Thursday, November 21, 2024
Novel

ഭാര്യ-2 : ഭാഗം 1

എഴുത്തുകാരി: ആഷ ബിനിൽ

ഭാര്യ💓 എന്ന എന്റെ കഥയിലെ നീലിമ എന്ന നീലുവിന്റെ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള ജീവിതം പറയുന്ന രീതിയിലാണ് ഈ കഥ എഴുതിയിരിക്കുന്നത്. വിയ്യൂർ KSEB ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവും പറഞ്ഞു സ്‌കൂട്ടറെടുത്തു പുറത്തേക്കിറങ്ങുമ്പോൾ തന്റെ ചുറ്റിലും ഉയരുന്ന മുറുമുറുപ്പുകൾ നീലു ഒരു പുഞ്ചിരിയോടെ അവഗണിച്ചു. ആത്മവിശ്വാസത്തോടെ ഹെൽമറ്റ് തലയിൽ വച്ചു വണ്ടിയെടുത്തു. വീടിന്റെ ഗേറ്റ് കടന്നപ്പോഴേ കേട്ടു അകത്തുനിന്ന് ബഹളം: “അച്ചമ്മേ ദേ അപ്പച്ചി വന്നു” തനയ് ഏട്ടന്റെ മകൾ മാളുക്കുട്ടിയാണ്. അവളും അവളുടെ ഏട്ടൻ മനുക്കുട്ടനും ഓടിയിറങ്ങിവന്നു കയ്യിൽ തൂങ്ങി.

“ഊണ് കഴിച്ചോ രണ്ടാളും?” കയ്യിൽ കരുതിയ ഡയറി മിൽക്കിന്റെ ചെറിയ പാക്കറ്റ് രണ്ടുപേർക്കും കൊടുത്തു. ഏഴും പതിനൊന്നും വയസായിട്ടും ഇപ്പോഴും ചെല്ലക്കുട്ടികൾ ആണ് രണ്ടും. “ഇല്ല. എല്ലാരും അപ്പച്ചി വരാൻ കാതിരിക്കുകയാ. വാ” “ഇതുങ്ങളുടെ വർത്തമാനം കേട്ടാൽ തോന്നും നീ ദുബായിൽ ജോലി കഴിഞ്ഞു വരുന്നതാണെന്ന്. ഈ അപ്പുറത്തെ ഓഫീസിൽ പോയി വരുന്നതിനാ രണ്ടും കൂടി അപ്പച്ചിയെ ആനയിക്കുന്നത്.” ഗീത ഉമ്മറത്തേക്കു വന്നുകൊണ്ട് പറഞ്ഞു. “അത് ഇവർക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ്. അല്ലെടാ മക്കളെ” “അയ്യേ.. അതുകൊണ്ടൊന്നും അല്ല. ഇന്ന് മാളൂട്ടിയുടെ അരങ്ങേറ്റം അല്ലേ.

അതോണ്ടാ” മാളൂട്ടി നിഷ്കളങ്കമായ ചിരിയോടെ പറയുന്നത് കേട്ട ഗീതയും തുടങ്ങി ചിരി. നീലു ഒന്നും അറിയാത്ത മട്ടിൽ മുറിയിലേക്ക് വലിഞ്ഞു. ഫ്രഷ് ആയി വന്നപ്പോഴേക്കും എല്ലാവരും കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു. സുമിത്ര കുട്ടികൾക്ക് വിളമ്പിക്കൊടുത്ത ശേഷം ഇരുന്നു. ബാക്കി എല്ലാവരും സ്വയം വിളമ്പി കഴിക്കുകയാണ് പതിവ്. “തനുവും തരുണേട്ടനും ഒക്കെ എപ്പോ എത്തും ഏടത്തി?” “വൈകുന്നേരത്തിന് മുൻപ് എന്നാ പറഞ്ഞത്. ഞാൻ പിന്നെ വിളിച്ചില്ല.” മീനാക്ഷി ഏടത്തി നീലുവിന് അവിയലിന്റെ പാത്രം നീക്കി തന്നുകൊണ്ടു പറഞ്ഞു.

