Thursday, December 19, 2024
Novel

അറിയാതെ : ഭാഗം 7

നോവൽ
എഴുത്തുകാരി: അഗ്നി


അവർ മൂവരും കൂടെ സ്പെയർ കീ വച്ച് ആ ഫ്‌ളാറ്റ് തുറന്നു…അവിടെയെല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ടെങ്കിലും ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ.തന്നെ മിയയ്ക്ക് മനസ്സിലായി സൈറ ഭക്ഷണം കഴിച്ചട്ടുണ്ടെന്ന്… അവൾ അത് കാശിയോട് പറഞ്ഞപ്പോൾ അവന്റെ മുഖത്തുണ്ടായ ശോഭ അവർണ്ണനീയമായിരുന്നു… മിയ വേഗം ചെന്ന് സൈറ കിടക്കാറുള്ള മുറി തുറന്ന് നോക്കി…പിറകെ പോയ കാശി അവിടെയുള്ള കാഴ്ച കണ്ട് സ്തബ്ധനായി നിന്നു…

അവിടെ സൈറ ആദിയെയും ആമിയെയും തന്റെ നെഞ്ചോട് ചേർത്തണച്ചു കിടക്കുന്ന കാഴ്ച കണ്ടപ്പോൾ അവന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു… “ആമിയെ കൊണ്ടുപോകുന്നോ കാശിച്ചായാ?…” മിയ ചോദിച്ചു.. “ഇല്ല മിയാ…ആ നെഞ്ചിലെ ചൂടും കരുതലും അവൾക്ക് മാത്രമേ നല്കാനാകുകയുള്ളൂ…”..അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു…. “എന്താ കാശിച്ചായാ…എന്ത് പറ്റി…”..സാം ചോദിച്ചു… “ഹ്.. ഹേയ്..ഒന്നുമില്ലടാ…”അങ്ങനെ പറയുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു… ”

ചുമ്മാ കളിക്കാതെ പറ കാശിച്ചായാ…” സാം കാശിയോട് അൽപ്പം ദേഷ്യത്തിൽ പറഞ്ഞു…. കാശി പൊടുന്നനെ സാമിനെ കെട്ടിപ്പിടിച്ചു.. “എടാ സാമേ..ഞാൻ..ഞാൻ എന്തൊരു മനുഷ്യൻ ആണെടാ… എന്റെ ആമിയെ ഒരു വേർതിരിവും കൂടാതെ സ്നേഹിക്കുന്ന… ഞങ്ങൾ ആരാണെന്നറിയാതെ പോലും അറിയാതെ അവളെ സ്വന്തം എന്നപോലെ സ്നേഹിച്ച സൈറയുടെ മനസ്സിനെ ഞാൻ വേദനിപ്പിച്ചില്ലേ….” അവൻ അവിടെ സാമിന്റെ തോളിൽ ചാരിക്കൊണ്ട് പൊട്ടിപ്പൊട്ടി കരഞ്ഞു…

സാം മിയയെക്കൊണ്ട് ഒരു ഗ്ലാസ് വെള്ളം എടുപ്പിച്ചിട്ട് കാശിയ്ക്ക് കൊടുത്തു…അവൻ അത് വാങ്ങി കുടിച്ചുംകൊണ്ട് അടുത്തുള്ള ഒരു കസേരയിലെക്കിരുന്ന് അതിന് ചേർന്നുള്ള മേശയിൽ തന്റെ തല വച്ച് കിടന്നു… സാമും മിയയും പതിയെ പുറത്തേക്ക് പോയി…പുറത്ത് ചെന്ന മിയയ്ക്ക് കാശിയുടെയും സൈറയുടെയും വിഷമം കണ്ട് സഹിക്കാൻ വയ്യാതെ.. താൻ ഇത്രയും നേരം പിടിച്ചു വച്ചിരുന്ന കണ്ണുനീർ മുഴുവനും സാമിന്റെ നെഞ്ചോട് തന്റെ മുഖം ചേർത്ത് ഒഴുക്കിക്കളഞ്ഞു….

അല്പസമയത്തിന് ശേഷം സാമും മിയയും മിയയുടെ ഫ്‌ളാറ്റിലേക്ക് തിരികെ വന്നു.. അവിടെച്ചെന്ന് കാശിയെ അന്വേഷിച്ചപ്പോൾ അവർക്ക് കാണുവാൻ കഴിഞ്ഞില്ല…പിന്നീടാണവർ അടക്കിപിടിച്ചൊരു സംസാരം.അവർ ശ്രവിച്ചത്… അത് സൈറയുടെ മുറിയിൽ നിന്നാണെന്ന് മനസ്സിലാക്കിയതും അവർ പതിയെ അങ്ങോട്ടേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച്ച കണ്ടവരുടെ കണ്ണ് നിറഞ്ഞു… ഉറങ്ങുന്ന സൈറയുടെ പാദത്തിൽ തന്റെ തല ചേർത്ത് കിടക്കുകയാണ് കാശി… “സൈറാ….. നിന്നോട് എന്ത് പറയണം എന്ന് എനിക്കറിയില്ല മോളെ…..

കാരണം മറ്റൊന്നുമല്ല…നിന്റെ ഭൂതകാലമൊന്നും എനിക്കറിയില്ലായിരുന്നു…ഇപ്പോഴും മുഴുവനായൊന്നും അറിഞ്ഞൂടാ… എന്റെ അറിവില്ലായ്മ കൊണ്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു…പറഞ്ഞ വാക്ക് തിരിച്ചെടുക്കാനാവില്ല എന്നെനിക്കറിയാം..എന്നാലും ഞാൻ ക്ഷമ ചോദിക്കുന്നു……. ആരാ എന്താ എങ്ങനാ എന്നൊന്നും അറിയാതെ എന്തൊക്കെയോ പറഞ്ഞു…അത് നിന്റെ മനസ്സിനെ അതിയായി മുറിപ്പെടുത്തിയെന്ന് നിന്റെ കരച്ചിലിൻറെ വ്യാപ്തി കണ്ടപ്പോഴാണ് മനസ്സിലായത്….

ഞാൻ അങ്ങാനൊക്കെ പറഞ്ഞതിന്റെ കാരണം വേറൊന്നുമല്ല…എന്റെ ആമിമോള്….. അവള് നിന്നെ അമ്മാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്റെ ചങ്ക് കലങ്ങുകയായിരുന്നു… ഒരിക്കലും അവൾക്ക് കയ്യ് എത്തി പിടിക്കാൻ കഴിയാത്ത സ്വപ്നം ആകുമല്ലോ അതെന്നോർത്ത് കാരണം നീ എന്നോട് പറഞ്ഞതിനനുസരിച് നിനക്ക് ഒരു ഭർത്താവുണ്ട്… അതിനടയാളമായി ആദിയും കൂടെയുണ്ട്… അങ്ങനെയുള്ളപ്പോൾ എന്റെ മകൾ നിന്നെ ‘അമ്മ എന്ന് അഭിസംബോധന ചെയ്യുമ്പോൾ എനിക്ക് വാസ്തവത്തിൽ പേടിയായിരുന്നു…

കാരണം ഏതെങ്കിലും ഒരു ദിവസം നിന്റെ ഭർത്താവ് നിന്നെ കൊണ്ടുപോകാനായി അല്ലെങ്കിൽ നിന്നെ കാണാനായി വരുമ്പോൾ നിനക്കൊരിക്കലും ആമിയെ ശ്രദ്ധിക്കാൻ കഴിയില്ല.. അല്ലെങ്കിൽ ഒരുപക്ഷേ എന്നെന്നേക്കുമായി അവളെ വിട്ടുപോകേണ്ടിയും വന്നേക്കാം… അങ്ങനെ സംഭവിച്ചാൽ എന്റെ കുഞ്ഞിനുണ്ടാകുന്ന മാനസീക പിരിമുറുക്കത്തെപ്പറ്റി ആലോചിക്കുന്തോറും ആമിയെ സൈറ എന്ന നിന്നിൽ നിന്നും അകറ്റാൻ ഞാൻ കൊതിച്ചിരുന്നു..

പക്ഷെ അതിന് പകരം നിന്റെയും ആമിയുടെയും ബന്ധം ഒരിക്കൽകൂടി ദൃഢമാകുകയാണ് ചെയ്തത്…ഒരു മുലപ്പാൽ മാധുര്യമായി നീ അവളെ ഒന്നുകൂടെ നിന്നിലേക്ക് ചേർത്തടുപ്പിച്ചു… കൂടാതെ ആദി ഞാനുമായും അടുത്തു..അവൻ എന്നെ അപ്പാ എന്ന് വിളിക്കുന്നത് കേൾക്കാൻ എനിക്കിഷ്ടമാണെങ്കിൽ പോലും അതൊരിക്കലും നിലനിൽക്കാനായി ഞാൻ ആഗ്രഹിച്ചിരുന്നില്ല… കാരണം ഒരിക്കൽ അവന്റെ യഥാർത്ഥ അവകാശി അവനെ തേടി വരുമ്പോൾ ഒരിക്കലും എന്നെയും നിന്നെയും മറ്റൊരു രീതിയിൽ അയാൾ കാണരുതെന്ന് ഞാൻ ആലോചിച്ചു….

