Saturday, January 18, 2025
Novel

ഭദ്ര IPS : ഭാഗം 15

എഴുത്തുകാരി: രജിത ജയൻ

തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് ഭദ്രയെത്തുമ്പോൾ അവിടെയാകെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു… ജേക്കബ് അച്ചന്റ്റെയും, ശവകുഴിതൊമ്മിയുടെയും , അനാഥാലയകുട്ടികളുടെയും മരണത്തിനുപിന്നിൽ ജോസപ്പൻ ഡോക്ടറും പീറ്ററുമാണെന്ന വാർത്ത കേട്ടതുമുതൽ തെന്മലയിൽ ആകെയൊരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പുമൊത്ത് ഭദ്ര ബംഗ്ളാവിലേക്കെത്തിയത്…!! ‘ഷാനവാസ് .., നമ്മുടെ കൂടെ ആവശ്യമായ പോലീസുകാർ ഉണ്ടല്ലോ അല്ലേ.’.? തിങ്ങി നിറഞ്ഞു നിൽക്കുന്ന ജനങ്ങളെ നോക്കി ഒട്ടൊരു ആശങ്കയോടെ ഭദ്ര ചോദിച്ചു “ഉണ്ട് മാഡം…, “പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം, ഫിലിപ്പിനെ വണ്ടിയിൽ നിന്ന് ഇറക്കിയാൽ മതി ,കാരണം ബംഗ്ളാവിലുള്ള എല്ലാവരോടും പകയോടെയായിരിക്കും ജനങ്ങളുടെ നിൽപ്പ്. “..!! “ശരി മാഡം. ..,,, ആശങ്കയോടെ ഭദ്ര വണ്ടിയിൽ നിന്നിറങ്ങിയതും തെന്മല സുനി ഭദ്രയ്ക്ക് അരികിലെത്തി. . “ഭദ്ര മാഡം, ഇവിടെ നിങ്ങൾക്ക് യാതൊരു വിധ പ്രശ്നങ്ങളും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല..,,, മാഡം വേഗം അന്വേഷണം തുടങ്ങിക്കോ..”

സുനിയുടെ വാക്കുകൾ കേട്ട് ഭദ്രയവനെയൊന്ന് നന്ദിയോടെ നോക്കി, തുടർന്നവളും സംഘവും ഫിലിപ്പിനൊപ്പം ബംഗ്ളാവിലേക്ക് കയറി …. വിശാലമായി പരന്നു കിടക്കുന്ന ബംഗ്ളാവിന്റ്റെ മുക്കും മൂലയുംവരെ ഭദ്രയും കൂട്ടരും അരിച്ചുപെറുക്കി. .. “മാഡം , ഇതൊരു കൂറ്റൻ ബംഗ്ളാവാണ്.., ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോവണമെങ്കിൽ വണ്ടി വിളിക്കേണ്ട അവസ്ഥ…!! ഇവിടെ എവിടെയാവും അവരാ കുട്ടികളെ ഒളിപ്പിച്ചിരിക്കുന്നത് ആവോ..? തിരഞ്ഞു മടുത്തതുപോലെ നിരാശയോടെ രാജീവ് പറഞ്ഞപ്പോൾ ഭദ്രയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അയാൾ പറഞ്ഞത് സത്യം തന്നെയാണെന്ന്..!

പുറമെ നിന്ന് നോക്കിയാൽ കാണുന്നൊരിടത്തും ആ പെൺ കുട്ടികൾ ഇല്ല , ഒരുവേള സുനിയുടെ വാക്കുകൾ കേട്ട് ഇറങ്ങി തിരിച്ചത് വെറുതെയായെന്നു പോലും ഭദ്രയ്ക്ക് തോന്നി , “ഫിലിപ്പേ..,നിങ്ങൾ നാലഞ്ചുപേർക്ക് താമസിക്കാനെന്തിനാടോ ഇത്രയും വലിയ ബംഗ്ളാവ്…? കഷ്ടം , ഓരോ മനുഷ്യ ജീവനും പൂപറിക്കുന്ന ലാഘവത്തോടെ പറിച്ചെടുത്ത പണംകൊണ്ടാണ് തന്റെ അപ്പനീ കൊട്ടാരം കെട്ടി പൊക്കിയത് അറിയുമോ തനിക്ക് …? ഭദ്ര വെറുപ്പോടെ പറഞ്ഞതും കുറ്റമൊന്നും ചെയ്യാതെ തന്നെ ഫിലിപ്പിന്റ്റെ തലതാണുപ്പോയി ,തന്റെ ഡാഡിയുടെയും സഹോദരന്റ്റെയും ചെയ്തികളോർത്തിട്ട്…!!