അവിയൽ കാണുമ്പോൾ അവൾക്ക് എപ്പോഴും തനുവിന്റെ ഓർമ വരും. തനുവിന്റെ ഫേവറിറ്റ് ആണിത്. “ആറുമണി ആകുമ്പോഴേക്കും അമ്പലത്തിൽ എത്തണ്ടേ മോളെ?” ഹരിപ്രസാദ് ആണ്. “ആഹ് വല്യച്ചാ. ഒൻപതുമണി കഴിയും പരിപാടി തുടങ്ങാൻ. പക്ഷെ നമ്മൾ നേരത്തെ എത്തണമല്ലോ” “പന്ത്രണ്ട് കുട്ടികൾ അല്ലെ അരങ്ങേറ്റത്തിന്? പാടുന്നത് നീ തന്നെ അല്ലെ മോളെ?” “ആഹ്. അതു പിന്നെ അങ്ങനെ അല്ലെ അച്ഛാ വരൂ” തനയ് അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു. ആളും ഹാഫ് ഡേ ലീവ് ആയിരുന്നു. മീനാക്ഷി സ്വന്തം ബിസിനസ് ആയതുകൊണ്ട് ലീവ് എടുക്കേണ്ട ആവശ്യമില്ല.

അവൻ വന്നപാടെ കഴിക്കാനിരുന്നു. “കുളിച്ചിട്ടു വന്ന് കഴിക്കു കുട്ടി. വയസിത്ര ആയിട്ടും ഒരു ബോധമില്ലേ നിനക്ക്” സുമിത്ര അവനെ വഴക്കു പറയാൻ തുടങ്ങി. അപ്പോഴേക്കും ഹരി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പക്ഷെ അത് അടുത്ത പ്രശ്നം തുടങ്ങാൻ വേണ്ടി മാത്രം ആയിരുന്നു. “മോളെ നമ്മുടെ വടക്കേതിലെ ഭവാനിയമ്മ ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട്. കേട്ടിട്ട് നല്ല കൂട്ടർ ആണ്. ചെക്കന് നിന്റെ പ്രായം തന്നെ. ആള് കല്യാണം കഴിച്ചിട്ടും ഇല്ല. ഇപ്പോ വീട്ടുകാരെല്ലാം കൂടി നിർബന്ധിച്ചു സമ്മതിപ്പിച്ചതാണെന്നാ പറഞ്ഞത്. നമുക്കൊന്ന് ആലോചിച്ചാലോ?” വായിലേക്ക് വച്ച ഭക്ഷണം നീലുവിന്റെ തൊണ്ടയിൽ കുരുങ്ങി.

നിറകണ്ണുകളോടെ എല്ലാവരെയും നോക്കി. അപ്പോഴേക്കും ഗീതയും വിഷയം ഏറ്റുപിടിച്ചിരുന്നു. “മോളെ നിന്നെ വിഷമിപ്പിക്കാൻ അല്ല അച്ഛൻ പറയുന്നത്. മാസം നാല് കൂടി കഴിഞ്ഞാൽ വയസ് മുപ്പത്തിയാറു ആകുകയല്ലേ നിനക്ക്. കാര്യം നല്ല ജോലി ഒക്കെയുണ്ട് പക്ഷെ നിനക്കൊരു തുണ ഇല്ലാതെ ഞങ്ങൾ എങ്ങനെയാ സമാധാനമായി ഇരിക്കുന്നത്..?” അവർ ഭർത്താവിന്റെ പക്ഷം ആണ് പണ്ടേ. അവർ മാത്രമല്ല, വിവാഹ കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായത്തിൽ ആണ്. മീനാക്ഷി മാത്രമാണ് നീലുവിനൊരു പിന്തുണ കൊടുക്കുന്നത്. ചിലപ്പോഴൊക്കെ തനയ്യും. “ആഹ് അമ്മേ നമുക്ക് ആലോചിക്കാം. സമയം ഉണ്ടല്ലോ” അവൾ വേഗം കഴിച്ചെഴുന്നേറ്റ് മുറിയിലേക്ക് വന്നു. കട്ടിലിൽ കയറി കിടന്നു.

