Friday, November 15, 2024
Novel

ഭാര്യ : ഭാഗം 14

എഴുത്തുകാരി: ആഷ ബിനിൽ

തനുവിന്റെ പരിഭ്രമം കാശിക്ക് മനസിലായി. അവൻ അവൾക്ക് കുടിക്കാൻ വെള്ളമെടുത്തു കൊടുത്തു. തലയിൽ കൊട്ടികൊടുത്തു. “നീ എന്തിനാ തനു അവളെ ഇങ്ങനെ പേടിക്കുന്നത്?” തനു ചോദ്യ ഭാവത്തിൽ അവനെ നോക്കി. “നോക്കേണ്ട. അവളുടെ പേര് കേട്ടപ്പോഴേ നീ വിക്കി. അല്ലെങ്കിലും ഇന്നും ഇന്നലേയും അല്ലല്ലോ ഞാൻ തനിമ ഹരിപ്രസാദിനെ കാണാൻ തുടങ്ങിയത്” “എനിക്കറിയില്ല കാശിയേട്ടാ.

അന്നത്തെ സംഭവത്തിന് ശേഷം ഞാൻ പറഞ്ഞില്ലേ. പേടിയാ അവളെ. എന്തും ചെയ്യാൻ മടിക്കില്ല അവൾ” “ആഹ്. എന്തായാലും ഞാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ട്” കാശി കഴിച്ചെഴുന്നേറ്റു. പുറകെ തനുവും. അവൻ പാത്രങ്ങളെല്ലാം കഴുകി കമഴ്ത്തി വച്ചു. തനു അടുത്ത ദിവസത്തെക്കുള്ള കറിക്ക് ആവശ്യമായ പച്ചക്കറികൾ അരിഞ്ഞു ഫ്രിഡ്ജിൽ വച്ചു. ദോശക്ക് മാവ് കലക്കി വച്ചു. കാശി തേങ്ങ ചിരണ്ടി അതും ഫ്രിഡ്ജിലേക്ക് വച്ചു.

“അടുത്ത ആഴ്ച മുതൽ നമുക്ക് ഒരാഴ്ചത്തേക്ക് ഉള്ളതൊക്കെ സൻഡേ റെഡിയാക്കി വയ്ക്കണം” അവൻ പറഞ്ഞു. കാശിയുടെ കൈകളിൽ പറ്റിചേർന്നു കിടക്കുമ്പോൾ തനു നീലുവിനെ ഓർത്തു. “അവൾ എന്തിനാ ഇവിടെ വന്ന് താമസിക്കണം എന്ന് പറയുന്നത്?” “അവളിവിടെ എന്തോ പാർട് ടൈം കോഴ്സിന് ചേർന്നിട്ടുണ്ട്. സൻഡേയ്‌സിൽ രാവിലേ ഏഴു മണിക്കാ ക്ലാസ്സ്. സാറ്റർഡേ വൈകുന്നേരം ഇവിടെ വന്നു നിന്നിട്ട് ക്ലാസ്സ് കഴിഞ്ഞു സണ്ടേ തിരികെ പോകാൻ ആണ്” തനു ഒരു നിമിഷം ഒന്ന് ആലോചിച്ചു.

പിന്നെ പറഞ്ഞു: “അവളോട് ഇവിടേക്ക് വന്നോളാൻ പറയാം കാശിയേട്ടാ” കാശി ഞെട്ടി. എഴുനേറ്റു കയ്യെത്തിച്ചു ലൈറ്റ് ഇട്ട് അവളുടെ മുഖത്തേക്ക് നോക്കി: “നിനക്കെന്താ ഭ്രാന്തുണ്ടോ തനു? അവളിവിടെ വന്നാൽ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ? നമ്മളെ ബുദ്ധിമുട്ടിക്കാൻ മാത്രം ആയിരിക്കും അവളുടെ വരവ്. ഈ കോഴ്‌സ് തന്നെ അതിനുള്ള നാടകം ആണൊന്നാ എന്റെ സംശയം. വെറുതെ എന്തിനാ തനു, വഴിയേ പോകുന്ന വയ്യാവേലി വിളിച്ചു വരുത്തുന്നത്?” തനുവും എഴുന്നേറ്റിരുന്നു: “അതെനിക്കും അറിയാം കാശിയേട്ടാ. പക്ഷെ വീട്ടിൽ എല്ലാവർക്കും അവൾ ഇപ്പോഴും മകൾ ആണ്.

