Friday, January 17, 2025
Novel

ഭദ്ര IPS : ഭാഗം 19

എഴുത്തുകാരി: രജിത ജയൻ

തന്റെ കാലിൽ ഇരുകൈകളും ചേർത്ത് പിടിച്ച് യാചനയോടെ കിടക്കുന്ന പീറ്ററിനെ നോക്കിയപ്പോഴും ഭദ്രയിൽ നിറഞ്ഞു നിന്നതവനെ കൊല്ലാനുളള കലിയായിരുന്നു. “ഷാനവാസ് , പിടിച്ചു മാറ്റൂ ഇവനെ..,, ഇല്ലെങ്കിൽ ഇപ്പോൾ തീരും ഇവനിവിടെ. . !! ഷാനവാസിനോട് ഭദ്ര പറഞ്ഞതും പീറ്റർ വേഗം എഴുന്നേറ്റു “മാഡം, പൊറുക്കണം എന്നോട് …,ഞാൻ എല്ലാം പറയാം…” യാചനയോടെ പീറ്റർ ഭദ്രയ്ക്ക് മുമ്പിൽ കൈകൾ കൂപ്പുമ്പോൾ ഗിരീഷും, ഷാനവാസും കണ്ടറിയുകയായിരുന്നു ,നീതി നടപ്പാക്കാൻ ഒരു നീതിപാലകൻ തുനിഞ്ഞിറങ്ങിയാൽ, അതൊരാണായാലും പെണ്ണായാലും സ്വന്തം ജീവനിൽ കൊതിയുളള ശത്രുക്കൾ, ഭയന്നുവിറയ്ക്കും…,ഇപ്പോൾ പീറ്റർ ഭയന്ന് വിറക്കുന്നതുപോലെ…. !! “പറ പീറ്ററേ, വെറുതെ സമയം മെനക്കെടുത്താതെ. ..,, നിങ്ങൾ ഇങ്ങനെ ഒരു പരീക്ഷണത്തിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നതുമുതൽ എല്ലാം പറ. …,,, ഭദ്ര ആവശ്യപ്പെട്ടതും പീറ്റർ പറഞ്ഞു തുടങ്ങി ,തേക്കിൻ തോട്ടംക്കാരെങ്ങനെ ഇത്തരമൊരു പരീക്ഷണത്തിൽ എത്തിയെന്ന്…,, അതിനുവേണ്ടി അവർ കുരുതി കഴിച്ചതാരൊക്കെയാണെന്ന്…,,,എങ്ങനെയൊക്കെ ആണെന്ന്…!! &&&&&&&&&&&& ഡിജിപി ദേവദാസിന്റ്റെ മുറിയിൽ അദ്ദേഹത്തെയും കാത്തിരിക്കുമ്പോൾ ഭദ്ര ആകെ അസ്വസ്തയായിരുന്നു . “താൻ കുറെ നേരമായോടോ കാത്തിരിക്കാൻ തുടങ്ങിയിട്ട്..? മുറിയിലേക്ക് കടന്നു വന്ന ദേവദാസ് ചോദിച്ചതും ഭദ്ര പെട്ടെന്ന് എഴുന്നേറ്റു നിന്നു…,

അവൾക്കയാളുടെ മുഖത്ത് നോക്കാൻ ധൈര്യമില്ലാത്തതുപോലെ കണ്ണുകൾ അങ്ങിങ്ങ് പതറി സഞ്ചരിച്ചു. ..,, “ഭദ്രാ…,,, ദേവദാസ് വിളിച്ചതും അവളയാളുടെ മുഖത്തേക്ക് നോക്കി, ഇപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. .., “സോറി സാർ…,, പറഞ്ഞതും ഭദ്രയുടെ കണ്ണുകൾ തുളുമ്പി. ..,, “ഭദ്രാ. ..,,,മോളെ എന്തായിത്…? “കേരള പോലീസിലെ ചുണക്കുട്ടിയായ ഭദ്രാ ഐപിഎസ് കരയുകയോ..? കഷ്ടം. ..!! ചിരിയോടെ പറഞ്ഞു കൊണ്ട് ദേവദാസ് ഭദ്രയുടെ ചുമലിൽ പിടിച്ചവളെ തന്നോട് ചേർത്ത് നിർത്തി. .. “സാർ ഞാൻ സാറിനോടങ്ങനെ പെരുമാറാനോ, സംസാരിക്കാനോ പാടില്ലായിരുന്നു.., പക്ഷേ, അപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെടുന്നതുപോലെ തോന്നി..,

