Saturday, January 18, 2025
Novel

ഭാര്യ-2 : ഭാഗം 3

എഴുത്തുകാരി: ആഷ ബിനിൽ

ഒടുവിൽ ജീവിതത്തിനും പ്രണയത്തിനും ഇടയിൽ നീലു ജീവിതം തിരഞ്ഞെടുത്തു. അന്ന് ഉച്ചതിരിഞ്ഞ് രാഹുലിന്റെ വീട്ടുകാർ അവളെ കാണാൻ വന്നു. “മോളെ.. നീ നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണോ ഇത്?” “അതേ അമ്മേ.. പിന്നെ.. രാഹുലിന്റെ അവസ്ഥക്ക് പരിഹാരം ഒരു കല്യാണം ഒന്നുമല്ല അമ്മേ. ട്രീറ്റ്മെന്റ് ആണ്” “നീ കൂടുതൽ ഭരിച്ച കാര്യങ്ങൾ അന്വേഷിക്കാൻ നിൽക്കേണ്ട. അവനെ ഭ്രാന്തിന് ചികില്സിക്കുന്ന കാര്യം പുറത്തറിഞ്ഞാൽ കുടുംബത്തിന് മനക്കേടാണ്. അവനെ എന്ത് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചുകൊള്ളാം” അവരോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല എന്ന് നീലുവിന് മനസിലായി. അവൾ രാഹുലിന്റെ അരികിലേക്ക് ചെന്നു:

“രാഹുൽ. എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ജീവിതം കൊണ്ട് ഒരു പരീക്ഷണത്തിന് ഞാൻ ഒരുക്കമല്ല. രാഹുൽ ട്രീറ്റ്മെന്റ് എടുക്കണം. ഇത് ചികിത്സയില്ലാത്ത അസുഖം ഒന്നുമല്ല രാഹുൽ.” ഉമ്മറത്തെ പടിയിൽ ഇരുന്ന പൂച്ചട്ടി നീലുവിന്റെ തലയിലേക്ക് എറിഞ്ഞുകൊണ്ടാണ് രാഹുൽ അവൾക്ക് മറുപടി പറഞ്ഞത്. ഒടുവിൽ എല്ലാവരും കൂടി അവനെ പിടിച്ചു വലിച്ച് കൊണ്ടുപോയി. നീലുവിന്റെ വിവാഹം നടന്നില്ലെങ്കിലും തരുണിന്റേത് നിശ്ചയിച്ച സമയത്തു തന്നെ നടത്തണം എന്നവൾ വാശി പിടിച്ചു. ആ വിവാഹത്തിൽ ഏറ്റവും സന്തോഷിച്ചതും അവളാണ്. പിന്നീടും ആലോചനകൾ ധാരാളം വന്നു.

സർക്കാർ ജോലി ഉള്ളത് ഒരു മേന്മയായിരുന്നു. പക്ഷെ വളർത്തുമകൾ ആണെന്നും ഒരു വിവാഹം നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഒഴിവായതാണെന്നും അറിയുന്നതോടെ ഒക്കെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെടും. ചിലർ ഒക്കെ അറിഞ്ഞുകൊണ്ട് തന്നെ മുന്നോട്ട് വന്നു. പെണ്ണു കാണൽ പലത് കഴിഞ്ഞു. അവരെയെല്ലാം രാഹുലിന്റെ വീട്ടുകാർ പലതും പറഞ്ഞു തിരിപ്പിച്ചു. വിവാഹത്തിന് ദിവസങ്ങൾ മുൻപ് അതിൽ നിന്ന് പിന്മാറി എന്നത് ഒരു നിസാരകാര്യമല്ലല്ലോ. സ്നേഹം കൊണ്ട് രാഹുലിനെ മാറ്റി എടുക്കാൻ ശ്രമിക്കണം എന്നറിയിരുന്നു പലരുടെയും അഭിപ്രായം. അങ്ങനെ മാറുന്ന അസുഖമല്ല അവന്റേത് എന്നു പറഞ്ഞാൽ ആർക്കും മനസിലാകുന്നില്ല.