അന്ന് ചെയ്തതൊക്കെ എല്ലാവരും ക്ഷമിച്ചു കഴിഞ്ഞു. ആഴ്ചയിൽ ഒരേയൊരു ദിവസം, അതും നൈറ്റിൽ മാത്രം ഇവിടെ സ്റ്റേ ചെയ്യാൻ ചോദിച്ചിട്ടു നമ്മൾ സമ്മതിച്ചില്ലെങ്കിൽ അവർക്കെല്ലാം വിഷമമാകും. അവൾ വന്ന് നിന്നോട്ടെ കാശിയേട്ടാ. നമുക്ക് ഒരു ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്താൽ മതിയല്ലോ” “അതൊന്നും വേണ്ട തനു.” തനു കാശിയുടെ കയ്യിൽ പിടിച്ചു കൊച്ചു കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചി പറയാൻ തുടങ്ങി: “കാശിയേട്ടാ.. പ്ലീസ്. പ്ലീസ്… പ്ലീസ്” “എന്തെങ്കിലും ചെയ്യ്.

ഞാൻ കിടന്നുറങ്ങാൻ പോകുവാ” കാശി ലൈറ്റ് ഓഫ് ചെയ്തു തിരിഞ്ഞു കിടന്നു. തനു മെല്ലെ പുറകിൽ കൂടെ അവനെ കെട്ടിപ്പിടിച്ചു ചേർന്നു കിടന്നു. കഴുത്തിനു മുകളിൽ തന്റെ തല ചേർത്തുവച്ചു. കുറച്ചു നിമിഷം കടന്നുപോയി. പെട്ടന്ന് കാശി നേരെ തിരിഞ്ഞു തനുവിന് അഭിമുഖമായി കിടന്നു. തനു ഞെട്ടിപ്പിടഞ്ഞു അകന്നു മാറാൻ നോക്കി. പക്ഷെ അവൻ അവളോട് കൂടുതൽ ചേർന്നു കിടന്നു. അവളെയൊന്ന് നോക്കി. കണ്ണുകൾ ഇറുക്കി അടച്ചുപിടിച്ചിരിക്കുകയാണ്.

മുഖത്തു പക്ഷെ വല്ലാത്തൊരു നിഷ്കളങ്കമായ, ശാന്തമായ പുഞ്ചിരിയുണ്ട്. കാശി മെല്ലെ തനുവിന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. തനു ഞെട്ടി കണ്ണു തുറന്ന് അവനെ നോക്കി. പിന്നെ തന്റെ നെറ്റിയിൽ തൊട്ടുനോക്കി. ആ ചുണ്ടുകളുടെ തണുപ്പ് അവളുടെ നെറ്റിയിൽ തങ്ങിനിന്നിരുന്നു. ഇത്തവണ എന്തുകൊണ്ടോ അവളെ എപ്പോഴും അസ്വസ്ഥമാക്കുന്ന ഓർമകൾ തിങ്ങിവന്നില്ല. ഓളം അടങ്ങിയ തീരം പോലെ ശാന്തമായിരുന്നു ആ സമയം തനുവിന്റെ മനസ്. കാശി ഒന്നുമില്ലെന്ന് കണ്ണുചിമ്മി കാണിച്ചുകൊണ്ട് അവളെ തന്നോട് ചേർത്തുപിടിച്ചു കിടന്നുറങ്ങി.