പീറ്റർ എന്ന ചെകുത്താനെ കാണുന്ന സമയത്തെല്ലാം എന്റെ മനസ്സിൽ ആ പെൺകുട്ടികളുടെ മുഖവും അവരുടെ അവസ്ഥയും കടന്നു വരും…അങ്ങനെ പറ്റിയതാണ് സാർ…,,,, “ഇറ്റ്സോകെ ഭദ്രാ….,താനെന്നോട് കയർത്തപ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു ..,അവിടെ നീയാണ് ശരിയെന്ന്… “ചിലനേരത്ത് നമ്മൾ എല്ലാം വെറും മനുഷ്യർ മാത്രമായി തീരാറില്ലേ. .. ? “എന്തായാലും താൻ അവിടെ വെച്ച് എന്നോട് അത്തരത്തിൽ ശബ്ദമുയർത്തി സംസാരിച്ചുകൊണ്ട് ഫലമുണ്ടായല്ലോ,മേലുദ്യോഗസ്ഥനെവരെ അനുസരിക്കാത്ത ഭദ്ര ഐപിഎസ് തന്നെ കൊല്ലാനും മടിക്കില്ല എന്ന പീറ്ററിന്റ്റെ ഭയമാണ് അവനെകൊണ്ട് സത്യങ്ങൾ മുഴുവൻ പറയിച്ചത്…!! ദേവദാസ് പറഞ്ഞപ്പോൾ ഭദ്ര അയാളുടെ മുഖത്തേക്ക് നോക്കി നിന്നു.. “

ഹാ ,താനൊന്ന് ഉഷാറാവടോ…,, ദേവദാസ് ചിരിയോടെ പറഞ്ഞിട്ടും ഭദ്രയിൽ പിന്നെയും അപരാധബോധം നിഴലിച്ചു നിന്നു.. “ഭദ്രേ…,സർവ്വീസിൽ കയറി കഴിഞ്ഞൊരു നാളിൽ ആദ്യമായി, ഞാനും നീയും കണ്ടപ്പോൾ തെറ്റിനെതിരെ ധൈര്യത്തോടെ പൊരുത്താനിറങ്ങിയാൽ സാറെന്നും എന്റ്റെ കൂടെയുണ്ടാവുമോ എന്റ്റെ അച്ഛന്റെ സ്ഥാനത്തെന്ന് നീയെന്നോട് ചോദിച്ചത് നിനക്ക് ഓർമ്മ ഉണ്ടോ..? ദേവദാസ് ചോദിച്ചപ്പോൾ ഭദ്ര തലയിളക്കി .. “എങ്കിൽ അന്ന് ആ നിമിഷംമുതൽ ഞാൻ നിന്നെ കണ്ടിരിക്കുന്നതെന്റ്റെ മകളായിട്ടു തന്നെയാണ്..,,

അതുകൊണ്ട് അപ്പോഴത്തെ ആ സംസാരവും ഞാൻ എടുത്തിരിക്കുന്നത് ഒരു മകൾക്ക് അച്ഛനോടുളള സ്വാതന്ത്ര്യം ആയിട്ടുമാത്രമാണ് മനസ്സിലായോ…? അതുപറഞ്ഞപ്പോൾ ദേവദാസിന്റ്റെ ശബ്ദവും ഇടറിയിരുന്നു…! ! ” ഓകെ സാർ,, താങ്ക്യൂ. .” ഭദ്ര ചിരിയോടെ അദ്ദേഹത്തെ നോക്കി. .. “എങ്കിൽ ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം…,,ഇപ്പോൾ നമ്മൾ ആ പെൺകുട്ടികളുടെ കേസിന്റെ അവസാന ഭാഗത്താണ്.., അല്ലേ ഭദ്രാ. .? “അതെ സാർ…,, “എങ്കിൽ താൻ റെഡിയായ്ക്കോളൂ ,കൃത്യം പത്ത് മണിക്കാണ് മിനിസ്റ്റേർസ് കോൺഫ്രൻസ്..,, താനേറ്റെടുത്തിരിക്കുന്ന ഈ ഒരു കേസ് ഇപ്പോൾ നമ്മുടെ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയിരിക്കുന്ന ഒന്നാണ്. .,,

