Tuesday, December 17, 2024
Novel

ഭാര്യ : ഭാഗം 23

എഴുത്തുകാരി: ആഷ ബിനിൽ

ഗീതയും ശിവനും തരുണും തനയ്യും ഓഫീസിൽ പോയി തുടങ്ങി. പകൽ സുമിത്രയും മാലതിയും തനുവിന് കൂട്ടിരിക്കും. സുമിത്ര ഇപ്പോൾ ചെമ്പമംഗലത്താണ് താമസം. സീതയും കാവ്യയും കൃഷ്ണനും അവരുടെ വീട്ടിൽ തന്നെ തങ്ങി. ഇടക്കവർ വന്നു കണ്ട് തിരിച്ചു പോകും. അന്നത്തെ സംഭവത്തിന് ശേഷം സീത നന്നായി ഒതുങ്ങിയിരുന്നു. വീട്ടിൽ നടക്കുന്ന ഒന്നിലും അവർ ഇടപെടാതെയായി. കാശി ഡ്യൂട്ടി കഴിഞ്ഞു തനുവിന്റെ വീട്ടിൽ പോയി ഫ്രഷ് ആകുമ്പോഴേക്കും ഗീത അവനും തനുവിനും ഉള്ള അത്താഴം റെഡി ആക്കിയിട്ടുണ്ടാകും. അതും കൊണ്ട് നേരെ ഹോസ്പിറ്റലിലേക്ക്.

അതാണ് ഇപ്പോഴത്തെ അവന്റെ റുട്ടീൻ. തരുണോ തനയ്യോ എന്നും വൈകുന്നേരം വന്ന് തനുവിനെ കണ്ടിട്ട് പോകും. കൂടെ മാലതിയെയും സുമിത്രയെയും വീട്ടിലേക്ക് കൂട്ടും. രാത്രി തനുവിനെ ബാത്‌റൂമിൽ കൊണ്ടുപോകുന്നതും ഭക്ഷണം കൊടുക്കുന്നതും ഡ്രെസ് മുഷിഞ്ഞുപോയാൽ മാറ്റി കൊടുക്കുന്നതും എല്ലാം കാശി സന്തോഷത്തോടെ ചെയ്തുപോന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങൾ മരുന്നും കൗണ്സലിംഗും ഒക്കെ മുറപോലെ നടന്നിട്ടും തനുവിൽ മാറ്റങ്ങളൊന്നും കണ്ടില്ല. പരസ്പരം തുറന്നു പറഞ്ഞില്ലെങ്കിലും അവൾ ഒരിക്കലും തിരിച്ചു വരില്ലേ എന്ന ചിന്ത എല്ലാവരിലും വിത്തിട്ടു തുടങ്ങിയിരുന്നു.

കാശി മാത്രം പ്രതീക്ഷയോടെ കാത്തിരുന്നു. അവനിൽ വിശ്വാസം അർപ്പിച്ചു മറ്റുള്ളവരും. പതിയെ പതിയെ തനുവിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവൾ സ്വന്തം കാര്യങ്ങൾ അത്യാവശ്യം ചെയ്യാൻ തുടങ്ങി, അതായത് ബാത്‌റൂമിൽ പോകുക, കുളിക്കുക, വസ്ത്രം മാറുക, ഭക്ഷണം കഴിക്കുക തുടങ്ങിയവ. ചെയ്യുന്നതിൽ ശ്രദ്ധ കേന്ത്രീകരിക്കാനോ വൃത്തിയായി ചെയ്യാനോ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. തല തുവർത്തുക, ചുറ്റിലും കളയാതെ വൃത്തിയായി ഭക്ഷണം കഴിക്കുക, തലമുടി ചീകുക തുടങ്ങിയ കാര്യങ്ങൾ നന്നായി ചെയ്യാൻ വീണ്ടും സമയം എടുത്തു. പിന്നെ മെല്ലെ മെല്ലെ ആളുകളെ കാണാനും പുറത്തേക്ക് പോകാനും അവൾ തയ്യാറായി തുടങ്ങി.

