Wednesday, January 22, 2025
Novel

അറിയാതെ ഒന്നും പറയാതെ – ഭാഗം 18

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

സെക്യൂരിറ്റി തുറന്നുപിടിച്ച അടുത്തൊരു ഡോറിലൂടെ അകത്തേക്ക് കടന്നു ചെന്നു അവർ. അവിടെ മേജർ സഹ്യാദ്രി ശിവ് റാമും കൂടെ മറ്റേതൊക്കെയോ സൈനീകരും ഇരിക്കുന്നുണ്ടായിരുന്നു. യൂണിഫോമിൽ അദ്ദേഹത്തെ കണ്ട് അരവിന്ദൻ പകച്ചുപോയി.

ഇന്ദു ആ റൂം ആകെയൊന്നു നോക്കി. ഒരുകൂട്ടം സൈനികരുടെ ഇടയിൽ കൂട്ടം തെറ്റി വന്ന ആട്ടിൻകുട്ടി കണക്കെ പേടിയോടെ അവൾ നിന്നു.

എ സി യുടെ നേരിയ മൂളക്കം ഒഴിച്ചു മറ്റൊരു ശബ്ദവും കേൾക്കാനില്ലായിരുന്നു.

എന്തു ചെയ്യണമെന്ന് അവൾക്ക് ഒരു രൂപവും കിട്ടിയില്ല.

അതൊരു കോണ്ഫറൻസ് ഹാൾ ആണെന്ന് ഇന്ദുവിന് തോന്നി. ഭിത്തിയിലെ ഗാന്ധിജിയുടെ വലിയ ചിത്രത്തിലേക്ക് നോക്കിയവൾ നിന്നു.

പെട്ടന്ന് മേജർ സഹ്യാദ്രി പിന്തിരിഞ്ഞു നോക്കി. അരവിന്ദനെയും ഇന്ദുവിനെയും കണ്ട എഴുന്നേറ്റു. അഖിൽ അവരെ ‘വരൂ’ എന്നു ആംഗ്യം കാട്ടി മേജരുടെ അടുത്തേക്ക് നടന്നു. അറ്റൻഷനായി കയ്യിലിരുന്ന ഫയൽ അദ്ദേഹത്തിന്റെ കയ്യിലേക്ക് കൊടുത്തു.

“മിത്ര ആൻഡ് അരവിന്ദ്..” അദ്ദേഹം അവരെ പെരുചൊല്ലി വിളിച്ചു. പിന്നെ അടുത്തിരുന്ന ഓഫീസർസിനെ പരിചയപ്പെടുത്തി.

രണ്ട് ബ്രിഗേഡിയർ,
രണ്ട് മേജർ ജനറൽ,
ഒരു ലെഫ്റ്റ്നെന്റ് ജെനറൽ പിന്നെ
മിലിട്ടറി പോലീസിലെ ഒരു മേജർ ജനറൽ പ്രോവോസ്റ് മാർഷൽ( മിലിട്ടറി പോലീസ് ഹെഡ്), കമാൻഡൻറ് ബ്രിഗേഡിയർ.. മറ്റുചില ഉദ്യോഗസ്ഥർ…എല്ലാവരും ബ്രിഗേഡിയർ രാജശേഖര പൊതുവാളിനോട് അതൃപ്തി ഉള്ളവർ.

പല സമയങ്ങളിലും അയാളുടെ പ്രവർത്തികളോട് വിയോജിപ്പ് ഉണ്ടായിരുന്നവർ. അയാൾക്കെതിരെ ശക്തമായ ഒരു കാരണം കിട്ടാൻ കാത്തിരുന്നവർ.

കൂടാതെ സിദ്ധുവിനോട് താല്പര്യമുള്ള ചിലരും ആ കൂടെ ഉണ്ടായിരുന്നു. അതാകട്ടെ ബാംഗ്ലൂർ സൈനീക സ്കൂളിൽ നിന്നും തുടങ്ങിയ ബന്ധമായിരുന്നു.

അവർ സംസാരിച്ചുകൊണ്ട് നിൽക്കെ പെട്ടന്ന് പുറത്തു ബൂട്ടുകളുടെ ശബ്ദം ഉയർന്നു.

പെട്ടന്ന് പിടിച്ചു കെട്ടിയതുപോലെ ഹാളിനുള്ളിൽ നിശബ്ദത പരന്നു. ഇടിമുഴക്കം പോലെ അടുത്തടുത്തു വരുന്ന ബൂട്ടുക്‌സ്‌ളുടെ ശബ്ദം. സെക്യൂരിറ്റി ഗാർഡ്സ്ന്റെ അകമ്പടിയോടെ മുറിക്കുള്ളിലേക്ക് കടന്നുവന്നു COAS , ജനറൽ വിക്രാന്ത് ചൗധരി , ചീഫ് ഓഫ് ആർമി..!

ആ ഹാളിൽ ഉണ്ടായിരുന്ന എല്ലാ ആർമി ഓഫീസർസും പെട്ടന്ന് അറ്റെന്ഷനായി സല്യൂട്ട് ചെയ്തു.

പെട്ടന്നുള്ള ആ സാഹചര്യത്തിൽ ബൂട്ടുകളുടെ ശബ്ദം കേട്ട് ഇന്ദു പേടിച്ചു കണ്ണടച്ചു അരവിന്ദനെ ഇറുക്കിപ്പിടിച്ചു അവനും ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. ജീവിതത്തിൽ ആദ്യമായയിട്ടുണ്ടാകുന്ന അനുഭവം.

ജനറൽ സീറ്റിലേക്ക് ഇരുന്നു.

ഇന്ദുവും അരവിന്ദനും ശ്വാസമടക്കി കണ്ണുവിടർത്തി അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു.

ലെഫ്റ്റ്. ജനറലും മറ്റു രണ്ടു ബ്രിഗേഡിയറും അദ്ദേഹത്തിന്റെ അടുത്തു ചെന്ന് എന്തൊക്കയോ സംസാരിച്ചു.

എല്ലാവരോടും അദ്ദേഹം ഇരിക്കാൻ ആഗ്യം കാണിച്ചു.

ശേഷം അവർ പറഞ്ഞതൊക്കെ അദ്ദേഹം കെട്ടുകൊണ്ടിരുന്നു. ശേഷം മേജർ സഹ്യാദ്രിയെ അടുത്തേക്ക് വിളിച്ചു. മേജർ അദേഹത്തിന് മുന്നിൽ ചെന്ന് അറ്റെന്ഷനായി.

