Sunday, December 22, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 37

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

നീ ഇപ്പോഴും അദ്ദേഹത്തെ പ്രണയിക്കുന്നുണ്ടോ വസു… നടത്തം നിർത്തിയതും നീരജ ചോദിച്ചു… അത്രയും നേരത്തെ മൗനത്തെ വസു ഭേദിച്ചു… നീരജയെ നോക്കി ചോദിച്ചു. മിഥ്യയായിരുന്നെങ്കിലും ആദ്യപ്രണയത്തെ ആർക്കെങ്കിലും മറക്കാൻ കഴിയുമോ നീരജ? തിരികെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് നീരജ അവളെ തന്നെ നോക്കി.. നീരജാ എന്റെ മനസ്സിൽ എവിടെയോ ഏതോ ഒരു കോണിൽ പേരറിയാത്ത ഒരു നൊമ്പരമായി എന്നും അനന്ത് പദ്മനാഭ് ഉണ്ടായിരിക്കും… പക്ഷേ അതൊരിക്കലും നന്ദൂട്ടനെ പ്രണയിക്കാൻ എനിക്ക് ഒരു തടസ്സമേയല്ല…

ഇടക്കെങ്കിലും ഓർത്തു നൊമ്പരപ്പെടാൻ ആ വിടവ് അവിടെ തന്നെ വേണം.. സഫലീകരിക്കാതെ പോയ ആദ്യ പ്രണയത്തിന്റെ… ഓർമക്കെന്നപോലെ… കയ്യിലെ പാടിൽ വിരലോടിച്ചു കൊണ്ട് തന്നെയാണ് വസു അത് പറഞ്ഞു നിർത്തിയത്.. ഞാൻ ചോദിച്ചതിന് നീ ഒരു മറുപടി തന്നില്ല.. പിന്നീട് ഒരിക്കലും നീ അനന്തൻ സർ നെ കണ്ടില്ലേ? ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ… ഞാൻ കണ്ടിരുന്നു… ദൃഢത നിറഞ്ഞ വാക്കുകൾ… ആ കടൽ തീരത്തു വീണു ചിതറി.. എന്നിട്ട്… എന്നിട്ടെന്ത് സംഭവിച്ചു? നീരജ ആകാംക്ഷ അടക്കാൻ കഴിയാതെ തന്നെ ചോദിച്ചു.. വീണ്ടും ഓര്മകളിലേക്കുള്ള ചുഴിയിൽ വീഴാൻ തയ്യാറെന്ന പോലെ വസു പറഞ്ഞു..

നെറ്റ് കിട്ടി കഴിഞ്ഞ ശേഷം ഇവിടേക്കുള്ള ഇന്റർവ്യൂ വും മറ്റും കഴിഞ്ഞു.. എന്തോ ഒരു ദിവസം ആൻ നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തോന്നി പോയി കാണാനും… എന്റെ പക്വതയില്ലായ്മക്കും മിഥ്യധാരണകൾക്കും ക്ഷമ പറയണമെന്നുമെല്ലാം.. എനിക്ക് കൂട്ടിനായി ആൻ ഉണ്ടായിരുന്നു… അവൾ തന്നെയാണ് പറഞ്ഞത് സർ ഇപ്പോഴും പഴയ വീട്ടിൽ തന്നെയാണ് താമസം എന്ന്.. ഓർമകളുടെ കുത്തൊഴുക്കിൽ അന്നത്തെ ദിവസം തെളിഞ്ഞു നിന്നു.. ആൻ… എനിക്കെന്തോ ടെൻഷൻ പോലെ… സർ എങ്ങാനും ചോദിക്കുവോ എന്നോട് വല്ലോം.. വസു കാറിൽ ഇരിക്കെ തൊട്ടടുത്തിരിക്കുന്ന ആൻ നോട് തിരക്കി.. നിനക്കെന്താ പെണ്ണേ…

