Saturday, January 18, 2025
Novel

അറിയാതെ : ഭാഗം 17

നോവൽ
എഴുത്തുകാരി: അഗ്നി


അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു പിരിഞ്ഞു…അന്നും കുഞ്ഞുങ്ങൾ രണ്ടുപേരും സൈറയുടെ കൂടെയായിരുന്നു… കുഞ്ഞുങ്ങൾ ഉറങ്ങിയതിന് ശേഷം കാശിയും സൈറയും കുറച്ചു നേരം ബാൽക്കണിയിൽ ചെന്നിരുന്നു…ഒരു ഇളം കാറ്റ് അവരെ തൊട്ടു തലോടിക്കൊണ്ടിരുന്നു…. അവർ ഒന്നും സംസാരിച്ചില്ല…എന്നാലും പരസ്പരം ചേർന്ന് നിന്ന് അവർ രാത്രിയിലെ ബാംഗ്ലൂർ നഗരത്തെ നോക്കിക്കണ്ടു…

കുറച്ചുകഴിഞ്ഞപ്പോൾ ജാനകിയും രാധാകൃഷ്ണനും കാശിയും സാമും സാമിന്റെ ഫ്‌ളാറ്റിലേക്ക് തിരിച്ചുപോയി…..കാശി കണ്ണുകൾകൊണ്ട് സൈറയോടും സാം മിയയോടും യാത്ര പറഞ്ഞു….. ****************************** പിറ്റേന്ന് മുതൽ എല്ലാവരും അവരവരുടെ ജോലികളിൽ വ്യാപൃതരായി…കാശി ഓഫീസിലേക്കും സാം ആശുപത്രിയിലേക്കും പോയി…മിയയ്ക്കാണെങ്കിൽ ഓവർ ടൈം ഉണ്ടായിരുന്നു കാരണം അവൾ അതിനു മാത്രം അവധിയെടുത്തിരുന്നു..

സൈറയ്ക്ക് വിശ്രമവേളയായിരുന്നു…ജാനകിയും സൈറയും രാധാദീദിയും കുഞ്ഞുങ്ങളും ഒക്കെകൂടെ ആ ഫ്‌ളാറ്റിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു… പുതിയ വിഭവങ്ങൾ പരീക്ഷിക്കാനും കുഞ്ഞുങ്ങളുടെ കൂടെയിരുന്ന് കളിക്കാനുമെല്ലാം അവൾ സമയം കണ്ടെത്തി… അവളുടെ നെറ്റിയിലെ മുറിവ് കാണുമ്പോൾ ആദിക്കും ആമിയ്ക്കും സങ്കടം വരുമായിരുന്നു…

അവരുടെ അമ്മയ്ക്ക് എന്തോ വയ്യായ്ക വന്നെന്ന് അവർക്ക് മനസ്സിലായിരുന്നു…. അതുകൊണ്ട് തന്നെ അവർ സൈറയെ കഴിവതും ബുദ്ധിമുട്ടിക്കാതെ ശ്രദ്ധിച്ചിരുന്നു..ഇടയ്ക്കിടെ അവൾക്ക് ഓരോ ഉമ്മകൾ കൊടുക്കുകയും അവളെ ചുറ്റിപ്പറ്റി ഇരുന്ന് കളിപ്പാട്ടങ്ങൾ കൊണ്ട് അവളുടെ കൂടെ കളിക്കുന്നതായിരുന്നു കുഞ്ഞാമിയുടെയും കുഞ്ഞാദിയുടെയും പ്രധാന ജോലി… വൈകുന്നേരം എല്ലാവരും വന്നാൽ ഏതെങ്കിലും ഒരു ഫ്‌ളാറ്റിൽ തന്നെ സമയം ചിലവഴിക്കും..

കാശി ചില കേസുകളുമായി തിരക്കിലായതിനാൽ ചില ദിവസങ്ങളിൽ നന്നേ വൈകിയാണ് വന്നിരുന്നത്… അങ്ങനെയുള്ള ദിവസങ്ങളിൽ എത്ര വൈകിയാലും സൈറയേയും കുഞ്ഞുങ്ങളെയും കണ്ടിട്ട് മാത്രമേ അവൻ ഉറങ്ങാൻ പോവുകയുള്ളൂ…ഈ സമയം കൊണ്ട് ആമി പൂർണമായും സഹവാസം സൈറയോടൊപ്പമാക്കിയിരുന്നു… ****************************** രണ്ട് മൂന്ന് മാസങ്ങൾ കടന്നുപോയി..

