Thursday, December 26, 2024
Novel

ഭാര്യ : ഭാഗം 16

എഴുത്തുകാരി: ആഷ ബിനിൽ

പിറ്റേന്ന് സ്വാതി ലീവായിരുന്നു. അതുകൊണ്ട് തന്നെ തനുവിന് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. വൈകുന്നേരം ആയപ്പോഴേക്കും ആകെ ചടഞ്ഞതുപോലെ. കയ്യിലൊരു പുസ്തകവും ഫോണും പിടിച്ചു ലൈബ്രറിയിലെ ഏറ്റവും മൂലക്കുള്ള സീറ്റിൽ പോയിരുന്നു. അവിടെ ആകുമ്പോൾ അധികം അരുടേയും ശല്യം ഉണ്ടാകില്ല. അവിടെ ഉണ്ടായിരുന്നവരെല്ലാം എഴുന്നേറ്റ് പോകുന്നതും വാതിൽ അടച്ചു അഭയ് വന്ന് മുന്നിൽ ഇരുന്നതും ഒന്നും തനു അറിഞ്ഞില്ല. കണ്ണു പുസ്തകത്തിൽ ആയിരുന്നെങ്കിലും മനസ് നിറയെ കാശി ആയിരുന്നു. അവന്റെ കണ്ണുകളിൽ ഒളിപ്പിച്ചു വച്ച പ്രണയസാഗരം ആയിരുന്നു.

കുറച്ചുനേരം ആയിട്ടും തനുവിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ വന്നതോടെ അഭയ് മേശമേൽ ഒന്നു തട്ടി. സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നപോലെ തനു അവനെ നോക്കി. പിന്നെ ചുറ്റിലും നോക്കി. താനും അഭയും മാത്രമേ അവിടെ ഉള്ളൂ എന്നു മനസിലായപ്പോഴേ ചെറിയ ഭയം വന്ന് മൂടുന്നത് അവൾ അറിഞ്ഞു. “എന്താ അഭയ്..?” “ഹേയ്. ഞാൻ ചുമ്മാ തനിമയോട് ഒന്നു സംസാരിക്കാൻ വന്നതാണ്. എന്തുണ്ട് വിശേഷം?” “സുഖം. അഭയ് കുറച്ചു ദിവസം ലീവ് ആയിരുന്നോ?” “ആഹ്മ്.. ഞാൻ ഒന്ന് അമ്മയുടെ നാട്ടിൽ വരെ പോയിരുന്നു.” തനു വല്ലായ്മയോടെ ചുറ്റിലും നോക്കി. എത്രയും വേഗം രക്ഷപ്പെട്ടു പോകാൻ ഉള്ളിൽ നിന്നാരോ മന്ത്രിക്കുന്നു. “എങ്കിൽ ശരി.. പിന്നെ കാണാം അഭയ്” അവൾ വായിച്ചുകൊണ്ടിരുന്ന ബുക്കെടച്ച് തിരികെ റാക്കിൽ വച്ചു.

തിരിഞ്ഞപ്പോൾ തൊട്ട് പുറകിൽ അഭയ്..! തനു അവനെ കടന്നു പോകാൻ ശ്രമിച്ചപ്പോഴേക്കും അവൻ ഇടതു കയ്യിൽ കടന്നു പിടിച്ചിരുന്നു. “എന്താണിത്ര ധൃതി, മിസ്സിസ് തനിമ കൈലാസ് നാഥ്‌? നിന്റെ IPS മാത്രമല്ല, ഞാനും കൂടിയൊന്ന് കാണട്ടെ ഈ തുളസിക്കതിരിനെ..” അവന്റെ കൈ വിടീക്കാൻ ശ്രമിച്ച തനുവിനെ റാക്കിൽ ചേർത്തു നിർത്തി അവളുടെ വലതുവശം തന്റെ ഇടംകൈ കൊണ്ട് ലോക്ക് ചെയ്തു അഭയ്. തനു നിന്ന് വിയർക്കാൻ തുടങ്ങി. “അഭയ്.. കയ്യെടുക്ക്. എനിക്ക് പോണം” “ഹാ. ഞാനും പോകാൻ തന്നെയാണ് വന്നിരിക്കുന്നത്. അതിന് മുൻപ് നമുക്കല്പം സംസാരിക്കാം” “നീ ഈ ചെയ്യുന്നത് എന്റെ കാശിയേട്ടൻ അറിഞ്ഞാൽ ബാക്കി വച്ചേക്കില്ല അഭയ് നിന്നെ.