അറിയാതെ കണ്ണു നിറഞ്ഞു. “എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ജോലി ഉണ്ടെങ്കിലും മറ്റെന്തുണ്ടെങ്കിലും ഒരു മുപ്പത് വയസു കഴിഞ്ഞാൽ വിവാഹം ആയില്ലെങ്കിൽ അത് മാത്രമാണ് എല്ലാവരുടെയും വിഷയം. ഒരു വ്യക്തിയെ വിവാഹം പോലൊരു കാര്യത്തിൽ സ്വന്തം തീരുമാനത്തിന് വിടാത്ത സമൂഹം..!” കിടന്ന കിടപ്പിൽ അറിയാതെ ഉറങ്ങിപ്പോയി. മാളൂട്ടിയും മനുക്കുട്ടനും വന്ന് ഇരുവശത്തുമായി കെട്ടിപ്പിടിച്ചു കിടന്നത് അറിഞ്ഞു. “ഞാൻ പ്രസവിച്ചില്ലെങ്കിലും ഇവർ എന്റെ മക്കളാണ്. ഈ സ്നേഹം മതി എനിക്ക് ജീവിക്കാൻ. ഇനിയൊരു വിവാഹം..? ഒരിക്കലും ഇല്ല… മതിയായി.” നീലു ചിന്തയോടെ കണ്ണടച്ചു.

ഈ സമയം ഇടുക്കി ജില്ലയിലെ രാജാക്കാടിന് അടുത്ത് മുല്ലക്കാനം എന്ന മലയോര ഗ്രാമത്തിൽ പാറപ്പുറത്ത് വീട്ടിൽ വർഗീസും ശോശാമ്മയും നാളെ നടക്കുന്ന മകൾ ആഷിമയുടെ മനസമ്മത്തിന്റെ തിരക്കുകളിൽ ആയിരുന്നു, ഒപ്പം അവരുടെ കുടുംബവും നാട്ടുകാരും. അടുക്കളപ്പുറത് ആണുങ്ങൾ ഹൈറേഞ്ച് കല്യാണങ്ങളുടെ സ്‌പെഷ്യൽ ആയ ഏഷ്യാഡ്‌ അഥവാ എല്ലും കപ്പയുടെ പണിപ്പുരയിൽ ആണ്. “ജോസ് ചേട്ടാ ചുമ്മാ നിക്കുവാണെങ്കിൽ ആ തെങ്ങേന്ന് ഒരു മടലിങ്ങ് വെട്ടിയെടുത്തേ. ഈ ചട്ടുകം കൊണ്ട് ഇളക്കി എന്റെ കൈ കഴച്ചു” ബിനു ഏഷ്യാഡ്‌ ഇളക്കുന്നതിനിടയിൽ അടുത്തുനിന്ന് നാട്ടുകാരനോട് പറഞ്ഞു.

അയാൾ തെങ്ങിൽ നിന്ന് ഒരു ഇളം മടൽ വെട്ടി ചട്ടുകത്തിന്റെ രൂപമാക്കി എടുത്തു.: “ടാ ബിനുവേ നീ ഇങ്ങോട്ട് മാറ്. ഇനി കൊറച്ചുനേരം ഞാൻ ഇളക്കാം” “ആഹ് എന്നാ പിന്നെ അങ്ങനെ ആകട്ടെ. ദേ വർഗീസ് ചേട്ടാ ഇങ്ങോട്ട് വന്ന് ഇതിന് എരിവോ പെരുംജീരകവോ എന്നായെങ്കിലും കുറവുണ്ടോ എന്ന് നോക്കിക്കേ” “ഓ അതൊന്നും വേണ്ടെടാ ഉവ്വേ. നീ നോക്കിയാ മതി. നീ ആദ്യവായിട്ട് അല്ലല്ലോ ഏഷ്യാഡ്‌ ഉണ്ടാക്കുന്നെ” വർഗീസ് കയ്യൊഴിഞ്ഞു. “അല്ലാ.. പെങ്ങളുടെ കല്യാണം ആയിട്ട് നമ്മുടെ അനീഷ് ഇവിടെ പോയി? അവന്റെ കൂടെ ഉണ്ടായിരുന്ന പിള്ളേര് സെറ്റിനെയും കാണാൻ ഇല്ലല്ലോ”