“അറിയാം സാർ..,, എങ്കിൽ കരുതിയിരിക്കുക, അറിയാലോ അവിടെ ധാരാളം ചോദ്യങ്ങൾ തനിക്ക് നേരെ ഉണ്ടാവും, കുറ്റപ്പെടുത്തലുകൾ ഉണ്ടാവാം.., എവിടെയും ക്ഷമ കൈവിടരുത് കാരണം , ഭരിക്കുന്നവനധികാരം കാണിക്കാൻ മാത്രമുള്ള ഒരു ശിലയായ് ചിലപ്പോൾ നമ്മൾ മാറേണ്ടതുണ്ട്..,, മനസ്സിലായോ…? “യെസ് സാർ..,, “ദെൻ ഗെറ്റ് റെഡി. ..,,, ദേവദാസ് പറഞ്ഞു നിർത്തുപ്പോൾ ഭദ്ര തയ്യാറെടുക്കുകയായിരുന്നു , മന്ത്രിസഭായോഗത്തെ നേരിടാൻ..!! &&&&&&&&&&&& ചുറ്റും നിരന്നിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും വകുപ്പ് തല മേധാവിമാർക്കും ഒപ്പം ഇരിക്കുമ്പോൾ ഭദ്ര തിരിച്ചറിയുന്നുണ്ടായിരുന്നു , തനിക്ക് നേരെ ചോദ്യങ്ങളുടെ ശരവർഷമൊരുങ്ങുന്നത്. ..,,

അവൾ മുഖമുയർത്തി തനിക്ക് മുമ്പിലായ് ദൂരെ മാറിയിരിക്കുന്ന ഷാനവാസിനെയും ഗിരീഷിനെയും നോക്കി , അവരുടെ മുഖത്തും ടെൻഷൻ പ്രകടമായിരുന്നു, മുഖ്യമന്ത്രി കൂടി കോൺഫറൻസ് ഹാളിലേയ്ക്ക് എത്തിചേർന്നതും അവർ മീറ്റീംഗ് ആരംഭിച്ചു. . ” ദേവദാസ്, ആരംഭിച്ചോളൂ,,” മുഖ്യമന്ത്രി അനുവാദം നൽകിയതും ദേവദാസ് ഇതുവരെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. …,, “ദേവദാസ് സാറെ, അപ്പോൾ ഇത്രയും വലിയ ഒരു പരീക്ഷണം നടത്തിയത് ജോസപ്പനും, മകനും, മരുമകളും മാത്രമാണെന്നാണോ നിങ്ങളുടെ കണ്ടെത്തൽ. ..? “അതുവിശ്വസിക്കാൻ പ്രയാസം ആണല്ലോ ദേവദാസേ…,

കാരണം ഈ കേസ് കാരണം ഭരണം തന്നെ താഴെ പോവുന്നൊരവസ്ഥയിൽ നിൽക്കുമ്പോൾ, ലോകത്തെ ആകെ ഞെട്ടിച്ച ഒരു പരീക്ഷണം നടത്തിയത് ഇവിടെ കേരളത്തിലെ ,ഓണം കേറാമൂലയിലെ ഒരു നരുന്ത് ഡോക്ടറും കുടുംബവും ആണെന്നു പറഞ്ഞാൽ ആരാടോ അത് വിശ്വസിക്കുക…? പറയുന്നതിലൊരു ലോജിക് വേണ്ടേടോ …? റവന്യൂ മന്ത്രി സജി തോമസ് പരിഹാസരൂപേണ ചോദിച്ചതും ഹാളിലൊരു ചിരി മുഴങ്ങി. .. “ദേവദാസ് സാർ പറഞ്ഞത് സത്യം തന്നെയാണ് സാർ…,,” ഭദ്ര പറഞ്ഞതും ഹാളിലാകെ നിശബ്ദത നിറഞ്ഞു. ..,, “അങ്ങനെ ഉറപ്പ് പറയാൻ ഭദ്രയ്ക്കെങ്ങനെ കഴിയും ..? സജിതോമസ് പരിഹാസചിരിയോടെ ചോദിച്ചതും ഭദ്രയുടെ മുഖത്തും തെളിഞ്ഞു ഒരു ചിരി…,,

ആത്മവിശ്വാസം ഉള്ള , ജീവൻ പോയാലും സത്യത്തെ മുറുകെ പിടിക്കുന്ന ഒരാൾക്ക് മാത്രം സാധിക്കുന്നൊരു ചിരി …,,, “അങ്ങനെ ഒരുറപ്പ് പറയാൻ എനിക്കും, എന്റെ സഹപ്രവർത്തകർക്കും മാത്രമേ കഴിയുകയുള്ളു സാർ ..,,കാരണം ഞങ്ങളാണീ കേസ് അന്വേഷിച്ചത്…,, ഷാനവാസിനെയും ഗിരീഷിനെയും നോക്കി അഭിമാനത്തോടേ ഭദ്രയത് പറഞ്ഞപ്പോൾ സജി തോമസ് നിശബ്ദനായ്. . “ഭദ്രാ…,പറയൂ ആദ്യം മുതലുള്ള ഈ കേസിന്റെ കാര്യങ്ങൾ. …!!

