Thursday, December 26, 2024
LATEST NEWS

ബ്രിട്ടന്‍റെ കറൻസിയിൽ ഇനി രാജ്ഞിയുടെ മുഖമില്ല; മാറ്റം 70 വർഷത്തിന് ശേഷം

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ഒരു യുഗം അവസാനിക്കുകയാണ്. ബ്രിട്ടനെ കൂടാതെ 14 കോമൺവെൽത്ത് രാജ്യങ്ങൾക്കും തങ്ങളുടെ രാജ്ഞിയെ നഷ്ടമായി. പുതിയ രാജാവ് അധികാരമേൽക്കുന്നതോടെ, കോമൺവെൽത്ത് രാജ്യങ്ങൾ അവരുടെ ഭരണഘടനകൾ ഭേദഗതി ചെയ്ത് രാജാവിന്‍റെ കീഴിലേക്ക് നീങ്ങും. എന്നാൽ ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ, പുതിയ രാജാവ് ചുമതലയേൽക്കുമ്പോൾ സ്വാഭാവികമായും ആ രാജ്യങ്ങളുടെ രാജാവായിത്തീരും.

ബ്രിട്ടന്‍റെ കറൻസി, സ്റ്റാമ്പുകൾ, പതാക എന്നിവയെല്ലാം 70 വർഷത്തിനുശേഷം മാറുകയാണ്. ബ്രിട്ടീഷ് ജനത നിത്യേന കൈകാര്യം ചെയ്തിരുന്ന പല കാര്യങ്ങളിലും എലിസബത്ത് രാജ്ഞിയുടെ മുഖം ഇനി ഉണ്ടാകില്ല. ബാങ്ക് നോട്ടുകൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയെല്ലാം മാറും. അവയെല്ലാം പുതിയ രാജാവ് ചാൾസ് മൂന്നാമന്‍റെ ചിത്രം സഹിതമാകും പുറത്തിറക്കുക. ബ്രിട്ടീഷ് കറൻസി ഒറ്റരാത്രികൊണ്ട് മാറില്ലെങ്കിലും, ചാൾസ് മൂന്നാമന്‍റെ ചിത്രമുള്ള പുതിയ നോട്ടുകളും നാണയങ്ങളും അവതരിപ്പിച്ചുകൊണ്ട് പഴയത് കാലക്രമേണ പിന്‍വലിക്കും. നാണയങ്ങളും ഇനി രാജാവിന്റെ ചിത്രം ആലേഖനം ചെയ്താകും ഇറങ്ങുക.

എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 450 കോടി കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുള്ളത്. ഇതിന്‍റെ മൂല്യം ഏകദേശം 8000 കോടി പൗണ്ടാണ്. ഏകദേശം രണ്ട് വർഷത്തിനുള്ളിൽ, പഴയ നോട്ടുകൾ പൂർണ്ണമായും പിൻവലിക്കും. 1952-ൽ എലിസബത്ത് രാജ്ഞി അധികാരമേൽക്കുന്നതുവരെ നോട്ടുകളിൽ രാജാവിന്‍റെ ചിത്രം ഉണ്ടായിരുന്നില്ല. 1960 ലാണ് എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടെ നോട്ടുകള്‍ ഇറങ്ങിത്തുടങ്ങിയത്.