വെറുതെ പണി വാങ്ങാതെ പോകുന്നതാണ് നിനക്ക് നല്ലത്.” “അത് അപ്പോഴല്ലേ.. നിന്നെ ഒന്നു തൊട്ടിട്ട് അവനെന്നെ കൊന്നാലും ഞാനങ്ങു സഹിക്കും. നീ ഒരൊന്നൊക്കെ പറഞ്ഞു ഈ നല്ല നിമിഷത്തിന്റെ ഭംഗി കളയാതെ തനിമ…” “അഭയ് എന്നെ വിട്ടു പോകുന്നതാണ് നിനക്ക് നല്ലത്” തനു വീണ്ടും താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു. സംഭരിച്ചു വച്ച ധൈര്യം പൂർണമായും ചോർന്നു പോകുന്നത് അവൾ അറിഞ്ഞു. അഭയ് അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല. “മനസിന്റെ സമാധാനം മുഖത്തു കാണാം എന്നാണ് പറയുന്നത്. നിന്റെ അഴക് ഒന്നുകൂടി കൂടിയിട്ടുണ്ട് കേട്ടോ” അവൻ ഒന്നുകൂടി അവളോട് ചേർന്നുനിന്നു.

തനുവിന് ആഴ്ചകൾക്ക് മുൻപത്തെ ഒരു വൈകുന്നേരം ഓർമ വന്നു. തലക്കുള്ളിൽ കടന്നലുകൾ മൂളുന്ന പോലെ.വീണ്ടും ആ ഇരുട്ടു മുറിയിലെ വൃത്തിയില്ലാത്ത തറയിലേക്ക് താൻ എടുത്തെറിയപെടുകയാണെന്ന് അവൾക്ക് തോന്നി. ആ ദൃശ്യങ്ങൾ ഒരു ചിത്രം പോലെ മുന്നിൽ തെളിഞ്ഞപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പെട്ടന്ന് കാശിയുടെ മുഖം മുന്നിൽ തെളിഞ്ഞു: “നായകൻ വന്നു രക്ഷിക്കാൻ കാത്തുനിൽക്കുകയല്ല വേണ്ടത്, സ്വന്തം രക്ഷ സ്വയം കണ്ടെത്തുകയാണ്” തനു കണ്ണുകൾ വലിച്ചു തുറന്നു. കവിളിൽ തൊടാൻ വരുന്ന അഭയിന്റെ കൈകൾ ആണ് ആദ്യം കണ്ടത്. കൈനീട്ടി അവന്റെ കരണം പുകച്ചു ഒരെണ്ണം കൊടുത്തു. അഭയ് പതറിപ്പോയി.

അടിക്ക് അത്ര വേദന ഇല്ലായിരുന്നു എങ്കിലും തനുവിൽ നിന്ന് അത്തരമൊരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവന്റെ അമ്പരപ്പ് മാറും മുന്നേ തനു തന്റെ സർവ ശക്തിയുമെടുത്ത് കാലു മടക്കി അവന്റെ മർമസ്ഥാനം നോക്കി തൊഴിച്ചു. ഇത്തവണ വേദന കൊണ്ട് താഴേക്കിരുന്നു പോയി അഭയ്. തനുവിന്റെ അരിശം മാറിയില്ല. ചുറ്റിലും നോക്കിയപ്പോൾ കട്ടിയുള്ള ചില മെഡിക്കൽ ജേണലുകൾ കണ്ടു. അതിലൊരെണ്ണം കഷ്ടപ്പെട്ട് വലിച്ചെടുത്തു അഭയിന്റെ തലക്കു തന്നെ വീശിയടിച്ചു. പുസ്തകം കയ്യിൽ നിന്ന് വീണുപോയി. അതെടുക്കാൻ തുനിഞ്ഞപ്പോഴേക്കും അരുതെന്ന രീതിയിൽ അഭയ് കൈപൊക്കി സ്വയം കവചം സൃഷ്ടിച്ചു. ഇപ്പോൾ കടന്നൽ മൂളുന്നത് അഭയിന്റെ തലക്കുള്ളിലാണ്.

ശരീരത്തിന്റെ വേദനയെക്കാളും തനുവിന്റെ കണ്ണുകളിലെ അഗ്നിയാണ് അവനെ ഭയപ്പെടുത്തിയത്. അവന്റെ മുൻപിൽ തുളസിക്കതിർ പോലൊരു പെണ്കുട്ടിയുടെ രൂപം തെളിഞ്ഞുവന്നു. ആദ്യം കണ്ടപ്പോൾ മനസിൽ പതിഞ്ഞ വലിയ കണ്ണുകൾ. ഇഷ്ടം അറിയിച്ചപ്പോൾ താല്പര്യം ഇല്ലന്ന് മുഖത്തുനോക്കി പറഞ്ഞവൾ. അന്നല്ലാതെ ഒരിക്കൽ പോലും തന്റെ മുഖത്തേക്കവൾ നോക്കിയതായി ഓർമയില്ല. പ്രതികാരം എന്നവണ്ണം പരസ്യമായും രഹസ്യമായുമുള്ള തന്റെ വഷളൻ നോട്ടങ്ങൾക്കും പരിഹാസങ്ങൾക്കും കണ്ണീരുകൊണ്ട് മറുപടി പറഞ്ഞവൾ. ആ അവളാണ് ജ്വലിക്കുന്ന കോപത്തോടെ തന്റെ മുന്നിൽ നിൽക്കുന്നത്.

