Sunday, December 22, 2024
LATEST NEWSSPORTS

നാണംകെട്ട് ഓസ്ട്രേലിയ; സിംബാബ്‍വെയ്ക്ക് ആദ്യ ജയം

സിഡ്നി: ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ എത്തി തോൽപ്പിച്ച് സിംബാബ്‍വെ ചരിത്രവിജയം നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ സിംബാബ്‍വെ മൂന്ന് വിക്കറ്റിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 31 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ സിംബാബ്വെയുടെ ആദ്യ ജയമാണിത്.

ഓൾറൗണ്ടർ റയാൻ ബെയ്ൽ തന്‍റെ മൂന്ന് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. നിർണായകമായ മൂന്ന് ക്യാച്ചുകളും നേടിയ ബെയ്ൽ ആയിരുന്നു കളിയിലെ കേമൻ. 96 പന്തിൽ 94 റൺസാണ് ഡേവിഡ് വാർണർ നേടിയത്. ബാക്കി 38 റൺസ് മറ്റ് ഓസ്ട്രേലിയൻ താരങ്ങൾ നേടി. ഗ്ലെൻ മാക്സ്വെൽ (22 പന്തിൽ 19) ആണ് വാർണറെക്കൂടാതെ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ.

ഡേവിഡ് വാർണർ, ആഷ്ടൻ അഗർ, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരുടെ വിക്കറ്റുകളാണ് ബെയ്ൽ വീഴ്ത്തിയത്. സിംബാബ്‍വെക്കായി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ തദിവനാഷെ മരുമാനി (47 പന്തിൽ 35), ക്യാപ്റ്റൻ റാഗിസ് ചക ബാവ (72 പന്തിൽ 37) എന്നിവരാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർമാർ.