Thursday, December 19, 2024
Novel

ഭാര്യ : ഭാഗം 3

എഴുത്തുകാരി: ആഷ ബിനിൽ

ഇന്ന് ഉച്ചകഴിഞ്ഞു ഞാൻ തനുവിനെ ഫോണിൽ വിളിച്ചു കാവിന്റെ അവിടേക്ക് ഒറ്റക്ക് വരാൻ പറഞ്ഞു: “നീ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടോ തനു?” “ഹേയ്.. ഇല്ല.. നീ എന്തിനാ ഇവിടെ വന്നു നിൽക്കുന്നത്? വീട്ടിലേക്ക് വാ. എല്ലാവരും തിരക്കുന്നുണ്ട് നിന്നെ” “അതൊക്കെ പറയാം. നീ ഇവിടെ ഇരിക്ക്” ഞാൻ തനുവിനെയും കൊണ്ട് ആലിന്റെ ചുവട്ടിലേക്കിരുന്നു. “തനു ഞാൻ പറയാൻ പോകുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം..” “എന്താടി?” “നിനക്ക് ഒരുപാട് സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്.

പക്ഷെ ഇനിയും നീ അതറിഞ്ഞില്ലെങ്കിൽ നിന്റെ ജീവിതം തന്നെ തകരും. അതുകൊണ്ടാ എല്ലാവരും മറച്ചു വച്ചിട്ടും ഞാനിത് പറയുന്നത്.” “നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയു നീലു” “അത്.. അതു പിന്നെ.. നീ വല്യച്ഛന്റെ സ്വന്തം മകൾ അല്ല തനു. വളർത്തുമകളാണ്.” “എന്താ നീ പറഞ്ഞത്?” തനു ചാടി എഴുന്നേറ്റുകൊണ്ട് ചോദിച്ചു. ഞാനവളെ കയ്യിൽ പിടിച്ച് എന്റെ അടുത്തിരുത്തി. “സത്യമാണ് തനു. ഞാനും ഈയിടക്കാണ് ഇത് അറിയുന്നത്. എല്ലാവരും നിന്നെക്കാളും അടുപ്പവും സ്നേഹവും എന്നോട് കാണിക്കുമ്പോഴേ നീ സംശയിക്കേണ്ടതായിരുന്നു.”

തനു തറഞ്ഞിരിക്കുകയാണ്. അവളുടെ കരച്ചിൽ കണ്ടു സങ്കടം വന്നെങ്കിലും കാശിയേട്ടനെ ഓർത്തപ്പോൾ വീണ്ടും ഉള്ളിൽ കനലെരിഞ്ഞു. “തനു.. നീയങ്ങനെ കരയാതെ എനിക്ക് പറയാനുള്ളത് കേൾക്കു.” ഇനിയും എന്ത് എന്ന ഭാവത്തിൽ അവൾ കണ്ണു തുടച്ചു എന്നെ നോക്കി. “ഇതിപ്പോ നമ്മൾ മാത്രമേ അറിഞ്ഞിട്ടുള്ളൂ. ഒരു കണക്കിന് കല്യാണത്തിന് മുമ്പ് തന്നെ അറിഞ്ഞത് നന്നായി. അല്ലെങ്കിൽ നാളെ കല്യാണം കഴിഞ്ഞ് കാശിയേട്ടൻ ഇതറിഞ്ഞാൽ ഉണ്ടാകാവുന്ന അവസ്ഥ എന്തായേനെ..” ഞാൻ സങ്കടം ഭാവിച്ചു പറഞ്ഞു.

ഇത്തവണ തനു ഒന്നു ഞെട്ടി എന്നെ നോക്കി. “നീ മുറപ്പെണ്ണാണ് എന്നുള്ള ഒറ്റ കാരണം കൊണ്ടാ കാശിയേട്ടനും അപ്പച്ചിയും മാമനും ഒക്കെ ഈ കല്യാണത്തിന് സമ്മതിച്ചത്. അതങ്ങനെ അല്ല എന്നറിഞ്ഞാൽ അവർ നിന്നെ അടിച്ചു പുറത്താക്കും..!” “ഇല്ല.. അങ്ങനെ അല്ല. കാശിയേട്ടന് എന്നെ ഇഷ്ടമാണ്.” “എന്ന് ഏട്ടൻ നിന്നോട് പറഞ്ഞിട്ടുണ്ടോ?” “ഇല്ല. പക്ഷെ അച്ഛനോട് പറഞ്ഞിട്ടുണ്ടല്ലോ” “അത് അങ്ങനെ ഒന്നും ആയിരിക്കില്ല. പെട്ടന്ന് ഒരു ചെറുക്കനെ എവിടെ നിന്നു കിട്ടും എന്നു ആലോചിച്ചു വല്യച്ഛൻ തന്നെ ഏട്ടനോട് ചോദിച്ചു കാണും നിന്നെ കെട്ടുമോ എന്ന്.

ആളോട് എതിർക്കാൻ വയ്യാത്തത് കൊണ്ട് ഏട്ടൻ സമ്മതിച്ചും കാണും” “അല്ല നീലു. ഏട്ടന്റെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട് എന്നോടുള്ള സ്നേഹം.” “പിന്നെ.. കണ്ണുകളിലല്ലേ സ്നേഹം കാണുന്നത്. അങ്ങനെ ഇഷ്ടം ഉണ്ടെങ്കിൽ ഏട്ടന് അതു മറച്ചു വയ്ക്കാതെ നിന്നോട് പറഞ്ഞൂടെ? എന്താ പറയാതെ ഇരുന്നത്?” തനുവിന്റെ മുഖത്തു ഒരു സംശയ ഭാവം ഞാൻ കണ്ടു. അതോടെ എനിക്ക് ആവേശം കൂടി. “അല്ലെങ്കിൽ പിന്നെ ഇത്ര സുന്ദരിയായ ഞാൻ ഉള്ളപ്പോ ഏട്ടൻ നിന്നെ ഇഷ്ടപ്പെടുമോ?

വെളുത്ത സുന്ദരനായ കാശിയേട്ടന് ശരിക്കും മാച് ആകുന്നത് ഞാനല്ലേ? ആ എന്നെ കളഞ്ഞു കരിമത്തി പോലെയുള്ള നിന്നെ ഏട്ടൻ ഇഷ്ടപ്പെടും എന്നു വിചാരിച്ച നീയാണ് വിഡ്ഢി..!” തനു തളർച്ചയോടെ എന്നെ നോക്കി. അവളുടെ ഹൃദയം ഉരുകുന്നത് കണ്ണുനീരായി വന്നുകൊണ്ടിരുന്നു. പക്ഷെ എന്റെ മനസ് അലിഞ്ഞില്ല. ഇവിടെ ഞാൻ തളർന്നാൽ കാശിയേട്ടനെ എനിക്ക് നഷ്ടമാകും എന്നു ഉറപ്പാണ്. അതുകൊണ്ട് ഓരോ നിമിഷവും ഞാൻ ശക്തിയാർജിച്ചു: “വല്യച്ഛന്റെ കാര്യം എടുത്താൽ തന്നെ സ്വന്തം മകളല്ലാത്ത നിന്നെ കൊണ്ട് സഹോദരിയുടെ മകനെ കെട്ടിക്കാൻ ഇഷ്ടം ഉണ്ടാകില്ല.

സാഹചര്യം കാരണം ഒക്കെ നടന്നു എന്നേ കാണു. നിന്റെ ജാതക പ്രശ്നം ഉണ്ടായില്ലെങ്കിൽ ഉറപ്പായും എന്നെയെ എല്ലാവരും കാശിയേട്ടനു വേണ്ടി ആലോചിക്കൂ..” “നീ എന്താ പറഞ്ഞു വരുന്നത്?” “സിംപിൾ. നീ ഈ കല്യാണത്തിൽ നിന്ന് പിന്മാറണം.” അതോടെ തനുവിന്റെ ഭാവം മാറി. “ഇല്ല.. എന്തൊക്കെ സംഭവിച്ചാലും ഞാൻ പിന്മാറില്ല. ഇനി ഒരിക്കലും കാശിയേട്ടനെ മറക്കാൻ എനിക്കാവില്ല. ഞാൻ പോകുന്നു” “തനു നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്” “വേണ്ട.. എനിക്കൊന്നും കേൾക്കേണ്ട. കാശിയേട്ടനെ ഞാനിപ്പോ എന്റെ ജീവനിലും കൂടുതൽ സ്നേഹിക്കുന്നുണ്ട്.