ഇതിനിടയിൽ സൈറ ആശുപത്രിയിൽ പോയിത്തുടങ്ങി.. ജാനകി അവർ ജോലിചെയ്തുകൊണ്ടിരുന്ന ആശുപത്രിയിൽ നിന്നും ഒരു നീണ്ട അവധി എടുത്തു…തനിക്ക് തന്റെ കൊച്ചുമക്കളുടെ കൂടെ ചിലവഴിക്കാനുള്ള താത്പര്യമായിരുന്നു അതിന് കാരണം.. രാധാകൃഷ്ണൻ തിരികെ പോയി….തിരികെ പോകുന്നതിന് മുന്നേ സാം താമസിച്ചിരുന്ന ഫ്‌ളാറ്റിൽ തൊട്ട് അടുത്തുള്ള ഫ്‌ളാറ്റ് രാധാകൃഷ്ണൻ സ്വന്തമായി വാങ്ങിച്ചു…സാം താമസിച്ചിരുന്ന സ്ഥലം സാം അത് സ്വന്തമായി വാങ്ങി അവന്റെ അപ്പയുടെയും അമ്മയുടെയും പേരിലേക്കാക്കി..

രാധാകൃഷ്ണൻ തന്റെ ബിസിനസ്സ് നോക്കി നടത്താനുള്ളതിനാൽ അധികം നാൾ അവിടെ തങ്ങുവാൻ കഴിയാത്തതിനാലാണ് തിരികെ പോയത്..എന്നാലും രണ്ടാഴ്ച കൂടുമ്പോൾ കൃഷ്ണൻ തന്റെ മക്കളെയും കൊച്ചുമക്കളെയും കാണുവാനായി ഓടി വന്നിരുന്നു…കാശിയുടെ സഹോദരി മഹേശ്വരി ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനാൽ നാട്ടിൽ ആളില്ലെങ്കിലും കുഴപ്പമില്ലായിരുന്നു…ഇടയ്ക്ക് മഹിയും കുഞ്ഞുങ്ങളെ കാണുവാൻ അവധി ലഭിക്കുമ്പോൾ കൃഷ്ണന്റെ കൂടെ വരുമായിരുന്നു…

അങ്ങനെയിരിക്കെ ഒരു ദിവസം രാധാകൃഷ്‌ണനുമുള്ള സമയത്ത് ജാനകിയ്ക്ക് ഒരു ഫോൺ കാൾ വന്നു… സാമിന്റേതായിരുന്നു ആ ഫോൺ കോൾ..അവൻ പറഞ്ഞതിനനുസരിച്ചു അവർ കുഞ്ഞുങ്ങളെ രാധാ ദീദിയുടെ അടുത്താക്കി വൈറ്റ് ഫീല്ഡിലുള്ള കഫെ കോഫീ ഡേയിലേക്ക് ചെന്നു.. അവിടെ ആരും അധികം ശ്രദ്ധിക്കാത്ത ഒരു മൂലയിൽ സാം ഇരിപ്പുണ്ടായിരുന്നു… “മോനെ സാമേ…”…രാധാകൃഷ്ണൻ അവനെ വിളിച്ചു… സാം.വേഗം തന്നെ എഴുന്നേറ്റ് നിന്ന് അവിടെയുള്ള കസേരകൾ അവർക്കായി നീക്കിയിട്ടു..

.അവർ അതിൽ ഇരുന്നു..അവർക്കെതിരെ ഉള്ള കസേരയിൽ സാമും…അവൻ അവർക്കെല്ലാം ആയി മൂന്ന് കോഫീ ഓർഡർ ചെയ്തു… “സാമേ..ഞാൻ പറഞ്ഞ കാര്യങ്ങൾ എന്തായി….”…ജാനകിയാണ് സംസാരിച്ചു തുടങ്ങിയത്…. അവരുടെ മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ കണ്ടാലറിയാം എത്രമാത്രം മാനസീക പിരിമുറുക്കം ഇപ്പോൾ അവർ അനുഭവിക്കുന്നുണ്ടെന്ന്…

“അത്..എന്തായാലും നമ്മൾ വിശ്വസിച്ചേ പറ്റു….ഈ റിപ്പോർട്ട് എനിക്ക് ആദ്യം വിശ്വസിക്കാൻ പ്രയാസമായിരുന്നു..അതുകൊണ്ട് തന്നെ ഞാൻ ശേഖരിച്ച സാമ്പിളുകൾ ഇവിടെയുള്ള മൂന്ന് പ്രശസ്ത ലാബുകളിൽ ആണ് പരിശോധിച്ചത്…….. ഞാൻ ഒരു ഡോക്ടർ ആയതിനാൽ അവർക്ക് അധികം കാര്യങ്ങൾ വേറെ ചോദിക്കേണ്ടി വന്നില്ല….ഈ മൂന്ന് റിപ്പോർട്ടുകളും ഒരേ കാര്യമാണ് പറയുന്നത്…” ”

