Wednesday, January 22, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )


കണ്ണീർ മറച്ചുവെങ്കിലും അകക്കണ്ണിൽ അവൻ നടന്നു നീങ്ങിയതവൾ അറിഞ്ഞിരുന്നു..
മനസിലെ വിങ്ങൽ ഓരോ നിമിഷവുമവളെ വിലക്കികൊണ്ടിരുന്നു..
മനസ്സിൽ മെല്ലെ സംഘർഷങ്ങൾക്ക് അയവുവരുത്തി മറ്റുള്ളവരോടൊപ്പം പാർക്കിംഗ് ഏരിയയിലേക്ക് നടന്നു..
പുതുതായി കിട്ടിയ കൂട്ടുകാരെ സുദേവിന് പരിചയപെടുത്തി വീട്ടിലേക്ക് തിരിച്ചു..

ഹരിയെ വീട്ടിലാക്കി തന്റെ വീട്ടിലെത്തിയതും ഓടിചെന്ന് അമ്മയെ വട്ടം പിടിച്ചു ഏങ്ങിഏങ്ങി കരഞ്ഞു ..
എന്തിനാണെന്ന് പോലും അറിയാതെ ചുടുകണ്ണീർ കവിളിണകളെ ചുംബിച്ചൊഴുകികൊണ്ടിരുന്നു…

എന്താ മോളെ വയ്യേ എന്നുള്ള സുമംഗലയുടെ ചോദ്യമാണവളെ ചിന്തകളിൽനിന്ന് തിരികെ എത്തിച്ചത്..
കാലിൽ മുറിവ് പറ്റിയതിന്റെ ആണമ്മേ എന്നും പറഞ്ഞു സുദേവ് അവരോടൊപ്പം ചേർന്നു..

അതിനിത്ര കരയാനെന്തിരിക്കുന്നു?..

വേദനിച്ചിട്ടാണമ്മേ.. സാരോംല്ല.. മാറി തുടങ്ങി.. ഞാൻ മേല്കഴുകിയിട്ട് വരാം… കഴിക്കാൻ വല്ലോം കനത്തിൽ എടുത്തുവെച്ചോളു.. അമ്മയെ പറഞ്ഞേൽപ്പിച്ചു കുളിക്കാനായി വസു മുറിയിലേക്ക് പോയി..

അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ മോനെ…

ഇല്ലമ്മേ… അമ്മക്കറിഞ്ഞൂടെ പണ്ടുതൊട്ടേ വേദന സഹിക്കാൻ പെണ്ണിനിത്തിരി ബുദ്ധിമുട്ടല്ലേ അതിനെയാണ്..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

തണുത്ത വെള്ളം നെറുകയിൽ വീഴുമ്പോഴും തന്റെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ ശ്രമിക്കുകയായിരുന്നു വസു..
തനിക്ക് അനന്തൻ സർ നോട് പ്രണയമാണോ?
ആദ്യകാഴ്ചയിൽ ഒരാളെ പ്രണയിക്കാൻ കഴിയുമോ?
ഇല്ലാ കഴിയില്ല.. തനിക്ക് പ്രണയമില്ല… ആ പുസ്തകത്തോടുള്ള ഇഷ്ടം മാത്രമാണ് അദ്ദേഹത്തോട്. ആരാധനയോ ബഹുമാനമോ ആണെന്ന് വിശ്വസിക്കാനാണെനിക്ക് ഇഷ്ടം അങ്ങനെ മതി..

മേല്കഴുകി പുറത്തെത്തിയെങ്കിലും കാലിലെ കെട്ടഴിക്കാനവൾ മുതിർന്നില്ല..
നനഞ്ഞു പോയ കർചീഫ് തോർത്ത് വെച്ചു ഒപ്പിക്കൊണ്ടിരുന്നു.. അമ്മയുടെ വിളി വന്നതും താഴേക്കോടി.

തിരികെ അമ്മയോടും ഇച്ഛനോടും പഴയപടി പെരുമാറുമ്പോൾ ഉള്ളുകൊണ്ട് നീറിപുകയുന്നതവൾ അറിഞ്ഞേയില്ല…

കാര്യമായിട്ട് ക്ലാസുകൾ ഒന്നും തന്നെ നടക്കാത്തത് കൊണ്ട് മെല്ലെ ഫേസ്ബുക്കിലേക്ക് ചേക്കേറി..