അതു മാത്രമല്ല, ഇപ്പോൾ ഞാനീ കല്യാണം വേണ്ട എന്നു പറഞ്ഞാൽ എല്ലാവരും വേദനിക്കുകയെ ഉള്ളു. അച്ഛനും ചെറിയച്ചനും ഇത് വലിയ മാനക്കേടാകും. നീ പറഞ്ഞതുപോലെ ഈ അനാഥക്ക് ഒരു ജീവിതം തന്നെ അവരെയൊന്നും വിഷമിപ്പിക്കാൻ എനിക്കാവില്ല” അവൾ നടന്നു തുടങ്ങി. ഞാൻ അവളുടെ മുന്നിൽ കയറി നിന്നു. “ഞാൻ ജീവിച്ചിരിക്കുമ്പോൾ കാശിയേട്ടൻ ഒരു ഡ്യൂപ്ലിക്കേറ്റ് മുറപ്പെണ്ണിനെ കെട്ടാൻ ഞാൻ അനിവദിക്കില്ല. അച്ഛനും അമ്മയും ആരാണെന്ന് അറിയാത്ത നിനക്ക് ഏട്ടനെ കിട്ടാനുള്ള ഒരു യോഗ്യതയും ഇല്ല.” ഞാൻ ചീറി. എന്റെ ഭാവം കണ്ട തനു വിറച്ചുപോയി.

അവളുടെ കരച്ചിലിന്റെ ശക്തി കൂടി. “ഞാൻ തന്നെ എല്ലാവരോടും പറയും നീ ദത്തുപുത്രി ആണെന്ന്. അതോടെ കാശിയേട്ടൻ തന്നെ നിന്നെ വേണ്ടന്ന് പറയും. സത്യം മറച്ചുവച്ച നിന്നെ എല്ലാവരും വെറുക്കും. അത് വേണോ തനു?” അവൾ കണ്ണീരോടെ എന്നെ നോക്കി. പിന്നെ നിഷേധഭാവത്തിൽ തലയാട്ടി. “എങ്കിൽ ചെല്ലു. ചെന്ന് എല്ലാവരോടും പറയു കല്യാണത്തിന് സമ്മതം അല്ലെന്ന്. നീ വേണ്ടന്ന് പറഞ്ഞാൽ അതോടെ കാശിയേട്ടൻ എനിക്ക് സ്വന്തമാകും. നിനക്ക് അനുയോജ്യനായ ഒരാളെ എല്ലാവരും കണ്ടെത്തി തരുകയും ചെയ്യും. ചെല്ലാൻ…”

അപ്പോഴും അവൾ അനങ്ങാതെ നിന്നു. ഞാൻ ഫോൺ എടുത്തു കാശിയേട്ടന്റെ നമ്പർ ഡയൽ ചെയ്ത് അവളെ നോക്കി. അവൾ അരുതെന്ന ഭാവത്തിൽ തലയാട്ടി. കരഞ്ഞുകൊണ്ട് തിരിച്ചുപോയി. വീട്ടിലേക്ക് ആണെന്നാണ് ഞാൻ കരുതിയത്. ഞാൻ ഫോൺ കട്ട് ചെയ്തു. അൽപ നേരം കൂടി അവിടെ നിന്ന ശേഷം ഞാനും തിരിച്ചുവന്നു. വീട്ടിൽ എത്തിയപ്പോൾ ആണ് ഞാൻ അറിയുന്നത് അവൾ അവിടേക്ക് വന്നില്ല എന്ന്. തനു എവിടേക്കാണ് പോയതെന്ന് സത്യമായും എനിക്കറിയില്ല…