ആ മുഖത്തേക്ക് നോക്കാൻ തന്നെ അവന് ഭയം തോന്നി. മാസ് ഡേയയോഗ് പറയാനും സ്ലോ മോഷനിൽ നടക്കാനും ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കയ്യിൽ പിടിച്ച ജീവനും കൊണ്ട് ഫോണുമെടുത്ത് ഓടുകയായിരുന്നു തനു. ക്ലാസ്സിൽ എത്തി സീറ്റിൽ ഇരുന്ന ശേഷമാണ് ശ്വാസം പോലും വിട്ടത്. കാശിയെ വിളിച്ചു നടന്ന സംഭവം എല്ലാം പറഞ്ഞു. “ഞാൻ നോക്കാം” അത്ര മാത്രമായിരുന്നു മറുപടി. ഇനിയൊരിക്കലും തന്റെ മുന്നിൽ തടസമായി അഭയ് വരില്ല എന്നു ഉറപ്പിക്കാൻ ആ വാക്ക് മാത്രം മതിയായിരുന്നു അവൾക്ക്. എല്ലാം കേട്ടയുടനെ മെഡിക്കൽ കോളേജിലേക്ക് പയുകയായിരുന്നു കാശി. ആഴ്ചകൾക്ക് മുൻപ് തളർന്ന ശരീരവും തകർന്ന മനസുമായി തന്റെ മുന്നിൽ നിന്ന തനുവിനെ അവന് ഓർമവന്നു.

അന്ന് അവൾ കടന്നുപോയ സംഭവത്തിന്റെ തനിയാവർത്തനം ആണ് ഇന്ന് നടന്നത്. ഈ സംഭവം അവളെ ഉലച്ചുകളഞ്ഞിരിക്കാൻ സാധ്യതയുണ്ട്. “സ്വാതി വിളിച്ചു പറഞ്ഞപ്പോഴേ അഭയിനെ കൈകാര്യം ചെയ്യേണ്ടതായിരുന്നു.” അവന് നിരാശ തോന്നി. അതേ സമയം തനുവിന്റെ ശബ്ദത്തിലെ പതർച്ചയില്ലായ്മ അവനിൽ സംശയമുണ്ടാക്കുകയും ചെയ്തു. കാശിയുടെ ഭയത്തിന് വിപരീതമായി തനു പതിവില്ലാത്തവിധം സന്തോഷവത്തിയായി കാണപ്പെട്ടു. അഭയിനെ ഒറ്റക്ക് നേരിടാൻ കഴിഞ്ഞത് ഒരു വലിയ നേട്ടമായി ആണ് അവൾ കണ്ടത്. തന്നെ കൊണ്ട് ചിലതെല്ലാം സാധിക്കും എന്ന ആത്മവിശ്വാസം അവളുടെ നോക്കിലും വാക്കിലും പ്രവർത്തിയിലും നിറഞ്ഞുനിന്നു. കാശിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഒരു ഫാമിലി പാക്കറ്റ് ചോക്ലേറ്റ് ഐസ് ക്രീമും വാങ്ങിയാണ് അവർ വീട്ടിലേക്ക് പോയത്. സന്തോഷം വന്നാലും സങ്കടം വന്നാലും വയറുവേദന ആണെങ്കിലും തനുവിന്റെ ചോയ്സ് ചോക്ലേറ്റ് ഐസ് ക്രീം ആണ്. എന്നിരുന്നാലും തനുവിന്റെ പെട്ടന്നുള്ള ഭവമാറ്റത്തിൽ കാശിക്ക് ഭയം തോന്നി. അവൻ തനു അറിയാതെ അവളെ ട്രീറ്റ് ചെയുന്ന സൈക്യാട്രിസ്റ്റിനെ ഫോൺ ചെയ്തു. ഈ മാറ്റം ഒരു നല്ല തുടക്കം ആയിട്ടാണ് അവർ കണ്ടത്. തനുവിന് മുൻപെങ്ങും ഇല്ലാത്തവിധം ആത്മവിശ്വാസം ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവൾക്ക് അധികം പ്രയാസം ഉണ്ടാകില്ല. എരിതീയിൽ നിൽക്കുമ്പോൾ കുളിർമഴ പെയ്യുന്നപോലെ ഒരു സമാധാനം കാശിക്കു തോന്നി.

