Wednesday, January 22, 2025
Novel

ഭദ്ര IPS : ഭാഗം 11

എഴുത്തുകാരി: രജിത ജയൻ

ഭദ്ര മാഡം…..,,, പെട്ടെന്ന് ജോസപ്പൻ ഡോക്ടർ വിളിച്ചപ്പോൾ ഭദ്ര തിരിഞ്ഞയാളെ നോക്കി , ജോസപ്പന്റ്റെയും പീറ്ററിന്റ്റെയും വിളറി രക്തം വാർന്ന മുഖം ഒറ്റനോട്ടത്തിൽ തന്നെ ഭദ്രയുടെ കണ്ണിലുടക്കി. “എന്താ ഡോക്ടർ മുഖമാകെ വിളറിയതുപോലെ ..? ഞങ്ങളെ ഇവിടെ പ്രതീക്ഷിച്ചില്ലേ താങ്കൾ…? ഭദ്ര ഒരു ചിരിയോടെ ചോദിച്ചു … “മാഡത്തെയും, ടീംമിനെയും ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുറച്ചു ദിവസങ്ങളായിട്ട്.., പിന്നെ എന്തിനാണ് മാഡം നിങ്ങളെ കണ്ടിട്ട് ഞങ്ങൾ പരിഭ്രമിക്കുന്നത്…? ജോസപ്പൻ ഡോക്ടർ മറുചോദ്യമെറിഞ്ഞു…. “ഓകെ ഡോക്ടർ , ഞങ്ങൾ ഇവിടേക്ക് വരാനല്പം താമസിച്ചു….,

താങ്കൾക്കറിയാലോ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്നതെന്തൊക്കെയാണെന്ന്…?” “അറിയാംമാഡം, കാണാനില്ലാന്നെല്ലാവരും പറഞ്ഞ ജേക്കബ്ബച്ചനെ നിങ്ങൾ സെമിത്തേരിയിൽ നിന്നു കണ്ടെടുത്തൂന്നറിഞ്ഞ നിമിഷം മുതൽ പേടിച്ച് ഇരിക്കുകയാണ് ഞങ്ങൾ ,പീറ്ററിനെ നോക്കി ജോസപ്പൻ പറഞ്ഞു … ”നിങ്ങൾ എന്തിനാണ് ഡോക്ടർ പേടിക്കുന്നത്..? അച്ചന്റ്റെ മരണത്തിൽ നിങ്ങൾക്ക് വല്ല പങ്കും ഉണ്ടോ..? തുറന്നടിച്ചതു പോലെയുള്ള ഭദ്രയുടെ ചോദ്യം കേട്ടതും പീറ്ററിലൊരു ഞെട്ടലുണ്ടായതു അവനരികിൽ നിന്നിരുന്ന ജോസപ്പൻ ഡോക്ടർ തിരിച്ചറിഞ്ഞു . ഞങ്ങൾക്ക് പങ്കോ. ..?

അതും അച്ചന്റ്റെ മരണത്തിൽ..? മാഡമെന്താണിങ്ങനെയൊക്കെ പറയുന്നത് …? ഞങ്ങൾ ഭയന്നതും പേടിച്ചതും ഞങ്ങളുടെ ലീന മോളെ ഓർത്താണ്…, അവളെയും അച്ചനൊപ്പം കാണാതായതല്ലേ..,ഇനിയവളെയും തിരിച്ചു കിട്ടുന്നത് ശവശരീരമായിട്ടാവുമോ എന്ന ഭയത്തിലാണ് ഞങ്ങൾ . “മിസ്റ്റർ ജോസപ്പൻ “!!! ജോസപ്പൻ ഡോക്ടർ പറഞ്ഞു പൂർത്തിയാക്കുന്നതിനുമുമ്പേ അയാളുടെ ശബ്ദത്തെ മറികടന്നു ഭദ്രയുടെ ശബ്ദമുയർന്നു .. ആ വിളിയിലൊരുമാത്ര ഭദ്രയ്ക്കൊപ്പം ഉണ്ടായിരുന്നവർ കൂടി ഞെട്ടി … “സീ മിസ്റ്റർ ജോസ്, നിങ്ങൾ ലീനയെ കാണാതായിയെന്ന് പറഞ്ഞത് മുതൽ തന്നെ പോലീസും പത്രങ്ങളും നാട്ടുകാരും നിങ്ങളോട് ചോദിച്ചൊരു ചോദ്യമുണ്ട്, ലീന അച്ചനൊപ്പം നാടുവിട്ടതാണോന്ന് …?