തുടർന്ന് ചികിൽസ നൽകാൻ അവന്റെ വീട്ടുകാർ തയ്യാറൂമല്ല. പിന്നെ പിന്നെ പെണ്ണുകാണാൻ മുന്നിൽ പോയി നിൽക്കാൻ താല്പര്യം ഇല്ലാതെയായി. നീലുവിന്റെ അവസ്ഥ മനസിലാക്കി മീനാക്ഷി തനയ്യോട് പറഞ്ഞു വീടിനടുത്തു തന്നെ ഒരു ഡാൻസ് സ്‌കൂൾ തുടങ്ങാനുള്ള ബിൾഡിങ്ങും മറ്റും തയ്യാറാക്കി. കുട്ടികളും പ്രാക്ടീസും ജോലിയും ഒക്കെയായി നീലു ബിസിയായി തുടങ്ങി. ആലോചനകൾ നടക്കുന്നതും മുടങ്ങുന്നതും അറിയാതെയായി. ഇതിനിടയിൽ കൂടെ പഠിച്ചവർക്കെല്ലാം കെട്ടി കുട്ടികളായി. തനയ്ക്ക് രണ്ടു മക്കൾ ജനിച്ചു, മാളവികയും മാധവും. മീനാക്ഷി ഒരു കോഫി ഷോപ് തുടങ്ങി.

അതു ഹിറ്റായി. ഇപ്പോൾ തൃശ്ശൂരിൽ തന്നെ അഞ്ചു കോഫി ഷോപ് അവൾക്കുണ്ട്. തരുണിന് ധ്വനിയും ദൃഷ്ടിയും ഇരട്ട കുട്ടികൾ ജനിച്ചു. പുറകെ ധ്യാനും. അവന് ഇപ്പോൾ അഞ്ച് വയസായി. തനു ഖുശിമോൾ ജനിച്ചു മൂന്നര വയസു വരെ ജോലിക്ക് പോയില്ല. അതിന് ശേഷം കാർഡിയോളജിയിൽ എംഡിയും പീഡിയാട്രിക് കാർഡിയോളജിയിൽ DNBയും FNBയും ചെയ്തു. പിന്നെ വിനുക്കുട്ടൻ ഉണ്ടായി. അവന് മൂന്നര വയസായി. തനു ഇപ്പോൾ മൂന്നാമതും ഗർഭിണിയാണ്. അവൾ പഠിച്ച തൃശൂർ മെഡിക്കൽ കോളേജിൽ തന്നെ പ്രാക്ടീസ് ചെയ്യുന്നു. കാശി ഇപ്പോൾ ദക്ഷിണമേഖല DIG ആണ്.

രാഹുലിന്റെ വിവാഹത്തോടെ അവന്റെ വീട്ടുകാർ കല്യാണം മുടക്കുന്ന പരിപാടി അവസാനിപ്പിച്ചപ്പോൾ അത് നാട്ടുകാർ ഏറ്റെടുത്തു. ഒന്നൊന്നര വർഷമായി പെണ്ണുകാണൽ പ്രഹസനത്തിന് നിന്നു കൊടുക്കേണ്ടി വരാറില്ലായിരുന്നു. ഇപ്പോ വീണ്ടും തുടങ്ങി. 🍁🍁🍁🍁🍁 നീലു പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കുളിച്ചു ഒരു കോട്ടൺ സാരി എടുത്തുടുത്തു. “ഡാൻസ് ക്ലാസ് തുടങ്ങുന്നതിന് മുൻപ് അവർ വന്നു പോകുമല്ലോ അല്ലെ വല്യച്ചാ” “ഒൻപതിന് മുൻപ് വരാമെന്നാ പറഞ്ഞത് മോളെ” നീലു അടുക്കളയിലേക്ക് പോയി. അവിടെ ചെക്കനെ സ്വീകരിക്കാൻ ചായയും പലഹാരങ്ങളും റെഡി ആക്കുന്ന തിരക്കിൽ ആണ് സുമിത്രയും ഗീതയും. അവൾ മാളൂട്ടിയെയും കൊണ്ട് സൈഡിലെ കസേരയിൽ ഇരുന്നു.

