Friday, November 15, 2024
Novel

അറിയാതെ : ഭാഗം 19

നോവൽ
എഴുത്തുകാരി: അഗ്നി


ഒരു തട്ടമിട്ട സുന്ദരി പെണ്കുട്ടി മലയാളം പാട്ട് പാടുന്നു…ഇത്രയും നാള് മലയാളം ആ ക്യാംപസിൽ എങ്ങും കേൾക്കാതെയിരുന്ന സമയത്ത് ഒരു മലയാള ഗാനത്തിന്റെ സ്വരം എന്റെ കാതിനെ കോൾമയിർ കൊള്ളിച്ചു… ഞാൻ ആ ക്ലാസ്സിന്റെ വാതിൽക്കലെത്തി…അവിടെ തട്ടമിട്ടൊരു പെണ്കുട്ടി പുറം തിരിഞ്ഞിരുന്ന് പാട്ട് പാടുന്നതാണ് ഞാൻ കണ്ടത്…അവളുടെ ചുറ്റും ആറോ ഏഴോ പെണ്കുട്ടികളും രണ്ടോ മൂന്നോ ആണ്കുട്ടികളും ഉണ്ടായിരുന്നു….

🎶കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം മായുന്ന സന്ധ്യേ നിന്നെ തേടി ഈറൻ നിലാവിൻ പരാഗം എന്നെന്നും ഈ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമായ് നിന്നെയും കാത്തു ഞാൻ നിൽക്കവേ … എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ ഉം.. ഉം.. ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ ഉം… എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..ഉം..ഉം… അത്രമേൽ ഇഷ്ടമായ് നിന്നെ എൻ പുണ്യമേ….🎶

ചുറ്റും ഒരു കയ്യടിയുടെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ അത്രയും നേരം ക്ലാസ്സിന്റെ വാതിൽക്കൽ നിൽക്കുകയാണെന്ന് മനസ്സിലായെ… “ഡോ..പാട്ട് അടിപൊളിയായിരുന്നു കേട്ടോ…” ഞാൻ ആ വാതിൽക്കൽ നിന്ന് വിളിച്ചു പറഞ്ഞു.. അപ്പോഴാണ് അവളും കൂട്ടുകാരും എന്നെ ശ്രദ്ധിയ്ക്കുന്നത്…

അവൾ വേഗം തന്നെ ഓടി എന്റെ അടുക്കൽ വന്നു…അവളുടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ ഒരു വികാരം മനസ്സിൽ ഉടലെടുത്തിരുന്നു.. മുഖം മുഴുവനും സ്‌കാർഫ് കൊണ്ട് ചുറ്റിയ..ആ സ്‌കാർഫിനകത്ത് നീലക്കണ്ണുകളും തുടുത്ത കവിളുകളുമായി ഒരു കുഞ്ഞു മുഖമായിരുന്നു…

അവൾ പെട്ടന്ന് എന്റെ അടുക്കലേക്ക് വന്ന് കൈ നീട്ടി.. “ഹലോ…. എന്റെ പേര് ഫാത്തിമ..ഫാത്തിമ ഫർഹ… കേരളത്തിൽ എറണാകുളത്ത് താമസിക്കുന്നു…എല്ലാവരും എന്നെ പാത്തു എന്ന് വിളിക്കും…ഞാൻ ബി.എ ഇക്കണോമിക്സ് ഒന്നാം വർഷമാണ്…ചേട്ടന്റെ പേരെന്താ….ചേട്ടൻ എന്ത് ചെയ്യുന്നു…”

എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കാൻ ശ്രമിച്ച അവളെക്കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്.. ഞാൻ ഒന്ന് പുഞ്ചിരിച്ചു..എന്നിട്ട് പതിയെ പറഞ്ഞു തുടങ്ങി.. “എന്റെ പേര് കാശിരുദ്ര…ഞാൻ ഇവിടെ ബി.എ ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർഥിയാണ്….