മുഖ്യമന്ത്രി ആവശ്യപ്പെട്ടതും ഭദ്ര തുടർന്നു… “സാർ , ജേക്കബച്ചൻ നടത്തിവന്നിരുന്ന അനാഥാലയത്തിലെ പതിനൊന്ന് പെൺ കുട്ടികളെ തേക്കിൻ തോട്ടത്തിലെ ലീന ഡോക്ടറുടെ സഹായത്തോടെ യുഎസിലുളള അവരുടെ തന്നെ ആശുപത്രിയിലേയ്ക്ക് ജോലിക്ക് അയച്ചുവെങ്കിലും, പിന്നീട് പതിനൊന്ന് പേരിൽ നാലുപെൺകുട്ടികൾ നാട്ടിൽ തിരിച്ചെത്തുകയും പല വിധത്തിൽ മരിക്കുകയും ചെയ്തു…,,, “പലവിധത്തിലെന്ന് പറഞ്ഞാൽ…? സജി തോമസ് ചോദിച്ചു “പലവിധത്തിലെന്നു പറഞ്ഞാൽ രണ്ടു പെൺകുട്ടികൾ പനി മൂർച്ഛിച്ചതിനെ തുടർന്നും, മറ്റു രണ്ടുപേർ ഒരു ജീപ്പ് ആക്സിഡണ്റ്റിലും മരിച്ചു…,

“ജീപ്പ് ആക്സിഡണ്റ്റ് എന്നു പറഞ്ഞാൽ നിയന്ത്രണം വിട്ട ജീപ്പ് ഇവരുടെ ദേഹത്ത് വന്നിടിക്കുകയായിരുന്നു …,ആ ഡ്രൈവർ അപ്പോൾ തന്നെ പോലീസിൽ കീഴടങ്ങുകയും പിന്നീട് ജാമ്യത്തിൽ പോവുകയും ചെയ്തു…!! ഭദ്ര തുടർന്നതും ഹാളിൽ നിശബ്ദത നിറഞ്ഞു നിന്നു. . “ആ കുട്ടികളുടെ മരണം കഴിഞ്ഞു പിന്നെയും കുറച്ചു കഴിഞ്ഞാണ് ജേക്കബ് അച്ചൻ എനിക്ക് അരികിലെത്തുന്നത്, അനാഥാലയത്തിലെ ബാക്കികു ട്ടികൾക്ക് എന്തോ അപകടംസംഭവിച്ചിട്ടുണ്ട് അവരെ പറ്റി അന്വേഷിക്കണമെന്ന് പറഞ്ഞു കൊണ്ട്. ..!! “അന്ന് അച്ചൻ എനിക്ക് തന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ദേവദാസ് സാറിന്റ്റെ നിർദ്ദേശപ്രകാരം ഞാൻ അന്വേഷണം തുടങ്ങി സിഐ രാജീവിനെയും കൂടെ കൂട്ടി …,,

ജേക്കബ് അച്ചൻ പറഞ്ഞതു നൂറു ശതമാനം ശരിതന്നെയായിരുന്നു ..,, ” പതിനൊന്ന് പേരിൽ നാലുപേർ മരിച്ചുവെങ്കിലും ബാക്കിയുള്ള ഏഴുപെൺകുട്ടികളെ കാണാനില്ല..!! “യുഎസിലെവിടെയും ഇവരില്ല , അപ്പോഴാണ് ഇവർ തിരികെ നാട്ടിലേക്ക് വന്നു വെന്ന് ഞങ്ങൾക്ക് വിവരം കിട്ടുന്നത് പക്ഷേ, ഇവിടെ എയർപോർട്ടിൽ വന്നിറങ്ങിയ ആ ഏഴുപേർ പിന്നീട് എവിടെ പോയെന്ന് ഒരു വിവരവുമില്ല..,, “അതന്വേഷിച്ചാണ് ഞാൻ തെന്മലയിലെത്തിയത്, പക്ഷേ ഞാനവിടെ ചെന്നപ്പോൾ എനിക്ക് പരാതി തന്ന ജേക്കബ് അച്ചനെ കാണാനില്ലായിരുന്നു..,,

അതുപോലെ അച്ചൻ പ്രതിപട്ടികയിൽ പറഞ്ഞ ലീന ഡോക്ടറെയും..,, “തുടർന്നുള്ള അന്വേഷണത്തിലാണ് ജേക്കബ് അച്ചന്റ്റെയും മൂന്ന് പെൺകുട്ടികളുടെയും, പിന്നെ ശവകുഴി തൊമ്മി എന്ന ആളുടെയും ശവശരീരങ്ങൾഞങ്ങൾക്ക് കിട്ടുന്നത്…!! അവിടെ നിന്ന് കണ്ടെടുത്ത ആ പെൺകുട്ടികളുടെ ശവശരീരത്തിന്റ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞങ്ങളെ കൊണ്ടെത്തിച്ചത് ഞെട്ടിക്കുന്ന ഒരു പരീക്ഷണങ്ങളുടെ ഇരയായിരുന്നു അവരെന്നതിലേക്കായിരുന്നു …,, ഭദ്ര ഒന്ന് നിർത്തിയപ്പോൾ എല്ലാവരും അവളെതന്നെ നോക്കി ഇരിക്കുകയായിരുന്നു, കേൾക്കുന്നതൊരു കെട്ടുക്കഥയാണോയെന്ന ഭാവത്തിൽ…!!