“അവര് ഓഡിറ്റോറിയത്തിൽ നാളത്തെക്കുള്ള ഭക്ഷണം റെഡി ആക്കുന്നിടത്ത് അരിയാനും പെറുക്കാനും ഒക്കെ ആയിട്ട് പോയെക്കുവാ” “അപ്പോ നാളത്തേക്ക് കേറ്ററിങ് കാരെ അല്ലെ എൽപിച്ചേക്കുന്നത്?” “ഹേയ്. അവന് അതൊന്നും ഇഷ്ടവല്ല. അവൻ തന്നെ എല്ലാം ഉണ്ടാക്കാൻ ഒരു ആളെ വിളിച്ചേക്കുവാ. സഹായിക്കാൻ ഒക്കെ നമ്മുടെ പിള്ളേര് ഉണ്ടല്ലോ” ഈ സമയം അകത്ത് പെണ്ണുങ്ങൾക്കിടയിലും ചർച്ച അനീഷ് ആയിരുന്നു. “നമ്മുടെ കല്യാണപ്പെണ്ണു എന്തിയെ ശോശാമ്മേ?” “ആഹ് അവള് അവിടെ ജോസ്മോളുടെ കൂടെ നെയിൽ പോളിഷ് ഇടുവാ ചേടത്തി” “അല്ലാ നമ്മുടെ അനീഷിന് കല്യാണം ഒന്നും നോക്കുന്നില്ലേ?”

അതോടെ ശോശാമ്മയുടെ മുഖം വാടി: “പിന്നെ ഇല്ലാതെ ഇരിക്കുവോ ചേടത്തി? വയസ് മുപ്പത്തി മൂന്ന് ആകുവാ അവന്. ഈ കുന്നിന്റെ മുകളിലേക്ക് ആര് പെണ്ണിനെ കൊടുക്കാനാ. പോരാത്തതിന് അവന് പഠിപ്പും കുറവല്ലേ” “എന്നാ പറഞ്ഞാലും ഇത്രയും നല്ല സ്വഭാവമുള്ള ഒരു ചെറുക്കനെ ഈ നാട്ടിൽ വേറെ കാണാൻ ഉണ്ടോടി. പറമ്പിൽ പണിയാണോ ഇലക്ട്രിക്കൽ വർക്ക് വേണോ പ്ലംബിങ് വേണോ എന്നാ പണി വേണമെങ്കിലും അവന് അറിയാം. രാവിലെ പറമ്പിലേക്ക് ഇറങ്ങിയാൽ നേരം ഇരുട്ടാതെ അവൻ തിരിച്ചു കേറുകേല. അവന് പെണ്ണ് കിട്ടിയില്ലേൽ പിന്നെ ആർക്ക് കിട്ടാനാ” അയൽക്കാരി ആൻസി പറഞ്ഞു. അപ്പോഴേക്കും ആഷിമോൾ അവിടേക്ക് എത്തി:

“അതൊന്നും പറഞ്ഞിട്ട് കാര്യവില്ല ആൻസി ചേച്ചി. ഒന്നാമത് ചേട്ടായിക്ക് പഠിപ്പ് കുറവാ പിന്നെ ജോലി ഇല്ല. പെണ്പിള്ളേർക്ക് ഇപ്പോ അതൊക്കെയാ നോട്ടം. കൃഷിപ്പണിക്കാരെ ഒന്നും ഇപ്പോ ആർക്കും വേണ്ട. സ്വഭാവം നല്ലതാണോ എന്നൊന്നും ഇപ്പോ ആരും നോക്കുന്നില്ല. ഞാൻ തന്നെ എത്ര കൂട്ടുകാരെ ആലോചിച്ചതാ. ആർക്കും ഈ മലമൂട്ടിലേക്ക് വരാൻ വയ്യ” ആഷിമോൾ വേദനയോടെ പറഞ്ഞു. “പണ്ടൊക്കെ ആണെങ്കിൽ പത്തും പ്രീ ഡിഗ്രിയും കഴിഞ്ഞ പെണ്പിള്ളേര് എത്രയാ കെട്ടാൻ ആളില്ലാതെ നിന്നത്. ഇപ്പോ എല്ലാവർക്കും പഠിപ്പും പത്രാസും അയപ്പോ ചെറുക്കന്മാർക്ക് വില ഇല്ലാതെയായി.”