അത്യാവശ്യം മുക്കിയും മൂളിയും സംസാരിക്കുകയും ചെയ്യും. തനുവിന്റെ മുന്നിൽ സങ്കടഭാവം കാട്ടി നിൽകരുതെന്നും എപ്പോഴും എന്തെങ്കിലും കാര്യങ്ങളിൽ അവളെ എൻഗേജ്ഡ് ആക്കി നിർത്തണം എന്നും ഡോക്ടർ പറഞ്ഞതനുസരിച്ചു എല്ലാവരും പരമാവധി സന്തോഷത്തോടെ അവളോട് സംസാരിച്ചുകൊണ്ടിരിയ്ക്കും. കൂടുതലും തനുവിന്റെ കുട്ടിക്കാലം, വീട്ടിലെ നല്ല ഓർമ്മകൾ അങ്ങനെയുള്ള കാര്യങ്ങൾ. റൂമിൽ എപ്പോഴും തനുവിന് പ്രിയപ്പെട്ട മെലഡി സോങ്‌സ് ഒഴുകിക്കൊണ്ടിരിക്കും. യോദ്ധ, കിലുക്കം, മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ തുടങ്ങി തനുവിന് ഇഷ്ടപ്പെട്ട കോമഡി സിനിമകൾ അവൾ ഉറങ്ങുന്നതിന് മുൻപ് കാശി അവൾക്ക് കാണിച്ചു കൊടുക്കും.

സിനിമ കണ്ട് കണ്ടു പലപ്പോഴും കാശിയുടെ മടിയിൽ കിടന്നുതന്നെ തനു ഉറക്കം പിടിക്കും. അവൻ പിന്നെ അവളെ ബെഡിൽ കൊണ്ടുപോയി കിടത്തും. ഇടക്കെങ്ങാൻ ഉണർന്നുപോയാൽ തലയിൽ തഴുകി ഉറങ്ങും വരെ അടുത്തിരിക്കും. പനി പിടിച്ച കുഞ്ഞിനെ എന്നപോലെയാണ് കാശി തനുവിനെ നോക്കുന്നത് എന്ന് തരുണ് പറയാറുണ്ട്. അതു പറയുമ്പോൾ ആ ഏട്ടന്റെ കണ്ണുകൾ ഈറനാകും. അതു മറച്ചുവച്ചു അവൻ പുറത്തേക്ക് പോകും. ജോലിയുടെ ടെൻഷനും തനുവിന്റെ പരിചരണവും വീട്ടിലും ആശുപത്രിയിലും ഓഫീസിലും ഒക്കെയായി ഓടി നടന്ന് കാശി ഒരു വഴിക്കായി. ക്ഷീണം ശരീരത്തിലും മുഖത്തും കാണാൻ ഉണ്ട്. എങ്കിലും അതൊന്നും അവൻ ഒരിക്കലും കാര്യമാക്കിയില്ല.

തനുവിന്റെ കാര്യങ്ങളിൽ ഒരു വീഴ്ചയും വരുത്തിയും ഇല്ല. ഇരുപത്തിയാറ് ദിവസത്തെ ആശുപത്രി വസത്തിന് ശേഷം തനുവിനെ ഡിസ്ചാർജ് ചെയ്തു. പഴയ കളിയും ചിരിയും മടങ്ങി വന്നില്ലെങ്കിലും ആളുകളെ കാണാനും സംസാരിക്കാനും ഉള്ള മടിയും മറ്റും മാറിയിരുന്നു. തന്റെ അസുഖത്തെ കുറിച്ചു ഒരു മെഡിക്കൽ സ്റ്റുഡന്റ് കൂടിയായ തനുവിന് പൂർണ ബോധ്യം ഉണ്ടായിരുന്നു. തുടർച്ചയായി കുറച്ചുകാലം മരുന്നു കഴിക്കേണ്ടി വരുമെന്നും ജീവിതശൈലിയിൽ യോഗയും മെഡിറ്റേഷനും ഭക്ഷണക്രമവും പോലെയുള്ള മാറ്റങ്ങൾ വരുത്തണം എന്നും അവൾ മനസിലാക്കി. ചെമ്പമംഗലത്തേക്ക് ആണ് ഡിസ്ചാർജ് ആയി തനുവിനെ കൊണ്ടുപോയത്. ഒരാഴ്ച മാലതി വീട്ടിലും അവൾക്ക് കൂട്ടു നിന്നു.