അവർ തമ്മിൽ എന്തൊക്കയോ സംസാരിച്ചു …മേജർ തന്റെ കയ്യിലിരുന്ന ഫയൽ മേശപ്പുറത്തു വച്ചു.

ജനറൽ അതു തുറന്നു പേജുകൾ മറിച്ചു നോക്കിക്കൊണ്ടേ ഇരുന്നു. ഇടക്കിടക്ക് എന്തൊക്കയോ മേജരോട് ചോദിക്കുന്നു , അടുത്തു ഇരിക്കുന്ന ലെഫ്റ്റ്: ജനറലിനോട് ന്തൊക്കയോ പറയുന്നു…

അവരുടെ ഒഫീഷ്യൽ സംസാരം പലതും ഇന്ദുവിനും അരവിന്ദനും മനസിലാകുന്നതെ ഇല്ലായിരുന്നു. അതിൽ ഇന്ത്യൻ പീനൽ കോഡും, ആർമി ആക്റ്റും, ലോ കമ്മീഷന്റെ വിവിധ നിയമങ്ങളെക്കുറിച്ചും ഒക്കെ പറയുന്നുണ്ടായിരുന്നു.

അതൊക്കെ കേട്ട് ഇന്ദുവിന് തല ചുറ്റുന്നുണ്ടായിരുന്നു. ഒരുവേള ഇതിനു ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ല എന്നുവരെ അവൾക്ക് തോന്നി.

സമയം കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു.

അവിടെ ഇരിക്കുന്ന ഓരോ മിനിറ്റിലും ഇന്ദുവിന്റെ ഹൃദയം തുടികൊട്ടിക്കൊണ്ടേ ഇരുന്നു. ഒരുവേള പേടിച്ചു മരിച്ചു വീഴുമെന്നു വരെ അവൾക്ക് തോന്നി. അരവിന്ദന്റെ കൈയ്യിൽ അവളുടെ പിടിത്തം മുറുകിയിരുന്നു. ഇടക്കിടെ അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഏകദേശം ഒരുമണിക്കൂറോളം പിന്നിട്ടു.

പെട്ടന്ന് ജനറൽ മുഖമുയർത്തി എല്ലാവരെയും നോക്കി.

” സോ…ദാറ്റ് വാസ് ദി ഒഫൻസ്…” അദ്ദേഹത്തിന്റെ ഘനഗംഭീര്യമാർന്ന ശബ്ദം ആ ഹാളിൽ മുഴങ്ങി. ഇന്ദുവും അരവിന്ദനും കിടുങ്ങിപോയി.

മേജർ സഹ്യാദ്രി ഇന്ദുവിനെയും അരവിന്ദനെയും കാണിച്ചുകൊടുത്തു പിന്നെയും ന്തൊക്കയോ പറയുന്നുണ്ടായിരുന്നു. അവസാനം ജനറൽ അവർ ഇരുവരെയും അദേഹത്തിനടുത്തേക്ക്
വിളിപ്പിച്ചു.

രണ്ടുപേരും വിളറിയ മുഖത്തോടെ അദേഹത്തിനടുത്തേക്ക് ചെന്നു.

ഇരുവരുടെയും മുഖത്തേക്ക് മാറിമാറി നോക്കിയിട്ട് അദ്ദേഹം പുഞ്ചിരിച്ചു.

അരവിന്ദന് സമാധാനം കിട്ടിയതപ്പോഴാണ്.
‘ മഹാദേവാ ഇങ്ങേർക്ക് ചിരിക്കാനൊക്കെ അറിയാല്ലോ..’ അവൻ മനസ്സിലോർത്തു.

അദ്ദേഹം അവരോട് ചിലതൊക്കെ ചോദിച്ചു..ചിലതൊക്കെ പറഞ്ഞു.

അവസാനം അവരെ തിരികെ അയച്ചതിനു ശേഷം അരികിൽ ഇരുന്ന ലെഫ്റ്റ്: ജനറലിനോടും ബ്രിഗേഡിയേസിനോടും പിന്നെയും എന്തൊക്കയോ പറഞ്ഞു. അവരിലൊരാൾ പുറത്തേക്ക് പോയി തിരിച്ചു വന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ പുറത്തുനിന്നുമൊരു സൈനികൻ ഒരു ഫയലുമായി അകത്തേക്ക് വന്നു. അറ്റൻഷനായി അതു ജനറലിനെ ഏൽപ്പിച്ചു.

വായിച്ചു നോക്കി. ശേഷം മറ്റുള്ളവരെ വായിച്ചുകേൾപ്പിക്കുന്നതിനു വേണ്ടി തിരികെ നൽകി. അതുകൊണ്ടുവന്ന സൈനികൻ ഉച്ചത്തിൽ ഓരോന്നായി വായിച്ചു കേൾപ്പിച്ചു.

സ്റ്റാറ്റ്യുട്ടറി ഇൻസ്ട്രമെന്റ്‌സ്.
നമ്പർ 20009 ബാർ 11100
ദി ആംഡ് ഫോഴ്സ് – വാറന്റ് ഓഫ് അറസ്റ്റ് ഫോർ സർവിസ് ഒഫൻസ്- റൂൾസ് (ഇയർ)…

സെക്ഷൻ 3113(3)
ആംഡ് ഫോഴ്സ് ആക്റ്റ് 20006(1)

പ്രിലിമിനറി
സൈറ്റേഷ്യന് ആൻഡ് കമെന്സമെന്റ്
സർവീസ് ഓഫ് ഡോക്യൂമെന്റ്‌സ്
അപ്പ്ളിക്കേഷൻസ്
ജനറൽ പ്രൊസീഡിങ്‌സ്
ഹിയറിങ്‌സ്, വാറൻറ്‌സ്….

അങ്ങനെ എട്ടു പേജ് വരുന്ന ഒരു വാറന്റ്. അതിന്റെ പ്രൊസീഡിങ്‌സ് മുഴുവൻ വായിച്ചു.