വീണ്ടും ഒരിക്കൽ കൂടി നീലുവിന്റെ കരണം പുകയുന്ന ശബ്ദം ആണ് എല്ലാവരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. ഇത്തവണ കാശിയല്ല, ഗീത ആയിരുന്നു എന്നു മാത്രം. “മഹപാപി.. നീ എന്താ ഈ ചെയ്തത് എന്നറിയുമോ നിനക്ക്? നീ എന്താ പറഞ്ഞത് ഡ്യൂപ്ലിക്കേറ്റ് മുറപ്പെണ്ണ് എന്നോ? എന്നാൽ കേട്ടോ അത് തനുവല്ല, നീയാണ്. ആറ്റുനോറ്റു ഉണ്ടായ കുഞ്ഞു പ്രസവത്തോടെ തന്നെ മരിച്ച വിഷമത്തിൽ കിടക്കുമ്പോഴാണ് അടുത്ത ബെഡിലെ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ ഞാൻ കണ്ടത്. അത് നീയായിരുന്നു.

ഞങ്ങൾ നിന്നെ എടുത്തു വളർത്തി. അനാഥയാണ് എന്ന നിനക്കൊരിക്കലും തോന്നാതെ ഇരിക്കാൻ തനുമോളെക്കാളും നിന്നെ ഞങ്ങൾ സ്നേഹിച്ചു. പക്ഷെ നീയോ? പാല് തന്ന കൈക്ക് തന്നെ കൊത്തിയല്ലോ.. വഞ്ചകി..!” ഗീത നിന്നു കത്തുകയായിരുന്നു. ശിവൻ അവരെ പിടിച്ചുമാറ്റി കസേരയിൽ ഇരുത്തി. നോവിക്കുന്ന ഒരുതരം നിശബ്ദത അവിടെയാകെ പരന്നു. ചാട്ടുളി പോലെ തന്നിലേക്ക് വന്ന അമ്മയുടെ വാക്കുകളിൽ മുറിവേറ്റ നീലു നിലത്തേക്ക് ഇരുന്നുപോയി. അവൾ എല്ലാവരെയും മാറി മാറി നോക്കി.

ഇത്രയും കാലം തന്നെ സ്നേഹത്തോടെ മാത്രം നോക്കിയ, ഒന്നു നുള്ളി നോവിക്കുക പോലും ചെയ്യാതിരുന്ന അച്ഛന്റെയും വല്യച്ഛന്റെയും അമ്മമാരുടെയും ഏട്ടന്മാരുടെയും താരേച്ചിയുടെയും രാജീവേട്ടന്റെയും എല്ലാം മുഖത്തെ ഭാവം അവൾക്ക് അപരിചിതമായിരുന്നു. എത്ര വേഗമാണ് ഒരു മനസിലെ സ്നേഹം മാറി വെറുപ്പ് നിറയുന്നത്..! എല്ലാം തർകർന്നവനെപ്പോലെ നിൽക്കുന്ന കാശിയുടെ മുഖത്തെക്ക് നോക്കാനുള്ള ശക്തി അവൾക്ക് ഉണ്ടായില്ല. “എന്തിനാ നീലു നീ ഇങ്ങനൊക്കെ ചെയ്തത്?

നിനക്കിഷ്ടം ആണെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പൂർണ മനസോടെ കാശിയെ വിട്ടു തരില്ലായിരുന്നോ തനു? ” തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന അച്ഛന്റെ ചോദ്യങ്ങൾക്കൊന്നും നീലുവിന് മറുപടി ഇല്ലയിരുന്നു. “എല്ലാത്തിനും കൂടെ നിന്നതല്ലേ ഞാൻ? ഇത്രയും ഒക്കെ ചെയ്യും മുമ്പ് ഒരു വാക്ക് എന്നോട് പറഞ്ഞുകൂടായിരുന്നോ മോളെ?” തനയ് ആണ്. അപ്പോഴും നിശബ്ദം ഇരുന്നതെയുള്ളൂ നീലു. ഒരു തുള്ളി കണ്ണീരു പോലും ആ മിഴികളിൽ നിന്നു വീണില്ല. “എല്ലാവരും കൂടി ഇങ്ങനെ വട്ടം കൂടി ഇരുന്ന് ഓരോന്ന് പറഞ്ഞു അവളെ വിഷമിപ്പിക്കാതെ.