ഇനിയും തന്നെ നിൽക്കാൻ വയ്യെന്നും പറഞ്ഞു കാവ്യയും അവിടേക്ക് വന്നു. തരുണിനെ കാണുക എന്ന ദുരുദ്ദേശം കൂടി ആ വരവിന് ഉണ്ടായിരുന്നു. ഈ ഒരാഴ്ചകൊണ്ട് കുറച്ചുകൂടെ മാറ്റങ്ങൾ തനുവിൽ ഉണ്ടായി. അസുഖത്തിന്റെ സ്വഭാവവും മറ്റും അവൾ മനസിലാക്കിയത് കൊണ്ടു കൂടിയാണ് അത്. നിഴലുപോലെ എല്ലാത്തിനും കൂട്ടായി കാശിയും. മാലതിയും ഗീതയും സുമിത്രയും തനുവിന് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുക്കാനും ഊട്ടാനും മത്സരിച്ചുകൊണ്ടിരുന്നു. ഒരു നിമിഷം പോലും അവളെ ഒറ്റക്കിരിക്കാൻ ആരും അനുവദിച്ചില്ല. ഉച്ചയൂണ് കഴിഞ്ഞു മയങ്ങുമ്പോൾ പോലും ആരെങ്കിലും ഒരാൾ അവൾക്ക് കാവലിരിക്കും.

അച്ഛന്മാരും ഏട്ടന്മാരും വീട്ടിലുള്ള സമയത്തിൽ ഭൂരിഭാഗവും തനുവിനൊപ്പം തന്നെ ചിലവഴിച്ചു. അവൾക് ഇഷ്ടമുള്ള വാർത്തകൾ പങ്കുവയ്ക്കുകയും അവളെ കൊണ്ട് അഭിപ്രായങ്ങൾ പറയിക്കുകയും ചെയ്തു പോന്നു. തനുവിന് ഏറെയിഷ്ടമുള്ള ചെസ്സ് കളിയിലും മറ്റും അവർ അവളെ ഉൾപ്പെടുത്തി. തനുവിന് വേണ്ടി തറവാടിന്റെ പിന്നിലുള്ള കുളം നേരത്തെ തന്നെ വൃത്തിയാക്കി വച്ചിരുന്നു. അമ്മമാർ ആരുടെയെങ്കിലും മേൽനോട്ടത്തിൽ ദിവസം അര മണിക്കൂർ നീന്തൽ അവളുടെ ശീലമായി. അതവൾക്ക് ശരീരത്തിനും മനസിനും ഉന്മേഷം നൽകി. തനു കുറെയൊക്കെ പഴയ പടി ആയതോടെ തരുണിന്റെ ഉള്ളിലെ കാമുകൻ വീണ്ടും തലപൊക്കി തുടങ്ങി.

ആ മാസം മുഴുവൻ കാശിയും തനുവും ചെമ്പമംഗലത്താണ് താമസിച്ചത്. ഡിസ്ചാർജ് ആയി പത്തു ദിവസം കൂടി കഴിഞ്ഞതോടെ തനു കോളേജിൽ പോകാൻ തീരുമാനിച്ചു. ഏട്ടന്മാരോ അച്ഛന്മാരോ കാശിയോ ആരെങ്കിലും ആണ് തനുവിനെ കോളേജിൽ ആക്കുക. ക്ലാസിൽ പോയി തുടങ്ങിയതോടെ തനു ഏറെക്കുറെ നോർമൽ ജീവിതത്തിനരികിൽ എത്തി. വീണു കാലൊടിഞ്ഞു കിടപ്പിൽ ആയിരുന്നു എന്നാണ് എല്ലാവരോടും പറഞ്ഞത്. മെഡിക്കൽ സർട്ടിഫിക്കറ്റും കാശിയുടെ ഇടപെടലും കൊണ്ട് അറ്റണ്ടൻസ് പ്രശ്നമായില്ല. ഈ സംഭവങ്ങൾ കൊണ്ട് ഉണ്ടായ ഗുണം എന്താണെന്ന് വച്ചാൽ, അന്നത്തെ ദുരന്ത സംഭവത്തിന്റെ വേദന അവളിൽ നിന്ന് കുറെയൊക്കെ അപ്രത്യക്ഷമായി എന്നുള്ളതാണ്.