കേരളത്തിൽ തന്റെ നാടായ എറണാകുളം തന്നെയാണ് താമസം…” അത് കേട്ടപ്പോഴേക്കും അവൾ ഒന്ന് ചിരിച്ചു…എന്നിട്ട് എനിക്ക് നേരെ കൈ നീട്ടി.. .”ഫ്രണ്ട്സ്…”… അവൾ ചോദിച്ചു… ഞാൻ തിരികെ അവൾക്കും കൈ കൊടുത്തു…അങ്ങനെ അന്ന് മുതൽ ഞങ്ങൾ നല്ല കൂട്ടുകാരായി.. അവിടെ എനിക്കൊരു ബൈക്ക് ഉണ്ടായിരുന്നു…

അവധി ദിവസങ്ങളിൽ അതിൽ ഊരു ചുറ്റലായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി….. അവിടെ ഹോസ്റ്റലിൽ കയറാനും ഇറങ്ങാനും അങ്ങനെ പ്രത്യേക സമയം ഒന്നും ഉണ്ടായിരുന്നില്ല..അതിനാൽ തന്നെ രാവ്‌ലെ തുടങ്ങുന്ന കറക്കം രാത്രി ഏതെങ്കിലും സ്ട്രീറ്റ് ധാബയിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷമേ ഞങ്ങൾ അവസാനിപ്പിക്കാറുള്ളായിരുന്നു…

പിന്നെ എല്ലാ ദിവസവും കിട്ടുന്ന സമയങ്ങളിൽ ഞാൻ അല്ലറ ചില്ലറ ജോലിയ്ക്ക് പോകുമായിരുന്നു..വീട്ടിൽ നിന്ന് തരുന്ന പണം പരമാവധി ഉപയോഗിക്കാതെ തന്നെ അവിടെ ജീവിക്കാനുള്ള വരുമാനം എനിയ്ക്ക് ലഭിയ്ക്കുന്നുണ്ടായിരുന്നു..ഒരുപക്ഷേ പാത്തുവിനുള്ളത് കൂടെ…

അവൾക്കുവേണ്ടി എത്രവേണമെങ്കിലും ചിലവാക്കാൻ എനിക്ക് യാതൊരു മടിയും ഇല്ലായിരുന്നു..കാരണം എന്നെ സംബന്ധിച്ചിടത്തോളം അവൾ എന്റെ എന്തൊക്കെയോ ആയിരുന്നു..അതിനെ പ്രേമം എന്ന് വിളിക്കാൻ കഴിയുമോ എന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു…

അതിനാൽ അത് ഒരു സുഹൃത് ബന്ധമായ് തന്നെ വളർന്നു.. അതിന് മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു…പാത്തു…അവൾ ഒരു അനാഥയായിരുന്നു..എന്ന് വച്ച് ആ ഒരു സിമ്പതി ആയിരുന്നില്ല എനിക്കവളോട്…അവളുടെ അച്ഛനും അമ്മയും അനിയനും ചേട്ടനും എല്ലാമാവാൻ ഞാൻ കൊതിച്ചു….ചിലപ്പോൾ അതാവാം ഞങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് കാരണമായതും…..

ഒരു സ്വപ്നവും ഇല്ലാതിരുന്ന എന്നിൽ സ്വപ്നങ്ങൾ നിറച്ചത് അവളാണ്…അവളുടെ വാക്കുകൾ നൽകിയ ഊർജത്തിലാണ് ഞാൻ ഇന്നിവിടെ ഇരിയ്ക്കുന്നത് തന്നെ… ഒരിക്കൽ അവൾ എന്നോട് എന്റെ ലക്ഷ്യത്തെ പറ്റി ചോദിച്ചു…അന്നെനിക്ക് ആകെയുണ്ടായിരുന്ന ആഗ്രഹം ഡിഗ്രി കഴിഞ്ഞു ഇക്കണോമിക്സിൽ തന്നെ പി.ജി ചെയ്യണം എന്നിട്ട് ഏതെങ്കിലും നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലി വാങ്ങണം…