“ഭദ്ര ഒരു സംശയം ,” ഡിഐജി രഘു നന്ദൻ ഭദ്രയ്ക്ക് നേരെ തിരിഞ്ഞു.. “ആദ്യംനാട്ടിലേക്ക് വന്ന ആ നാലു പെൺകുട്ടികളെയും ഇത്തരത്തിൽ ഇവർ പരീക്ഷണവസ്തുവാക്കിയിരുന്നോ..? “ഷുവർ സാർ..,,,ഭദ്ര തുടർന്നു “ഇത്തരമൊരു പരീക്ഷണം ഇവർ തുടങ്ങിയതിപ്പോൾ മുതലല്ലായിരുന്നു സാർ…,,,, “പിന്നെ…,,, ആകാംക്ഷയോടെ എല്ലാവരും ചോദിച്ചു “ജോസപ്പൻ ഡോക്ടറും, സുഹൃത്തായ സാമുവൽ ഡോക്ടറും, അതായത് കൊല്ലപ്പെട്ട ലീനയുടെ ഫാദർ , ഇവർ രണ്ടു പേരും ഏറെ കാലമായി ഇത്തരമൊരു ചിന്തയുമായ് നടക്കുന്നവരായിരുന്നു. ..അവരുടേതായൊരു കണ്ടു പിടുത്തം അവരുടെ ലക്ഷ്യവും സ്വപ്നവും ആയിരുന്നു. ..,,

” ആയിടയ്ക്കാണ് പീറ്ററും ലീനയും വിവാഹിതരാവുന്നതും, തന്തമാരുടെ ചിന്തകളോടുംആഗ്രഹങ്ങളോടും, പരീക്ഷണങ്ങളോടും സഹകരിക്കുന്നതും. ..!! “യുഎസിലിതുപോലെ ധാരാളം പരീക്ഷണങ്ങൾ നിയമാനുസൃതമായ് നടക്കുന്നുണ്ട്.., എന്നാലിവർ ചെയ്തത് നിയമ നിരോധിതമായ പരീക്ഷണങ്ങൾ ആയിരുന്നു. .,, പലരിൽ നിന്നും ശേഖരിച്ച വ്യത്യസ്ത ജീനുകളടങ്ങിയ അണ്ഡത്തെയും ബീജത്തെയും സങ്കലനം നടത്തിയൊരു അത്ഭുത ശിശുവിനെ സൃഷ്ടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. ..!! “അത്ഭുത ശിശുവോ..? അതെന്തു ശിശു..? സജി തോമസ് ചോദിച്ചു …

“അത്ഭുത ശിശു എന്നു വെച്ചാൽ പത്തുമാസമൊരു സ്ത്രീയുടെഗർഭപാത്രത്തിൽ വളരാതെ, അഞ്ചോ ആറോ മാസങ്ങൾ കൊണ്ടു തന്നെ പൂർണ വളർച്ചയെത്തുന്ന ശിശുവെന്നാണ് സാർ…” ഭദ്ര പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവിടെ കൂടിയിരുന്നവരെല്ലാം മുഖത്തോടു മുഖം നോക്കി “പറഞ്ഞത് സത്യം തന്നെയാണ് സാർ, അത്തരം പരീക്ഷണങ്ങൾ ഇവർ പശുക്കളിൽ നടത്തി വിജയംകൈവരിച്ചിരുന്നു….അതിനു ശേഷമാണ് പെൺകുട്ടികളിൽ നടത്തി നോക്കിയത്..,, എന്നാൽ ഇവരുടെ പ്രതീക്ഷകൾക്ക് വിപരീതമായി ആദ്യത്തെ ആ നാലു പെൺകുട്ടികളിൽ പരീക്ഷണം പരാജയപ്പെടുകയും അവരെ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു ..