അതിലുപരി നിന്നെ നിന്റെ ഭർത്താവ് എന്റെ പേര് ചൊല്ലി സംശയിക്കരുത് എന്ന് ഞാൻ ചിന്തിച്ചു.. ഈ ചിന്തകൾ എല്ലാം കൂടി കടിഞ്ഞാണില്ലാത്ത പട്ടംപോലെ എന്റെ ബുദ്ധിമണ്ഡലത്തിൽക്കൂടെ ഒഴുകിനടന്നപ്പോൾ അറിയാതെ എന്റെ മനസ്സിലെ ഈ വീർപ്പുമുട്ടലുകളെല്ലാം ഒരു പൊട്ടിത്തെറിയായി പുറത്തേക്ക് വന്നുപോയി… അത് നിന്നെ ഇത്രയേറെ നോവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല…മാത്രമല്ല കുറച്ച് മുന്നേ മാത്രമാണ് നീ അവിവാഹിതയാണെന്നുള്ള കാര്യം ഞാൻ അറിഞ്ഞത് ..

ഒരുപക്ഷേ നീ അത് നേരത്തെ തന്നെ എന്നോട് ഒന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ നമ്മൾ രണ്ടുപേർക്കും ഇന്നിങ്ങനെ നീറേണ്ടി വരിലായിരുന്നല്ലോ.. എനിക്കൊരു തെറ്റുപറ്റിപ്പോയി…എന്നോട് ക്ഷമിക്കണം…” അത്രയും പറഞ്ഞുകൊണ്ട് അവൻ സൈറയുടെ തലയിൽ തലോടി..എന്തോ ഒരു ഉൾപ്രേരണയാൽ അവൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു..കൂടെ ആദിയുടെയും ആമിയുടെയും നെറ്റിയിലും… കുഞ്ഞാമിയും കുഞ്ഞാദിയും തങ്ങളുടെ നെറ്റിയിലേറ്റ ആ തണുത്ത സ്പര്ശനത്തിൽ ഒന്ന് കുറുകി ഒന്നുകൂടെ സൈറയെ ചേർത്തുപിടിച്ച് കിടന്നു…

അപ്പോഴേക്കും ഇതെല്ലാം കേട്ടുകൊണ്ട് ഉറങ്ങാതെ കിടന്ന സൈറയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു… കാശി പതിയെ മുറിയുടെ പുറത്തേക്ക് നടന്നു…ഇതെല്ലാം കണ്ടും കേട്ടുംകൊണ്ടും നിന്ന സാമും മിയയും പതിയെ അവൻ കാണാതെ മിയയുടെ മുറിയിലേക്ക് ചെന്നു.. കാശി പതിയെ അവന്റെ ഫ്‌ളാറ്റിലേക്ക് നടന്നു…കാശിക്ക് അവന്റെ നെഞ്ചിൽ നിന്നും വലിയൊരു ഭാരം എടുത്തു കളഞ്ഞതുപോലെ തോന്നി… അവൻ പതിയെ കിടക്കയിലേക്ക് ചാഞ്ഞു…നിദ്രയെ പുൽകി..

ഇതേസമയം ഇതുവരെ നടന്ന കാര്യങ്ങൾ കണ്ട് അന്തിച്ചിരിക്കുകയായിരുന്നു സാമും മിയയും… “എന്നാലും..എടി മിയാമ്മേ.. ഇച്ഛായൻ ഇത് എന്തൊരുമാ ചിന്തിച്ചു കൂട്ടിയത് അല്ലെ..” “അതേ സാമിച്ചായാ..ഞാനും അത് ആലോചിച്ചു…ഇങ്ങനെ ഒക്കെ ആലോചിക്കാനും കരുതാനും ഒക്കെ കഴിയുന്ന ഇണയെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം….” “എന്തായാലും ഇച്ഛായന് സൈറയെ ഇഷ്ട്ടമാണ്.മിയക്കൊച്ചേ..അത് ഇച്ഛായന് ഒരിക്കൽ പോലും പ്രകടിപ്പിക്കാനോ തുറന്ന് പറയാനോ കഴിയാതിരുന്നതിന്റെ കാരണം സൈറയുടെ സാങ്കൽപ്പീക ഭർത്താവാണ്..”