പുതിയ ഫ്രണ്ട്സ് എല്ലാവരും റിക്വസ്റ്റ് അയച്ചിട്ടുണ്ട്… അവയെല്ലാം ആക്സെപ്റ്റ് ചെയ്ത് പോസ്റ്റുകളും നോക്കിയങ്ങനെ ഇരുന്നു..
ഇടക്കെപ്പോഴോ നോക്കുന്നതിനടയിൽ അനന്ത് പദ്മനാഭ് എന്ന ഐഡിയിൽ കണ്ണുടക്കി..

എന്തോ ഒരാകാംക്ഷയുടെ പുറത്ത് അവിടാകമാനം ഒരോട്ട പ്രദക്ഷിണം നടത്തി കുറെ പുസ്തകങ്ങളും യാത്രകളും അവയെ കുറിച്ചുള്ള വിവരണങ്ങളും.. പിന്നെ പദ്മരാജന്റെ സിനിമാ നിരൂപണങ്ങളും..

അരമണിക്കൂർ മുൻപ് പോസ്റ്റ് ചെയ്തത് നീര്മാതളത്തിൽ താൻ അടിവരയിട്ട വരികളാണല്ലോ.. എന്തിനെന്നറിയാതെ ഒരു പുഞ്ചിരി അവളിലും നിറഞ്ഞു…

തന്നോട് സ്നേഹം ഉണ്ടോ? മുറിവിൽ മരുന്ന് പുരട്ടിയപ്പോൾ ആ കണ്ണുകളുടെ ആഴത്തിൽ മുങ്ങി പോയിരുന്നെങ്കിൽ ഒരുപക്ഷെ അറിയാനാകുമായിരുന്നു.. എന്നാൽ വേദന കൊണ്ട് കണ്ണടച്ചല്ലേ താനിരുന്നിരുന്നത്..ചേർന്നിരുന്നപ്പോൾ എപ്പോഴോ ധ്രുതഗതിയിൽ ആ ഹൃദയം മിടിച്ചതായി ഓർക്കുന്നിപ്പോൾ…
എന്ന് വെച്ചു അത് പ്രണയമാകുമോ?
ഇല്ലാ ചിലപ്പോൾ ടെൻഷൻ ആയിരിക്കും.. അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായതുകൊണ്ടുള്ള സ്നേഹവും വാത്സല്യവുമാകും..
വെറുതെ അതിനെ പ്രണയമായി കാണേണ്ട.. ഒടുക്കം ദുഃഖിക്കേണ്ടിവരും. പ്രണയത്തിൽ വീണ മനുഷ്യർ അതിനെ വാനോളം പാടി പുകഴ്ത്തുമ്പോൾ താനും ആഗ്രഹിച്ചിരുന്നു ഒരു കൂട്ടിനു വേണ്ടി… എന്നാൽ ഇതുവരെ അങ്ങനൊരാത്മ ബന്ധം ആരോടും തോന്നിയതേയില്ല..
ഇതേ സമയം സാഹചര്യവശാൽ പ്രണയഭംഗം നേരിടേണ്ടി വന്നവരെയും ചതി പറ്റിയവരെയും തനിക്കറിയാം..
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
എന്നാണ് അവരുടെ പക്ഷം..
അതിനാൽ തന്നെ ഞാനും പ്രണയിക്കേണ്ടതില്ല.. വെറും ചാപല്യമോ ഭ്രമമോ ആണിത്..

പിന്നെ ഈ വരികളിലെന്തിരിക്കുന്നു..
ആരെയാണെങ്കിലും അവ മോഹിപ്പിക്കും, എവിടെയെങ്കിലും കോറിയിടാൻ പ്രേരിപ്പിക്കും ആമിയുടെ കൈകളിൽ ഒളിച്ചിരിക്കുന്ന മാന്ത്രികതയാണത്..
സ്വയം പലപല കാരണങ്ങൾ ചികഞ്ഞു കണ്ടു പിടിച്ചു കൊണ്ടിരുന്നു മനസ്..

അതല്ലെങ്കിലും അങ്ങനെയാണല്ലോ പതിയെ പതിയെ മാത്രം അംഗീകരിച്ചു കൂടെ കൂട്ടേണ്ട ഒന്നല്ലേ പ്രണയം.