“അല്ല ഭദ്രേ…, ഇത്തരമൊരവസ്ഥയിൽ കൂടി കടന്നു പോയിട്ടും അവരെന്തുകൊണ്ട് ഈ വിവരം പുറത്തു പറഞ്ഞില്ല…? അല്ലെങ്കിൽ ജേക്കബ് അച്ചനോട് പോലും സൂചിപ്പിച്ചില്ല..? സജി തോമസ് ചോദിച്ചു … “ജോസപ്പന്റ്റെയും കൂട്ടരുടെയും ഭീഷണി പേടിച്ച്.., കാരണം ബാക്കി കുട്ടികളെ കൊല്ലും എന്ന ഇവരുടെ ഭീഷണിയെ മറികടക്കാൻ മാത്രം തന്റ്റേടം ആ പാവങ്ങൾക്കില്ലായിരുന്നു …,,, മാത്രമല്ല വിദേശത്ത് വെച്ച് ഇതെല്ലാം ചെയ്തിരുന്നത് ലീനയുടെ മാതാപിതാക്കൾ ആയിരുന്നു.. ഇവിടെ നാട്ടിൽ തേക്കിൻതോട്ടംക്കാർക്കെതിരെ അത്തരം ഒരു പരാതി പറഞ്ഞാൽ പോലും കേട്ടു കേൾവി പോലും ഇല്ലാത്ത ഒരു കാര്യം ആരു വിശ്വസിക്കും…?

കൂടാതെ ജോസപ്പന്റ്റെയും മറ്റും സ്വാധീനം അത്രയ്ക്ക് വലുതായിരുന്നു.. “വിദേശത്ത് വെച്ച് നടന്ന പരീക്ഷണങ്ങളുടെ ഫലമായി ആ നാലുകുട്ടികൾക്ക് പലവിധ അസുഖങ്ങൾ ബാധിച്ച് തുടങ്ങിയപ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പീറ്ററും, സംഘവും അവരെ കൊന്നത്..,, ” പനി ബാധിച്ചാശുപത്രിയിലായ രണ്ട് കുട്ടികളെ ആരുമറിയാതെ ഇൻഞ്ചക്ഷൻ നൽകി കൊന്നതിനോടൊപ്പം തന്നെ ഒരു ജീപ്പ് ആക്സിഡണ്റ്റിലൂടെ മറ്റു രണ്ടു പേരെയും ഇല്ലാതാക്കി..!! എന്നിട്ടും ഒരാൾ പോലും ഒരു സംശയവും അതിനെപ്പറ്റി പറയാതിരുന്നത് ആ കുട്ടികൾ അനാഥരായതുമൂലവും തേക്കിൻ തോട്ട കാർ ക്ക് ജനങ്ങളുടെ ഇടയിലുള്ള വിശ്വാസവും മൂലമാണ്. ..!!

“പിന്നെ ..,പിന്നെ എങ്ങനെ ജേക്കബ് അച്ചന് ഇങ്ങനെ ഒരു സംശയം പെട്ടന്നുണ്ടായ്..? റവന്യൂ മന്ത്രി സജി തോമസ് ചോദിച്ചപ്പോൾ ഹാളിലെ എല്ലാവരുടെയും ഉള്ളിൽ ആ ചോദ്യം മാത്രമായിരുന്നു “ഇനി കണ്ടെത്താനുളളത് അതാണ് സാർ, അതുകണ്ടെത്തിയാൽ മാത്രമേ ലീനയുടെ കൊലയാളി ആരെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളൂ”… ഭദ്ര പറഞ്ഞു “പീറ്റർ പറഞ്ഞില്ലേ ഭദ്രേ അതാരാണെന്ന്..? രഘു നന്ദൻ ചോദിച്ചു… “ഇല്ല സാർ, ഈ കേസിൽ ഇനി കണ്ടെത്തണം അങ്ങനെ ഒരാളെ..!! കാരണം ഇനി പുറത്തുള്ള ആൾ,അതാരായാലും അയാളൊരിക്കലും ഒരിക്കലും ജോസപ്പന്റ്റെ സംഘത്തിലുളള ആളല്ല …!!

ഭദ്ര അങ്ങനെ ഒരു നിഗമനത്തിൽ എത്താനുള്ള കാരണം…? രഘുനന്ദൻ ചോദിച്ചു… “സാർ ഇവർ നടത്തിയ ഈ പരീക്ഷണങ്ങളിൽ ഇവിടെ ഉണ്ടായിരുന്നത് ജോസപ്പനും പീറ്ററും ലീനയും മാത്രമാണ്..,, പിന്നെ യുഎസിൽ ലീനയുടെ മാതാപിതാക്കളും …!! “കഴിഞ്ഞ ദിവസങ്ങളിലെ നമ്മുടെ ആവശ്യ പ്രകാരം യുഎസ് ഭരണാധികാരികൾ അവിടെ ആശുപത്രിയിൽ നടത്തിയ പരിശോധന പ്രകാരം, ലീനയുടെ മാതാപിതാകളെ അറസ്റ്റു ചെയ്തു കഴിഞ്ഞു..,, മാത്രമല്ല ഇത്തരമൊരു പരീക്ഷണം അവിടെ ആശുപത്രിയിൽ നടന്നിരുന്നു എന്നത് പുറത്താരും അറിയാത്തിരിക്കാൻ ബാക്കി ഏഴുപെൺകുട്ടികളെ നാട്ടിലേക്ക് കയറ്റിവിട്ടതിനു ശേഷം അവരവിടെ ലാബിലൊരു ചെറിയ അഗ്നി ബാധയുണ്ടാക്കി തെളിവുകൾ നശിപ്പിച്ചിരുന്നു..,

