Sunday, December 22, 2024
Novel

അറിയാതെ : ഭാഗം 2

നോവൽ
എഴുത്തുകാരി: അഗ്നി


പത്ത് മിനിറ്റിനകം അവൾ ആശുപത്രിയിലെത്തി….പഞ്ചിങ് കഴിഞ്ഞ് നടന്നുപോകുന്നതിനിടയിൽ അവൾ ചുമ്മാ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ തനിക്കു പരിചയമുള്ളപോലത്തെ ഒരാളെ ഒരു മിന്നായം പോലെ കണ്ടു.. അവൾ വേഗം ആ വഴിയേ നടന്നു..അവസാനം ഒരു മുറിയിൽ എത്തിച്ചേർന്നു…അവിടെ കിടക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് സന്തോഷവും സങ്കടവും ചേർന്ന സമ്മിശ്ര വികാരങ്ങളുണ്ടായി….അവളുടെ കണ്ണുകൾ നിറഞ്ഞു… ★★★★★★★★★★★★★★★★★★★★

അവിടെ താൻ കാണാൻ കൊതിച്ചയാൾ… തന്റെ കുഞ്ഞാമി കയ്യിൽ സൂചി കുത്തി ഡ്രിപ് ഇട്ട് കിടക്കുന്നത് കണ്ടപ്പോൾ അവൾക്ക് ആ കുഞ്ഞിനെ കണ്ടതിലുള്ള സന്തോഷവും കൂടാതെ അവളുടെ അവസ്ഥയിലുള്ള കിടപ്പ് കണ്ടുള്ള സങ്കടവും ആയിരുന്നു… “രൂദ്രേട്ടാ..” അവൾ അവനെ വിളിച്ചു “ഹാ..ഇയാൾ എന്താ ഇവിടെ…” പിന്നെ എന്തോ ഓർത്തപോലെ.. “ഓഹ് സോറി..ഇയാൾ ഇവിടെ ആണല്ലോലെ ജോലി ചെയ്യുന്നേ…”..

അവൾ അവനൊരു ചിരി സമ്മാനിച്ചെങ്കിലും അവളുടെ കണ്ണുകൾ ആമിമോളുടെ അടുക്കലേക്കായിരുന്നു… ഇത് കണ്ട അവൻ അവളോട് കുഞ്ഞിന്റെ അടുക്കലേക്ക് പൊയ്ക്കൊള്ളുവാൻ മൗനാനുവാദം നൽകി… അവൾ കുഞ്ഞിന്റെ ശരീരത്തിൽ തൊട്ടു നോക്കിയപ്പോൾ നല്ല ചൂടുണ്ടായിരുന്നു… “പെട്ടന്നെന്താ ആമിക്ക് പനി വന്നത്?..” “അത്…ഇന്നലെ രാത്രി മുഴുവൻ കരച്ചിലായിരുന്നു….”

അത് കേൾക്കെ അവളുടെ ഹൃദയം നൊന്തു…. പെട്ടന്നാണ് ആമി അവളുടെ കുഞ്ഞിക്കണ്ണുകൾ തുറന്നത്….തുറന്നയുടൻ തന്നെ സൈറയെ കണ്ടവളുടെ കണ്ണുകൾ വിടർന്നു..അവൾ തന്റെ കുഞ്ഞരിപ്പല്ലുകൾ കാട്ടി അവളെ നോക്കി പുഞ്ചിരിച്ചു… ആമി സൈറയുടെ നേരെ അവളുടെ കൈകൾ നീട്ടി…സൈറ ആമിയെ എടുത്ത ഉടനെ തന്നെ അവൾ “മ്മ” എന്നും വിളിച്ചുംകൊണ്ട് അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു…