രാവിലെ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ തനു വീണ്ടും നീലുവിന്റെ കാര്യം ചോദിച്ചു: “അത് നമുക്ക് ആലോചിക്കാം തനു. ഞാൻ നിന്റെ ഏട്ടന്മാരെ ഒന്നു വിളിച്ചു നോക്കട്ടെ. ഈ കോഴ്സിന്റെ കാര്യം ഉള്ളതാണോ അതോ അവളുടെ നമ്പർ ആണോ എന്ന്” അവൻ തനു കഴിക്കാൻ പോയ ദോശ കയ്യിൽ പിടിച്ചു സ്വന്തം വായിലേക്ക് വയ്പ്പിച്ചു. എന്നിട്ട് താൻ കഴിക്കാനെടുത്തത് അവളുടെ വായിലും വച്ചു കൊടുത്തു. “ഇനി മുതൽ ആദ്യത്തെ ഉരുള എനിക്ക്. കേട്ടോ?” തനു യാന്ത്രികമായി തലയാട്ടി.

ഉച്ചക്ക് രണ്ടുപേരും കാന്റീനിൽ നിന്ന് കഴിക്കാനാണ് തീരുമാനിച്ചത്. ഇറങ്ങും മുൻപ് തനുവിനെ കയ്യിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തുനിർത്തി കാശി. മൃദുവായി നെറ്റിയിൽ ചുംബിച്ചു. ആ കണ്ണുകളിൽ തന്നെ നോക്കി ആർദ്രമായി പറഞ്ഞു: “ഐ ലവ് യൂ തനു” തനുവിന്റെ അമ്പരപ്പ് മെല്ലെ നാണത്തിന് വഴിമാറി. ചുണ്ടുകളിൽ ഒരു ചിരി തെളിഞ്ഞുവന്നു. അതു കണ്ടതോടെ കാശിക്കും സമാധാനമായി: “അപ്പൊ വീണ്ടും ചിരിക്കാനൊക്കെ തുടങ്ങി അല്ലെ?” തനുവും ആലോചിച്ചു. ശരിയാണ്.

താൻ വീണ്ടും ചിരിച്ചുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞതെല്ലാം മറന്നുകൊണ്ട് പുതിയൊരു ജീവിതം തുടങ്ങനാകും എന്ന പ്രതീക്ഷ അവൾക്ക് തോന്നി തുടങ്ങി. എന്തായാലും ഒറ്റയടിക്ക് അങ്ങു സമ്മതിച്ച് കൊടുക്കാൻ പറ്റില്ലല്ലോ: “ഞാൻ ചിരിച്ചത് അതുകൊണ്ടല്ല. ആറടി പൊക്കവും കലിപ്പ് ലുക്കും. പോരാത്തതിന് ഈ യൂണീഫോമും. ഈ ശരീരത്തിൽ നിന്ന് റൊമാൻസ് വരുന്നത് ആലോചിച്ചു ചിരിച്ചതാ” കാശി അവളെ നോക്കി ഒന്നു മീശപിരിച്ചു. കുറേക്കൂടി തന്നോട് അടുപ്പിച്ചു. ചെവിയിൽ മന്ത്രിക്കും പോലെ പറഞ്ഞു:

“ഇത് ശരീരത്തിൽ നിന്ന് വന്നതല്ല, മനസിൽ നിന്നാണ്” തനു പൂത്തുലഞ്ഞുപോയി. കാശി കടന്നുപോയിട്ടും ഏതാനും നിമിഷം അങ്ങനെ തന്നെ നിന്നു. പിന്നെ സ്വയം ചിരിച്ചുകൊണ്ട് വീടും പൂട്ടിയിറങ്ങി. കോളേജിൽ സ്വാതി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പോകാൻ തുനിഞ്ഞ കാശിയെ നോക്കി തനു കാണാതെ അവൾ കണ്ണും കയ്യും കാണിക്കാൻ തുടങ്ങി. കാര്യം മനസ്സിലായില്ലെങ്കിലും കാശി വണ്ടിയിൽ നിന്നിറങ്ങി വന്നു. “സ്വാതി തന്റെ ഫോൺ നമ്പർ ഒന്നു പറയു. ഇവളെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വിളിക്കാൻ ആണ്” സ്വാതി തന്റെ നമ്പർ പറഞ്ഞുകൊടുത്തു. കാശി അപ്പോൾ തന്നെ അതിലേക്ക് ഒരു മിസ്ഡ് കോൾ കൊടുത്തു.