പ്രണയം മാത്രമല്ല, ഇത്തരം സന്ദർഭങ്ങളും അടിവയറ്റിൽ മഞ്ഞു വീഴുംപോലെ ഒരു സുഖം വന്നു സമ്മാനിക്കും എന്നവൻ അറിഞ്ഞു. അന്നു രാത്രി പതിവുപോലെ തനുവിനെ ഉപദേശിക്കാൻ കാശിക്ക് മനസ് വന്നില്ല. തന്റെ ഇടംകയ്യിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന തനുവിനെ ഒരു കുഞ്ഞിനോട് എന്നപോലെ വാത്സല്യത്തോടെ അവൻ നോക്കി. “കാശിയേട്ടാ…” “മ്മം.???” “ഞാനൊരു കാര്യം ചോദിച്ചാൽ ദേഷ്യം വരുമോ?” അഭയിന്റെ കാര്യം എന്തെങ്കിലും ആണോ എന്നു ഭയന്നു കാശി. “എന്തോ കുരുത്തക്കേട് ആണെന്ന് മനസിലായി. ചോദിക്കു” “അതേയ്” “മ്മം..” “അതേയ്…..” “പറയടി..” കാശിയുടെ ശബ്ദം ഉയർന്നതോടെ തനു ചോദിക്കാനുള്ളത് കിളി പറയും പോലെ ചോദിച്ചു: “ഒരു ഭർത്താവിന്റെ അവകാശങ്ങളൊക്കെ ഞാൻ കാശിയേട്ടനു നിഷേധിക്കുകയാണെന്ന് തോന്നുന്നുണ്ടോ?” കാശി എഴുന്നേറ്റു ലൈറ്റ് ഇട്ടു.

വെളിച്ചത്തിൽ സംസാരിക്കുന്നതാണല്ലോ എപ്പോഴും നല്ലത്. “അവകാശം എന്ന് നീ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലായി. എന്താ ഇപ്പോ അങ്ങനൊരു ചോദ്യം?” തനുവും എഴുന്നേറ്റിരുന്നു. “ഒന്നുമില്ല. നമ്മുടെ കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞല്ലോ. ഞാനിപ്പോഴും കാശിയേട്ടന് ഒരു നല്ല ഭാര്യ ആയിട്ടില്ല എന്നു എനിക്കുതന്നെ മനസിലാകുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാ” “ആരു പറഞ്ഞു നീ നല്ല ഭാര്യ അല്ലെന്ന്? എന്റെ ജീവിതം തന്നെ ഇപ്പോ നീ മാത്രമാണ് തനു. അത്രത്തോളം നീ എന്നിൽ നിറഞ്ഞുകഴിഞ്ഞു. ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ സ്നേഹം കൊണ്ട് നീയെന്നെ തോല്പിക്കുകയാണ് ഓരോ ദിവസവും. എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാൻ നീ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. അതും എനിക്കറിയാം.

ഇത്രയും സപ്പോർട്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നൊരു ഭാര്യയെ കിട്ടിയ ഞാനല്ലേ സത്യത്തിൽ ഭാഗ്യവാൻ” കാശി തനുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു. കാണെക്കാണെ തനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. “അപ്പോൾ ഒട്ടും സങ്കടം ഇല്ല എന്നാണോ?” അവൾ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിച്ചു. “എന്നു പറയാൻ പറ്റില്ല. ഞാനൊരു സന്യാസി ഒന്നും അല്ലല്ലോ. എനിക്കും ആഗ്രഹം ഉണ്ട്. പക്ഷെ ദാമ്പത്യം പൂർണമാകുന്നത് രണ്ടുപേരും പരസ്പരം പൂർണമനസോടെ സമർപ്പിക്കുമ്പോഴാണ്. എനിക്കുറപ്പുണ്ട്, നിനക്കതിന് കഴിയുമെന്ന്. ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഞാൻ.

പിന്നെ വെറുതെ ഇരിക്കുകയല്ലല്ലോ, നമുക്ക് നഷ്ടപ്പെട്ട പ്രണയകാലം അസ്വദിക്കുകയല്ലേ നമ്മൾ.. മ്മം…?” തനു അവിശ്വസനീയതയോടെ അവനെ നോക്കി. അവളുടെ കണ്ണുകളിലും പ്രണയം അലയടിച്ചുതുടങ്ങി: “ഇനി ഒരുപാട് ഒന്നും കാത്തിരിക്കേണ്ടി വരില്ല എന്നാ എന്റെ മനസ് പറയുന്നത്” “എന്ത്..?” “ഒന്നുല” അവൾ കയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു. കാശി കാര്യം മനസിലാക്കി വന്നപ്പോഴേക്കും അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഉറക്കം അഭിനയിച്ചു കിടന്നു കഴിഞ്ഞിരുന്നു തനു.

തുടരും-

ഭാര്യ : ഭാഗം 15