പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ‘ബിഗ് സീറോ’
അബുദാബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബുദാബിയിൽ ‘ബിഗ് സീറോ’ എന്ന പേരിൽ പ്രത്യേക ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചു. പരിസ്ഥിതി ഏജൻസിയായ അബുദാബി (ഇ.എ.ഡി)യാണ് എമിറേറ്റിലുടനീളം ‘ബിഗ് സീറോ’ സംവിധാനം സ്ഥാപിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ സംസ്കരിച്ച് വീണ്ടും ഉപയോഗിക്കും.
ആളുകൾ ധാരാളമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള മിഷൻ ടു സീറോ ക്യാമ്പയിന്‍റെ ഭാഗമാണിത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കുപ്പികൾ ശേഖരിക്കുമെന്ന് സയൻസ് ഔട്ട്റീച്ച് മാനേജ്മെന്‍റ് ഡിവിഷനിലെ പരിസ്ഥിതി ഇൻഫർമേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ബഹറൂൺ പറഞ്ഞു.
ക്യാമ്പയിനിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബുദാബിയിലെ വിവിധ സ്കൂളുകളിലേക്കും ക്യാമ്പയിൻ വ്യാപിപ്പിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ പോസ്റ്ററുകളുമായി സമീപപ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിക്കാനും യുവാക്കളോട് അഭ്യർഥിച്ചു.