“മാഡം”..,അവൻ മെല്ലെ ഭദ്രയെ വിളിച്ചു … “ഞാൻ അഞ്ചു കൊല്ലം മുമ്പ് പഠനാവശ്യത്തിനായ് വിദേശത്തേക്ക് പോവുംമുമ്പ് ഇവിടെ ഉണ്ടായിരുന്നത് പഴയ തറവാട് വീടായിരുന്നു .., അവൻ പറഞ്ഞതും ഭദ്രയവനെ നോക്കി. .. “ലീവിനൊരിക്കൽ ഞാൻ വന്നപ്പോൾ ഡാഡിയോട് ചോദിച്ചതാണ് ഇത്രയും വലിയ കൊട്ടാരം എന്തിനാണ് നമുക്കെന്ന്.., അന്നവരെന്നെ കളിയാക്കി മമ്മിയെപോലെതന്നെ ജീവിതം ആഘോഷിക്കാൻ അറിയാത്തവനെന്നും പറഞ്ഞ്. …” “അതെന്താണ് ഫിലിപ്പ് ജോസപ്പൻ അങ്ങനെ പറഞ്ഞത് .., ഫിലിപ്പിന്റ്റെ മമ്മിയെ ജോസപ്പന് ഇഷ്ടം ആയിരുന്നില്ലേ…?

“അറിയില്ല മാഡം, എന്റെ മമ്മിയൊരു പാവപ്പെട്ട വീട്ടിലെ ആളാണ്,മമ്മിയെ കണ്ടിഷ്ടപ്പെട്ടാണ് ഡാഡി വിവാഹം കഴിച്ചത് … പക്ഷേ മമ്മിയുടെ ജീവിതം എന്നും സാധാരണകാരിയുടേതായിരുന്നു.ഒരിക്കലും ആർഭാടങ്ങൾ മമ്മിയെ സ്വാധീനിച്ചിട്ടില്ല ദൈവഭയമുളളവളായിരുന്നു മമ്മി ,എപ്പോഴും പ്രാർത്ഥനയും പളളിയും ആയിരുന്നു മമ്മിയുടെ ജീവിതത്തിൽ, ഞാനും വളർന്നത് മമ്മിയുടെ അരികുപറ്റിയായിരുന്നു, അതുകൊണ്ട് തന്നെ ഞാനെപ്പോഴും മമ്മിയുടെ മോനായിരുന്നു,, പീറ്റർ ഡാഡിയുടെയും” അവൻ പറഞ്ഞു നിർത്തി “അപ്പോൾ ഈ വീട്ടിൽ മമ്മിക്ക് അധികാരങ്ങളില്ലായിരുന്നോ ഫിലിപ്പ് …? ഭദ്ര ചോദിച്ചു.

“ഇല്ല മാഡം, എന്നോടും മമ്മിയോടും ഒരു തരം പുച്ഛമായിരുന്നു ഡാഡിക്കും പീറ്ററിനും, എനിക്ക് മമ്മിയെ വിട്ട് ദൂരെപോയി പഠിക്കേണ്ട എന്ന് ഞാൻ നിർബന്ധം പിടിച്ചിട്ടും അവരെന്നെ വിദേശത്തേക്കയച്ചത് ഇവിടെ നിന്ന് എന്നെ മാറ്റാൻ വേണ്ടി തന്നെയാണെന്നെനിക്കിപ്പോൾ ഉറപ്പായി മാഡം.., പഠനംകഴിഞ്ഞിവിടെ ഹോസ്പിറ്റലിൽ ഞാൻ ഇനിമുതൽ ജോലിചെയ്തോളാം എന്ന് പറഞ്ഞപ്പോഴും അവരെന്നെ എതിർത്തിരുന്നു . “അതായത് ഈ വീട്ടിൽ വേറെ ഒരാൾ താമസിക്കുന്നത് അവർക്ക് പ്രശ്നം ആയിരുന്നു ,അത് സ്വന്തം മകനാണെങ്കിലും അതായത് ഈ വീട്ടിൽ എന്തൊക്കെയോ നിഗൂഡതകൾ ഉണ്ട് ഫിലിപ്പേ പക്ഷേ അതെങ്ങനെ കണ്ടെത്തും ..”?