അതായത്,
ചുരുക്കത്തിൽ, ഡ്യൂട്ടിക്കിടയിൽ നിയമവിരുദ്ധമായി നിയമലഘനം നടത്തി കർത്തവ്യ നിർവഹണത്തിനിടയിൽ കീഴുദ്യോഗസ്ഥനെ വധിക്കാൻ പ്രേരിപ്പിച്ചതിനും അതിനുള്ള ഗൂഢാലോചന നടത്തിയതിനും ബ്രിഗേഡിയർ രാജശേഖര പൊതുവാളിനെയും കൃത്യം ചെയ്തതിനു കൂട്ടുനിന്ന മേജർ വിക്രം പ്രതാപ് സിങ്ങിനെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റ് വായിച്ചു നിർത്തി.

ഹാളിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. ജനറൽ എല്ലാവരെയും മാറിമാറി നോക്കി.

ശേഷം സൈൻ ചെയ്തു ഫയൽ ചുവപ്പുനാടയിൽ ബന്ധിച്ചു.

ശേഷം അതെടുത്തു കമ്മൻഡന്റിനെ ഇൻവെസ്റ്റിഗേഷൻ ചുമതല ഏൽപ്പിച്ചു ജനറൽ വിക്രാന്ത് ചൗധരി .

പ്രോവോസ്റ്റ് മാർഷൽ, ചുവപ്പുനാടയിൽ ബന്ധിച്ച ഫയൽ കൈകളിൽ ഏറ്റുവാങ്ങുമ്പോൾ മേജർ സഹ്യാദ്രിയും ക്യാപ്റ്റൻ അഖിൽ സുദര്ശനും ഇന്ദുവിനെ നോക്കി.

അവളുടെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കവിളിലേക്ക് വീണു ചിതറി.

സെക്യൂരിറ്റി ഗാർഡിന്റെ അകമ്പടിയോടെ പുറത്തേക്ക് പോകുന്നതിനു മുൻപ് ജനറൽ ഇന്ദുവിനെ അടുത്തേക്ക് വിളിച്ചു ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

മീറ്റിംഗ് കഴിഞ്ഞു.

അഖിലിനും സഹ്യാദ്രിക്കുമൊപ്പം പുറത്തേക്ക് പോരുമ്പോൾ അവർക്ക് മുൻപേ നടക്കുന്ന ഓഫീസർസ് സംസാരിക്കുന്നതൊക്കെ അവർ ഇരുവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഒഫൻസിനെക്കുറിച്ചും എവിഡൻസിനെക്കുറിച്ചും ഫർദർ പ്രൊസീജിയറിനെക്കുറിച്ചും ഒക്കെ അവർ പറയുന്നുണ്ടായിരുന്നു.

പുറത്തേക്കിറങ്ങിയപ്പോൾ മേജർ സഹ്യാദ്രി ഇന്ദുവിനെ നോക്കി.

” മിത്ര…ഇനിയെല്ലാം പെട്ടന്ന് നടന്നോളും… പിന്നെ ഇൻവെസ്റ്റിഗേഷൻ രണ്ടു മൂന്നുദിവസത്തിനുള്ളിൽ കഴിയും.. ബിക്കോസ് ഇന്ഫോര്മേഷനും എവിടൻസും ക്ലീൻ ആണ്…അതൊന്നു വെരിഫിക്കേഷൻ നടത്തിയാൽ മാത്രം മതിയാകും.

ഇന്നുമുതൽ മൂന്നാമത്തെ ദിവസം കഴിയുമ്പോൾ ഏതു നിമിഷവും ഞങ്ങൾ അവിടെ ഉണ്ടാവും….ബ്രിഗേഡിയർ ഇപ്പോ ബാംഗ്ലൂർ ഉണ്ട്. അദ്ദേഹത്തിന്റെ അടുത്ത യാത്ര എവിടേക്കാണെന്നു ട്രയ്സ് ചെയ്തുകൊണ്ടിരിക്കയാണ്.

നിങ്ങൾക്ക് നാളെ തിരികെ പോകാം… പിന്നെ… അഖിലിനും ചേതനും ഇനി നിങ്ങള്ഡ് കൂടെ വരാൻ കഴിയില്ല.. ബിക്കോസ് അവർ വിറ്റനസ് ആണ്…സോ അവർക്ക് പുറത്തു പോകാൻ പെർമിഷൻ ഇല്ല..” അദ്ദേഹം പറഞ്ഞു നിർത്തി.

ഇന്ദുവും അരവിന്ദനും അന്ധാളിച്ചു പോയി.
വെപ്രാളത്തോടെ അവർ ഇരുവരും അഖിലിനെ നോക്കി.

“പേടിക്കണ്ട അരവിന്ദ്…മിത്ര..നിങ്ങളെ എയർപോർട്ടിൽ ആക്കാൻ നാളെ ഹോട്ടലിൽ ആൾ വരും..ഓക്…”

ശേഷം മറ്റൊരു സൈനീകനെ വിളിച്ചു അവരെ പരിചയപ്പെടുത്തി.

പിന്നെ അവരെ യാത്രയാക്കി.

അഖിലിനോടും സഹ്യാദ്രിയോടും യാത്ര പറയുമ്പോൾ ഇന്ദുവിന്റെയും അരവിന്ദിനെയും നെഞ്ചു പിടഞ്ഞു.

വീണ്ടും കാണാമെന്ന് പറഞ്ഞു ഗേറ്റ് കടന്നു പുറത്തേക്കിറങ്ങി അവരെ ജീപ്പിലേക്ക് കയറ്റി കൈ വീശിയപ്പോൾ അഖ്Iലിന്റെ കണ്ണു നിറഞ്ഞു ചേതനെയും അർപ്പിതിനെയും അവിടെയെങ്ങും കാണാനില്ലായിരുന്നു.

ജീപ്പ് മുന്നോട്ട് നീങ്ങിയപ്പോൾ ഇന്ദു പൊട്ടിക്കരഞ്ഞുകൊണ്ട്‌ അരവിന്ദനെ കെട്ടിപ്പിടിച്ചു. അരവിന്ദൻ പുറത്തേക്കു നോക്കി കൈവീശിക്കൊണ്ടേ ഇരുന്നു.

ജീപ്പ് അവരെയും വഹിച്ചു കൊണ്ട് തിലക് നഗർ ലക്ഷ്യമാക്കി പറന്നു.
********* ********** ********

രണ്ടാമത്തെ ദിവസം വൈകിട്ട് സുബേദാർ സഞ്ജയ് സിങ് വിളിച്ചു എട്ടു മണിയാകുമ്പോഴേക്ക് റെഡി ആയിരിക്കാൻ പറഞ്ഞു അരവിന്ദനോട്.

അവർ രണ്ടുപേരുണ്ടായിരുന്നു കൊണ്ടുവിടാൻ. ഇന്ദ്രപ്രസ്ഥയിൽ നിന്നും ചെക്ക്ഔട് ചെയ്ത എയർപോർട്ടിൽ എത്തി.

അവരോട് യാത്ര പറഞ്ഞു ചെക്ക് ഇൻ ചെയ്തു അകത്തേക്ക് നടക്കുമ്പോൾ ഇന്ദുവിന്റെയും അരവിന്ദന്റെയും കണ്ണുകൾ അഖിലിനെയും ചേതനെയും തിരഞ്ഞുകൊണ്ടിരുന്നു.

വല്ലാത്ത നഷ്ടബോധത്തോടെ അവർ ഡൽഹി വിട്ടു.

11.30 ഓടെ അവരെയും കൊണ്ട്‌ ബാംഗ്ലൂർ ഫ്ലൈറ്റ് പറന്നുപൊങ്ങി.

അരവിന്ദന്റെ കൈകളിൽ കൈചുറ്റി ചുമലിലേക്ക് ചാഞ്ഞിരുന്നു ഇന്ദു. കഴിഞ്ഞു പോയ ദിവസങ്ങളുടെ ടെന്ഷന് നിറഞ്ഞ നിമിഷങ്ങൾ അവളുടെ ഓർമയുടെ ഓടിമറഞ്ഞുകൊണ്ടേയിരുന്നു.

നെഞ്ചിലൊരു ഭാരവും പേറി അരവിന്ദൻ അവളുടെ നെറുകയിൽ തലോടി പുറത്തേക്ക് നോക്കിയിരുന്നു.
*********** ********** ********
മൂന്നു ദിവസങ്ങൾ കൂടി കടന്നു പോയി.
ഉത്സവത്തിന്റെ തലേന്നു രാവിലെ.

ക്ലാസ്സിൽ നിന്നും ശ്വേതയുടെ കൈപിടിച്ചു വലിച്ചുകൊണ്ട് അമൃത പുറത്തേക്ക് ഓടി. കൂടെ ലാവണ്യയും രോഹിണിയും ഉണ്ടായിരുന്നു.

” ശ്വേത…ന്നെയൊന്നു ബസ് സ്റ്റോപ്പിൽ ആക്കി താടി…ടെസ്റ്റ് പേപ്പർ എഴുതാൻ വേണ്ടി മാത്രം അല്ലെ ഞാനിന്നു വന്നേ…. ആ പെണ്ണുംപിള്ള അല്ലേൽ കൊന്നുകളയും…. നിക്ക് എത്രേം പെട്ടന്ന് പോണമെഡി….ന്റെ പൊന്നു മോളല്ലേ…സമയം പോകുന്നടി …” അമൃത കൂട്ടുകരിയോട് കെഞ്ചി.

“നിന്റെ അമ്പലത്തിലെ ഉത്സവം അല്ലെ…..ചിലവ് വേണം…ഞങ്ങൾക്ക് മൂന്നുപേർക്കും ഓരോ മിൽക്ക് ഷേക്ക് വിത്ത് കട്ട്ലറ്റ് വാങ്ങി തന്നാൽ …വരാം” ശ്വേത നിബന്ധന വച്ചു.

അമൃത മറ്റു നിവർത്തി ഇല്ലാതെ അതംഗീകരിച്ചു. മുന്നോട്ട് നടക്കുമ്പോൾ ശ്വേത ചിരിച്ചുകൊണ്ട് അവളെ കളിയാക്കി..

” ചില കാര്യങ്ങളിൽ നീ ഇപ്പോഴും ബ്ലഡി ഗ്രാമവാസി തന്നെയാണ് അമൃതേ…”

‘ഓഹ്..ആയിക്കോട്ടെ’ ന്നും പറഞ്ഞു അവൾ അവർക്കൊപ്പം നടന്നു.

ടൗണിൽ വന്നു ‘ പാരഡൈസി’ലേക്ക് പോകാൻ റോഡ് ക്രോസ്സ് ചെയ്യാൻ നിക്കുമ്പോളാണ് അമൃത ആ കാഴ്ച കാണുന്നത്.

‘ ന്റെ മഹാദേവാ….’ അവളുടെ ആത്മഗതം ഉച്ചത്തിലായിപോയി. നെഞ്ചിൽ കൈയമർത്തിഅവളുടെ വിരണ്ടുള്ള നോട്ടം കണ്ടു കൂട്ടുകാരും അവിടേക്ക് നോക്കി.

പാരഡൈസിന്റെ വാതിൽ കടന്നു ഒരു പെണ്കുട്ടി മുന്നിൽ കിടന്ന കാറിനു നേരെ നടക്കുന്നു.

“ആരാടി അത് …” ലാവണ്യ അമൃതയുടെ ചുമലിൽ പിടിച്ചു കുലുക്കി.

ഞെട്ടിത്തരിച്ചു നിന്ന അമൃതയുടെ ചുണ്ടിൽ നിന്നും വാക്കുകൾ ഉതിർന്നു വീണു. “ഉണ്ണിലക്ഷ്മി”.

കൂട്ടുകാർ മൂവരും ‘ഉണ്ണിലക്ഷ്മിയോ ‘ ന്നു ചോദിച്ചു അവിടേക്ക് മുഖം തിരിച്ചതും കാർ പയ്യെ ടൗണിന്റെ തിരക്കിലേക്കിറങ്ങി… അവർ നോക്കിനിൽക്കെ തിരക്കിലലിഞ്ഞു.

ഒരു നിമിഷം അന്ധാളിച്ചു നിന്നു അമൃത.. പിന്നെ ‘ന്റെ മഹാദേവാ.’..ന്നു വിളിച്ചു ചുറ്റും നോക്കി. പിന്നെ ഓടിച്ചെന്നു അടുത്തു കിടന്ന ഓട്ടോയിലേക്ക് തിടുക്കപ്പെട്ട് കയറി.

കൂട്ടുകാരുടെ പിൻവിളിയിൽ’ ജീവനോടെ ഉണ്ടേൽ തിങ്കളാഴ്ച വരുമ്പോ കാണാട്ടോ…’ എന്നു വിളിച്ചു പറഞ്ഞു.

അവർ മൂവരും നോക്കി നിൽക്കെ ‘ ചേട്ടാ തൃപ്പങ്ങോട്ടേക്ക് പോകുട്ടോ ..’ എന്നുപറഞ്ഞു കൊണ്ട് ബാഗിൽ നിന്നും ഫോണ് എടുത്തു തിടുക്കത്തിൽ ആരെയൊക്കെയോ വിളിക്കാൻ തുടങ്ങി.

അവസാനം കണക്ട് ആയ നമ്പറിൽ അമ്മയെ കിട്ടി. അമ്മയോട് തൃപ്പങ്ങോട്ടേക്ക് പോകുവാണെന്നും വൈകുന്നതിന് മുൻപ് എത്താൻ പറഞ്ഞുകൊണ്ടും ഫോൺ വച്ചു.

പിന്നെയും ഏതൊക്കെയോ നമ്പർ കുത്തി ഒന്നും കണക്ട് ആവാതെ അസ്വസ്ഥയായി.

ഓട്ടോചാർജ് കൊടുത്ത ബാഗുമായി അമൃത പടിപ്പുര കടന്നു അകത്തേക്ക് ഓടി.

” ചാരു ചേച്ചി…ശ്രീയേട്ടാ…” വാതിലിൽ തല്ലി അവൾ നിലവിളിച്ചു.

നിമിഷ നേരത്തിനകം വാതിൽ തുറന്നു.

“ചാരു ചേച്ചി… ” നിലവിളിയോടെ നോക്കിയ അമൃത വതിൽക്കൽ ചിരിയോടെ നിൽക്കുന്ന ഇന്ദുവിനെ കണ്ടു നടുങ്ങി.

” ഇന്ദു ചേച്ചി….ചേച്ചിയെപ്പോ വന്നു…” അവൾ ഇന്ദുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. അവളുടെ ഹൃദയം പടപട മിടിക്കുന്നുണ്ടായിരുന്നു.

” ഇന്ദുചേച്ചി ഇന്നലെ രാത്രി വന്നു കുട്ടി…” ഇന്ദു അവളുടെ മൂക്കിൽ പിടിച്ചു ഇടംവലം തിരിച്ചു.

” അരവിന്ദേട്ടൻ…”

” മ്മ്..അപ്പുറത്തുണ്ട്… ഉറക്കം എഴുന്നേറ്റിട്ടുണ്ടാവില്ല്യാ…ന്തേ…” അവൾ അമൃതയുടെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് അവളുടെ മുഖത്തൊരു പേടി ഇന്ദു കണ്ടത്.

” ന്താ…മോളെ…ന്തുപറ്റി…

” ചേച്ചി…അതു…ചാരുചേച്ചി ന്ത്യേ…ശ്രീയേട്ടനോ…? ” അവൾ മുറിക്കുള്ളിലേക്ക് എത്തി നോക്കി.

” എല്ലാവരും മേലേ ഉണ്ട്…ഉണ്ണിക്കുട്ടന്റെ അരുകിലാണ്…നീയെന്താന്നു പറയു…”

അമൃത കയ്യിലിരുന്ന ബാഗ് സെറ്റിയിലേക്ക് വച്ചു. പിന്നെ ഇന്ദുവിന്റെ കൈ പിടിച്ചു പുറത്തേക്ക് ഓടാൻ തുടങ്ങി. ഇന്ദു അവളെ ബലമായി പിടിച്ചു നിർത്തി.

” ന്താണെന്നു പറയുന്നുണ്ടോ കുട്ടി നീ…”
അമൃത ഒരു നിമിഷം ആലോചിച്ചു പിന്നെ പേടിയോടെ പുറത്തേക്ക് വിരൽ ചൂണ്ടി …

“ചേച്ചി…അവിടെ…ടൗണിൽ ..അവർ..അവര് വന്നിട്ടുണ്ട് ചേച്ചി…”

” ആര്.. ആരാണെന്നു പറയു നീ…”

” ആ..ഉണ്ണിലക്ഷ്മി.. ഞാൻ കണ്ടു ചേച്ചി..”

ഇന്ദുവിന്റെ പിടി വിട്ടുപോയി. അവളുടെ കണ്ണുകൾ ഒന്നു വിടർന്നു പിന്നെ കുറുകി.

“സത്യാണോ..”…

” സത്യാ ചേച്ചി..വാ..ചേച്ചി..ഇപോത്തന്നെ പറയണം..ഹരിയേട്ടനോട്..എനിക്ക് പേടിയാവുന്നു..ഒരു വിധത്തിൽ ഞാനിങ് പോരുവാരുന്നു..” അപ്പോഴും അവളെ വിറക്കുന്നുണ്ടെന്നു തോന്നി ഇന്ദുവിന്.

” മ്മ്…” ഒരു മൂളലോടെ വീടടച്ചു പൂട്ടി അമൃതയുടെ ഒപ്പം ഇന്ദു മേലെവീട്ടിലേക്ക് നടന്നു.

അവർ ചെല്ലുമ്പോൾ ഉണ്ണിക്കുട്ടന് ഭക്ഷണം കൊടുക്കുന്ന തിരക്കിലായിരുന്നു ഗോമതി.
ഭക്ഷണം കഴിഞ്ഞു അവനെ അമ്പലത്തിൽ കൊണ്ടാക്കണം.

അരുകിൽ നിന്നു ഗ്ലാസിലേക്ക് വെള്ളം പകർത്തുന്നു ചാരു. ശ്രീയും ഹരിയും കുറച്ചു മാറിയിരുന്ന് ഗൗരവത്തിൽ എന്തോ ചർച്ചയിൽ ആയിരുന്നു.

അപ്പോഴാണ് ഇന്ദുവും അമൃതയും ഓടിക്കയറി ചെല്ലുന്നത്.

” ആഹാ … നീ വന്നില്ലല്ലോ ന്നു പറയുവാരുന്നു രാവിലെ മുതൽ അമ്മുട്ടി..” ശ്രീയാണ് ആദ്യം അവളെ കണ്ടത്.

എല്ലാവരും തിരിഞ്ഞു നോക്കി.

അവളൊന്നും മിണ്ടുന്നില്ലന്നു കണ്ട ശ്രീ അവളെ സൂക്ഷിച്ചു നോക്കി. അവളുടെ മുഖഭാവം കണ്ട ഹരിക്ക് പെട്ടന്ന് അപകടം മണത്തു. അയാളുടെ മിഴികളുണർന്നു പെട്ടന്ന് അയാൾ എഴുന്നേറ്റ് അവൾക്കരികിലേക്ക് ചെന്നു.