ജീവിതത്തിലോട്ട് ഇടിച്ചു കയറി വരുന്ന മനുഷ്യരെല്ലാം വരുന്നത് പോലെ തന്നെ ധൃതിയിൽ ഇറങ്ങി പോകുന്നവരുമാണ്… ഇറങ്ങിപോകുമ്പോൾ തങ്ങളിൽ വലിയൊരു മുറിവോ വിള്ളലോ അവശേഷിപ്പിക്കും… കാലം ആ മുറിവിനെ തുന്നിക്കൂട്ടും വിള്ളലുകൾ ഒട്ടിച്ചു ചേർക്കും.. എങ്കിലും പാടുകൾ എന്നും അവശേഷിക്കും ഇടക്ക് അവയിൽ നിന്ന് രക്തം ചീന്തും..

ഇടക്ക് അവ നന്നേ വേദനിപ്പിക്കും… ആ വേദനയും ചിലപ്പോൾ സുഖം തരും.. കാലിൽ തറച്ചിരിക്കുന്ന തൊട്ടാവാടി മുള്ള് ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ ഇടയ്ക്കിടെ കുഞ്ഞു വേദന സമ്മാനിക്കില്ലേ? അതിളക്കി എടുക്കുമ്പോൾ കിട്ടുന്ന വേദനയിലും ഒരു സുഖമുണ്ട്… കാൽ തറയിൽ കുത്തി നടക്കുമ്പോൾ ആ ഇടം വേദനിക്കുമെങ്കിലും തനിക്ക് ആ വേദന ഒരു കുഞ്ഞു ലഹരിയാണ്..

വീണ്ടും വീണ്ടും അതനുഭവിക്കാൻ മാത്രമായി കാലമർത്തി ചവിട്ടുമായിരുന്നു.. കാലം തനിക്കുള്ള പ്രണയമായി കാത്തു വെച്ചിരിക്കുന്നത് അനന്തനെ ആണെങ്കിൽ തീർച്ചയായും അയാൾ എന്നെയോ ഞാൻ അയാളെയോ തേടി പിടിക്കും കൂടെ കൂട്ടും… മറ്റൊരാളുടെ ഇടപെടലുകളോ വേറെയാതൊന്നിന്റെയും അകമ്പടിയോ ഭയമോ തങ്ങളെ ലവലേശം തീണ്ടുകയില്ല..
എന്നത്തേയും പോലെ ചിന്തകളൊക്കെ തന്റെ കുഞ്ഞു പുസ്തകത്തിലേക്ക് പകർത്തി ഭക്ഷണം കഴിക്കാൻ താഴേക്കെത്തി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

തന്റെ കൂടെയിരുന്നു തല്ലു പിടിക്കാതെ ശാന്തമായി ഫോണിൽ ശ്രദ്ധകൊടുത്തിരിക്കുന്ന ഇച്ഛനെ കണ്ടതും കുസൃതികളൊക്കെ അറിയാതെ തന്നെ തലപൊക്കി..

ഒരു യുദ്ധം കഴിഞ്ഞു ക്ഷീണിച്ചപ്പോൾ. തൊട്ടടുത്തിരുന്നു ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന രീതിയിൽ ടീവി കാണുന്ന അമ്മയിലേക്ക് നോട്ടം എത്തി നിന്നു..
ആളെന്താണ് കാര്യമായി കാണുന്നതെന്നറിയാൻ തലയുയർത്തി സ്ക്രീനിലേക്ക് നോക്കി…
“ഇന്നലെ” പദ്മരാജന്റെ സിനിമ… നന്ദൻ സർ ന്റെ പ്രിയപ്പെട്ട എഴുത്തുകാരന്… പ്രിയപ്പെട്ട സിനിമ..
വെറുതെ കണ്ടുകളയാം…

സമയം പോകെ പോകെ മായയോട് സഹതാപം തോന്നി തോന്നി ഒരിഷ്ടം രൂപപ്പെട്ടു… എന്നാൽ നരേന്ദ്രൻ നരേന്ദ്രന്റെ മാത്രമായിരുന്ന ഗൗരി ഇന്നലെകളില്ലാതെ മറ്റൊരാളുടെ പ്രണയച്ചുഴിയിൽ അകപ്പെട്ട് ആത്മാഹൂതി ചെയ്തിരിക്കുന്നു… ഗൗരിയെ മാത്രം കാത്തിരുന്ന നരേന്ദ്രൻ മറവിയെന്ന കുത്തൊഴുക്കിൽ ഒലിച്ചു പോയിരിക്കുന്നു..