അതിനെ കുറിച്ചൊന്നും ചോദിക്കേണ്ട കാര്യം അയാൾക്ക് ഇല്ലല്ലോ.. നീ എവിടെയായിരുന്നു… എന്താ ചെയ്തെ? അതിന്റെയൊന്നും യാതൊരു കാര്യോം ഇല്ല.. സൊ ബി കൂൾ… ആൻ അവളെ സമാധാനപ്പിക്കാൻ എന്നോണം പറഞ്ഞു.. പിന്നെ നിന്റെ നന്ദൻ സർ ന് ഒരു മകൻ ഉണ്ട്… അവനെന്തെങ്കിലും വാങ്ങിക്കാം… അവളുടെ ചിന്തകളെ ഭേദിച്ചുകൊണ്ട് ആൻ പറഞ്ഞു.. ഹാ അക്കാര്യം ഞാൻ നിന്നോട് പറയാൻ വരുവായിരുന്നു.. വസു പറഞ്ഞു തീർന്നതും വണ്ടി ഒരു ഷോപ്പിംഗ് സെന്ററിന്റെ മുന്നിൽ നിർത്തി.. കുഞ്ഞിന് വേണ്ട സാധനങ്ങൾ എല്ലാം വസു തെല്ലൊരു ഉത്സാഹത്തോടെ വാങ്ങിച്ചു കൊണ്ടിരുന്നു…

അവനായി ഒരു മുഖം അവൾ തന്റെ മനസ്സിൽ നെയ്തു കൂട്ടിയിരുന്നു… ആ മുഖം മനസ്സിൽ വീണ്ടും വീണ്ടും ഊട്ടിയുറപ്പിച്ചാണ് അവൾ ഓരോന്നും തിരഞ്ഞെടുത്തത്.. വസുവിനെ വീടിനുമുൻപിൽ ഇറക്കി വിട്ട് ആൻ പറഞ്ഞു.. ഞാൻ ഒന്ന് കറങ്ങിയേച്ചും വരാം.. നീ നിന്റെ ജനിക്കാതെ പോയ കൊച്ചിനെ കണ്ടിട്ട് വാ.. ചെറുചിരിയോടെ ആൻ നെ അടിക്കാൻ കൈയുയർത്തിയതും ഒഴിഞ്ഞു മാറിക്കൊണ്ടവൾ യാത്രപറഞ്ഞു പോയി.. വീണ്ടും ഹൃദയം പണിമുടക്കാൻ പോകുന്നത് പോലെ അതിന്റെ ഉച്ചസ്ഥായിയിൽ മിടിച്ചു കൊണ്ടിരുന്നു.. കാളിങ് ബെൽ അടിച്ചു പുറത്തു തന്നെ നിന്നു..

വാതിൽ തനിക്ക് തുറന്നപ്പോഴും പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു വസു… പുറകിൽ ഗാംഭീര്യം നിറഞ്ഞ അനന്തന്റെ ശബ്‍ദം കേട്ടതും വസു ഞെട്ടി തിരിഞ്ഞു നോക്കി.. അവളെ കണ്ടതിന്റെ ഞെട്ടലോ അത്ഭുതമോ എല്ലാം നിറഞ്ഞൊരു ഭാവം ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു.. ഞാൻ.. അകത്തേക്ക് വന്നോട്ടെ വസു ചോദിച്ചു… ഒരു പുഞ്ചിരിയോടെ തന്നെ അവളെ അകത്തേക്ക് ക്ഷണിച്ചു അവൻ.. മോനെ കാണാൻ വന്നതാണ്… മിഥുന ചേച്ചി എവിടെ? ഹാളിലേക്ക് കയറിയതും അവൾ തിരക്കി.. മിഥുന ഇവിടെ സിറ്റി ഹോസ്പിറ്റലിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്..

ഉച്ചക്ക് ശേഷം രണ്ടുമൂന്ന് മണിക്കൂർ പോകും… ശനിയും ഞായറും മാത്രം… അനന്തൻ പറഞ്ഞു… സിറ്റി ഹോസ്പിറ്റൽ എന്ന് കേട്ടതും വസു കണ്ണനെ കുറിച്ചോർത്തു.. ഓർമ്മകൾ കുത്തിയൊലിക്കുന്നതിനു മുൻപ് വസു ചോദിച്ചു മോനെ ഞാൻ ഒന്ന് കണ്ടോട്ടെ…? അതിനെന്താ.. താൻ പോയി കണ്ടോളു അകത്തുണ്ട്.. ഞാൻ കുടിക്കാൻ വല്ലോം എടുക്കാം.. ആ മുറിക്കകത്താണ് മോൻ നേരെയുള്ള ഒരു മുറിയിലേക്ക് കൈചൂണ്ടി കൊണ്ട് അനന്തൻ പറഞ്ഞു.. മുറിക്കകത്തേക്ക് കയറിയപ്പോൾ കണ്ടു ബെഡിൽ ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു പാവപോലുള്ള കുഞ്ഞിനെ.. അവനെ കണ്ടതും എന്തന്നില്ലാത്ത വാത്സല്യമാണ് തോന്നിയത്..