” ന്താ മോളെ..ഏഹ്…? ” അയാൾ അവളുടെ ചുമലിൽ കൈവച്ചു.

” ഏട്ടാ…ഉണ്ണിലക്ഷ്മി… അവിടെ..ടൗണിൽ… ഞാൻ കണ്ടു ഏട്ടാ…'” അവൾ വിക്കി വിക്കി പറഞ്ഞു.

എല്ലാവരും ഒരു നിമിഷം നിശ്ചലരായി.
‘ ന്റെ മഹാദേവാ..’ ന്നു വിളിച്ചു നെഞ്ചിൽ കൈയ്യമർത്തി ഗോമതി കസേരയിലേക്കിരുന്നു. ചാരുവിന്റെ കയ്യിലിരുന്ന ഗ്ലാസ് ഒരു വലിയ ശബ്ദത്തോടെ നിലത്തുവീണു പൊട്ടിച്ചിതറി വെള്ളം നാലുപാടും തെറിച്ചു.

” മ്മ്…എത്തിയല്ലേ…” ഹരിശങ്കറിന്റെ ശബ്ദം പുലിയുടെ മുരൾച്ചപോലെ തോന്നി അമൃതക്ക്. അയാൾ വെട്ടിത്തിരിഞ്ഞു പൂമുഖത്തേക്ക് നടന്നു. പുറകെ ശ്രീയും.

‘രാവിലെ സ്റ്റേഷനിൽ നിന്നും എസ് ഐ വിളിച്ചിരുന്നു ഹരി…വൈകി ആയാലും അറസ്റ്റ് ഉണ്ടാവും ന്നാണ് പറഞ്ഞതു… ബാംഗ്ലൂർ സ്റ്റേഷനിൽ നിന്നും ഇൻഫോർമേഷൻ ഉണ്ടായിരുന്ന ന്നാണ് പറഞ്ഞതു….’ ഇന്ദുവിനരികിലൂടെ പുറത്തേക്ക് പോകുമോൾ ശ്രീ അടക്കിയ ശബ്ദത്തിൽ പറയുന്നത് അവൾ കേട്ടു.

ഇന്ദു വേഗം കോണിപ്പടി കയറി മുകളിലേക്ക് ചെന്നു. അരവിന്ദൻ കുളികഴിഞ്ഞു കണ്ണാടിക്കു മുന്പിലായിരുന്നു .

“അരവിന്ദാ…” പെട്ടന്ന് വാതിൽക്കൽ ഇന്ദുവിനെക്കണ്ട് കസേരയിൽ കിടന്ന തോർത്തെടുത് ചുമലിലൂടെ പുതച്ചു അയാൾ.

” ഹാ…ഇങ്ങെത്തിയോ… കണ്ടില്ലല്ലൊന്നു വിചാരിക്കയാരുന്നു ഞാൻ…രാവിലെ അഖിൽ സർ വിളിച്ചിരുന്നു….അവിടുന്ന് അവർ മിനിഞ്ഞാന്ന് പുറപ്പെട്ടിട്ടുണ്ടെന്നു….” അവനൊരു പുഞ്ചിരിയോടെ പറഞ്ഞു.

അവളകത്തു കയറി വാതിലടച്ചു. ‘മഹാദേവാ ഇവളിത്‌ ന്തു ഭാവിച്ചാണ്..’ അവൻ മനസ്സിലോർത്തു.

” ..ഏയ്…ന്താദ്‌…വാതിലൊക്കെ അടച്ചുപൂട്ടി…ഡൽഹിയും ബാംഗ്ലൂരും ഒന്നുമല്യട്ടോ…നമ്മുടെ വീടാണ്…ഏട്ടന്മാരും വലിയമ്മയും ..ചേച്ചിയുമൊക്കെ ണ്ട് താഴെ..”
അവനൊരു സംഭ്രമം തോന്നാതിരുന്നില്ല.

” അരവിന്ദാ…അതല്ല…ഇങ്ങു...നോക്ക്…” ഇന്ദു അവന്റെ തൊട്ടരുകിൽ ചെന്നു നിന്നു.

” അരവിന്ദാ…അവരെത്തി…ചന്ദ്രോത്തു നിന്നും ..അമൃത ടൗണിൽ വെച്ചു കണ്ടു ന്നു…” അവൾ പറഞ്ഞുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

അരവിന്ദനു ദേഹം കുളിർന്നു.

” ന്താ പറഞ്ഞേ…ന്താ…” അവൻ അവളുടെ കണ്ണുകളിൽ തറപ്പിച്ചു നോക്കി. ആ കാണ്ണുകളിൽ തീ പടരാൻ തുടങ്ങുന്നത് ഇന്ദു പേടിയോടെ നോക്കി. കയ്യെത്തി അഴയിൽ നിന്നുമൊരു ഷർട്ടെടുത്തിട്ടു അരവിന്ദൻ.

” അരവിന്ദാ…പ്ലീസ്……അവൾ അവന്റെ ഷർട്ടിൽ പിടി മുറുക്കി.

ബലമായി അവളുടെ കൈ വിടുവിച്ചു അവൻ.
പിന്നെ അവളെ സൈഡിലേക്ക് മാറ്റി മുൻപോട്ടു നടന്നു. വാതുക്കൽ ചെന്ന് ഒന്നു നിന്നു. തിരിഞ്ഞു ഇന്ദുവിന് അരികിലേക്ക് വന്നു.

ഒരു നിമിഷം അവളെ നോക്കി നിന്നു. പിന്നെ അവളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി. അവൾ അന്ധാളിച്ചു പോയി.

ശരീരത്തു നിന്നും അവളെ അടർത്തി മാറ്റി . ഇരുചുമലിലും വിരൽ മുറുക്കി…പിന്നെ നിറഞ്ഞു നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി…

” ഞാൻ വരും ഇന്ദു….ഞാൻ ജീവനോട് തിരികെ വരും..നിനക്ക് വേണ്ടി…നിനക്ക് വേണ്ടി മാത്രം…” പിന്നെ തിരിഞ്ഞു വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് പാഞ്ഞു.

ഇന്ദുവിന് പെട്ടന്ന് നാലുമാസങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ വന്ന സിദ്ധാർഥിന്റെ മെസ്സേജ് ഓര്മവന്നു…’ ഐ വിൽ കം… മിത്ര…’ അവളുടെ തലക്ക് ചുറ്റും വണ്ടുകൾ മൂളിപ്പറന്നു.

മുഖം പൊത്തി പൊട്ടിക്കരഞ്ഞുകൊണ്ടവൾ അരവിന്ദന്റെ കട്ടിലിലേക്ക് വീണു.
********** ******** **********

സമയം 5 മണി എന്നറിയിച്ചുകൊണ്ട് അമ്പലത്തിൽ ശംഖൊലി നീണ്ടു മുഴങ്ങി. ഉണ്ണിക്കുട്ടനേം കൊണ്ട് അമ്പലത്തിലേക്ക് പോയ ശ്രീയും ഹരിയും തിരിച്ചെത്തിയിരുന്നു.

ഗോമതിയും ചാരുവും അമൃതയും ഇന്ദുവും പോകണോ വേണ്ടയോ എന്നറിയാതെ വേവലാതിയോടെ മുറിക്കുള്ളിൽ അവിടവിടെ ഇരിക്കുന്നുണ്ടായിരുന്നു.

ഉച്ചഭാഷിണിയിലൂടെ വളരെ ഉച്ചത്തിൽ ചെണ്ടമേളം മുഴങ്ങിക്കേൽക്കുന്നുണ്ടായിരുന്നു. റോഡിലൂടെ തിക്കിത്തിരക്കി ആൾക്കാർ പോകുകയും വരികയും ചെയ്യുന്നത് കാണാമായിരുന്നു.

അമൃത നിലവിളക്കും അനുബന്ധ സാമഗ്രികളും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി. ആ സമയം അരവിന്ദൻ പടിപ്പുര കടന്നു അകത്തേക്ക് വന്നു.

പടിപ്പുരയും അതിനോട് ചേർന്നുള്ള ഗേറ്റും മലർക്കെ തുറന്നിട്ടു അവൻ.

ഗോമതി ഒരു പെട്ടി കൊണ്ടു ചെന്നു ഇന്ദുവിന്റെ കയ്യിൽ കൊടുത്തു. അവളതുമായി മുറ്റത്തേക്കിറങ്ങി. എണ്ണയും തിരിയുമായി ചാരു അവരെ അനുഗമിച്ചു. വരാന്തയിൽ ശ്രീയും ഹരിയും അതും നോക്കിയിരുന്നു.

മുറ്റത്തരുകിലും വരാന്തയിലും മതിലിലും ഒക്കെ ചിരാത് നിരത്തി തിരിയിട്ട് എണ്ണപകർന്നു അവർ നാലുപേരും കൂടി.

” ഏട്ടാ ഞങ്ങളൊന്നു പോയി തൊഴുതിട്ടു വരട്ടെ…” അമൃത ശ്രീയെ നോക്കി.

” മ്മ്..ദീപാരാധന കഴിഞ്ഞു വന്നാൽ മതി…അതും ഇന്ദുവും അമ്മയും മാത്രം…നീയും ചാരുവും അമ്മൂട്ടിയുമായി ഉണ്ണിടൊപ്പം പോകണം…” മറുപടി പറഞ്ഞത് ഹരിയായിരുന്നു.

ചാരു ഞെട്ടി ഹരിയുടെ മുഖത്തേക്ക് നോക്കി.

” ഹരിയെട്ടാ…ന്തായി പറയണേ…”

” മ്മ്…പറഞ്ഞതു കേൾക്കാ….” അയാളുടെ മുഖം കണ്ടപ്പോൾ അവൾക്ക് പേടിയായി.
കണ്ണു നിറഞ്ഞു കവിളിലേക്ക് പടരാൻ തുടങ്ങി. അരവിന്ദന് അതു കണ്ട വിഷമമായി.

” ചേച്ചി…സങ്കടപ്പെടേണ്ടട്ടോ…ഞങ്ങൾ മൂന്നുപേരും ഇല്ല്യേ ഇവിടെ…പിന്നെന്തേ…”

ചാരു കണ്ണുനീരൊലോപ്പിച്ചു കൊണ്ട് അമ്മുട്ടിയെ എടുത്തു വേഗം അകത്തേക്ക് പോയി.

എല്ലാവരും കുറച്ചുനേരം നിശബ്ദരായി നിന്നു. ശേഷം ഓരോരുത്തരായി അകത്തേക്ക് പോയി.

സമയം 6 മണി.

അമൃത ഇറങ്ങിവന്നു പൂമുഖത്തു എഴുതിരിയിട്ട് വിളക്ക് കൊളുത്തി. കുറച്ചു കഴിഞ്ഞപ്പോ അരവിന്ദൻ എല്ലാവരെയും കൂട്ടി പുറത്തേക്ക് വന്നു.

” ഏട്ടാ…ഞാനിവരെ കൊണ്ടുപോയി ആക്കിയിട്ട് വരാം..” അവൻ ഹരിയുടേം ശ്രീയുടേം മുന്നിലേക്ക് ചെന്നു.

അവർ പുറത്തേക്ക് പോയി. വഴിയിലെ തിരക്കിനിടയിലൂടെ അരവിന്ദൻ അവരെയും കൊണ്ട് നടന്നു. അമ്പലത്തിലേക്ക് തിരിഞ്ഞപ്പോൾ അരവിന്ദന്റെ കണ്ണുകൾ ഒരു മാത്ര തെക്കേപ്പാട്ടു കുളക്കരയിലേക്ക് പാളിവീണു.

ഒരുനിമിഷം അവൻ നിശ്ചലനായി. കുളത്തിന്റെ നടുക്കായിട്ട ഒരു ദീപം തെളിഞ്ഞു കത്തുന്ന പോലെ…!! അവൻ കണ്ണടച്ചു തുറന്നു ഒന്നുകൂടി നോക്കി….മുന്നിൽ ഇരുട്ടു മാത്രം….!!

അൾത്തിരക്കിനിടയിലൂടെ അരവിന്ദൻ മുന്നോട്ട് നടന്നു. ആരൊക്കെയോ അവനോട് എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു. എന്തൊക്കയോ മറുപടി പറഞ്ഞുകൊണ്ട് അവരെയും കൂട്ടി അവൻ തിക്കിത്തിരക്കി മുന്നോട്ട് നടന്നു. ഇടക്കാട്ട് മാരാരും സംഘവും തീർക്കുന്ന മേളത്തിൽ നടുമുഴുവനും ലയിച്ചു നിൽക്കുന്നു.