ഇതേ കാര്യം തന്നെ ഞാൻ അവളോട് പറഞ്ഞു…. അവൾ ഒന്ന് ചിരിച്ചു….എന്നിട്ട് പതിയെ പറഞ്ഞു തുടങ്ങി.. “കാശിക്കാ…കാശിക്കയ്ക്ക് അറിയുവോ…ഞാൻ എന്തിനാണ് ഇക്കോണോമിക്‌സ് എന്ന ഡിഗ്രിയ്ക്ക് തന്നെ ചേർന്നതെന്ന്… എനിക്ക് ഡിഗ്രി കഴിഞ്ഞിട്ട് പി.ജിയും ചെയ്യണം..എന്നിട്ട് ഇന്ത്യൻ ഇക്കണോമിക് സർവീസ് എന്ന സിവിൽ സർവീസ് കാറ്റഗറിയിലെ പരീക്ഷ എഴുതണം..

അതാവുമ്പം ഇന്ത്യയുടെ സമ്പത് ഘടനയുടെ കാവൽക്കാരിയാകാൻ എനിക്ക് കഴിയും..അതിലൂടെ നമ്മുടെ സമ്പത്ത് വ്യവസ്ഥയെ എനിക്ക് മെച്ചപ്പെടുത്തണം…എന്നിട്ട് പാവങ്ങൾക്കും പട്ടിണി കിടക്കുന്നവർക്കുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സമ്പത്തുകൊണ്ട് അർഹമായ രീതിയിൽ സഹായിക്കണം… ഇതൊക്കെ എന്താണെന്നറിയുവോ ഞാൻ പറഞ്ഞത്…കാശിക്കയ്ക്ക് അറിയുവോ…

ഞാൻ എന്റെ ഉപ്പയുടെയും ഉമ്മയുടെയും ആറാമത്തെ കുട്ടിയായിരുന്നത്രെ…അവർക്ക് എന്നെ കൂടെ നോക്കാൻ കഴിയില്ല എന്ന് ഉറപ്പായപ്പോഴാണ് എന്നെ യത്തീം ഖാനയിൽ ഉപേക്ഷിച്ചത്…. അന്ന് അവർ എന്നെ ഉപേക്ഷിച്ചു പോയി..പിറ്റേന്ന് വന്ന പത്രത്തിന്റെ തലക്കെട്ട് എന്താണെന്ന് അറിയുവോ…കൊടും പട്ടിണി കാരണം ഒരു കുടുംബത്തിലെ ഏഴ് പേർ ആത്മഹത്യ ചെയ്തു എന്ന്.. അതേ കാശിക്കാ..

ഈ എന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും എന്നെ തനിച്ചാക്കി ഇട്ടിട്ട് പോയി കാശിക്കാ….” അവൾ എന്നെ ചുറ്റിപിടിച്ചു എങ്ങലടിച്ച് കരഞ്ഞു…അവളെ സമാധാനിപ്പിക്കാനെന്നോണം ഞാൻ അവളുടെ പുറം തടവിക്കൊണ്ടേ ഇരുന്നു.. അവൾ ഇടറുന്ന ശബ്ദത്തോടെ വീണ്ടും പറഞ്ഞു തുടങ്ങി… “കാശിക്കാ…കാശിക്കയ്ക്ക് അറിയുവോ..ഞാൻ..ഞാനില്ലേ ജനിച്ചപ്പോൾ ഒരു ആരോഗ്യവും ഉണ്ടായിരുന്നില്ലത്രേ..

പാവം എന്റെ ഉമ്മ..അതിന് കഴിക്കാൻ നല്ല ഭക്ഷണം പോലും കിട്ടിക്കാണില്ല.. ല്ലേ..ഇക്കാ…” അവളുടെ ശബ്ദം ഇടറിയിരുന്നു…എങ്കിലും അവൾ തുടർന്നു… “അതുകൊണ്ടാ ഇക്കാ…ആരും ഒരിക്കലും ഇനി പട്ടിണി നിമിത്തം ആത്മഹത്യ ചെയ്യരുത്….അതിന് ഈ സമ്പത് വ്യവസ്ഥയെ മാറ്റി മറിക്കേണ്ടി വന്നാൽ ഞാൻ അതും ചെയ്യും…

പിന്നെ ഇക്കാ..ഞാൻ ഒന്ന് ചോദിച്ചോട്ടെ…ഇക്കയ്ക്ക് സിവിൽ സർവീസ് ഒന്ന് നോക്കികൂടെ..ഇഷ്ടമാണെകിൽ മാത്രം…ഇക്കയുടെ പല അഭിരുചികളും അടുത്തറിഞ്ഞവളല്ലേ ഈ ഞാൻ..അത് വച്ച് നോക്കിയാൽ ഇക്കയിൽ നല്ലൊരു പോലീസ് ഓഫീസർ ഒളിഞ്ഞിരുപ്പുണ്ട്..ഒന്ന് ശ്രമിച്ചൂടെ…” ****************************** ”

അന്നവൾ അങ്ങനെ പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ പിന്നീട് സിവിൽ സർവീസിലേക്ക് തിരിയാണമെന്ന് തീരുമാനിക്കാൻ കാരണം തന്നെ…” കാശി പറഞ്ഞു.. “എന്നിട്ട്…”… തന്റെ മടിയിൽ കിടക്കുന്ന കാശിയുടെ തലയിൽ തലോടിക്കൊണ്ട് സൈറ ചോദിച്ചു…. “എന്നിട്ടോ…”…കാശി വീണ്ടും പറഞ്ഞു തുടങ്ങി… ****************************** അങ്ങനെ എന്റെ പഠനം കഴിഞ്ഞെങ്കിലും ഞാൻ പി.ജിയും അവിടെ തന്നെ ചേർന്നു…

പാത്തുവിന് ഞാൻ അപ്പോഴേക്കും സിവിൽ സർവീസ് എഴുതണം എന്ന് ഉണ്ടായിരുന്നെങ്കിലും എന്തോ അവളെ അവിടെ തന്നെ നിർത്താൻ തോന്നിയില്ല… അതുകൊണ്ട് തന്നെ ക്ലാസ്സും കൂടാതെ ആഴ്ചയിൽ മൂന്ന് ദിവസം വൈകുന്നേരം ഞാൻ ഡൽഹിയിൽ തന്നെയുള്ള ഒരു സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ ഈവനിംഗ് കോഴ്സിന് ചേർന്നു..പാത്തുവിനായിരുന്നു കൂടുതൽ സന്തോഷം…

എന്നാൽ ആ സമയമൊന്നും ഉള്ളിലുള്ള പ്രണയത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല… ഒരിക്കൽ..അതായത് ഞാൻ പി.ജി അവസാന സെമസ്റ്ററും അവൾ ഡിഗ്രി അവസാന സെമസ്റ്ററും ചെയ്യുന്ന സമയത്താണ് അവളെ കുഞ്ഞിലെ മുതൽ നോക്കിക്കൊണ്ടിരുന്ന ആയ മരിക്കുന്നത്…അതിനാൽ തന്നെ എനിക്ക് അവളെ പിരിഞ്ഞു നിൽക്കേണ്ടുന്ന ഒരു സാഹചര്യം…അതും.ഒരു മാസത്തോളം…