അതുകേട്ടപ്പോഴെല്ലാം നിങ്ങളുടെ കൊച്ചിനെ നിങ്ങൾക്കറിയാമെന്നു പറഞ്ഞിരുന്ന നിങ്ങളെങ്ങനെ ഇപ്പോൾ പറയും ലീനയെ കാണാതായത് അച്ചനൊപ്പം ആണെന്ന്…?” ഇതുവരെയില്ലാത്തൊരു വെളിപാടെങ്ങനെ പെട്ടെന്ന് നിങ്ങൾക്കുണ്ടായി..? ഭദ്രയുടെ പെട്ടെന്നുയർന്ന ശബ്ദവും ചോദ്യങ്ങളും ജോസപ്പനെ ശബ്ദമില്ലാത്തവനാക്കി. പറയൂ ഡോക്ടർ, നിങ്ങളെങ്ങനെ ഇപ്പോൾ വിശ്വസിക്കാൻ കാരണമെന്താണ് ..? “മാഡം അത് ഡാഡി എന്റ്റെ പേടിയും ഭയവും കണ്ടറിയാതെ പറഞ്ഞു പോയതാണ്.” പീറ്റർ വേഗം ജോസിന്റെ രക്ഷക്കെത്തി . “പീറ്ററിനെന്താണ് ഇത്രയധികം പേടി…?

“മാഡം എന്റെ പ്രാണനെക്കാൾ ഞാൻ സ്നേഹിക്കുന്നതാണ് ലീനയെ , അവളെ കാണാതായ അന്നുമുതൽ ഞാൻ അനുഭവിക്കുന്ന വേദനയെത്രയാണെന്ന് നിങ്ങൾക്കാർക്കും ഊഹിക്കാൻ പോലും പറ്റില്ല. അപ്പോഴാണ് കാണാനില്ല എന്ന് എല്ലാവരും പറഞ്ഞ ജേക്കബ് അച്ചനെ നിങ്ങൾ ശവമായി കണ്ടെത്തുന്നത്.., ചിന്തകൾ ആധികൊണ്ട് കാടുകയറിയ ഞാൻ തന്നെയാണ് അല്പം മുമ്പ് കൂടി ഡാഡിയോട് ചോദിച്ചത് നമ്മുക്ക് നമ്മുടെ ലീനയെ ജീവനോടെ തിരികെ കിട്ടില്ലേന്ന്, അതാവും ഡാഡി ഇങ്ങനെ.. “ഓകെ ..,ഓകെ പീറ്റർ … ഡാഡിയ്ക് പറ്റിയ അബദ്ധം മറയ്ക്കാൻ നിങ്ങളിനിയും കഥകൾ മെനയണമെന്നില്ല.. ഭദ്ര പറഞ്ഞു .

