ന് കള്ളം പറയേണ്ട.. അനന്തൻ തിരഞ്ഞു വന്നില്ലായിരുന്നെങ്കിൽ നിന്റേത് മാത്രമാകുമായിരുന്നു സിഷ്ഠ.. അവൾക്ക് അവകാശിയായി ഞാൻ വന്നിട്ടില്ലെന്ന് കരുതിക്കോളൂ…

രണ്ടടി നടന്നു തിരിഞ്ഞു നോക്കി അനന്തൻ.. ഈ ജന്മം.. കൊടുക്കാനുള്ള പ്രണയോം സ്നേഹോം ഒക്കെ കൊടുത്തു തീർത്തു അടുത്ത ജന്മം ഇങ്ങു തന്നേക്കണേ ദേവാ.. അവളില്ലാതെ പറ്റില്ല.. അതുകൊണ്ടാ.. കണ്ണുനീർ കൈകളാൽ തുടച്ചു മാറ്റി അവൻ പുഞ്ചിരിച്ചു.. നോക്കിക്കോളാം നന്ദേട്ടാ.. നന്ദന്റെ സിഷ്ഠയെ പൊതിഞ്ഞു പിടിച്ചോളാം.. ഈ നെഞ്ചിൽ ജീവനുള്ളടത്തോളം.. മടക്കി തരാം ഒരു മടിയും കൂടാതെ.. സത്യം ചെയ്യ് ദേവാ.. സിഷ്ഠ ഒരിക്കലും അറിയരുത് അനന്തനാണ് നന്ദൻ എന്ന്.. ഉറപ്പു താ.. കൈചേർത്തു വെക്കാനാഞ്ഞതും ഇടി മിന്നൽ ഭൂമിയിലേക്ക് പതിച്ചു.. മഴ മഥിച്ചു പെയ്തു കൊണ്ടിരുന്നു..

ഉപ്പുരസമാർന്ന ചുടുകണ്ണീർ മഴയിൽ അലിഞ്ഞു ചേർന്നു.. വിറയ്ക്കുന്ന കൈകളാൽ കണ്ണൻ കൈചേർത്തു വെച്ചു.. നന്ദേട്ടന്റെ സിഷ്ഠയെ നന്ദൂട്ടന്റെ ലെച്ചു ആക്കി പൊതിഞ്ഞു പിടിച്ചോളാം.. നന്ദനോളം സിഷ്ഠയെ പ്രണയിക്കാൻ എനിക്കാകില്ല.. ഒരിക്കലെങ്കിലും.. ജീവിതത്തിൽ ഒരിക്കലെങ്കിലും സിഷ്ഠ അറിയണം അവളുടെ നന്ദനെ.. പ്രണയിച്ചു തോറ്റു പോയ അവളുടെ ആത്മാവിന്റെ അവകാശിയെ.. ഉള്ളിൽ മന്ത്രിച്ചുകൊണ്ടാവൻ അടർന്നു മാറി തിരികെ നടന്നു.. മഴയിൽ ആ മണലിൽ കാലുകൾ ആഴ്ത്തി വെച്ചു നന്ദൻ കരഞ്ഞു.. അവന്റെ സിഷ്ഠക്കായി.. അവന്റെ മാത്രം പ്രാണനായി..

കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി..

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 56