ആ വിളി കാശിയും സൈറയും അത്ഭുതത്തോടെയാണ് കേട്ടത്…രണ്ടുപേരും മുഖത്തോട് മുഖം നോക്കി…സൈറയിൽ ആ വിളിയിലൂടെ ആമിയോട് ഒരു മാതൃവാത്സല്യമാണ് ഉണ്ടായതെങ്കിൽ കാശിയ്ക്ക് അത് മനസ്സിൽ ഒരു നോവായിയാണ് പരിണമിച്ചത്… കാരണം അവൾ ‘അമ്മ എന്ന് വിളിക്കേണ്ടിയിരുന്നത് തന്റെ പാത്തുവിനെനായിരുന്നല്ലോ ഓർത്തപ്പോൾ അവന്റെ നെഞ്ചകം നീറി..എന്നാലും അവൻ പുറമെ ആ ഭാവം കാണിച്ചില്ല… അവൾ കുഞ്ഞുമായി ആ കട്ടിലിലേക്കിരുന്നു…

അവളെ പതുക്കെ കയ്യിൽ എടുത്ത് അവിടെയിരുന്ന ഒരു തുണികൊണ്ട് മുഖം ഒക്കെ തുടപ്പിച്ചു.. രാവിലെ ആമിയ്ക്കായി വാങ്ങിയ പാലുംവെള്ളം അവൾ പതിയെ ഓരോ കഥകൾ പറഞ്ഞ് കുഞ്ഞിന് കൊടുക്കാൻ തുടങ്ങി…. അവൾ യാതൊരു സങ്കോചവും കൂടാതെ അത് കുടിക്കുന്നത് കണ്ടപ്പോൾ രാവിലെ താൻ പാല് കൊടുത്തപ്പോൾ വാശിപിടിച്ച കുഞ്ഞാമി തന്നെയാണോ എന്നവൻ ഓർത്തു..കുഞ്ഞ്‌ പാലുംവെള്ളം പതിയെ ഇരുന്ന് കുടിക്കുന്നത് കണ്ടപ്പോൾ തന്നെ അവന്റെ മനം നിറഞ്ഞു…

അവൾ പാലുകൊടുക്കുന്നതിനിടയിൽ തന്നെ “മ്മാ” എന്ന് വിളിച്ചുകൊണ്ട് ആമി അവളുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്…അവൾ അതിനെല്ലാം മറുപടിയും കൊടുക്കുന്നുണ്ട്… അങ്ങനെ കുഞ്ഞിനോട് സംസാരിച്ച്‌ അവൾ അത് മുഴുവൻ കുഞ്ഞിനെക്കൊണ്ട് കുടിപ്പിച്ചു…ശേഷം അവളെ പതിയെ തട്ടിയുറക്കിയശേഷം സൈറ കാശിയോട് പറഞ്ഞിട്ട് അവളുടെ ക്യാബിനിലേക്ക് നടന്നു…അവൾ പോയ വഴിയേ നോക്കി അവൻ പുഞ്ചിരിച്ചുകൊണ്ടിരുന്നു…

ഉച്ചയായപ്പോൾ സൈറ സാമിന് ഫോൺ ചെയ്തു… “ഡാ സാമേ….” “എന്നതാടി…” “എടാ…ഞാൻ ഇന്ന് ഭക്ഷണം കഴിക്കാൻ വരാൻ വൈകും…നീ പോയി കഴിച്ചോ…” “അതെന്നാടി….” “അത് ഒരാവശ്യമുണ്ട്… നീ പോയി കഴിച്ചോ..” “ആ…ശെരിടി…” അവൾ ഫോൺ വച്ച ഉടനെതന്നെ ആമിയുടെ മുറിയിലേക്ക് ചെന്നു…അവിടെയാണെകിൽ കാശി ഒരു ഓഫീസ്സറുമായി സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു… അവൾ പതിയെ വാതിലിൽ മുട്ടി… “യെസ് കമിൻ….” കാശി പറഞ്ഞു..