“നീ വിഷമിക്കേണ്ട. ഇത് നല്ല ആലോചന ആയിരിക്കും. നന്നായി അന്വേഷിച്ചു ജാതകം വരെ ചേരുമെന്ന് ഉറപ്പാക്കിയിട്ടാ അച്ഛനും ചെറിയച്ചനും അവരോട് വരാൻ പറഞ്ഞിരിക്കുന്നത്.” മീനാക്ഷി അവളെ സമാധാനിപ്പിക്കും പോലെ പറഞ്ഞു. നീലു അവൾക്കൊരു മങ്ങിയ ചിരി സമ്മാനിച്ചു. ഇതൊക്കെ ഒരുപാട് കേട്ടതാണ്..! പയ്യന്റെ പേര് ആകാശ്, നേവി ഹോസ്പിറ്റലിൽ നിന്ന് സർവീസ് പിരീഡ് കഴിഞ്ഞു റിസൈൻ ചെയ്തു ഇപ്പോ നാട്ടിൽ ഒരു ഹോസ്പിറ്റലിൽ അഡ്മിനിസ്‌ട്രേറ്റർ ആയി ജോലി ചെയ്യുന്നു. ചെക്കൻ വീട്ടുകാർ പതിവുപോലെ പെണ്ണിന്റെ ജോലി, വീട്ടുകാര്യങ്ങൾ എല്ലാം തിരക്കി.

KSEBയിലെ ജോലി അവർക്കിഷ്ടമായി എങ്കിലും ഡാൻസ് ക്ലാസും പ്രോഗ്രാമുകളും ഒന്നും അത്ര പിടിച്ചതായി തോന്നിയില്ല. “നീലിമ എന്താണ് ഇതുവരെ വിവാഹം വേണ്ടെന്ന് വച്ചത്?” പ്രതീക്ഷിച്ച ചോദ്യം തന്നെയാണ് ആകാശിൽ നിന്ന് ഉണ്ടായത്. “ഉറപ്പിച്ച വിവാഹത്തിന് നാലു ദിവസം മുൻപാണ് അത് മുടങ്ങിയത്. ഇൻ ഫാക്ട് മുടങ്ങിയതല്ല, ഞാൻ വേണ്ടെന്ന് വെച്ചതാണ്. ആൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് അറിഞ്ഞപ്പോൾ. പിന്നീട് വന്ന ആലോചകൾ ഒക്കെ ഞാൻ ഓർഫൻ ആയതുകൊണ്ടും ആദ്യത്തെ വിവാഹം മുടങ്ങിയതുകൊണ്ടും ഒക്കെ അലസിപ്പോയി.” “ഓർഫൻ…?????” ആകാശ് ഒന്ന് ഞെട്ടി എന്ന് തോന്നി. അതു കേട്ട് നീലുവും. “ആം സോറി. ആകാശ് അറിഞ്ഞിരുന്നില്ലേ?” “എന്ത്..?” “ആകാശ് ആം ആൻ ഓർഫൻ. അച്ഛനും അമ്മക്കും ആശുപത്രിയിൽ നിന്ന് കിട്ടിയതാണ് എന്നെ.

ഇതിനു മുൻപ് വല്ല ആലോചനകളിൽ എല്ലാം ഈ കാര്യം പറഞ്ഞിരുന്നു. ഇതിപ്പോ പ്രായം ഇത്രയുമായത് കൊണ്ട് ഇതെങ്കിലും നടക്കട്ടെ എന്നു കരുതി അവർ പറയാതിരുന്നതാകാം. എന്തായാലും എല്ലാം അറിഞ്ഞിട്ട് മതി നമ്മൾ ഒരുമിച്ചൊരു ജീവിതം തുടങ്ങുന്നത്.” നീലു പുഞ്ചിരിയോടെ പറയുന്നത് കേട്ട് ആകാശ് അവളെ നോക്കി. അത്രയും തുറന്ന് സംസാരിക്കുന്ന അവളോട് അയാൾക്ക് ബഹുമാനം തോന്നി. “എനിക്കത് അറിയില്ലായിരുന്നു. എന്തായാലും നീലിമയുടെ കുറ്റം അല്ലല്ലോ അത്.” താൻ അനാഥയാണെന്നത് അവനെ ബാധിക്കില്ലെന്നും അവന് ഇഷ്ടമായി എന്നതും ആ മുഖത്തുനിന്ന് നീലുവിന് വായിച്ചെടുക്കാൻ പറ്റി. “പിന്നെ നമ്മൾ ഇത് പ്രോസിഡ്‌ ചെയ്യുകയാണെങ്കിൽ എനിക്ക് കുറച്ചു സമയം തരണം.