“മാഡം കഥയല്ല ഞാൻ പറഞ്ഞത് , അവളെ കാണാനില്ല എന്ന് ഞങ്ങൾ പരാതി തന്നിട്ടെത്ര നാളായി പക്ഷേ നിങ്ങൾ ഒന്ന് തിരക്കിയതുപോലും ഇല്ലല്ലോ…? ഇവിടേക്ക് നിങ്ങൾ വരുന്നതുപോലും ഇപ്പോൾ ആണ് . പീറ്റർ ഭദ്രയുടെ നേരെ തിരിഞ്ഞതും ഭദ്ര അയാളെ ഒന്നു നോക്കി. “പീറ്റർ ലീനയെ കാണാതായി എന്ന് നിങ്ങൾ പറയുമ്പോഴും, ഞങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾ അവരെ ഒളിപ്പിച്ചു എന്നാണ് . എന്തിന് ..? എന്തിനുവേണ്ടി ഞങ്ങളത് ചെയ്യണം മാഡം..? മാഡം വെറുതെ ഭ്രാന്തു വിളിച്ചു പറയരുത് . പീറ്റർ ഭദ്രയ്ക്ക് നേരെ ശബ്ദം ഉയർത്തി . അയാളെ തന്നെ സസൂക്ഷ്മം നോക്കി നിന്നിരുന്ന ഭദ്ര പെട്ടെന്ന് ജോസപ്പൻ ഡോക്ടരുടെ നേരെ തിരിഞ്ഞു.

“ഡോക്ടർ ശരി , ലീനയെ കാണാതെ പോയതു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നു .., പക്ഷേ എന്റെ ഒരു ചോദ്യത്തിന് നിങ്ങൾ ഉത്തരം തരണം , തെന്മല സുനി എന്ന റൗഡിയോട് ലീനയെ കണ്ടെത്തി തരാൻ നിങ്ങൾ ആവശ്യപ്പെട്ടിരുന്നോ…? “ആവശ്യപ്പെട്ടായിരുന്നു .., പോലീസിന് കഴിയാത്തത് അവർക്ക് കഴിഞ്ഞാലോ എന്ന വിശ്വാസം കൊണ്ടാണ് അങ്ങനെ പറഞ്ഞത് ..!! ഒട്ടും പതറാതെ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതു പോലെ ജോസപ്പൻ പറഞ്ഞു. “അതെ ലീനയെ ഞങ്ങൾ തിരഞ്ഞാൽ കിട്ടില്ല എന്ന വിശ്വാസം നിങ്ങൾക്ക് ഉണ്ട്, അതുപോലെതന്നെ അച്ചന്റ്റെ ശവശരീരം ഞങ്ങൾ കണ്ടെത്തില്ല എന്ന വിശ്വാസവും നിങ്ങൾക്കുണ്ടായിരുന്നു അല്ലേ മിസ്റ്റർ. ..?

കാരിരുമ്പിന്റ്റെ മൂർച്ചയുളള ശബ്ദത്തിൽ ഭദ്രയതു ചോദിച്ചപ്പോൾ ഡോക്ടറും മകനും ഒരുപോലെ ഞെട്ടുന്നത് ഷാനവാസുൾപ്പെടെ എല്ലാവരും കണ്ടു . “നിങ്ങൾ എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത്…? നിങ്ങൾ മനപ്പൂർവം ഞങ്ങളെ കരിവാരിതേക്കുകയാണ് മിസ് ഭദ്ര ഐ പിഎസ്. ജോസപ്പൻ പകയോടെ മുരണ്ടു. “ഞാൻ നിങ്ങളെ മനപ്പൂർവം ഒന്നും ചെയ്യുന്നില്ല ഡോക്ടർ , കപ്യാരു വറീതു തന്ന മൊഴിയനുസരിച്ച് സെമിത്തേരിയിൽ നിന്നു കിട്ടിയ പെൺകുട്ടികളുടെ മരണത്തിൽ നിങ്ങൾക്ക് പങ്കുണ്ട്. മാഡം വാട്ട് യൂ മീൻ …? “യൂ നോ വാട്ട് ഐയാം സെഡ് ഡോക്ടർ. ..!! ഭദ്രയും ശബ്ദമുയർത്തി “വറീതു കണ്ടിരുന്നോ ഞങ്ങൾ ആ പെൺകുട്ടികളെ കൊണ്ടു പോയി കൊല്ലുന്നത്…?