ഒന്നു കുളിച്ചാൽ മാറുന്ന ആശുദ്ധിയാണ് അതെന്ന് അവൾ തിരിച്ചറിഞ്ഞു. അതിന്റെ പേരിൽ തന്റെ ജീവിതവും സ്വപ്നങ്ങളും ഇനിയും നശിപ്പിക്കാൻ അവൾക്ക് മനസു വന്നില്ല. പൊരുതാൻ തന്നെ തീരുമാനിച്ചു. കാശിയോട് പക്ഷെ തനു ഒരു അകലം പാലിച്ചുപോന്നു. ആദ്യമൊന്നും അത് അവൻ കാര്യമാക്കിയില്ലെങ്കിലും പിന്നെ പിന്നെ അവൾ അത് മനപൂർവം ചെയ്യുന്നതാണ് എന്ന് മനസിലായി. അതിന്റെ കാരണം മാത്രം അവന് അപരിചിതമായി തുടർന്നു. ഇത് ഇനിയും നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല എന്ന് തോന്നിയ കാശി തനുവിനെയും കൊണ്ട് ടൗണിലെ ഫ്ലാറ്റിലേക്ക് തിരികെ പോയി. എന്നിട്ടും തനുവിൽ മാറ്റങ്ങളൊന്നും കാണാനായില്ല.

ഒരു പരിചയക്കാരനെപോലെ, അല്ലെങ്കിൽ ഒരു സുഹൃത്തിനെപോലെ മാത്രം അവൾ പെരുമാറി. ആ കണ്ണുകളിൽ പ്രണയത്തിന്റെ ലാഞ്ചനപോലും കാണാൻ കാശിക്ക് കഴിഞ്ഞില്ല. തന്റെ നെഞ്ചിൽ ചേർന്ന് കിടന്നുറങ്ങുന്നത് തീർത്തും അപരിചിതയായ ഒരു തനിമ ആണെന്ന് അവന് തോന്നി. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ AST ഗ്ലോബലിലെ അസോസിയേറ്റ് സോഫ്റ്റ്വെയർ എൻജിനീയർ ആയി നീലു ജോലിക്ക് കയറിയിട്ട് രണ്ടു മാസമായി. ഇതിനോടകം തന്നെ ജോലിയിലെ ആത്മാർത്ഥതയും കൃത്യനിഷ്ഠതയും ഒതുങ്ങിയ, ഹൃദമായ പെരുമാറ്റവും അവളെ എല്ലാവർക്കും പ്രിയങ്കരിയാക്കി.

“പണ്ടത്തെ നീലു ആയിരുന്നെങ്കിൽ ഈ ജോലി പോലും എനിക്ക് കിട്ടില്ലായിരുന്നു. കിട്ടിയാൽ തന്നെ ഒരു മാസം തികക്കുന്നതിന് മുന്നേ ഇവരെല്ലാം കൂടി ചവുട്ടി പുറത്താക്കിയേനെ” അവൾ ആലോചിച്ചു. കാണാൻ അതീവ സുന്ദരിയായത് കൊണ്ടു തന്നെ സഹപ്രവർത്തകരിൽ പലർക്കും അവളിൽ ഒരു കണ്ണുണ്ടായിരുന്നു. എങ്കിലും നീലു ആർക്കും ആശകൊടുക്കാൻ നിന്നില്ല. സ്നേഹ മറ്റൊരു ഡിപ്പാർട്ട്‌മെന്റിൽ ആയതുകൊണ്ട് അവളെ കാണാനേ കിട്ടുന്നില്ലായിരുന്നു. ഹോസ്റ്റലിലും താഴത്തെ ഫ്ലോറിൽ ആണ് താമസം. അതുകൊണ്ട് കാണലും സംസാരിക്കലും എല്ലാം അപൂർവമായി. തൊട്ടടുത്ത സീറ്റിലേ ദീക്ഷിത എന്ന പെണ്കുട്ടിയുമായി നീലു കമ്പനിയായി.

അലപ്പുഴക്കാരിയായ ഒരു സുന്ദരിയായിരുന്നു ദക്ഷ എന്നു വിളിക്കുന്ന ദീക്ഷിത. ഒരു പാവം വാര്യര് കുട്ടി. പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിലെ ആന്റിയുടെ മോന്റെ ശല്യം കാരണം അവളും നീലുവിന്റെ കൂടെ ഹോസ്റ്റലിലേക്ക് മാറി. മറ്റാരോടും പറയാത്ത കുടുംബ വിശേഷങ്ങൾ പോലും ചിലതെല്ലാം മറച്ചുവച്ചു അവളോട് പറഞ്ഞിരുന്നു. തനുവിന്റെ കാര്യങ്ങൾ ആലോചിച്ചു വിഷമിക്കുമ്പോഴും വീട്ടിലേക്ക് പോകാൻ മനസ് തുടിക്കുമ്പോഴും അവൾക്ക് മെന്റൽ സപ്പോർട്ട് നൽകി ദക്ഷ കൂടെ നിന്നു. രണ്ടു മാസം പോയത് പോലും അവളറിഞ്ഞില്ല. സാധാരണ പോലെ ഒരു ദിവസം. രാവിലെ ഓഫീസിൽ എത്തിയപ്പോൾ മുതൽ ആളുകൾ തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നതും അടക്കം പറയുന്നതും നീലു ശ്രദ്ധിച്ചു.