എന്താ മോനെ..ഞങ്ങളെ വിഷമിപ്പിക്കാതെ നീ കാര്യം പറ…..”…രാധാകൃഷ്ണൻ തന്റെ മുഖത്ത് നിറഞ്ഞ വിയർപ്പുതുള്ളികളെ തന്റെ കൈലേസിനാൽ ഒപ്പിക്കൊണ്ട് പറഞ്ഞു.. “ഞാൻ പറയുന്നില്ല…മറിച്ച് ഇതാ അമ്മേ…ഇതാണ് ആ മൂന്ന് റിപ്പോർട്ടുകൾ…”…. എന്നും പറഞ്ഞുകൊണ്ട് ജാനകിയുടെ കയ്യിലേക്ക് മൂന്ന് ഫയലുകൾ വച്ചു കൊടുത്തു… അവർ അത് വർധിച്ച നെഞ്ചിടിപ്പോടെ തുറന്നു നോക്കി…

എല്ലാത്തിലും ഒരേ ഉത്തരം… ജാനകിയുടെ മുഖഭാവം കണ്ടതും രാധാകൃഷ്ണന് കാര്യങ്ങളുടെ കിടപ്പുവശങ്ങൾ മനസ്സിലായി…അയാൾ ജാനകിയെ..തന്റെ മാത്രം ജാനുവിനെ ഒരു ആശ്വാസത്തിനെന്നോണം ചേർത്തു പിടിച്ചു… അവർ അയാളുടെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…ഈ ഒരു കാര്യത്തിൽ ചെറിയൊരു പ്രതീക്ഷ ഉണ്ടായെങ്കിൽ കൂടിയും ഒരു വേള അങ്ങനെയൊന്നും സംഭവിക്കല്ലേ എന്നവർ വാസ്തവമായി പ്രാര്ഥിച്ചിരുന്നു….

എന്നാൽ താൻ നടത്തിയ പ്രാർത്ഥനകൾ എല്ലാം വൃഥാവായല്ലോ എന്നചിന്തയിൽ അവർ പരിഭവിച്ചു… അപ്പോഴേക്കും നല്ല ചൂട് കാപ്പി അവരുടെ മുന്നിൽ വന്നിരുന്നു..രാധാകൃഷ്ണനും മനസ്സിനകത്ത് നല്ല വിഷമമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ കഴിയാതെ അയാൾ വിഷമിച്ചു….ആ വിഷമം മറച്ചു വച്ചുകൊണ്ട് അയാൾ ജാനകിയെ ചേർത്ത് പിടിച്ചു കാപ്പി അവർക്ക് നൽകിക്കൊണ്ടിരുന്നു..

ഈ വിഷമം ഒരിക്കലും ആ റിപ്പോർട്ട് കാരണമായിരുന്നില്ല…മറിച്ച്‌ തങ്ങളാരും അറിയതെയാണല്ലോ ഇതൊക്കെ ഇങ്ങനെ സംഭവിച്ചത് എന്നോർത്തിട്ടായിരുന്നു….. ജാനകി ഒരിക്കൽ യാദൃശ്ഛീകമായി ശ്രദ്ദിച്ച ചില കാര്യങ്ങൾ തന്റെ കണ്ണിൽ അന്ന് ദൈവം കാണിച്ചു തന്നിരുന്നില്ലെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു കാര്യം അറിയാതെ…സ്വന്തമായതിനെ മറ്റൊന്നിനെപോലെ കാണേണ്ടി വന്നേനെയെന്നുള്ള ചിന്ത തന്റെ ഹൃദയത്തെ പിടിച്ചു കുലുക്കി…

എന്നാലും ഈ വേദനയ്ക്കിടയിലും സന്തോഷിക്കാനും ഉള്ള കാര്യം ഉള്ളതിനാൽ അവരുടെ മനസ്സ് അൽപ്പം ആശ്വാസത്താൽ നിറഞ്ഞു… സാമും അവന്റെ വികാരങ്ങളെ അടക്കാൻ പാടുപെടുകയായിരുന്നു…അവൻ കുറച്ചു നേരം ഒന്നും മിണ്ടാതെ അവിടെത്തന്നെയിരുന്നു…എന്നിട്ട് അവനറിയാവുന്ന ചില കാര്യങ്ങൾ അവരുമായി പങ്കുവച്ചു..കൂടാതെ ഇക്കാര്യം കുറച്ചു നാളത്തേയ്ക്ക് ആരും അറിയാതെ മൂടിവയ്ക്കാനും അവർ തീരുമാനിച്ചു… ******************************