പിന്നെ യാത്രപറഞ്ഞു പോയി. ക്ലാസിൽ എത്തിയപ്പോഴേക്കും സ്വാതി ഒരു ചെറിയ ബോക്സ് തനുവിന് കൊടുത്തുകൊണ്ട് കെട്ടിപ്പിടിച്ചു. “ഹാപ്പി ബർത്ത്ഡേ മിസ്സിസ് തനിമ കൈലാസ് നാഥ്‌..” ഇന്ന് തന്റെ ബെർത്ത് ഡേ ആണെന്ന കാര്യം തനുവും അപ്പോഴാണ് ആലോചിച്ചത്. കുറച്ചു ദിവസങ്ങളായി ചിന്തകളൊന്നും നേരെയല്ലല്ലോ. “ഇന്നലെ മിഡ് നൈറ്റ് വിളിച്ചു വിഷ് ചെയ്യാൻ ഇരുന്നതാ പിന്നെ നിങ്ങളുടെ അക്ടിവിറ്റികൾക് തടസം ആകണ്ടേ എന്നു വിചാരിച്ചു ” സ്വാതി കണ്ണിറുക്കി കാണിച്ചു.

“താങ്ക് യൂ ഡിയർ” തനു സ്വാതിയെയും കൊണ്ട് സീറ്റിൽ പോയിരുന്നു ഗിഫ്റ്റ് തുറന്നുനോക്കി. മനോഹരമായ ഒരു പാർക്കർ പേന ആയിരുന്നു അത്. വീട്ടിൽ നിന്ന് ആരും വിളിച്ചു വിഷ് ചെയ്യാത്തിൽ അവൾക്ക് വിഷമം തോന്നി. “എല്ലാം നോക്കിക്കണ്ട് ചെയ്യുന്ന കാശിയേട്ടൻ പോലും…” അപ്പോഴേക്കും ക്ലാസിലെ മറ്റു കുട്ടികളും തനുവിനെ ആശംസകൾ അറിയിക്കാൻ വന്നു. ഉച്ചക്ക് ബ്രെക്കിന്റെ സമയത്തു എല്ലാവരും കൂടി അവളെ കൊണ്ട് കേക്കും കട് ചെയ്യിച്ചു ആഘോഷിച്ചു. എല്ലാം കഴിഞ്ഞു കയ്യിലൊരു പൊതിയുമായി അഭയ് വരുന്നത് കണ്ട തനുവിന്റെയും സ്വാതിയുടെയും കണ്ണുകളിൽ ഒരുപോലെ ഭയം നിറഞ്ഞു.

“പേടിക്കേണ്ട തനിമ. ഞാൻ ഇതുവരെ ചെയ്തതും പറഞ്ഞതും തെറ്റായിരുന്നു എന്നെനിക്ക് ബോധ്യമായി. ഇനി മുതൽ എന്നും ഞാൻ തന്റെ നല്ല ഫ്രണ്ട് ആയിരിക്കും.” തനു അന്തംവിട്ടു നിൽക്കുകയാണ്. അഭയുടെ പെട്ടന്നുള്ള മാറ്റം കണ്ട അവൾക്ക് സന്തോഷം തോന്നി. ഇനി കാശിയേട്ടൻ എങ്ങാനും..? “ഹാപ്പി ബർത്ത്ഡേ ടു യൂ.. ഇതെന്റെ സന്തോഷത്തിന് ഞാൻ വാങ്ങിയ ഗിഫ്റ്റ് ആണ്. താൻ എന്നെയൊരു ഫ്രണ്ട് ആയി കാണുന്നുണ്ടെങ്കിൽ ഇതു വാങ്ങണം” ക്ലാസിലെ മറ്റു കുട്ടികളെല്ലാം തനുവിന്റെ പ്രതികരണം കാത്തുനിൽക്കുകയാണ്. മനസ്സില്ലാ മനസോടെ അവൾ ആ ഗിഫ്റ്റ് ബോക്സ് വാങ്ങി.