“വറീതു കണ്ടില്ല, പക്ഷേ ശവക്കുഴി തൊമ്മി കണ്ടിരുന്നു ഷാനവാസ് പറഞ്ഞു . “ഷാനവാസ്…, നിങ്ങളുടെ ബുദ്ധിയും മരവിച്ചു പോയോ ഇവരുടെ കൂടെ കൂട്ടിയിട്ട് ..? ഒരു ഭ്രാന്തന്റ്റെ വാക്കുകൾ കേട്ട് എന്നെ സംശയിക്കുന്നു, കഷ്ടം.” “തൊമ്മിയൊരു ഭ്രാന്തനൊന്നുമല്ല ഡോക്ടർ ,അവൻ പറഞ്ഞത് മുഴുവൻ സത്യം ആണെന്നും ഞങ്ങൾക്കറിയാം.., ഞങ്ങൾക്കു മാത്രമല്ല ജേക്കബ് അച്ചനും അറിയാമായിരുന്നു.. ആ അറിവാണ് അവരുടെ മരണത്തിനു കാരണമായതും. അതുപോട്ടെ , ലാസ്റ്റൊരു ചോദ്യം കൂടി , ലീന ഡോക്ടർ യു എസിലേക്ക് കൊണ്ടു പോയ ആ കുട്ടികളെങ്ങനെ ഇവിടെ നാട്ടിലെത്തി ..? ബാക്കി കുട്ടികൾ എവിടെ..? നിങ്ങൾ ഉത്തരം പറഞ്ഞേ മതിയാവുകയുളളു ഡോക്ടർ .

“എനിക്ക് ഇതിനൊന്നും ഉത്തരം പറയേണ്ട ആവശ്യമില്ല മിസ് ഭദ്ര ഐ പി എസ്, കാരണം ആ കുട്ടികളെ ഇവിടെ നിന്ന് വിദേശത്തേക്ക് പറഞ്ഞയച്ചത് ഞങ്ങൾ അല്ല.., ലീനയും അച്ചനും ചേർന്നാണ് അതുകൊണ്ട് തന്നെ വിവരങ്ങൾ അവരോട് ചോദിച്ചു നോക്കണം. ഒട്ടും പതർച്ചയില്ലാതെ ഉറച്ച ശബ്ദത്തിൽ ഡോക്ടർ ജോസതു ഭദ്രയുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ പകച്ചു പോയത് ഷാനവാസും കൂട്ടരുമാണ് . “അച്ചനോട് ചോദിക്കാൻ പറ്റില്ലല്ലോ ജോസപ്പാ.., അച്ചൻ മരിച്ചു പോയില്ലേ ..? അല്ല, കൊല്ലപ്പെട്ടില്ലേ..? പിന്നെ ഇനിയവശേഷിക്കുന്നത് ഡോക്ടർ ലീനയാണ്, അവളെ കാണാനും ഇല്ല, ഇനി ജീവനോടെ കണ്ടെത്തുമോയെന്ന ഉറപ്പും ആർക്കും ഇല്ല .