കാശി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയിരുന്നു…അവൻ സൈറയേയും കൂട്ടി നേരെ തനിഷ്ക്കിലേക്കാണ് ചെന്നത്…അവിടെ അവന്റെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു…. അവൻ പറഞ്ഞതിനനുസരിച്ച്‌ അദ്ദേഹം ഒരു ബോക്‌സ് കൊണ്ടുവന്ന് കാശിയുടെ കയ്യിൽ ഏൽപ്പിച്ചു…അതിനകത്ത് ഡയമണ്ടിൽ തീർത്ത ഒരു സെറ്റ് സ്റ്റഡ്ഡ് ആയിരുന്നു…അവൻ അത് തുറന്ന് അവളുടെ കാതിൽ അണിയിച്ചു…

എന്നിട്ട് പഴയ സ്വർണം കൊണ്ട് നിർമ്മിച്ച ഹൃദയാകൃതിയിലുള്ള സ്റ്റഡ്ഡ് അവൻ ആ പെട്ടിയിലേക്ക് നിക്ഷേപിച്ചു സൈറയുടെ കയ്യിലേക്ക് കൊടുത്തു.. ഈ കാലം കൊണ്ട് അവർ ഒരുപാട് അടുത്തിരുന്നു…അവർ ഒന്നിച്ചു പുറത്ത് പോകുന്നതൊക്കെ പതിവായിരുന്നു… തിരികെ വന്ന് വണ്ടിയിൽ കയറി അവർ നേരെ നന്ദി ഹിൽസിലേക്ക് യാത്രയായി… “രൂദ്രേട്ടാ…ഇതെന്താ ഇപ്പോൾ ഇങ്ങനൊരു സമ്മാനം….

കഴിഞ്ഞ ദിവസം വാങ്ങിത്തന്ന ഈ ചെയിനിന്റെ ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല…” സൈറ തന്റെ കഴുത്തിൽ കിടന്ന ചെയിൻ ഉയർത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു… അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു…എന്നിട്ട് പറഞ്ഞു.. “അത് വേ…ഇത് റെ….എന്തായാലും ഇവ രണ്ടും എന്ത് വന്നാലും നിന്റെ കയ്യിൽ നിന്ന് നഷ്ടപെടരുത്…അത്ര മാത്രേ എനിക്കിപ്പോൾ പറയാൻ കഴിയൂ… അതെന്താണെന്നൊന്നും ഇപ്പോൾ ചോദിക്കേണ്ട…മാലയുടെ കാര്യം എന്തുകൊണ്ടാണ് ഞാൻ പറഞ്ഞതെന്ന് നിനക്കറിയാലോ…

അതുപോലെ ആ കമ്മലിനും ഒരു പ്രത്യേകതയുണ്ടെന്ന് കൂടിക്കോ..അത്രേയുള്ളൂ….” “ഹം… അതൊക്കെ വിട്..നമ്മൾ പോകുന്ന കാര്യം വിളിച്ചു പറഞ്ഞോ..നമ്മുടെ കുഞ്ഞുങ്ങൾ…ആദിയും ആമിയും..അവരെ കൂടെ കൊണ്ടുവരാർന്നു…അവര് നമ്മെ നോക്കിയിരിക്കില്ലേ രൂദ്രേട്ടാ…” കുഞ്ഞുങ്ങളെക്കുറിച്ചു ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു … കാശി തന്റെ ഇടംകയ്യാൽ അവളുടെ കണ്ണുകൾ ഒപ്പി… “താൻ വിഷമിക്കാതെ…എനിക്ക് ഇന്ന് തന്നോട് ചില കാര്യങ്ങൾ സംസാരിക്കണം..

കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അത് പറ്റില്ല…അതുകൊണ്ടാണ്… പിന്നെ നമ്മൾ പോകുന്ന കാര്യം രാധാ ദീദിയെയും മിയയെയും വിളിച്ചു പറഞ്ഞിട്ടുണ്ട്.. അച്ഛനും അമ്മയും സാമും ഫോൺ എടുക്കുന്നില്ല….” അവൾ അവന്റെ തോളിലേയ്ക്ക് പതിയെ ചാഞ്ഞു.. സൂര്യാസ്തമയം കാണുവാൻ വേണ്ടിയാണ് ഇരുവരും അങ്ങോട്ടേക്ക് പോകുന്നത്..കൂടാതെ കാശിയ്ക്ക് സ്വസ്ഥമായൊന്ന് തന്റെ മനസ്സ് തുറക്കാനും…

(തുടരും….)

അറിയാതെ : ഭാഗം 18