അഭയ് ചിരിച്ചുകൊണ്ട് ക്ലാസിന് വെളിയിലേക്ക് പോയി. അവന്റെ ഇന്നലത്തെ വാക്കുകളും പെട്ടെന്നുണ്ടായ മനം മാറ്റവും കണ്ടതോടെ സ്വാതിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി. അവൾ അപ്പോൾ തന്നെ ഫോണെടുത്തു പുറത്തേക്ക് പോയി കാശിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. തിരിച്ചു വരുമ്പോൾ കയ്യിലൊരു വാച്ചും പിടിച്ചു സ്വപ്നം കാണുകയാണ് തനു. വാച്ചിന്റെ ബ്രാൻഡ് കണ്ട സ്വാതി അമ്പരന്നു: “ഇതെന്താ..? മൊവാഡോ.. മുപ്പതിനായിരം രൂപ വിലവരുന്ന വാച്ച്. ഇതാണോ അഭയുടെ സമ്മാനം?” തനു അതേ എന്ന അർത്ഥത്തിൽ തലയാട്ടി. “തനു ഇത് നിനക്കുള്ള എന്തോ പണി ആണ് കേട്ടോ.

അവൻ അങ്ങനെ നന്നാകാൻ ഒന്നും പോകുന്നില്ല.” “അതേനിക്കും അറിയാം പക്ഷെ ഇതിപ്പോ ഞാൻ എന്തു ചെയ്യും? അതിനൊരു വഴി പറഞ്ഞു താ നീ” “എന്തു ചെയ്യാൻ? നിന്റെ അഭയേട്ടൻ നിനക്ക് തന്നെ ഗിഫ്റ്റ് നീ കൊണ്ടുപോകണം” “നല്ല കാര്യം. കാര്യങ്ങൾ എങ്ങാനും കാശിയേട്ടൻ അറിഞ്ഞാൽ ബാക്കി വച്ചേക്കില്ല ഇവനെ. അതോ ഇനി കാശിയേട്ടൻ അവനെ ഉപദേശിച്ചോ എന്നറിയില്ല. എന്തായാലും തൽക്കാലം നീ ഇത് വീട്ടിലേക്ക് കൊണ്ടുപോകു. ബാക്കി നമുക്ക് ആലോചിച്ചു തീരുമാനിക്കാം.”

ആദ്യം എതിർത്തെങ്കിലും പിന്നെ സ്വാതി അതിന് സമ്മതിച്ചു. കാശി ഓഫീസ് കാര്യങ്ങളുമായി തിരക്കിൽ ആയതുകൊണ്ട് അവൾ തന്നെ തനുവിനെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു. ഫ്ളാറ്റിലെ വാതിൽ തുറന്ന തനു ഞെട്ടിപ്പോയി. നീലു അടക്കം കാശിയുടെയും തനുവിന്റെയും വീട്ടിലെ അംഗങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു, താര ഒഴികെ. വിവാഹം കഴിഞ്ഞ പെണ്കുട്ടികൾക്ക് പിന്നെ അനിയത്തിയുടെ പിറന്നാൾ പോലെയുള്ള സില്ലി കാര്യങ്ങൾക്കൊന്നും ഭർത്താവിന്റെ വീട്ടിൽ നിന്ന് ലീവെടുക്കാൻ കഴിയില്ലല്ലോ…

തുടരും-

ഭാര്യ : ഭാഗം 13