പക്ഷേ ജോസപ്പാ, ഇവരൊക്കെ മരിച്ചു പോയാലും ഞാൻ ഈ ഭൂമിയിൽ ബാക്കിയുണ്ടെങ്കിൽ കണ്ടെത്തും നിനക്കെതിരെയുളള തെളിവുകൾ , നീയെത്ര വിദഗ്ധനായ കൊലയാളിയാണെങ്കിലും..!! കാരണം വഴിതെറ്റി ഈ തെന്മലയിൽ വന്നു ചേർന്നവളല്ല ഭദ്ര, വ്യക്തമായ പരാതി നിനക്കെതിരെ ജേക്കബച്ചൻ മരണത്തിനു മുമ്പ് തന്നെ എനിക്ക് തന്നിരുന്നു അതുവെച്ച് വേണമെങ്കിൽ എനിക്ക് ഈ നിമിഷം നിന്നെയും മക്കളെയും അറസ്റ്റ് ചെയ്യാം പക്ഷേ ചെയ്യുന്നില്ല ഞാൻ , കാരണം നിന്നെ പോലൊരു വിഷത്തെ വേരോടെ പിഴുത്തെറിയാനീ തെളിവുകൾ ഒന്നും പോരാ എന്നെനിക്കറിയാം ,ആ തെളിവുകൾ നേടി ഞാൻ വരും നിന്നെ ആഘോഷമായിട്ട് കൊണ്ടു പോവാൻ അതിനുവേണ്ടി ആ സെമിത്തേരിയിലെ മുഴുവൻ കല്ലറകളും ചിലപ്പോൾ ഞാൻ തുറന്നെന്നിരിക്കും …!!

തീ തുപ്പുന്ന ഭദ്രയുടെ വാക്കുകൾക്ക് മുന്നിൽ ജോസപ്പനും പീറ്ററും പകച്ചു നിന്നപ്പോഴാണ് ഫിലിപ്പ് അകത്തു നിന്ന് അങ്ങോട്ടു വന്നത് . മുന്നിൽ പോലീസിനെ കണ്ടവനൊന്ന് ഞെട്ടി. “ഫിലിപ്പ് അല്ലേ..? ഭദ്രയുടെ നോട്ടം അവനിൽ പതിഞ്ഞതും ജോസപ്പനിലൊരു വിറയൽ പടർന്നു. “അതെ മാഡം. മാഡവും കൂട്ടരുമെന്താണ് മുറ്റത്ത് തന്നെ നിൽക്കുന്നത്..? കയറി വന്നാട്ടെ അകത്തേക്ക്, ഇരുന്ന് സംസാരിക്കാമല്ലോ.? ഫിലിപ്പിന്റ്റെ ചോദ്യം കേട്ടപ്പോഴാണ് ഇത്രയും നേരം തങ്ങൾ ഭദ്രയെ ഒന്നകത്തേക്ക് പോലും ക്ഷണിച്ചില്ലല്ലോയെന്ന ചിന്ത ജോസപ്പനുണ്ടായത് ,പെട്ടെന്ന് പോലീസിനെ കണ്ട പരിഭ്രമത്തിലെല്ലാം മറന്നു .

ഇറ്റ്സോക്കെ ഫിലിപ്പ് , ഞങ്ങൾ വന്ന കാര്യം കഴിഞ്ഞു ഗിരീഷ് പറഞ്ഞു . “സാർ ലീന ചേച്ചിയെകുറിച്ച് വിവരമെന്തെങ്കിലും.? “അപ്പോൾ ഇതുവരെ ഇവിടെ നടന്ന സംഭാഷണങ്ങളൊന്നും ഫിലിപ്പ് കേട്ടില്ലേ ..? ഭദ്ര ഫിലിപ്പിനെ ചുഴിഞ്ഞു നോക്കി . “ഇല്ല മാഡം, ഞാൻ മമ്മിയുടെ അരികിലായിരുന്നു. മമ്മിക്കെന്തു പറ്റി..? മാഡം ജോസപ്പൻ ഡോക്ടറുടെ ഭാര്യ സുഖമില്ലാത്ത സ്ത്രീ ആണ് , ഷാനവാസ് ഇടയിൽ കയറി പറഞ്ഞു . എന്താണസുഖം ഷാനവാസ് ? “മാഡം,രണ്ട് മൂന്ന് മാസം മുമ്പ് മമ്മി ബിപികൂടി അപ്സ്റ്റെയറിൽ നിന്ന് താഴേക്ക് വീണു വീഴ്ചയുടെ ആഘാതത്തിൽ മമ്മി അബ്നോർമലായി “.