ഞാനിവിടെ ചെറിയൊരു ഡാൻസ് സ്‌കൂൾ നടത്തുന്ന കാര്യം പറഞ്ഞല്ലോ. കുട്ടികളെ ഒന്ന് വേറെവിടെയെങ്കിലും സെറ്റിൽ ആക്കാൻ ആണ്.” “അത് ഓക്കെ. പിന്നെ തനിക്ക് എന്നോടൊന്നും ചോദിക്കാനില്ലേ?” “അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ…” “പിന്നെ നീലിമയെ കണ്ടാൽ പ്രായം അധികം തോന്നിക്കില്ല കേട്ടോ. മാക്സിമം ഒരു മുപ്പത്തിരണ്ട്. തന്റെ മുന്നിൽ ഞാൻ വയസ്സൻ ആകുമോ എന്നൊരു പേടിയുണ്ട്.” രണ്ടാളും പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങി വരുന്നത് കണ്ട വീട്ടുകാരുടെയും മനസ് നിറഞ്ഞു. മുഹൂർത്തം നോക്കി ഉടനെ അറിയിക്കാം എന്ന് പറഞ്ഞാണ് അവർ പോയത്. 🍁🍁🍁🍁🍁 ആ ഞായറച്ച നീലുവിന് പ്രോഗ്രാം ഉണ്ടായിരുന്നു. മീനാക്ഷിയും തനയ്യും കുട്ടികളും അവളുടെ വീട്ടിലാണ്.

സുമിത്രയും ഹരിയും ആലുവയിൽ തരുണിന് അരികിലേക്ക് പോയി. അന്ന് ഉച്ചതിരിഞ്ഞു ഗീത BP കൂടി വീണതുകൊണ്ട് പതിവില്ലാതെ അവൾക്ക് ഒറ്റക്ക് പ്രോഗ്രാമിന് പോകേണ്ടി വന്നു. അധികം ദൂരം ഇല്ല എന്നതായിരുന്നു ആശ്വാസം. തിരികെ വരുന്ന വഴി പെട്ടന്ന് സ്‌കൂട്ടർ ഓഫ് ആയി. എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ല. നേരം ഇരുത്തിയത് കൊണ്ടുതന്നെ ആളുകൾ ശ്രദ്ധിക്കുന്നു എന്ന് കണ്ട നീലുവിന് വല്ലായ്മ തോന്നി. “എന്നാ പറ്റി പെങ്ങളെ?” നീലു തലയുയർത്തി നോക്കി. ഒരു മുപ്പത്- മുപ്പത്തിരണ്ട് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ. അലിവുള്ള മുഖഭാവം. “പെങ്ങള് എന്നാ നോക്കുന്നെ? എന്നതാ പറ്റിയെ വണ്ടിക്ക്?” സംസാര ശൈലിയിൽ നിന്ന് തന്നെ ഈ നാട്ടുകാരൻ അല്ല എന്ന് ഉറപ്പായി.

“അത്.. എന്താണെന്ന് അറിയില്ല. പെട്ടന്ന് ഓഫ് ആയി” അവൻ ബുള്ളറ്റ് സ്റ്റാൻഡിൽ ഇട്ട ശേഷം നീലുവിന്റെ സ്‌കൂട്ടർ വന്ന് നോക്കി. “ഇത് ഏതേലും വർക്ക് ഷോപ്പുകാര് നന്നാക്കേണ്ടി വരും. തൽക്കാലം ഇവിടെ ഇരിക്കട്ടെ. പെങ്ങൾക്ക് എവിടെയാ പോകേണ്ടത് എന്ന് പറഞ്ഞാൽ മതി ഞാൻ കൊണ്ടുവിടാം” അതും പറഞ്ഞ് അവൻ നീലുവിന്റെ സ്‌കൂട്ടർ അടുത്തു കണ്ട കടത്തിണ്ണയിലേക്ക് വച്ചു കീ അവളെ ഏല്പിച്ചു. തന്റെ ബുള്ളറ്റിൽ കയറിയിരുന്നു സ്റ്റാർട്ട് ചെയ്തു. നീലു അവന്റെ ചെയ്തികൾ വീക്ഷിക്കുകയായിരുന്നു. “എന്നാ നോക്കി നിക്കുന്നേ? വന്ന് കയറു പെങ്ങളെ” ഏറെ കാലമായി അടുപ്പമുള്ള പ്രിയപ്പെട്ട ആരോടോ എന്നെപോലെയുള്ള അവന്റെ സംസാരം കേട്ട് ചിരിച്ചുകൊണ്ട് അവൾ പുറകിൽ കയറിയിരുന്നു. (തുടരും)-

ഭാര്യ-2 : ഭാഗം 2