“ഹാം…എന്തായാലും ഒരു വഴി ഉണ്ടാകും..നമുക്കിനി നാളെ രാവിലെ കണ്ട് സംസാരിക്കാം…നാളെ ഇച്ഛായൻ അവധി എടുക്കുവല്ലേ… എനിക്ക് നാളെ നൈറ്റ് ആണ്…അപ്പൊ നമുക്ക് സൈറയെ പറഞ്ഞുവിട്ടിട്ട് കാശിച്ചായനേം പിള്ളേരേം കൂട്ടി പുറത്ത് പോകാം…” “എങ്കിൽ അങ്ങനെയാവട്ടെ…അപ്പൊ ശെരി…” അതും പറഞ്ഞുകൊണ്ട് അവർ പിരിഞ്ഞു…

പിറ്റേന്ന് രാവിലെ സൈറ നേരത്തെ തന്നെ എഴുന്നേറ്റു…അപ്പോഴാണ് തന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്ന കുഞ്ഞാദിയേയും കുഞ്ഞാമിയെയും അവൾ കാണുന്നത്.. അവൾ അവർക്കോരോ മുത്തങ്ങൾ നല്കിക്കൊണ്ട് എഴുന്നേറ്റു…അവൾ പെട്ടന്ന് പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും രണ്ടുപേരും ഉണർന്നിരുന്ന് കളിക്കുന്നതാണ് കണ്ടത്.. “അമ്മേടെ ചക്കരകൾ എഴുന്നേറ്റോ..”..അവൾ അതും പറഞ്ഞുകൊണ്ട് രണ്ടുപേരെയും വാരിയെടുത്തു….

അവർ ഇരുവരും താങ്ങളുടെ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ടിരുന്നു അവൾ വേഗം തന്നെ അവരെ കൈകൊണ്ട് തന്നെ പല്ല് തേപ്പിച്ചു കൊടുത്തു… രാധ ദീദി ഇന്ന് അവധി ആയതുകൊണ്ട് തന്നെ അവൾ കുഞ്ഞുങ്ങൾക്ക് കളിക്കാനായി കുറച്ച് കളിപ്പാട്ടങ്ങൾ കൊടുത്തിട്ട് അടുക്കളയിലേക്ക് ചെന്നു… അവൾ വേഗം തന്നെ പാല് തിളപ്പിച്ചു…നേന്ത്രപഴം പുഴുങ്ങി…ഇതെല്ലാം ചെയ്യുമ്പോഴും അവളുടെ മനസ്സ് ഇന്നലെ കാശി പറഞ്ഞ കാര്യങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു…

പാല് തിളച്ചത് ആറ്റി അവൾ ഒരു വലിയ കപ്പിലേക്ക് പകർത്തി…നേന്ത്രപ്പഴം പുഴുങ്ങിയത് ചെറിയ കഷണങ്ങളായി മുറിച്ച് ചൂട് കളഞ്ഞു… അവൾ വേഗം കുഞ്ഞുങ്ങളുടെ അടുക്കൽ ചെന്നു…കൈകൊണ്ട് നേന്ത്രപ്പഴം ഒരൽപ്പം പീച്ചിയെടുത്ത് അവൾ ആദ്യം ആമിക്ക് നീട്ടി…അവൾ അത് കഴിച്ചു.. അതിന് ശേഷം ഒരു സ്പൂണ് പാലും അവൾക്ക് കൊടുക്കാൻ നോക്കിയപ്പോൾ ആമി സൈറയുടെ കൈ ആദിയുടെ നേർക്ക് വച്ച് അവന് പാല് കൊടുക്കാൻ പറഞ്ഞു.. അവരുടെ പരസ്പര സ്നേഹം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു…അവൾ പാല് ആദിക്ക് കൊടുത്തശേഷം ആമിയ്ക്ക് പാല് കൊടുത്തു…