നിറയുന്ന കണ്ണുകൾ തുടയ്ക്കാൻ ശ്രമിക്കാതെ വേദനയോടെ ഫിലിപ്പ് പറഞ്ഞു നിർത്തിയതും ഭദ്രയുടെ നോട്ടം ബംഗ്ളാവിനകത്തേക്കു നീണ്ടു. എനിക്ക് ഡോക്ടറുടെ ഭാര്യയെ ഒന്ന് കാണാൻ പറ്റുമോ ..? അവൾ ജോസപ്പനു നേരെ തിരിഞ്ഞതും ഫിലിപ്പ് ഇടപ്പെട്ടു. “മാഡം വന്നോളൂ, മമ്മി അകത്തെ മുറിയിലാണ്..” പറഞ്ഞു കൊണ്ട് ഫിലിപ്പ് മുന്നിൽ നടക്കവേ ഭദ്രയും ടീംമും അവനെ പിൻതുടർന്നു , അകത്തേക്ക് നടക്കുമ്പോൾ ഭദ്രയുടെ കണ്ണുകൾ ആ വീടിനുളളിലാകെ സഞ്ചരിച്ചു. അവരുടെ പോക്ക് നോക്കി നിന്ന പീറ്റർ പകയെരിയുന്ന കണ്ണുകളോടെ അകത്തേക്ക് നടക്കുന്ന ഫിലിപ്പിനെ നോക്കി ,പിന്നെ മെല്ലെ അവൻ ഡാഡിയുടെ അടുത്തേക്ക് നീങ്ങി നിന്നു .

“ഡാഡീ , എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ..? ഏയ് ഇല്ലെടാ , കുറച്ചു മുമ്പ് അല്ലേ അവൾക്ക് മരുന്നുകൾ നൽകീത് ഇപ്പോൾ അവളുറങ്ങിയിട്ടുണ്ടാവും. ജോസപ്പന്റ്റെ വാക്കുകൾ കേട്ട് പീറ്ററൊന്ന് ദീർഘനിശ്വാസം വിട്ടു. “ഡാഡി, ഡാഡിയെന്തിനാ എല്ലാ കുറ്റവും ലീനയുടെ മുകളിലാക്കിയത് ? ഇനിയവൾ തിരിച്ചു വരുമ്പോൾ വിനയാകില്ലേ അത് ? “അതല്ലാതെ അപ്പോൾ വേറെ വഴിയില്ലായിരുന്നു പീറ്റർ ,നീ കേട്ടില്ലേ അവൾ പറഞ്ഞത് ? “മരിക്കുന്നതിനു മുമ്പ് തന്നെ ആ കിഴവൻ അവളെ കണ്ടു നമ്മുക്കെതിരെ പരാതി നൽകിയിരുന്നെന്ന്, എന്തൊക്കെയാണയാൾ പറഞ്ഞു കൊടുത്തതെന്ന് നമ്മുക്കറിയില്ല, അതുപോലെ ഇനിയവൾ ആ സെമിത്തേരിയിൽ ഒന്നുകൂടി ചെന്നാൽ അന്ന് നമ്മൾ ഇല്ലാതെയാക്കിയ ആ നാലു പെൺകുട്ടികളെ കൂടി മാന്തി പുറത്തെടുത്താൽ.., പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ജോസപ്പൻ ഡോക്ടർ ഞെട്ടലോടെ നിർത്തിയപ്പോൾ പീറ്റർ കണ്ടു വാതിലിനരികെ എല്ലാം കേട്ടു നിൽക്കുന്ന ഫിലിപ്പിനെ.!! ഒരുനിമിഷം പീറ്ററിന്റ്റെയും ഫിലിപ്പിന്റ്റെയും കണ്ണുകൾ തമ്മിൽ കൊരുത്തു, ഫിലിപ്പിന്റ്റെ കണ്ണിൽ എരിയുന്ന പകകണ്ട് പീറ്റർ ഭയന്നു, അവനെന്തോ പറയാനായ് ശ്രമിച്ചപ്പോഴാണ് അകത്തു നിന്ന് ഭദ്രയിറങ്ങി വരുന്നത് കണ്ടത്. “മാഡം, ഗ്രേസിയെ കണ്ടോ ? ജോസപ്പൻ പെട്ടെന്ന് ചോദിച്ചു.