“ഈ വീട്ടിൽ വെച്ച് നടന്ന എന്തോ കാര്യം നേരിട്ട് കണ്ടത്തിനു ശേഷമാണ് ഫിലിപ്പിന്റ്റെ മമ്മിയുടെ സ്ഥിതി ഇങ്ങനെ ആയത്, അതായത് ഈ വീട്ടിലെവിടെയോ എന്തോ മറഞ്ഞിരിക്കുന്നുണ്ട് ഫിലിപ്പ് , ഭദ്ര ആലോചനയോടെ അയാളെ നോക്കി .. ” മാഡം, എന്നെക്കാൾ കൂടുതൽ ഈ വീടിനെപറ്റിയറിയുക ആന്റ്റണി ചേട്ടനും രമണി ചേടത്തിക്കും ആയിരിക്കും.., ഫിലിപ്പ് പെട്ടെന്ന് പറഞ്ഞു ആരാണ് ആന്റണിയും രമണിയും…..? “ഇവിടുത്തെ ജോലികാരാണ് മാഡം, ഒരുപാടുവർഷമായ് അവരിവിടെ ഉണ്ട്. ..”

ഫിലിപ്പ് പറഞ്ഞതും ഭദ്ര അവരെ വിളിപ്പിച്ചു.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടും കേട്ടും പരിഭ്രമിച്ചു നിന്നിരുന്ന ആണ്റ്റണിയും രമണിയും പേടിയോടെ ഭദ്രയ്ക്ക് മുമ്പിലെത്തി. .. “നിങ്ങൾ പേടിക്കുകയൊന്നും വേണ്ട…, കുറച്ചു കാര്യങ്ങൾ ഈ വീടിനെ പറ്റി ഞങ്ങൾക്കറിയണം ,അപ്പോൾ ഫിലിപ്പ് പറഞ്ഞു നിങ്ങളോട് ചോദിച്ചാൽ മതിയെന്ന് അതാണ് ട്ടോ..” ഭദ്ര അവരുടെ ഭയംകണ്ടു പറഞ്ഞു “സാറേ … ,ഞാൻ രാവിലെ വന്നാലിവിടുത്തെ ജോലികൾ തീർത്ത് എന്റെ വീട്ടിൽ പോവും എനിക്ക് ഒന്നും അറിയില്ല രമണിവിറച്ചു കൊണ്ട് പറഞ്ഞു.

“ഇവിടെ അടുത്താണോ രമണിയുടെ വീട് .? “അതേ സാറെ, കുറച്ചു പോയാൽ മതി.. “ഓകെ ആന്റണിയുടെ വീടും ഇവിടെ അടുത്താണോ..? ഭദ്ര ആന്റണിയെ നോക്കി “മാഡം, ആന്റണി ചേട്ടന് വീടും കുടുംബവും ഒന്നും ഇല്ല “… ഫിലിപ്പ് പറഞ്ഞു “ശരിയാ സാറെ, എനിക്ക് വേറെ കിടപ്പാടമോ കുടുംബമോ ഒന്നും ഇല്ല . ഇവിടെ തന്നെയാണെന്റ്റെ ജീവിതം… ആന്റണി പറഞ്ഞു നിർത്തിയതും ഭദ്ര അയാളെ സൂക്ഷിച്ച് നോക്കി ..,, “അപ്പോൾ രാത്രിയും പകലും ആന്റണി ഈ വീട്ടിൽ തന്നെ ഉണ്ടാവും അല്ലേ..? ഭദ്ര അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു “ഇല്ല സാറെ, രാത്രി ഇപ്പോൾ ഞാനിവിടെ ഉണ്ടാവില്ല …