അങ്ങനെ അവർ കളിച്ചും ചിരിച്ചും അവരുടെ ഭാഷയിൽ ഓരോന്നും പറഞ്ഞുകൊണ്ട് ഭക്ഷണം മുഴുവനും കഴിച്ചു തീർത്തു.. മിയാ ഇതെല്ലാം വീഡിയോ എടുത്ത് സാമിന് അയച്ചിട്ട് ഫ്രഷ് ആവാനായി പോയി.. എല്ലാം.കഴിഞ്ഞ് കുഞ്ഞുങ്ങളെ രണ്ടുപേരെയും സൈറ കുളിപ്പിച്ചു…എന്നിട്ട് ആമിയെ സൈറ ഒരു പുതിയ ഉടുപ്പ് ഇടുവിച്ചു.. ആദിയെയും കുളിപ്പിച്ചു സുന്ദരനാക്കി ഒരുക്കി മിയയ്ക്ക് കൊടുത്തിട്ട് അവൾ ആശുപത്രിയിലേക്ക് ചെന്നു… ആദിക്ക് ആമിയും ആമിക്ക് ആദിയും കൂട്ടുള്ളതുകൊണ്ട് ആദി സൈറ പോകുന്നത് കണ്ടിട്ടും കരഞ്ഞില്ല…

ഇതേസമയം കാശി എഴുന്നേൽക്കുന്നെ ഉണ്ടായിരുന്നുള്ളു….ഇന്നലത്തെ ക്ഷീണം ഒക്കെ കാരണം അവന് തല വേദനിക്കുന്നുണ്ടായിരുന്നു.. അവൻ പതിയെ എഴുന്നേറ്റ് പോയി ഫ്രഷ് ആയി…അപ്പോഴേക്കും അവന്റെ തലവേദന ഒരൽപ്പം കുറഞ്ഞിരുന്നു.. മുറയ്ക്ക് പുറത്തിറങ്ങിയപ്പോൾ കാശി തന്നെ നോക്കി ചിരിക്കുന്ന ആദിയെയും ആമിയെയുമാണ് കണ്ടത്… ആവൻ ഓടിച്ചെന്ന് അവരെ എടുത്തു…എന്നിട്ട് അവരെയും കൊണ്ട് അടുക്കള.ലക്ഷ്യമാക്കി നടന്നു….

ഇതേസമയം അടുക്കളയിൽ മിയാ ഇന്നലെ രാത്രി ഉണ്ടായിരുന്ന മാവ് കൊണ്ട് ദോശയുണ്ടാക്കുകയായിരുന്നു…. സാം അവിടെ സ്‌ലാബിൽ ഇരുന്നുകൊണ്ട് എന്തൊക്കെയോ അവളോട് പറയുന്നുണ്ട്…അവൾ അതിനെല്ലാം മൂളിക്കൊണ്ടിരുന്നു… അവൻ പതിയെ സ്‌ലാബിൽ നിന്നെഴുന്നേറ്റ് മിയയെ പിന്നിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് അവളുടെ കാതിൽ പതിയെ കടിച്ചു…മിയ പിടി വിടുവിക്കാൻ നോക്കുന്നുണ്ടെങ്കിലും അവന്റെ ബലിഷ്ട്ടമായ കരങ്ങൾ അവൾക്ക് എടുത്തു മാറ്റാൻ സാധിച്ചില്ല… പെട്ടന്നാണ് രണ്ട് കുലുങ്ങിച്ചിരി അവിടെ മുഴങ്ങിക്കേട്ടത്..

അവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കാശിയെയും അവന്റെ ഇരു കൈകളിലുമായിരുന്ന് കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ആദിയെയും ആമിയെയും… “അപ്പെ…പപ്പ മമ്മിനെ കച്ചു…”..ആദി കൈകൊട്ടി ചിരിച്ചുകൊണ്ട് കാശിയോട് പറഞ്ഞു…അവൻ സാമിനെ പപ്പാ എന്നും മിയയെ മമ്മി എന്നുമാണ് വിളിക്കുന്നത് അതുകേട്ടപ്പോൾ പൂർണമായി എന്നുള്ള രീതിയിൽ ഒരു ചിരി ചിരിച്ചുകൊണ്ട് സാം പതിയെ ഉൾവലിഞ്ഞു… മിയയാണെങ്കിൽ തിരിഞ്ഞുപോലും നോക്കാതെ ദോശ ചുട്ടുകൊണ്ടേയിരുന്നു… കാശിയാണെങ്കിൽ ഒരു കള്ളച്ചിരിയോടെ സാമിന്റെ പിറകെ പോയി..

(തുടരും….)

അറിയാതെ : ഭാഗം 8