എന്താണ് കാര്യം എന്നു മാത്രം മനസിലായില്ല. പഞ്ച് ചെയ്ത് സീറ്റിൽ ഇരിക്കാൻ പോയപ്പോഴേക്കും പ്രോജക്ട് മാനേജറുടെ വിളി വന്നു. “നീലിമ ശിവപ്രസാദ്… തന്റെ ആത്മാർഥതയും ശുഷ്‌കാന്തിയും ഒക്കെ കണ്ടപ്പോൾ ഒരു ജെനുവിൻ എംപ്ലോയീ ആണെന്ന് തോന്നി. ഇതിപ്പോ സ്റ്റാറിസ് കമ്പനിക്ക് നമ്മുടെ പ്രോജക്ട് ഇൻഫർമേഷൻ ചോർത്തി കൊടുക്കാനുള്ള മിടുക്കാണ് താൻ ഇത്രയും കാലം കാണിച്ചതെന്ന് ഇപ്പോഴാണ് മനസിലായത്.” പ്രോജക്ട് മാനേജർ സിദ്ധാർഥിന്റെ വാക്കുകൾ ഈയം ഉരുക്കിയൊഴിച്ചത് പോലെ നീലുന്റെ കാതുകളിലേക്ക് പതിച്ചു. “സർ എന്താ ഈ പറയുന്നത്? എനിക്കൊന്നും മനസിലാകുന്നില്ല”

“താൻ കൂടുതൽ അഭിനയിക്കുകയൊന്നും വേണ്ട. താനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് കമ്പനിയുടെ ഒരു പ്രെസ്റ്റീജിയസ് പ്രോജക്ട് ആണെന്ന് അറിയാമല്ലോ. തന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടാണ് സീനിയർ സ്റ്റാഫ് ധാരാളം ഉണ്ടായിട്ടും അത് തന്നെ ഏൽപ്പിച്ചത്. എന്നിട്ട് അതെവിടെ?” “ഫിനിഷ് ആയി സർ. ഇന്ന് രാവിലെ തന്നെ സബ്മിറ്റ് ചെയ്യാൻ പോകുകയായിരുന്നു” “ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ നീലിമ. ഇന്നലെ പോകുന്നതിന് മുൻപ് തന്നെ താനത് സ്റ്റാറിസിന് അയച്ചു കൊടുത്തില്ലേ?” “വാട്ട്..?” നീലു അലറിക്കൊണ്ടു ചോദിച്ചു. “നീലിമയുടെ അഭിനയം ഒക്കെ കൊള്ളാം, സ്റ്റേജിൽ ആണെങ്കിൽ.

ഇവിടെ ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല. തന്റെ ഐഡിയിൽ നിന്ന് താൻ ചെയ്ത പ്രോജക്ട് നമ്മുടെ റൈവൽ കമ്പനിക്ക് മെയിൽ പോയിട്ടും അത് മാനേജ്‌മെന്റ് കയ്യോടെ പിടിച്ചിട്ടും ഇത്ര കോണ്ഫിഡന്റ് ആയി നിൽക്കാൻ എങ്ങനെ കഴിയുന്നു തനിക്ക്?” സിദ്ധാർഥ് കണ്ണുകളടച്ചു മുഷ്ടി ചുരുട്ടി മേശമേൽ ഇടിച്ചു കോപം നിയന്ത്രിച്ചു. കേട്ടത്തൊന്നും വിശ്വസിക്കാനാകാതെ നീലു നിലത്തേക്ക് ഊർന്നിരുന്നു. അല്പനേരം കഴിഞ്ഞു കണ്ണുതുറന്ന് നോക്കിയ സിദ്ധാർഥ് കാണുന്നത് വെറും നിലത്തിരിക്കുന്ന നീലുവിനെ ആണ്. കവിളിലൂടെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ഒരു നിമിഷം അവനവളെ തന്നെ നോക്കി നിന്നു. തുടരും-

ഭാര്യ : ഭാഗം 22