“കണ്ടു ,പക്ഷേ അവർ മയങ്ങുകയാണ്, ഇനി പിന്നീടൊരിക്കലാവാം അല്ലേ ഷാനവാസ് കാഴ്ച ? ഭദ്ര ഷാനവാസിനോടു ചോദിച്ചു , ആ ചോദ്യത്തിനു പിന്നിലൊരായിരം അർത്ഥങ്ങൾ മറഞ്ഞു നിൽപ്പുണ്ടെന്ന് ജോസപ്പനും മക്കൾക്കും തോന്നി. “അപ്പോൾ ശരി, വീണ്ടും കാണാം തൽക്കാലം ഞങ്ങൾ ഇറങ്ങുന്നു. പറഞ്ഞു കൊണ്ട് ഭദ്രയും കൂട്ടരും പുറത്തേക്ക് ഇറങ്ങാൻ നേരമാണ് അവർക്ക് കുടിക്കാനുളള ജ്യൂസുമായി ജോലിക്കാരൻ ആന്റണി വന്നത് , “മാഡം ഇത് കുടിച്ചിട്ടു പോവൂ ആന്റണിയുടെ കയ്യിൽ നിന്ന് ട്രേ വാങ്ങി കൊണ്ട് ഫിലിപ്പ് പറഞ്ഞു . “സോറി ഫിലിപ്പ് , പറഞ്ഞു കൊണ്ട് ഭദ്ര മുറ്റത്തേക്ക് നടന്നതും വീണ്ടും അവളുടെ കണ്ണുകളാ പശുക്കളിൽ ഉടക്കി.

അവയ്ക്കെന്തോ പ്രത്യേകയില്ലേ രാജീവ് ? ചോദിച്ചുകൊണ്ട് ഭദ്ര അവയുടെ അരികിലേക്ക് നടന്നു . രാജീവനും കൂട്ടരും ശ്രദ്ധിച്ചു ശരിയാണ് മാഡം പറഞ്ഞത് , ആ പശുകൾക്കെന്തോ ഒരു വ്യത്യസ്തതയുണ്ട് മറ്റുളളവയിൽ നിന്ന്. “ഇതെല്ലാം ലീന കൊച്ച് വളർത്തികൊണ്ടു വന്നതാ സാറെ, പറഞ്ഞു കൊണ്ട് ആന്റണി അവർക്കരികിലേക്ക് നീങ്ങിയതും പെട്ടെന്നാണ് ബംഗ്ലാവിനു കുറച്ചു മാറി പറമ്പിലൂടൊരു ജോലിക്കാരൻ കരഞ്ഞുവിളിച്ചു കൊണ്ടങ്ങോട്ടു വന്നത് “പീറ്റർ സാറേ.

ജോസപ്പൻ സാറെ…..,അവിടെ അവിടെ. … കിതപ്പും വിറയലും കൂടി സംസാരിക്കാൻ സാധിക്കാതെയയാൾ അവിടെ തളർന്നിരുന്നപ്പോൾ അയാൾ ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് ഭദ്രയും കൂട്ടരും പാഞ്ഞു കഴിഞ്ഞിരുന്നു… അവിടെ റബ്ബർ ഷീറ്റ് പുകയ്ക്കുന്ന പുകപെരയിൽ അവരെ കാത്തെന്നപോലെ ഡോക്ടർ ലീനയുടെ അഴുകി തുടങ്ങിയ ശവ ശരീരം കിടപ്പുണ്ടായിരുന്നു. …….!!

തുടരും…..

ഭദ്ര IPS : ഭാഗം 10