അവൾ പതിയെ വാതിൽ തുറന്നപ്പോൾ കണ്ടു ആരോടോ സംസാരിച്ചിരിക്കുന്ന കാശിയെയും അവന്റെ മടിയിൽ ഇരുന്ന് അവന്റെ മീശയിൽ പിടിച്ച് വലിച്ചും.അവന്റെ തോളിൽ കടിച്ചും എല്ലാം കുറുമ്പുകൾ കാണിക്കുന്ന കുഞ്ഞാമിയെ… സൈറയേകണ്ട ഉടൻ തന്നെ ആമി “മ്മാ” എന്ന് വിളിച്ചു കാശിയുടെ മടിയിൽ നിന്നിറങ്ങാനായി തുനിഞ്ഞു…അത് കണ്ട് പോലീസ് വേഷധാരിയായ മറ്റെയാളും തിരിഞ്ഞുനോക്കി…എന്നിട്ട് കാശിയോടായി പറഞ്ഞു.. “ഓഹ്.. സാറിന്റെ വൈഫ്‌ ആയിരുന്നല്ലേ..”

കാശിയെയോ സൈറയേയോ ഒന്നും പറയാൻസമ്മതിക്കാതെ അയാൾ തുടർന്നു… “എങ്കിൽ ഞാൻ പോകുന്നു സർ…. മാഡം…കണ്ടതിൽ സന്തോഷം… എങ്കിൽ ശെരി…” ഇതും പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങിപ്പോയി… രണ്ടുപേരും പുറത്തേക്ക് നോക്കി തറഞ്ഞു നിന്നു… “സോറി…” രണ്ടു പേരും തമ്മിൽ ഒന്നിച്ച് പറഞ്ഞു….എന്നിട്ട് രണ്ടുപേരും ചിരിച്ചു… “അതൊന്നും കാര്യമാക്കണ്ടെടോ…” കാശി സൈറയോട് പറഞ്ഞു… “അയ്യോ..അതൊന്നും കുഴപ്പമില്ല രൂദ്രേട്ട… പിന്നെ…ഇതെന്താ പോലീസ് ഒക്കെ…എന്തെങ്കിലും പ്രശ്നമുണ്ടോ…”

അവനൊന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു.. “ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണറെ കാണാൻ പിന്നെ പൊലീസുകാർ വരില്ലേ…” “അപ്പൊ രൂദ്രേട്ടൻ…….എഹ്… രൂദ്രേട്ടനാണോ ഇവിടുത്തെ പുതിയ കമ്മീഷണർ…” “അതെലോ…ഞാൻ തന്നെ..കാശിരുദ്ര മേനോൻ ഐ. പി.എസ്….” “ഓഹ്..കൊള്ളാം…” ഈ സമയത്തിനുള്ളിൽ തന്നെ ആമിമോൾ സൈറയുടെ എളിയിൽ സ്ഥാനം പിടിച്ചിരുന്നു…..കുഞ്ഞാമി അവളുടെ തോളിലേക്ക് പതിയെ തല ചായ്ച്ചു…

കാശി അവരെ നോക്കിക്കൊണ്ട് പതിയെ പുറത്തേക്ക് പോയി..അവന്റെ മനസ്സ് ആകെ കലങ്ങിമറിയുകയായിരുന്നു…അവന്റെ മനസ്സിൽ അവൻ കുറച്ച് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നമായിരുന്നു… തന്റെ പാത്തു തന്നോട് ക്ഷമിക്കണമേ എന്ന് യാചിക്കുന്നു…അതിനു ശേഷം അവൾ അവന്റെ കൈകളെ മറ്റൊരു കയ്യിലേക്ക് പിടിച്ചേല്പിക്കുന്നു..ആ കയ്യുടെ ഉടമസ്ഥയെ മാത്രം കണ്ടിരുന്നില്ല..

ആകെ കണ്ടിരുന്നത് അവളുടെ മേൽചുണ്ടിന് മുകളിൽ ഉള്ള ഒരു കുഞ്ഞ്‌ മറുക് മാത്രമായിരുന്നു… എന്നാൽ ഇന്ന് ആ സ്വപ്നത്തിന് പൂർണ്ണത വന്നു..എന്റെ കൈകളെ എന്റെ പാത്തു ബന്ധിച്ചത് സൈറയുടെ കൈകൾ ആയിട്ടായിരുന്നു… ആ സ്വപ്നത്തിന്റെ അർത്ഥം കണ്ടെത്താനാകത്തെ ഉഴറുകയായിരുന്നു അവൻ.. ★★★★★★★★★★★★★★★★★★★★ കുഞ്ഞിന്റെ തോളിൽ തട്ടിക്കൊണ്ട് തന്നെ അവൾ പതിയെ ഫോൺ എടുത്ത് മിയയെ വിളിച്ച്‌ ആദിയുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു…

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നുകിൽ മിയയുടെ ഫോൺ അല്ലെങ്കിൽ രാധാ ദീദിയുടെ ഫോൺ..ഇതിൽ ഏതിലേക്കെങ്കിലും വിളിച്ചുകൊണ്ട് അവൾ ആദിയുമായി സംസാരിക്കുമായിരുന്നു… അവൻ അവന്റെ ഭാഷയിൽ കുറയെ വർത്തമാനം അവളോട് പറയും..അവൾ അതെല്ലാം കേട്ടിരിക്കും…ആകെ പോകെ വൃത്തിയായി മനസ്സിലാകുന്നത് അവൻ ഇടയ്ക്ക് അമ്മാ എന്ന് വിളിക്കുന്നതും കൂടാതെ അവൻ സാധാരണയായി ഉപയോഗിക്കുന്ന ചില മുറി വാക്കുകളുമാണ്…

അവൻ ഫോൺ ചെയ്ത് തുടങ്ങിയാൽ അവൻ പറയുന്നതെല്ലാം മൂളിക്കേട്ടുകൊണ്ടേയിരിക്കണം…അവസാനം ഒരു ഉമ്മ കിട്ടിയാൽ അതിനർത്ഥം പുള്ളി എല്ലാം പറഞ്ഞു കഴിഞ്ഞു എന്നാണ്… അങ്ങനെ ഒരുമ്മയും കിട്ടി സംഭാഷണം അവസാനിച്ചപ്പോഴേക്കും ആമി തന്റെ തോളിൽ ചാരി ഉറങ്ങിയിരുന്നു… അന്നവൾ ഉച്ച കഴിഞ്ഞ് അവധിയെടുത്തിരുന്നു…തനിക്കെന്തു പറ്റിയെന്ന് അവൾ ആലോചിച്ചു..തന്റെ ആരുമല്ലാത്ത ഈ കുഞ്ഞിനുവേണ്ടി എന്തുകൊണ്ട് താൻ ഇങ്ങനെ സമയം ചിലവഴിക്കുന്നു എന്നവൾ ഓർത്തു..

അവൾക്കൊരു നിമിഷം തന്റെ ആദിയെ കാണണമെന്നും തോന്നി…രുദ്രൻ പുറത്തുപോയി വരാത്തതുകൊണ്ട് തന്നെ അവൾക്ക് അവിടെ നിന്നും ഇറങ്ങാൻ കഴിയില്ലായിരുന്നു… അവൾ വേഗം.തന്നെ മിയയെ വിളിച്ച്‌ ആശുപത്രിയിലേക്ക് ആദിയെ കൂട്ടി വരാൻ പറഞ്ഞു…കൂടെ റൂം നമ്പറും പറഞ്ഞുകൊടുത്തു… അങ്ങനെ പത്ത് മിനിട്ടുകൾക്ക് ശേഷം ആദിയും മിയയും എത്തി…ആദി വന്ന ഉടനെ തന്നെ കുവാ എന്നും വിളിച്ചുകൊണ്ട് സൈറയുടെ മടിയിലേക്ക് ചാടിക്കയറി..

അവന്റെ ശബ്ദം കേട്ട് ആമിയും ഉണർന്നു…അവൻ പതിയെ അവളുടെ മുടിയിൽ പിടിച്ചു നോക്കി..അവൾ അവന്റെ കൈകളിൽ തൊട്ടുകൊണ്ടിരുന്നു… സൈറ രണ്ടുപേരെയും ഒന്നിച്ചവിടെ ഇരുത്തി…അവർ അവരുടെ ഭാഷയിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു… കുറച്ച് കഴിഞ്ഞപ്പോഴാണ് രുദ്രൻ തിരികെ വന്നത്…രുദ്രന്റെ തോളിൽ കൈയും ഇട്ടുകൊണ്ട് വരുന്നയാളെ കണ്ടപ്പോൾ അവർ രണ്ടുപേരും അന്തിച്ചു നിന്നു.. അവനും അവരെ കണ്ടപ്പോൾ ഇവരെന്താ ഇവിടെ എന്നുള്ള ഭാവത്തിലും…

“സാമിച്ചായ നിങ്ങൾ എങ്ങനെ ഈ കമ്മീഷണറുടെ കൂടെ..” മിയ അവനോട് ചോദിച്ചു.. “ഓഹ് അപ്പോ ഇതാണോടാ സാമേ നിന്റെ മിയക്കുട്ടി…” “ആന്നെ… ആ പറഞ്ഞ മൊതലാണ് ദിത്… അല്ല സൈറാമ്മേം നീയും ആദിക്കുട്ടനുമെല്ലാം എന്താ ആമിമോളുടെ കൂടെ…എനിക്കൊന്നും മനസ്സിലാവുന്നില്ല…” “ഇഛായാ…ഇന്ന് രാവിലെ ഞാൻ പറഞ്ഞില്ലേ ഇവൾ ഇന്നലെ ഡിമാർട്ടിൽ പോയപ്പോൾ ഒരാളെ കണ്ടു എന്നും അദേഹത്തിന്റെ കുഞ്ഞിനെക്കുറിച്ചുമെല്ലാം…..” മിയ സാമിനോട് പറഞ്ഞു..

“ഇഹ്ഹ്…അപ്പൊ ഇന്നലെ കാശിച്ചായൻ പറഞ്ഞത് എന്റെ പെങ്ങളെപ്പറ്റി ആയിരുന്നല്ലേ…വൗ…” “രൂദ്രേട്ടാ…” സൈറ വിളിച്ചു… സാമാണെങ്കിൽ ഇതെന്ത് എന്നുള്ള ഭാവത്തിൽ അവളെ തുറിച്ചു നോക്കി… “എന്നതാടാ സാമേ…നീ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നതെന്തിനാ??”. “അല്ലാ.. അത്…കാശിച്ചായനെ ആരും ഇങ്ങനെ വിളിക്കുന്നത് കേട്ടിട്ടില്ല…അതാ..” അവൾ ഒന്ന് ചിരിച്ചു… “എനിക്ക് പെട്ടന്ന് ആ പേരാണ് വായിൽ വന്നത്…അതുകൊണ്ട് വിളിച്ചു..അത്രേയുള്ളൂ… അല്ലാ.. നിങ്ങൾക്കെങ്ങനാ തമ്മിൽ പരിചയം??”

“എഡോ അത് ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലേ എന്റെ സുഹൃത്തിന്റെ അനിയൻ…അതാണ് ഇത്..” “എഹ്…അപ്പൊ സാംസൺ ചേട്ടായിയുടെ കൂട്ടുകാരൻ കാശിയാണോ രൂദ്രേട്ടൻ” (സാമുവേലിന്റെ വീട്ടുകാരുമായി ജനിച്ചപ്പോൾ മുതൽ ഉള്ള അടുപ്പമാണ് സൈറയ്ക്ക്…അവരുടെ കുഞ്ഞിപ്പെങ്ങളായി വളർന്നതുകൊണ്ട് തന്നെ അവൾക്ക് അവളുടെ ചേട്ടായിയുടെ കൂട്ടുകാരെപ്പറ്റി നല്ല അറിവായിരുന്നു..)

“അതെലോ….അപ്പോൾ അവൻ പറയാറുള്ള അവന്റെ മറിയക്കുട്ടി സൈറയാണല്ലേ….” “അതെലോ..ഞാൻ തന്നെയാ അത്…” അവൾ അതും പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളെ വാരിയെടുത്ത് മടിയിലിരുത്തി… കാശിയും സൈറയും പെട്ടന്ന് കൂട്ടായത് കണ്ട നോക്കിനിൽക്കുകയാണ് മിയയും സാമും…അവർ കുറയെ നാളായി കാണുവാനാഗ്രഹിക്കുന്ന ആ പഴയ സൈറയെ ഒരു നിമിഷം അവർക്ക് ഓർമ്മ വന്നു.. ഇത്രയും സ്നേഹനിധിയും പാവവും അതിലുപരി മറ്റുള്ളവരുടെ വിഷമങ്ങൾ തന്റേതായി കണ്ട് അവരെ സഹായിക്കുന്ന..

അവരിൽ ഒരാളായി മാറി അവരെ ആശ്വസിപ്പിക്കുന്ന..നല്ലൊരു ഹൃദയത്തിന് ഉടമയായ അവൾക്ക് എന്തിനാണ് അങ്ങനൊരു പരീക്ഷണം നൽകിയത് എന്ന് സാമും മിയയും ചിന്തിച്ചു.. അവൾ ഇത്രയെങ്കിലും മാറിയത് ആദിയുടെ കടന്നുവരവോടെയാണ്…ആദിയുടെ ചിരിയും കളിയുമാണ് അവളെ ഇത്രത്തോളമെങ്കിലും മാറ്റിയെടുത്തത് എന്നവർ ഓർത്തു…

ഓരോന്ന് ചിന്തിച്ചുകൊണ്ട് സൈറയെ നോക്കിയപ്പോൾ അവൾ ആമിയെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു… “ഡി… ആദിയെന്ത്യേ..” സാം സൈറയോട് ചോദിച്ചു “ആമിയെ എന്നെയേല്പിച്ചിട്ട് ആദിയെം കൊണ്ട് രൂദ്രേട്ടൻ പുറത്തുപോയി..” “ആഹാ…എങ്കിൽ ഞാനും പുറത്തേക്ക് പോവാ…മിയാ..നീ ഇവിടെ ഇരിക്ക്..”…എന്നും പറഞ്ഞുകൊണ്ട് സാം പുറത്തേക്ക് പോയി… ★★★★★★★★★★★★★★★★★★★★

ഇതേസമയം കാശിയാണെങ്കിൽ ആദിയെയും ചുറ്റിപ്പിടിച്ചുകൊണ്ട് ആശുപത്രിയുടെ പുറത്തൂടെ നടക്കുകയായിരുന്നു.. ആദിയാണെങ്കിൽ അവനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…വഴിയേ പോകുന്ന കുട്ടികളെയും പട്ടിയെയും പൂച്ചയെയും പക്ഷികളെയും ഒക്കെ ചൂണ്ടിക്കാണിച്ചു കൊണ്ട് എന്തൊക്കെയോ അവൻ പറയുന്നുണ്ട്…അതിനെല്ലാം കാശി തലയാട്ടി കൊടുത്തുകൊണ്ടേയിരുന്നു. പെട്ടന്നാണ് കാശി ചിരിച്ചപ്പോൾ തെളിഞ്ഞ നുണക്കുഴി ആദി കണ്ടത്…അവൻ പതിയെ ആ നുണക്കുഴിയിൽ ഒന്ന് തൊട്ടു…കാശിക്ക് അവനോട് അതിയായ വാത്സല്യം തോന്നി…