ഒപ്പം അതിലവർക്കും പൊളളലേറ്റുവെന്ന് വരുത്തി തീർക്കുകയും ചെയ്തിരുന്നു.., പക്ഷേ എല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ അധികൃതർ യുഎസിലുളള ഹോസ്പിറ്റൽ അടച്ചു പൂട്ടി കഴിഞ്ഞ ദിവസം..!! “അതായത് ഈ കൂട്ടത്തിലൊരാൾ ഇനി പുറത്തില്ല..!! അതുറപ്പ്….,,പീറ്ററും ജോസപ്പനും സമ്മതിച്ച കാര്യമാണത്..,കൂടാതെ ആശുപത്രിയിലുളള കുട്ടികളിലൊരാൾക്ക് ബോധം വീണപ്പോൾ നമ്മൾ ചോദിച്ചിരുന്നു വേറെ ആരെയെങ്കിലും അവർ ആ രഹസ്യ അറയിൽ കണ്ടിരുന്നോ എന്ന്. …അവരുടെ ഉത്തരവും ജോസപ്പനും പീറ്ററും ലീനയും മാത്രമാണ് ഇവിടെ ഇതിനുപിന്നിലെന്നാണ്….,, “അപ്പോൾ പിന്നെ ലീനയെ കൊന്നതാരാണ്..? ജോസപ്പനെ വെട്ടിയതാരാണ്..

എല്ലാവരും പരസ്പരം ചോദിച്ചു “അതുകണ്ടെത്തണം സാർ..,എങ്കിലേ ഈ കേസ് പൂർത്തിയാവുകയുളളു…” ഭദ്ര പറഞ്ഞു തുടങ്ങിയപ്പോൾ ആണ് സിഐ രാജീവ് പീറ്ററെയും കൂട്ടി അവിടേക്ക് വന്നത്…!! തിരിച്ചറിയാൻ പറ്റാത്ത വിധം പീറ്ററിന്റ്റെ മുഖം നീരുവന്ന് നീലിച്ചിരുന്നു..,, ചുണ്ടുകൾ പൊട്ടി ചോരയൊലിക്കുകയും, നടക്കുമ്പോൾ കാലുകൾ നിലത്ത് വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .. പീറ്ററിന്റ്റെ രൂപം കണ്ടതും എല്ലാവരും കുറ്റപെടുത്തലോടെ ഭദ്രയെ നോക്കി. .,,, “സോറി.., അവരുടെ മുഖത്ത് നോക്കി യാതൊരു പേടിയുമില്ലാതെ ഭദ്ര പറഞ്ഞു … “ഭദ്രേ…, എന്തായിത്…?

മാധ്യമങ്ങൾ ഇതു കണ്ടാലുളള അവസ്ഥ അറിയാമോ…? മുഖ്യമന്ത്രി കുറ്റപ്പെടുത്തലോടെ അവളെ നോക്കി … “സോറി സാർ ,ആ പെൺകുട്ടികളോട് ഇവർ ചെയ്ത ക്രൂരത നേരിട്ട് കണ്ട ഇവന്റ്റെ അമ്മ ഗ്രേസിയെ ഇവനും, ഭാര്യയും ജോസപ്പനുംകൂടി ആക്രമിച്ചു. ..!! “ആ ആക്രമണത്തിനിടയിൽ ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു ഓടിയ ഗ്രേസി അപ്പ് സ്റ്റെയറിൽ നിന്ന് താഴേക്ക് വീണു ബോധംപോയപ്പോൾ ഇവരെല്ലാം കൂടി മരുന്നുകൾ കുത്തിവെച്ചവരെ ഭ്രാന്തിയാക്കിയെന്നറിഞ്ഞപ്പോൾ എന്റ്റെ നിയന്ത്രണം വിട്ടു പോയി ..,, മാത്രമല്ല പരീക്ഷണ ഫലമായി അഞ്ചു മാസത്തോളം വളർച്ചയെത്തിയ ശിശുകൾ പെൺകുട്ടികളുടെ വയർപിളർന്ന് പുറത്തുവന്നാ പെൺകുട്ടികൾ മരിച്ചപ്പോൾ ഇവർ അവരെ പളളിയിലെ കല്ലറയിലടക്കി…,,