നാലമ്പലത്തിലേക്ക് കടക്കുമ്പോൾ അറിയാതെ അവന്റെ വിരലുകൾ ഇന്ദുവിന്റെ വിരലുകളിൽ മുറുകി. സോപാനത്തുങ്കൽ തറ്റുടുത് പൂണുലണിഞ്ഞു നേര്യത് പുതച്ചു വെളുത്ത ചന്ദനത്തിൽ നെറ്റിയിലും കയ്യിലും മാറിലും ഒക്കെ കുറിയണിഞ്ഞു ഉണ്ണിക്കുട്ടൻ നിക്കുന്നുണ്ടായിരുന്നു…

അരവിന്ദനും മറ്റുള്ളവരും അവനെ കണ്ണിമയ്ക്കാതെ നോക്കി. ഇന്ദുവിന്റെ ഉള്ളിൽ പെട്ടന്ന് ആ രൂപത്തിൽ അരവിന്ദൻ നിറഞ്ഞു വന്നു.

അവർ ചെന്നു ഉണ്ണിക്കുട്ടന് നമസ്കാരം പറഞ്ഞു. അവൻ തിരിച്ചു അവരെ തൊഴുതു.

സമയം 6.45.

മണികിലുക്കത്തിന്റെയും നമാജപങ്ങളുടെയും ഇടയിൽ ദീപരാധനക്ക് നട തുറന്നു. ആയിരക്കണക്കിന് ആളുകളുടെ നാമജപം കൊണ്ട് അമ്പല പരിസരം ശബ്ദമുഖരിതമായി.

അരവിന്ദനും ഇന്ദുവും മഹാദേവന്റെ മുഖത്തേക്ക് ഇമായനക്കാതെ നോക്കിനിന്നു കൈകൂപ്പി.

‘ മഹാദേവാ…ഇത്തവണ ന്നെ തോല്പിക്കരുതെ…’ അരവിന്ദൻ മനസുരുകി പ്രാർത്ഥിച്ചു.

‘ മഹാദേവാ…അരവിന്ദേട്ടനേം ഇന്ദുചേച്ചിയേം വേര്പിരിക്കല്ലേ..’ അമൃത അവരുടെ അരുകിൽ നിന്നും നിറകണ്ണുകളോടെ കേണു.

ആ സമയം ഹരിയും ശ്രീയും മുറ്റത്തെ എല്ലാ ചിരാതുകളിലും ദീപം പകർന്നിരുന്നു.

ആ ഗ്രാമത്തിലെ എല്ലാ വീടുകളിലും മുറ്റം നിറയെ മഹാദേവനുള്ള ദീപങ്ങൾ കത്തിജ്വലിക്കുണ്ടായിരുന്നു.

ആ സമയം തൃപ്പങ്ങോട്ട് ലക്ഷ്യമാക്കി ടൌൺ സ്റ്റേഷനിൽ നിന്നും മൂന്നു പോലീസ് വാഹനങ്ങളും അക്കൂടെ ബാംഗ്ലൂർ റെജിസ്ട്രേഷനുള്ള രണ്ടു മിലിട്ടറി പോലീസ് വാഹനങ്ങളും പുറപ്പെട്ടു കഴിഞ്ഞിരുന്നു.

ഇതൊന്നുമറിയാതെ പാടത്തിന്റെ നടുവിലുള്ള റോഡിലൂടെ മേലെവീട്ടിൽ തൃപ്പങ്ങോട്ട് ഹരിശങ്കറിന്റെ വീട് ലക്ഷ്യം വച്ചു ഒരു കാർ വേഗത്തിൽ എത്തുന്നുണ്ടായിരുന്നു.

നടതുറന്ന സമയം അമ്പലത്തിനു മുന്നിലൂടെ ആ കാർ മേലെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞു

ഗേറ്റ് കടന്നു ദീപാലങ്കരങ്ങൾക്ക് നടുവിലൂടെ മെല്ലെ മുറ്റത്തേക്ക് വന്നു നിന്നു .

ഡോർ തുറന്നു ചന്ദ്രോത്ത് മൃദുല ആ മുറ്റത്തേക്ക് കാൽ വച്ചതും എവിടെ നിന്നെന്നറിയാതൊരു പിശറൻ കാറ്റ് മറച്ചില്ലകളുലച്ചു കൊണ്ട് അവിടമാകെ വീശിയടിച്ചു പടിപ്പുര വാതിൽ വലിയ ശബ്ദത്തിൽ വലിച്ചടച്ചു വഴിയിലേക്കിറങ്ങി വയലിലൂടെ തെക്കെപ്പോട് കുളക്കര ലക്ഷ്യമാക്കി കടന്നുപോയി.

കാറ്റ് കടന്നുപോയ വഴിയിലെ വിളക്കുകളൊക്കെ അണഞ്ഞു പോയിരുന്നു.

മൃദുല ആ വീടിന്റെ മുകൾനിലയിലേക് മിഴികളുയർത്തി.

അവിടെ വരാന്തയിലെ ഉരുളൻ തൂണുകളിലേക്ക് കയ്യുയർത്തിവച്ചു ഒരതികായനെപ്പോലെ അയാൾ നിൽക്കുന്നുണ്ടായിരുന്നു….മേലെവീട്ടിൽ തൃപ്പടിയോട്ട് ഹരിശങ്കർ….!!

മൃദുലയുടെയും ഹരിശ്ങ്കറിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു.

മൃദുല മെല്ലെ അടിവെച്ചടിവെച്ചു പൂമുഖത്തേക്ക് നടന്നു…പിന്നാലെ ഉണ്ണിലക്ഷ്മിയും.

(തുടരും…)

Nb: കഥയിൽ പരാമര്ശിച്ചിരിക്കുന്ന മിലിട്ടറി നടപടികൾ ആസ്വാദനത്തിനു വേണ്ടി തയ്റാക്കിയിരിക്കുന്നതാണ്. കഥയായി മാത്രം കാണുമെന്നു പ്രതീക്ഷിക്കുന്നു — സ്നേഹപൂർവം -ദീപ.

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 14

അറിയാതെ ഒന്നും പറയാതെ – ഭാഗം 15

അറിയാതെ ഒന്നും പറയാതെ – ഭാഗം 16

അറിയാതെ ഒന്നും പറയാതെ – ഭാഗം 17