കണ്ണടച്ചു പിടിച്ചു വായിൽ വിരല് വെച്ചു ശാന്തമായി ഉറങ്ങുന്നു.. തന്റെ മാറ് അവനായി പാൽ ചുരത്തുന്നത് പോലെ തോന്നി വസുവിനെ… എന്നാൽ അതൊരിക്കലും അനന്തനോടുള്ള പ്രണയത്തിന്റെ ബാക്കി പത്രം അല്ലായിരുന്നു.. മറിച്ചു പഞ്ഞി കെട്ടുപോലുള്ള ആ കുഞ്ഞിനെ കണ്ടപ്പോൾ തന്നിലെ അമ്മയുണർന്നതാണെന്ന് അവൾക്ക് മനസിലായി.. അരികിലെത്തി ആ പിഞ്ചു കരങ്ങൾ തന്റെ കൈക്കുള്ളിൽ ഭദ്രമായി ചേർത്തു പിടിച്ചു… ഉള്ളിൽ തടയണ കെട്ടി നിർത്തിയ സ്നേഹമത്രയും വാത്സല്യമായി പുറത്തേക്ക് ഒഴുകി.. കണ്ണുനീരിൽ ചലിച്ചു കൊണ്ട് അവനെയൊന്ന് മുത്തി..

ഉറക്കത്തിലും അവനിൽ നിറഞ്ഞ പുഞ്ചിരി വസുവിലേക്ക് പടർന്നു.. ഉറക്കത്തെ ശല്യപ്പെടുത്താതെ തന്നെ താൻ അവനായി കൊണ്ടുവന്ന സാധനങ്ങൾ ഒതുക്കി ഒരു മൂലയിൽ വെച്ചു.. പുറത്തേക്ക് നടന്നു.. അടുക്കളയിൽ തട്ടും മുട്ടും കേൾക്കുന്നുണ്ടായിരുന്നു.. വെറുതെ ഒന്ന് എത്തി നോക്കി.. ആ കണ്ണുകളിൽ നോക്കി പരസ്പരം മറന്നു നിന്ന നിമിഷങ്ങൾ അലയടിച്ചുയർന്നതും തിരികെ ഹാളിലേക്ക് തന്നെ വന്നു.. മേശയുടെ മുകളിൽ ഇരുന്നിരുന്ന പുസ്തകങ്ങൾ ഓരോന്നായി തലോടി കൊണ്ടിരുന്നു.. നല്ല ഭംഗിയുള്ള മുത്തുകൾ തുന്നി ചേർത്തൊരു പുറം ചട്ടയുള്ള പുസ്തകം കണ്ടതും എന്തോ കൗതുകത്തിന്റെ പുറത്തു അത് കയ്യിലെടുത്തു..

ഉള്ളിൽ നിന്നും കരച്ചിൽ കേട്ടതും പുസ്തകം അതേ പടി അവിടെ വെച്ചു.. അകത്തേക്ക് പോയി നോക്കി.. കട്ടിലിൽ കിടന്നു കരയുന്ന കുഞ്ഞിനെ കയ്യിലെടുത്തു.. തോളിലേക്ക് ചായ്ച്ചു കിടത്തി കൊട്ടി കൊടുത്തു.. നോക്ക് കുഞ്ഞാ.. ഞാൻ കുഞ്ഞന് വേണ്ടി കൊണ്ടു വന്നതാണ്… അവൾ കൊണ്ടു വന്ന സാധനങ്ങളിൽ നിന്നും ഡ്രസ്സ് പുറത്തെടുത്തു അവന് മേലിട്ടു കൊടുത്തു.. കരച്ചിൽ കേട്ട് അനന്തൻ വന്നതും കാണുന്നത് വസുവിന്റെ മാറോടൊട്ടി കിടക്കുന്ന കുഞ്ഞിനെയാണ്.. ഉറങ്ങിയോ.. കരച്ചിൽ കേട്ടത് കൊണ്ട് ഞാൻ പാല് തിളപ്പിക്കാൻ നിന്നു.. ഇങ്ങോട്ട് തന്നേക്ക് ഞാൻ പാല് കൊടുക്കാം..