അതു കണ്ട ശവക്കുഴിതൊമ്മിയെയും പിന്നീടിവർ ക്രൂരമായി കൊന്നു.. .!! “ഇതെല്ലാം ഇവനിൽ നിന്ന് നേരിട്ട് കേട്ടപ്പോൾ അറിയാതെ നിയന്ത്രണം പോയി. ..,,ഭദ്ര ആരെയും നോക്കാതെ പറഞ്ഞു. .. “ഓകെ ഭദ്ര ..,, ഒരു കാര്യം കൂടി വ്യക്തതവരുത്താനുണ്ട് …,, എന്താണ് സാർ…? “ഇവർ പെൺകുട്ടികളിൽ നിക്ഷേപിച്ചത് ഓരോ ഭ്രൂണം വെച്ചാണല്ലോ..? “പിന്നീടവയെങ്ങിനെ നാലും അഞ്ചു ആറും കുഞ്ഞുങ്ങൾ ആയി മാറി…? ഡി ഐ ജി രഘു നന്ദൻ ചോദിച്ചു “അറിയില്ല സാർ, അതിനുത്തരം ഇവരുടെ കയ്യിലും ഇല്ല .., ” ഇവർക്കും അറിയില്ല ആ ഭ്രൂണങ്ങളെങ്ങനെ വിഘടിച്ചിരട്ടിയായെന്ന്..!! “

ആ സംശയങ്ങൾ തീർക്കാൻ വേണ്ടി ആണിവർ ആദ്യം മരിച്ച ആ നാലു പെൺകുട്ടികളുടെ ശരീരം മാന്തിയെടുത്ത് പരീക്ഷണങ്ങൾ നടത്തിയത്…,, പീറ്ററിന്റ്റെ അനിയൻ ഫിലിപ്പിന്റ്റെ നാട്ടിലേക്കുളള വരവ് ഇവരുടെ പദ്ധതികൾ തകർത്തു.. ” കൂടാതെ ശവക്കുഴിതൊമ്മിയുടെ വാക്കുകൾ കേട്ട് ജേക്കബ് അച്ചൻ തിരിഞ്ഞപ്പോൾ ഇവർ അച്ചനെ പെട്ടെന്ന് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി, അതോടെ ബാക്കി പരീക്ഷണങ്ങൾ നടന്നില്ല. ..!! “പക്ഷേ ജേക്കബ് അച്ചൻ ആദ്യം തന്നെ തനിക്കരികിലെത്തിയിരുന്നല്ലോ.., തേക്കിൻ തോട്ടംക്കാർക്കെതിരെ പരാതിയുമായി,അതെങ്ങനെ ഭദ്രാ…?

അച്ചനെങ്ങനെ അങ്ങനെ ഒരു സംശയം വന്നു…? കൂടാതെ പുറത്തുള്ള ആ കൊലയാളി ആരാ.. .? എന്തിനയാൾ ലീനയെ കൊന്നു..? ജോസപ്പനെ ആക്രമിച്ചു ..? ” ഇത്രയും ചോദ്യങ്ങൾക്ക് കൂടി ഇനി ഉത്തരം വേണം , അതും കൂടി കിട്ടിയാൽ മാത്രമേ നമ്മുക്ക് ഈ കേസ് അവസാനിപ്പിക്കുവാൻ പറ്റുകയുളളു. ..,, “കണ്ടെത്തും സാർ ഞങ്ങളത് , കൂടെയുളളവരെ നോക്കി ആത്മവിശ്വാസത്തോടെ ഭദ്ര പറഞ്ഞപ്പോൾ എല്ലാവരും അവളെ നോക്കി . ” ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു സാർ, പുറത്തു നിൽക്കുന്ന കൊലയാളി ആരാണെങ്കിലും അയാൾക്ക് ഇവരുടെ പരീക്ഷണങ്ങളുമായ് യാതൊരു ബന്ധവും ഇല്ല..,,

അതു നൂറു ശതമാനം ഉറപ്പ്..,, ഞാനത് കണ്ടെത്തി തെളിയിച്ചിരിക്കും അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളിൽ ..,, എല്ലാവരും ആത്മവിശ്വാസം തുളുമ്പിനിൽക്കുന്ന അവളുടെ വാക്കുകൾ കേട്ടവളെ നോക്കവേ, അനുവാദം വാങ്ങിയവൾ ഷാനവാസിനെയും ടീമിനെയും കൂട്ടി പുറത്തിറങ്ങി..,, അവിടെ കോൺഫ്രൻസ് ഹാളിനു പുറത്തു നിന്നിരുന്ന ഹരികുമാറിനെ കണ്ടതും അവളുടെ കണ്ണുകൾ അവനിൽഉടക്കി നിന്നു…..!!

തുടരും…..

ഭദ്ര IPS : ഭാഗം 18