“അങ്ങനെ പറയല്ലേ ചേടത്തി. ഞാനും നിങ്ങളും ഒരു നൈറ്റി വാങ്ങാൻ കെട്ടിയോന്റെ മുന്നിൽ കൈ നീട്ടണ്ടേ. ആ അവസ്ഥ നമ്മടെ പിള്ളേർക്ക് വരാതിരിക്കാൻ അല്ലെ അവരെ നമ്മള് പഠിപ്പിച്ചത്. ഇപ്പോ തന്നെ ആഷിമോളെ എം ടെക് വരെ പഠിപ്പിച്ചത് കാശ് ഉള്ളതോണ്ടല്ല. അവൾക് ഒരു വരുമാനോം ജീവിതോം ആകട്ടെ എന്നു കരുതിയാ. നമ്മുടെ മക്കൾ എങ്കിലും ഈ ഏലത്തിന്റെ ചുവട് മാന്താതെ ജീവിക്കട്ടെ.” ശോശാമ്മ കരച്ചിലിന്റെ വക്കോളം എത്തി. “ഇതൊന്നും പോരാത്തേന് ഈയിടെ ഒരു സിനിമ ഇറങ്ങി. കെട്ടിയോളാണ് എന്റെ മാലാഖ.

നല്ല പടവാ. പക്ഷെ അത് കണ്ടേച്ചും നാട്ടിൽ ഒക്കെ ഉള്ളവര് വിചാരിച്ചേക്കുന്നത് നമ്മുടെ നാട്ടിലെ ആണുങ്ങൾക്ക് ഭാര്യമാരോട് പെരുമാറാൻ അറിയാൻ മേലെന്നാ. ഇന്നാള് നമ്മടെ സിബി ചേട്ടായി ആലുവേൽ ഒരു പെണ്ണിനെ കാണാൻ പോയപ്പോ അവര് മുഖത്തു നോക്കി അത് പറഞ്ഞെന്ന്. അതിൽ പിന്നെ ചേട്ടായി നാട്ടിലോട്ട് പെണ്ണ് ആലോചിച്ചു പോയിട്ടില്ല” ആഷിമോളുടെ കൂട്ടുകാരിയും കസിനും ആയ ജോസ്മോൾ പറഞ്ഞു. “എന്റെ ചെറുക്കനും ഒരു മാലാഖ എവിടേലും കാണാതെ ഇരിക്കുകേല” ശോശാമ്മ ആരോടെന്നില്ലാതെ പറഞ്ഞു. “അല്ല കൊച്ചേ നിനക്ക് കല്യാണം നോക്കുന്നില്ലേ?

നിങ്ങള് രണ്ടും ഒരേ പ്രായം ആണല്ലോ?” ആൻസി ജോസ്മോളോട് ചോദിച്ചു. “ഞാൻ ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് ഉള്ളൂ ചേച്ചി. ജോലിക്ക് കേറീട്ടല്ലേ ഉള്ളൂ. കെട്ടുന്നേന് മുന്നേ അപ്പന് എന്നായെങ്കിലും കൊടുക്കേണ്ട. ആഷിമോൾക് പിന്നെ ജോലി കിട്ടീട്ട് ഒരു വർഷം ആയല്ലോ.” “അമ്മേ. ഒരു ഗ്ലാസ് കാപ്പി” അപ്പോഴേക്കും അനീഷ് എത്തി. ആറടി പൊക്കത്തിൽ മെലിഞ്ഞൊരു രൂപം. കർഷകൻ ആയതുകൊണ്ട് ഉറച്ച ശരീരം. മുടിയും താടിയും അലസമായി വളത്തിയിരിക്കുന്നു എങ്കിലും ഐശ്വര്യമുള്ള മുഖം.