വസുവിന് കുടിക്കാനായി ജ്യൂസ് നീട്ടി അവൻ പറഞ്ഞു.. നീട്ടിയ ജ്യൂസ് ഗ്ലാസ് വാങ്ങി അനന്തന് കുഞ്ഞിനെ കൈമാറി.. ഒരിറുക്ക് കുടിച്ചതും മനസിലായി നൊങ്കും ഇളനീരിനും കൂട്ടിയതാണെന്നു… അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. കുഞ്ഞിനെയും കൊണ്ട് കട്ടിലിൽ ഇരുന്നു പാലുകൊടുക്കാൻ കഷ്ടപ്പെടുന്ന അനന്തനെ കണ്ടതും വസു അടുത്ത് ചെന്നിരുന്നു കുഞ്ഞിനെ കയ്യിൽ വാങ്ങി.. അനന്തൻ ഓരോന്ന് പറഞ്ഞു കൊണ്ട് കുഞ്ഞനെ കൊണ്ട് പാൽ മുഴുവൻ കുടിപ്പിച്ചു.. പാൽ കുടിച്ചുകഴിഞ്ഞതും കുഞ്ഞി കണ്ണുകൾ ഉറക്കത്താൽ കൂമ്പാൻ തുടങ്ങി..

വസു അവനെ മാറോടടക്കി പിടിച്ചു തുടയിൽ കൊട്ടി കൊടുത്തു.. മൗനം തങ്ങി നിന്നിടത്തു നിശ്വാസങ്ങൾ മാത്രം ബാക്കിയായി.. എവിടെയായിരുന്നു എന്ന് ഞാൻ ചോദിക്കുന്നില്ല.. സുഖമല്ലേ? എവിടെയായിരുന്നാലും താൻ എപ്പോഴും നന്നായിരിക്കണം.. നിശ്വാസങ്ങൾക്കിടയിൽ അനന്തന്റെ ശബ്‍ദം കേട്ടതും വസു തലചെരിച്ചവനെ നോക്കി.. സുഖമാണ്… ഞാൻ പി എച്ച് ഡി ചെയ്യാൻ പോകുവാണ്.. അതിനുമുന്പായി ഒന്നിവിടെ വരെ വരണം എന്ന് തോന്നി.. വസു മറുപടി പറഞ്ഞു.. ഞാൻ ഒരു കൂട്ട്കാരിയുടെ കൂടെയായിരുന്നു.. ഇവിടെ ഞാൻ ഒരു മിഥ്യ ലോകത്തായിരുന്നു…

അതിൽ നിന്നും പുറത്തുകടന്നപ്പോൾ തകർന്നു പോയിരുന്നു.. കണ്ണുനീരിനിടയിലും അവൾ പുഞ്ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്.. ഞാൻ… ഞാൻ എന്നാൽ ഇറങ്ങട്ടെ ഫ്രണ്ട് വരും… മോനെ ഒന്നൂടെ ചുംബിച്ചു കൊണ്ട് വസു പറഞ്ഞു… അവനെ തിരികെ അനന്തനെ ഏൽപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.. ഞാനും പോകുകയാണ് ഇവിടെ നിന്ന്.. ഇനി ബിസിനെസ്സ് നോക്കി നടത്തുവാ അമ്മച്ചിയുടെ നിർബന്ധം.. അല്ലെങ്കിൽ രണ്ടുവർഷം മുന്നേ തീരുമാനിച്ചതായിരുന്നു ഇങ്ങനെയൊന്ന്.. ഒരുപാട് ഓർമ്മകൾ ഉണ്ട് ഇവിടെ.. അതിലൊന്ന് നീയാണ്.. അവന്റെ വാക്കുകൾക്ക് പുഞ്ചിരി മാത്രമാണ് അവൾ ഉത്തരമായി കൊടുത്തത്..

ശരി സർ.. ഉമ്മറത്തെത്തിയതും അവസാന വാക്കെന്നോണം അവനോട് പറഞ്ഞു.. പോകാനാഞ്ഞതും പിറകിൽ നിന്നു സിഷ്ഠാ… എന്നൊരു പിൻവിളി കേട്ടു.. തിരിഞ്ഞു നോക്കാതെ തന്നെ വസു പറഞ്ഞു… ഇനിയെന്നെ സിഷ്ഠ എന്ന് വിളിക്കരുത് സർ.. സിഷ്ഠയും നന്ദനും തീർത്ത മായ വലയത്തിൽ നിന്നും ഞാൻ പുറത്തു കടക്കുന്നതേയുള്ളു.. വസിഷ്ഠ അത് മതി… ഇനി അങ്ങനെ വിളിച്ചാൽ മതി എന്നെ.. അഥവാ വസിഷ്ഠ ലക്ഷ്മി ഹരിനന്ദ്… നന്ദന്റെ സിഷ്ഠയിൽ നിന്നും.. അല്ല അനന്ത് പദ്മനാഭനിലെ നന്ദനിൽ നിന്നും സിഷ്ഠ ഹരിനന്ദ് ലെ നന്ദനെ പ്രണയിക്കാൻ, അറിയാൻ ശ്രമിക്കുകയാണ്..