അവൻ അവന്റെ മീശകൊണ്ട് അവനെ ഇക്കിളിയാക്കി…പെട്ടെന്നുണ്ടായ ആവേശത്തിൽ കുഞ്ഞാദി “അപ്പേ” എന്നും വിളിച്ചുകൊണ്ട് അവന്റെ മുഖം പിടിച്ചു തള്ളി… കാശി പെട്ടന്ന് ഞെട്ടിപ്പോയി…അവൻ ആദിയെ നോക്കിയപ്പോൾ അവൻ ചുറ്റുമുള്ള കാഴ്ചകൾ കാണുന്ന തിരക്കിലായിരുന്നു… എന്നാൽ ഇടയ്ക്കിടക്ക് അവൻ അപ്പേ എന്ന് വിളിച്ചു ഓരോന്ന് കാണിച്ചുകൊടുക്കുമ്പോഴും അവന് ആ വിളി മാറ്റി അങ്കിൾ എന്നാക്കണമെന്നുണ്ടെങ്കിലും അവന്റെ ഉള്ളിന്റെ ഉള്ളിൽ ആ വിളിയോട് ഒരിഷ്ട്ടം രൂപപ്പെടുന്നതുപോലെ അവന് തോന്നി..

പക്ഷെ പെട്ടന്ന് തന്നെ അവൻ ആ ചിന്തകളെ മായ്ച്ചു കളഞ്ഞു..താൻ എന്തിനാണ് ആ വിളിയിൽ സന്തോഷിക്കുന്നത്…ഇവന് സ്വന്തം എന്ന് പറയാൻ ഒരു അപ്പയുണ്ട് അമ്മയുണ്ട്.. എന്നിട്ടും ഞാൻ അവൻ എന്നെ അപ്പേ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നതെന്തുകൊണ്ട്… അവന്റെ ചിന്തകൾ കാടുകയറിയപ്പോൾ അവന് തലവേദനിക്കുന്നതായി തോന്നി..അവൻ ആദിയെം കൊണ്ട് അവിടെ ഒരു വശത്ത് കണ്ടൊരു ബെഞ്ചിൽ കയറിയിരുന്ന് അവനെ പൊതിഞ്ഞു പിടിച്ചു… പുറമെ അവൻ ശാന്തനായി കണ്ടെങ്കിലും അവന്റെ അകമേ വലിയൊരു യുദ്ധം നടക്കുകയായിരുന്നു…

അവന് ആദിയോട് എന്തോ ഒരടുപ്പം തോന്നുന്നതായി അവന് മനസ്സിലായി…എന്തോ ഒന്ന് തങ്ങളെ വലിച്ചെടുപ്പിക്കുന്നുണ്ടെന്ന് അവന് തോന്നി. അവന്റെ ആ ചിരിയും നുണക്കുഴി കവിളുകളും എല്ലാം കാണുമ്പോൾ തന്റെ ചെറുപ്പത്തിലെ രൂപം ആയിട്ട് അവന് തോന്നി…അവൻ അതിയായ വാത്സല്യത്തോടെ ആദിയെ എടുത്ത് ആ കവിളുകളിൽ മാറി മാറി ചുണ്ടമർത്തിക്കൊണ്ടേയിരുന്നു….അവന്റെ കുലുങ്ങിച്ചിരി അവിടെ മുഴുവനും പരന്നു… (തുടരും…)

എല്ലാവര്ക്കും ആദ്യ ഭാഗം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം…. ഈ ഭാഗം ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കണേ…പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ട്ടോ … ഒരുപാടിഷ്ടത്തോടെ… നിങ്ങളുടെ സ്വന്തം, അഗ്നി🔥

അറിയാതെ : ഭാഗം 3