“എന്റെ കുഞ്ഞേ നീ ഈ കല്യാണം കഴിയുമ്പോഴേക്കും ഓടിയോടി ഒരു വഴിക്കാവൂലോ” ശോശാമ്മ അവനുള്ള കട്ടൻ കാപ്പി കൊടുത്തുകൊണ്ട് പറഞ്ഞു. “ഓ അതൊന്നും സാരവില്ല അമ്മേ. പിന്നെ ഞാൻ കരോട്ട് കുറച്ചു പ്ലാവിൻ കൊമ്പ് വെട്ടി ഇട്ടിട്ടുണ്ട്. അതൊന്ന് എടുത്ത് ആടിന് കൊടുക്കണേ” “അതൊക്കെ ഞാൻ ചെയ്‌തോളം. നീ പോയി കുളിച്ചേച്ചു വല്ലോം കഴിക്കാൻ നോക്ക്” “ഹേയ് ഇപ്പോ ഒന്നും വേണ്ട. ഞാൻ അവളുടെ ബ്ലൗസ് ആ തയ്യൽ കടേന്ന് വാങ്ങിയാരുന്നു. അത് തരാൻ വന്നതാ. ഞാൻ അങ്ങു പോയെക്കുവാണെ…” അത് പറയുമ്പോഴേക്കും അവൻ ഇറങ്ങി നടന്ന് കഴിഞ്ഞിരുന്നു.

മനസമ്മതവും കല്യാണവും എല്ലാം ഭംഗിയായി കഴിഞ്ഞു. ആഷിമോൾ ആദ്യത്തെ നാല് ദിവസം പയ്യന്റെ വീട്ടിൽ ആണ്. “കുഞ്ഞേ എന്നതാ നിന്റെ ഉദ്ദേശ്യം” “എന്നാ അമ്മേ?” “നിനക്കൊരു പെണ്ണ് കെട്ടുവോന്നും വേണ്ടേ? ആഷിമോള്ടെ ചെറുക്കന് നിന്നെക്കാളും അഞ്ചു വയസ് കുറവാ പ്രായം. ഇനി എന്ന് കെട്ടാനാ നീയ്” “അതിന് ഞാൻ നോക്കാഞ്ഞിട്ടല്ലല്ലോ അമ്മേ. പെണ്ണ് കിട്ടണ്ടേ” “ആഹ് അതിന് ഞാനൊരു വഴി കണ്ടു വച്ചിട്ടുണ്ട്. നമ്മുടെ ബെന്നി ചേട്ടൻ നിനക്ക് തൃശൂർ ഒരു ജോലി ശെരിയാക്കിയിട്ടുണ്ട്. താമസോം അവിടെ തന്നെ ഉണ്ട്. നീ അടുത്തയാഴ്ച അങ്ങോട്ട് പോണം” വർഗീസ് പറഞ്ഞത് കേട്ട് കുടിച്ചുകൊണ്ടിരുന്ന വെള്ളം അനീഷിന്റെ നിറുകയിൽ കയറി.

“പപ്പാ എന്നാ ഈ പറയുന്നേ? ഞാൻ അങ്ങു പോയാൽ പറമ്പിലെ കാര്യവൊക്കെ ആര് നോക്കും?” “അതൊക്കെ ഞാനും ഇവളും കൂടി നോക്കിക്കോളം. നീ ഞാൻ പറഞ്ഞതങ്ങു കേട്ടാ മതി” ഇനിയും സംസാരിച്ചിട്ടു കാര്യം ഇല്ലെന്ന് മനസിലാക്കിയ അനീഷ് പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. അതിന് അടുത്തയാഴ്ച തന്നെ കൂടും കുടുക്കയുമായി തന്റെ ബുള്ളറ്റിൽ അവൻ തൃശ്ശൂര്ക്ക് യാത്ര തിരിച്ചു, തന്റെ ജീവിതം ഗതി മാറുന്നത് അറിയാതെ.  (തുടരും)-