ഓർമ്മപൂക്കൾ കൊഴിഞ്ഞു വീണിരിക്കുന്നു..
ഒരു ചെറുനോവ് സമ്മാനിച്ചകന്നു പോയ നരേന്ദ്രന്റെ കാറുനോക്കി കരയാനാണ് തനിക്ക് തോന്നുന്നത്…

ഇനി ഒരുപക്ഷെ ഓർമ്മകൾ തിരികെ ലഭിക്കുമ്പോൾ അപ്പു ഒരു കോമാളിയായി മാറും കഥയറിയാതെ ആട്ടം ആടിയ വെറും കോമാളി..
ഗൗരിയും അവളുടെ ഓർമകളും എന്നും തിരയുന്നത് നരേന്ദ്രനെ മാത്രമായിരിക്കും എന്ന് വസുവിന്റെ മനസും മന്ത്രിച്ചു കൊണ്ടിരുന്നു…

ഇതാണോ നന്ദൻ സർ ന്റെ പ്രിയപ്പെട്ട സിനിമ… ഇത്രയും നോവ് സമ്മാനിക്കുന്ന സിനിമയെ എങ്ങിനെയാണാമനുഷ്യൻ ഒന്നിൽ കൂടുതൽ തവണ കണ്ടത്… അറിയില്ല നരേന്ദ്രനോട് അത്രമേൽ സ്നേഹം തോന്നുന്നു..ഗൗരിയുടെ മാത്രം നരേന്ദ്രൻ എന്ന ബയോക്ക് പിന്നിലെ സർ ന്റെ ചേതോവികാരം ഇതായിരുന്നല്ലേ? കയ്യിലിരുന്ന ഫോണിൽ അനന്തന്റെ ഫേസ്ബുക്ക് ഐഡിയിൽ കൊടുത്തിരിക്കുന്ന ബയോയിലൂടെ കണ്ണുകളോടിച്ചു…
ഗൗരിയുടെ മാത്രം നരേന്ദ്രനായാൽ മതി..

മറവിയെന്ന കൂടു വിട്ട് മായ എന്ന മിഥ്യയിൽ നിന്നും ഗൗരിയെന്ന യാഥാർഥ്യം തിരികെയെത്തും.. നരേന്ദ്രന്റെ മാത്രമായി.. കാത്തിരിക്കൂ നരേന്ദ്രാ നിന്റെ പ്രണയത്തെ ഗൗരിയെ ഞാൻ അത്രമേൽ വിശ്വസിക്കുന്നു..
വസുവും മന്ത്രിച്ചു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വീണ്ടും വീണ്ടും താൻ ഈ സ്വപ്‍നം തന്നെയാണല്ലോ കാണുന്നത്.
ഇന്നലെ കണ്ട സിനിമയുടെ ബാക്കിപത്രമാകാം അത്. സമയം നോക്കി.. വീണ്ടും കിടന്ന് ഉറക്കത്തെ പുല്കുമ്പോൾ പുറത്തു മഴ തകൃതിയായി പെയ്യുകയായിരുന്നു…
ഉള്ളിൽ നിറഞ്ഞ പ്രണയത്തെ തിരിച്ചറിയാതെ വസുവും ,

പ്രാണനുതുല്യം അവളെ പ്രണയിക്കുന്ന മറ്റൊരാത്മാവും പ്രണയസാഫല്യത്തിനെന്ന പോലെ കാത്തിരിക്കുകയാണ്… ഉറക്കത്തിലെങ്കിലും കാത്തിരിപ്പ് സഫലീകരിച്ചെന്ന സൂചനയോടെ തങ്ങളിൽ വർണമെഴുതിയ ആ സ്വപ്നം ഇരു ചൊടികളിലും പുഞ്ചിരിവിരിയിച്ചു.. മെല്ലെ ആ പുഞ്ചിരിമറഞ്ഞവർ ഗാഢനിദ്രയെ പുൽകി..

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2