Saturday, December 21, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പിൽ സെമി ഉറപ്പിച്ച് ഇന്ത്യ; ബംഗ്ലാദേശിനെതിരെ 59 റൺസ് ജയം

ധാക്ക: നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ 59 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് ട്വന്‍റി-20 ക്രിക്കറ്റ് ടൂർണമെന്‍റിൽ സെമി ഫൈനലിലെത്തി. വെള്ളിയാഴ്ച പാകിസ്ഥാനോട് അപ്രതീക്ഷിതമായി തോറ്റതിന്‍റെ നിരാശ മായ്ക്കുന്നതാണ് ഇന്ത്യൻ വനിതകളുടെ വിജയം.

സ്കോർ: ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിന് 159. ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റിന് 100. അർധസെഞ്ചുറിയും (55) 2 വിക്കറ്റും നേടിയ ഷഫാലി വർമ്മയാണ് പ്ലെയർ ഓഫ് ദി മാച്ച്.

പാക്കിസ്ഥാനെതിരായ തോൽവിയിലേക്ക് നയിച്ചത് മുൻനിരയുടെ കൂട്ടത്തകർച്ചയായിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരെ ബാറ്റർമാർ ഫോമിലേക്ക് മടങ്ങിയെത്തി. ആദ്യ വിക്കറ്റിൽ ഷഫാലിയും സ്മൃതി മന്ദാനയും (47) ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു. ജമൈമ റോഡ്രിഗസ് 24 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്നു. 4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകളാണ് ഷഫാലി വീഴ്ത്തിയത്. ദീപ്തി ശർമ്മ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.