ഈ വീട് പുതുക്കി പണിയുന്നത് വരെ പഴയ വീടിന്റെ ചായ്പ്പിലായിരുന്നു എന്റ്റെ കിടത്തം പിന്നെ ഇതുണ്ടാക്കിയപ്പോൾ, ജോസപ്പൻ സാറുപറഞ്ഞു പറമ്പിന്റ്റെ അതിർത്തിയിലൊരു കാവൽ പുരയുണ്ട് അവിടെ കിടന്നോളാൻ അതുകൊണ്ട് അന്ന് മുതൽ രാത്രി ഞാനവിടെയാ കിടക്കുക” അയാൾ പറഞ്ഞു “അതായത് ആന്റണിയെയും ഇവിടെ നിന്ന് ജോസപ്പൻ മാറ്റിയെങ്കിൽ ഈ വീടിനെന്തോ പറയാനുണ്ട് ഷാനവാസേ നമ്മളോട് …,” ഭദ്ര പ്രതീക്ഷയോടെ പറഞ്ഞതും ഷാനവാസ് കൂടെയുളളവരെ നോക്കി … ബംഗ്ളാവ് മുഴുവൻ നടന്നു നോക്കിയിട്ടും ഒന്നും കണ്ടെത്താൻ കഴിയാതെ നിരാശരായ് ഇരിക്കുകയാണോരോരുത്തരും…!!

“ആന്റണിക്ക് ഈ വീടിനെകുറിച്ചെന്തെങ്കിലും കൂടുതൽ അറിയുമോ ..? ഭദ്ര അയാളോട് ചോദിച്ചു .. “കൂടുതൽ എന്നു വെച്ചാൽ എന്താണ് സാറെ, ഇതിന്റെ പണികളെല്ലൊം ചെയ്തത് പുറത്തു നിന്ന് പീറ്റർ കുഞ്ഞു വരുത്തിയ ആളുകളാണ് .., പിന്നെ പഴയ തറവാട് മുഴുവൻ പൊളിച്ചു കളയാതെ പുതിയതുമായ് ചേർത്തും കുറെയൊക്കെ ചെയ്തിട്ടുണ്ട് ..” അയാൾ പറഞ്ഞതും വീടിനകത്തുനിന്ന് ഗ്രേസിയമ്മ ഉറക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി … “സാറെ , ഗ്രേസികൊച്ചിന് ഇന്നലെ മുതൽ മരുന്നുകൾ ഒന്നും കൊടുക്കാത്തതുകൊണ്ട് ആകെ ഒച്ചപാടാ” രമണിപറഞ്ഞു അതെന്താ നിങ്ങൾ മരുന്ന് നൽകാത്തത്. ..?

“അത് ,മരുന്നുകൾ എല്ലാം വലിയ സാറാണ് കൊടുക്കുക…, ഏതാണത് എന്ന് ഞങ്ങൾകാർക്കും അറിയില്ല ..” രമണിവീണ്ടും പറഞ്ഞതും ഫിലിപ്പ് വേഗം മമ്മിയുടെ മുറിയിലേക്ക് നടന്നു കൂടെ മറ്റുളളവരും. . ഗ്രേസിയുടെ മുറിയിലാകെ സാധനങ്ങൾ കീറിപറിച്ചിട്ടിരിക്കുകയായിരുന്നു,തലയിണയിലെ പഞ്ഞി മുറിയാകെ പാറിനടക്കുന്നതു കണ്ട ഫിലിപ്പ് വേദനയോടെ മമ്മിയെ നോക്കി..,, “മാഡം ഞാൻ മമ്മിയുടെ മുറിയൊന്ന് തുറന്നോട്ടെ .? ഫിലിപ്പ് ഭദ്രയോട് ചോദിച്ചു ഫിലിപ്പിനെ നോക്കിയ ഗ്രേസിയുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നത് ഭയവുംദേഷ്യവുംമാണെന്ന് കണ്ട ഭദ്ര ഫിലിപ്പിനെ പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും അവനാ മുറിക്കുളളിലേക്ക് കയറി.

ഫിലിപ്പിനെ പേടിയോടെ നോക്കി കൊണ്ട് ഗ്രേസി ഓരോ ചുവടുകൾ പിന്നോട്ടു വെച്ച് ചുമരിൽ തലയടിച്ച് നിൽക്കുന്നത് ഭദ്രയും കൂട്ടരും നെഞ്ചിടിപ്പോടെ നോക്കി നിന്നു … പെട്ടന്നാണ് വികൃത ശബ്‌ദം ഉണ്ടാക്കികൊണ്ട് ഗ്രേസി ഫിലിപ്പിനെ അക്രമിച്ചത്…, തടയാനായ് ഷാനവാസ് മുറിക്കുള്ളിലേക്ക് ഓടികയറവേ അയാളെ പിന്നോക്കം തള്ളിയിട്ട് ഗ്രേസി മുറിയിൽ നിന്ന് പുറത്തേക്ക് കുതിച്ചു. ..!! ഗ്രേസിയുടെ പുറകെ ഭദ്ര കുതിച്ചെങ്കിലും ഓഫീസുമുറിയോട് ചേർന്ന പ്രാർഥനാമുറിയിൽ ഗ്രേസിയുടെ ഓട്ടം നിലച്ചു , അവൾ ചുമരിലെ യേശുദേവന്റ്റെ ഫോട്ടോയിൽ നോക്കി വികൃത ശബ്ദം ഉണ്ടാകി തലയിട്ടുരുട്ടാൻ തുടങ്ങി …

“സാറെ…, ആണ്റ്റണി പെട്ടെന്ന് വിളിച്ചു എന്താ ആണ്റ്റണി..? “സാറെ..,എപ്പോൾ മുറിയിൽ നിന്നിറങ്ങി ഓടിയാലും ഗ്രേസിയമ്മ വന്നു നിൽക്കുക ഈ പ്രാർത്ഥനാ മുറിയിലാണ്, അയാൾ പറഞ്ഞതും ഭദ്ര ആ മുറിയിലാകെ കണ്ണോടിച്ചു. .. “ആന്റണി ഇത് പഴയ തറവാടിന്റ്റെ ഭാഗമാണോ.? അവൾ പെട്ടെന്ന് അയാളോട് ചോദിച്ചു .. “അതേ സാറെ, ഈ പ്രാർഥന മുറി പഴയ വീടിന്റെ ആണ് , ഇത് പൊളിക്കാതെ വെച്ചതാ.., പക്ഷേ ഇവിടെ ആരും പ്രാർത്ഥന ചൊല്ലാറില്ല.., അധികം ആരും വരുകയും ഇല്ല ഇവിടെ .. അതെന്താ ആണ്റ്റണി ..?

ഇവിടെയുംപിന്നെ ആ ഓഫീസു മുറിയിലും ഞങ്ങളോട് ആരോടും കയറരുതെന്ന് ജോസപ്പൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് സാറെ, ഇവിടെ പീറ്ററും ലീനകൊച്ചും വലിയ ഡോക്ടറും മാത്രമാണ് വരുക..!! അയാൾ പറഞ്ഞു നിർത്തിയതും ഭദ്ര ആ പ്രാർത്ഥനാ മുറിയിലേക്ക് കയറി.. “രാജീവ്..,, അവളുടെ വിളിയുടെ അർത്ഥം മനസ്സിലാക്കിയ രാജീവും സംഘവും ആ മുറിയുടെ ഓരോ ഭാഗവും സൂക്ഷ്മതയോടെ നോക്കാൻ തുടങ്ങി . .. ഭദ്ര ഗ്രേസിയുടെ അരികിലേക്ക് നീങ്ങിയതും അവൾ പുറത്തേക്ക് ഓടാനൊരുങ്ങിയത് ഭദ്ര തടഞ്ഞു . ഫിലിപ്പിനോടൊപ്പം രണ്ടാളുകൾ ചേർന്ന് ബലമായി ഗ്രേസിയെ അവിടെ നിന്ന് മുറിയിലേക്ക് കൊണ്ടു പോയി.

ചുമരിലെ യേശുദേവന്റ്റെ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കിയ ഭദ്ര പെട്ടന്നൊരാവേശത്തിൽ ആ ചുമരിലിടിച്ചതും ആ ചുമരൊന്ന് കുലുങ്ങിയതുപോലെ ഭദ്രയ്ക്ക് തോന്നി .. “ഷാനവാസ്.., ഇവിടെ, ഇവിടെ പരിശോദിക്കൂ .. ഭദ്രയുടെ നിർദ്ദേശാനുസരണം ചുമരിലെ വലിയ ഫോട്ടോ ഷാനവാസും കൂട്ടരും എടുക്കാൻ ശ്രമിക്കവേ ചെറിയൊരു ശബ്ദത്തോടെ ആ ചുമരുള്ളിലേക്ക് നീങ്ങി പോയി ..!! “മാഡം ,ദാ ഇവിടെ ഒരു വാതിൽ..!! ഷാനവാസ് ആവേശത്തോടെ വിളിച്ചു പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ അവിടേക്കായ്… അവിടെചെന്നു നോക്കിയ ഭദ്രയുടെ കണ്ണുകൾ തിളങ്ങി “ഷാനവാസ് വേഗം ലൈറ്റ് കൊണ്ടു വരൂ..,,

” ഹരീ താൻ ഒപ്പം തന്നെ വേണം , അറിയാലോ ഓരോ മുക്കും മൂലയുംവരെ ക്യാമറയിൽ പതിഞ്ഞിരിക്കണം “അവൾ ഹരിയോട് പറഞ്ഞു “ശരി മാഡം,,, ക്യാമറ സെറ്റുചെയ്തുകൊണ്ട് ഹരിപറഞ്ഞു ഭദ്ര ആ രഹസ്യ വാതിലിനു നേരെ നീങ്ങിയതും ഷാനവാസ് അവളുടെ മുന്നിൽ കയറി “മാഡം ഞാൻ മുമ്പിൽ പോകാം, അവിടെ എന്തെങ്കിലും അപകടം ഉണ്ടോയെന്നറിയില്ലല്ലോ ..? ഷാനവാസ് മുമ്പിലും മറ്റുള്ളവർ പുറകിലുമായാ രഹസ്യ വാതിലിനടുത്തെത്തി .. ഷാനവാസാ വാതിൽ ശക്തിയോടെ ഉളളിലേക്ക് തള്ളിയതും മുകളിൽ നിന്നൊരു താക്കോൽ കൂട്ടം അവന്റെ മുന്നിലേക്ക് വീണു …

“ഓ.., ഇതൊക്കെ ഇവിടെ തന്നെ വെച്ചിരുന്നോ” എന്ന ചോദ്യത്തോടെ ഷാനവാസ് ആ താക്കോൽ എടുത്ത് വാതിൽ തുറന്നതും താഴേക്ക് നീണ്ടു പോവുന്ന കുറെ പടികൾ അവർ കണ്ടു.. “ഷാനവാസ്, ഇതേതോ ഭൂഗർഭ അറയാണെന്ന് തോന്നുന്നു സൂക്ഷിച്ച് പോണം” ഭദ്ര അയാൾക്ക് മുന്നറിയിപ്പ് നൽകുമ്പോഴും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചിരുന്നു മുന്നിൽ തങ്ങളെ കാത്തിരിക്കുന്നതെന്തെന്ന ചിന്തയിൽ. ..!!

ശ്രദ്ധയോടെ പടികളിറങ്ങിയവരൊരു ചെറിയ വാതിലിനടുത്തെത്തിയതും ഷാനവാസ് ആ വാതിൽ മെല്ലെ ഒന്ന് തള്ളി.. ഉളളിലേക്ക് തുറന്ന വാതിലിനകത്തേക്ക് ടോർച്ചടിച്ച് നോക്കിയതും ഒരു ഞെട്ടലോടെ ഷാനവാസ് പിന്നോട്ടു വേച്ചു പോയി .. “യാ അല്ലാഹ്…..”അവനിൽ നിന്നൊരു ശബ്ദമുയർന്നു….!!

തുടരും…..

ഭദ്ര IPS : ഭാഗം 14