ഒരിക്കലും നടക്കില്ലെന്ന് തോന്നിയ ഒന്ന്… നടത്താൻ പരിശ്രമിച്ചു ഇക്കണ്ട ഒരു കൊല്ലം ഞാൻ തോറ്റു കൊണ്ടേയിരുന്നു.. അതുകൊണ്ട് ഞാൻ നന്ദൂട്ടന്റെ ലെച്ചു ആയി തിരികെ വരാനുള്ള യാത്രയിലാണ്.. എന്നെ സിഷ്ഠ എന്ന പിൻവിളി വിളിച്ചുകൊണ്ട് വീണ്ടും അനന്തനിലെ നന്ദനിൽ തളച്ചിടരുത് പപ്പൻ സർ.. ഇനി ഒരിക്കലും പരസ്പരം കണ്ടുമുട്ടാതിരിക്കട്ടെ.. വസു അത്രയും പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നിറങ്ങി.. അവളെയും നോക്കി കൊണ്ട് കുഞ്ഞിനെ തോളിൽ കിടത്തി അനന്തൻ നിന്നു.. ഒടുക്കം കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അവനെയും കൊണ്ട് അകത്തേക്ക് പോയി..

ഗേറ്റിനു പുറത്തെത്തിയതും കണ്ടു അവളെ കാത്തെന്ന പോലെ നിൽക്കുന്ന ആൻ.. ഓടി ചെന്നവളെ കെട്ടിപിടിച്ചു.. ഞാൻ തോറ്റ് പോയി ആൻ.. ഇത്രയും നേരം അനന്തന് മുന്നിൽ തകർത്താടിയ വേഷം അവൾ അഴിച്ചു വെച്ചതാണെന്ന് മനസിലാക്കി ആൻ അവളെ തഴുകി കൊണ്ടിരുന്നു.. വാ.. ഇനി വീട്ടിൽ പോയി കരയാം ബാക്കി.. ആൻ കുസൃതിയോടെ പറഞ്ഞു.. കാറിൽ കയറുമ്പോഴാണ് ഓട്ടോയിൽ മിഥുന വന്നിറങ്ങിയത് കണ്ടത്.. ഓട്ടോക്കാരന് പൈസ കൊടുത്തുകൊണ്ട് വസുവിന്റെ അരികിലേക്ക് നടന്നു.. ഹായ് വസിഷ്ഠ.. താൻ എന്താ ഇവിടെ? മിഥുന തിരക്കി.. ഞങ്ങൾ സെര്ടിഫിക്കറ്റ്സ് വാങ്ങാൻ വന്നതാണ്.. സർ നെയും ഒന്ന് കാണാമെന്ന് കരുതി.. ആൻ പറഞ്ഞു.. ഇത് എന്റെ സുഹൃത്താണ്…

വസു മിഥുനയോട് പറഞ്ഞു.. മിഥുന ആനിനൊരു പുഞ്ചിരി സമ്മാനിച്ചു.. അപ്പോൾ ശരി ചേച്ചി ഇറങ്ങുവാണ്.. വസു പറഞ്ഞു തിരിഞ്ഞതും മിഥുന ചോദിച്ചു.. ദേവ്… ദേവ് നന്നായിട്ടിരിക്കുന്നോ? ചോദ്യത്തിനൊരു പുഞ്ചിരിയിൽ തീർത്തു കൊണ്ട് കള്ളം പറഞ്ഞു.. സുഖം.. കാറിൽ കയറി മിഥുനയോട് കൈവീശി കാണിച്ചു.. ഉള്ളിൽ വീണ്ടും സുഖം എന്ന കള്ളം നുരഞ്ഞു പൊന്തി.. നന്തൂട്ടൻ സുഖമായിട്ടാണോ ഇരിക്കുന്നെ.. രണ്ടു തുള്ളി കണ്ണുനീർ ചാലിട്ടൊരു പുഴയായി ഒഴുകി കൊണ്ടിരുന്നു.. കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി ❤️🌸

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 36