താരെ, നീ അവളെയും കൊണ്ട് അകത്തേക്ക് പോ.” രാജീവ് ഇടപെട്ടു. താര നീലുവിന്റെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. ഒരു പാവയെപോലെ അവൾ ചേച്ചിയുടെ പിന്നാലെ പോയി. “കേട്ടത്തിന്റെ എല്ലാം ഷോക്കും പിന്നെ എല്ലാവരുടെയും കുറ്റപ്പെടുത്തലും.. ആകെ നിലതെറ്റി ഇരിക്കുകയാണ് അവളെന്ന് തോന്നുന്നു. ബുദ്ധിമോശം ഒന്നും കാണിക്കാതെ നോക്കണം” രാജീവ് ശബ്ദം താഴ്ത്തി താരയോട് പറഞ്ഞു. അവളൊന്ന് മൂളി. പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ കാശി ഒന്നു തിരിഞ്ഞു. പിന്നെ വണ്ടിയെടുത്തു വേഗത്തിൽ പുറത്തേക്ക് പോയി.

സന്തോഷം വന്നാലും സങ്കടം വന്നാലും തനു പോകാറുള്ളത് ഒരിടത്തേക്ക് ആണ്. വീട്ടിൽ നിന്ന് അധികം ദൂരെയല്ലാത്ത കുന്നിൻ ചെരുവിൽ. ആ കാര്യം ആകെ അറിയാവുന്നത് കാശിക്കും തനുവിനും പിന്നെ നീലുവിനും മാത്രം ആണ്. വിവാഹം ഉറപ്പിച്ച ദിവസം അവളോടൊപ്പം അവിടെ പോയത് അവൻ ഓർത്തു. അന്ന് താൻ കണ്ടതാണ്. അവളുടെ കണ്ണുകളിലെ തിളക്കം. ആ പ്രണയം. അതുവരെയുള്ള അവളുടെ നോട്ടങ്ങളും പുഞ്ചിരിയും പൂര്ണമായത് ആ നിമിഷത്തിൽ ആയിരുന്നു. ഇഷ്ടമാണ് എന്ന് ഒരിക്കൽ പോലും പറയാതെ, ഒരു വാക്ക് പോലും പ്രണയപൂർവം പറയാതെ, സ്വന്തം ജീവനേക്കാൾ സ്നേഹിക്കുക, തീവ്രമായി പ്രണയിക്കുക.

മുറിഞ്ഞാലും, ചോരപൊടിഞ്ഞാലും, പ്രണയിച്ചുകൊണ്ടേ ഇരിക്കുക. എത്ര വിചിത്രമാണ് മനുഷ്യമനസിന്റെ അവസ്ഥകൾ… ഛെ… ഇത്രയും നേരം എല്ലായിടത്തും തിരഞ്ഞിട്ടും ആ സ്ഥലം തന്റെ മനസിൽ വന്നില്ലല്ലോ. അവൻ ഊക്കോടെ സ്റ്റിയറിങ്ങിൽ ഇടിച്ചു. കാശിയുടെ കാലുകൾ ആക്സിലറേറ്ററിൽ അമർന്നു. കുന്നിനു താഴെ വണ്ടി നിർത്തി അവൻ നടക്കാൻ തുടങ്ങി. ഇടക്ക് കാലിൽ എന്തോ ഒന്നു തട്ടി. താഴേക്ക് നോക്കിയ അവന്റെ കണ്ണുകൾ മിഴിഞ്ഞു. തനുവിന്റെ ചെരുപ്പ്..! കാശിയുടെ ഉള്ളിലെ പോലീസുകാരൻ അപകടം മണത്തു.

തുടരും

ഭാര്യ : ഭാഗം 2