അന്ന് ഞാൻ അനുഭവിച്ച മാനസീക വിഷമവും സംഘർഷവും ഒന്നും ഇതിന് മുന്നേ പിരിഞ്ഞിരുന്നപ്പോൾ അനുഭവിച്ചതല്ല എന്നെനിക്ക് മനസ്സിലായി… ഒരു മാസത്തിന് ശേഷം അവൾ വന്നപ്പോൾ അവൾക്കും അതേ അവസ്ഥയാണെന്ന് അറിഞ്ഞതും.ഞാൻ രണ്ടു ദിവസത്തിനുള്ളിൽ എന്റെ മനസ്സിൽ തോന്നിയതെല്ലാം തുറന്ന് പറഞ്ഞു…അവസാനം ഞങ്ങൾ തമ്മിൽ സുഹൃത്തുക്കൾ എന്ന ഒരു ബന്ധം മാറി പ്രണയശലഭങ്ങളായി…

വീട്ടിൽ.വിളിച്ചു പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും പ്രശ്നങ്ങളൊന്നും. ഉണ്ടായില്ല…. അങ്ങനെ ഞാൻ പി.ജി കഴിഞ്ഞതിന് ശേഷം പ്രിലിമിനറി എഴുതി…ആ സമയം ആയപ്പോഴേക്കും അവൾ പി.ജി അവിടെത്തന്നെ ചെയ്യാൻ തുടങ്ങിയിരുന്നു… ഞാൻ പ്രിലിമിനറിയും മെയിനും ഇന്റർവ്യൂവുമെല്ലാം പാസ്സ് ആയി ട്രെയിനിങ്ങും കഴിഞ്ഞു ആദ്യത്തെ പോസ്റ്റ് എറണാകുളം കിട്ടിയപ്പോഴേക്കും അവൾ അവളുടെ പഠനം പൂർത്തിയാക്കിയിരുന്നു..

അങ്ങനെ അവളുടെ സ്വപ്നമായ ഇക്കോണോമിക്‌ സർവീസിലേക്ക് കടക്കുന്നതിന് മുന്നേ എന്റെ പേരിലൊരു മഹർ അവളുടെ കഴുത്തിൽ.വേണമെന്ന് പറഞ്ഞു.. അങ്ങനെ ഞാൻ അവളുടെ കഴുത്തിൽ താലികെട്ടി അവളെ സ്വന്തമാക്കി…അത് കഴിഞ്ഞും അവൾ പഠനത്തിനായി കടന്നുപോയി… അങ്ങനെ വിവാഹം കഴിഞ്ഞു രണ്ട് വർഷത്തിനുള്ളിൽ അവൾ ഫാത്തിമ കാശിരുദ്രയിൽ നിന്നും ഫാത്തിമാ കാശിരുദ്ര ഐ.ഇ. എസ് ആയി…

കാശിയുടെ ഫോൺ ശബ്‌ദിക്കുന്നത് കെട്ടിട്ടാണ് അവൻ കഥ നിറുത്തിയത്… അവൻ സൈറയുടെ മടിയിൽ കിടന്നുകൊണ്ട് തന്നെ അതിന് ഉത്തരം പറഞ്ഞു… എന്നാൽ അവന്റെ മുഖഭാവത്തിൽ നിന്നും അത്ര സുഖകരമായ വാർത്തയല്ല അവൻ കെട്ടിരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി… അവൾ സമയം നോക്കി…മണി എട്ടാകുന്നു….

അവൻ വേഗം അവളുമായി താഴെ വണ്ടിയിലേക്ക് നടന്നു…അവളുടെ കൈകളിലേക്ക് അവന്റെ കൈകൾ കോർത്തു.. വണ്ടിയിൽ കയറിയ ഉടൻ തന്നെ അവൻ നല്ല വേഗതയിൽ തന്നെ ചുരമിറങ്ങി…അവന്റെ വണ്ടി കുറച്ചധികം ദൂരം താണ്ടി നേരെ മെഡി വേൾഡ്‌ ആശുപത്രിയിൽ ചെന്ന് നിന്നു……

(തുടരും….)

അറിയാതെ : ഭാഗം 20